ഒരിക്കൽ ഞാൻ എൻ്റെ ഒരു ബന്ധുവിൻ്റെ കല്യാണത്തിന് പോയി മടങ്ങി വരികയായിരുന്നു. എന്തൊക്കെ ഓർത്തു, മനസ്സിൽ എന്തോ ഭയങ്കര വിഷമം ഉണ്ടായിരുന്നു. പക്ഷെ ചുറ്റും ബന്ധുക്കൾ ആയതു കൊണ്ട് ഞാൻ അതൊന്നും പുറത്തു കാണിച്ചില്ല. എല്ലാ പേരോടും ചിരിച്ചു, രസിച്ചു, തമാശകൾ പറഞ്ഞു അവിടെന്നു ഇറങ്ങി.
തിരിച്ചു വന്നപ്പോൾ കസിൻ്റെ കടയിലെ ഒരു സ്റ്റാഫ് ജോസ് അണ്ണൻ, പോകുന്ന വഴിക്ക് ഇറങ്ങിക്കോളാം എന്ന് പറഞ്ഞു കല്യാണ സ്ഥലത്തു നിന്ന് എൻ്റെ കൂടെ വണ്ടിയിൽ കയറി. പുള്ളി ഞങ്ങളുടെ പഴയ ഒരു സ്റ്റാഫ് ആയിരുന്നു. നാല്പത്തഞ്ചു- അൻപതിനോടടുത്തു പ്രായം. ഇടയ്ക്ക് കടയിലെ ജോലി ഒക്കെ വിട്ടു, ഓട്ടോ ഓടിക്കാൻ പോയി. കുറച്ചു പേര് ചേർന്ന് പുള്ളിയെ തല്ലി. അതിന് ശേഷം അദ്ദേഹത്തിന് മനസ്സിന് ഒരു വിഭ്രാന്തി ആയി. അഞ്ചു വയസ്സുള്ള കുട്ടികളെ പോലെ ആയി പെരുമാറ്റം. അങ്ങനെയാണ് വീണ്ടും ഞങ്ങളുടെ കടയിലേക്ക് മടങ്ങി എത്തിയത്. ഈ കല്യാണ സ്ഥലത്തു പോലും പുള്ളി ഒരു പ്രത്യേക തരം മുണ്ടും, ഉത്സവത്തിന് കുട്ടികൾ വാങ്ങുന്ന ഒരു കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ചാണ് വന്നത്. ആളുകൾ ഒക്കെ പുള്ളിയെ കളിയാക്കുകയായിരുന്നു. പുള്ളിക്ക് അതൊന്നും മനസ്സിലാകുന്നുമുണ്ടായിരുന്നില്ല.
വണ്ടിയിൽ ഇരുന്നു പുള്ളി കൊച്ചു കുട്ടികളെ പോലെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഇരുന്നു. പുള്ളിക്ക് തല്ലു കിട്ടിയതിനെ പറ്റി, ഇലക്ഷന് നിൽക്കാനുള്ള ആഗ്രഹത്തെ പറ്റി, സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹത്തെ പറ്റിയുമൊക്കെ. ഞാൻ അതെല്ലാം മൂളി കേട്ടുകൊണ്ട് വണ്ടി ഓടിച്ചു. എൻ്റെ മനസ്സിൽ പുള്ളിയെ എവിടെയെങ്കിലും ഒന്നു ഇറക്കി വിട്ടാൽ മതിയെന്നായിരുന്നു.
ഒരു ബസ് സ്റ്റോപ്പ് എത്തിയപ്പോൾ പുള്ളി വണ്ടി ഒതുക്കാൻ പറഞ്ഞു. ഇറങ്ങാൻ തുടങ്ങിയിട്ട് പുള്ളി വളരെ സീരിയസ്സ് ആയി എന്നോട്, ' പ്രവീണെ, എനിക്ക് എല്ലാരോടും പ്രവീണിനെ കാണിച്ചിട്ട് എന്റെ അനിയൻ ആണെന്ന് പറയാൻ ഭയങ്കര അഭിമാനം ആണ് കേട്ടോ. കല്യാണ സ്ഥലത്തും ശ്രദ്ധിച്ചു പ്രവീണിൻ്റെ മുഖത്തു ഒരു വിഷമം പോലെ. മനസ്സ് വിഷമിച്ചു ഇരിക്കേണ്ട. എല്ലാം ശരി ആകും. ' എന്ന് പറഞ്ഞു, എൻ്റെ മറുപടി പോലും കേൾക്കാതെ ഡോർ അടച്ചു ബസ് സ്റ്റോപ്പിലേക്ക് കയറി നിന്നു. ഞാൻ കുറച്ചു നേരം ഭാവശൂന്യമായി പുള്ളിയെ നോക്കി ഇരുന്നു.
തിരിച്ചു വീട്ടിലേക്ക് പോകവേ എനിക്ക് എന്തോ ഭയങ്കര സന്തോഷം തോന്നി. എൻ്റെ മുഖത്തു ഒരു ചെറിയ ചിരിയും, മനസ്സ് നിറഞ്ഞ ഒരു തുള്ളി കണ്ണുനീരും തെളിഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം അവിടെ ഉണ്ടായിട്ടും, ആളുകൾ മനസ്സിന് സ്ഥിരത ഇല്ല എന്ന് പറഞ്ഞു കളിയാക്കുന്ന ജോസ് അണ്ണന് മാത്രമേ എൻ്റെ മുഖത്തെ വിഷമം തിരിച്ചറിയാനായുള്ളു.
ഒരു വിചിത്രമായ തമാശക്കാരൻ ആണ് നമ്മുടെ ഈ കൊച്ചു മനസ്സ്. ചിലപ്പോഴൊക്കെ ആരെങ്കിലും; ആരെങ്കിലും ഒന്നു പറഞ്ഞാൽ മതി, 'എല്ലാം ശരി ആകുമെന്ന്', മനസ്സ് അതങ്ങു വിശ്വസിച്ചോളും.
- പ്രവീൺ പി ഗോപിനാഥ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക