നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യാത്ര (കഥയെഴുത്ത് മത്സരം) - Entry 10


രാവിലെ എണീറ്റ് കുളിയും കഴിഞ്ഞ് ഒരു കട്ടൻ ചായയും ഉണ്ടാക്കിക്കുടിച്ചിട്ട് റൂമിൽ നിന്ന് പുറത്തിറങ്ങി. പത്ത് മണി ആയതേയുള്ളൂ എന്നിട്ടും അസഹനീയമായ ചൂടാണ്.

ഞാൻ കൽബ കഫ്റ്റീരിയ ലക്ഷ്യമാക്കി നടന്നു. ഏതാണ്ട് അഞ്ചു മിനിറ്റോളം നടക്കാനുണ്ട്.റോഡിൽ വാഹനങ്ങൾ നന്നേ കുറവാണ്. മുമ്പ് എന്തോരം തിരക്കുണ്ടായിരുന്ന റോഡാണ്.

മഞ്ചേരിക്കാരൻ ഷറഫുദ്ദീൻ്റേതാണ് കഫ്റ്റീരിയ. അതിന് തൊട്ടുപിറകിൽ തന്നെയാണ് അവരുടെ താമസസ്ഥലവും. ഇന്നലത്തെ തൻ്റെ സങ്കടം പറച്ചിൽ കേട്ടാണ് ഷറഫു വൈ ഫൈ പാസ്വേർഡ് തന്നത്.

മുമ്പ് താൻ ജോലി ചെയ്തിരുന്ന ഷോപ്പിൽ വൈഫൈ ഉണ്ടായിരുന്നത് കൊണ്ട് നാട്ടിലേക്ക് വിളിക്കലും ഇൻറർനെറ്റ് ഉപയോഗവുമൊക്കെ ജോറായി നടന്നിരുന്നു.
ഇപ്പൊ കൊറോണ കാരണം വർക്ക് കുറഞ്ഞത് കൊണ്ട് നഷ്ടക്കണക്കും പറഞ്ഞ് അറബി കടയടച്ചു. നാട്ടിലേക്ക് പോകേണ്ടവർക്ക് പോകാം മറ്റേതെങ്കിലും ജോലിക്ക് കയറേണ്ടവർക്ക് അങ്ങിനെയുമാവാം. അതായിരുന്നു അവരുടെ നിലപാട്.

ഈയൊരവസ്ഥയിൽ പുതിയൊരു ജോലി കണ്ടെത്തുക അസാധ്യമാണ്. നാടണയുക തന്നെ ശരണം. അങ്ങിനെയാണ് കേട്ടിടത്തൊക്കെ പേര് രജിസ്റ്റർ ചെയ്തത്. എൻ്റെ ഊഴം ഇനിയെപ്പോഴാണെന്ന് ദൈവത്തിനറിയാം.

കഫ്റ്റീരിയയുടെ പിറകിലെ അവരുടെ താമസസ്ഥലത്തെ തണൽ വിരിച്ചു നിൽക്കുന്ന വലിയ വേപ്പുമരത്തിൻ്റെ ചുവട്ടിലിട്ട കസേരയിൽ ഞാൻ ചെന്നിരുന്നു.

ഫോണിൽ നോക്കിയപ്പോൾ വൈ ഫൈ കണക്ടായിട്ടുണ്ട്. വീട്ടിലെ നമ്പർ ഡയൽ ചെയ്തു. മോളാണ് ഫോണെടുത്തത്. എട്ടാം ക്ലാസിലേക്കെത്തിയ അവൾക്ക് ഒൺലൈനായി പഠിക്കാനായി പുതിയ മൊബൈൽ കിട്ടിയ സന്തോഷത്തിലാണവൾ.
" ഉമ്മയെവിടെ..?ഉമ്മക്ക് കൊടുക്ക്..."
കുശലാന്വേഷണങ്ങൾക്ക് ശേഷം ഞാൻ അവളോട് പറഞ്ഞു.
" ഉമ്മ മുറ്റത്ത് തുണിയലക്കുകയാ.. ഇവിടെ ഭയങ്കര മഴയാ ഉപ്പാ... അവിടെ മഴ പെയ്യാറുണ്ടോ...?"

ഒരു വാഷിംഗ് മെഷിൻ വാങ്ങിക്കൊടുക്കാൻ ഇത്രയും കാലം ഈ മണൽക്കാട്ടിൽ നിന്നിട്ട് പറ്റിയില്ല. വാങ്ങണമെന്ന് ഓരോ തവണ കരുതുമ്പോഴും അതിനേക്കാൾ വലിയ മറ്റേതെങ്കിലും ആവശ്യങ്ങൾ മുന്നിൽ നിൽക്കുന്നുണ്ടാവും. തവണ വ്യവസ്ഥയിൽ ഒരു വാഷിംഗ് മെഷീൻ വാങ്ങാമെന്ന് കഴിഞ്ഞ പ്രാവശ്യം ലീവിന് പോയപ്പോൾ പറഞ്ഞതാണ്. ഇനിയിപ്പൊ അതൊന്നും വേണ്ടെന്നേ... ഈ കല്ലിലെ അലക്കലൊക്കെ എനിക്കൊരു ശീലമായി എന്നായിരുന്നു അവളുടെ മറുപടി.

"ഹലോ.. ഉപ്പാ... കട്ടായോ..?"
"ഹലോ... മോളേ പറയൂ..
"നിങ്ങക്ക് പണിയൊന്നുമില്ലാന്ന് പറഞ്ഞിട്ട് ഫോൺ വാങ്ങാൻ എവിടുന്നാ ഉപ്പാ പൈസ കിട്ടിയത്."
"മുമ്പത്തെ ശമ്പളം കിട്ടിയത് ബാക്കിയുണ്ടായിരുന്നു... മോള് നന്നായി പഠിക്കണം കെട്ടോ.. എന്നാ ഞാൻ വൈകുന്നേരം വിളിക്കാം... ഉമ്മാനോട് പറയണം"
ഫോൺ കട്ട് ചെയ്തു.

നാട്ടിൽ നിന്നുള്ള ചില സംസാരങ്ങൾ കേൾക്കുമ്പോൾ ചിലപ്പോൾ നമുക്ക് മറുപടി പറയാൻ പറ്റില്ല. ശബ്ദം തൊണ്ടയിൽ കുരുങ്ങും. നാട്ടിലുള്ള സുഹൃത്തുക്കളോട് കടം ചോദിച്ച് അവർ അക്കൗണ്ടിലിട്ടു തന്ന പണം കൊണ്ടാണ് ഫോൺ വാങ്ങിയതെന്ന് അവളോട് പറയാൻ പറ്റില്ലല്ലോ..

ഇരിക്കുന്നത് തണലിലാണെങ്കിലും ചുറ്റും വീശുന്നത് ചുടു കാറ്റാണ്. ആകെ വിയർത്ത് കുളിച്ചിരിക്കുന്നു. റോഡിലേക്കിറങ്ങുമ്പോൾ ഫോൺ ബെല്ലടിക്കുന്നത് കേട്ടു. പരിചയമില്ലാത്ത നമ്പർ. ഫോണെടുത്തു.
" ഞാൻ സജീവ് .. ഒരു കിറ്റിൻ്റെ കാര്യം പറഞ്ഞിരുന്നല്ലോ ഇന്നലെ.. ഞങ്ങൾ നിങ്ങളുടെ റൂമിൻ്റെ മുന്നിലുണ്ട്."
അതു കേട്ടതും റൂമിലേക്ക് ഒരോട്ടമായിരുന്നു. മൂന്നു ദിവസമായി ശരിക്കെന്തെങ്കിലുമൊന്ന് കഴിച്ചിട്ട്.തൊട്ടടുത്ത കടയിലുണ്ടായിരുന്ന ബിനുവാണ് ഭക്ഷണക്കിറ്റ് എത്തിച്ചു കൊടുക്കുന്ന മലയാളി സംഘടനയുടെ നമ്പർ തന്നത്. രാത്രി തന്നെ വാട്സപ്പിൽ ഡീറ്റയിൽസ് അയക്കുകയും ചെയ്തു.

റൂമിൻ്റെ മുന്നിൽ ഒരു കാർ കിടക്കുന്നുണ്ട്. എന്നെക്കണ്ടതും അതിൽ നിന്നൊരാൾ ഇറങ്ങി .അയാൾ കാറിൻ്റെ ബാക്ക് ഡോർ തുറന്ന് വലിയൊരു കവർ എടുത്തു എൻ്റെ കൈയിൽ തന്നു.
"നാട്ടിൽ പോകാൻ ടിക്കറ്റിന് സഹായിക്കണമെന്ന് പറഞ്ഞിരുന്നല്ലേ.. എല്ലാറ്റിനും വഴിയുണ്ടാക്കാം.. സമാധാനപ്പെടൂ.."
അയാൾ കാറിൽ കയറിയ ശേഷം കാറിൻ്റെ ഗ്ലാസ് താഴ്ത്തിയിട്ട് എന്നോടായിപ്പറഞ്ഞു..
"എന്താവശ്യമുണ്ടെങ്കിലും വിളിക്കാൻ മടിക്കണ്ട. ഞങ്ങളൊക്കെ ഇവിടെയുള്ളപ്പോൾ നിങ്ങളെന്തിന് പേടിക്കണം..."

ജോലി നഷ്ടപ്പെട്ട് കൈയിൽ കാൽ കാശില്ലാതെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന ഈ അവസ്ഥ വീട്ടുകാർ ഒരിക്കലും അറിയാനിടവരുത്തരുതേയെന്നായിരുന്നു അപ്പോഴെൻ്റെ പ്രാർത്ഥന.. നമ്മളിവിടെ സുഖമായിരിക്കുന്നുവെന്ന് സമാധാനിക്കട്ടെ അവർ.

എയർപോർട്ട് റോഡിലെ ട്രാഫിക് സിഗ്നലും കടന്ന്  ആ കാർ മുന്നോട്ട് പോയി. പുറത്ത് വീശിയടിച്ച ചുടു കാറ്റിൽ ഉയർന്നുപൊങ്ങിയ മണൽത്തരികൾ എൻ്റെ നിറഞ്ഞു തുളുമ്പാറായ കണ്ണുകളിൽ പതിയുന്നത് ഞാനറിഞ്ഞു.

--------------
Written and Submitted by MP SAKEER HUSSAIN

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot