അവളുടെ അധരങ്ങളെ തന്റേതിൽ നിന്നു വേർപ്പെടുത്തികൊണ്ട് പതിയെ അവളിലേക്ക് ചായാനൊരുങ്ങുമ്പോഴാണ് അവളത് പറഞ്ഞത്.
"എനിക്കൊരാളോട് പ്രണയം തോന്നുന്നു "
"ആരോട്? " അവൻ പതിയെ അവളുടെ കാതിൽ ചോദിച്ചു
"മരണത്തോട്. നിന്റെ ഗന്ധത്തേക്കാൾ എനിക്കിപ്പോ മരണത്തിന്റെ ചടപ്പിക്കുന്ന ഗന്ധത്തോടാണ് ആസക്തി " അവൾ അവനെ നോക്കാതെ പറഞ്ഞു
" ഉള്ള കഥ മുഴുവൻ വായിച്ചിരുന്നു ഭ്രാന്ത് പറയാതെ മിത്രാ " ഈർഷ്യയോടെ പറഞ്ഞുകൊണ്ട് അവളിലേക്ക് വീണ്ടും ആയുമ്പോഴാണ് മങ്ങിയ വെളിച്ചത്തിൽ അവനത് കണ്ടത്
അവളുടെ കൈത്തണ്ടകളിൽ നിറയെ പതിഞ്ഞു കിടക്കുന്ന പാടുകൾ. നെടുകെയും കുറുകെയും വരഞ്ഞിട്ടിരിക്കുന്ന പാടുകൾ.......
അവൻ അവളുടെ രണ്ട് കൈകളും പരിശോധിച്ചു. അവിടെ ഇവിടെയായി കിടക്കുന്ന പാടുകളിൽ മുഴുവൻ അവന്റെ മിഴികൾ ഓടി നടന്നു
" മിത്രാ എന്തായിത്? എന്ത് ഭ്രാന്താണിത്? "
"ചില സമയങ്ങളിലെ എന്റെ ഭ്രാന്തിനു അറുതി വരുത്താൻ ഈ രക്തത്തുള്ളികൾക്കേ കഴിയൂ നന്ദാ .ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും നിസ്സഹായാവസ്ഥയുടെയും അങ്ങേയറ്റത്ത് എനിക്കൊരു സാന്ത്വനം ഇത് മാത്രമാണ്. സ്വന്തം ദേഹം നോവിക്കുമ്പോൾ കിട്ടുന്ന നിർവൃതി. "
"അതിനു മാത്രം നിനക്കിവിടെ എന്ത് പ്രശ്നമാണ്? ഞാൻ നുള്ളി നോവിക്കാറുണ്ടോ നിന്നെ? എന്താ നിന്റെ പ്രശ്നം? " അവൻ അവൾക്കെതിരെ ഇരുന്നുകൊണ്ട് ചോദിച്ചു.
" മാനസി " അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞതും അവന്റെ മിഴികളൊന്നു പിടഞ്ഞത് അവൾ വ്യക്തമായി കണ്ടു.
"നീ എങ്ങനെ? " അവന്റെ ശബ്ദം ഒന്നിടറിയോ?
"കാണണം എന്ന് വെച്ച് കണ്ടതല്ല. കണ്ട് പോയതാണ്. ഇവിടെ വന്നിരുന്നു . കാമുകനെ വിട്ട് തരണം എന്ന ആവശ്യവുമായി . സ്വന്തം താലി അറുത്തു കൊടുക്കാൻ മനസ്സ് വന്നില്ല . സ്വയം നോവിക്കുക എന്ന് മാത്രമേ തോന്നിയുള്ളൂ. അന്ന് മുതൽ ഈ നിമിഷം വരെ.. "
"പറ്റിപ്പോയി മിത്ര. എഴുത്തിന്റെയും വായനയുടെയും ലോകത്ത് നീ സ്വയം മറന്നു കഴിഞ്ഞപ്പോൾ ഒറ്റപ്പെട്ടു പോയത് ഞാനായിരുന്നു. എനിക്ക് ആശ്വാസം തരാനും കെയർ തരാനും വന്നവളിലേക്ക് എന്റെ മനസ്സ് ചാഞ്ഞു പോയി. നീ എന്നെ ശ്രെദ്ധിക്കാതിരുന്നത് കൊണ്ടാണ് ഞാൻ. "
" ഞാൻ എപ്പോഴെങ്കിലും സ്നേഹിക്കാതിരുന്നിട്ടുണ്ടോ? വേണ്ടതൊക്കെ തരാതിരുന്നിട്ടുണ്ടോ? " അവളുടെ അധരങ്ങൾ വിറകൊണ്ടു...
"നീയെന്നെ സ്നേഹിക്കുന്നുവെന്ന്, പരിഗണിക്കുന്നുവെന്നു എനിക്ക് കൂടി തോന്നണ്ടേ മിത്രാ? ഉള്ളിൽ നിറയെ സ്നേഹം ഒളിപ്പിച്ചു വെച്ചിട്ട് എന്താ പ്രയോജനം? "
"ശെരിയാണ്. പക്ഷെ ഞാൻ ജീവനോടെയിരിക്കുമ്പോ എന്നെ മറന്നു മറ്റൊരുവളിലേക്ക് പ്രണയം പകരാൻ എങ്ങനെ തോന്നി? ഒരു നിമിഷത്തേക്കെങ്കിലും എന്നെ മറന്നു എന്ന് ആലോചിക്കുമ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുന്നു. എന്റെ തലയിൽ ഒരായിരം കടന്നലുകൾ മൂളുന്നത് പോലെ, നെഞ്ചിലാരോ കൂടം കൊണ്ടടിക്കുന്നത് പോലെ, കാരമുള്ളുകൾ തറച്ചിറങ്ങുന്ന വേദന.. "
"എന്റെ അവസ്ഥ കൂടി മനസ്സിലാക്കണം. ആരും ഇല്ലാത്തവനെപ്പോലെ ഒറ്റപ്പെട്ട് ഞാനീ വീട്ടിൽ. എനിക്കും ആരോടെങ്കിലും ഒന്ന് മനസ്സ് തുറക്കണ്ടേ? അവൾ എനിക്ക് ഒരാശ്വാസമായിരുന്നു. "
"മറ്റൊരുവൾ നിന്നെ സ്നേഹിക്കുന്നത് മാത്രം എന്നോട് പറയരുത് നന്ദൻ . എനിക്ക് സഹിക്കാനാവില്ല. ഞാനൊരു കഥ പറയട്ടെ? ആദ്യപ്രണയം നഷ്ടമായ ഒരു പെൺകുട്ടിയുടെ കഥ? അവൾ ഒരുവനെ അന്ധമായി സ്നേഹിച്ചിരുന്നു. അവൾ അവനെയും. അവൻ ഓരോ നിമിഷവും അവളോടൊപ്പം ഉണ്ടായിരുന്നു. പതിയെ പതിയെ മറ്റുള്ളവയെല്ലാം വിസ്മരിച്ചു അവൾ അവനിൽ മാത്രമൊതുങ്ങി. അവനെക്കുറിച്ചു മാത്രം ചിന്തിച്ചു, അവനു വേണ്ടി പ്രാർത്ഥിച്ചു അവൾ ഓരോ ദിവസവും തള്ളി നീക്കി. പക്ഷെ കുറച്ചു നാൾ കഴിഞ്ഞതോടെ അവനു അവളിലും ആ ബന്ധത്തിലുമുള്ള കൗതുകം നഷ്ടമായി. പക്ഷെ അവൾ അതൊന്നും അറിയാതെ വീണ്ടും വീണ്ടും അവൻ എന്ന ഭ്രമണപഥത്തിൽ മാത്രം ചുറ്റിക്കൊണ്ടിരുന്നു. പോകെപ്പോകെ അവനു അവളുടെ സാമീപ്യം പോലും വെറുപ്പായി തുടങ്ങി. ഒളിഞ്ഞും തെളിഞ്ഞും അവനത് പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ അവൾ ആകെ തളർന്നു പോയിരുന്നു. രാത്രികളിൽ ഉറക്കം നഷ്ടപ്പെട്ട്, വിശപ്പ് ഇല്ലാതെ കുറെയധികം ദിവസങ്ങൾ . വെറുപ്പിനൊടുവിൽ നമുക്ക് പിരിയാം എന്ന ഒറ്റ വാക്കിൽ അവൻ മോഹിച്ചു നേടിയ പ്രണയം പാതിവഴിയിൽ ഉപേക്ഷിച്ചു പോയപ്പോൾ നഷ്ടം അവൾക് മാത്രമായിരുന്നു. തലച്ചോറിൽ വലിഞ്ഞു മുറുകുന്ന അനേകം ഭ്രാന്തൻ ചിന്തകളെ ആട്ടിയോടിക്കാൻ അന്നവൾ ആദ്യമായി സ്വന്തം ദേഹം നോവിച്ചു. കൈത്തണ്ടയിൽ നിന്നൊഴുകുന്ന രക്തത്തുള്ളികളെ അവൾ വളരെയധികം കൗതുകത്തോടെ നോക്കി നിന്നു."
"മിത്രാ " അവൻ ഇടർച്ചയോടെ വിളിച്ചു.
"ഞാൻ പറഞ്ഞു തീർന്നില്ല നന്ദാ.. അങ്ങനെയങ്ങനെ കുറെ നാൾ. മനസ്സിന്റെ താളം തെറ്റുമെന്നു അവൾ പോലും പേടിച്ച നാളുകളിൽ അവൾക്ക് കൂട്ടായി വന്നതാണ് അക്ഷരങ്ങൾ. തന്റെ സ്വപ്നങ്ങളും മോഹങ്ങളുമെല്ലാം അക്ഷരങ്ങളിൽ പകർത്തുമ്പോൾ അതവൾക്ക് ഏറ്റവും ആത്മസംതൃപ്തി നൽകിയ നിമിഷങ്ങൾ ആയിരുന്നു . നാളുകൾക്കു ശേഷം അവളുടെ ജീവന്റെ പാതിയായി വന്നവൻ നന്ദൻ. അവൾക്കൊന്നേ ചോദിയ്ക്കാൻ ഉണ്ടായിരുന്നുള്ളൂ. പാതിവഴിയിൽ തനിച്ചാക്കി പോകുമോയെന്ന്..
മരണത്തിൽ അല്ലാതെ നിന്നെ ഞാൻ പിരിയില്ലെന്നു അവളുടെ കൈകൾ നെഞ്ചോട് ചേർത്ത് പിടിച്ചു അവൻ പറഞ്ഞപ്പോൾ അവൾ അതിയായി സന്തോഷിച്ചിരുന്നു. പക്ഷെ അപ്പോഴും അവളുടെ മനസ്സ് പറഞ്ഞത് ഒരിക്കൽ ആവർത്തിച്ച തെറ്റ് വീണ്ടും ആവർത്തിക്കരുതെന്നാണ്. അവനും വെറുപ്പാകുമോ എന്ന് ഭയന്ന് അവൾ തന്റെ പ്രണയം മുഴുവൻ നിശബ്ദമായി അവനു പകർന്നു നൽകി. പക്ഷെ അവനു അത് മടുപ്പായി മാറിയിരുന്നുവെന്നു തിരിച്ചറിയാതെ അവൾ അവനെ ഓരോ നിമിഷവും പ്രണയിച്ചു പോന്നു. എത്രയായാലും തന്നെ അറിയുന്നവൻ ഒരു നോട്ടം കൊണ്ട് പോലും തന്നെ വഞ്ചിക്കില്ലെന്ന ഉറപ്പിന്മേൽ ആയിരുന്നു അവൻ ആദ്യത്തെ ആണിയടിച്ചത്. അവനു മറ്റൊരുവളോട് പ്രണയം തോന്നിയിരുന്നുവെന്നു അറിഞ്ഞപ്പോഴുള്ള അവളുടെ അവസ്ഥയിൽ നിന്നു അവൾക്കൊരു മോചനം കൊടുത്തത് വേദനകളായിരുന്നു. മനസ്സിന്റെ വേദനയെ മറികടക്കാൻ അവൾ സ്വന്തം ശരീരത്തെ വേദനിപ്പിച്ചു തുടങ്ങി, അതിൽ ആശ്വാസം കണ്ടെത്തി തുടങ്ങി.. " അവന്റെ മുടിയിഴകളിൽ പതിയെ തലോടിക്കൊണ്ടിരുന്നു അവളുടെ കൈകൾ ഒരു നിമിഷം നിശ്ചലമായി. അവളുടെ അധരങ്ങൾ അവന്റെ നെറുകിൽ പതിഞ്ഞ നിമിഷം അവളുടെ കണ്ണിൽ നിന്നോരു തുള്ളി അവന്റെ നെറുകിൽ വീണു ചിതറി.
"നിനക്ക് ഒന്ന് കരഞ്ഞൂടെ? എന്നെയൊന്നു വഴക്ക് പറഞ്ഞൂടെ മിത്ര? "
" ഇങ്ങനെ വേദനിക്കാനും ഒരു സുഖമുണ്ട്. ഉള്ളിൽ ഒരു അഗ്നിപർവ്വതത്തെ ഒളിപ്പിച്ചു വെച്ച് പുറമെ പുഞ്ചിരിക്കാൻ ശ്രെമിക്കുകയാണ് ഞാൻ. ഈ വേദനയിലും ഞാൻ കണ്ടെത്തുന്ന ഒരു സുഖമുണ്ട്. നിന്നെ വേദനിപ്പിച്ചെങ്കിൽ അതിനുള്ള പ്രായശ്ചിത്തമായി മാറട്ടെ എന്റെയീ വേദന. "
അവനൊന്നും പറഞ്ഞില്ല. അവളും. കുറെയധികം സമയം കഴിഞ്ഞു അവൻ കണ്ണ് തുറക്കുമ്പോൾ മുടിയിഴകൾക്കിടയിൽ ഇരുന്ന അവളുടെ കൈകൾക്ക് വല്ലാത്തൊരു തണുപ്പ് അനുഭവപ്പെട്ടു അവന് . പിടഞ്ഞെഴുന്നേൽക്കുമ്പോഴേക്കും അവൾ അവന്റെ നെഞ്ചിലേക്ക് വീണിരുന്നു. അവന്റെ നെഞ്ചിലെ ചൂടിനും ഉണർത്താനാവാത്ത വിധം ആ കുഞ്ഞ് ഹൃദയം വിറങ്ങലിച്ചിരുന്നു. അപ്പോഴും അവൾ എഴുതി വെച്ചിരുന്ന പേപ്പറിലെ മഷി ഉണങ്ങിയിരുന്നില്ല.
അതിൽ അവൾ ഇങ്ങനെ എഴുതിയിരുന്നു.
"എന്നോളം ആർദ്രമായി നിന്നെയാരും സ്നേഹിച്ചിട്ടില്ല.....
എന്നിലും തീവ്രമായി നിന്നെയാരും ആഗ്രഹിച്ചിട്ടുമില്ല....
എന്നേക്കാൾ മനോഹരമായി, നിശബ്ദമായി മറ്റാരാണ് നിന്നെ പ്രണയിക്കുക??? "
രചന :- ഗായത്രി വാസുദേവ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക