നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അതിജീവനം (ഓർമ്മക്കുറിപ്പ്)


എല്ലാവരുടെയും ജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ അതിജീവനത്തിന്റെ കഥകൾ പറയുവാനുണ്ടാകും.
എന്റെ ജീവിതത്തിൽ സംഭവിച്ച അതിജീവനത്തിന്റെ കഥകൾ ഞാനിവിടെ പറയട്ടെ. അതായത് അപകടങ്ങൾ അനുഗ്രഹങ്ങളായി മാറിയ അല്ലെങ്കിൽ മാറ്റിയ കഥകളാണ് എനിക്കിവിടെ പങ്കു വെയ്ക്കാനുള്ളത്.
ആ കഥകൾ പൂർത്തിയാകണമെങ്കിൽ കുറെ വർഷങ്ങൾ പിന്നോട്ടു പോകേണ്ടിവരും. സ്കൂളിൽ പഠിക്കുന്ന കാലം.................
. അന്നേ എനിക്ക് എഴുതാനും വരയ്ക്കാനുമൊക്കെ അല്‌പസ്വല്‌പം കഴിവുണ്ടായിരുന്നു. എന്നാൽ വീട്ടിലാരെയും ഇതൊന്നും അറിയിച്ചിരുന്നില്ല. കാരണം പഠിത്തം മാത്രമേ അനുവദനീയമായിട്ടുണ്ടായിരുന്നുള്ളു. സ്കൂളിൽ മൽസരങ്ങൾക്കൊക്കെ ചേരാറുണ്ടായിരുന്നെങ്കിലും പ്രൈസ് വിന്നറാകാൻ എന്നിക്കൊരിക്കലും കഴിയുമായിരുന്നില്ല.
വരയും എഴുത്തുമൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊക്കെ എന്റെ ആത്മ സംതൃപ്തിക്കു വേണ്ടി മാത്രമായിരുന്നു.
ആരും കാണാതെ വായിക്കുക, വിലയിരുത്തുക, ആസ്വദിക്കുക, കീറിക്കളയുക ഇതായിരുന്നു എന്റെ ശീലം.. കോളജിൽ ബോട്ടണി ഐശ്ചിക വിഷയമായി എടുത്തതു കൊണ്ട് വരയക്കാനൊക്കെ കഴിഞ്ഞു എന്നു മാത്രമല്ല. വരയൊക്കെ നന്നായി എൻജോയ് ചെയ്താണ് ചെയ്തിരുന്നത്.
ചെറുപ്പത്തിൽ ചിത്രകല അഭ്യസിക്കുവാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. പേടിമൂലം ആരോടും പറഞ്ഞിരുന്നില്ല
കാലങ്ങൾ കടന്നുപോയി ഒത്തിരിയേറെ. എന്റെ ജീവിതത്തിൽ ഓരോ വീഴ്ചകളും എനിക്കെന്നും അനുഗ്രഹമായിട്ടേയുള്ളു. സമയം പാഴാക്കിക്കളയാൻ ഞാനൊരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ജോലിയിലായിരിക്കുമ്പോൾ തിരക്കുപിടിച്ച ജീവിതത്തിൽ മറ്റൊന്നിനും സമയം കിട്ടുമായിരുന്നില്ല..
എനിക്കുണ്ടായ ഓരോ വീഴ്ചകളും എന്റെ സ്വന്തം ശൈലിയിൽ പറഞ്ഞാൽ ഓരോ കണ്ടുപിടുത്തങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു.
ചിത്രരചനയും എഴുത്തും പുറംലോകത്തെ കാണിക്കാതെ ഉള്ളിലൊതുക്കുകയായിരുന്നെങ്കിലും ഇതൊക്കെയും പുറം ലോകത്തെ അറിയിക്കുവാൻ രണ്ടവസരങ്ങൾ കൈവരിക്കുവാനുള്ള ഭാഗ്യം എനിക്കുണ്ടായി.
എന്റെ അതിജീവനത്തിന്റെ കഥ ഇവിടെ തുടങ്ങുന്നു.
ഇതിൽ ആദ്യത്തെ ഇൻസിഡന്റ് നടക്കുമ്പോൾ ഞാൻ കോട്ടയത്തുള്ള എന്റെ സഹോദരന്റെ വീട്ടിലായിരുന്നു. കുറെ ദിവസങ്ങളായി ഞാനും ദർത്താവും ആ വീട്ടിലുണ്ടായിരുന്നു. 2016 ജൂൺ 18 : ന് ഉച്ചയായപ്പോൾ ഞങ്ങളുടെ
വീട്ടിലേയ്ക്കു പോകാൻ ഉള്ള ഒരുക്കത്തിലായി. മഴയുള്ള ദിവസമായിരുന്നു. മഴയ്ക്കു മുൻപേ പോകണമെന്നുള്ളതിനാൽ ഞാനല്പം സ്പീഡിലായിരുന്നു . ബാത്റൂമിൽ നിന്നും കുളി കഴിഞ്ഞിറങ്ങുമ്പോൾ പെട്ടെന്ന് കാൽ തെന്നി തലയടിച്ചു വീണു. എനിക്കെഴുന്നേൽക്കാൻ വയ്യാത്ത അവസഥയായിരുന്നു. ഞാനുറക്കെ വിളിച്ചു കരയാൻ തുടങ്ങി. നിലവിളിക്കുന്നതു കേട്ട് എന്റെ
നാത്തൂൻ ചേച്ചി ഓടി വന്നു. ആ ബാത്റൂമിന്റെ കതകുക്കൊളുത്തിട്ടിരുന്നതിനാൽ ആർക്കും തുറക്കാൻ കഴിയുമായിരുന്നില്ല. എനിക്കെഴുന്നേൽക്കാനും വയ്യാത്ത അവസ്ഥ. കാലിൻറെ പാദത്തിന് അസഹനീയമായ വേദന. കാൽപാദം ഒടിഞ്ഞുവെന്നു തന്നെ ഞാൻ കരുതി. പതിയെ കൈകുത്തി നിരങ്ങി ചെന്ന് വാതിലിന്റെ കൊളുത്തെടുത്തു. എന്റെ ഭാഗ്യത്തിനു് നടുക്കുഭാഗത്തുള്ള കൊളുത്തായിരുന്നു ഇട്ടിരുന്നത്. എല്ലാവരും കൂടി താങ്ങിയെടുത്ത് അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയി. രസകരമായ കാര്യം നടക്കാൻ വയ്യാത്ത എന്നെ കാലുകത്തി നടക്കാൻ നിർബ്ബന്ധിച്ചു കൊണ്ടിരുന്നു.
ഹോസ്പിറ്റലിൽ ചെന്ന് പ്രാരംഭ നടപടികളെല്ലാം നടത്തി. എക്സ്റേ എടുത്തു
കാലിന്റെ കണ്ണയ്ക്ക് സാരമായ പൊട്ടലുണ്ടായിരുന്നു , പിറ്റെ ദിവസം തന്നെ
ഓപ്പറേഷൻ ചെയ്യണമെന്നും നാല്പത്തി അയ്യായിരം രൂപ ആകുമെന്നും പറഞ്ഞു .
തൽക്കാലത്തേക്ക് ബാൻഡേജ് ഇട്ടു ,
ഓപ്പറേഷനോട് ഭർത്താവിനു യോജിപ്പില്ലായിരുന്നു.
പിറ്റെ ദിവസം വേറൊരു പ്രൈവറ്റ് ഹോസ്പിറ്റലിലേയ്ക്കാണ് ഞങ്ങൾ പോയത്.
അവിടെ ചെന്നപ്പോൾ ഓപ്പറേഷൻ ആവശ്യമില്ലെന്നും പ്ളാസ്റ്റർ ഇട്ടാൽ മതി യെന്നും പറഞ്ഞു. f അങ്ങിനെ ഞാൻ പ്ളാസ്റ്ററിട്ട കാലുമായി വീട്ടിലേക്കു മടങ്ങി. .
പിന്നീടുള്ള നാളുകൾ ശരിക്കും കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ഇനിയാണ് ശരിക്കും അതിജീവനത്തിന്റെ നാളുകൾ തുടങ്ങുക.
റെസ്റ്റ് എടുക്കാതെ വയ്യെന്നായി. ഡോക്ടർ പറഞ്ഞതനുസരിച്ച് എനിക്കു കാലിൽ ധരിക്കുവാൻ പ്രത്യേക ചെരുപ്പുകളാണ് വാങ്ങിയിരുന്നത്. കാൽ പാദത്തിലെ കണ്ണയ്ക്ക് 'വി' ഷേപ്പിലായിരുന്നു പൊട്ടൽ,
ഞാനും ഭർത്താവും മാത്രമാണ് വീട്ടിലുണ്ടാ
യിരുന്നത്. വീട്ടിലെ കാര്യങ്ങളെല്ലാം തകിടം
മറിഞ്ഞു. ഭർത്താവ് വീട്ടുകാര്യങ്ങളെല്ലാം ചെയ്യാൻ തുടങ്ങി. അറിയാൻ പാടില്ലാത്ത കാര്യങ്ങളെല്ലാം ചോദിച്ചു ചെയ്യാൻ തുടങ്ങി.
അടുക്കപ്പണിയൊക്കെ നല്ല വശമുള്ള ആളു തന്നെയാണ്. സഹായിക്കാറുമുണ്ടായിരുന്നു.
ഈ കിടപ്പ് എനിക്കു വല്ലാത്ത അസ്വസ്ഥത സുഷ്ടിച്ചു ഒന്നും ചെയ്യാതെ വെറുതെയങ്ങിനെ കിടക്കുക എനിക്കു ബുദ്ധിമുട്ടായിരുന്നു
ഈ കിടപ്പിൽ ഞാനൊരു കാര്യം ഓർത്തു ഇതു കുശുമ്പാണെന്നോർക്കരുതെ. ഭക്ഷണകാര്യത്തിൽ ഭയങ്കര കൃത്യനിഷ്ഠയുള്ള
ആളായിരുന്നു ദർത്താവ്. അല്പം സമയമൊന്നു തെറ്റിയാൽ പരാതിയുണ്ടായിട്ടുണ്ട്. എനിക്കു മനസ്സിൽ തെല്ലൊരു സന്തോഷം തോന്നിയിരുന്നു. അടുക്കളപ്പണി അത്ര നിസ്സാരമല്ലെന്നറിയട്ടെ. ഈ കൃത്യനിഷ്ഠക്കാരന് ഇപ്പോഴെന്താ കൃത്യനിഷ്ഠയില്ലാത്തത് ?
പെണ്ണുങ്ങളുടെ പണികൾക്ക് വല്ല ലിമിറ്റും ഉണ്ടോ? ഇതൊക്കെ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ
ചോദിക്കാൻ പറ്റുമോ? കാരണം പാവം
എനിക്കു വേണ്ടി ഒത്തിരി കഷ്ടപ്പെടുന്നുണ്ട്.
നന്ദി കാണിക്കേണ്ടെ? എന്റെ മനസ്സു പറഞ്ഞു.
പ്ലാസ്റ്ററിട്ട കാലുമായി ഞാൻ പരിപൂർണ്ണ
വിശ്രമത്തിലായി. വെറുതെ കിടക്കുന്നത് എനിക്കു ബോറടിച്ചു തുടങ്ങി. അപ്പോഴാണ് പണ്ടൊക്കെ ചെയ്യുമായിരുന്ന പൂക്കളിലേയ്ക്ക് ശ്രദ്ധ തിരിഞ്ഞത്. സാറ്റൻ റിബ്ബൺ, പല നിറത്തിലുള്ള ഓർഗണ്ടി തുണികൾ, ടിഷ്യു പേപ്പർ, സോക്സ് മെറ്റീരിയൽസ് തുടങ്ങിയവ കൊണ്ടാക്കെ മനോഹരമായ പൂക്കൾ ഉണ്ടാക്കാൻ തുടങ്ങി.
സുഖമില്ലാതെ കിടന്ന എന്നെ കാണാൻ
ധാരാളം ആളുകൾ വന്നുകൊണ്ടിരുന്നു. ഈ അവസരത്തിൽ അവരെയെല്ലാം നന്ദിയോടെ
ഓർക്കുന്നു. പൂക്കൾ കണ്ടു എല്ലാവരും അഭിനന്ദിച്ചു. ചിലർക്കൊക്കെ ഫ്രീയായിട്ടു കൊടുക്കുകയും ചെയ്തു. ബെഡിൽ നിറയെ എന്റെ പണിയായുധങ്ങൾ. പലതരം റിബ്ബണുകൾ, കത്രിക, പശ, ആവശ്യമുള്ള മറ്റു മെറ്റീരിയലുകൾ എന്നിവയെല്ലാം എനിക്ക് കിടന്നുകൊണ്ടു തന്നെ എടുക്കാവുന്ന വിധത്തിൽ കട്ടിലിന്റെ തലയ്ക്കൽത്തന്നെ വച്ചിരിക്കുകയാണ്. ഇതിനെല്ലാം കൂട്ടുനിൽക്കുന്നത് ഭർത്താവ് തന്നെ.
കുറെയധികം പൂക്കൾ ഉണ്ടാക്കി. പിന്നെ ആ പണിയും ബോറടിച്ചു തുടങ്ങി.
അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ ഏറ്റവും അടുത്ത ബന്ധു മരിച്ചു പോയി. ഈ
സ്ഥിതിയിൽ പോകേണ്ടെന്ന് എല്ലാവരും പറഞ്ഞുവെങ്കിലും മരണമല്ലേ പിന്നെ ആളെ കാണാൻ പറ്റില്ലല്ലോ എന്നു വിചാരിച്ചപ്പോൾ
പോകാതിരിയ്ക്കാൻ കഴിഞ്ഞില്ല. ബാത് റൂമിൽ പോകുന്നതു പോലും വോക്കറിന്റെ സഹായത്താലാണ്. അങ്ങനെ പ്ലാസ്റ്ററിട്ട കാലുമായി ഞാനും എല്ലാവരുടെയും കൂടെ യാത്രയായി .
അങ്ങിനെ ഒരു നോക്കു കണ്ടിട്ട് തിരിച്ചു പോകാനിരുന്ന ഞാൻ സംസ്കാരം നടക്കുന്ന
പള്ളിയിലും സിമിത്തേരിയിലും ഒക്കെ പോയി. സിമിത്തേരിയിലേയ്ക്ക് ഒരു ചെറിയ കയറ്റം കയറേണ്ടതുണ്ട്. ആരൊക്കെയോ എന്നെ കൈപിടിച്ചു സഹായിച്ചു കൊണ്ടിരുന്നു. അവിടെ ഒത്തിരി സമയം നില്‌ക്കേണ്ടി വന്നു.
അവിടെ നിന്നും തിരിച്ചു പോരുമ്പോഴേയ്ക്കും കാലുമൊത്തം നീരായിക്കഴിഞ്ഞിരുന്നു. നീരു
കാരണം പ്ലാസ്റ്റർ നല്ല മുറുക്കമായിത്തുടങ്ങി.
അതിന്റെ വേദനയും പൊട്ടലിന്റ വേദനയും -
എല്ലാം കൂടി എനിക്കു കുറച്ചു ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. തിരിച്ചു മരണവീട്ടിലേക്കു തന്നെ പോയി. അവിടെ നിന്നും തിരിച്ചു പോന്നത് പാതിരാത്രിയിലും.
നീരു വന്നതുകൊണ്ട് ഇടയ്ക്ക് ഡോക്ടറെ പോയി കാണേണ്ടി വന്നു. കണ്ടപ്പോഴെ ഡോക്ടർ ചോദിച്ചത് നടന്നോ എന്നാണ്.
ഡോക്ടർ വഴക്കു പറയുമോ എന്ന പേടി
മൂലം ഇല്ലെന്നു ഞാൻ മറുപടി പറഞ്ഞു
പിന്നീട് നല്ല വേദനയുടെ ദിവസങ്ങളായിരുന്നു.
അതിനിടയിൽ ഞങ്ങളുടെ പള്ളിയിൽ
നിന്നും ഓരോ ദിവസവും ഓരോ പ്രാർത്ഥനാ ഗ്രൂപ്പുകൾ വന്ന് വീടുകളിൽ പ്രാർത്ഥന നടത്തിയിരുന്നു. അന്നു ഞങ്ങളുടെ വീട്ടിലാണ്
പ്രാർത്ഥന നിശ്ചയിച്ചിരുന്നത്. കുറെ .യധികം പേർ വരാൻ സാദ്ധ്യതയുണ്ട്. അപ്പോൾ എന്റെ ചിന്ത പോയത് വേറൊരു വഴിക്കാണ്. രോഗിയായിട്ടു കിടക്കുമ്പോഴും ഇതാണോ ചിന്ത എന്നു നിങ്ങൾ ധരിക്കുന്നണ്ടാവും. പക്ഷേ നടന്ന കാര്യങ്ങൾ കൃത്യതയോടെ പറയണമല്ലോ
എന്താണു ഞാൻ ചിന്തിച്ചതെന്നോ ?
ഞാൻ കിടക്കുന്ന മുറിയിലെ ഭിത്തിയിൽ ഒരു പടം വരച്ചു വെച്ചാലെന്താ? വരുന്നവരെല്ലാം ആ പടം കണ്ട് എന്നെ അഭിനന്ദിക്കും. എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു
ഇടയ്ക്കൊരു കാര്യം പറയാതെ നിവർത്തിയില്ല. എനിക്കു പണ്ടേ ഒരു സ്വഭാവമുണ്ട്. ഒരു പാഴ് വസ്തു കണ്ടാൽ അതുകൊണ്ട് എന്തുണ്ടാക്കാമെന്നാണ് ഞാനാദ്യം ചിന്തിക്കുക. ഈ ചിന്തയാൽ ഞാൻ ശേഖരിച്ചു വച്ച പാഴ് വസ്തുക്കൾ ഒത്തിരിയുണ്ട്. അതിന്റെ കൂട്ടത്തിൽ ഒരു
ക്ളോക്കിന്റെ ഫ്രെയിമും ഉണ്ടായിരുന്നു. ഭർത്താവിനെക്കൊണ്ട് ഞാനതെടുപ്പിച്ചു ഇതു മൂന്നു വർഷം മുൻപ് എടുത്തു വച്ചിരുന്നതാണ്.
പ്രാർത്ഥനയ്ക്കു വന്നവർ സ്വാഭാവികമായും എന്റെ മുറിയിലും വരുമല്ലോ. ഞാൻ ഒരു പടം സ്കെച്ചു പെന്നു പയോഗിച്ച് വരച്ച് ആ ഫ്രെയിമിനകത്ത് ഒട്ടിച്ചു വച്ചു. പ്ളാസ്റ്ററിട്ട കാലുമായി നിന്നുകൊണ്ടാണ് ഞാനാ പടം വരച്ചത്.
ആ പടം പിന്നീട് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. കഥ പുറകെ പറയാം.
ബ്രഷും കളറുകളും ഒന്നും അപ്പോൾ കൈവശമില്ലാഞ്ഞിട്ടാണ് സ്കെച് പെൻ ഉപയോഗിച്ചത്. അത് എളുപ്പത്തിൽ വരയ്ക്കാവുന്ന ഒരു പടമായിരുന്നില്ല. സ്വല്പം
അത്യാഗ്രഹം ആയിപ്പോയില്ലേ എന്നു നിങ്ങൾ ചിന്തിച്ചാൽ തെറ്റില്ല കാരണം അതു രാജാ രവിവർമ്മയുടെ പ്രസിദ്ധമായ ചിത്രം "താലമേന്തിയ സ്ത്രീ " ആയിരുന്നു. എന്റെ ചിന്തകൾക്ക് കുറച്ചു സ്വാർത്ഥതയുടെ നിറം കൂടി വന്നു. ഞാൻ വിചാരിച്ചു വരുന്നയാളുകൾ ഈ പടം കണ്ടിട്ട് എന്നെ അഭിനന്ദിക്കുമെന്നും
എനിക്കതൊരു ക്രെഡിറ്റ് ആകുമെന്നും . വിചാരി
ച്ചതൊക്കെ വെറുതെയായി. വന്നയാളുകൾ ആരും തന്നെ ഭിത്തിയിൽ വെച്ചിരിക്കുന്ന ഈ പടം ശ്രദ്ധിക്കുകയോ അഭിനന്ദിക്കുയോ ചെയ്തില്ല . ഈ പടം എല്ലാവരും കണ്ട് അഭിനന്ദിക്കണേ എന്നു പ്രാർത്ഥിച്ചതൊക്കെ വെറുതെയായി..
പ്രാർത്ഥനയും ഭക്ഷണവും കഴിഞ്ഞു വെറുതെ സംസാരിച്ചിരുന്നപ്പോഴും ഞാൻ പ്രത്യാശ കൈവിട്ടില്ല. ആരെങ്കിലും ചോദിച്ചെങ്കിൽ എന്നു പ്രാർത്ഥിച്ചുകൊണ്ടിരുന്നു
" കണ്ണുള്ളവർ കാണട്ടെ" . ഞാൻ സ്വയം ആശ്വസിച്ചു. കാലിന്റെ വേദന സഹിച്ച് ഇത്രയും ചെയ്തത് എല്ലാം വെറുതെയായി.
ഇതിനിടയിൽ കാലിന്റെ നീരും വേദനയും കുറയാൻ തുടങ്ങി. വരയ്ക്കാനുള്ള ആശ ഞാൻ കൈവിട്ടില്ല.. പണ്ടൊന്നും വരയ്ക്കാനുള്ള സമയമോ സന്ദർഭമോ ഒന്നുമില്ലായിരുന്നു. ഞാൻ പണ്ടേ മനസ്സിൽ കരുതിയ സ്വപ്നങ്ങളെല്ലാം സാക്ഷാത്ക്കരിച്ചത് തീർച്ചയായും റിട്ടെയർമെന്റിനു ശേഷമാണ്. പക്ഷേ ചിത്രരചന നടത്തുവാൻ എനിക്കു
കഴിഞ്ഞിരുന്നില്ല കാരണം ഇത് നല്ല ഏകാഗ്രത ആവശ്യമാണ്. വരയ്ക്കുന്നതിനിടയിൽ അടുക്കളയിലേക്കും മറ്റും പോകേണ്ടി വന്നാൽ
അതു ശരിയാവില്ല. ഇപ്പോൾ വേറൊരു പണിയും ചെയ്യാനില്ലാത്തതു കൊണ്ട് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ ഞാൻ തീരുമാനിച്ചു.
ഞാൻ പറഞ്ഞില്ലേ ചില മെറ്റീരിയൽ സ് ഒക്കെ ഞാൻ ശേഖരിച്ചു വച്ചിട്ടുണ്ടെന്ന്. ആ കൂട്ടത്തിൽ റെഡിമെയ്ഡ് ഷർട്ടുകൾ വാങ്ങിക്കുമ്പോൾ കിട്ടുന്ന cardboard വരെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. Husband - നെക്കൊണ്ട് പെയിന്റും ബ്രഷും എല്ലാം വാങ്ങിപ്പിച്ചു. ആ cardboard -കളിലെല്ലാം കുറെ പടങ്ങൾ വരച്ചു പെയിന്റ് ചെയ്തു. ഇരുന്നു വരയ്ക്കാൻ കുറെ പാടുപെട്ടു. കാൽ നീട്ടിവയ്ക്കുമ്പോഴും വേദന കൂടി വന്നു. എന്നാലും എനിക്കു വാശിയായി. അങ്ങിനെ തുടർച്ചയായി വരയ്ക്കാൻ തുടങ്ങി. ആവശ്യമുള്ള ക്യാൻവാസ് പേപ്പറുകളും അക്രിലിക് പെയിൻറും ഒക്കെ വാങ്ങിച്ചു കൂട്ടി.
ഇതിനിടയിൽ പ്രാർത്ഥനയ്ക്കും പതിവിലും കൂടുതൽ സമയം കണ്ടെത്തി.
ചിത്രരചന പ്രൊഫെഷണലായി പഠിച്ചിട്ടില്ലാത്ത എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ച ദൈവത്തെ നന്ദിയോടെ ഓർമ്മിക്കുന്നു. ഞാനെന്റെ ദിവസങ്ങൾ രൂപപ്പെടുത്തി. എപ്പോഴും ക്രിയേറ്റീവ് ആയിരിക്കാൻ ആഗ്രഹിച്ചു.
ഇപ്രാവശ്യത്തെ അനുഭവം ആദ്യത്തെ പോലെ ആയിരുന്നില്ല. വീട്ടിൽ വന്ന പലരും ഇതൊക്കെ കണ്ടിട്ട് അഭിനന്ദിക്കാൻ തുടങ്ങി. പടങ്ങൾ വരക്കുന്നതൊക്കെയും ഭർത്താവ് അപ്പപ്പോൾത്തന്നെ ഫ്രെയിം ചെയ്യിപ്പിച്ചു കൊണ്ടുവന്നു. അങ്ങിനെ അറുപത്തിമൂന്നു പടങ്ങൾ വരച്ചു പെയിന്റ് ചെയ്തു.
എത്രയോ വർഷങ്ങളായി ഞാൻ മനസ്സിൽ കൊണ്ടു നടന്ന സ്വപ്നം അങ്ങിനെ സഫലമായി. അതിനൊരു നിമിത്തമായി ഒരപകടം വേണ്ടി വന്നു. എല്ലാം നന്മയ്ക്കായി ഭവിച്ചു അപകടം അനു ഗ്രഹമായി മാറിയെന്നുപറയുന്നതാണു ശരി.
കാലിലെ പ്ലാസ്റ്റർ ഒക്കെ പിന്നീട് ബാൻഡേജിലായി. Walker ഉപയോഗിച്ച് മുറിയിലൂടെയൊക്കെ നടക്കാനായി. അധിക ദിവസം കഴിയുന്നതിനു മുൻപ് എല്ലാം ശരിയായി.
ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. ഈ സമയമൊക്കെയും എന്റെ എല്ലാ കാര്യങ്ങളും ഒരു മടിയുമില്ലാതെ നോക്കിയിരുന്നത് എന്റെ ഭർത്താവാണ്. അതോടൊപ്പം അടുക്കള കാര്യങ്ങളും ചെയ്തു. അടുത്തു തന്നെ താമസിക്കുന്ന എൻറെ സഹോദര ഭാര്യയെയും നന്ദിയോടെ
ഓർക്കുന്നു..
ഇതിനിടയിൽ ഒരു കാര്യം പറയാൻ വിട്ടു പോയി. ആദ്യമൊക്കെ പടങ്ങൾ വരയ്ക്കുമ്പോൾ എല്ലാവരും അഭിനന്ദിക്കുമ്പോൾ ഭർത്താവു കേൾക്കെ ഞാൻ പറയും " ഓ വരച്ചിട്ട് എന്തിനാ. നമുക്കൊരു വേദി കിട്ടത്തില്ലല്ലോ " എന്ന്. അപ്പോൾ പുള്ളിക്കാരൻ പറയും നീ വരച്ചോടീ എന്ന്. അപ്പോൾത്തന്നെ എനിക്ക് ചില clue കിട്ടിയിരുന്നു. എന്തോ മനസ്സിലുണ്ടെന്ന് അപ്പഴേ തോന്നി..
ആദ്യമായി പ്രദർശനം നടത്തിയത് ഞങ്ങൾ പെൻഷണേർസ് അസോസിയേഷന്റെ വാർഷികത്തോടനുബന്ധിച്ച് ആണ്. ഭർത്താവിന്റെ Friends -ന്റെ സഹായത്തോടെ എല്ലാം അറേഞ്ച് ചെയ്തു. അലങ്കാരമായി ഞാനുണ്ടാക്കിയ കുറച്ചു പൂക്കളും set ചെയ്തു വച്ചു.
അത്യാവശ്യം പബ്ളിസിറ്റിയൊക്കെ കിട്ടി പേപ്പറിലും ഞങ്ങളുടെ ലോക്കൽ ചാനലിലും ഇന്റർവ്യൂ വന്നു. ഭാഗ്യവശാൽ ആകെ ഏഴു സ്ഥലങ്ങളിൽ പ്രദർശനം നടത്തുവാനുള്ള ഭാഗ്യം ലഭിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരിക്കൽ പ്രെഫെഷണൽ ചിത്രകാരന്മാരോടൊപ്പവും പ്രദർശനം നടത്താൻ ഭാഗ്യം ലഭിച്ചു. ഞാൻ ജോലിയിലായിരിക്കുന്ന കാലത്ത് ഇങ്ങെനയൊരു വരയുടെ അസ്കിതയുള്ള കാര്യം സഹപ്രവർത്തകരോട് ഒരിക്കലും പറഞ്ഞിരുന്നില്ല രണ്ടിടത്ത് പ്രദർശനങ്ങൾ നടത്തിയപ്പോൾ അവരെ ക്ഷണിച്ചു. അവർ ഒത്തിരി അഭിനന്ദിക്കുകയും ചെയ്തു.
രണ്ടു വർഷം മുൻപ് ഒരു ഓണാഘോഷത്തോടനുബന്ധിച്ച് ഞങ്ങളുടെ പ്രദേശത്ത് ഒരു പ്രദർശനം നടത്താനും ഇടയായി. അന്നാണ് നാട്ടുകാർ അറിയുന്നത്. എല്ലാവരിൽ നിന്നും മോശമല്ലാത്ത പ്രതികരണങ്ങൾ കിട്ടുകയുണ്ടായി. പലയിടത്തും മൊമെന്റോ തന്ന് ആദരിക്കയുണ്ടായി. എന്റെ ജീവിതത്തിലുണ്ടായ എല്ലാ ഇൻസിഡന്റ്സും എന്നും നന്മകളായി മാറുന്ന അനുഭവമാണ് എനിക്കുണ്ടായിട്ടുള്ളത്.
അതിജീവനത്തിന്റെ കഥ പറയുമ്പോൾ എന്റെ ജീവിതത്തിൽ ഈ അടുത്ത കാലത്തുണ്ടായ ഒരു സംഭവം കൂടി പറയേണ്ടി വരും. ചെടിവളർത്തൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യമാണ്. ഒത്തിരി ചെടികൾ ഞാൻ പരിപാലിച്ചിരുന്നു. ഒരിക്കൽ ചെടിയെ ശുശ്രൂഷിക്കുമ്പോൾ പെട്ടെന്ന് കാലിൽ കോച്ചിവലിക്കുന്ന പോലെ. നടക്കാൻ പോയിട്ട് നിക്കാൻ പോലും വയ്യാത്ത അവസ്ഥയിലായി. കഴിഞ്ഞ നവംബർ അവസാനമായിരുന്നു അത്. ഹോസ്പിറ്റലിൽ പോയതെല്ലാം ആംബുലൻസിൽ. ഇട.തു കാലിന്റെ തുടയിൽ നിന്നുള്ള ഞരമ്പ് Disc -നിടയിൽ കയറി ജാം ആയി പോയി. അന്ന് 120 ദിവസം ബഡ് റെസ്റ്റിലായിരുന്നു. എല്ലാം കിടന്നകിടപ്പിൽ ത്തനെ. അന്നും ഭർത്താവിന് എന്റെ കാര്യങ്ങൾ ഒക്കെ നോക്കേണ്ടി വന്നു.
തിരിയാനും മറിയാനും പറ്റാത്ത അവസ്ഥ.. രാത്രിയിൽ ഉറക്കമില്ലാത്ത അവസ്ഥ. കൂടെ തലകറക്കം. രണ്ടു തവണ തലകറങ്ങി വീണു. കംപ്ലീറ്റ് ബഡ് റസ്റ്റ്.. അപ്പോഴും വേദന മറക്കാൻ ഞാൻ പ്രാർത്ഥനയിലും എഴുത്തിലും ആശ്രയം കണ്ടെത്തി. ഒരിക്കലും കഥയെഴുതിയിട്ടില്ലാത്ത ഞാൻ ആദ്യമായി കഥയെഴുതി. പണ്ട് ആരെയും കാണിക്കാതെ എഴുതിയ ഒത്തിരി കഥകളുണ്ടായിരുന്നു. അതൊന്നും വെളിച്ചം കണ്ടിരുന്നില്ല. ഈ കിടപ്പിൽ ഞാനെഴുതിയ കഥകളാണ് ഇവിടെ ഇപ്പോൾ ഇട്ടു കൊണ്ടിരിക്കുന്നത്.
ഈയൊരു അസുഖം ഉണ്ടായില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാനെഴുതുമായിരുന്നില്ല. അഥവാ പണ്ടൊക്കെ എഴുതുന്നതുപോലെ ഞാൻ മാത്രം കാണുകയേ ഉണ്ടായിരുന്നുള്ളു. നാലുവരി കവിത പോലും എഴുതാത്ത ഞാൻ ഈ കിടപ്പിൽ ഏഴ് ക്രിസ്തീയ ഭക്തി ഗാനങ്ങൾ എഴുതി. എല്ലാം ദൈവ നിശ്ചയം. ഈ എഴുത്താണ് എന്നെ ഈ ഗ്രൂപ്പിലെ ഒരു അംഗമാകാൻ കാരണമാക്കിയതു്.
എല്ലാം ഒരു നിമിത്തം പോലെ വന്നുഭവിച്ചതാണ്. ഒന്നും എന്റെ മിടുക്കല്ല.
എന്റെ അതിജീവനത്തിന്റെ കഥ ഇവിടെ
പൂർണ്ണമാകുന്നു. 

By Josepheena Thomas

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot