Slider

ചിങ്ങമാസം വന്നുചേർന്നാൽ.. (കഥ)


"ഏട്ത്ത്യമ്മേ, ഈ കുട്ടിയെയാണ് ഞങ്ങൾ കാണാൻ പോണത്, എങ്ങിനേണ്ട് ?"
സ്കൈപ്പ് വീഡിയോ ചാറ്റ് ചെയ്യുമ്പോൾ ആണ് ഒരു ഫോട്ടോ കാണിച്ച് വിവേക് ചോദിച്ചത്.
വെളുത്ത് മെലിഞ്ഞ ഒരു നാടൻ പെൺകുട്ടി. ഏതോ കല്ല്യാണത്തിന് എടുത്ത ഫോട്ടോ ആണെന്ന് തോന്നുന്നു, മുണ്ടും വേഷ്ടിയും ധരിച്ച് തലയിൽ മുല്ലപ്പൂ ചൂടി മുഖത്ത്‌ അൽപം പോലും മേക്കപ്പ് ഇല്ലാതെയാണ് ഫോട്ടോയിൽ.
"നല്ല കുട്ട്യാണ്‌, നല്ല കണ്ടുപരിചയം തോന്നുന്ന മുഖം. പക്ഷെ നീ പറയാറുള്ള ഐശ്വര്യറായ്‌ ലുക്കൊന്നും ഇല്ല്യല്ലോ, ഇത്‌ തനി നാടനാണല്ലോ."
"അതൊക്കെ പണ്ട്‌, എനിക്ക്‌ ഏട്ത്ത്യമ്മേപ്പോലെ ഒരു പെണ്ണ് വേണം എന്ന് മാത്രമേ ഞാൻ അമ്മ്യോട്‌ പറഞ്ഞുള്ളൂ.. അതിപ്പോ വല്ല ആദിവാസിയായാലും സാരല്ല്യാന്ന്"
"ഓഹോ, അപ്പോൾ നീയ്യെന്നെ ഒരു ആദിവാസിയായിട്ടാണല്ലേ കണ്ടിരിക്കണ. പോട്ടെ, എന്തായാലും കുട്ടി കൊള്ളാം, നീ പോയി കാണൂ. പിന്നെ ഞങ്ങൾ കല്ല്യാണത്തിന് കൂടണമെങ്കിൽ, ജൂലൈ പകുതി കഴിഞ്ഞിട്ടെ പറ്റൂ, ഇവിടെ ഗൽഫിൽ അപ്പോഴാണ് സ്‌കൂൾ അവധി"
"നിങ്ങള് വരാതെ എന്ത്‌ കല്ല്യാണം, അതെന്തായാലും ചിങ്ങമാസത്തിലെ കാണു. എല്ലാവരുടെയും സൗകര്യം നോക്കി മാത്രേ ഞാൻ കെട്ടൂ."
"നീ പോയി കുട്ടിയെ കാണ്, എന്നിട്ടല്ലേ കല്ല്യാണം "
"എന്നെ ഇഷ്ടപ്പെടാതിരിക്ക്വൊന്നാ എന്റെ പേടി."
"നിന്നെ കിട്ടാൻ അവൾ കഴിഞ്ഞ ജന്മത്തിൽ നല്ലത്‌ ചെയ്‌തുകാണും."
"ഉവ്വ്‌വ്വ്‌. എനിക്കിട്ട്‌ തന്നെ വേണം ട്ടോ. എന്തായാലും ഞാൻ അവിടെ എത്തി വീഡിയോ ലൈവ് വരാം" ചിരിച്ചുകൊണ്ട്‌ വിവേക്‌ പറഞ്ഞു.
"അല്ല വിവേകേ, കുട്ടീടെ പേരെന്താ, അത് നീ പറഞ്ഞില്ല്യ"
"വിദ്യ. എന്താ നല്ല പേരല്ലേ."
"വിദ്യ വിവേക്. പേരിൽ നല്ല മാച്ച് ഉണ്ട്. ഇത് നടക്കും വിവേകേ, എന്റെ മനസ്സ് പറയുന്നു."
"എനിക്ക്, മൂന്ന് ദിവസത്തെ ലീവുണ്ട്. പെണ്ണ് കണ്ട് ഓക്കേ ആണെങ്കിൽ ബുധനാഴ്ച തിരികെ, അല്ലെങ്കിൽ തിങ്കളാഴ്ച."
"അതെന്താ അങ്ങിനെ, രണ്ടു ദിവസം."
"എന്റെ ഏട്ത്ത്യമ്മേ. ഇഷ്ടപ്പെട്ടൂച്ചാൽ കക്ഷിയെ കൊണ്ട് ഒന്ന് പുറത്ത് കറങ്ങണം. ഒരു പരിചയപ്പെടൽ, എന്താ വേണ്ടേ."
"ആയിക്കോട്ടെ ആയിക്കോട്ടേ.“
വീഡിയോ കാൾ കഴിഞ്ഞ്‌ ബെഡ്റൂമിലേക്ക് നടന്നു.
കാലത്ത്‌ അഞ്ചുമണിക്ക് എഴുന്നേറ്റതാണ്. കുട്ടികൾക്ക്‌ കൊണ്ടുപോകാനുള്ള ടിഫിനും, ദിപുവേട്ടന്റെ ലഞ്ചും, പിന്നെ എല്ലാവരുടെയും ബ്രേക്ക്ഫാസ്റ്റും ഒക്കെ കഴിഞ്ഞ്‌ ഏഴേകാലിനു ദിപുവേട്ടൻ കുട്ടികളെയും കൊണ്ട് ഇറങ്ങും.
കുട്ടികൾ സ്‌കൂളിൽ നിന്നും എത്താൻ മൂന്ന് മണിയാവും. ഒരു ബംഗ്ലാദേശി ഡ്രൈവർ ആണ് കുട്ടികളെ സ്‌കൂളിൽ നിന്നും കൊണ്ടുവരിക. ദിപുവേട്ടൻ അധികവും ഓഫീസ്‌ ആവശ്യങ്ങൾക്ക് വേണ്ടി യാത്ര ചെയ്യേണ്ടതുകൊണ്ട്‌ ഓഫീസിൽ നിന്നും ഒരുക്കിത്തന്നിട്ടുള്ള സൗകര്യമാണ് ഈ സ്കൂൾ പിക്‌ അപ്‌.
രണ്ടുപേർക്കും ഭക്ഷണം ചൂടോടെ വേണം അതിനാൽ നേരത്തെ ഉണ്ടാക്കിവെക്കാൻ പറ്റില്ല.
മുറിയെല്ലാം തൂത്ത്‌ വ്യത്തിയാക്കി കുളി കഴിഞ്ഞപ്പോഴും പത്തുമണി ആവുന്നതേ ഉണ്ടായിരുന്നുള്ളൂ.
വീടിന്റെ പിറകിൽ ഒരു ചെറിയ അടുക്കളത്തോട്ടമുണ്ട്‌. നാട്ടിൽ നിന്നും കൊണ്ടുവന്ന തക്കാളി, പച്ചമുളക്‌, കൊപ്പകായ , വെണ്ട, മുരിങ്ങ, കൂടാതെ രണ്ടുവർഷം മുൻപ്‌ മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽ പോയപ്പോൾ വാങ്ങിയ ഒരു ഒട്ടുമാവും. അതിൽ നിറയെ മാങ്ങ ഉണ്ടാവാറുണ്ട്. ഇപ്പോൾ പൂക്കാൻ തുടങ്ങിയിരിക്കുന്നു. എല്ലാ ചെടികളും ഒന്ന് തൊട്ടുതലോടിച്ച് വന്നപ്പോഴും സമയം പത്തേമുക്കാലേ ആയിട്ടുണ്ടായിരുന്നുള്ളൂ.
ഇനി രണ്ട്‌ മണിക്കൂർ പൂർണ്ണവിശ്രമമാണു. രണ്ടുമണിക്ക്‌ മുൻപ്‌ അടുക്കളയിൽ കയറില്ല. കയറിയാൽ എന്തെങ്കിലും ഒക്കെയായി തിന്നുകൊണ്ടിരിക്കും. കഴിഞ്ഞതവണ നാട്ടിൽ പോയപ്പോൾ എല്ലാവരും കളിയാക്കാൻ തുടങ്ങിയിരുന്നു തടി കൂടിയെന്ന് പറഞ്ഞ്‌. ദിപുവേട്ടൻ വീട്ടിൽ ഒരു ത്രെഡ്മിൽ വാങ്ങിയിട്ടിട്ടുണ്ട്‌. അതിലാണ് കുട്ടികളുടെ ജെട്ടിയും ബനിയനും മറ്റും ഇപ്പോൾ ഉണക്കാനിടുന്നത്.
എന്തെങ്കിലും വായിക്കാം എന്ന് കരുതി ഡ്രോയിങ് റൂമിൽ വന്നിരുന്നപ്പോളാണ് വിവേകിന്റെ ഫോൺ വന്നത്‌.
ദീപുവേട്ടൻ ഗൾഫിലേക്ക് പോരുന്നതിനു മുൻപ് ബോംബെയിൽ ആയിരുന്നു കുറെ കാലം. അവിടെയാണ് അച്ഛന്റെ ഏറ്റവും ഇളയ സഹോദരി കുടുംബമായി താമസിച്ചിരുന്നത്. അവരുടെ ഇളയ മകനാണ് വിവേക്. ദീപുവേട്ടൻ വിവേകിന് സ്വന്തം ഏട്ടനായിരുന്നു. വിവേകിന് രണ്ട് വയസ്സുള്ളപ്പോൾ മുതൽ ദീപുവേട്ടൻ ആയിരുന്നു അവനെ നോക്കിയിരുന്നത്.
ഒന്ന് കണ്ണടച്ചിരുന്നപ്പോൾ, മനസ്സ്‌ ഇറങ്ങിയോടി, പതിനെട്ട് വർഷങ്ങൾ പിറകോട്ട്.
അച്ഛൻ ആർമിയിൽ ആയിരുന്നതിനാൽ അധികവും കേരളത്തിന് പുറത്തായിരുന്നു ജീവിതം. അമ്മ, അച്ഛൻ, അനിയൻ അതായിരുന്നു ലോകം, കൊല്ലത്തിൽ പത്തോ പതിനഞ്ചോ ദിവസങ്ങളിൽ ഒതുങ്ങുന്ന വേനലവധികൾ മാത്രമായിരുന്നു ഞങ്ങളെ നാടുമായി കൂട്ടിയിണക്കിയിരുന്നത്‌. ഹിന്ദിയിലായിരുന്നു അധികവും ഞങ്ങൾ തമ്മിൽ സംസാരിക്കാറുള്ളത്, അതുകൊണ്ടുതന്നെ അമ്മയുടേയോ, അച്ഛന്റെയോ ബന്ധത്തിലുള്ള കുട്ടികൾ ഞങ്ങളോട് അധികം സംസാരിക്കാറില്ലായിരുന്നു. ഞങ്ങൾക്ക് വലിയ അഹങ്കാരമാണെന്നും അവർ പറയാറുണ്ട്.
ഡെൽഹിയിലായിരുന്നു അച്ഛന്റെ അവസാനപോസ്റ്റിങ്ങ്. നാട്ടിലെ വീടുപണി അവസാനഘട്ടത്തിലായിരുന്നു. എന്റെ ഡിഗ്രി അവസാന വർഷവും, അനിയന്റെ പന്ത്രണ്ടാം ക്ലാസും ഒരേ വർഷമാണ് കഴിയുന്നത്‌. ആ വർഷം ആദ്യം ഞങ്ങൾ വന്ന് പിന്നെ അച്ഛൻ റിട്ടയർ ആയാൽ അച്ഛനും നാട്ടിൽ വന്നു സ്ഥിരതാമസമാകാം എന്നായിരുന്നു തീരുമാനം.
ജനുവരി മാസം ആയിരുന്നു ഗ്യഹപ്രവേശം എന്ന ചടങ്ങ്‌. നടന്നത്‌. ഡൽഹിയിൽ തണുപ്പുകാലത്ത്‌ പതിനഞ്ചുദിവസം കോളേജ്‌, സ്കൂൾ അവധിയുണ്ട്‌, ആ സമയത്താണ് ഈ ചടങ്ങ്‌ വെച്ചത്‌.
ചടങ്ങുകൾ എല്ലാം കഴിഞ്ഞ്‌ ഒരു ദിവസം ഗുരുവായൂർ തൊഴാൻ പോയപ്പോൾ അച്ഛന്റെ കൂടെ യൂണിറ്റിൽ ഉണ്ടായിരുന്ന ഒരു ലാൻസ്നായിക് മുരളിയങ്കിളിന്റെ വീട്ടിൽ പോയി. ഡൽഹിയിൽ ഞങ്ങളുടെ ക്വാർട്ടറിന് അടുത്തായിരുന്നു മുരളിയങ്കിളും ആന്റിയും രണ്ടര വയസ്സുള്ള മകളും താമസിച്ചിരുന്നത്. അന്നവിടെ വിരുന്ന് വന്നിരുന്ന ദിപുവേട്ടൻ എന്നെ കാണാനിടയായി. അന്ന് വൈകീട്ട്‌ തന്നെ മുരളിയങ്കിളിന്റെ ഫോൺ വന്നു ഈ ആലോചനയുമായി. തൊട്ടടുത്ത ദിവസം തന്നെ പെണ്ണുകാണൽ എന്ന ചടങ്ങും നടന്നു.
ഒരു ചേച്ചി മാത്രമേ ദിപുവേട്ടന് ഉണ്ടായിരുന്നുള്ളൂ. അച്ഛനും അമ്മയും സ്കൂൾ അദ്ധ്യാപകർ. ആ ബന്ധം എല്ലാവർക്കും ഇഷ്ടപ്പെട്ടു. അച്ഛനും അമ്മയും പിന്നെ കുറെ ബന്ധുക്കളും ദിപുവേട്ടന്റെ വീടുകാണാൻ പോയി. തിരികെ വന്ന ശേഷം അമ്മയ്ക്ക് അവരെപ്പറ്റി മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ.
വിവാഹം ജൂലൈ മാസത്തിൽ മാത്രമേ നടത്താൻ പറ്റൂ എന്ന് ദിപുവേട്ടന്റെ വീട്ടുകാർക്ക് നിർബന്ധമുണ്ടായിരുന്നു. അവരുടെ ഗൾഫിൽ ഉള്ള കസിൻസ് കൂടി പങ്കെടുക്കാൻ കൂടിയാണ് അത് പറഞ്ഞത്. എന്റെയും സഹോദരങ്ങളുടേയും പരീക്ഷ കഴിഞ്ഞ്‌ ജൂലൈ ഓഗസ്റ്റ് മാസത്തിൽ വിവാഹമാവാം എന്നും തീരുമാനിച്ചു. അങ്ങിനെ നല്ലൊരു മുഹൂർത്തം നോക്കി നാലാം ഓണനാൾ വിവാഹം നടത്താമെന്ന് നിശ്ചയിച്ചു.
വിവാഹജീവിതത്തെപ്പറ്റി ഒരിക്കലും ചിന്തിക്കാതിരുന്ന എന്റെ ജീവിതം അന്ന് മുതൽ മാറിമാറയുകയായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ദിപുവേട്ടൻ തിരിച്ചുപോയി. പോകുന്നതിന് മുൻപ് ഒരിക്കൽ ചെറിയമ്മയുടെ വീട്ടിലെ ഫോണിൽ വിളിച്ചു. അപ്പോൾ ഞങ്ങളുടെ ഡൽഹിയിലെ വീട്ടിലെ ഫോൺ നമ്പർ ദിപുവേട്ടന് കൊടുത്തു..
ഡൽഹിയിൽ എത്തിയ ഉടനെ അച്ഛൻ പുതിയ ഒരു മൊബൈൽ വാങ്ങി, അന്ന് പ്രചാരത്തിൽ വന്നുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. പ്രധാനമായും ഗൾഫുകാരൻ മരുമകന് വിളിക്കാൻ.
വിവാഹം അടുക്കുന്തോറും മനസ്സിനുള്ളിൽ ഒരു വെപ്രാളം തുടങ്ങിയതാണ്. ഇത്രയും കാലം അച്ഛൻ അമ്മ അനുജൻ അങ്ങിനെ ഒരു കൊച്ചു ലോകത്തായിരുന്നു. ശരിക്കും പെരുമാറാൻ അറിയില്ല, ആചാരങ്ങളൊന്നും അറിയില്ല, ആരോട് എന്ത് സംസാരിക്കണം എന്നറിയില്ല, ദീപുവേട്ടനോട് ഇത് പലതവണ പറഞ്ഞതാണ്, അപ്പോഴെല്ലാം ഒരു പുഞ്ചിരി മാത്രമായിരുന്നു ഉത്തരം.
വിവാഹവും ചടങ്ങുകളും സദ്യയും ഒക്കെ കഴിഞ്ഞു ആദ്യം എന്റെ വീട്ടിൽ പോകുന്ന ചടങ്ങായിരുന്നു വൈകുന്നേരം വീടുവിട്ടിറങ്ങുമ്പോൾ അമ്മ ചെവിയിൽ അടക്കം പറഞ്ഞു
"ഇനി നിന്റെ ജീവിതം അവിടെയാണ്, ചില കാര്യങ്ങൾ പറയാതെയും കാണാതെയും മനസ്സിലാക്കേണ്ടിവരും. പിന്നെ നീ ഒരു ജോലിക്കല്ല ചേരുന്നത്, നീയ്യെന്ത് പഠിച്ചു, എവിടെ പഠിച്ചു എന്നല്ല, അച്ഛനും അമ്മയും നിന്നെ എന്തുപഠിപ്പിച്ചു എന്നതാണ് അവിടെ വിലയിരുത്തുക. പലതും കാണാതിരിക്കേണ്ടിവരും, പലതും കേൾക്കാതിരിക്കേണ്ടിവരും, പുതിയ ലോകം പുതിയ മനുഷ്യർ, പുതിയ അയല്പക്കം, പുതിയ ബന്ധുക്കൾ. അത് ഇനിമുതൽ നിന്റെ ലോകമാണ്."
ദിപുവേട്ടന്റെ വീട്ടിൽ എത്തിയപ്പോൾ അവിടെ കാലുകുത്താൻ സ്ഥലമില്ലാത്തത്രയും ആളുകൾ. പാലും പഴവും തരുന്ന ചടങ്ങുകഴിഞ്ഞപ്പോൾ ആളുകൾ പിരിയാൻ തുടങ്ങി. അയല്പക്കയക്കാരും നാട്ടുകാരും എല്ലാവരും പോയി. പക്ഷെ വീട് നിറയെ അപ്പോഴും ആളുകളുണ്ടായിരുന്നു. എല്ലാവരും നിലത്ത് വട്ടത്തിലുരുന്ന് ഗിഫ്റ്റുകൾ നോക്കുകയും തമാശ പറയുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.
എന്നോടും അവരുടെ കൂട്ടത്തിൽ വന്നിരിക്കാൻ ആംഗ്യം കാണിച്ചു. ദിപുവേട്ടൻ ഓരോരുത്തരെയായി പരിചയപ്പെടുത്തി. അപ്പോഴാണ് മനസ്സിലായത് അവരെല്ലാം ദിപുവേട്ടന്റെ കസിൻസ് ആയിരുന്നു, എല്ലാവരും ബോംബെയിൽനിന്നും ദുബായിൽ നിന്നും മറ്റും വന്നവർ. അവർ ആരും രാത്രി പോകാനുള്ളവരല്ല.
അത്താഴം കഴിച്ചുവരുമ്പോഴേക്കും കസിൻസ് എല്ലാവരും ചേർന്ന് മണിയറ ഒരുക്കിയിരുന്നു. ചിരിയും കളിയും കളിയാക്കലും എല്ലാം കഴിഞ്ഞപ്പോൾ എല്ലാവരും ചേർന്ന് ഞങ്ങളെ മുറിയിലാക്കി വാതിലടച്ചു.
രാത്രി വൈകും വരെ പുറത്ത് ചിരിയും അട്ടഹാസവും കേൾക്കാമായിരുന്നു. പിറ്റേന്ന് കാലത്ത് നേരത്തെ എഴുന്നേറ്റ് വരുമ്പോൾ തളത്തിലും വരാന്തയിലും മറ്റുമായി എല്ലാവരും നിരന്നു കിടക്കുന്നുണ്ടായിരുന്നു.
എല്ലാ കാര്യങ്ങളിലും അവരുടെ കൈകടത്തൽ എനിക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരിക്കൽ ഞാനത് ദീപുവേട്ടനോട് പറയുകയും ചെയ്തു. എന്നോടുള്ള സ്വാതന്ത്ര്യം കൊണ്ടാണ് അവർ അങ്ങിനെ പെരുമാറുന്നതെന്ന് ദിപുവേട്ടൻ പറഞ്ഞു.
നാല്പതു ദിവസത്തെ ലീവിനുശേഷം ദിപുവേട്ടൻ തിരികെപ്പോയി. വിസ കിട്ടുന്നതുവരെ എനിക്ക് നാട്ടിൽ തങ്ങേണ്ടി വന്നു. ദിപുവേട്ടന്റെ വീട്ടിൽ പോകാൻ എനിക്കിഷ്ടമല്ലായിരുന്നു. ബെഡ്‌റൂമിൽ വരെ അവിടെ സ്വകാര്യത കിട്ടാറില്ല. എല്ലാവരും എല്ലാമുറികളിലും കയറിയിറങ്ങും.
ഞാൻ ദിപുവേട്ടന്റെ വീട്ടിൽ ഉണ്ടായിരുന്ന ഒരു ദിവസം രാത്രി അത്താഴം കഴിഞു ദിപു‌വേട്ടനുമായി ഫോണിൽ സംസാരിച്ച് ഫോൺ താഴെ വെച്ചതും ഫോൺ തുടരെത്തുടരെ അടിക്കാൻ തുടങ്ങി. ഫോൺ എടുത്തപ്പോൾ അനുജനായിരുന്നു.
അച്ഛൻ എറണാകുളത്ത് പെൻഷൻ സംബന്ധിച്ചു് ഏതോ പേപ്പർ ശരിയാക്കാൻ പോയപ്പോൾ അവിടെ വെച്ച് എന്തോ ശാരീരിക അസ്വാസ്ഥ്യം തോന്നിയെന്നും പ്രാഥമിക ശുശ്രുഷക്ക് ഒരു സ്വകാര്യ ആശൂപത്രിയിൽ ആക്കിയിരിക്കുകയാണെന്നും പറഞ്ഞു. എന്റെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി, ഇനി എന്തുചെയ്യണം എന്നറിയാതെ നിന്നു.
എന്തോ പന്തികേടുണ്ടെന്ന് തോന്നിയപ്പോൾ ദിപുവേട്ടന്റെ അമ്മ ഓടിവന്ന് എന്റെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി അനുജനുമായി സംസാരിച്ചു. ഫോൺ താഴെ വെച്ച് അമ്മ ആർക്കൊക്കെയോ ഫോൺ ചെയ്തു ഈ വിവരം പറഞ്ഞു.
അര മണിക്കൂറിനുള്ളിൽ ദിപുവേട്ടന്റെ ഒരു കസിന്റെ ഫോൺ വന്നു. അവർ എറണാകുളത്ത് ആശുപത്രിയിൽ എത്തിയെന്നും അച്ഛന് പ്രശ്‌നമൊന്നുമില്ലെന്നും, വീട്ടിൽ നിന്നും അമ്മയെയും അനുജനെയും കൂട്ടി വരാൻ മറ്റൊരു കസിൻ പുറപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. രണ്ടുമണിക്കൂറിനിള്ളിൽ ഞങ്ങൾ എറണാകുളത്ത് എത്തിയപ്പോഴേക്കും അച്ഛനെ ഒരു വലിയ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ആശുപത്രിയിൽ എത്തുമ്പോൾ അവിടെ ദിപുവേട്ടന്റെ എറണാകുളത്തുള്ള നാല് കസിൻസും അവരുടെ കൂട്ടുകാരുമായി കുറെപേർ ഉണ്ടായിരുന്നു.
എന്നോട് ഒട്ടും പേടിക്കേണ്ടെന്നും ഇപ്പോൾ എൻജിയോപ്ലാസ്റ്റി ചെയ്യാൻ കയറ്റിയിരിക്കുകയാണെന്നും പറഞ്ഞു. അറ്റാക്ക് ആയിരുന്നത്രേ."
അന്ന് ആശുപത്രിയിൽ ഞാനും അമ്മയും അനുജനും അച്ഛന് കൂട്ടിരുന്നു. അടുത്ത ദിവസം അനുജൻ ചെറിയച്ഛന്റെ കൂടെ തിരികെപ്പോയി. ദിപുവേട്ടന്റെ കസിൻസ് മാറിമാറി ആശുപത്രിയിൽ ഉണ്ടായിരുന്നതിനാൽ, ഒരു കാര്യവും ചെയ്യേണ്ടിവന്നില്ല.
വിവാഹ ജീവിതത്തിൻ്റെ ആദ്യനാളുകളിൽ സ്ഥാനത്തും അസ്ഥാനത്തും ദിപുവേട്ടൻ്റെ കസിൻസിൻ്റെ ഇടപെടൽ മൂലം തോന്നിയിരുന്ന അസ്വാരസ്യങ്ങൾ ഈ വിഷമഘട്ടത്തിൽ സ്വന്തം കൂടപ്പിറപ്പിനു വേണ്ടിയെന്നപോലെ ഓരോ കാര്യങ്ങളിലും അവർ കാണിക്കുന്ന സ്നേഹവും ശുഷ്കാന്തിയും എനിക്കു് അവരോടുള്ള അവജ്ഞ ആദരവായി മാറി.
എന്റെ ജീവിതത്തിലെ ഒരു പുതിയ അറിവായിരുന്നു കൂട്ടുകുടുംബ ജീവിതത്തിൻ്റെ ശ്രേഷ്ഠത. ഒരു അണുകുടുംബത്തിൽ ജീവിച്ച എനിക്ക് ഇതൊന്നും അറിയില്ലായുന്നു. ഞങ്ങളുടെ വീട്ടിൽ പുറത്തുനിന്നൊരാൾ വന്നാൽ ഞങ്ങൾക്ക് സ്വകാര്യത നഷ്ടപ്പെടുമെന്ന്പറഞ്ഞ് നാട്ടിൽ നിന്നും ആരും വരാൻ ഞങ്ങൾ അച്ഛനെയും അമ്മയെയും സമ്മതിക്കാറില്ല. അന്നാദ്യമായോ അതോർത്ത് പരിതപിച്ചു
ഫോൺ അടിക്കുന്നത് കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്. ദിപുവേട്ടൻ ആയിരുന്നു.
"സാവീ, ഞങ്ങൾ വരുമ്പോഴേക്കും ഭക്ഷണം ശരിയാക്കിക്കോ. വിവേക് ലൈവ് വരുന്നുണ്ട് . അവർ പോകാൻ ഇറങ്ങീത്രേ. ഞാൻ കുട്ടികളെ നേരത്തെ സ്‌കൂളിൽനിന്നും കൊണ്ടുവരാം”
പിന്നെ എല്ലാം പെട്ടെന്നായിരുന്നു, ഫ്രിഡ്ജിൽ നിന്നും ദോശമാവെടുത്ത് ദോശയുണ്ടാക്കി, ഇന്നലെ രാത്രിയുണ്ടാക്കിയ സാമ്പാറും ചൂടാക്കിയപ്പോഴേക്കും ദീപുവേട്ടനും കുട്ടികളും എത്തി. കുട്ടികളെ കുളിപ്പിച്ചു, ഉടുപ്പുമാറ്റി ഭക്ഷണം കഴിഞ്ഞെണീറ്റപ്പോഴേക്കും വിവേകിന്റെ സ്കൈപ്പ് കാൾ വന്നു.
“ഏട്ടാ, ഞാനിപ്പോൾ വീട്ടിലാണ്. വിദ്യയുണ്ട് കൂടെ..” അപ്പോഴേക്കും വിദ്യയും സ്കൈപ്പ് സ്‌ക്രീനിൽ വന്നു.
“ഹലോ! ഏട്ടത്തിയമ്മയെക്കുറിച്ച് മാത്രേ ഏട്ടൻ ഇതുവരെ സംസാരിച്ചിട്ടുള്ളു.”
“ഹായ് വിദ്യാ, അപ്പോൾ ഞാൻ പരിചയപ്പെടുത്തേണ്ട അല്ലെ.”
“പക്ഷെ, ഏട്ടത്തിയമ്മേ ഒരു ട്വിസ്റ്റ് ഉണ്ട്.” വിവേകാണ് പറഞ്ഞത്.
“അതെന്താ !? “
“വിദ്യ പറയും!”
“ചേച്ചി, നമ്മൾ മുൻപേ അറിയും. അതാണ് എന്നെക്കണ്ടപ്പോൾ മുഖപരിചയം ഉണ്ടെന്ന് ഏട്ടനോട് പറഞ്ഞത് ”
“നമ്മൾ അറിയുമെന്നോ, എങ്ങിനെ? എവിടെവെച്ച്?.”
“ഞങ്ങൾ പണ്ട് ഡൽഹിയിൽ ഉണ്ടായിരുന്നു. എന്റെ വീട്ടിൽവെച്ചാണ് ചേച്ചിയെ ചേട്ടൻ കണ്ടതും പിന്നെ നിങ്ങളുടെ വിവാഹം നടന്നതും എന്ന് പറഞ്ഞാൽ മനസ്സിലാവും, ഞാൻ ആരാണെന്ന് .”
“മുരളിയങ്കിളിന്റെ മോൾ ? ഞാൻ ഒക്കത്തെടുത്ത് നടന്നിരുന്ന വാവുട്ടി?”
“കണ്ടോ ഏട്ടത്തിയമ്മേ ഞാൻ പറഞ്ഞില്ലേ ഏട്ടത്തിയമ്മയെപ്പോലെ ഒരു പെണ്ണിനെ തന്നെ കെട്ടുമെന്ന്. ഇതാണ് യോഗം”
കളിച്ചും ചിരിച്ചും കുറച്ചുസമയം ചിലവഴിച്ചു പിന്നെ മുരളിയങ്കിളിനോടും ആന്റിയോടും സംസാരിച്ച് അച്ഛന്റെ ഫോൺ നമ്പർ കൊടുത്തപ്പോൾ, പണ്ടെങ്ങോ മുറിഞ്ഞുപോയ ബന്ധം കൂട്ടിയിണക്കുകയായിരുന്നു
ഇനി കാത്തിരിപ്പിന്റെ കാലം, ചിങ്ങമാസം വന്നുചേരാനുള്ള കാത്തിരിപ്പ്…
*****
 | ഗിരി ബി വാരിയർ
23 ജൂൺ 2020
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo