Slider

ചാരിറ്റി (കഥ)

0

എന്റെ ചെറുപ്പത്തിൽ നടന്ന ഒരു സംഭവമുണ്ട്.
ഞാനന്ന് വളരെ ചെറുതാണ്. പത്തോ പതിനൊന്നോ വയസ്സ് കാണും.
ഒരു ദിവസം ബന്ധുവിന്റെ വീട്ടിൽ നിൽക്കുമ്പോൾ റോഡിൽ നിന്നും മൈക്കിലൂടെ എന്തോ ശബ്ദങ്ങൾ ഞാൻ കേട്ടു.
അന്ന് പള്ളിയിലെ ബാങ്കും ലോട്ടറി വിൽക്കുന്ന വണ്ടിയിലെയും ഒച്ചയല്ലാതെ മൈക്കിലൂടെ കേൾക്കുക പ്രയാസമാണ്.
എന്താണെന്നു അറിയാനായി ഞാൻ റോഡിലേക്ക് ഓടി.
അവിടെ ചെല്ലുമ്പോൾ കുറച്ചു പേര് കൂടി നിൽക്കുന്നുണ്ട്.
കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ ആരോ നിന്നു പ്രസംഗിക്കുന്നു.
'എത്താ പരിപാടി? '.
ആദ്യം കണ്ട ആളോട് ഞാൻ അക്ഷമയോടെ ചോദിച്ചു. അയാൾ എന്റെ ട്രൗസറിലേക്കും ബനിയനിലേക്കും നോക്കി.
'അത്‌ കുട്യാൾക്ക് പാന്റും ഷർട്ടും കൊടുക്കുന്ന പരിപാടിയാണ് '.
എന്റെ മുഖത്തെ ഭാവം അയാളിൽ ചിരി നിറക്കുന്നത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്.
'അനക്ക് വേണോ? '.
പതുക്കെ അയാൾ ചോദിച്ചു.
'മാണം '.
'ഇന്നാ ഇവടെ നിന്നോ. ഞാൻ പറയാം. പേര് വിളിക്കുമ്പോ എവിടെയും പോവരുത്.'
അയാൾ എന്റെ പേരും ചോദിച്ചു ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് കയറി. പ്രസംഗിക്കുന്ന ആളുടെ ശ്രദ്ധ കിട്ടാനായി ഞാൻ പൊരി വെയിലിൽ നിന്നും മാറാതെ പാന്റും ഷർട്ടും ധരിച്ചു സ്കൂളിലേക്ക് പോവുന്ന എന്നെ തന്നെ ആലോചിച്ചു അക്ഷമനായി കാത്തു നിന്നു.
ആദ്യത്തെ ആളുടെ പ്രസംഗം കഴിഞ്ഞു. രണ്ടാമത്തെ ആളുടെ കഴിഞ്ഞു. മൂന്നാമത്തെ ആളുടെ കഴിഞ്ഞു.
ഒടുക്കം ഒരാൾ മൈക്കിലൂടെ ഓരോ പേരുകൾ വിളിച്ചു പറഞ്ഞു.
അറവ് മാടിനെ പോലെ ഓരോരോ പട്ടിണി കോലങ്ങൾ സ്റ്റേജിലേക്ക് കയറി വന്നു. വെളുത്ത കുപ്പായമിട്ട വെളുത്തു തുടുത്ത ഒരാൾ ഒരു സഞ്ചി മറ്റൊരാളെ ഏൽപ്പിച്ചു. അയാൾ അത്‌ സ്റ്റേജിലേക്ക് കയറി വന്ന ഓരോരുത്തർക്കായി കൊടുക്കും.
ആ നേരം സ്റ്റേജിലുള്ള മുഴുവൻ ആളുകളും ചക്കരമ്മൽ ഈച്ച പൊതിയണ പോലെ അയാളെ പൊതിഞ്ഞു നിന്നു ഫോട്ടോ എടുക്കുന്ന ആളെ നോക്കി ചിരിച്ചു നിൽക്കും.
കൂടെയുള്ള എല്ലാവരും ചിരിക്കുമ്പോഴും ഔദാര്യം വാങ്ങാൻ വിധിക്കപ്പെട്ട പാവപ്പെട്ടവൻ ചിരിക്കാൻ പോലും മറന്നു ആൾക്കൂട്ടത്തിൽ നഗ്നനാക്കപ്പെട്ട പോലെ അപമാനിതനായി നിൽക്കും.
ഏതോ ഒരു സംഘടനയുടെ ചാരിറ്റി ആയിരുന്നു അത്‌.
അന്നത് വാങ്ങിയ ഓരോരുത്തരുടെയും കുനിഞ്ഞു പോയ തലയും വിളറിയ മുഖവും ഇന്നും എനിക്കോർമ്മയുണ്ട്.
ഒരു പക്ഷെ അന്ന് എന്റെ പേര് വിളിച്ചിരുന്നെങ്കിൽ ഞാനും അതിലൊരാളായി ആ ഔദാര്യത്തിനു തലയും താഴ്ത്തി നിന്നേനെ. നോവിനെക്കാൾ വലുതായിരുന്നു അന്ന് പ്രതീക്ഷകൾ. ഓരോരോ പേരുകളായി വിളിക്കുമ്പോഴും എന്റെ ഹൃദയം പെരുമ്പറ കൊട്ടും. അവസാനം സ്റ്റേജിലെ മൈക്ക് എടുത്തു കൊണ്ട് പോവുന്ന വരെ ഞാൻ അവിടെ തന്നെ നിന്നു.
പിരിഞ്ഞു പോവുന്ന ആൾക്കൂട്ടത്തിനിടയിൽ അയാളെ ഞാൻ തിരഞ്ഞു നോക്കി. കണ്ടില്ല. അത്തറ് മണക്കുന്ന പുത്തൻ പാന്റും കുപ്പായവും മറന്നു കരിമ്പൻ അടിച്ച മൂട് പിഞ്ഞിയ ട്രൗസറും വലിച്ചു കയറ്റി ഞാനും തിരിച്ചു പോന്നു.
അയാൾ എന്നെ പറ്റിച്ചതാണെന്നു അന്നൊന്നും എനിക്ക് മനസ്സിലായിരുന്നില്ല. എന്നെങ്കിലും അയാളെ കാണുകയാണെങ്കിൽ എന്തിനാണ് എന്നെ പറ്റിച്ചതെന്നു ചോദിക്കണം എന്ന വല്ലാത്ത ഒരു ത്വര എന്നിൽ നിറഞ്ഞു നിന്നിരുന്നു അക്കാലത്ത്.
പക്ഷെ പിന്നീട് അന്നത്തെ ആ സംഭവം കൊണ്ട് മൂന്ന് കാര്യങ്ങൾ ഞാൻ പഠിച്ചു.
1.ആരെയും പറഞ്ഞു പറ്റിക്കരുത്.
2. മറ്റൊന്ന് മറ്റൊരുത്തന്റെ ദൈന്യതയെ ചൂഷണം ചെയ്യരുത്.
3. അവസാനമായി സഹായിക്കുന്നത് പൊതു ജനമധ്യേ വാങ്ങുന്നവന്റെ അഭിമാനം ചവിട്ടി അരച്ച് കൊണ്ടായിരിക്കരുത്.
വായനക്ക് നന്ദി.
സ്നേഹത്തോടെ
ഹക്കീം മൊറയൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo