വെള്ളം വല്ലാതെയുയരുന്നുണ്ട്.
മഴ തോരുന്നുമില്ല.
ഉറക്കെ മകനെ വിളിക്കണമെന്നുണ്ട്.
പക്ഷേ ശബ്ദം കൈമോശം വന്നിട്ട് വർഷമൊന്നായി.
ഇനി ഉറക്കെ വിളിച്ചിട്ടും കാര്യമില്ല. വിളി കേൾക്കാനിവിടെ ആരുമില്ല, എന്റെ കട്ടിലിനു കാവലെന്നോണം ഇന്നലെ മുതൽ ഉറങ്ങാതിരിക്കുന്ന കിട്ടുവല്ലാതെ. 7 വർഷമായി കിട്ടു എന്റെ സന്തത സഹചാരിയായിട്ട്.
മറ്റു വീടുകളിലും പറമ്പുകളിലും പണിയ്ക്കു പോകുമ്പോഴും തിരികെ വരുമ്പോഴുമൊക്കെ അവൻ കൂടെയുണ്ടാകും.അവനും കൂടി കൊടുത്തേ ഞാനും എന്തെങ്കിലും കഴിയ്ക്കാറുള്ളൂ.
ഇന്നിപ്പോ രണ്ടു ദിവസമായി ഞങ്ങൾ രണ്ടാളും വല്ലതും കഴിച്ചിട്ട്.
രണ്ടു വർഷം മുമ്പാണ് തെങ്ങിൽ നിന്നും വീണത്. പിന്നെ അടുക്കളയോട് ചേർന്നുള്ള ചായ്പിലെ ഈ കട്ടിലാണ് എന്റെ ലോകം. അവന്റെയും.
നല്ലപാതിയായിരുന്നവൾ എന്നെ വിട്ടു പോയിട്ട് 20 വർഷങ്ങളായി.
അന്ന് അനന്തുവിന് 10 വയസ്സാണ്. ഇടയ്ക്കിടെ വല്ലാത്ത തലവേദന വരാറുണ്ടായിരുന്നു അവൾക്ക്. ഡോക്ടറെ കാണാമെന്ന് പറയുമ്പോൾ കേൾക്കുകയേ ഇല്ല. ചെന്നിക്കുത്തിന്റെയാണ് , ഒന്നുറങ്ങിയാൽ മാറിക്കോളുമെന്ന് പറഞ്ഞ് ഉറങ്ങാൻ പോകും. അന്ന് പതിവില്ലാതെ എന്നെക്കൂടി അടുത്ത് വിളിച്ചിരുത്തി മടിയിലേക്ക് കിടന്നുറങ്ങി. പണിയില്ലാഞ്ഞതു കൊണ്ട് മോനെ സൈക്കിളിന്റെ മുന്നിലിരുത്തി സ്കൂളിൽ കൊണ്ടു വിട്ടിട്ട് വീട്ടിലേക്ക് തിരിച്ചു വന്നതാണ് ഞാൻ.
പതിയെ നെറ്റി തടവിക്കൊടുത്തു കൊണ്ട് ഞാനിരുന്ന് ഒന്നു മയങ്ങിപ്പോയി. ഉണർന്നപ്പോഴും അവൾ നല്ല ഉറക്കം.
തല മടിയിൽ നിന്നുമിറക്കി പതിയെ കട്ടിലിലേക്ക് കിടത്തിയിട്ട് മുറ്റത്തേക്കിറങ്ങി. അവൾ നട്ടുവളർത്തുന്ന ചെടികൾക്കും തക്കാളി, പടവലം, പാവൽ, മുളക് അങ്ങനെയുള്ള പച്ചക്കറികൾക്കുമൊക്കെ തടമെടുത്ത് അപ്പുറത്തേ രാമേട്ടന്റെ വീട്ടിലെ പശുവിന്റെ കുറച്ച് ചാണകമെടുത്തോണ്ടു വന്ന് അതുമിട്ടു കൊടുത്തപ്പോഴേക്കും വിശന്നു.
സമയം നോക്കുമ്പോൾ 2 മണി കഴിഞ്ഞു. അവളെയും ഉണർത്തി ചോറും കഴിക്കാമെന്നുകരുതി അകത്തേക്ക് ചെന്നപ്പോൾ മുറിയിലാകെ ഛർദ്ദിച്ചിട്ടുണ്ട്.
കട്ടിലിൽ നിന്നും കഴുത്തു മുതൽ താഴേക്ക് കിടക്കുന്നുണ്ട്. ഓടിച്ചെന്നു കോരിയെടുത്തപ്പോൾ ശരീരമാകെ തണുത്തിരിക്കുന്നു. വായിലൊക്കെ ഛർദ്ദിലിനൊപ്പം പുറത്തേക്കു വന്ന ചോര.
എന്തു വേണമെന്നറിയാതെ ഉറക്കെ കരഞ്ഞുപോയി.
രാമേട്ടന്റെ ഭാര്യ വിലാസിനി ചേച്ചി കരച്ചിൽ കേട്ട് ഓടി വന്നു. പിന്നെ പെട്ടെന്ന് ഓട്ടോ വിളിച്ച് ആശുപത്രിയിലെത്തിച്ചു. അവൾ പോയിട്ട് ഒരു മണിക്കൂർ ആയെന്നാ ഡോക്ടർ പറഞ്ഞത്. തലച്ചോറിൽ രക്തസ്രാവമുണ്ടായെന്ന്... പ്രഷർ കൂടിയിട്ട്. ഒന്നുമറിയാതെ കളിച്ചു നടന്ന എന്റെ അനന്തൂട്ടനെ ഒരല്ലലും അറിയിയ്ക്കാതെ ഞാൻ വളർത്തി.
അഞ്ചു വർഷം മുൻപ് അവനിഷ്ടപ്പെട്ട പെണ്ണിനെത്തന്നെ അവന് കല്യാണവും കഴിച്ചു കൊടുത്തു. ഞാൻ കൂലിവേല ചെയ്തെങ്കിലും എന്റെ മകൻ ഇന്ന് പോലീസോഫീസറാണ്.
രണ്ടു വർഷത്തിനു മുമ്പ് ഈ കട്ടിലിൽ കിടപ്പാവും വരെ ഈ വീട് സ്വർഗ്ഗമായിരുന്നു. ഞാനും അനന്ദൂട്ടനും ഭാര്യയും പിന്നെ എന്റെ പേരക്കുട്ടി അമ്പാടിയും കിട്ടുവും ചേർന്നുള്ള ഈ ലോകം അതിമനോഹരമായിരുന്നു. അന്ന് അമ്പാടിക്ക് കരിക്ക് വേണമെന്ന് പറഞ്ഞ് തെങ്ങിൽ കയറിയതാ. മുകളിൽ ചെന്നപ്പോ കണ്ണിലിരുട്ടു കയറി. കണ്ണു തുറക്കുമ്പോ ആശുപത്രിയിലാണ്.
അടുത്ത് അനന്ദൂട്ടനുണ്ട്. അനന്ദൂട്ടന് ജോലി കിട്ടിയതിൽ പിന്നെ അവനെന്നെ ജോലിക്കു വിട്ടിട്ടില്ല. അതുകൊണ്ട് കുറച്ചു വർഷങ്ങൾക്കു ശേഷമാണ് ഞാൻ മരത്തിൽ കയറുന്നത്. അതോണ്ടായിരിക്കും താഴെ വീണത്. ഒരാഴ്ച അവിടെ കിടത്തിയിട്ടാണ് വീട്ടിലേക്ക് വിട്ടത്. പിന്നെ പക്ഷേ എണീയ്ക്കാൻ പോലും എനിയ്ക്കായിട്ടില്ല. ഒരു വർഷത്തോളം ഒരു കുറവുമില്ലാതെ അനന്ദുവും ഭാര്യയും എന്നെ നോക്കി. അപ്പോഴേക്കും മടുത്തിട്ടുണ്ടാവും.... ഈ 60 വയസ്സുകാരന്റെ മലവും മൂത്രവും തുടയ്ക്കലും അതിന്റെ നാറ്റവുമൊക്കെയായി അവർക്കു സഹിക്കാൻ പറ്റാതെയായപ്പോഴാണ് ഞാൻ അവരോടെന്നെ ചായ്പിലേക്കു മാറ്റിക്കിടത്താൻ പറഞ്ഞത്. ഒരു വർഷമായി ഇപ്പോ ഞാനിവിടെയാണ്...
അമ്പാടിക്കുട്ടനിടയ്ക്കോടി വരും, അപ്പൂപ്പാ ,ന്നു വിളിച്ച്... ഒന്നെടുക്കാൻ ...ഒന്നു വിളിക്കാൻ... കൊതി തോന്നും... ഒന്നിനുമാവുന്നില്ലല്ലോന്ന് സങ്കടം നിറയുമ്പോഴേക്കും അവൾ , അമ്പാടിയുടെ അമ്മ, വന്ന് വഴക്കും പറഞ്ഞ് അവനെയെടുത്തോണ്ട് പോകും... എപ്പോഴെങ്കിലുമായി രണ്ടു നേരം അനന്ദൂട്ടൻ കഞ്ഞി വാരിത്തരും.
അങ്ങനെയിരിക്കുമ്പോഴാണീ കാറ്റും മഴയും.
കിട്ടു എന്തൊക്കെയോ പറയുന്നുണ്ട്. അവന്റെ ഭാഷ എനിക്കു വശമില്ലല്ലോ...? ഒന്നും മനസിലായില്ല. ഇന്നലെ വൈകുന്നേരം അനന്ദൂട്ടനും ഭാര്യയും അമ്പാടിയേം കൊണ്ട് എവിടേക്കോ മാറി. അവശ്യം വേണ്ടുന്ന സാധനങ്ങളുമെടുത്തിട്ടുണ്ട്. ഞങ്ങൾ.... ഞാനും കിട്ടുവും... അക്കൂട്ടത്തിൽ പെടാത്തതു കൊണ്ടാവും ഞങ്ങളെ കൊണ്ടു പോകാഞ്ഞത്. അല്ലെങ്കിലും ഒന്നു മിണ്ടാൻ പോലുമാവാത്ത ... ഒന്നെണീറ്റ് മുള്ളാൻ പോലുമാവാത്ത വയസ്സനും കാവൽ നായയും ഉപകാരികളാവുന്നതെങ്ങനെ? വെള്ളം കൂടി വരുന്നുണ്ട്. രാമേട്ടൻ പശുവിനേം കൊണ്ട് പോയിട്ടുണ്ടാവും. ഇപ്പോ എന്റെ കട്ടിലിന്റെ കാലുകൾ തറയിൽ നിന്നും പൊങ്ങി ചായ്പിന്റെ ഓലയും വലിച്ചു ഒഴുകാൻ തുടങ്ങി. കിട്ടുവും കട്ടിലിൽ കയറിയിരിക്കുന്നുണ്ട്.
ഹെലികോപ്റ്ററുകൾ താണു പറക്കുന്നുണ്ട്.
കിടപ്പായതിൽ പിന്നെ പറമ്പ് കിളക്കാതെ, വെറുതെ കിടന്നതു കൊണ്ട് കാടുപിടിച്ചു കിടക്കുകയാണ്.
ഒരു മൂർഖൻ കട്ടിലിലൂടെ ... എന്റെ ദേഹത്തു കൂടി... കയറിയിറങ്ങി പോയി. അതു കണ്ട് കിട്ടു വല്ലാതെ ബഹളം വച്ചു. മുകളിൽ നിന്നൊരു പൊതി കട്ടിലിലേക്ക് വീണു. കണ്ണുചിമ്മാനല്ലാതെ ഒന്നനങ്ങാനാവാത്ത എനിയ്ക്കെന്തിനാ ഭക്ഷണപ്പൊതി ?
കിട്ടു അത് എങ്ങനെയൊക്കെയോ വലിച്ചു തുറന്നിട്ടു. എന്നിട്ടതിദയനീയമായി എന്നെയൊന്നു നോക്കിയിട്ട് വെള്ളത്തിലേക്കാ പൊതി തട്ടിയിട്ടു. ഇടക്കെപ്പോഴോ കട്ടിൽ മറിഞ്ഞ് ഞാനും കിട്ടുവും വെള്ളത്തിലൂടെ ഒഴുകിയൊഴുകി..
അപ്പോഴും അവൻ... കിട്ടു.... എനിയ്ക്ക് കൂട്ടിരിപ്പാണ്.
=================
താത്രിക്കുട്ടി.
Very nice
ReplyDeleteReally good one .....
ReplyDeleteനിസ്സഹായതയുടെ ദൈന്യമുഖം വരച്ചു കാണിക്കുന്ന നല്ല കഥ ����������
ReplyDeleteNice presentation, good story
ReplyDeleteNice presentation .Really touching
ReplyDeleteനന്നായിട്ടുണ്ട്ട്ടോ 😍👍
ReplyDeleteNice story. Really touching
ReplyDeleteNice one
ReplyDeleteNice story..❣️
ReplyDelete