നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പിണക്കം


അതൊരു സാധാരണ പിണക്കം ആയിരുന്നു തുടക്കത്തിൽ. ആരുടെ പേര് പറഞ്ഞു തുടങ്ങി എന്ന് പോലും ഓർമയില്ല. ഇനി വേറെ എന്തെങ്കിലും ആണോ കാരണം അതും ഓർമയില്ല. ആ ഓർക്കുന്നു. ആരുടെയോ ഫോട്ടോ ക്ക് ഞാൻ ഇട്ട കമെന്റ്, അതിനെ ചൊല്ലി തുടങ്ങി രാത്രി ഗൂഡ്‌നൈറ്റ് പറഞ്ഞു പോയിട്ടും ഓൺലൈനിൽ ഉണ്ടായിരുന്നു അങ്ങനെ എന്തൊക്കെയോ പറഞ്ഞു വഴക്കായി. എനിക്ക് നല്ല ദേഷ്യം വന്നു. ചിലപ്പോൾ അവൾ എന്റെ സ്വാതന്ത്ര്യത്തിനകത്തേക്ക് വന്നു ഭരിക്കും. എനിക്ക് അങ്ങനെ ഭരിക്കുന്നത് തീരെ ഇഷ്ടം ഉള്ള കാര്യം അല്ല. പലതവണ പറയുകയും ചെയ്തു. വിശ്വാസം ഇല്ല. പിന്നെ എന്താ ചെയ്ക? അല്ല അവളെ കുറ്റം പറയാനും പറ്റില്ല. ചുറ്റും കാണുന്നത് അങ്ങനെ അങ്ങനെ തന്നെ ആണല്ലോ. എന്തായാലും പിണങ്ങി. രണ്ടു പേരും നല്ല വാശിയിൽ ആയിരുന്നു തുടക്കത്തിൽ. പിന്നാലെ ചെന്നു മിണ്ടുക എനിക്ക് വലിയ ശീലം ഇല്ല. അവളാണ് വന്നു മിണ്ടാറു. ഇത്തവണ വഴക്ക് തുടങ്ങി വെച്ചത് അവളായതു കൊണ്ട് അവൾ വന്നു മിണ്ടട്ടെ എന്ന് ഞാനും ഒരിക്കലെങ്കിലും ഞാൻ വന്നു മിണ്ടട്ടെ എന്ന് അവളും കരുതി.
ദിവസങ്ങൾ അങ്ങനെ പോയി. വല്ലാത്ത ഒരു വീർപ്പു മുട്ടൽ ആയിരുന്നു ആദ്യം ഒക്കെ. താണ് കൊടുത്താലോ എന്നൊക്കെ ചിന്തിച്ചു. പിന്നെ വിചാരിച്ചു ഇപ്പൊ താണ് കൊടുത്താൽ ജീവിതം മുഴുവൻ ചെയ്യേണ്ടി വരും. എന്തായാലും ഒപ്പം ജീവിക്കണ്ടവൾ അല്ലെ?
മിണ്ടിയില്ലെങ്കിലും വാട്സാപ്പിൽ ലാസ്റ്റ് സീൻ നോക്കാറുണ്ട്. അന്ന് നോക്കിയപ്പോൾ ആൾ വന്നിട്ടില്ല. പിറ്റേ ദിവസം ഇല്ല.. രണ്ടു ദിവസം കഴിഞ്ഞു. കാണാനില്ല. ഒരു ടെൻഷൻ ഉള്ളിൽ നിറഞ്ഞു. ഒരു മെസ്സേജ് ഇട്ടു നോക്കിയ മതി.. അയച്ചാലോ എന്ന് ഓർക്കുകയും ചെയ്തു.. പിന്നെ കരുതി ഇനി പരീക്ഷണം ആണോ? എന്നെ ഒന്ന് ടെസ്റ്റ്‌ ചെയ്യാൻ? അയ്യടാ അയയ്ക്കുന്നില്ല..
അവളുടെ വീടിന്റ മുന്നിലൂടെ ഒന്ന് പോയി നോക്കി. പൂട്ടിക്കിടക്കുന്നു. എവിടെ പോയി? അടുത്തുള്ള ആരോടെങ്കിലും ചോദിക്കാമെന്ന് വെച്ച ഒരു മടി.. രണ്ടും കല്പിച്ചു വിളിച്ചു നോക്കി ഫോൺ ഓഫ്‌ ആണ്.
അവസാനം അടുത്തുള്ള വീട്ടിലെ ചേട്ടനോട് ചോദിച്ചു
"അവർ ഗുരുവായൂർ പോയല്ലോ.നാളെ അവിടുത്തെ കൊച്ചിന്റെ കല്യാണം ആണ്"
കല്യാണമോ? അവൾക്കൊ?
ഞാൻ ഞെട്ടിപ്പോയി. ഒറ്റയടിക്ക് ചുറ്റും ഇരുട്ടായി. കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി. ഞാൻ എങ്ങനെ വീട്ടിൽ എത്തി എന്ന് അറിയില്ല. പിണങ്ങിയാൽ, മിണ്ടിയില്ല എങ്കിൽ ഞാൻ അവളെ സ്നേഹിക്കുന്നില്ല എന്ന് അതിന് അർത്ഥം ഉണ്ടൊ? അവൾക്ക് എങ്ങനെ കഴിഞ്ഞു ഇത്?
പൊടുന്നനെ വാശി, പിണക്കം, ദേഷ്യം ഒക്കെ മാറി ആ ചിരി ഉള്ളിൽ നിറഞ്ഞു. കുസൃതി, ശാഠ്യം, കൊഞ്ചിയുള്ള വർത്താനം. പൊതിച്ചോറ് പങ്കിട്ടു കഴിക്കുമ്പോൾ വായിൽ വെച്ച് തരുന്ന രുചി ഉരുളകൾ.. ഒന്നിച്ചു കണ്ട സ്വപ്‌നങ്ങൾ, ജീവിതം. എല്ലാം വെറുതെ ആയിരുന്നോ?
നാളെ ആണ് കല്യാണം. ഇപ്പൊ പോയാൽ വൈകുന്നേരം ഗുരുവായൂർ എത്തും. എന്നെ കണ്ടാൽ ആ പിണക്കം മാറും.. പക്ഷെ അച്ഛനെയും അമ്മയെയും ഒക്കെ വേദനിപ്പിച്ചു വരുമോ? ഇല്ല ഉറപ്പ്. പക്ഷെ പോകാൻ ഞാൻ തീരുമാനിച്ചു. ദൂരെ നിന്നെങ്കിലും കാണാം. പിന്നെ മറ്റൊരാളുടേതായി കഴിഞ്ഞാൽ.. അങ്ങനെ നോക്കാനും പാടില്ല. ഹൃദയം നുറുങ്ങുന്ന വേദന.
പലതവണ അമ്മ ആഗ്രഹം പറഞ്ഞിട്ടും ഞാൻ ഗുരുവായൂർ കൊണ്ട് പോയിട്ടില്ല. ഒരുങ്ങിക്കോ എന്ന് അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്കും അതിശയം. ഞാൻ ഒരു ഭക്തൻ ഒന്നുമല്ല. ദൈവം ഉണ്ട് അത് മനസ്സിൽ ഉണ്ട്. ക്ഷേത്രത്തിൽ പോകുക പതിവില്ല.
ഗുരുവായൂർ നടയിൽ നിൽക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകി.. എന്താണ് അപേക്ഷിക്കേണ്ടത്? അവൾക് നല്ലത് വരട്ടെ അതായിരുന്നു ആ നേരം എന്റെ പ്രാർത്ഥന.
ഒരു പാട് കല്യാണം ഉണ്ട് അന്ന് ഗുരുവായൂർ എന്ന് ആരോ പറഞ്ഞു കേട്ടു. അമ്മയെ മുറിയിൽ ആക്കി ഞാൻ അവിടെ വന്നു ഒരു തൂണിനു പിന്നിൽ മാറി നിന്നു.
കടും ചുവപ്പ് സാരീ ഉടുത്ത് അവൾ. കൂടെ അച്ഛൻ അമ്മ. പെട്ടെന്ന് എന്റെ കണ്ണ് അവളുടെ അനിയത്തിയിൽ പതിഞ്ഞു. അവളല്ല അനിയത്തി ആണ് വിവാഹവേഷത്തിൽ. സ്വപ്നം ആണോ? അല്ല അവൾ അല്ല വധു.. പക്ഷെ ഇത് എങ്ങനെ.. കല്യാണം കഴിയും വരെ ഞാൻ അവിടെ നിന്നു. പിന്നെ ഭഗവാന്റെ മുന്നിൽ ചെന്നു. കണ്ണീർ ഒഴുകുന്നത് തുടക്കാൻ ഒന്നും ശ്രമിച്ചില്ല. അവിടെ നിന്നു ഇറങ്ങി റൂമിലേക്ക് നടന്നു. കയ്യിൽ ഒരു പിടിത്തം വീണപ്പോൾ തിരിഞ്ഞു. അവൾ..
"ഇവിടെ എന്താ? "
ഞാൻ അവളെ ഉറ്റു നോക്കി നിന്നു.
"അനിയത്തി യുടെ കല്യാണം ആയിരുന്നു.. അവളുടെ ചെക്കന് യുഎസിൽ പോകണം ഈ മാസം തന്നെ അതാണ് പെട്ടന്ന് എനിക്ക് ധൃതി ഇല്ലല്ലോ എന്റെ ആൾ ഇവിടെ തന്നെ ഉണ്ടല്ലോ.. എന്താ യാലും വന്നല്ലോ ഭഗവാൻ കൊണ്ട് വന്നതാ.. എന്താ യിരുന്നു വാശി?അതാ പറയാഞ്ഞേ. "അവൾ കുസൃതിയിൽ ചിരിച്ചു.
"ക്ഷമിക്ക് "ഞാൻ ഇടർച്ചയോടെ പറഞ്ഞു. അവൾ എന്റെ കയ്യിൽ പിടിച്ചു.
"വാ അച്ഛനെയും അമ്മയെയും പരിചയപ്പെടുത്താം "
"എന്റെ അമ്മ ഉണ്ട് കൂടെ റൂമിൽ "
"ഉവ്വോ എന്നെ പരിചയപ്പെടുത്തമോ? "
അമ്മയോട് അവളെ കുറിച്ച് ഞാൻ ഇത് വരെ പറഞ്ഞിട്ടില്ല. പക്ഷെ ഇന്ന് പറയും.
ഞാൻ അവളുടെ കൈ പിടിച്ചു. നടക്കാൻ തുടങ്ങിയിട്ട് ഒരു നിമിഷം നിന്നു
"നമുക്ക് ഒന്നിച്ചു ഒന്ന് തൊഴുതിട്ട് പോകാം "
അവൾ തലയാട്ടി.
ഇനിയൊരിക്കലും വഴക്ക് ഇടില്ല എന്ന് ഞാൻ അവളോട്‌ പറഞ്ഞില്ല.പിണങ്ങില്ല എന്നും പറഞ്ഞില്ല.പക്ഷെ പിണക്കം ഒരു പകലിനപ്പുറം നീളില്ല അത് ഞാൻ തീരുമാനിച്ചു..
ഗുരുവയുരപ്പൻ ഒരു പക്ഷെ എന്നെ അവിടെ എത്തിക്കാൻ കാണിച്ച കുസൃതി ആവും ഇത്.. വേദനിപ്പിച്ചാലും ഒടുവിൽ ചേർത്ത് പിടിക്കുന്ന, ഒത്തിരി സന്തോഷം തരുന്ന ആളല്ലേ അത്. പ്രണയത്തിന്റെ വേദന കൃഷ്ണനോളം മറ്റാർക്കറിയാം?
By Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot