Showing posts with label Thathrikkutty. Show all posts
Showing posts with label Thathrikkutty. Show all posts

പ്രതിധ്വനി I കവിത I താത്രിക്കുട്ടി



എനിയ്ക്കൊരു കൂട്ടുകാരിയെ വേണമായിരുന്നു.
എന്റെ ചോദ്യങ്ങൾക്കെല്ലാം എന്റെ അതേ ഉത്തരമുള്ള ഒരുവൾ....
അന്ന്...
ഹൃദയം കൊണ്ടു പോലും ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞ അന്ന്....
അന്നാണ് നിലക്കണ്ണാടിയ്ക്കുമുന്നിലിരുന്ന എന്നോടവൾ ചിരിച്ചത്...
എന്റെ ചോദ്യങ്ങളൊക്കെ എന്നോട് ചോദിച്ച് ....
എന്റെ ഉത്തരങ്ങൾ തന്നെ തിരികെപ്പറഞ്ഞ്....
അവളെന്റെ കൂട്ടുകാരിയായി...
ധ്വനിയ്ക്കും പ്രതിധ്വനിയ്ക്കുമിടയിലെ
അന്തരമറിയാതെ
 ഞാനും എന്റെ നിലക്കണ്ണാടിയിലെ കൂട്ടുകാരിയും 
കൈകൾ കോർത്തു...

താത്രിക്കുട്ടി.
https://www.facebook.com/Thatrikkutty/

Dr.Gayathri Devi G
Asst.Professor
Dept. of Vedanta
GSC, TVM

നിഴൽനാടകം (ചെറുകഥ)


പകലസ്തമിച്ചെങ്കിലും നിലാവെളിച്ചം നിറഞ്ഞ ഇടവഴിയിലൂടെ കൈകൾ കോർത്ത് നടക്കുകയായിരുന്നു ദേവികയും ചന്ദനയും. കൊട്ടാരത്ത് തറവാട്ടിലെ രാജശേഖരൻ നമ്പീശന്റെ മക്കളാണ് 15 ഉം 17 ഉം വയസ്സുള്ള ഈ സുന്ദരികൾ. വീടിനടുത്തുള്ള ചിറയത്ത് ദേവീക്ഷേത്രത്തിൽ തൊഴുത് തിരികെ വരികയാണ് ഇരുവരും. സ്കൂളിലെ വിശേഷങ്ങളൊക്കെ പറഞ്ഞു രസിച്ച് വരുമ്പോഴാണ് അയാൾ അവർക്കു മുന്നിലേക്ക് വന്നത്. നീണ്ട ജഡ നിറഞ്ഞ മുടിയും താടിയുമായി , പഴകി മുഷിഞ്ഞ കാവിമുണ്ടും ജുബ്ബയുമായ് ,വല്ലാതെ ജരയും നരയും നിറഞ്ഞ, രുദ്രാക്ഷമാലകളണിഞ്ഞ ഒരു വൃദ്ധൻ. സന്ന്യാസിയെ പോലെയുണ്ട് കാണാൻ. അയാളെ കണ്ട് പേടിച്ചെങ്കിലും അത് പുറമേ കാണിക്കാതെ കൈകൾ മുറുക്കെ പിടിച്ച് അവർ മുന്നോട്ട് നടന്നു. പിന്നിൽ നിന്നും ഉറക്കെ ചിരി മുഴങ്ങിയപ്പോൾ അവർ ഞെട്ടി തിരിഞ്ഞു നോക്കി. അവർക്കു പിന്നിൽ.... തൊട്ടരികെ ... ആ വൃദ്ധനെ കണ്ടതോടെ ഭയം ഇരട്ടിച്ചു. പോസ്റ്റിലെ ലൈറ്റും അപ്രതീക്ഷിതമായി അണഞ്ഞതോടെ അവർ ഉറക്കെ കരയാൻ തുടങ്ങി. ആ കുട്ടികളെയും പിടിച്ചു വലിച്ചു കൊണ്ട് തൊട്ടടുത്തുള്ള മരത്തിനു പിന്നിലേക്ക് അയാൾ പോയി. പേടിച്ചു വീണ്ടുമുറക്കെ കരയുന്ന അവരെ ചൂണ്ടുവിരൽ ചുണ്ടിൽ ചേർത്ത് ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കി ആ ഇടവഴിയിലേക്ക് വിരൽ ചൂണ്ടി. ഇരമ്പിയാർക്കുന്ന കടലിരമ്പം പോലെയുള്ള ശബ്ദവുമായി വിചിത്രമായ ഒരു കറുത്ത നിഴൽരൂപം ഇടവഴിയിലൂടെ പോകുന്നത് അവർ കണ്ടു. വലിയ കൈകളും കൊമ്പുകളും കാലുകളുമുള്ള ഒരു ജീവിയുടെ രൂപം. പക്ഷേ, ആ നിഴൽ രൂപത്തിൽ നിറയെ, തുളവീണ പേപ്പറിനിടയിലൂടെ അരിച്ചിറങ്ങുന്ന പോലെ, വെളിച്ചപ്പൊട്ടുകളും കാണാമായിരുന്നു. ആ രൂപം അവരെ കടന്ന് മുന്നോട്ട് പോയ നിമിഷം വൃദ്ധൻ ആ പെൺകുട്ടികളെ വഴിയിലേക്ക് വലിച്ചിറക്കി മുകളിലേക്ക് ചൂണ്ടിക്കാണിച്ചു. മുകളിലേക്ക് നോക്കവേ ഭയം നിറഞ്ഞ കണ്ണുകളിൽ അത്ഭുതം വിടർന്നു. അതൊരു കൂട്ടം പക്ഷികൾ ആയിരുന്നു. ഒത്തുചേർന്ന് ഒരു നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് ദേശാടനം നടത്തുന്ന പക്ഷികൾ . ഒന്നു പേടിപ്പിച്ചെങ്കിലും മനോഹരമായ അത്ഭുതക്കാഴ്ച സമ്മാനിച്ചതിന് ആ വൃദ്ധനോട് അവർ പുഞ്ചിരിക്കവേ ഉച്ചത്തിലുറക്കെച്ചിരിച്ചും കൊണ്ട് അയാൾ നടന്നകന്നു. കണ്ണിൽ നിന്നും മറയും മുൻപ് അയാൾ ഉറക്കെപ്പറയുന്നതവർ കേട്ടു. "നിഴൽ നാടകം ...... പക്ഷികളുടെ നിഴൽനാടകം....''
ദേവികയും ചന്ദനയും കൈകൾ കോർത്ത് നിഴൽ തീർത്ത് വീണ്ടും.....

താത്രിക്കുട്ടി

വെയിൽ (കവിത)


വെയിലാണെനിയ്ക്കിന്നു ചുറ്റിലും
നേരമേറെപ്പുലർന്നാലുമില്ലെങ്കിലും.

ഉമ്മറക്കോലായിലോരം കിടക്കുന്ന 
കാൽ തുടയ്ക്കും വിഴുപ്പാണിന്നു ഞാൻ.

പുകയുന്നടുപ്പിന്റെയുള്ളിലെ കനലു പോൽ 
ചൊകെ ചൊകെ നീറുന്നിതെന്റെയുള്ളം.

രാജകുമാരിയായച്ഛന്റെ തോളിൽ ഞാൻ 
വാലായി അമ്മതൻ സാരിത്തലപ്പിലും

പ്രണയമായ്...
ഒരുവന്റെ കണ്ണിലെ സ്വപ്നമായ് ....
ജീവിച്ചതെന്നുടെ നല്ല കാലം.

ഏകാന്തമിന്നു ഞാനാരോടോ ചൊല്ലുന്നു
വയ്യ.... വയ്യെന്തു ഞാൻ ചെയ്തിടേണ്ടൂ?

ഓടിമറഞ്ഞൊരെൻ സ്വപ്നങ്ങളെന്നോടുറക്കെച്ചിരിക്കുന്നു
ചെവി പൊത്തിയോടുന്നു ഞാനും.

കനവിനാൽ നിനവിനാൽ പൂത്തൊരെൻ മിഴികളിൽ
നനവുതിർന്നീടുന്നു ദുഃഖത്തിനാൽ.

ഭാരങ്ങളെത്രയോ താങ്ങി നടന്നിന്നു
ഒടിയുന്നു നടുവും തളരുന്നു തനുവും

താങ്ങുവാനില്ലാരുമിന്നെന്റെയരികിലായ്.
താങ്ങുവാനില്ലാരുമിന്നെന്റെയരികിലായ് ....
താഴെപ്പതിയ്ക്കട്ടെ ഞാൻ...
ഇനിയൊന്നുണരാതെ കണ്ണടയ്ക്കട്ടെ ഞാൻ...
അപ്പോഴും ...
വെയിലാണെനിയ്ക്കെന്റെ ചുറ്റിലും
നേരമേറെപ്പുലർന്നാലുമില്ലെങ്കിലും ...

താത്രിക്കുട്ടി.

അതിരുകൾക്കപ്പുറം (കഥ)

നല്ലുണ്ണ്യൂര്....
വടക്കു നിന്നിങ്ങ് തെക്ക് അച്ചൻ കോവിലാറ്റിന്റെ കരയിൽ വന്നിരുന്നും ഭക്തനെ കാക്കുന്ന വടക്കും നാഥന്റെ നാട് ....
എന്റെയും.
ഒരേ സമയം ഹൃദയത്തെ പൊള്ളിയ്ക്കുകയും തണുപ്പിക്കുകയും ചെയ്യുന്ന ഓർമ്മകൾ ഉറങ്ങുന്ന നാട് .
65 വർഷങ്ങൾക്കിടയിൽ എന്റേതെന്ന് ഞാൻ പറയാനിഷ്ടപ്പെടുന്ന ഒരേയൊരു നാട് .
ഓ...ഞാൻ ആരാണെന്ന് പറഞ്ഞില്ലല്ലോ...അല്ലേ?
നിങ്ങൾക്കറിയുന്നുണ്ടാവില്ല.
ഈ നാടുപേക്ഷിച്ച് പോയിട്ട് 42 വർഷമായി.
ഇന്നൊരു തിരിച്ചു വരവാണ്. ഓർമ്മകളിലൂടെ....
ക്ലിം... ക്ലിം... ബെല്ലടിച്ചു കൊണ്ട് എന്റെ സൈക്കിളിൽ ആ ഇടവഴിയിലൂടെ.... ഏലാ തോടിന്റെ കരയിലൂടെ.... കൈത പൂത്തു നിൽക്കുന്ന വയൽ വരമ്പിലൂടെ പോകുമ്പോഴാണ് കിലുകിലെ ചിരിച്ചും കൊണ്ടൊരു കിലുക്കാംപെട്ടി മുന്നിലേക്ക് എടുത്തു ചാടിയത്...
ഇരുനിറത്തിൽ രണ്ടുവശവും കെട്ടിയ ചുരുണ്ട മുടിയും വിടർന്ന കണ്ണുകളും പതിഞ്ഞമൂക്കുമായി ഒരു കുഞ്ഞിക്കുരുത്തക്കേട് പെണ്ണ്. പെട്ടെന്ന് അവൾ സൈക്കിളിനു മുന്നിലേക്ക് ചാടിയതു കൊണ്ട് എന്റെ ബാലൻസ് പോയി വീഴാൻ തുടങ്ങി. ഒരു വിധത്തിൽ വീഴാതെ ഒരു കാൽ താഴെ ചവിട്ടി നിർത്തി നിന്നു. അതിനിടയിൽ വളരെ ചെറുതായി സൈക്കിളിന്റെ ഹാൻഡിൽ അവളുടെ കയ്യിലൊന്ന് തട്ടി. "എവിടെ നോക്കിയാടി നടക്കുന്നെ ?" ചോദ്യം തീരും മുമ്പേ അവൾ ഉറക്കെ കരയാൻ തുടങ്ങി. അവൾക്ക് പിന്നാലെ ഓടി വന്ന കൂട്ടുകാരി ഞാനെന്തോ വലിയ തെറ്റു ചെയ്ത പോലെ  നോക്കാനും കൂടി തുടങ്ങിയതോടെ "വഴിയിലൂടെ ഓടിക്കളിക്കുമ്പോൾ സൂക്ഷിക്കണം കേട്ടോ " എന്ന് പറഞ്ഞിട്ട് മുഖത്ത് നോക്കാതെ വേഗം സൈക്കിൾ ആഞ്ഞുചവിട്ടി ഞാൻ പോയി. അടുത്ത വളവ് തിരിയും മുമ്പേ ഞാൻ അവളുടെ ചിരി വീണ്ടും കേട്ടു. വീട്ടിൽ ചെന്നിട്ടും പിന്നെ ഓരോ പണികൾ ചെയ്യുമ്പോഴും കാതുകളിൽ നിറയെ അവളുടെ ചിരിയായിരുന്നു. എവിടെയൊക്കെ പോകുമ്പോഴും അവിടെയൊക്കെ അവളെ കാണാൻ തുടങ്ങുന്ന മാന്ത്രികത അനുഭവിക്കുകയായിരുന്നു പിന്നീട്. ഒരിയ്ക്കൽ പോലുമൊന്ന് മിണ്ടിയിട്ടില്ല. കണ്ണുകളറിയാതെ ഇടയുമ്പോഴൊക്കെയും അവൾ പെട്ടെന്ന് നോട്ടം മാറ്റും. മലയരിക്കുന്ന് അമ്പലത്തിന് വടക്ക് കുളത്തിനപ്പുറം നീണ്ടുനിവർന്നു കിടക്കുന്ന വയലിനക്കരെയാണ് അവളുടെ വീട്...
തോട്ടത്തിലെ രാധാകൃഷ്ണൻ നായരുടെ മകളാണ്....
സമ്പന്നനെങ്കിലും  ഹൃദയം നിറയെ നൻമയുള്ളയാളാണ് തോട്ടത്തിൽ രാധാകൃഷ്ണൻ നായർ എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
ഞാനോ....
ചാണകം മെഴുകിയ തറയിൽ ഓലക്കുടിലിൽ ഉണ്ണാനും ഉടുക്കാനുമില്ലാതെ കിടക്കുന്നവൻ...
എന്നോ ഉപേക്ഷിച്ചു പോയ അച്ഛനെയും ഓർത്ത് പ്രലോഭനങ്ങളിലൊന്നും വീഴാതെ അയൽവക്കങ്ങളിലെ അടുക്കളയിൽ.... വയലിൽ... പണിയെടുക്കുന്ന ലക്ഷ്മിയുടെ മകൻ....
അപ്പുറത്തേ വീട്ടിലെ ഉണ്ണിയ്ക്ക് പുതിയ സൈക്കിൾ കിട്ടിയപ്പോൾ പഴയത് ദാനമായി എനിയ്ക്ക് കിട്ടി. വിശക്കുമ്പോഴും സങ്കടം വരുമ്പോഴും ഞാനാ വഴിയിലൂടെ സൈക്കിളോടിക്കും...
അന്ന് അങ്ങനെ പോകുമ്പോഴാണ് വീണ്ടും അവളെ കണ്ടത്. കൂട്ടുകാരി കൂടെ ഇല്ലെന്ന് കണ്ടപ്പോൾ ഒരു വാക്ക് മിണ്ടാൻ തോന്നി. അടുത്ത് കൊണ്ടുചെന്ന് സൈക്കിൾ നിർത്തി. അവൾ ചുറ്റിലും നോക്കി പേടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ ചിരി വന്നു. "നിന്റെ പേരെന്താ? എത്രാം ക്ലാസിലാ പഠിക്കുന്നെ ?" എന്റെ ചോദ്യം കേട്ട് മുഖമുയർത്തി നോക്കി. കണ്ണുകളിൽ ഒരാശ്വാസം നിറയുന്നുണ്ട്. "കാർത്തിക, എല്ലാരും പൊന്നൂന്ന് വിളിയ്ക്കും. ഞാൻ 8ആം ക്ലാസിലാ പഠിക്കുന്നെ. അണ്ണന്റെ പേരെന്താ? " പിന്നെ ഒരു പെരുമഴയായിരുന്നു. ചോദ്യങ്ങളുടെ പെരുമഴ...
പിന്നെപ്പിന്നെ കാണുമ്പോൾ ചിരിയ്ക്കാൻ തുടങ്ങി...മിണ്ടാനും....
അവളുടെ സ്കൂളിൽ തന്നെയായിരുന്നു ഞാനും പഠിച്ചിരുന്നത്, 10-ാം ക്ലാസു വരെ ... നല്ല മാർക്കോടെ പാസായി. പക്ഷേ....പിന്നെ പഠിക്കാൻ ഒന്നും പോയില്ല. അമ്മയുടെ ആരോഗ്യം മോശമാണ്. അതുകൊണ്ട് കെട്ടിടംപണിയ്ക്കു പോയി തുടങ്ങി. ഒരു അനിയൻ ഉണ്ട്. അവനെ വിശപ്പറിയാതെ പഠിപ്പിച്ചു. കാലം കടന്നുപോയി.... ഞാനും പൊന്നുവും അടുത്ത കൂട്ടുകാരാണ് ഇപ്പോൾ. എന്തും പരസ്പരം തുറന്നു പറയുന്ന സൗഹൃദം. ഒരു ദിവസം വളരെ സങ്കടത്തിലാണ് പൊന്നു വന്നത്. അവൾ കൃഷ്ണൻ നായർ മെമ്മോറിയൽ കോളേജിൽ പ്രീഡിഗ്രി രണ്ടാം വർഷമാണ്. എനിയ്ക്ക് അന്ന് അവരുടെ വയലിലായിരുന്നു പണി. ക്ലാസു കഴിഞ്ഞ് അന്നത്തെ വിശേഷങ്ങളുമായി അവൾ എന്നെ കാണാൻ വരാറുണ്ട്. ലൈബ്രറിയിൽ നിന്നെടുത്ത നല്ല ചില പുസ്തകങ്ങളും കൊണ്ടു തരും. ചിലപ്പോഴൊക്കെ അവളുടെ അച്ഛനും കൂടെ ഉണ്ടാവും.
അന്ന് അവളൊറ്റയ്ക്കാണ് വന്നത്.

ബസ് സ്റ്റോപ്പിൽ ഒരു ചായക്കടയുണ്ട്. ചേലങ്ങേലെ മുതലാളിയുടെയാണ് ആ കട. നല്ല ദോശയും സാമ്പാറും, പുട്ടും പഴവും, പാലപ്പവും മുട്ടക്കറിയും, വെട്ടുകേക്കുമൊക്കെ കിട്ടുന്നതു കൊണ്ട് എപ്പോഴും കടയിൽ തിരക്കാണ്. ഉമ്മയുടെ കൈപ്പുണ്യം നാട്ടിലൊക്കെ പ്രശസ്തമാണ്.
അന്ന് പൊന്നു ബസിറങ്ങി നടക്കാൻ തുടങ്ങുമ്പോൾ പരിമ്പ്രത്തെ വേണു അവളോട് ചെന്ന് ഇഷ്ടമാണെന്ന് പറഞ്ഞെന്ന്. വേണുവും ഞാനും ഒരുമിച്ചു പഠിച്ചതാ.... പെൺകുട്ടികൾ അവനൊരു ഭ്രമമാണ്. സ്കൂളിൽ വച്ച് എത്രയോ പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നു. പൊന്നു അവനോട് താത്പര്യം ഇല്ലെന്ന് പറഞ്ഞിട്ട് മുന്നോട്ട് നടന്നു. ഓരോന്ന് പറഞ്ഞ് അവനും പിന്നാലെ കൂടി. വയലിന് മുമ്പുള്ള തെങ്ങിൻ തോപ്പിൽ വച്ച് അവൻ അവളുടെ കയ്യിൽ കയറിപ്പിടിച്ചു. ബലപ്രയോഗത്തിനിടയിൽ അവളുടെ കയ്യിലെ കുപ്പിവളകളൊക്കെ പൊട്ടി കൈയ്യാകെ ചോരയൊലിച്ചിരിക്കുകയാണ്. തലയിൽ കെട്ടിയിരുന്ന തോർത്തഴിച്ച് വേഗം അവളുടെ കൈ തുടച്ച് കുളത്തിലെ വെള്ളത്തിൽ കൊണ്ടു പോയി കൈ കഴുകി വൃത്തിയാക്കി ആശ്വസിപ്പിച്ചു വീട്ടിലേക്ക് വിട്ടു. തൽക്കാലം അച്ഛനോട് ഒന്നും പറയണ്ട. വേണുവിന്റെ കാര്യം ഞാൻ നോക്കിക്കോളാം എന്ന് വാക്കു കൊടുത്തു. അന്നു വൈകിട്ട് മുഴുവൻ അതു തന്നെയായിരുന്നു ആലോചന. രാത്രി 8 - മണിയൊക്കെയായപ്പോൾ പരിമ്പ്രത്തേക്ക് പോയി. വേണുവിനെ കണ്ടു. ഒന്നുമറിയാത്തതു പോലെ അവൻ എന്നോട് സംസാരിച്ചു. പതിയെ അവനേ വിളിച്ച് പുറത്തേക്ക് നടന്നു... ഏലാത്തോടിന്റെ കരയിലേക്ക്. അവിടെ ചെന്നപാടെ പിടിച്ച് രണ്ടെണ്ണം പൊട്ടിച്ചു.
ആദ്യമൊന്ന് പകച്ചെങ്കിലും കാര്യം മനസിലായപ്പോൾ അവന്റെ ശൈലി മാറി.. "നിന്റെ പെണ്ണാണെന്ന് അറിഞ്ഞില്ലാ.. ഇനി പിന്നാലെ നടക്കില്ല " എന്ന് ക്ഷമ ചോദിച്ചു. പിന്നെ അവനെ സമാധാനത്തിൽ വിളിച്ച് അടുത്തിരുത്തി പറഞ്ഞു. " അവൾ എന്റെ പെണ്ണല്ല. അവളുടെ അമ്മാവന്റെ മകൻ കാർത്തികേയനുമായി അവൾ ഇഷ്ടത്തിലാണ്. പിന്നെ, എനിയ്ക്ക് ... അവളെന്റെ ഏറ്റവും നല്ല കൂട്ടുകാരിയാണ്. അവളുടെ കണ്ണുനിറയുന്നത് ഞാൻ കണ്ടുനിൽക്കില്ല " എന്ന്. തൃപ്തിയില്ലാത്ത ഒരു മൂളലായിരുന്നു അവന്റെ മറുപടി. അവന്റെ ഉള്ളിൽ നുരഞ്ഞുയർന്ന പക ഞാൻ തിരിച്ചറിഞ്ഞില്ല, പിറ്റേന്ന് അവളുടെ അച്ഛൻ എന്നെ പിടിച്ചു നിർത്തി അടിയ്ക്കും വരെ. ഞാനും പൊന്നുവും തമ്മിൽ ഇഷ്ടത്തിലാണെന്നും അത് ശരിയല്ലെന്ന് പറഞ്ഞതിന് ഞാൻ അവനെ ഉപദ്രവിച്ചെന്നുമൊക്കെ അവൻ അദ്ദേഹത്തോട് പറഞ്ഞു. മോശമായ ചില സാഹചര്യങ്ങളിൽ ഞങ്ങളെ വയൽ വരമ്പിൽ കണ്ടിട്ടുണ്ടെന്നും കൈമാറുന്ന പുസ്തകങ്ങൾക്കിടയിൽ കത്തുകൾ ഒളിപ്പിക്കുന്നുവെന്നുമൊക്കെ പൊടിപ്പും തൊങ്ങലും വച്ച് കഥ മെനഞ്ഞ് അവൻ ഞങ്ങളെ ശത്രുക്കളാക്കി. പൊന്നുവിന്റെ കല്യാണം ഉടനേ തന്നെ നടത്താൻ അവർ തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് കുറച്ചു പൈസ ശരിയാക്കിയാൽ ഗൾഫിലേക്കൊരു വിസ ഒപ്പിച്ചുതരാമെന്ന് അമ്മയുടെ ഒരകന്ന ബന്ധു പറയുന്നത്. ഉണ്ടായിരുന്ന വീടും വസ്തുവും പണയത്തിലാക്കി പൈസ ഒപ്പിച്ചു കൊടുത്തു. പെട്രോൾ പമ്പിലായിരുന്നു ജോലി. കിട്ടുന്ന ശമ്പളം മിച്ചം പിടിച്ചൊരു ചെറിയ വീട് വച്ചു. അനിയനു ഗവൺമെന്റ് ജോലിയായി. അവൻ കൂടെ ജോലി ചെയ്ത പെൺകുട്ടിയെ കല്യാണം കഴിച്ചു. ഇതിനിടെയെങ്ങും ഞാൻ നാട്ടിലേക്ക് വന്നേയില്ല. അമ്മയെ കാണുമ്പോഴൊക്കെ പൊന്നു എന്നെ തിരക്കാറുണ്ട്. 42 വർഷം കഴിഞ്ഞു.... ഇന്നോളം ഒരു വിവാഹം കഴിയ്ക്കാൻ തോന്നിയിട്ടേയില്ല. അമ്മയ്ക്കിപ്പോ 82 വയസായി. ഈയിടെയായി ചിലആരോഗ്യപ്രശ്നങ്ങൾ ഉണ്ട്... എന്നെ കാണണമെന്നും പറഞ്ഞ് കരച്ചിൽ ആണ്...
അതു ഞാൻ ഇവിടെ വന്നതു മുതൽ അമ്മ അങ്ങനെയാണ്...
അല്ലെങ്കിലും കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞാണല്ലോ...
എനിയ്ക്കും അമ്മയേം അനിയനേമൊക്കെ കാണാൻ തോന്നാറുണ്ട് പക്ഷേ.... ടിക്കറ്റെടുക്കാൻ ചിന്തിക്കുമ്പോഴേക്കും പിന്നീടാവാമെന്ന് തോന്നും. അങ്ങനെ നീണ്ടു നീണ്ടു 42 വർഷങ്ങൾ കഴിഞ്ഞു. 23 ആം വയസ്സിൽ വിമാനം കയറിയതാണ്. ഞാൻ കണ്ണാടിയിലേക്കൊന്നു നോക്കി. കറുത്ത കനമുള്ള മുടി കൊഴിഞ്ഞ് കഷണ്ടിയായിട്ടുണ്ട്. ചെവിയ്ക്കിരുവശവുമുള്ള മുടിയും താടിയുമൊക്കെ നരച്ചിരിക്കുന്നു. ചെറുതായി കുടവയറുണ്ട്. നെഞ്ചിലെ രോമങ്ങൾക്കിടയിലും വെളുപ്പ് കലർന്നിട്ടുണ്ട്. പൊന്നുവും നരച്ചിട്ടുണ്ടാവുമോ? നാട്ടിൽ ആകെയുള്ള സൗഹൃദം അവളാണ്. ഇത്രയും വർഷങ്ങൾ കഴിഞ്ഞും സ്നേഹം നിറഞ്ഞ ആ കണ്ണുകളും ചിരിയും ഓർമ്മയിൽ പോലും ആശ്വാസം പകരുന്നുണ്ട്. ഇത്തവണ നാട്ടിലെത്തണം. ഇന്ന് ജൂലൈ 15 ആണ്.ആഗസ്റ്റ് 15- സെപ്റ്റംബർ 20 ആണ് ലീവ്. ടിക്കറ്റെടുത്തു. പിന്നീടൊരു തിരക്കായിരുന്നു. ഓരോരുത്തർക്കും വേണ്ടി സമ്മാനങ്ങൾ വാങ്ങിച്ചു. അനിയനൊരു മൊബൈൽ. അവന്റെ ഭാര്യയ്ക്ക് , അനിയത്തിയ്ക്ക്, ഒരു വാച്ച്. കുഞ്ഞിന് കുറച്ച് ഡ്രസും കളിപ്പാട്ടവും . അമ്മയ്ക്ക് .... അമ്മയ്ക്കെന്താ വാങ്ങേണ്ടത്? അറിയുന്നില്ല.... കുറച്ച് നട്ട്സും ബദാമും ഒന്നു രണ്ടു സാരിയും ഒരു സ്വർണ്ണമാലയും വാങ്ങി. പൊന്നുവിന്....
അവൾക്ക് ഞാൻ ഒന്നും വാങ്ങിയില്ല...
ആഗസ്റ്റ് 15 ന് നാട്ടിലെത്തി.
എന്തൊരു മാറ്റമാണിവിടെ.!!!
എന്റെ നാടല്ല ഇതെന്ന് തോന്നുന്നു.
അമ്മ കെട്ടിപ്പിടിച്ച് കുറേ കരഞ്ഞു...
സദ്യവട്ടമൊരുക്കി അനിയനും ഭാര്യയും കാത്തിരിക്കുകയായിരുന്നു. ഊണു കഴിഞ്ഞൊന്നുറങ്ങിയിട്ട് വൈകുന്നേരം പൊന്നുവിന്റെ വീട്ടിലേക്ക് പോയി.. അവളുടെ അച്ഛനും വയസ്സായി. കണ്ടിട്ട് എന്നെ മനസിലായില്ല. പേരു പറഞ്ഞപ്പോൾ കണ്ണിൽ കുറ്റബോധം നിറയുന്നതു കണ്ടു. പൊന്നു പിറ്റേ ദിവസം വരുന്നുണ്ടത്രേ... അന്നുമുഴുവൻ വല്ലാത്തൊരു വെപ്രാളമായിരുന്നു. അവളെ കാണാൻ ....
ആദ്യമായെന്റെ കണ്ണിലൂറിയ പ്രണയം തിരിച്ചറിഞ്ഞതും തിരുത്തിയതും സുഹൃത്തായ് കൂടെ വേണമെന്ന് ആവശ്യപ്പെട്ടതും അവളാണ്.
ആ വാക്കു പാലിക്കുവാനാണിന്നോളം ഒരു വിവാഹത്തെക്കുറിച്ച് ആലോചിക്കാഞ്ഞതും .
പൊന്നുവുമായുള്ള സൗഹൃദത്തിന് ഭാര്യ തടസമുണ്ടാക്കിയാലോ ...?
ഓരോന്നാലോചിച്ചിരുന്ന് രാത്രി വൈകിയാണ് ഉറങ്ങിയത്. പിറ്റേന്ന് ഉച്ചയൂണും കഴിഞ്ഞ് പൊന്നുവിന്റെ വീട്ടിലേക്കിറങ്ങി. ഏലാത്തോടിനടുത്തെത്തിയപ്പോൾ പൊന്നുവിനെ കണ്ടു. വരുന്ന വഴിയാണ്. മുടിയൊക്കെ നരകയറിത്തുടങ്ങി. കണ്ണുകൾ ലേശം കുഴിഞ്ഞ് വിഷാദാത്മകമായിരിക്കുന്നു. എങ്കിലും ആ തിളക്കം ... അതു നഷ്ടമായിട്ടില്ല. കൂടെ ആരുമില്ല.... അപ്പോഴാണ് ഞാൻ ഓർക്കുന്നത്. പൊന്നു എന്നെക്കുറിച്ച് ചോദിച്ചു എന്ന് മാത്രമേ അമ്മ പറഞ്ഞിട്ടുള്ളൂ. അവളെക്കുറിച്ച്
ഞാൻ ഒന്നും ചോദിച്ചിട്ടില്ല. അമ്മ ഒന്നും പറഞ്ഞിട്ടുമില്ല. വീട്ടിലേക്ക് നടക്കുന്നതിനിടെ അവളെല്ലാം പറഞ്ഞു. കല്യാണം കഴിഞ്ഞ് ആഗ്രഹിച്ചതു പോലെ സന്തോഷം നിറഞ്ഞ... സ്നേഹം നിറഞ്ഞ 3 വർഷക്കാലത്തെ ജീവിതം. ഗർഭിണിയായി 5ാം മാസത്തിലെ ആക്സിഡന്റ്... കാർത്തികേയന്റെ മരണം...
അലസിപ്പോയ ഗർഭം...
നില തെറ്റിയ മനസുമായുള്ള രണ്ടു വർഷക്കാലത്തെ ആശുപത്രിജീവിതം...
പിന്നെയിത്ര കാലവും ഒറ്റയ്ക്ക്....
അച്ഛനും അമ്മയ്ക്കും സഹോദരനും ഭാരമാവാതെ...
മിണ്ടാനായില്ല തിരിച്ചൊന്നും...
ഞങ്ങൾ നടന്ന് അവളുടെ വീടെത്തി...
അച്ഛൻ സന്തോഷത്തോടെ മകളെ ചേർത്തു നിർത്തി...
ഒരാഴ്ച നിൽക്കാനുണ്ടാവുമെന്നാണ് അവൾ പറഞ്ഞത്. ദിവസങ്ങൾ കടന്നുപോയത് അറിഞ്ഞില്ല.

ഓർമ്മകളിൽ നിന്നുണർന്ന് കലണ്ടർ എടുത്തു നോക്കി.
ഇന്ന് ബുധൻ...
ഇന്നാണ് അവൾ തിരികെ പോകുന്നത്. യാത്രയാക്കാനോടി ചെന്നു ഞാനും...
യാത്രപറഞ്ഞിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...
ഞാൻ അവളുടെ അച്ഛന്റെ ചാരു കസേരയ്ക്കരികിലേക്ക് ചെന്നു മുട്ടുകുത്തി അടുത്തിരുന്നു....
പതിയെ ചോദിച്ചു....
"ഇനി എനിയ്ക്കു തരുമോ ഈ പൊന്നുവിനെ?"
അവളതു കേട്ട് ഞെട്ടിത്തിരിഞ്ഞു.
അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി എന്റെ കൈകൾ നനയ്ക്കാൻ തുടങ്ങി.
ഞാൻ അവളെ തിരിഞ്ഞൊന്ന് നോക്കി. കണ്ണുകൾ തുളുമ്പുന്നുണ്ട്. പഴയ പാവാടക്കാരിയെ ഓർമ്മ വന്നു. പതിയെ അടുത്ത് ചെന്നു. കൈ നീട്ടി.... മറ്റേതോ ലോകത്തിലെന്നപോലെയാണവൾ നിൽക്കുന്നത്. പെട്ടെന്നാരോ അവളുടെ കൈ പിടിച്ചെന്റെ കയ്യിലേൽപിച്ചു...
നെറുകയിൽ തൊട്ട ആശീർവാദവുമായി അച്ഛൻ...
വാതിലിനടുത്തപ്പോൾ അവളുടെ അമ്മ നേര്യതിന്റെ തുമ്പുകൊണ്ട് കണ്ണു തുടക്കുന്നുണ്ടായിരുന്നു...
കൈകൾ കോർത്ത് ഞങ്ങളാ
ഏലാത്തോടിന്റെ കരയിലൂടെ....
ഇടവഴിയിലൂടെ .....
ഇനിയെത്ര കാതങ്ങൾ ....
ഇനിയെത്ര സ്വപ്നങ്ങൾ....
=============================
താത്രിക്കുട്ടി


അവൾ (കഥ)



അവർ ഒരുമിച്ച് പുറത്തേക്ക് പോകാൻ തയ്യാറാവുകയായിരുന്നു. പെട്ടെന്നാണ് കാളിംഗ് ബെൽ മുഴങ്ങിയത്. മാസ്ക് എടുത്തു വച്ചു കൊണ്ട് വാതിൽ തുറന്നപ്പോൾ മുറ്റത്ത് കാക്കി വേഷത്തിൽ കുറച്ചു പേർ. ഇതെന്താണിങ്ങനെ എന്ന് പകച്ചു നിൽക്കുന്നത് കണ്ട് അവർ പറഞ്ഞു. "പേടിക്കണ്ട സർ, ഞങ്ങൾ ഈ വീടും പരിസരവും സാനിറ്റൈസ് ചെയ്യാൻ വന്നതാണ്. 2 വീടിനപ്പുറത്ത് ഒരു സ്ത്രീക്ക് കൊറോണ പോസിറ്റീവ് ആയിട്ടുണ്ട് " എന്ന്. 
അവർ പറഞ്ഞ വീട് ശ്രീനിജയുടേതാണ്. അവിടെ അവളും മകനും മാത്രമേയുള്ളൂ. എന്റെ കണ്ണുകളിലെ നടുക്കവും വേദനയും ശ്രദ്ധിക്കുന്നുണ്ട് അടുത്തു നിൽക്കുന്ന ദിവ്യ. എന്റെ ചെറിയ മാറ്റം പോലും അവൾക്കറിയാം. തിരിച്ചെനിയ്ക്ക് അത്രയും കഴിയുമോന്ന് സംശയമാണ്. 
എനിയ്ക്കു വേണ്ടി അവൾ സംസാരിക്കാൻ തുടങ്ങി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കൊപ്പം ആരോഗ്യപ്രവർത്തകരും ഉണ്ടായിരുന്നു. ശ്രീനിയ്ക്കു മാത്രമാണ് പോസിറ്റീവ് ആയത്. മോനു കുഴപ്പമില്ല എന്നറിഞ്ഞു. അവളെ അവർ ഹോസ്പിറ്റലിലേക്ക് മാറ്റുകയാണെന്ന്. കുട്ടിയെ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലേക്ക് തത്കാലം മാറ്റാനാണത്രേ തീരുമാനം. കോഴിക്കോടുള്ള സഹോദരനും കുടുംബത്തിനും റിസ്ക് എടുക്കാൻ കഴിയില്ലെന്ന്. 
അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആ കുഞ്ഞിന്റെ മുഖം വല്ലാത്ത വേദനയുണർത്തി. ഞാൻ എന്തെങ്കിലും പറയും മുമ്പേ ദിവ്യ അവരോട് പറഞ്ഞു, കുഞ്ഞിനെ ഞങ്ങൾ ഇവിടെ നിർത്താൻ തയ്യാറാണ് , ശ്രീനിജയോടൊന്ന് സംസാരിക്കാൻ ആഗ്രഹമുണ്ടെന്ന്. എന്റെ കയ്യിൽ നമ്പറില്ലെന്നു മനസിലാക്കി അവൾ തന്നെ ആരോഗ്യപ്രവർത്തകരിൽ നിന്നു നമ്പർ വാങ്ങി വിളിച്ചു സംസാരിച്ചു. ഹൃദയം നിറഞ്ഞ കരച്ചിലായിരുന്നു മറുപടി. പിന്നെയൊന്നും ആലോചിച്ചില്ല. പെട്ടെന്ന് കുഞ്ഞിനെ വീട്ടിലെത്തിച്ചു. ഞങ്ങൾ പിന്നെ ഹോം ക്വാറന്റയിനിലായി 14 ദിവസത്തേക്ക്. 
നാൽപതുകളിലെത്തിയ ഞങ്ങൾ അങ്ങനെ ആദ്യമായി അച്ഛനുമമ്മയുമായി കുറച്ചു ദിവസത്തേക്ക്. 
ശ്രീനിയുടെ അതേ പ്രകൃതമാണ് മോനും. പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലാത്ത ഒതുങ്ങിയ പ്രകൃതം. ആ സ്വഭാവമാണല്ലോ ശ്രീനിയിലേക്കെന്നെ അടുപ്പിച്ചതും. 

അന്നും ഞങ്ങളിതു പോലെ അയൽവാസികൾ ആയിരുന്നു. നല്ലുണ്ണ്യൂരിലെ കുട്ടിക്കൂട്ടത്തിന്റെ നേതാവായിരുന്നു ഞാൻ. നിറഞ്ഞു കായ്ച്ചു നിൽക്കുന്ന മാവിനും നെല്ലിയ്ക്കും കല്ലെറിയാനും ചുവന്നു തുടുത്ത ചാമ്പക്ക പറിച്ചെടുക്കാനും ആറ്റിലെ വെള്ളത്തിൽ തോർത്ത് വിരിച്ച് മീൻ പിടിയ്ക്കാനും വയലിലിറങ്ങി വീട്ടിലെ പശുക്കൾക്ക് വേണ്ടുന്ന പുല്ലു പറിയ്ക്കാനും വഴിയിൽ കിടന്നു കിട്ടുന്ന കശുമാങ്ങ പെറുക്കിയെടുത്ത് ഒറ്റയ്ക്ക് താമസിക്കുന്ന കുങ്കിയമ്മൂമ്മയ്ക്ക് കൊടുത്ത് ചുട്ടെടുപ്പിക്കാനും കിട്ടുന്നത് കൃത്യമായി വീതം വെക്കാനും ഒക്കെ മുന്നിൽ ഞാൻ തന്നെ. എല്ലാ കാര്യത്തിലും കൂടെ നടക്കുമെങ്കിലും തന്റെ പങ്കു പോലും ചോദിച്ചു വാങ്ങാൻ ശ്രീനി നിൽക്കാറില്ല. മറ്റാരെങ്കിലും ചോദിച്ചാൽ കൊടുത്തിട്ടു പോകുകയും ചെയ്യും. ഞാൻ അതുകൊണ്ടു തന്നെ അവളെ പ്രത്യേകം ശ്രദ്‌ധിയ്ക്കാറുണ്ട്. 

ഓണത്തിനുള്ള വലിയ പൂക്കളം ഇടവഴിയിൽ ഇത്തവണ കുട്ടിളൊരുമിച്ചിടാൻ തീരുമാനിച്ചു. നല്ലുണ്ണിമലയിൽ നിറയെ തുമ്പപ്പൂവും മുക്കുറ്റിയുമുണ്ട്. ഞങ്ങൾ നാലഞ്ചുപേർ , ഞാൻ, കൊച്ചുകുട്ടൻ, രാഹുൽ ഇങ്ങനെ 3 ആൺകുട്ടികളും ശ്രീനി, അനു, ഇങ്ങനെ 2 പെൺകുട്ടികളും കൂടി ചേർന്ന് രാവിലെ 6 മണിയ്ക്ക് നല്ലുണ്ണിമലയിലേക്ക് പോയി. 
മഞ്ഞുതുള്ളി കനം തൂങ്ങുന്ന ചെറിയ പുൽത്തുമ്പ് കണ്ണിലിറ്റിച്ചും മേഘം പോലെ പാറിപ്പറക്കുന്ന വെള്ളമഞ്ഞിനെ ഊതിയകറ്റിയും  കൈവിടർത്തി വിമാനം പറക്കും പോലെ ഓടിയും ഞങ്ങൾ മല കയറി.  വലിയ വട്ടയിലയും തേക്കിലയും പറിച്ച് ഈർക്കിലു കൊണ്ട് കുമ്പിളു കുത്തിയെടുത്തിട്ടുണ്ട്. അതിൽ പറിച്ചിടുന്നത് നിറയുമ്പോൾ കൊണ്ടു വന്ന വലിയ പ്ലാസ്റ്റിക് കവറിൽ കൊണ്ടു പോയി ഇടും. കൂട നിറയെ പൂക്കളുമായി പാട്ടും പാടി തിരികെയിറങ്ങുമ്പോൾ പിന്നിൽ ഒരു കരച്ചിലുറക്കെ കേൾക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ ശ്രീനിയെ കാണാനില്ല. തിരിച്ചോടി നോക്കുമ്പോൾ കല്ലിൽ തട്ടി വീണു മുട്ടു മുറിഞ്ഞ് ചോരയുമൊലിച്ച് കരയുന്നു. എന്നെ കണ്ടതും കരച്ചിലിന്റെ ശബ്ദം കൂടി. മുറിവിലേക്ക് ഊതി കൊടുത്ത് കെട്ടിപ്പിടിച്ച് ആശ്വസിപ്പച്ചോൾ ചെറിയൊരു ചിരി അവളുടെ ചുണ്ടിൽ. ഉടുത്തിരുന്ന ഒറ്റമുണ്ടിന്റെ അറ്റം കൊണ്ട് ചോര തുടച്ച് അവളെ തോളിലെടുത്ത് മലയിറങ്ങുമ്പോൾ ഞാനെന്റെ മനസിലൊരു നായകനാവുകയായിരുന്നു.. ആ പതിനഞ്ചുവയസുകാരന്റെ സ്വപ്നങ്ങളിലെ നായികയ്ക്ക്  അഞ്ചു വയസിനിളപ്പമുള്ള ശ്രീനിയുടെ മുഖമായിരുന്നു. അന്നുമുതൽ അവളും എന്തിനുമേതിനും അഭിയേട്ടാ എന്നു വിളിച്ചു പിന്നാലെ കൂടി. അവളുടെ വീട്ടിലും ഞാനൊരംഗത്തെപ്പോലെയായിരുന്നു. കൗമാരത്തിൽ നിന്നും യൗവ്വനത്തിലേക്കെത്തുമ്പോഴേക്കും ഞങ്ങൾ പ്രണയത്തിന്റെ വസന്തം തീർക്കുകയായിരുന്നു. രണ്ടു വീട്ടുകാർക്കും സമ്മതമായിരുന്നതുകൊണ്ട് തന്നെ ഞങ്ങൾക്ക് കുറച്ച് സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.
പിന്നെയെപ്പോഴാണ് എല്ലാം മാറിമറിഞ്ഞത്....???
അച്ഛൻ മരിച്ച് വീട്ടിൽ കടം കയറിയപ്പോൾ ....!!!
ജോലി കിട്ടാതെ കാത്തിരിപ്പു നീണ്ടപ്പോൾ ....!!!
അല്ല.... അപ്പോഴൊക്കെയും അവർ കൂടെ നിന്നിരുന്നു.
വർഷങ്ങളായി പിണങ്ങി കഴിഞ്ഞിരുന്ന അവളുടെ അച്ഛൻ പെങ്ങളും കുടുംബവും തിരികെയെത്തിയപ്പോൾ ...
അപ്പോഴാണെല്ലാം കൈവിട്ടു തുടങ്ങിയത്....
അപ്പച്ചിയ്ക്ക് ശ്രീനിയെ വലിയ ഇഷ്ടമായിരുന്നു. ഉണ്ടക്കണ്ണും നീണ്ടമൂക്കും  ചുരുണ്ട മുടിയുമായി അവൾ അപ്പച്ചിയെപ്പോലെയുണ്ടെന്ന് എല്ലാവരും പറയുമായിരുന്നു. അപ്പച്ചിക്കാണേൽ എന്നോട് കാരണമറിയാത്ത വല്ലാത്ത ഒരു ഇഷ്ടക്കേടും ഉണ്ട്. അപ്പച്ചിയോടൊപ്പം മകനും വന്നിട്ടുണ്ട്.
അപ്പച്ചിയുടെ മകൻ .... രോഹിത് ...
വെളുത്തു തുടുത്തൊരു സുന്ദരൻ.... എന്നേക്കാൾ രണ്ടു വയസിന് ഇളയതാണ്... പക്ഷേ കമ്പ്യൂട്ടർ രംഗത്ത് ജോലിയുണ്ട്.  മിടുക്കനാണ്. രോഹിത്തിനു വേണ്ടി അപ്പച്ചി ശ്രീനിയെ ആലോചിച്ചു. ആദ്യമൊക്കെ അവളുടെ അച്ഛനുമമ്മയും എന്റെ കാര്യമൊക്കെ അവരോട് പറഞ്ഞു, എതിർത്തു. പക്ഷേ എനിയ്ക്ക് രോഹിത്തിനോളം സൗന്ദര്യമോ സമ്പത്തോ ജോലിയോ ഇല്ലാത്ത കാരണം പറഞ്ഞ് അവരെക്കൊണ്ടൊക്കെ സമ്മതിപ്പിക്കുവാൻ അപ്പച്ചിയ്ക്കു കഴിഞ്ഞു. ശ്രീനി, കൂടെ ഇറങ്ങി വരാമെന്ന് കരഞ്ഞു കാലു പിടിച്ചെങ്കിലും അവളുടെ അച്ഛന്റെ ആത്മഹത്യാ ഭീഷണിയും എന്റെ അപകർഷതാബോധവും എന്നെ അതിന് അനുവദിച്ചില്ല. പിന്നെ കുറേ കാലം ഒന്നുമറിഞ്ഞില്ല. കലാലയ ജീവിതത്തിലെ എന്റെ സുഹൃത്ത്, ഞാനറിയാതെയെന്നെ പ്രണയിച്ചു നടന്ന ദിവ്യ പിന്നീടെന്റെ സഖിയായി. കഴിഞ്ഞ വർഷമാണ് യാദൃശ്ചികമായി പിന്നെ ശ്രീനിയെ കാണുന്നത്. അവളനുഭവിച്ച ദുരിതങ്ങൾ ആ കണ്ണുകളിൽ വായിയ്ക്കാമായിരുന്നു. ഉണ്ടക്കണ്ണുകൾ കുഴിഞ്ഞു കറുത്തിരുന്നു. കഴുത്തിലെ എല്ലു തെളിഞ്ഞ് തൊലിയില്ലാത്ത പോലെ തോന്നി. എന്നോ ഊരിമാറ്റിയ മൂക്കുത്തിയുടെ അടയാളം എന്നെ പഴയതെന്തൊക്കെയോ ഓർമ്മിപ്പിച്ചു.
 ദിവ്യയാണ് അന്നും സംസാരിച്ചത്. അടുത്ത വീട്ടിലാണ് താമസമെന്നത് അതിശയമായി തോന്നി. അകാലത്തിലെ വൈധവ്യവും കഷ്ടപ്പാടും അവളെ മറ്റാരോ ആക്കി മാറ്റിയിരുന്നു. ദിവ്യ ഫോൺ നമ്പർ ചോദിച്ചിട്ടും കൊടുക്കാതിരുന്നത് അവളുടെ കഷ്ടപ്പാടുകൾ ഞങ്ങളറിയാതിരിയ്ക്കാനാണെന്ന് മനസിലായതുകൊണ്ട് പിന്നീടൊരിയ്ക്കലും ഞങ്ങൾ പരിചയം പുതുക്കാൻ വേണ്ടി പോലും കണ്ടില്ല.... ഒന്നും മിണ്ടിയുമില്ല. 
ഇന്നിപ്പോ അവളുടെ മകൻ കുറച്ചു ദിവസത്തേക്കെങ്കിലും ഞങ്ങൾക്കൊപ്പം.... ദിവ്യ അവനോട് എന്നെ അച്ഛാ എന്ന് വിളിയ്ക്കാൻ പറഞ്ഞു. അവളെ അമ്മേ  എന്നും. ഒന്നര മാസം കഴിഞ്ഞു. അസുഖം മാറി അവൾ തിരികെ വന്നു... മുഖത്ത് നോക്കാനേറെ പ്രയാസപ്പെട്ടു ഞങ്ങൾ പരസ്പരം... 
ഇപ്പോൾ ഇടയ്ക്ക് അവൻ.... ആദി... ഞങ്ങൾക്കൊപ്പം വന്നു നിൽക്കാറുണ്ട്... 
വിധിയെന്താണ് കാത്തു വയ്ക്കുന്നതെന്നറിയില്ലല്ലോ....
എന്തായാലും ഇപ്പോൾ ഞങ്ങൾ സന്തോഷത്തിലാണ്... രണ്ട് അമ്മമാരെ കിട്ടിയതിന്റെ .... പുതിയൊരു അച്ഛനെ കിട്ടിയതിന്റെ സന്തോഷം ആദിയ്ക്കും.... ഒരു മകനെ കിട്ടിയ സന്തോഷം  ഞങ്ങൾക്കും...
അവൾ.....
ശ്രീനി... 
ഇപ്പോഴും പഴയതു പോലെ തന്നെ.... ഒന്നും ആവശ്യപ്പെടാതെ... 
സ്നേഹം മാത്രം നിറഞ്ഞ ഹൃദയവുമായി ....
=================
താത്രിക്കുട്ടി



ഇവിടെ ഈ കഥ അവസാനിയ്ക്കുകയാണ് (കഥ )



"ഇവിടെ ഈ കഥ അവസാനിയ്ക്കുകയാണ്." ഡയറിയുടെ അവസാനതാളും എഴുതി നിറച്ചിട്ട് അവൾ എഴുന്നേറ്റു. തന്റെ മുറിയിലെ അഴിയില്ലാ ജനാലയുടെ വെളുത്ത വിരി നീക്കി കണ്ണാടിച്ചില്ലുകൾക്കപ്പുറമുള്ള കാഴ്ചകളിലേക്ക് കണ്ണുനീട്ടി. മ്യൂസിയത്തിന്റെ യും കനകക്കുന്നിന്റെയും പച്ചക്കാഴ്ചകൾക്ക് ഇത്രയേറെ ഭംഗിയുണ്ടായിരുന്നോ? ആലോചിക്കുന്നതിനിടെ അവളുടെ കൈകൾ സ്വപ്നത്തിലെന്നപോലെ ആ ജനാലയുടെ വാതിലുകൾ മെല്ലെ തുറന്നു. 
അകത്തേക്കടിച്ചു കയറുന്ന കാറ്റിന് നേരിയ തണുപ്പുണ്ട്. മഴ തുടങ്ങിയതിൽപ്പിന്നെ യാണിങ്ങനെ. അതുവരെ ഈ 20 ആം നിലയിലെ ജനാല തുറക്കാനേ കഴിയില്ലായിരുന്നു. അത്ര ചൂടാണ്. തൊലിയൊക്കെ വരണ്ടുണങ്ങി വല്ലാതെ നീറും. ആ ചൂട് സഹിക്കാനാകാതെയാണ് നന്ദേട്ടനും കൂടി ഇവിടെ സ്ഥിരമായി നിൽക്കാൻ തുടങ്ങിയ ശേഷം, AC വാങ്ങിയത്. ഒരുമിച്ച് നിൽക്കാൻ തുടങ്ങിയപ്പോൾ സ്നേഹവും വല്ലാതെ കൂടി. ഒരിക്കലുമവസാനിക്കരുതേ ഈ സ്നേഹമെന്ന് പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു ഞാൻ. കൈവിട്ടു പോകുമെന്ന് കരുതിയതൊക്കെയും തിരിച്ചു കിട്ടിയതിന്റെ അഭിമാനമായിരുന്നു എനിയ്ക്ക്. ഒന്നുമാകാതെ പോകുന്നെന്ന ചിന്ത ഉള്ളിലുണരും മുമ്പേ ഏട്ടന്റെ ലക്ഷ്യങ്ങളൊക്കെ പൂർത്തിയാക്കാൻ സ്വന്തം പദവിയും അഭിമാനവും ഒന്നും നോക്കാതെ പലരോടും ഞാൻ കെഞ്ചിയിട്ടുണ്ട്. കൂട്ടുകാരുമൊത്തുളള മദ്യപാനത്തെക്കുറിച്ചറിഞ്ഞപ്പോഴൊക്കെ തല വല്ലാതെ കുനിഞ്ഞ് അപമാനിതയാകുകയായിരുന്നു ഞാൻ. അടിസ്ഥാന സ്വഭാവം മാറ്റാനാവുകയില്ലെന്ന് ഓർക്കാത്തതെന്താണ് ഞാൻ?

ഓർമ്മകളിങ്ങനെ വേലിയേറ്റം പോലെ മനസ്സിന്റെ കര കവിയുന്നു. ഞാൻ വൈഗ വിശ്വനാഥ്. തിരുവനന്തപുരത്ത് എത്തിയിട്ട് 30 വർഷത്തോളമായി. കല്യാണത്തിനു മുമ്പേ തന്നെ ഇവിടെയാണ്. ലോ ഡിപ്പാർട്ട്മെന്റിലാണ്. ഭർത്താവ് നന്ദകുമാർ വക്കീലാണ്.
 നന്ദേട്ടൻ മറ്റെന്തിനേക്കാളും ... ആരെക്കാളും ...എനിക്കേറെ പ്രിയപ്പെട്ടതാണ്. ഏട്ടൻ പറയുന്നതൊക്കെയും വാക്കുകളിലൂടെ തന്നെ ഞാൻ വിശ്വസിക്കുമായിരുന്നു. അതായിരുന്നു എന്റെ ഏറ്റവും വലിയ അബദ്ധവും.

1980-ൽ പ്രീഡിഗ്രി ക്ലാസ് മുറിയിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. സീനിയേഴ്സിലെ തീപ്പൊരി പ്രാസംഗികനായ രാഷ്ട്രീയക്കാരനെന്ന ലേബൽ ഉണ്ടായിരുന്നതുകൊണ്ടു തന്നെ ഞങ്ങൾക്ക്, ഞങ്ങൾ കൂട്ടുകാർ 4 പേരുണ്ട്, നന്ദേട്ടനെ ഇഷ്ടമേയല്ലായിരുന്നു. പിന്നീടൊരിയ്ക്കൽ കൂട്ടുകാരനൊപ്പം എന്റെ വീടെന്നറിയാതെ ചോർന്നൊലിച്ചു തകർന്നു കിടക്കുന്ന വീട്ടിലെത്തി. ഔപചാരികതയുടെ ഭംഗിയ്ക്കു വേണ്ടി അകത്തേക്ക് വിളിച്ചു. കുടിയ്ക്കാൻ കട്ടൻ കാപ്പിയും കൊടുത്ത് അമ്മയേയും അനിയത്തിയേയും പരിചയപ്പെടുത്തി.അന്നത്തെ സംഭാഷണം ഞങ്ങളെ ഒരു സൗഹൃദത്തിന്റെ വഴിയിലെത്തിച്ചു. ഡിഗ്രി പഠനം കഴിഞ്ഞെങ്കിലും പാസാവാതെ പുറത്തിറങ്ങിയ നന്ദേട്ടൻ ഇടയ്ക്ക് തന്റെ പ്രിയതമയെ, പ്രിയയെ (അതാണവളുടെ പേര് ) കാണാൻ വരാറുണ്ടായിരുന്നു. അവരുടെ സ്വകാര്യസംഭാഷണങ്ങളൊക്കെ കഴിഞ്ഞ് എന്റെ ക്ലാസിലേക്ക് വരുന്നതും കാത്ത് ഞാനും നീലിമയും വരാന്തയിൽ നിൽക്കും. എത്ര നേരം നിൽക്കേണ്ടിവരുമെന്ന് അറിയാത്തതു കൊണ്ട് ബസിന്റെ സമയമാവുമ്പോ നീലിമ പോകും. പിന്നെ ഞാനൊറ്റയ്ക്ക് ആ വാകച്ചോട്ടിൽ കാത്തു നിൽക്കും. പ്രിയയെ കൊണ്ടുപോയി ബസ് കയറ്റിവിട്ടിട്ട് വരുവോളവും ഞാനവിടെയുണ്ടാകും. പിന്നെ കുറച്ച് ലോകവർത്തമാനങ്ങളും സ്വപ്നങ്ങളും വിഷമങ്ങളുമൊക്കെ പറഞ്ഞു പറഞ്ഞ് കായൽക്കാറ്റേറ്റ് റോഡിലൂടെ നടക്കുമ്പോൾ കൂട്ടുകാരിൽ ചിലർ ചോദിച്ചിട്ടുണ്ട് - നിങ്ങൾ സുഹൃത്തുക്കൾ ആണോ അതോ പ്രണയികൾ ആണോ എന്ന്. ചോദ്യം കേൾക്കുമ്പോൾ ഞങ്ങളും പരസ്പരം നോക്കി ചിരിക്കും. മറുപടി ഏട്ടന്റെയാണ്. "ശരിയായ സൗഹൃദത്തിനും പ്രണയത്തിനും ഇടയിലെ അതിർവരമ്പ് ഒരു നൂൽപ്പാലം പോലെ ചെറുതാണ്.. ഞങ്ങൾ അവിടെയാണ് ". എന്ന്.
   പിന്നൊരു കാലം ഏട്ടനും പ്രിയയും തമ്മിലകന്നു. ഞാനും ചില പ്രശ്നങ്ങളിൽപെട്ട് ഒറ്റയ്ക്കായതുപോലെയായി. അങ്ങനെയൊരു ദിവസമാണ് എന്റെ ഉരുണ്ട കാൽപാദത്തിൽ നീണ്ട വിരലുകൾ കൊണ്ടമർത്തി സ്നേഹച്ചൂടിലെന്നെ ചേർത്ത് നിർത്തി " നീ വിഷമിക്കണ്ട. നിനക്കൊപ്പം ഏതു സാഹചര്യത്തിലും ഞാനുണ്ടാകും" എന്ന് വാഗ്ദാനം ചെയ്തത്. ആ ചെമ്പൻകണ്ണുകളിലപ്പോൾ എന്നോടുള്ള സ്നേഹം നിറഞ്ഞു കവിയുകയായിരുന്നു. പതിയെ ഞങ്ങളിലെ പ്രണയത്തിന്റെ ആഴം കൂടിക്കൊണ്ടിരുന്നു. ഒരുമിച്ചുള്ള ലോ കോളേജ് പഠനകാലം അതിനൊരു ഇന്ധനവുമായിരുന്നു. വിവാഹം സ്വപ്നം മാത്രമായേക്കാവുന്ന വിധം വിപരീതമായിരുന്നു സാഹചര്യങ്ങൾ. എതിർപ്പു കളെയൊക്കെ അനുകൂലമാക്കി 29 വർഷങ്ങൾക്കു മുൻപ് ഞങ്ങൾ വിവാഹിതരായി. അധികം കഴിയും മുമ്പേ ലച്ചു തന്റെ വരവറിയിച്ചു.

 പ്രത്യേകിച്ചൊരു സമയക്രമമനുസരിച്ചുള്ള ജോലിയല്ലല്ലോ വക്കീൽപ്പണി. അതുകൊണ്ടു തന്നെ ഞാൻ നാട്ടിലുണ്ടായാൽ പോലും ഏറെ വൈകിയേ ഏട്ടൻ വീട്ടിലെത്താറുള്ളൂ. എല്ലാവരും കിടന്ന് ഒന്നുരണ്ടുറക്കം കഴിയുമ്പോഴും ഞാനാ ഹാളിൽ കാത്തിരിക്കുന്നുണ്ടാവും, ഉറങ്ങാതെ, ഭക്ഷണം പോലും കഴിക്കാതെ. ഏട്ടൻ വന്നു കഴിഞ്ഞ് കഴിയ്ക്കാനെടുത്തു വെക്കാമെന്ന് പറയുമ്പോഴാവും "ഞാൻ കഴിച്ചിട്ടാ വന്നത് " എന്ന് കേൾക്കുന്നത്. എനിയ്ക്കപ്പോൾ വല്ലാതെ സങ്കടം വരും. ഒന്നു വിളിച്ചു പറയാമായിരുന്നില്ലേ എന്ന എന്റെ ചോദ്യത്തിന് ഉത്തരമേ പ്രതീക്ഷിക്കരുത്. ഒന്ന് കുളിച്ച് മൊബൈലും കൊണ്ട് കട്ടിലിലേക്ക് വീഴുമ്പോഴേക്കും " നീ കഴിച്ചോ?" എന്ന ചോദ്യം തിരികെ പ്രതീക്ഷിക്കണ്ട എന്ന് തിരിച്ചറിയുന്ന ഞാൻ അടുക്കള പൂട്ടി വന്നു കിടക്കും. കണ്ണുനിറഞ്ഞൊഴുകി തലയണ നനഞ്ഞ് പിന്നെപ്പോഴോ ഞാനുറങ്ങിപ്പോകും.
എങ്കിലും എനിയ്ക്ക് ഏട്ടൻ വരാതെ ഉറങ്ങാനാവുകയില്ല. അന്നും ഇന്നും അക്കാര്യത്തിൽ ഒരു മാറ്റവും ഇല്ല. 

ഏറ്റവും പ്രിയപ്പെട്ട 3, 4 പേർ തികച്ചും അപ്രതീക്ഷിതമായിട്ടാണ് അകലേക്കു മറഞ്ഞ്. ഉള്ളിലെ ഭീതി .... അതെന്നെ വല്ലാതെയിന്നും പിന്തുടരുന്നുണ്ട്.

കണ്ണു ചിമ്മും വേഗത്തിൽ വർഷങ്ങൾ കടന്നുപോയി. ഏറെ സ്നേഹമുള്ളിലുണ്ടെന്നറിയാവുന്നതു കൊണ്ട് എത്രയൊക്കെ പ്രതീക്ഷകൾ തെറ്റിയാലും ഞാൻ ഏട്ടന്റെ പിന്നാലെ നടക്കും. 
ലച്ചുക്കുട്ടി പുറത്തെത്തിയിട്ട് 6 മാസം കഴിഞ്ഞു. ഞങ്ങൾ തിരുവനന്തപുരത്തും ഏട്ടൻ എറണാകുളത്തും. ആഴ്ചാവസാനങ്ങളിൽ മിക്കതും ഞങ്ങൾ നാട്ടിലെത്തും. ലഗ്ഗേജും കുഞ്ഞുമൊക്കെയായി വരുന്ന എന്നെ വിളിക്കാൻ ഏട്ടനെത്തുന്നത് അരമണിക്കൂറെങ്കിലും വൈകിയാവും. ട്രെയിനിലെ വെള്ളിയാഴ്ചത്തെ തിക്കും തിരക്കും കഴിഞ്ഞ് രാത്രിയുടെ വല്ലാത്ത ഇരുട്ടും റെയിൽവേ സ്റ്റേഷനിലെ ചില തുറിച്ച നോട്ടങ്ങളുമൊക്കെയായി ആകെ ക്ഷീണിച്ച ഞാൻ കുഞ്ഞിന്റെ കരച്ചിലും വിശപ്പുമടക്കാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ടാവും. അച്ഛനെ കാണുമ്പോഴുള്ള ലച്ചുവിന്റെ കൺനിറഞ്ഞ ചിരി ഒന്നു കാണേണ്ടതു തന്നെ.
ചില ആഴ്ചകളിൽ ഏട്ടൻ തിരുവനന്തപുരത്തേക്കെത്താമെന്ന് പറയും. അന്ന് ഞങ്ങൾക്ക് ഉത്സവമാണ്. പറ്റാവുന്നത്ര വിഭവങ്ങളൊരുക്കി അടുത്തൊരു ദിവസം എന്തൊക്കെ ചെയ്യാനുണ്ടെന്ന് പ്ലാനൊക്കെ ചെയ്ത് ഞാനും ലച്ചുവും അക്ഷമരായി കാത്തിരിക്കും. ട്രെയിൻ കയറിയെന്നു കേട്ടുകഴിഞ്ഞാൽ പിന്നെ ട്രെയിൻ ട്രാക്ക് ചെയ്ത് ഇരിയ്ക്കലാണു പണി."എവിടെത്തിയമ്മേ അച്ഛൻ ?" ഇടയ്ക്കിടെ ലച്ചു ചോദിച്ചു കൊണ്ടിരിക്കും. അവളെന്നെപ്പോലെയൊരു അച്ഛൻ കുട്ടി ആണ്. ഇടയ്ക്ക് വല്ലാതെ പനിയ്ക്കും. അച്ഛനെ കാണുന്നതോടെ പനി മാറുകയും ചെയ്യും. അച്ഛനെ കാണാനുള്ള അവളുടെ ഉത്സാഹം കണ്ടിരിക്കുമ്പോഴാകും നന്ദേട്ടന്റെ കാൾ വരുന്നത്. "ആലപ്പുഴയിൽ ഇറങ്ങുകയാണ്. അടുത്തയാഴ്ച വരാം." എന്ന്. കൂട്ടുകാരാരെങ്കിലും വിളിച്ചെന്നോ ക്ലയന്റ് വരുമെന്നോ പരിചയം പോലുമില്ലാത്ത ആരെങ്കിലും മരിച്ചെന്നോ എന്തെങ്കിലും ഒരു കാരണവും കേൾക്കാം. ആളിക്കത്തുന്ന തീയിലേക്ക് വെള്ളം കോരിയൊഴിച്ച പോലെ സന്തോഷം തീർന്ന് കുഞ്ഞിക്കണ്ണുകൾ നീരൊഴുക്കാൻ തുടങ്ങും. ആ കുഞ്ഞു സങ്കടം കണ്ടിരിക്കുന്നതു തന്നെ ഉള്ളുരുക്കുന്ന വേദനയാണ്. കാത്തിരിപ്പിന്റെ വേദനകൾ .... മുഷിച്ചിലുകൾ.... എങ്ങനെപറയണമെന്നെനിയ്ക്കറിയുന്നില്ല സത്യത്തിൽ .

അന്ന് .... ആ ഉത്സവദിവസമാണെന്റെ പ്രതീക്ഷകളിലൊക്കെ ഏറ്റവും വലിയ വിള്ളലുണ്ടായത്. കൂട്ടുകാരന്റെ വീട്ടിലേക്ക് പോയതാണ് ഉച്ചകഴിഞ്ഞ്. മറ്റു ശീലങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് പ്രത്യേകിച്ചൊരു ടെൻഷൻ ഒന്നും തോന്നിയില്ല. എങ്കിലും നേരിയ പരിഭവമുണ്ടായിരുന്നു. വല്ലപ്പോഴും വരുന്ന ഞങ്ങൾക്കൊപ്പമൊന്നിരിയ്ക്കണമെന്നു പോലും തോന്നുന്നില്ലല്ലോ എന്ന്. അന്നും എന്റെ കാത്തിരിപ്പ് പതിവുപോലെ അർധരാത്രി വരെ നീണ്ടു. എല്ലാവരും ഉറങ്ങിക്കഴിഞ്ഞ് ഏട്ടൻ വീട്ടിലെത്തിയത് മദ്യപിച്ചിട്ടായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാമവസാനിപ്പിക്കാനുള്ള എന്റെ വിചാരത്തെ ലച്ചുവിന്റെ മുഖം പിൻതിരിപ്പിച്ചു. പ്രകടിപ്പിക്കാനാവാത്ത ദേഷ്യവും സങ്കടവും നിറഞ്ഞ ആ അവസ്ഥ സ്റ്റൗ കത്തിച്ച് അതിലേക്ക് കാണിച്ചെന്റെ കൈ പൊള്ളിച്ചെടുക്കുന്ന പ്രവർത്തിയിലേക്കെന്നെയെത്തിച്ചു. ചെയ്യുന്നതിന്റെ ശരിതെറ്റുകൾക്കപ്പുറം അച്ഛൻ പോയ ശേഷം .... കാലങ്ങളെത്രയോ കഴിഞ്ഞെനിക്കറിയാൻ കഴിഞ്ഞ സുരക്ഷിതത്വബോധവും വിശ്വാസവും തകർത്തവനോടുള്ള വല്ലാത്ത പകയും പ്രതികാരവുമായിരുന്നു അത്.
പകയാളുമ്പോൾ ശരീരത്തിന്റെ വേദന എങ്ങനെയറിയാനാണ്? മറ്റൊരാളുടെ ശരീരം വേദനിപ്പിക്കുവാനോ ശിക്ഷിക്കുവാനോ നമുക്കെന്ത് അധികാരം !!!
വിശ്വാസത്തിന് .... സ്നേഹത്തിന് ....കുപ്പി നീട്ടി നിർബന്ധിക്കുന്ന സുഹൃത്തുക്കളോളം വില കൽപ്പിക്കാത്ത ഒരാളെയാണ് ഞാൻ വാശിപിടിച്ചു നേടിയതെന്ന ചിന്ത എന്നെ വല്ലാതെ ഭ്രാന്തെടുപ്പിക്കുന്നുണ്ടായിരുന്നു. രാത്രി മുഴുവൻ കണ്ണു തോരാതെ പെയ്തിറങ്ങി. ആശ്വസിപ്പിക്കുവാനോ ചേർത്തു നിർത്തുവാനോ ആരുമുണ്ടായില്ല. ദുശ്ശീലങ്ങളില്ലാത്തവനാണെന്റെ നന്ദേട്ടനെന്ന എന്റെ വീമ്പു പറച്ചിൽ കേട്ടവരിൽ പലരും ഇന്ന് ഏട്ടനൊപ്പം കുപ്പി പങ്കിട്ടുവെന്ന അറിവ് എന്നെ വല്ലാതെ കുത്തി നോവിക്കുന്നുണ്ടായിരുന്നു. എന്നിട്ടും എന്റെ പെരുമാറ്റം ഏട്ടനെ വേദനിപ്പിച്ചുവെന്ന് തോന്നിയതും ഞാൻ പിന്നാലെ നടന്ന് പിണക്കവും വിഷമവും മാറ്റി. അന്ന് ഏട്ടൻ എനിയ്ക്ക് സത്യം ചെയ്തു തന്നു. ഇനി കുടിക്കില്ലെന്ന്. ആ സത്യമായിരുന്നു.. എന്റെ വിശ്വാസത്തിന്റെ താങ്ങായത്. എന്നെക്കൊണ്ട് എന്തായാലും എന്റേട്ടൻ കള്ളസത്യം ചെയ്യില്ലല്ലോ!!!
ഒരുമിച്ചു നിൽക്കാനാവാത്ത ദുഃഖത്തിനിടയിലും പൊതുവേ സന്തോഷകരമായി , ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും നിറഞ്ഞ് ജീവിതം മുന്നോട്ട് പോയി. എന്റെ കാത്തിരിപ്പുകൾക്ക് മാത്രം ഒരു മാറ്റവുമുണ്ടായില്ല.


കൂട്ടുകാർ വല്ലാതൊരു ബലഹീനതയാണ് ആളിന്. അവർ എന്തു പറഞ്ഞാലും നോ എന്ന് പറയാൻ മടിയാണ്. അന്നൊരു കൂട്ടുകാരന്റെ വീട്ടിലെ ആഘോഷത്തിന് ഞാനും മോളും കൂടെയാണ് ഏട്ടനൊപ്പം പോയത്. അന്ന് ഏട്ടനെ കുടിയ്ക്കാൻ അവർ നിർബന്ധിച്ചിട്ടും ആൾ തയ്യാറായില്ല. അതിന്റെ ദേഷ്യമാണെന്ന് തോന്നുന്നു തിരികെ പോരാൻ തുടങ്ങിയപ്പോൾ കൂട്ടുകാരന്റെ വക ശകാരവർഷം എന്റെ നേരേ. ഏട്ടൻ നിശ്ശബ്ദനാണ്. സഹികെട്ട് ഞാനുമെന്തൊക്കെയോ പറഞ്ഞു. "ഞങ്ങളിങ്ങനെ ഇടയ്ക്ക് കൂട്ടുകാർ ഒരുമിച്ച് കൂടാറുണ്ട്. ഇനിയും കൂടും. നീ വിചാരിച്ചെന്ന് കരുതി നിർത്താനൊന്നും പോകുന്നില്ല. ഇനിയും ഞങ്ങളിവനെ വിളിയ്ക്കും. അവൻ വരികയും ചെയ്യും..!" കൂട്ടുകാരൻ വീണ്ടും വീണ്ടും പറയുമ്പോഴും മിണ്ടാതിരിയ്ക്കുകയാണ് ഏട്ടൻ, സ്വന്തം ഭാര്യയെ മറ്റൊരുത്തനെക്കൊണ്ട് ചീത്ത വിളിപ്പിച്ച് ആസ്വദിക്കും പോലെ. ഭൂമി പിളർന്നൊന്ന് താഴേക്ക് പോയെങ്കിലെന്നാശിച്ചു ഞാൻ. വീട്ടിലെത്തിയിട്ടും എന്നോട് ഏട്ടൻ മിണ്ടാതെ നടക്കുന്നത് സഹിക്കാതെ എല്ലാം എന്റെ തെറ്റെന്ന് സോറിയും പറഞ്ഞ് വീണ്ടും പിന്നാലെ നടന്നു ഞാൻ. കണ്ണു കുറുക്കെ കരണക്കുറ്റിക്കൊരടിയും തന്നിട്ട് "മേലിൽ എന്റെ കൂട്ടുകാരോട് തട്ടിക്കയറരുത് " എന്ന് ശാസനയും തന്നു. പിന്നെയും കാലുപിടിച്ചു കരഞ്ഞപ്പോൾ കൂട്ടായി. കവിൾ തടവി തന്നിട്ട് ചേർത്തു നിർത്തി "ഇനിയിങ്ങനെ ചെയ്യരുത് കേട്ടോ... എനിയ്ക്ക് നിന്നെയടിക്കുന്നത് വലിയ വേദനയാണ്" എന്ന് പറഞ്ഞാശ്വസിപ്പിച്ചു. അതു മതിയായിരുന്നു എനിയ്ക്ക് അതുവരെയുള്ളതൊക്കെ മറക്കാൻ.
വല്ലാത്ത കൊതിയാണെനിക്കാ സ്നേഹത്തോട്. പ്രണയിച്ചു മതിയാകുന്നതേയില്ല എന്റെ നന്ദേട്ടനെ ...


വർഷങ്ങളേറെ കഴിഞ്ഞു. മക്കൾ രണ്ടാളും സ്വന്തം ലാവണങ്ങളിലായി. 
ഇന്ന് രാവിലെ വച്ച പുളിങ്കറി ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് വൈകിട്ട് ഓഫീസിൽ നിന്നു വന്നിട്ട് ഏട്ടനിഷ്ടമുള്ള സാമ്പാറും വച്ച് കാത്തിരിക്കുകയാണ് ഞാൻ. എന്റെ ചില ഒഫീഷ്യൽ ഡ്രാഫ്റ്റിംഗ് ബാക്കിയുണ്ട്. അതിലെ ചില സംശയങ്ങൾ ഏട്ടൻ നോക്കിത്തരാമെന്ന് ഏറ്റിരുന്നതാണ്. രണ്ടുപേരും നിയമമേഖലയിലായതിന്റെ ചില പ്രയോജനങ്ങൾ. 6.15 ആയപ്പോൾ ഞാൻ വിളിച്ചു. ഒരു മണിക്കൂറിനുള്ളിൽ ഇറങ്ങുമെന്ന് പറഞ്ഞു. 8.30 കഴിഞ്ഞിട്ടും കാണാഞ്ഞിട്ട് വീണ്ടും വിളിച്ചു. കഴിച്ചിട്ടേ വരു എന്നായി ഇപ്പോൾ. ശബ്ദം കേട്ടിട്ട് മദ്യപിക്കുന്നതു പോലെ. ആ.... നോക്കാം. എന്തായാലും വരട്ടെ. 11 മണി കഴിഞ്ഞപ്പോൾ വന്നു. കുടിച്ചിട്ടുണ്ടെന്ന് മുഖം കണ്ടാലറിയാം. നേരിട്ട് ചോദിച്ചു. ഇല്ലെന്നാണുത്തരം അതും എന്റെ തലയിൽ കൈവച്ച് സത്യം ചെയ്ത്. ഒരുവേള കരഞ്ഞു പോയ എന്റെ പിന്നാലെ വന്നെങ്കിലും ഒന്നും കേൾക്കുവാനെനിയ്ക്ക് മനസു വന്നില്ല. ഓരോ തവണയും നഷ്ടപ്പെടുന്ന വിശ്വാസം....
 ബാൽക്കണിയിലിറങ്ങി ഇരുട്ടത്തിരുന്നു ഏറെനേരം . അന്വേഷിച്ചതേയില്ല നന്ദേട്ടൻ എന്നെ. കുറേ കഴിഞ്ഞ് ഞാനീ മുറിയിലേക്ക് വന്നു. അപ്പുറത്തെ മുറിയിൽ നന്ദേട്ടൻ കൂർക്കം വലിക്കുന്ന ശബ്ദം കേൾക്കാം. 
ചിന്തകൾ വല്ലാതെ പെറ്റുപെരുകുന്നു. എന്റെ ജീനുകളിലെ ഭ്രാന്തിൻകുഞ്ഞുങ്ങളുണർന്ന് നിലവിളിയ്ക്കാൻ തുടങ്ങി. അവർക്ക് പറക്കണമെന്ന് .... 
ദൂരെ ആരോ വിളിയ്ക്കും പോലെ....
ചിറകുകളുണ്ടായിരുന്നെങ്കിൽ....
പിന്നെയവൾ തന്റെ വെളുത്ത ഷാളെടുത്ത് നടുഭാഗം തന്റെ കഴുത്തിൽ കെട്ടി രണ്ടറ്റവും വിരലുകളിൽ കോർത്ത് ചിറകുകളാക്കി. ജനാലയിൽ കയറി കൈ വിടർത്തി ആ തൂവെള്ളച്ചിറകുവിരിച്ച് ഒരരയന്നത്തെ പോലെയവൾ അതിരുകളില്ലാ ലോകത്തേക്ക് പറന്നുയർന്നു. താഴെയപ്പോൾ ചിന്നിച്ചിതറിയ തലയുമായി ഒരു ശരീരം വന്നു വീണു. അവളുടെ നന്ദേട്ടൻ മദ്യം നൽകിയ സുഖത്തിൽ അപ്പോഴും കൂർക്കം വലിച്ചുറങ്ങുകയായിരുന്നു.
ഒന്ന് തിരിഞ്ഞ് പ്രണയം തുളുമ്പുന്ന കണ്ണുകളുമായ് തന്റെ നന്ദേട്ടനെയൊന്ന് നോക്കിയിട്ട് അവൾ വീണ്ടും പറന്നുയർന്നു ...
ആകാശനീലിമയിലേക്ക് ...
സ്നേഹവും സ്നേഹ നിരാസവുമില്ലാത്തിടത്തേക്ക്...
കാത്തിരിപ്പുകളില്ലാത്തിടത്തേക്ക് ....
പറന്ന്.... പറന്ന്.....


താത്രിക്കുട്ടി

കൂട്ടിരിപ്പ്‌ (കഥയെഴുത്ത് മത്സരം) - Entry 24


വെള്ളം വല്ലാതെയുയരുന്നുണ്ട്.
മഴ തോരുന്നുമില്ല.
ഉറക്കെ മകനെ വിളിക്കണമെന്നുണ്ട്.
പക്ഷേ ശബ്ദം കൈമോശം വന്നിട്ട് വർഷമൊന്നായി. 
ഇനി ഉറക്കെ വിളിച്ചിട്ടും കാര്യമില്ല. വിളി കേൾക്കാനിവിടെ ആരുമില്ല, എന്റെ കട്ടിലിനു കാവലെന്നോണം ഇന്നലെ മുതൽ ഉറങ്ങാതിരിക്കുന്ന കിട്ടുവല്ലാതെ. 7 വർഷമായി കിട്ടു എന്റെ സന്തത സഹചാരിയായിട്ട്.
മറ്റു വീടുകളിലും പറമ്പുകളിലും പണിയ്ക്കു പോകുമ്പോഴും തിരികെ വരുമ്പോഴുമൊക്കെ അവൻ കൂടെയുണ്ടാകും.അവനും കൂടി കൊടുത്തേ ഞാനും എന്തെങ്കിലും കഴിയ്ക്കാറുള്ളൂ. 
ഇന്നിപ്പോ രണ്ടു ദിവസമായി ഞങ്ങൾ രണ്ടാളും വല്ലതും കഴിച്ചിട്ട്.
രണ്ടു വർഷം മുമ്പാണ് തെങ്ങിൽ നിന്നും വീണത്. പിന്നെ അടുക്കളയോട് ചേർന്നുള്ള ചായ്പിലെ ഈ കട്ടിലാണ് എന്റെ ലോകം. അവന്റെയും.
നല്ലപാതിയായിരുന്നവൾ എന്നെ വിട്ടു പോയിട്ട് 20 വർഷങ്ങളായി. 

അന്ന് അനന്തുവിന് 10 വയസ്സാണ്. ഇടയ്ക്കിടെ വല്ലാത്ത തലവേദന വരാറുണ്ടായിരുന്നു അവൾക്ക്. ഡോക്ടറെ കാണാമെന്ന് പറയുമ്പോൾ കേൾക്കുകയേ ഇല്ല. ചെന്നിക്കുത്തിന്റെയാണ് , ഒന്നുറങ്ങിയാൽ മാറിക്കോളുമെന്ന് പറഞ്ഞ് ഉറങ്ങാൻ പോകും. അന്ന് പതിവില്ലാതെ എന്നെക്കൂടി അടുത്ത് വിളിച്ചിരുത്തി മടിയിലേക്ക് കിടന്നുറങ്ങി. പണിയില്ലാഞ്ഞതു കൊണ്ട് മോനെ സൈക്കിളിന്റെ മുന്നിലിരുത്തി സ്കൂളിൽ കൊണ്ടു വിട്ടിട്ട് വീട്ടിലേക്ക് തിരിച്ചു വന്നതാണ് ഞാൻ. 
പതിയെ നെറ്റി തടവിക്കൊടുത്തു കൊണ്ട് ഞാനിരുന്ന് ഒന്നു മയങ്ങിപ്പോയി. ഉണർന്നപ്പോഴും അവൾ നല്ല ഉറക്കം.
തല മടിയിൽ നിന്നുമിറക്കി പതിയെ കട്ടിലിലേക്ക് കിടത്തിയിട്ട് മുറ്റത്തേക്കിറങ്ങി. അവൾ നട്ടുവളർത്തുന്ന ചെടികൾക്കും തക്കാളി, പടവലം, പാവൽ, മുളക് അങ്ങനെയുള്ള പച്ചക്കറികൾക്കുമൊക്കെ തടമെടുത്ത് അപ്പുറത്തേ രാമേട്ടന്റെ വീട്ടിലെ പശുവിന്റെ കുറച്ച് ചാണകമെടുത്തോണ്ടു വന്ന് അതുമിട്ടു കൊടുത്തപ്പോഴേക്കും വിശന്നു. 
സമയം നോക്കുമ്പോൾ 2 മണി കഴിഞ്ഞു. അവളെയും ഉണർത്തി ചോറും കഴിക്കാമെന്നുകരുതി അകത്തേക്ക് ചെന്നപ്പോൾ മുറിയിലാകെ ഛർദ്ദിച്ചിട്ടുണ്ട്. 
കട്ടിലിൽ നിന്നും കഴുത്തു മുതൽ താഴേക്ക് കിടക്കുന്നുണ്ട്. ഓടിച്ചെന്നു കോരിയെടുത്തപ്പോൾ ശരീരമാകെ തണുത്തിരിക്കുന്നു. വായിലൊക്കെ ഛർദ്ദിലിനൊപ്പം പുറത്തേക്കു വന്ന ചോര.
എന്തു വേണമെന്നറിയാതെ ഉറക്കെ കരഞ്ഞുപോയി. 
രാമേട്ടന്റെ ഭാര്യ വിലാസിനി ചേച്ചി കരച്ചിൽ കേട്ട് ഓടി വന്നു.  പിന്നെ പെട്ടെന്ന് ഓട്ടോ വിളിച്ച് ആശുപത്രിയിലെത്തിച്ചു. അവൾ പോയിട്ട് ഒരു മണിക്കൂർ ആയെന്നാ ഡോക്ടർ പറഞ്ഞത്. തലച്ചോറിൽ രക്തസ്രാവമുണ്ടായെന്ന്... പ്രഷർ കൂടിയിട്ട്. ഒന്നുമറിയാതെ കളിച്ചു   നടന്ന എന്റെ അനന്തൂട്ടനെ ഒരല്ലലും അറിയിയ്ക്കാതെ ഞാൻ വളർത്തി.

അഞ്ചു വർഷം മുൻപ് അവനിഷ്ടപ്പെട്ട പെണ്ണിനെത്തന്നെ അവന് കല്യാണവും കഴിച്ചു കൊടുത്തു. ഞാൻ കൂലിവേല ചെയ്തെങ്കിലും എന്റെ മകൻ ഇന്ന് പോലീസോഫീസറാണ്. 
രണ്ടു വർഷത്തിനു മുമ്പ് ഈ കട്ടിലിൽ കിടപ്പാവും വരെ ഈ വീട് സ്വർഗ്ഗമായിരുന്നു. ഞാനും അനന്ദൂട്ടനും ഭാര്യയും പിന്നെ എന്റെ പേരക്കുട്ടി അമ്പാടിയും കിട്ടുവും ചേർന്നുള്ള ഈ ലോകം അതിമനോഹരമായിരുന്നു. അന്ന് അമ്പാടിക്ക് കരിക്ക് വേണമെന്ന് പറഞ്ഞ് തെങ്ങിൽ കയറിയതാ. മുകളിൽ ചെന്നപ്പോ കണ്ണിലിരുട്ടു കയറി. കണ്ണു തുറക്കുമ്പോ ആശുപത്രിയിലാണ്. 
അടുത്ത് അനന്ദൂട്ടനുണ്ട്. അനന്ദൂട്ടന് ജോലി കിട്ടിയതിൽ പിന്നെ അവനെന്നെ ജോലിക്കു വിട്ടിട്ടില്ല. അതുകൊണ്ട് കുറച്ചു വർഷങ്ങൾക്കു ശേഷമാണ് ഞാൻ മരത്തിൽ കയറുന്നത്. അതോണ്ടായിരിക്കും താഴെ വീണത്. ഒരാഴ്ച അവിടെ കിടത്തിയിട്ടാണ് വീട്ടിലേക്ക് വിട്ടത്. പിന്നെ പക്ഷേ എണീയ്ക്കാൻ പോലും എനിയ്ക്കായിട്ടില്ല. ഒരു വർഷത്തോളം ഒരു കുറവുമില്ലാതെ അനന്ദുവും ഭാര്യയും എന്നെ നോക്കി. അപ്പോഴേക്കും മടുത്തിട്ടുണ്ടാവും.... ഈ 60 വയസ്സുകാരന്റെ മലവും മൂത്രവും തുടയ്ക്കലും അതിന്റെ നാറ്റവുമൊക്കെയായി അവർക്കു സഹിക്കാൻ പറ്റാതെയായപ്പോഴാണ് ഞാൻ അവരോടെന്നെ ചായ്പിലേക്കു മാറ്റിക്കിടത്താൻ പറഞ്ഞത്. ഒരു വർഷമായി ഇപ്പോ ഞാനിവിടെയാണ്... 
അമ്പാടിക്കുട്ടനിടയ്ക്കോടി വരും, അപ്പൂപ്പാ ,ന്നു വിളിച്ച്... ഒന്നെടുക്കാൻ ...ഒന്നു വിളിക്കാൻ... കൊതി തോന്നും... ഒന്നിനുമാവുന്നില്ലല്ലോന്ന് സങ്കടം നിറയുമ്പോഴേക്കും അവൾ , അമ്പാടിയുടെ അമ്മ, വന്ന് വഴക്കും പറഞ്ഞ് അവനെയെടുത്തോണ്ട് പോകും... എപ്പോഴെങ്കിലുമായി രണ്ടു നേരം അനന്ദൂട്ടൻ കഞ്ഞി വാരിത്തരും.
അങ്ങനെയിരിക്കുമ്പോഴാണീ കാറ്റും മഴയും. 
കിട്ടു എന്തൊക്കെയോ പറയുന്നുണ്ട്. അവന്റെ ഭാഷ എനിക്കു വശമില്ലല്ലോ...? ഒന്നും മനസിലായില്ല. ഇന്നലെ വൈകുന്നേരം അനന്ദൂട്ടനും ഭാര്യയും അമ്പാടിയേം കൊണ്ട് എവിടേക്കോ മാറി. അവശ്യം വേണ്ടുന്ന സാധനങ്ങളുമെടുത്തിട്ടുണ്ട്. ഞങ്ങൾ.... ഞാനും കിട്ടുവും... അക്കൂട്ടത്തിൽ പെടാത്തതു കൊണ്ടാവും ഞങ്ങളെ കൊണ്ടു പോകാഞ്ഞത്. അല്ലെങ്കിലും ഒന്നു മിണ്ടാൻ പോലുമാവാത്ത ... ഒന്നെണീറ്റ് മുള്ളാൻ പോലുമാവാത്ത വയസ്സനും  കാവൽ നായയും ഉപകാരികളാവുന്നതെങ്ങനെ? വെള്ളം കൂടി വരുന്നുണ്ട്.  രാമേട്ടൻ പശുവിനേം കൊണ്ട് പോയിട്ടുണ്ടാവും. ഇപ്പോ എന്റെ കട്ടിലിന്റെ കാലുകൾ തറയിൽ നിന്നും പൊങ്ങി ചായ്പിന്റെ ഓലയും വലിച്ചു ഒഴുകാൻ തുടങ്ങി. കിട്ടുവും കട്ടിലിൽ കയറിയിരിക്കുന്നുണ്ട്. 
ഹെലികോപ്റ്ററുകൾ താണു പറക്കുന്നുണ്ട്. 
കിടപ്പായതിൽ പിന്നെ പറമ്പ് കിളക്കാതെ, വെറുതെ കിടന്നതു കൊണ്ട് കാടുപിടിച്ചു കിടക്കുകയാണ്. 
ഒരു മൂർഖൻ കട്ടിലിലൂടെ ... എന്റെ ദേഹത്തു കൂടി... കയറിയിറങ്ങി പോയി. അതു കണ്ട് കിട്ടു വല്ലാതെ ബഹളം വച്ചു. മുകളിൽ നിന്നൊരു പൊതി കട്ടിലിലേക്ക് വീണു. കണ്ണുചിമ്മാനല്ലാതെ ഒന്നനങ്ങാനാവാത്ത എനിയ്ക്കെന്തിനാ ഭക്ഷണപ്പൊതി ? 
കിട്ടു അത് എങ്ങനെയൊക്കെയോ വലിച്ചു തുറന്നിട്ടു. എന്നിട്ടതിദയനീയമായി എന്നെയൊന്നു നോക്കിയിട്ട് വെള്ളത്തിലേക്കാ പൊതി തട്ടിയിട്ടു. ഇടക്കെപ്പോഴോ കട്ടിൽ മറിഞ്ഞ് ഞാനും കിട്ടുവും വെള്ളത്തിലൂടെ ഒഴുകിയൊഴുകി..
അപ്പോഴും അവൻ... കിട്ടു.... എനിയ്ക്ക് കൂട്ടിരിപ്പാണ്.
=================
താത്രിക്കുട്ടി.




DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo