നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കല്യാണം കടുപ്പംതന്നെ സ്വാമി!(കഥ)


ആദ്യരാത്രി ആദ്യരാത്രി എന്നൊക്കെ കേട്ടിട്ടേയുണ്ടായിരുന്നുള്ളു. ലൈഫിൽ വന്നപ്പോഴാ അതിന്റ ഒരു പരവേശം മനസിലായെ. ഒരു വെപ്രാളം. എത്ര വെള്ളം കുടിച്ചിട്ടും തൊണ്ട ഉണങ്ങി വരണ്ട പോലെ . കൂട്ടുകാരൊക്ക തന്ന ധൈര്യം ഒക്കെ പോയി. അവരെ പലപ്രാവശ്യം ഫോൺ ചെയ്തപ്പോൾ ഇതിനാണ് പ്രേമിച്ചു കല്യാണം കഴിക്കാൻ പറയുന്നത് എന്ന് ഫ്രീ ആയ ഒരു ഉപദേശോം കിട്ടി. പ്രേമിക്കു പ്രേമിക്കു എന്ന് പറഞ്ഞാൽ ഇതെന്താ പൂ പറിക്കും പോലെ ഈസി ആണോ..
വല്ല കഞ്ചാവും പുകച്ചു കള്ളും കുടിച്ചു നടക്കുന്നവനാരുന്നെങ്കിൽ ഒന്നല്ല ഒമ്പത് പെൺപിള്ളേർ ക്യൂ നിന്നേനെ. ഇതിപ്പോ ഞാൻ സൽസ്വഭാവി ആയി പോയില്ലേ? പോരെങ്കിൽ ഗവണ്മെന്റ് ജോലിയും. ആരും പ്രേമിക്കൂല്ല. ഇനി ഞാൻ ആയിട്ട് പ്രേമിക്കാമെന്നു വെച്ചാലോ കണ്ണാടിയിൽ നോക്കുമ്പോഴെ മൂഡ് പോകും.. അത്ര ഭംഗിയാ. കോൺഫിഡൻസ് പിന്നെ പണ്ടേ ഇല്ല. ആറ്റിട്യൂട് . ഒട്ടുമില്ല. അനിയത്തി, ചേച്ചി ഇത്തരം സാധനങ്ങൾ വീട്ടിൽ ഉള്ളത് കൊണ്ട് നാട്ടിലുള്ള സകല പെണ്ണുങ്ങളും എന്നെ ആങ്ങള ആയിട്ടാ കാണുന്നെ. കാരണം അവളുമാരുടെ കൂട്ടുകാരാ എന്റെ വീട്ടിലുള്ളവർ.
എന്റെ ജില്ലയിൽ നിന്നു എനിക്കൊരു പെണ്ണിനെ കിട്ടുകേല എന്ന് കണ്ടപ്പൊഴാ വർക്കി ചേട്ടൻ (ബ്രോക്കർ )തൊട്ടപ്പുറത്ത് പോയി നോക്കി തുടങ്ങിയത്. ഒടുവിൽ ഒന്നിനെ കിട്ടി. ഞാൻ പോയി കണ്ടു.. അവൾ കൊള്ളാം.
എന്നെ പോലല്ല. ഞാൻ കറന്റ് കമ്പിയിൽ ഷോക്കടിച്ചു കാക്ക ഇരിക്കും പോലെ ആണെങ്കിൽ അവൾ നല്ല വെള്ളരി പ്രാവിനെ പോലെ ആണ്. സുന്ദരി.
കല്യാണം വെച്ചു താമസിപ്പിച്ചില്ല.
"എങ്ങനെ ഒപ്പിച്ചെടാ? "
മണ്ഡപത്തിൽ വെച്ചു കൂട്ടുകാരുടെ കണ്ണ് തള്ളിയുള്ള ചോദ്യത്തിൽ ഞാൻ ഒന്നുടെ അവളെ നോക്കി. സാരീം സ്വർണവും മുല്ലപ്പൂവും ഒക്കെ കൂടി ആയപ്പോൾ നസ്രിയ നിൽക്കും പോലെ.. ഈശ്വര ഇത്രേം സൗന്ദര്യം ഉള്ളത് വേണ്ടാരുന്നു.. ഇനിപ്പോ എന്ത് ചെയ്യും? കാക്ക തേങ്ങാപ്പൂൾ കടിച്ചു നിൽക്കുന്ന പോലത്തെ മുഖം ഉള്ള ഏതെങ്കിലും പെണ്ണ് മതിയാരുന്നു. ഇനിപ്പോ ഞാൻ തളത്തിൽ ദിനേശൻ എങ്ങാനും ആയിപ്പോവോ? ഈ പണ്ടാരങ്ങൾ (കൂട്ടുകാർ )നാളെ മുതൽ വീട്ടിൽ നിന്നിറങ്ങാതെ വരുവോ ?
പകൽ കഴിഞ്ഞു
രാത്രി വന്നു
ആ രാത്രി ആണിത്
ആദ്യരാത്രി
വാതിൽ തുറക്കുന്ന ശബ്ദം
അവൾ സെറ്റും മുണ്ടും ഒക്കെ ഉടുത്തു മുല്ല പൂ ഒക്കെ വെച്ച്..
എന്റെ പാതിജീവൻ പോയി
ഇതിനി സ്വപ്നം വല്ലോം ആവോ? ഞാൻ ജീവനോടെ തന്നെ ഉണ്ടൊ? ഇതൊക്കെ എന്റെ ലൈഫിൽ ഇപ്പൊ ലൈവ് ആയി ഓടിക്കൊണ്ടിരിക്കുവാണോ? ഇതൊക്കെ ആയിരുന്നു അപ്പൊ എന്റെ സംശയം
"ചേട്ടാ പാൽ...? "
"പാൽ എനിക്ക് വേണ്ട.. കുട്ടി കുടിച്ചോ.. "ഞാൻ ഉദാരമനസ്കനായി.
ഈ പാലും പഴവും രീതി തന്നെ മാറ്റണം. പാലും പഴവും കഴിക്കാൻ ഞാൻ എന്താ തത്തമ്മ ആണോ? ആദ്യരാത്രിയിൽ പാലും പഴവും എന്തിനാ? എനിക്ക് ഇത് വരെ മനസിലായിട്ടില്ല. ഉച്ചക്ക് വയർ നിറച്ചും സദ്യ. വൈകുന്നേരം പാർട്ടിക്കും മൂക്ക് മുട്ടെ തിന്നും. പിന്നെ രാത്രി പാലും.
എന്തോന്ന് കാര്യത്തിന്...? കുറച്ചു ചൂടുവെള്ളം അല്ലെങ്കി തണുത്ത വെള്ളം. അത് മതി.
രാവിലെ തുടങ്ങിയ നിൽപ്പാണ്.. മണ്ഡപത്തിൽ കേറും മുന്നേ ഫോട്ടോ ഗ്രാഫർമാരുടെ മുന്നിൽ ഇളിച്ചു പിടിച്ചു നിൽപ്പ്. അത് കഴിഞ്ഞു ഇന്ന് വരെ കണ്ടിട്ടില്ലാത്ത അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയുടേം കാല് പിടിത്തം.. (ദക്ഷിണ കൊടുപ്). അത് കഴിഞ്ഞു മണ്ഡപത്തിൽ കുറച്ചു നേരം റസ്റ്റ്‌ കിട്ടും. ഉടനെ എഴുന്നേറ്റോണം. വീണ്ടും നിൽപ്പ് പല പോസുകളിൽ. കൂട്ട ഫോട്ടോ എടുപ്പ്. ഇളിച്ചിളിച്ചു ചുണ്ടും വായും വേദനിക്കുന്നു . കൂടെ നിന്നു ഫോട്ടോ എടുത്തവരാരൊക്കെ ആരാണോ ആവോ? തമ്പുരാനറിയാം..
"ചേട്ടന് പകുതി "
അവൾ ഗ്ലാസ്‌ നീട്ടുന്നു പാലിന്റെ പകുതി.. പഴത്തിന്റെ പകുതി.
"എന്റെ പൊന്നു കൊച്ചേ നീ അത് മുഴുവൻ കുടിച്ചോ ആ പഴോം കഴിച്ചോ എന്നിട്ട് ദോ അവിടെ കട്ടിലിൽ കേറി കിടന്നുറങ്ങിക്കോ.. നമുക്ക് നാളെ സംസാരിക്കാം സത്യമായും ക്ഷീണിച്ചിട്ടാ. ഒന്നും തോന്നരുത്."
ഞാൻ ഒറ്റക്കിടപ്പ് കിടന്നു.. കണ്ണടഞ്ഞതെ ഓര്മയുള്ളു. പിറ്റേന്ന് അവൾ വന്നു വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്.
"രാവിലെ കുളിച്ചു ചന്ദനമൊക്കെ തൊട്ട്.. ആഹാ അടിപൊളി ആയല്ലോ എന്നെ വിളിച്ചിരുന്നെങ്കിൽ ഞാൻ കൂടി വന്നേനെ അമ്പലത്തിൽ ഒറ്റയ്ക്ക് പോയോ? "
അവൾ ക്ലോക്കിലേക്ക് കൈ ചൂണ്ടി ചിരിക്കുന്നു
ഒരു മണി
ഉച്ച..
"യ്യോ നീ എന്താ വിളിക്കാഞ്ഞേ? "
ഞാൻ ചാടി എഴുന്നേറ്റു.. മുറി തുറന്നു.
"ഞാൻ ആണ് പറഞ്ഞത് ഉറങ്ങട്ടെ എന്ന് നല്ല ക്ഷീണം കാണും ന്ന് "
അമ്മാവന്റെ മുഖത്തു ചിരി. അച്ഛൻ ചിരി അമർത്തുന്നു. അമ്മ പോയി കളഞ്ഞു. അനിയത്തി എങ്ങാണ്ടോ നോക്കി നിൽക്കുന്നു
"എന്നാലും അപ്പു ഒരു മര്യാദ വേണ്ടേ ഇപ്പോഴാ എണീൽക്കുന്നെ? "അളിയൻ
ഞാൻ ഒരു ഇളി പാസ്സ് ആക്കി പോയതിനേക്കാൾ വേഗത്തിൽ തിരിച്ചു മുറിയിൽ കയറി.. കുളിച്ചു കഴിഞ്ഞു ഇറങ്ങി യപ്പോൾ അവൾ.
"കഴിക്കാൻ വിളിക്കുന്നു "
"നീ കഴിച്ചോ ഞാൻ പിന്നെ കഴിച്ചോളാം "അവരുടെ ഒക്കെ മുഖത്തെ പരിഹാസച്ചിരി ഓർമ വന്നപ്പോൾ പട്ടിണി ആണ് ഭേദം എന്ന് തോന്നിപ്പോയി.
ഒരു ഏങ്ങലടിയുടെ ശബ്ദം.. ദേ അവൾ കരയുന്നു
"അയ്യോ നീ എന്തിനാ കരയുന്നെ? "
ഇനി ഇവൾക്ക് വല്ല പ്രേമോം?.. ആഞ്ജനേയാ..
"ചേട്ടന് എന്നെ ഇഷ്ടം അല്ലെ? "
"ങ്ങേ? "തള്ളി പുറത്തു പോയ കൃഷ്ണ മണി ഒരു വിധം കണ്ണിലേക്കു വലിച്ചിട്ട് ഞാൻ വീണ്ടും ചോദിച്ചു "എന്താ പറഞ്ഞെ? "
പിന്നെന്താ ഒരു സ്നേഹം ഇല്ലാതെ? "ഞാൻ ഒറ്റയ്ക്ക് ആണോ കഴിക്കാൻ പോകേണ്ടത്? ഇന്നലെ എന്നോട് ഒന്നും മിണ്ടിയില്ല. ഞാൻ തന്ന പാലും കുടിച്ചില്ല.എന്നെ ഇഷ്ടം അല്ലാതെ കല്യാണം കഴിച്ചതാണോ? "ഏങ്ങലടി വീണ്ടും.
ദൈവമേ ഇവൾ എന്നെ നാറ്റിക്കും
"എന്റെ പൊന്നു കൊച്ചേ ഞാൻ ഇന്നലെ ക്ഷീണം കൊണ്ട് ഉറങ്ങി പോയതാ "ഞാൻ അവളുടെ കൈ പിടിച്ചു. അപ്പോഴാ ഞാൻ ഒരു സത്യം മനസിലാക്കിയത്. ആദ്യരാത്രിയിലെ തൊണ്ട വരൾച്ചയും വിറയലും ഉള്ളു. ഇപ്പൊ കൂൾ. അവളെ തൊട്ടിട്ടും കൂൾ. ആഹാ കൊള്ളാം
ഞാൻ കുറച്ചു കൂടി നീങ്ങി നിന്നു.
"ഇങ്ങനെ അല്ലല്ലോ സിനിമ യിൽ ഒക്കെ കാണുന്ന
ആദ്യരാത്രി.? "അവൾ എന്നെ നോക്കുന്നു
ഈശ്വര സിനിമ കണ്ടു പിടി ച്ചവന്റെ തന്ത ഇടി വെട്ടി പോട്ടെ.
ഇവന്മാർ ആണ് ഈ നാട്ടിലെ ചെറുപ്പക്കാരെ നശിപ്പിക്കുന്നത്. വെറുതെ ഓരോന്ന് കാണിച്ചു കൊടുത്തു പറ്റിച്ചോളും.
"മോളു.. സിനിമയിൽ ആ സീനൊക്കെ പല ദിവസം കൊണ്ടാ എടുക്കുന്നെ അവർക്ക് ക്ഷീണം ഇല്ല.. അത് പോലാണോ നമ്മൾ.ഇന്നലെത്തെ കായികാധ്വാനം
ഒന്നാലോചിച്ചേ, കല്യാണം, ഫോട്ടോ എടുപ്പ്, സദ്യ, യാത്ര, പാർട്ടി.. "ഞാൻ ആ കവിളിൽ നുള്ളി. നല്ല വെർട്ടിഫൈഡ് ടൈലിന്റെ മിനുക്കം.
"എന്നാലും എന്നോട് സ്നേഹം ഇല്ല "ചിണുങ്ങുന്നു..
"സ്നേഹം ഇപ്പൊ എങ്ങനെ വേണം ഹോൾ സെയിൽ ആയിട്ടോ റീറ്റെയ്ൽ ആയിട്ടോ പറ "
ഞാൻ പെട്ടന്ന് റൊമാന്റിക് ആയി. എന്നെ സമ്മതിക്കണം അല്ല പിന്നെ ഇനി എന്നെ പിടിച്ചാൽ കിട്ടത്തില്ല.
ആ മുഖത്തെ നാണം, ചിരി ചുവപ്പ്.. എന്റെ കൃഷ്ണ !ഒടുക്കത്തെ ഭംഗിയാ പെണ്ണിന്..
കണ്ട്രോൾ... കണ്ട്രോൾ..എന്നൊക്കെ മനസ്സ് പറയുന്നുണ്ട്.. ആര് കേൾക്കാൻ ..
ആദ്യരാത്രി ഉച്ചക്ക് ആയാൽ കുഴപ്പം ഉണ്ടൊ?
Written By Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot