Slider

പുസ്തകത്താളിലെ മയില്പീലിത്തുണ്ടുകൾ (കഥ)

0

* "അച്ഛാ.. തോട്ടക്കലെ ഉണ്ണിമാൻ വെളുപ്പിന് മരിച്ചൂത്രേ.. ഏട്ടൻ ഇപ്പൊ വിളിച്ചിരുന്നു."
രാവിലെ ടിവിയിൽ വാർത്ത കാണുമ്പോളായിരുന്നു രാഹുൽ വന്ന് പറഞ്ഞത്.
"എന്താർന്നൂ പെട്ടെന്ന്? രാജീവ് വല്ലതും പറഞ്ഞോ."
"വെളുപ്പിന് എന്തോ തട്ടിവീഴണ ശബ്ദം കേട്ട് പങ്കേച്ചിയുടെ മോൻ പോയി നോക്കിയതാണത്രേ. എന്തോ പന്തികേട് തോന്നി, പെട്ടെന്ന് വെള്ളം കൊടുത്തു, ഒരിറക്ക്, അപ്പോഴേക്കും കഴിഞ്ഞൂത്രേ "
"എങ്ങിന്യാപ്പോ അവ്ടെ വരെ ഒന്ന് പോവ്വാ.. ഇപ്പൊ കൊറോണ കാരണം കർഫ്യൂ നടക്കല്ലേ.."
"അച്ഛന് പോണംന്ന്ണ്ടോ?"
" അവസാനായിട്ട് ഉണ്ണ്യേ ഒന്ന് കാണണംന്ന്ണ്ട്. ഇനി കാണാൻ പറ്റില്ല്യാലോ."
"ഞാൻ ഒന്നന്വേഷിക്കട്ടെ, എന്തെങ്കിലും വഴീണ്ടോന്ന് നോക്കാം."
രാഹുൽ ഫോൺ എടുത്ത് ആരെയൊക്കെയോ വിളിക്കാൻ തുടങ്ങി.
പ്രാതൽ കഴിക്കാനിരുന്നുവെങ്കിലും ഭക്ഷണത്തിന് രുചി തോന്നിയില്ല, മനസ്സ്‌ നിറയെ ഉണ്ണിയായിരുന്നു.
“അച്ഛാ. ഉണ്ണിമാനുമായി നമ്മുടെ വീടിന് എന്തെങ്കിലും ബന്ധമുണ്ടോ അതോ കൂട്ടുകാരോ?” പ്രാതൽ കഴിക്കാനിരുന്നപ്പോൾ രഞ്ജിനി ചോദിച്ചു.
സ്വന്തം അച്ഛനായിത്തന്നെയാണ് രഞ്ജിനിയും രമ്യയും എന്നെ കാണുന്നത്. രണ്ടുമാസം കൂടുമ്പോൾ പതിനഞ്ചു ദിവസം തിരുവനന്തപുരത്ത് ഇവരുടെ കൂടെ താമസിക്കും, ആ സമയത്ത് രഞ്ജിനിയുടെ അച്ഛനും അമ്മയും അവരുടെ വീട്ടിൽ പോകും.
രാജീവിന് ഇലെക്ട്രിസിറ്റി ഓഫീസിൽ ജോലിയായതുകാരണം അവൻ വീട്ടിൽ തന്നെയാണ് താമസം. ഭാര്യ രമ്യ നാട്ടിലെ സ്‌കൂളിൽ ടീച്ചറും.
രമണിയുടെ മരണശേഷം ഞാൻ ഒറ്റപ്പെടാതിരിക്കാൻ രണ്ടുപേരും നല്ലപോലെ ശ്രദ്ധിക്കും. അതുകൊണ്ട് എല്ലായ്‌പ്പോഴും എന്തെങ്കിലും ഒക്കെ സംസാരിച്ചുകൊണ്ടിരിക്കും.
“കൂടപ്പിറപ്പല്ലാന്നേ ഉള്ളു. ഇന്നത്തെ കാലത്ത് ഇതുപോലെ ഒരു സ്നേഹബന്ധം കാണില്ല. “ രാഹുലാണ് മറുപടി പറഞ്ഞത്.
“ഞാനും ഉണ്ണിയും ഒന്നാംക്ലാസ് മുതൽ ഒരുമിച്ചായിരുന്നു. ഞാൻ പ്രീഡിഗ്രിക്ക് സെന്റ് തോമസ് കോളേജിൽ ചേർന്നു, അവൻ കേരളവർമ്മയിലും. പ്രീഡിഗ്രിക്ക് അവന് നല്ല മാർക്ക് കിട്ടി ഡിഗ്രിക്ക് സെന്റ് തോമസിൽ എന്നോടൊപ്പം ചേർന്നു.
ക്ലാസ് തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോഴാണ് ഉണ്ണിയുടെ അച്ഛന്റെ പെട്ടെന്നുള്ള മരണം. അവന് താഴെ മൂന്ന് അനുജത്തിമാരായിരുന്നു. മറ്റ് വരുമാനമാർഗ്ഗങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ നൂൽക്കമ്പനിയിലെ അച്ഛന്റെ ജോലി ഉണ്ണിക്ക് ഏറ്റെടുക്കേണ്ടി വന്നു. അതോടെ ഉണ്ണിയുടെ പഠനം അവസാനിച്ചു. നൂൽക്കമ്പനിയിലെ ശമ്പളത്തിൽ മാത്രം ജീവിക്കാൻ പറ്റാതിരുന്നതിനാൽ ഉണ്ണി ക്യഷിയും തുടങ്ങി. മൂന്ന് അനുജത്തിമാരേയും പഠിപ്പിച്ചു, രണ്ടുപേർക്ക് സർക്കാർ ജോലിയും ഒരാൾക്ക് നാട്ടിലെ സ്‌കൂളിൽ തന്നെ ടീച്ചറായും ജോലി കിട്ടി. നല്ല നിലയിൽ തന്നെ അവരെ വിവാഹം ചെയ്തയച്ചു.
ഡിഗ്രി കഴിഞ്ഞ് അധികം വൈകാതെ എനിക്ക് ഇൻകം ടാക്സ് ഓഫീസിൽ ജോലി ലഭിച്ചു. അമ്മാമന്റെ പെട്ടെന്നുള്ള മരണശേഷം മുറപ്പെണ്ണായ രമണിയെ ഞാൻ വിവാഹം ചെയ്തു.
പെങ്ങന്മാരുടെ പഠനവും വിവാഹവുമെല്ലാം കഴിഞ്ഞപ്പോഴേക്കും ഉണ്ണിക്ക് വയസ്സ് നാല്പത് കഴിഞ്ഞിരുന്നു. അപ്പോഴേക്കും അവന്റെ അമ്മയുടെ ആരോഗ്യവും കുറഞ്ഞുവന്നുതുടങ്ങി. ഈ പ്രായത്തിൽ ഒരു വിവാഹം കഴിച്ചുകൊണ്ടുവന്നാൽ എന്തെങ്കിലും കാരണവശാൽ ആ സ്ത്രീ അമ്മയുമായി പൊരുത്തപ്പെട്ടുപോയില്ലെങ്കിലോ എന്ന് ഭയന്ന് ഉണ്ണി ഒരു വിവാഹം തന്നെ വേണ്ടെന്നുവെച്ചു.
ഞാനും അവന്റെ അമ്മയും കുറെ നിർബന്ധിച്ചെങ്കിലും അവന്റെ മനസ്സ് മാറിയില്ല. അപ്പോഴെല്ലാം പുഞ്ചിരിച്ചുകൊണ്ട് അവന് ഒരൊറ്റ മറുപടിയെ ഉണ്ടാവാറുള്ളു.
പിന്തുടർച്ചാവകാശി ഉണ്ടാവാൻ ഞാൻ ശക്തൻ തമ്പുരാനൊന്നും അല്ലല്ലോ, അന്യം നിന്നുപോകാതിരിക്കാൻ സിംഹവാലൻ കുരങ്ങും അല്ല. പങ്കജത്തിന്റേം, സരോജത്തിന്റേം, വിലാസിനീടേം പിന്നെ നിന്റെ മക്കളും, ഇവരൊക്കെ പോരെടാ എനിക്ക്.
വടക്കേ ഇന്ത്യയിലെ ഒട്ടുമിക്ക അമ്പലങ്ങളിലും ഉണ്ണി അമ്മയേയും കൊണ്ട് തീർത്ഥാടനം നടത്തിയിട്ടുണ്ട്. എല്ലാ വർഷവും മണ്ഡലകാലത്ത് മുടങ്ങാതെ വ്രതമെടുത്ത് അമ്മയേയും കൊണ്ട് ശബരിമലയിലും പോകും.
റിട്ടയർ ആയാൽ ഉണ്ണിയുടെ കൂടെ ഞാനും രമണിയും തീർത്ഥാടങ്ങൾക്ക് പോകണമെന്ന് മോഹിച്ചതായിരുന്നു. പക്ഷെ ഞാൻ റിട്ടയർ ചെയ്ത് വർഷമെത്തുന്നതിന് മുൻപ് രമണി പോയി.
വർഷങ്ങൾക്ക് ശേഷം ഉണ്ണി വീട്ടിൽ വന്നത് രമണി മരിച്ച ദിവസമാണ്. കണ്ണടച്ച് നിന്ന് പ്രാർത്ഥിച്ചു, അതിനുശേഷം നിറഞ്ഞ കണ്ണുകളുമായി എന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. മറ്റുകർമ്മങ്ങൾക്കൊന്നും നിന്നില്ല, അതിനുമുമ്പേ പോയി.
അമ്മയുടെ മരണശേഷം ഉണ്ണി വീടും പറമ്പും ഭാഗം ചെയ്തു. വീടിരിക്കുന്ന മൂന്ന് സെന്റ് സ്ഥലം മാത്രം മാറ്റിവെച്ച് ബാക്കിയെല്ലാം മൂന്ന് സഹോദരിമാർക്കും തുല്ല്യമായി എഴുതിക്കൊടുത്തു. വീടിരിക്കുന്ന സ്ഥലം നേരെ താഴെയുള്ള സഹോദരി പങ്കജത്തിന് ഉണ്ണിയുടെ കാലശേഷം എത്തിച്ചേരും. പങ്കജത്തിന്റെ ജോലി നാട്ടിലെ സ്‌കൂളിൽ തന്നെയായതിനാൽ അവൾ അവർക്ക് കിട്ടിയ ഭാഗത്തിൽ ഒരു വീട് പണിതു.
കഴിഞ്ഞ മാസം ഒരു കല്യാണസദ്യക്ക് പോയപ്പോൾ പുളീഞ്ചി കഴിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു രമണിയുടെ മരണത്തോടെ പുളീഞ്ചി മറന്നുപോയി എന്ന്. ഇങ്ങോട്ട് വരുന്നതിന് മുൻപ് അവനെ കാണാൻ ചെന്നപ്പോൾ ഒരു ഹോർലിക്സ് കുപ്പിയിൽ നിറയെ പുളീഞ്ചിയും ഒരു പ്പാസ്റ്റിക് ഡബ്ബയിൽ നിറയെ ചക്ക വരട്ടിയതും തന്നു. ഫ്രിഡ്ജിൽ വെച്ചാൽ മതി, ഒന്നോ രണ്ടോ വർഷം ഇരുന്നോളും എന്ന ഒരു ഉപദേശവും.
അന്ന് കണ്ടപ്പോൾ അവൻ നല്ല ആരോഗ്യവാനായിരുന്നു.
എല്ലാം ശ്രദ്ധയോടെ രഞ്ജിനിയും രാഹുലും കേട്ടിരുന്നു. അപ്പോഴാണ് രാഹുലിന്റെ ഫോൺ ബെല്ലടിച്ചത്. ഓർമ്മകളുടെ അയവിറക്കലുകൾക്ക് അവിടെ വിരാമമിട്ടു.
"അച്ഛാ, ഏട്ടനാണ് വിളിച്ചത്, തയാറായിക്കോളൂ, ഏട്ടന്റെ ഒരു സുഹ്യത്ത് മുഖേന യാത്രക്കുള്ള പാസ്സ് കിട്ടിയിട്ടുണ്ട്. നമുക്ക് ഇപ്പോൾ തന്നെ പുറപ്പെടാം.."
പെട്ടെന്ന് തന്നെ തയ്യാർ ആയി യാത്ര തുടങ്ങി.
വിജനമായ ഹൈവേയിലൂടെ കാറ് നീങ്ങാൻ തുടങ്ങി. കണ്ണുകൾ അടച്ച് കിടന്നു.
ഈ യാത്ര എത്രയോ അനിവാര്യമാണ്. ഉണ്ണിയുടെ കാലിൽ തൊട്ട് മാപ്പ്പറയണം. നല്ലൊരു സുഹൃത്തായിട്ടും അവന്റെ ജീവിതം തകർത്തതിന്, കുട്ടികളോട് നുണ പറഞ്ഞതിന്.
അന്ന് പാലക്കാട് പോസ്റ്റിങ്ങ് ഉള്ള സമയം, അമ്പലത്തിലെ ഉത്സവത്തിന് വന്നതായിരുന്നു ഊട്ടുപുരയുടെ തട്ടിന്മുകളിൽ ചെന്ന് സ്പോട്ട്ലൈറ്റ് ഫിറ്റ് ചെയ്യുമ്പോഴാണ് തട്ടിൻ പുറത്തെ ചെറിയ ജാലകത്തിലൂടെ കുളപ്പുരയുടെ ഉള്ളിൽ നിന്നും സംസാരിച്ചുകൊണ്ട് പുറത്തുവന്ന ഉണ്ണിയേയും രമണിയേയും കണ്ടത്.
സ്വന്തം മുറപ്പെണ്ണായിരുന്നിട്ടും ഉണ്ണി അവളെ ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ തോന്നിയ വികാരം അസൂയയാണോ എന്നറിയില്ല പക്ഷേ അതുവരെ തോന്നാത്ത ഒരു പ്രണയം ആദ്യമായി രമണിയോട് തോന്നി. അവളെ ഉണ്ണിക്ക് വിട്ടു കൊടുക്കാൻ തോന്നിയില്ല.
അമ്മാമന് ക്യാൻസർ വന്ന് സീരിയസ് ആയി ആശുപത്രിയിൽ ആയിരുന്നപ്പോൾ അമ്മാമന്റെ കൂട്ടിന് കിടന്ന അവസരം പൂർണ്ണമായും ഉപയോഗിച്ചു. രമണിയെ ഞാൻ വിവാഹം ചെയ്‌തോളാമെന്ന് അദ്ദേഹത്തിന്റെ കാതിൽ പറഞ്ഞതും പിന്നീട് അമ്മാമന്റെ മരണശേഷം അദ്ദേഹത്തിന്റെ അവസാന ആഗ്രഹമെന്നപോലെ രമണിയെ വിവാഹം കഴിച്ചു..
ഉണ്ണി ഇക്കാര്യമെന്നും അറിയാതെ എന്നെ ഒരു കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ചു. അവന്റെ സ്നേഹം കണ്ട് ജീവിതകാലം മുഴുവൻ മനസ്സിൽ കുറ്റബോധം പേറി നടന്നു.
അതിനൊരു പരിഹാരമായാണ് ഉണ്ണിയെ മറ്റൊരു വിവാഹം ചെയ്യാൻ നിർബന്ധിച്ചത്, വല്ലാതെ നിർബന്ധിച്ചപ്പോൾ ഉണ്ണി ഒരിക്കൽ പറഞ്ഞു, എന്നെ അറിയുന്ന എന്നെ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. ഇനി മറ്റൊരു വിവാഹം എനിക്കില്ല.
****
"അമ്മേ, ഇനിയും വെച്ചിരിക്കണോ? " പങ്കജത്തിന്റെ മകൻ ചോദിച്ചു.
"വേണം. രാമേട്ടൻ വരുന്നുണ്ടെന്ന് രാജീവ് പറഞ്ഞു." പങ്കജം മകനോട് പറഞ്ഞു.
"അധികം വൈകിയാൽ, തൊട്ടടുത്ത് അമ്പലമല്ലേ, പൂജ വൈകും."
"അതൊന്നും നോക്കണ്ട. വല്യതിരുമേനിക്ക് അറിയാം അവർ തമ്മിലുള്ള ബന്ധം."
പറഞ്ഞുതീരുമ്പോഴേക്കും പുറത്ത് കാർ വന്നു നിന്നു. രാമേട്ടനേയും കൊണ്ട് രാഹുൽ വീട്ടിലേക്ക് വന്നു. ഒന്നും ഉരിയാടാതെ വെള്ളപുതപ്പിച്ച ഉണ്ണ്യേട്ടന്റെ വിറങ്ങലിച്ച ശരീരത്തിന്റെ അടുത്തിരുന്നു. കൊച്ചുകുട്ടിയെപ്പോലെ ഉണ്ണിയേട്ടന്റെ കൈകൾക്ക് മുകളിൽ കൈവെച്ച് പൊട്ടിക്കരഞ്ഞു. പ്രദക്ഷിണം വെച്ച് നമസ്കരിച്ചു. പിന്നെ പങ്കജത്തിന്റെ അടുത്തുവന്നു,
"അവൻ കത്തിപ്പോകുന്നത് കണ്ടുനിൽക്കാൻ എനിക്ക് വയ്യ.. ഞാൻ നിൽക്കണില്യ." പറയുമ്പോഴും രാമേട്ടന്റെ കണ്ണുനിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
"രാഹുൽ, നീ അച്ഛനെ വീട്ടിൽ ആക്കിവരു. രാജീവ്, നീയ്യും പോയി കുളിച്ചുവാ. നീയ്യും കർമ്മങ്ങൾ ചെയ്യണം."
രാഹുലിനൊപ്പം നടന്നകലുന്ന രാമേട്ടനെ നോക്കി നിന്നപ്പോൾ പങ്കജത്തിന്റെ മനസ്സുനിറയെ പണ്ട് രാമേട്ടന്റെ അനുജത്തിയുടെ വിവാഹസദ്യ കഴിഞ്ഞുവരുമ്പോൾ പഴയ പുസ്തകത്താളിൽ ഒളിപ്പിച്ചുവെച്ച മയിൽപ്പീലിത്തുണ്ടിൽ മുഖമമർത്തി വിതുമ്പിക്കരഞ്ഞിരുന്ന ഉണ്ണിയേട്ടൻ പറഞ്ഞ വാക്കുകളായിരുന്നു.
“അവൻ എന്നെ ഒരു കൂടപ്പിറപ്പിനെപ്പോലെയാണ് കാണുന്നത്. എങ്ങിന്യാ അവനോട് പെങ്ങളെ ചോദിക്ക്യാ..”
(ശുഭം)
ഗിരി ബി വാരിയർ
14 ഓഗസ്റ്റ് 2020
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo