നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയം ( റിയൽ സ്റ്റോറി )


അകലെനിന്നേ കണ്ടു...! ആ കൊമ്പിൽ തൂങ്ങിയാടുന്ന അവളെ...! കണ്ടപ്പോൾ തന്നെ അറിയാതെ കാലുകൾ നിശ്ചലമായി... പിന്നെ എത്രയും വേഗം അവിടെയെത്താനുള്ള തിടുക്കമായിരുന്നു. വഴിയിൽ കല്ലിൽ തട്ടിയും മുള്ള് കൊണ്ടും കാൽപ്പാദങ്ങൾ പൊട്ടി ചോരയൊലിച്ചതൊന്നും അങ്ങോട്ടുള്ള യാത്രയ്ക്ക് തടസ്സമായില്ല... ഹൃദയം വല്ലാത്തൊരു മിടിപ്പിലേക്കെത്തിയിരുന്നു...! കിതപ്പ് ശ്വസനത്തെ തെല്ല് അലോസരപ്പെടുത്തി...! ഓടിക്കിതച്ചെന്നോണം ആ മരച്ചുവട്ടിലേക്കെത്തിയപ്പോഴും നോട്ടം അവളിൽ തന്നെയായിരുന്നു...! തൂങ്ങിയാടുന്നു...!!! ആ കാഴ്ച്ച നോക്കിക്കൊണ്ട് ചുവട്ടിൽ ഒരുപാടാളുകളും...!!! അതുവരെ ഓടിയെന്നോണം എത്തിയ കാലുകൾക്ക് അപ്പോഴാണ് തളർച്ചയും വേദനയും തോന്നിയത്...! മെല്ലെ താഴേക്കിരുന്നുപോയി. മനസ്സ് അവളെ ആദ്യമായി കണ്ട ഓർമ്മകളിലേക്ക് പിന്മാറി. ജനിച്ച ഉടനെയൊന്നും തന്നെ കണ്ടില്ലെങ്കിലും വളരാൻ തുടങ്ങിയപ്പോൾ തന്നെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്തെന്നറിയാത്ത ഒരാകർഷണം അന്നേ തോന്നിയെന്നുള്ളത് സത്യമായിരുന്നു. ഓരോദിവസവും കടന്നുപോകുമ്പോഴും ഇവൾ എനിക്കുള്ളതാണെന്നു മനസ്സ് എന്നോട് പറഞ്ഞുകൊണ്ടിരുന്നു...! സ്വപ്‍നം കാണാൻ തുടങ്ങിയ നാളുകൾ... ഒരുപാട് കൂടിക്കാഴ്ചകൾ... പക്ഷേ ഒരിക്കൽപ്പോലും അവളോടത് പറഞ്ഞിരുന്നില്ല...! അതബദ്ധമായി പോയോ..!? പറഞ്ഞിരുന്നെങ്കിൽ ഇന്നീ ചുവട്ടിൽ കൂടിയിരിക്കുന്ന ആളുകൾക്കിടയിൽ വെറുമൊരു കാഴ്ച്ചക്കാരനായി നിൽക്കേണ്ടി വരുമായിരുന്നോ...!? ഏയ്... ഇത്തരമൊരു കുടുംബത്തിൽ ജനിച്ച അവൾ സ്വന്തമായി എന്ത് തീരുമാനമെടുക്കാൻ... ഇതെല്ലാം വിധിയാണ്. ചിന്ത അത്രത്തോളം എത്തിയപ്പോഴാണ് ഒരാരവം ഉയർന്നത്...! ഞെട്ടിയയെന്നോണം ഉണർന്ന് നോക്കിയപ്പോൾ വീശിയടിച്ച കാറ്റിൽ അവളുടെ ശരീരം ഇളകുന്നതിന്റെ ആരവം ആണ് കേട്ടത്...! ഇത്രയധികം ആളുകൾ ഉണ്ടായിട്ടും ഒരാൾ പോലും മരത്തിൽ കയറാതിരുന്നത് എന്നെ അത്ഭുതപ്പെടുത്തി. അപ്പോഴാണ് ശക്തമായി ഒരു കാറ്റ് വീശിയത്... അവിടെ കൂടിനിന്ന ആളുകൾ ഒന്നിളകി... അതാ അവൾ മുകളിൽനിന്നും താഴേക്ക്. നീട്ടപ്പെട്ട അനേകം കൈകളിലൊന്നിലേക്ക് വന്നുവീണ അവളെയും കൊണ്ട് അയാൾ ഓടുന്നത് നിരാശയോടെ ഞാൻ നോക്കിനിന്നു. ആ അണ്ടിയെങ്കിലും കിട്ടിയിരുന്നെങ്കിൽ കൊണ്ടുപോയി പാകാമായിരുന്നു.

Written by Sanjay Krishna

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot