നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആദ്യരാത്രി


ശേഖരനും അമ്പിളിയും ഇന്നു വിവാഹിതരായേയുള്ളു. ഇന്നവരുടെ ആദ്യ രാത്രിയാണ്. ശേഖരന് വടക്കേ ഇൻഡ്യയിൽ ആണു ജോലി. അവധിക്കു വന്ന ശേഖരന് അവധി കഴിഞ്ഞിട്ടും തിരിച്ചു പോകാൻ പറ്റിയില്ല. കാരണം കൊറോണ തന്നെ.
എന്നാ പിന്നെ ഈ അവസരം മുതലാക്കി ശേഖരനെ പിടിച്ചു പെണ്ണുകെട്ടിച്ചേക്കാമെന്നു
വീട്ടുകാരും വിചാരിച്ചു.
എല്ലാം പെട്ടെന്നായിരുന്നു. പതിനാലു ദിവസത്തെ ക്വാറെന്റൈൻ കഴിഞ്ഞപ്പോൾ
കുഴപ്പമില്ലെന്നു മനസ്സിലായി. തന്നെയല്ല ശേഖരൻ വെറുതെയിരുന്നു തിന്നും കുടിച്ചും
അങ്ങു മിടുക്കനായി. ഏതു പെണ്ണു കണ്ടാലും ഇഷ്ടപ്പെടും.
അച്ഛനും അമ്മയും കല്യാണക്കാര്യം സൂചിപ്പിച്ചപ്പോഴേ ശേഖരൻ പറഞ്ഞു.
"ഞാനിതങ്ങോട്ടു പറയാനിരിക്കുവായിരുന്നു."
എല്ലാവരെയും പോലെ ശേഖരന്റെയും സ്വപ്നമായിരുന്നു കല്യാണം . കൂടെ ജോലി
ചെയ്യുന്നവരൊക്കെ ഓരോന്നു പറയുമ്പോൾ പ്രത്യേകിച്ചു ഈയ്യിടെ കല്യാണം കഴിച്ച
നകുലനും മറ്റും ആദ്യരാത്രിയെക്കുറിച്ചൊക്കെ വന്നു പറയുമ്പോൾ ശേഖരനു വല്ലാത്ത
നഷ്ടബോധം. പക്ഷേ വീട്ടുകാർ ഒന്നും പറയുന്നുമില്ല. എന്തായാലും ഇപ്പോഴെങ്കിലും
അവരുടെ കണ്ണു തുറന്നല്ലോ.
കൊവിഡ് ആയതു കൊണ്ട് ഒത്തിരി വരവും പോക്കും ഒന്നും വേണ്ടെന്നു വച്ചു.
ബ്രോക്കറു മത്തായിച്ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു മത്തായിച്ചേട്ടൻ കുറെ
പെണ്ണുങ്ങളുടെ ഫോട്ടോകൾ കാണിച്ചു. കൈനോട്ടക്കാരന്റെ കൂട്ടിലെ തത്ത കാർഡു
കൊത്തിയെടുക്കുന്ന വേഗതയിൽ ശേഖരൻ തന്റെ പ്രതിശ്രുത വധുവിനെ
കൊത്തിയെടുത്തു.
അമ്പിളി...... പേരുപോലെ തന്നെ. നല്ല അമ്പിളിക്കലയുള്ള കൂട്ടി. നഗരത്തിലെ
തുണിക്കടയിലെ സെയിൽസ് ഗേൾ :
രണ്ടു പേർക്കും കണ്ടപ്പോൾ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. ദിവസങ്ങൾ എണ്ണിയെണ്ണിക്കഴിയുകയായിരുന്നു ശേഖരൻ.
കല്യാണ ദിവസമെത്തി. കോവിഡ് ആയതുകൊണ്ട് ആളും ബഹളവുമൊന്നും
ഇല്ലാതെ കല്യാണം നടന്നു. വെറും അൻപതു പേർ. എല്ലാവരും മാസ്ക്കുധാരികൾ . ഒഴിച്ചു കൂടാൻ പറ്റാത്തവർ മാത്രം. കല്യാണം കഴിഞ്ഞ് എല്ലാവരും തിരിച്ചു പോവുകയും ചെയ്തു.
അതുകൊണ്ടു തന്നെ വളരെ നേരത്തെ അവർക്കു മണിയറയിലേക്കു
പ്രവേശിക്കുവാൻ സാധിച്ചു. രണ്ടു പേർക്കും എന്തു പറയണമെന്ന് ഒരെത്തും പിടിയുമില്ല. കുറച്ചുനേരം എന്തെങ്കിലുമൊക്കെ മിണ്ടീം
പറഞ്ഞുമൊക്കെയിരുന്നിട്ടു കാര്യത്തിലേക്കു പ്രവേശിക്കാമെന്നു വിചാരിച്ചു.
ശേഖരൻ തന്നെ തുടക്കമിട്ടു.
ശേഖരന് ഒരു കുസൃതി തോന്നി. അമ്പിളി ജോലി ചെയ്യുന്നിടത്ത് ഒത്തിരി ആണുങ്ങളൊക്കെ ഉള്ളതല്ലേ? അവൾക്കിനി ആരോടെങ്കിലും.....?
അതോ താനാണോ അവൾ സ്നേഹിക്കാൻ പോകുന്ന ആദ്യത്തെപുരുഷൻ . അങ്ങിനെ ആയിരിക്കണേ എന്നു മനസ്സിൽ ആഗ്രഹിച്ചു.
അമ്പിളിയോട് നേരിട്ടെങ്ങനെ
ചോദിക്കും. അതുകൊണ്ട് ശേഖരൻ ഒരു നമ്പരിറക്കി. സ്വന്തം കാര്യം അങ്ങു പറയാമെന്നു വെച്ചു. അതു കേൾക്കുമ്പോൾ
അവൾക്കങ്ങിനെ എന്തേലുമുണ്ടെങ്കിൽ
ഇങ്ങോട്ടു തുറന്നു പറയുമല്ലോ എന്നു ശേഖരൻ
വിചാരിച്ചു.
അവൻ ഒരു കഥ മെനഞ്ഞുണ്ടാക്കി.
അവനൊരു പെണ്ണിനെ ഇഷ്ടമാണെന്നും
ആ ഒരേയൊരു സ്ത്രീയെ മാത്രമേ സ്നേഹിച്ചിട്ടുള്ളു എന്നും . എന്നിട്ടവൻ
അമ്പിളിയാടു ചോദിച്ചു.
" അമ്പിളിയുടെ മനസ്സിൽ ആരെങ്കിലുമുണ്ടോ?
അവളുടെ ഉള്ളൊന്നു കാളി. സത്യം പറയാതിരിക്കാനും പറയാനും വയ്യാത്ത
സ്ഥിതിയായി. തുണിക്കടയിൽ തന്റെ കൂടെ ജോലി ചെയ്യുന്ന അരവിന്ദൻ തന്നെ
തേച്ചിട്ടു പോയി വേറെ പെണ്ണുകെട്ടി. അതു
പറയണോ വേണ്ടയോ?
ശേഖരൻ എത്ര പാവമായിട്ടാ തന്നോടിതു തുറന്നു പറഞ്ഞത്? എന്നാൽ പിന്നെ തനിക്കും
തുറന്നു പറയരുതോ? ഈ കാലത്ത് ആർക്കാ ഒരു പ്രണയമൊക്കെ ഇല്ലാത്തത് ?
" എനിക്കും ഒരാളെ ഇഷ്ടമുണ്ടായിരുന്നു. "
അതു കേൾക്കാൻ ശേഖരൻ ആഗ്രഹിച്ചിരുന്നതല്ല. കട്ടിലിൽ ഇരുന്നിരുന്ന ശേഖരൻ
ചാടിയെണീറ്റു. അവൾക്കെന്തോ പന്തികേടുതോന്നി.
" വഞ്ചകീ....നിന്നെ പരീക്ഷിക്കാൻ ഞാനൊരു
ഇല്ലാക്കഥ പറഞ്ഞതാ. ഞാൻ ജീവിതത്തിൽ
സ്നേഹിച്ച സ്ത്രീ എന്റെ അമ്മയാ."
"അയ്യോ! ശേഖരേട്ടാ..... എന്തായീ പറയുന്നെ ? ഞാനെന്റെ അച്ഛന്റെ കാര്യമാ പറഞ്ഞെ. ശേഖരേട്ടൻ അമ്മയെ സ്നേഹിച്ച പോലെ ഞാൻ എന്റെ അച്ഛനെയാ സ്നേഹിച്ചെ. "
ശേഖരന് ആശ്വാസമായി. ഹോ!
വെറുതെ പാവം അമ്പിളിയെ സംശയിച്ചു. ശേഖരൻ അവളെ ആവേശത്തോടെ
കെട്ടിപ്പിടിച്ചു. അവൾ ഒരു വലിയ ദുരന്തം ഒഴിഞ്ഞ മട്ടിൽ ഒരു ദീർഘ നിശ്വാസത്തോടെ
അവനിലേക്ക് ഒതുങ്ങിക്കൂടി. 
Written by: 
JosepheenaThomas@ www.nallezhuth.com

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot