Slider

ബാവൂട്ടൻ ( നർമ്മകഥ )

0
ബാവൂട്ടൻ.
ആംവേ..

കാമുകിയെ എങ്ങനെ സ്വന്തമാക്കാം..?
ആദ്യം ഒരു ജോലി നേടണം. എന്നിട്ട് വേണം അവളുടെ അച്ഛൻ്റെ മുന്നിൽ ചെന്ന് ചോദിക്കാൻ.
പത്താം ക്ലാസ് കഴിഞ്ഞപ്പോഴുള്ള പ്രധാന ചിന്തയും, ചർച്ച വിഷയങ്ങളും ആയിരുന്നിത്.
അന്നും ഇതുപോലൊരു ആഗസ്റ്റ് പതിനഞ്ചിൻ്റെ തലേ ദിവസമായിരുന്നു.
ബാവൂട്ടനും ഞാനും നാട്ടിലെ വായനശാലയുടെ തിണ്ണയിൽ കടലയും കൊറിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു.
പഠിത്തമെല്ലാം കഴിഞ്ഞിറങ്ങി ജോലിയൊന്നും ഇല്ലാതെ മേൽപ്പറഞ്ഞ ഭാവി കാര്യങ്ങളായിരുന്നു ചർച്ച. വലിയ വീട്, കാർ, കാമുകിയെ സ്വന്തമാക്കി നാലു മക്കളുമായി സുഖജീവിതം.

തലേ ദിവസത്തെ മഴയത്തും കാറ്റിലും വീടിനടുത്തെ വൈദ്യുതി ലൈൻ കമ്പി പൊട്ടിവീണിരുന്നു.
അതിൽ നിന്നും അലുമിനിയം കമ്പി, ലോഡ് ഷെഡിംഗ് സമയത്ത് മുറിച്ചെടുത്ത് വച്ച്,
പിറ്റേന്ന് അത് ആക്രി അണ്ണാച്ചിയുടെ കടയിൽ കൊടുത്താണ് കുറച്ച് കടലയും, കപ്പലണ്ടിയും വാങ്ങിയത്. അതും കൊറിച്ചുകൊണ്ടാണ് ഭാവി മെനയുന്നത്

ഒരു പുതിയ ബൈക്കിൽ ഒരുത്തൻ നമ്മളെ മുന്നിലൂടെ കടന്നു പോയി.
ഞങ്ങളെ കണ്ടവൻ തിരികെ വന്നു.
"മച്ചാനെ ഇത് നമ്മ പഠിപ്പി മൂക്കള സന്തോഷല്ലേ?" ബാവൂട്ടൻ ചോദിച്ചു.
ഞാൻ നോക്കിയപ്പോ സന്തോഷ് തന്നെയാണ്. പണ്ടത്തെ പോലെ മൂക്കൊലിപ്പിച്ചൊന്നുമല്ല അവൻ്റെ രൂപം.
ജയനെ പോലെ വെൽബോട്ടം വെള്ള പാൻ്റും,
കമ്മ്യൂണിസ്റ്റ് കൊടി കീറി തയ്ച്ച പോലെ ഷർട്ടും, ഒരു പച്ച നിറത്തിലെ ടൈയും ഒക്കെ കെട്ടി കറുത്ത കണ്ണടയും വച്ച് ആകെ മൊത്തം മഴവിൽ കളറിൽ ഒരു രൂപം.
"മച്ചാനെ ഇവനെന്നാ പച്ചപ്പരിഷ്ക്കാരിയായോ? ഒരു മാതിരി പാള ബെൽറ്റും കോട്ടയം കുഞ്ഞച്ചനിലെ കുഞ്ചനെപ്പോലെ?'' മിണ്ടാതിരിക്കാനായി ബാവൂട്ടനെ ഞാൻ തോണ്ടി. അവൻ അടുത്തെത്തിയിരുന്നു.
"ടാ മൂ... അവൻ്റെ ഓമനപ്പേര് വിളിക്കാൻ പോയ ബാവൂട്ടനെ ഞാൻ പിന്നെയും തടഞ്ഞു.
"ഹായ് ഗുയ്സ് ഹൗ ആർ യൂ..? ചോദ്യവുമായി
അവൻ ഷേക്ക് ഹാൻ്റിനായി കൈ നീട്ടിയപ്പോൾ ബാവുട്ടൻ കുറച്ച് കടല വച്ച് കൊടുത്തു.
"പണിയൊന്നുമില്ലല്ലേ?
ചുമ്മാ വായി നോക്കി നടന്നോ എന്നെ കണ്ടോ ഫുൾ സെറ്റപ്പാണ് മാസാമാസം ശമ്പളം ബൈക്ക് ഇനി കാർ വീട് എല്ലാം കിട്ടും "
എന്നവൻ പറഞ്ഞു.

"അതെന്താ സംഭവം നിനക്ക് ലോട്ടറി അടിച്ചാടാ
മൂ...? ബാവൂട്ടർ പിന്നെയും പാതിയിൽ നിർത്തി.

"ആംവേ... " അത് പറഞ്ഞവൻ ചുണ്ട് ഒരു വശത്തേക്ക് കോട്ടി കണ്ണുകൾ മാനത്തേക്ക് എന്തോ കണ്ടതുപോലെ നോക്കി നിന്നു.
ഒരു കാൽ വായനശാല തിണ്ണയുടെ മുകളിലേക്ക് കയറ്റി വച്ചിരിക്കുന്നുണ്ട്. ഞങ്ങളും അവൻ നോക്കി നിൽക്കുന്ന ദിശയിലെ മാനത്തേക്ക് നോക്കി. 
രണ്ട് ബലികാക്കകൾ കാറിക്കൊണ്ട് മാനത്തൂടെ പറന്ന് പോകുന്നതു കണ്ടു.
"മച്ചാനെ അതിവൻ്റ വായീന്ന് പറന്ന് പോയതാണോ?"
ബാവുട്ടൻ എൻ്റെ ചെവിയിൽ അടക്കം പറഞ്ഞു. അവൻ്റെ നിൽപ്പും തുറന്ന വായും കണ്ടപ്പോൾ അവൻ്റെ വായിൽ നിന്നാണ് ആ കാക്കകൾ പറന്ന് പോയതെന്ന് എനിക്കും തോന്നി.
അവൻ പൂർവ്വസ്ഥിതിയിലായി കണ്ണട ഉയർത്തി തലയിൽ കയറ്റി വച്ചു.
പിന്നെ ഒരു ക്ലാസ്സ് തന്നെ എടുത്തു.
ക്ലാസ്സ് കഴിഞ്ഞപ്പോൾ ഒന്നും മനസ്സിലായില്ലെങ്കിലും മനസ്സിലായ കാര്യങ്ങൾ വച്ച് ബാവൂട്ടൻ ചോദിച്ചു.
"അപ്പൊ മാസാമാസം ചെക്ക് കിട്ട്വോ?"

"കിട്ടും ആദ്യം ചെക്ക്, പിന്നെ ബൈക്ക്, കാർ 
നിങ്ങൾ മൂവായിരത്തി അഞ്ഞൂറ് രൂപ അടച്ചാൽ മാത്രം മതി. അവർ പതിനായിരം രൂപയുടെ സാധനം തരും അത് വിറ്റ് പൈസ എടുക്കുകയും ചെയ്യാം. പിന്നെ നിങ്ങക്ക് താഴെ ആളുകളെ ചേർക്കണം പിന്നെ അവരും ആളുകളെ ചേർക്കണം അങ്ങനെ അങ്ങനെ ആകുമ്പോൾ ചെക്കുകൾ  ചറ പറാ വരും. പിന്നെ നിങ്ങ സിൽവർ ആകും, ഗോൾഡാകും കോടീശ്വരൻമാരാകും."

"ആണാ അപ്പ നമ്മ വേറെ ജോലിയ്ക്കാന്നും പോണ്ടല്ലേ."ബാവൂട്ടൻ ഇടയ്ക്ക് സംശയങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.

"വേണ്ട. ഞായറാഴ്ച്ചകളിൽ നമ്മുടെ ബോസുമാരുടെ മീറ്റിംങ്ങ് ഉണ്ട്.
അതിൽ നിങ്ങൾ പങ്കെടുക്കണം നിങ്ങൾക്ക് താഴെ ചേർക്കുന്നു എന്ന് കാണിക്കുന്ന കുറച്ച് ആൾക്കാരെയും കൊണ്ടുവരണം.
ജയാ നീ ബാവൂട്ടൻ്റെ താഴെ ആയിക്കോ"
അവൻ പറഞ്ഞു.
ചൂണ്ടുവിരൽ ഞാൻ നെഞ്ചിൽ വച്ചു.
ഞാൻ ഇവൻ്റെ താഴെ?

"താഴെ അതു മതി അതു മതി ഞാനാദ്യം സിൽവർ പിന്നെ ഗോൾഡ് പിന്നെ മാനേജർ
നീയെന്തായാലും പട്ടാളത്തി പോകുവല്ലേ ഞാനിവിടെ മാനേജരാകാം" എന്ന് ബാവുട്ടൻ.

ശരി ഞാൻ സമ്മതിച്ചു. "പക്ഷേ മച്ചൂ മൂവായിരം രൂപ എവിടെന്നൊപ്പിക്കും? ഞാൻ ചോദിച്ചു.

ബാവൂട്ടനും നേരത്തെ അവൻ നോക്കിയപോലെ മാനത്തൂന്ന് എന്തോ വായിച്ചെടുത്ത പോലെ  പറഞ്ഞു.
"മച്ചാനെ ലൈൻ കമ്പിയുടെ അറ്റത്ത് ഒരു വലിയ സാധനമുണ്ടല്ലാ അതെന്താരാണ്?"

"ടാ അത് ട്രാൻസ്ഫോമറല്ലേ"

"നാളെ കറണ്ട് കട്ടിന് അത് നമ്മക്ക് ആക്രി അണ്ണാച്ചി വിറ്റാലോ?"

വായും തുറന്ന് നിക്കണ എന്നെ ശ്രദ്ധിക്കാതെ ബാവുട്ടൻ അവനെ കെട്ടിപ്പിടിച്ച് യാത്രയാക്കി.
"അപ്പൊ ശരി ഞായറാഴ്ച്ച നിങ്ങൾ കണ്ടെത്തുന്ന ടീമും ആയിട്ട് മീറ്റിംങ്ങിന് വരാൻ റെഡിയായിക്കോ"
അവൻ സ്ക്കൂട്ടറും സ്റ്റാർട്ട് ചെയ്തു പോയി.

"ടാ അതിന് മീറ്റിംങ്ങിന് പോകാൻ ആളെവിടെ കിട്ടാനാടാ?" ഞാൻ അവനോട് ചോദിച്ചു .
"അതൊക്കെ ഒപ്പിക്കാം നീ വാ "
എന്ന ബാവൂട്ടൻ്റെ ഉറപ്പിൻമേൽ നമ്മൾപിരിഞ്ഞു.

ഞായറാഴ്ച്ച ഉച്ചകഴിഞ്ഞപ്പോൾ സന്തോഷ് അയച്ച ഒരു മഹീന്ദ്ര ടെംപോ വാൻ വന്നു.
ബാവൂട്ടൻ പട നയിക്കുന്ന പോരാളിയെ പോലെ പുറകിൽ ഒരു കൂട്ടം പെൺ സൈന്യവുമായി വരുന്നു.
അവൻ്റെ വീടിൻ്റെ അയൽപ്പക്കത്തുള്ള  ശാന്തേച്ചിയും, ലീല അക്കനും, രമണിയും, സരളയുമൊക്കെ ഉണ്ട്.
സൈന്യങ്ങളുമായി നമ്മൾ ടെംപോയിൽ കയറി. ടെംപോ സിറ്റിയിലേക്ക് പുറപ്പെട്ടു.
സിറ്റിയിലെ വലിയ ഒരു ആഡിറ്റോറിയമായിരുന്നു. പാർക്കിംഗിൽ നിറയെ വിലകൂടിയ കാറുകൾ, അതിന്നിടയിൽ നമ്മുടെ മഹീന്ദ്ര ടെംപോ ഇരച്ചു ചെന്ന് നിന്നു.

ആഡിറ്റോറിയത്തിനുള്ളിൽ കസേരകൾ നിറയെ ആളുകൾ നിറഞ്ഞിരുന്നു.
മുന്നിലെ സ്റ്റേജിന് മുൻവശത്തായി നിലത്ത് ചുവന്ന പരവതാനി വിരിച്ചതിൽ കുറച്ച് ആൾക്കാർ തറയിൽ ചമ്രം പടിഞ്ഞ് ഇരിക്കുന്നുണ്ടായിരുന്നു.
ബാവൂട്ടൻ നയിച്ചു കൊണ്ടു വന്ന തൻ്റെ പെൺപടയെ അവിടെ മുൻവശത്തെ പരവതാനിയിൽ തന്നെ അണിനിരത്തി ഇരുത്തി.
കുറച്ച് കഴിഞ്ഞ് സ്റ്റേജിൽ കുറെ പേർ വന്നു. മീറ്റിംങ്ങ് തുടങ്ങി. സ്റ്റേജിലെ ഒരു വലിയ ബോർഡിൽ മുകളിൽ ഒരു ആൾരൂപവും പിന്നെ അതിന് താഴെയായി കുറെ രൂപങ്ങളും ഒക്കെ വരച്ച് ഇംഗ്ലീഷിൽ ചറാ പറാ ക്ലാസ്സുകൾ നടന്നു. പിന്നെ സിൽവറും, ഗോൾഡും, കാറും നേടിയവർക്കൊക്കെ താക്കോൽ ദാനവും ചടങ്ങുകളും നടന്നു. ഓരോ ഇംഗ്ലീഷ് പ്രസംഗങ്ങൾ കഴിയുമ്പോഴും എല്ലാപേരും കൈ കൊട്ടുന്നുണ്ടായിരുന്നു.
ഒന്നും മനസ്സിലാകാതിരുന്ന ബാവൂട്ടനും കൈകൊട്ടുന്നുണ്ട്. ഒന്നും മനസ്സിലാകാതെ മിണ്ടാതിരുന്ന എന്നെ കണ്ണുരുട്ടി കാണിച്ച് കൈ അടിപ്പിച്ചു. ഞാൻ നോക്കിയപ്പോ ലീല അക്കനും ശാന്തേച്ചിയും രമണിയുമൊക്കെ ഓരോ പ്രസംഗം കഴിയുമ്പോഴും ഭയങ്കര കൈകൊട്ടൽ. എന്തെങ്കിലും മനസ്സിലായോ ആവോ? എന്ന് ചിന്തിച്ചപ്പോഴാണ് ശാന്തേച്ചി മാത്രം ഒരു അനക്കവുമില്ലാതെ ഇരിക്കുന്നത് കണ്ടത്.
ബാവുട്ടൻ ലീല അക്കനെ കണ്ണു കാട്ടി. ശാന്തേച്ചിയെ ഉണർത്താൻ.
തറയിൽ ചമ്രം പടിഞ്ഞിരുന്ന് ശാന്തേച്ചി ഉറങ്ങിപ്പോയിരുന്നു. ലീല അക്കൻ കൈമുട്ട് കൊണ്ട്  ശാന്തേച്ചിയെ തട്ടി.
ഉറക്കത്തീന്ന് പെട്ടെന്ന് കണ്ണു തുറന്ന ശാന്തേച്ചി ചുറ്റിനും കൈ അടി ശബ്ദമാണ് കേട്ടത്.
പെട്ടെന്ന് ശാന്തേച്ചി ഞായറാഴ്ച്ചത്തെ സുവിശേഷ പള്ളിയിൽ ആണെന്ന് ഓർത്ത് പോയി. കൈകൾ രണ്ടും തലയ്ക്ക് മുകളിലേക്ക് ഉയർത്തി പിടിച്ച് കൈക്കൊട്ടി തുടങ്ങി.
കൈ കൊട്ടലിൻ്റെ താളം മാറുന്നതിനോടൊപ്പം ശാന്തേച്ചി മന്ത്രങ്ങളും ഉരുവിട്ട് തുടങ്ങിയിരുന്നു. "സോത്രം കർത്താവെ  സോത്രം അല്ലേലൂയ അവൻ വരുന്നു അവൻ വരുന്നു."
കൈക്കൊട്ടലിൻ്റെ ആവേശം കൂടി കൂടി ശാന്തേച്ചി ചന്തിയും താളത്തിൽ തറയിൽ കുത്തി ശബ്ദമിട്ടു തുടങ്ങി.
എല്ലാരും കൈകൊട്ടൽ നിർത്തി നിശബ്ദമായി.
ശാന്തേച്ചി ഭക്തിയിൽ ലയിച്ച് കൈ കൊട്ടൽ തുടർന്നു കൊണ്ടേയിരുന്നു.
കൂട്ടത്തിൽ ചന്തിയും തറയിൽ ഇടിച്ചിടിച്ച് തവളയെ പോലെ ചാടി ചാടി  സ്റ്റേജിന് മുന്നിലെത്തി.
ലീല അക്കൻ  കടുപ്പിച്ച് എന്തോ ചെവിയിൽ പറഞ്ഞപ്പോഴാണ് ശാന്തേച്ചി ചാട്ടം നിർത്തിയത്.
പതിയെ കണ്ണ് തുറന്ന് സ്‌റ്റേജിലേക്ക് നോക്കിയതും സ്റ്റേജിൽ മൈക്കും പിടിച്ച് വെള്ള ഡ്രസ്സും ടൈയും കെട്ടി സന്തോഷ് സിൽവർ ട്രോഫിയും പിടിച്ച് നിൽക്കുന്നു.
"അവൻ വന്നു.
അവൻ വന്നു.
സോത്രം കർത്താവേ സോത്രം അല്ലേലൂയ" ശാന്തേച്ചി പിന്നെയും ഭക്തിപരവശ്യത്തിലമർന്നു.

അടുത്ത ദിവസം നമ്മൾ വായനശാല തിണ്ണയിൽ ഇരുന്നപ്പോൾ സന്തോഷ് നമ്മളെ കാണാത്ത വിധം തല തിരിച്ച് സ്ക്കൂട്ടർ ഓടിച്ച് പോയി.
ബാവൂട്ടൻ അവൻ്റെ പുറകെ ഓടി. 
"തെണ്ടി.., ചെക്കും ഇല്ല അവൻ്റെമ്മൂമ്മേടെ പതിനായിരം രൂപേടെ സാധനം പത്ത് രൂപേടെ സോപ്പിൻ്റെ വില ഇരുന്നൂറ്, ഷാംപൂ അഞ്ഞൂറ് ഇതൊക്കെ ഇനി ആര് വാങ്ങിക്കും മച്ചാനെ?"
ബാവുട്ടൻ ഓടി തളർന്ന് തിരികെ വന്നു.
"പോട്ട് മച്ചാനെ നമുക്ക് താഴെ തോട്ട് വരമ്പിൽ പോയി രണ്ട് കരിക്കും കുടിച്ച്, മാങ്ങയും എറിഞ്ഞിട്ട് തിന്ന്, തോട്ടിൽ കുളിച്ച് ചൂണ്ടയിട്ട് രണ്ടു മീനും പിടിച്ച് വീട്ടിലേക്ക് പോകാം "
ഞാനും, അവനും കൂടെ തോളിൽ കൈയ്യിട്ട് കാമുകിയെ എങ്ങനെ കെട്ടാമെന്നും,
മറ്റും ഭാവി കാര്യങ്ങളും ചർച്ച ചെയ്ത് തോട്ടു വരമ്പിലേക്ക് നടന്നു.
കൂട്ടത്തിൽ പലിശക്കാരൻ്റെ കൈയ്യീന്ന് മേടിച്ച 
മൂവായിരത്തി അഞ്ഞൂറു രൂപ ഒരു ദുസ്വപ്നമായി ബാക്കി നിന്നു.
ജെ...Jayachandran
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo