നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാമോദീസ (കഥയെഴുത്ത് - മത്സരം) - Entry 29

വെള്ളാരം കണ്ണുകളും, സ്വർണ്ണത്തലമുടിയും ഉള്ള അവൾക്ക് ക്രിസ്തുമസ്സ് ട്രീകളോടായിരുന്നു. കൂടുതൽ ഇഷ്ടം.
പതിമൂന്ന് വയസ്സുള്ള മകളുടെ ആഗ്രഹം, അവളുടെ പപ്പ ലണ്ടനിൽ നിന്നായിരുന്നു. ക്രിസ്തുമസ്സ് മരങ്ങളുടെ തൈച്ചെടികൾ എത്തിച്ചത്.
ബോണക്കാട് ബംഗ്ലാവിൻ്റെ മുറ്റത്ത് അത് തലയുയർത്തി വളർന്നു നിൽക്കുന്നതവൾ സ്വപ്നം കണ്ടു.
ഒരിക്കൽ പിരമിഡ് ആകൃതിയിൽ അത് ആകാശം മുട്ടെ വളർന്നു നിൽക്കും,
മഞ്ഞുകാലത്ത് അതിൻ്റെ ചില്ലകളിൽ മഞ്ഞുത്തുള്ളികൾ അഗസ്ത്യമലയെ നോക്കി മുനിയെ പോലെ തപസ്സിരിക്കും.
പുലരിയിൽ അതിൻ്റെ ചുവട്ടിൽ നിന്ന് ഞാനവയെ അപ്പോൾ കുലുക്കി ഉണർത്തും.
എൻ്റെ സ്വർണ്ണത്തലമുടിയിലേക്ക് പെയ്തിറങ്ങുന്ന മഞ്ഞു തുള്ളികളിൽ ഉദയസൂര്യൻ മഴവില്ലുകൾ വിരിയിക്കും.
മഴവില്ലുകൾ നിറഞ്ഞ മഞ്ഞു തുള്ളികൾ കോർത്തു ഞാൻ അന്നൊരു മാല ഉണ്ടാക്കി കഴുത്തിൽ അണിയും. സ്വപ്നങ്ങളുമായി
ചെടികൾ ഓരോന്നായി അവൾ ജീപ്പിന് പുറകിലേക്ക് എടുത്തു വച്ചു.

റഫേൽ തരകൻ്റെ ജീപ്പ് ചുരമിറങ്ങി വരുകയായിരുന്നു. ചുള്ളിക്കാട് കവലയിലെത്തി അത് കല്ലാർക്കടവിലേക്ക് തിരിഞ്ഞു.
സൂര്യൻ മറഞ്ഞു. സമയം സന്ധ്യയാകാൻ തുടങ്ങിയിരുന്നു. ചുള്ളിക്കാട് ഹൈറേഞ്ചിൽ വൈദ്യുതി ഉണ്ടായിരുന്നത് തരകൻ്റെ മാളിയേക്കൽ തറവാട്ടിലും, പള്ളിയിലും മാത്രമായിരുന്നു. കവലയിലെ പീടികകളിൽ മണ്ണെണ്ണ റാന്തൽ തെളിഞ്ഞു തുടങ്ങി.
പച്ച നിറത്തിലെ വില്ലീസ് ജീപ്പ് തരകൻ്റെ ജീപ്പിന് എതിരെ വരുന്നുണ്ടായിരുന്നു. അത് ബോണക്കാട് എസ്‌റ്റേറ്റ് മാനേജർ സായിപ്പിൻ്റെ ജീപ്പ് ആണെന്ന് തരകന് മനസ്സിലായി.
25 GB എന്ന ബംഗ്ലാവിൻ്റെ പേര് ജീപ്പിന് മുന്നിൽ എഴുതിയിരിക്കുന്നു.
വില്ലീസ് ജീപ്പ്  തരകനെ കടന്ന് പോയി. അതിനുള്ളിൽ ഇരുന്ന പതിമൂന്ന് വയസ്സുകാരി പെൺകുട്ടി തരകനെ കൈ ഉയർത്തി കാണിച്ചു. ജീപ്പോടിച്ചിരുന്നത് അവളുടെ പപ്പ മാനേജർ സായിപ്പായിരുന്നു. 
അഗസ്ത്യ മലമുകളിൽ നിന്നെത്തുന്ന ഇളം കാറ്റിൽ അസ്ഥിയിൽ തുളച്ചു കയറുന്ന തണുപ്പായിരുന്നു. ജീപ്പിനുള്ളിൽ രണ്ടു പേരും കഴുത്തിൽ മഫ്ളർ ചുറ്റിയിരിക്കുകയും തലയിൽ ചപ്പിയ തൊപ്പിയും വച്ചിട്ടുണ്ടായിരുന്നു.
ചുവന്ന റോസാപ്പൂക്കൾ അവിടവിടെയായി വച്ചുപിടിപ്പിച്ച വെള്ള ഫ്രോക്കായിരുന്നു.
അവൾ അണിഞ്ഞിരുന്നത്.
തരകനെ കൈ വീശി കാണിച്ചപ്പോൾ ചപ്പിയ മഞ്ഞത്തൊപ്പിയ്ക്ക് താഴെയായി അവളുടെ സ്വർണ്ണത്തലമുടിയും അതനുകരിച്ചു.
വില്ലീസ് ജീപ്പ് ചുള്ളിക്കാട് കവലയിൽ നിന്നും ബോണക്കാട് എസ്‌റ്റേറ്റ് റോഡിലേക്ക് തിരിഞ്ഞു.
ഒരു കുന്ന് കറുത്ത പുക പുറത്തേയ്ക്ക് തള്ളിയത് മുന്നോട്ട് പോയി. ജീപ്പിന് പുറകിൽ പുറത്തേയ്ക്ക് തല നീട്ടിയ ക്രിസ്തുമസ്സ് ട്രീ ചെടികളെ തരകൻ ജീപ്പിൻ്റെ കണ്ണാടിയിലൂടെ  കണ്ടു.
പൊൻമുടി മലമുകളിലേക്കുള്ള പ്രധാന പാത ചുള്ളിക്കാട് കവലയിൽ നിന്നും വലത്തേക്ക് തിരിയുന്നത് ബോണക്കാട് എസ്റ്റേറ്റിലേക്ക് ആയിരുന്നു.

തരകൻ്റെ ജീപ്പ് മലമുകളിലേക്കുള്ള കയറ്റം കയറി പത്താമത്തെ വളവും കഴിഞ്ഞ് നിരപ്പായ പാതയിൽ എത്തി.
കല്ലാർപ്പുഴയുടെ കളകളാരവത്തിൻ്റെ ശബ്ദം കേട്ടു തുടങ്ങി. പാറയിൽ തട്ടിത്തെറിച്ച് കിന്നാരം പറഞ്ഞും, പരിഭവം പറഞ്ഞും കുതിച്ചൊഴുകുന്ന പുഴ. കല്ലാർ കടവിന് അരികിലായി ഒരു ടൂറിസ്റ്റ് ബസ് നിർത്തിയിട്ടുണ്ടായിരുന്നു.
തരകൻ അതിനരികിലായി ജീപ്പ് നിർത്തി. പുറത്തിറങ്ങി.തലമുടി മുഴുവൻ നരകയറിയ മധ്യവയസ്ക്കനായിരുന്നു. തരകൻ.
വെള്ള നിറത്തിലെ മുണ്ടും ജുബ്ബയുമായിരുന്നു. തരകൻ്റെ വേഷം. കടവിൽ നിന്ന് കയറി വന്ന കുട്ടികൾ ബഹളവുമായി ബസ്സിലേക്ക് വരിവരിയായി തിരികെ കയറിത്തുടങ്ങി.
ബസ്സ് പോയിക്കഴിഞ്ഞപ്പോൾ തരകൻ ജീപ്പിന് പുറകിൽ നിന്ന് രണ്ടു ചാക്കുകെട്ടുകൾ വലിച്ചു പുറത്തിട്ടു. കീറിയ ചാക്കിനുള്ളിൽ നിന്നും എല്ലും ഇറച്ചി കഷണങ്ങളുമായി ബിരിയാണി ചോറ് പുറത്തേക്ക് വീണു. തരകൻ പ്രയാസപ്പെട്ടത് വലിച്ച് കല്ലാറിലേക്കിട്ടു. വെള്ളത്തിൽ വീണത് ഒന്നു മുങ്ങി നിവർന്നു. പതഞ്ഞൊഴുകിയ വെളുത്ത നിറത്തിലെ വെള്ളത്തിൽ അത് മഞ്ഞയും ചുവപ്പും കലർന്ന നിറങ്ങൾ കലർത്തിയൊഴുകി. തലേ ദിവസം തരകൻ്റെ കൊച്ചുമകളുടെ മാമോദീസയായിരുന്നു. അധികം വന്ന ഭക്ഷണം കല്ലാർപ്പുഴയിൽ കലർന്നൊഴുകി. ജീപ്പിൻ്റെ ലൈറ്റിൻ്റെ പ്രകാശത്തിൽ തരകൻ അത് നോക്കി നിന്നു. അടുത്തൊരു ചാക്ക് എടുക്കാൻ തുടക്കുമ്പോഴാണ് ജീപ്പിൻ്റെ മുകളിലേക്ക് ഒരു വികൃത രൂപം ചാടി വീണത്.
തരകൻ ഭയന്ന് പിന്നോട്ട് മാറി.

തരകൻ്റെ ജീപ്പ് തിരികെ ചുള്ളിക്കാട് കവലയിൽ എത്തി. ബോണക്കാട് എസ്‌റ്റേറ്റ് റോഡിലേക്ക് തിരിഞ്ഞു. ജീപ്പിന് പുറകിലായി ഒരാൾ കൂടെ ഇരിക്കുന്നുണ്ടായിരുന്നു. ജീപ്പ് റോഡരികിലെ കുരിശടിപ്പള്ളി കഴിഞ്ഞ് ഇരുവശവും റബ്ബർ മരങ്ങൾ നിറഞ്ഞ പാതയിൽ എത്തിയിരുന്നു. മങ്ങിയ മഞ്ഞ നിറമുള്ള ജീപ്പിൻ്റെ പ്രകാശത്തിൽ തരകൻ പാതയരികിൽ ഒരാളെ കണ്ടു.
കുറുകിയ ഉയരമുള്ള ഉടുപ്പ് ധരിക്കാത്ത അയാളുടെ തോളിൽ ഒരു ശവശരീരം ഉണ്ടായിരുന്നു. തരകൻ അയാൾക്ക് അരികിലായി ജീപ്പ് നിർത്തി.
"എന്താണ്ടെടാ തൊമ്മാ ആരാണിപ്പൊ ഈ രാത്രീല്..?"
തരകൻ്റെ ചോദ്യം കേട്ടു കുറിയ ആ മനുഷ്യൻ തിരിഞ്ഞു നിന്നു. അയാൾ ഒരു ഒറ്റക്കണ്ണനായിരുന്നു. കൃഷ്ണമണി ഇല്ലാത്ത ഒരു കണ്ണ് വെള്ളി പോലെ തിളങ്ങുന്നുണ്ടായിരുന്നു.
"എസ്റ്റേറ്റ് ലായത്തിലെ വർക്കിയാണ് മൊതലാളി.
ഓനിന്ന് തൂങ്ങി ചത്തു."

"ഏത് സ്വന്തം പിള്ളേ പെഴപ്പിച്ച് കൊന്ന പെറുക്കി വർക്കിയാ അവൻ ചത്തോ?"
തോളിലെ ഭാരത്തിൻ്റെ അസ്വസ്ഥയോടെ തൊമ്മൻ തലയാട്ടി.
റബ്ബർ കാടിന് നടുവിലൂടെ മുന്നോട്ട് നടന്നു.
കുരിശടിപ്പള്ളിയ്ക്ക് പുറകിലായിരുന്നു.
പള്ളി വക സെമിത്തേരി. റബ്ബർ വനത്തിന് നടുവിലൂടെ ആയിരുന്നു. സെമിത്തേരിയിലേക്കുള്ള പാത.
"ഓനെ ഓളടുത്തൊന്നും തോണ്ടിയിടണ്ട ട്ടാടാ തൊമ്മാ ശവം പോലും വെറുതെ വിടാത്ത ജാത്ത്യകളാണ് "
തരകൻ ജീപ്പ് ഇരപ്പിച്ച് മുന്നോട്ടെടുത്തു.

തൊമ്മൻ തെമ്മാടിപ്പറമ്പിൻ്റെ ഗേറ്റിന് മുന്നിലെത്തി.
തോളിൽ കുടിയിരുന്ന ശവശരീരത്തിൻ്റെ ഭാരം  താഴേയ്ക്കിട്ടു.
പഴകി തുരുമ്പെടുത്ത് നശിക്കുന്ന ഇരുമ്പ് ഗേറ്റ് വലിയൊരു താഴിട്ട് പൂട്ടിയിരുന്നു.
കാലപ്പഴക്കം കൊണ്ട് താഴും തുറക്കാനാകാത്ത വിധം തുരുമ്പെടുത്ത് നാശമായി തുടങ്ങിയിരുന്നു.
ഗേറ്റിൻ്റെ ഒരു ഭാഗത്തെ കമ്പികൾ തുരുമ്പെടുത്ത് നശിച്ച് ഗേറ്റിൽ ഒരു വിടവ് ഉണ്ടായിരുന്നു.
വിടവിലൂടെ വാത്തിയാൻ തൊമ്മൻ കുനിഞ്ഞ് തെമ്മാടിക്കുഴിക്ക് അകത്തേറിങ്ങി.
ഗേറ്റിൻ്റെ വിടവിൽ താഴേക്ക് കൂർത്ത് നിന്ന കമ്പികളിൽ ഒരെണ്ണം തൊമ്മൻ്റെ മുതുകിൽ പോറി ചോര കിനിഞ്ഞു.
വാത്തി തൊമ്മൻ്റെ മുതുകിലെ മുറിവുകളുടെ എണ്ണമെടുത്താൽ അറിയാം.
ചുള്ളിപ്പാറ കറുത്ത ജൂതപ്പള്ളിയിലെ തെമ്മാടിക്കുഴിയിൽ എത്ര ശവങ്ങൾ ഉണ്ടെന്ന്.

തെമ്മാടിക്കുഴിയിലെ നിരനിരയായ ശവക്കൂനകളെ ഓർമ്മിപ്പിക്കുന്നു. തൊമ്മൻ്റെ മുതുകിലെ വരിവരിയായ മുറിവിൻ്റെ പാടുകൾ.
തെമ്മാടിക്കുഴി ശവപ്പറമ്പിന് ചുറ്റും കരിങ്കല്ലുകൾ കൊണ്ട് നിർമ്മിച്ച ഉയരമേറിയ മതിൽ ഉണ്ടായിരുന്നു. കരിങ്കൽ പാറകളിൽ മുഴുവൻ വള്ളിപ്പടർപ്പുകൾ കടന്നു കയറി മൂടപ്പെട്ടിരിക്കുന്നു.

തെമ്മാടിപ്പറമ്പിൽ മുക്കാൽ ഭാഗത്തോളം വിശ്വാസികളുടെ കല്ലറകളായിരുന്നു.
ബാക്കിയുള്ള പറമ്പാണ് തെമ്മാടിക്കുഴിയായി മാറിയത്. പറമ്പിനുള്ളിൽ തെമ്മാടിക്കുഴി ഭാഗം നിറയെ പുല്ലുകൾ വളർന്നു കാട് കയറിക്കിടക്കുന്നു. അതിനിടയിൽ അവിടവിടെയായി തല ഉയർത്തിപ്പിടിച്ച് വയലറ്റ് നിറത്തിലുള്ള ശവം നാറിപ്പൂക്കൾ വിരിഞ്ഞു നിന്നു.
ശവം നാറിപ്പൂക്കളെ വേദനിപ്പിക്കാതെ കാട് കുറഞ്ഞ ഒരു പ്രതലം തൊമ്മൻ കണ്ടെത്തി. കൈയ്യിൽ ഉണ്ടായിരുന്ന കൂന്താലി താഴെ വച്ചു. മുണ്ടിൻ്റെ കോന്തലയിൽ മുതുകിൽ ചേർത്ത് കോർത്തു വച്ചിരുന്ന മുളവടി അവൻ ഊരിയെടുത്തു.
ചെറിയ മുളവടി മുകളിലെ തുമ്പിൽ പിടിച്ച് വലിച്ചപ്പോൾ അകത്ത് നിന്നത് നീണ്ടു വന്നു. ഏഴടിയോളം നീളമുള്ളൊരു വടിയായി മാറിയത്. അതു വച്ച് മണ്ണിൽ നീളത്തിൽ മൺവെട്ടി കൊണ്ട്  തലപ്പത്തും, താഴെയുമായി ഒരോ വെട്ടു വെട്ടി അടയാളപ്പെടുത്തി.
മുളവടി പിന്നെയും മുകളിൽ നിന്ന് അകത്തേയ്ക്ക് തള്ളി തൊമ്മനത് ചെറുതാക്കി.
മൂന്നരയടി നീളത്തിലുള്ള ചെറിയ വടിയായി മാറിയത്.
തലപ്പത്തെയും, താഴത്തെയും വെട്ടിന് കുറുകെ കുരിശ് പോലെയത് വച്ചു. അളന്നു, രണ്ടടയാളങ്ങൾ ഇരു വശങ്ങളിലും ഉണ്ടാക്കി.
കുപ്പിവളകൾ കിലുങ്ങുന്ന ശബ്ദം കേട്ടാണ് തൊമ്മൻ തിരിഞ്ഞ് നോക്കിയത്.
തൊമ്മൻ്റെ മകൾ വറീത കൈയ്യിൽ ഒരു സ്റ്റീൽ തൂക്കുപാത്രവുമായി വരുന്നുണ്ടായിരുന്നു.
ഗേറ്റിൻ്റെ വിടവിലൂടെ കുനിഞ്ഞ് ഇറങ്ങിയപ്പോൾ ചുറ്റിയ ഉണങ്ങിയ വള്ളിപ്പടർപ്പുകൾ അവളുടെ തലമുടിയിൽ പറ്റിപ്പിടിച്ചിരിക്കുന്നു.
പാദങ്ങളോളം മുട്ടിയ കറുത്ത നിറത്തിലെ  പാവാടയിൽ വയലറ്റ് നിറത്തിലെ കുഞ്ഞ് പൂക്കൾ തെമ്മാടിപ്പറമ്പിലെ ശവം നാറിപ്പൂക്കളെ ഓർമ്മിപ്പിച്ചു. ശവം നാറിപ്പൂക്കൾ പറിച്ച് അവളുടെ പാവാടയിലാരോ ഒട്ടിച്ചു വച്ചത് പോലെ ഉണ്ടായിരുന്നു. ഇരുപത് വയസ്സിലെ പെണ്ണായിരുന്നെങ്കിലും ഇരുപത് വയസ്സിലെ ആണിനെ പോലെയാണ് അവൾ നടന്നു വരുന്നത്. കാലുകൾ നീട്ടി വച്ചു. അൽപ്പം വേഗതയിൽ അവൾ നടന്നുവരുമ്പോൾ എണ്ണമയമില്ലാത്ത ചെമ്പിച്ച തലമുടികൾ കാറ്റിൽ പാറിക്കളിച്ചു.
അവൾ നടന്ന് തൊമ്മന് അരികിലെത്തി.
" പാപ്പോയി കഞ്ഞി കാലായിട്ടുണ്ട്. "
തൊമ്മൻ അവളുടെ കൈയ്യിൽ നിന്നും തൂക്ക് പാത്രം വാങ്ങി നനഞ്ഞ മണ്ണൽക്കൂനയ്ക്ക് മുകളിൽ വച്ചു. ആകാശത്തേയ്ക്ക് നോക്കി.
ഉയരത്തിൽ വളർന്നു നിൽക്കുന്ന ജാതിമരത്തിൽ ചേക്കാറാനായി പക്ഷികൾ ശബ്ദമില്ലാതെ പറന്നടുക്കുന്നുണ്ടായിരുന്നു.
"മഴ പെയ്ത്തുണ്ടാകുമെന്ന് തോന്നണു. പാതിരാത്രിയ്ക്ക് മുൻപേ കുഴി തീർക്കണം.
മോള് പോയിട്ട് റാന്തൽ എടുത്തോണ്ട് വാ "
തൊമ്മൻ പറയുന്നതിനോടൊപ്പം ജോലി തുടർന്നു.

വറീത തെമ്മാടിക്കുഴി ഗേറ്റിലൂടെ കുനിഞ്ഞ് പുറത്തേക്കിറങ്ങി വീട്ടിലേക്ക് നടന്നു.
തെമ്മാടിപറമ്പിന് പുറകിലെ പള്ളി അവശിഷ്ടങ്ങൾക്കരികിലെ ചെറിയ ഓട്ടുപുര അവൾക്ക് കാണാമായിരുന്നു.
നശിച്ചുപോയ പള്ളിയുടെ കുശിനിപ്പുരയായിരുന്നു. അത്. പള്ളി അനുവാദത്തോടെ കുഴിവെട്ടി തൊമ്മനും മകളും അവിടെയാണ് താമസം.
കാലങ്ങൾക്ക് മുൻപ്പെന്നോ കൊടുങ്കാറ്റിലും പേമാരിയിലും നശിച്ചു പോയതിൻ്റെ സാക്ഷി പത്രമായി ആ പള്ളിക്കെട്ടിടം നിലകൊള്ളുന്നു.

വെളുത്ത ജൂതൻമാർ നിർമ്മിച്ച മറ്റൊരു പള്ളി പിൻമുറക്കാർ വെളുത്ത വിശ്വാസികളായി മാറി ഏറ്റെടുത്തിരുന്നു. കുറച്ച് അകലെയായി മനോഹരമായ ആ പളളി സെമിത്തേരിയിൽ കുഴിവെട്ടാൻ മാത്രമായിരുന്നു. തൊമ്മനും മകൾക്കു പ്രവേശനം ഉണ്ടായിരുന്നത്.
കുഴി വെട്ടി കഴിയുമ്പോൾ കപ്യാര് കുര്യച്ചൻ അകലെ നിന്ന് ഉറക്കെ വിളിച്ച് ചോദിക്കും.
"വാത്തിയാനെ കുഴി എന്തായി?"
"തീർന്നച്ചോ " തൊമ്മൻ വിളിച്ചു പറയും.
തൊമ്മന് വികാരിയച്ചനും, കപ്യാരുമൊക്കെ അച്ചനായിരുന്നു.
"തൊമ്മച്ചാ നീ നിൻ്റെ പണി സാധനങ്ങളുമായി സ്ഥലം വിട്ടോളു. വിശ്വാസികളെത്താൻ നേരമായി "
കുര്യച്ചൻ പറയുന്നത് കേട്ട് തൊമ്മൻ കൂന്താലിയും, മറ്റ് സാധനങ്ങളുമായി സെമിത്തേരി കടക്കും. അതിനുശേഷം മാത്രമെ കപ്യാര് കുര്യച്ചൻ അകത്തേക്ക് കടക്കുകയുള്ളു.
അരികുകൾ വൃത്തിയായി അരിഞ്ഞെടുത്ത് മനോഹരമായൊരു ശവപ്പെട്ടി പോലെയാണ് തൊമ്മൻ കുഴി തയ്യാറാക്കിയിരിക്കുന്നത്.
അച്ചൻ നൽകിയ ഹനാൻ വെള്ളം കുര്യച്ചൻ കുഴിയ്ക്ക് ചുറ്റും തളിച്ച് വാത്തിയുടെ അശുദ്ധി മാറ്റും. പിന്നെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.

വറീത റാന്തലുമായി എത്തിയപ്പോൾ തൊമ്മൻ അരയോളം ആഴത്തിൽ കുഴിയിലേക്ക് ഇറങ്ങി നിന്ന് അവസാന വൃത്തിയാക്കൽ നടത്തുകയായിരുന്നു.

"അത്ര വൃത്തിയൊന്നും വേണ്ടപ്പാ കുറച്ച് മുള്ളും പോരുമൊക്കെ അകത്ത് കിടന്നോട്ടെ."
റാന്തൽ മുകളിലേക്കുയർത്തിപ്പിടിച്ച് കുഴി നിരീക്ഷിച്ച വറീത പറഞ്ഞു.
റാന്തൽ വെളിച്ചത്തിൽ തൊമ്മൻ്റെ ഒറ്റക്കണ്ണിലെ വെള്ളി നിറം നായയുടെ കണ്ണ് പോലെ തിളങ്ങി.
തൊമ്മൻ വിയർത്ത് കുളിച്ചിരുന്നു.
ചുവന്ന നിറത്തിലെ മണൽ അവൻ്റെ വിയർപ്പിലൊട്ടി മുതുകിലും കൈത്തണ്ടകളിലും പറ്റിപ്പിടിച്ചിരുന്നു.
"മോൻ പോയി അവനെ ഇങ്ങ് കൊണ്ട് വാ."
അമ്മ ഇല്ലാതെ വളർന്ന വറീത ഇടയ്ക്കൊക്കെ തൊമ്മന് ആൺകുട്ടിയായിരുന്നു.
വറീത റാന്തൽ നനഞ്ഞ മണൽക്കൂനയ്ക്ക് മുകളിൽ വച്ചിട്ട് ഗേറ്റിനരികിലേക്ക് നടന്നു.
ഗേറ്റിനപ്പുറത്തായി തൊമ്മൻ കൊണ്ടിട്ട ശവശരീരം കമിഴ്ന്ന് കിടക്കുന്നുണ്ടായിരുന്നു.
ഗേറ്റിൻ്റെ വിടവിന് ഇപ്പുറത്ത് നിന്ന് കൊണ്ടവൾ ആ ശവത്തിൻ്റെ കാലുകളിൽ പിടിച്ചു വലിച്ചു.
കൂടെ വരാൻ മടിച്ച ശവത്തിനോട് ശക്തി പോരെന്ന് തോന്നിയ അവൾ നിവർന്ന് നിന്നു.
പാദങ്ങളോളമെത്തിയ  പാവാട ഇരു കൈകൾ കൊണ്ടും വശങ്ങളിൽ പിടിച്ച് മുട്ടോളം ഉയർത്തി കെട്ടിവച്ചു. ചുണ്ടുകൾക്കുള്ളിൽ എന്തോ പിറുപിറുത്തു കൊണ്ടവൾ ആ കാലുകളിൽ പിടിച്ച് ആഞ്ഞു വലിച്ചു. മണലിലൂടെ ഇഴഞ്ഞ് ആ ശവശരീരം ഗേറ്റിനിപ്പുറം വന്നു. പാളയിൽ കുട്ടിയെ വച്ച് വലിക്കുന്ന ലാഘവത്തോടെ അവൾ ആ ശവശരീരവുമായി കുഴിയുടെ അരികിലേക്ക് നടന്നു. വഴിയിൽ വളർന്നു നിൽക്കുന്ന മുള്ളിലും പുല്ലിലും ഉരഞ്ഞ് ആ ശവശരീരം കീറി മുറിഞ്ഞു.
ടുത്തിരുന്ന മുണ്ട് മുള്ളുകളിൽ കുരുങ്ങി പറിഞ്ഞ് പോയിരുന്നു. കറുത്ത നിറത്തിൽ എല്ലുകൾ പുറത്തേക്കുന്തിയിരുന്നു. അവൻ്റെ പൃഷ്ഠം.
വലിച്ചുകൊണ്ട് വന്ന ആവേശത്തിൽ അവൾ ആ ശരീരം കുഴിയിലേക്ക് തള്ളി.

"ദാ അപ്പാ ഈ നാറിയ്ക്കിനി ഉടുതുണിയൊന്നും വേണ്ട. സ്വന്തം പിള്ളേ തിരിച്ചറിയാത്ത നായ."

കുഴിയിലേക്ക് കമിഴ്ന്ന് വീണ ശരീരം തൊമ്മൻ മലർത്തി കിടത്തി. തുറന്ന വായും, മൂക്കും നിറയെ മണൽ കയറിയിരുന്നു. അരയ്ക്ക് താഴെ രക്തം കട്ടപ്പിടിച്ചിരിക്കുന്നു. കഴുത്തിൽ താടിയ്ക്ക് താഴെയായി കയർ ഇറുകിയതിൻ്റെ അടയാളം റാന്തൻ വെളിച്ചത്തിൽ കാണുന്നുണ്ടായിരുന്നു.
തൊമ്മൻ വലതു കാലുയർത്തി അവൻ്റെ പൊക്കിളിന് താഴെയായി മുഴച്ചു നിൽക്കുന്നവിടെ ആഞ്ഞ് ചവിട്ടി.

''പൊലയാടി മോൻ സ്വന്തം പിള്ളയാണെന്നെങ്കിലും ഓർത്തൂടായിരുന്നോടാ നായെ.
അവളെ നശിപ്പിക്കാതെ നിനക്ക് കെട്ടിത്തൂങ്ങി ചത്തൂടായിരുന്നോ?"

"അപ്പനിങ്ങോട്ട് കയറിക്കേ ഞാൻ മൂടാം"

കുഴിയിൽ നിന്ന് തൊമ്മനെ അവൾ കൈ പിടിച്ച് മുകളിലേക്ക് കയറ്റി.
മണൽക്കൂനയ്ക്ക് മുകളിൽ ഇരുന്ന് തൊമ്മൻ തൂക്കുപാത്രം തുറന്ന് വായിലേക്ക് കമിഴ്ത്തി.
വറീത കാർക്കിച്ചു തുപ്പുകയും കാലുയർത്തി ചവിട്ടുന്നതിൻ്റെയും ശബ്ദം ഉയരുന്നുണ്ടായിരുന്നു.
കുഴി മൂടി തീർന്നു. തൊമ്മനും വറീതയും നനഞ്ഞ മണൽ കാൽ കൊണ്ട് ചവിട്ടി ഉറപ്പിച്ചു.
അരികിൽ ഉണ്ടായിരുന്ന കുറച്ച് മുൾച്ചെടികൾ വെട്ടി തൊമ്മൻ കുഴിയ്ക്ക് മുകളിൽ വച്ചു.

''അത്രയ്ക്കൊന്നും വേണ്ടപ്പാ ഈ തെണ്ടിയെ നാളെ പട്ടി തിന്നണെകിൽ കുറച്ച് അതും തിന്നോട്ടെന്നേ " വറീതയുടെ അരിശം മാറിയിട്ടില്ലായിരുന്നു.

"അല്ല പിള്ളേ നാളെ വീണ്ടും നമ്മള് തന്നെ
തോണ്ടിയിടണ്ടേ.?"
അതും പറഞ്ഞ് തൊമ്മൻ കൂന്താലിയും തോളിലേറ്റി പുറത്തേക്ക് നടന്നു.
ഗേറ്റിലെ വിടവിലൂടെ തൊമ്മൻ കുനിഞ്ഞ് പുറത്തിറങ്ങി. ഇത്തവണ തൊമ്മൻ്റെ മുതുക് ഉരഞ്ഞിരുന്നില്ല. അകത്തേക്ക് കയറിയപ്പോൾ ഉരഞ്ഞ മുറിവിൽ നിന്നും ചോര കിനിഞ്ഞിരുന്നു.
ചോരയിൽ പറ്റിപ്പിടിച്ച മണലുകൾ ഒരു ശവക്കുഴിയിലെ മണൽക്കൂന പോലെ തൊമ്മൻ്റെ മുതുകിൽ തോന്നിച്ചു. ആ മണൽക്കൂനയിലും നോക്കി വറീത അപ്പൻ്റെ പുറകെ നടന്നു.

ചുള്ളിക്കാട് ഹൈറേഞ്ചിലെ പ്രമാണിയായ പഴയക്കൂർ മാളിയേലെ റഫേൽ തരകൻ അന്തരിച്ചു. വെളുത്ത ജൂതപ്പള്ളിയിലെ സർവ്വകാര്യക്കാരായിരുന്നു.
പഴയക്കൂർ തറവാട്ടുകാർ.
ബ്രിട്ടീഷ് ഭരണകാലത്ത് പോർച്ചുഗലിൽ നിന്ന് കച്ചവടത്തിനായെത്തിയെ ജൂതൻമാർ നിർമ്മിച്ച പള്ളിയായിരുന്നു.
ചുള്ളിപ്പാറയിലെ വെളുത്ത ജൂതപ്പള്ളി.
വംശീയ വേർതിരിവ് അമിതമായുണ്ടായിരുന്ന വെളുത്ത ജൂതൻമാർ കറുത്തവർക്കായി പണിയിപ്പിച്ച് കൊടുത്ത പള്ളിയും സെമിത്തേരിയുമായിരുന്നു.
കറുത്ത ജൂതപ്പള്ളിയും, സെമിത്തേരിയും.
കൊടുങ്കാറ്റിലും, പേമാരിയിലും പള്ളി നശിച്ച് പോയപ്പോൾ പഴയക്കൂറുകാരുടെ പള്ളിയിൽ പ്രവേശനം നിഷേധിച്ച കറുത്ത പിൻമുറക്കാർ വഴിയരികിൽ ഒരു കുരിശ് സ്ഥാപിച്ച്
ഒരു കുരിശടി ഉണ്ടാക്കുകയായിരുന്നു.
തകർന്നു പോയ കറുത്ത ജൂതപ്പള്ളി പറമ്പിലെ സെമിത്തേരി ആ പിൻമുറക്കാർക്കും കുറച്ച് ഭാഗം തെമ്മാടിക്കുഴിയുമായി കാലങ്ങൾക്ക് ശേഷം മാറി.

തൊമ്മൻ സെമിത്തേരിയിലെ പഴയക്കൂറുകാരുടെ കുടുംബ കല്ലറ തുറക്കുകയായിരുന്നു.
മുകളിലെ മണലും മാറ്റി താഴേക്ക് ചെന്നപ്പോൾ പഴകി ദ്രവിച്ച പെട്ടിയുടെ അവശിഷ്ടങ്ങളും എല്ലുകളും പെറുക്കി കരയിലേക്കിട്ടു.
പഴയക്കൂർ തറവാട്ടിലെ വർഷങ്ങൾക്ക് മുൻപ് മരിച്ച ഏതോ വെളുത്തവൻ്റെ അസ്ഥികൾ.
കല്ലറ വൃത്തിയാക്കി തൊമ്മൻ കരയിലേക്ക് കയറി. പെട്ടെന്നാണ് ആണി തറയ്ക്കും പോലെ ഇടത്തെ നെഞ്ചിൽ ഒരു വേദന ഉണ്ടായത്.
നിന്ന നിൽപ്പിൽ ഒന്നാടി വെട്ടിയിട്ട തടി പോലെ ഒറ്റ വീഴ്ച്ചയായിരുന്നു. തൊമ്മൻ കല്ലറയിലേക്ക്.
കപ്യാർ കുര്യച്ചൻ കല്ലറ എന്തായെന്ന് നോക്കാൻ വന്നു. തൊമ്മനെ കാണാനില്ല.
അകലെ മാറി നിന്ന് കുര്യച്ചൻ വിളിച്ചു.
"തൊമ്മച്ചാ തൊമ്മച്ചാ ടാ വാത്തിയേ "
ഉറക്കെ വിളിച്ചിട്ടും മറുപടി ഇല്ലാതായിരുന്നു. കുര്യച്ചൻ കല്ലറയ്ക്ക് അരികിലേക്ക് എത്തി.
തൊമ്മൻ കല്ലറയ്ക്ക് ഉള്ളിൽ കിടക്കുന്നുണ്ട്.
തുറന്നിരിക്കുന്ന വായ്ക്കുള്ളിൽ നിന്ന് ചോര ഒരു വശത്തേയ്ക്ക് ഒഴുകുന്നുണ്ടായിരുന്നു.
അച്ചോ എന്നു വിളിച്ചു കൊണ്ട് കുര്യച്ചൻ പള്ളിയിലേക്ക് ഓടി.

വിലാപയാത്രയായി നാലു ചക്രമുള്ള പള്ളി വക ശവമഞ്ചത്തിൽ റഫേൽ തരകൻ്റെ ശരീരം സെമിത്തേരിയിലേക്ക് പുറപ്പെട്ടു.
മുന്നിൽ തന്നെ ഉണ്ടായിരുന്നു. കരഞ്ഞു വീർത്ത കണ്ണുകളുമായി തരകൻ്റെ വിധേയനെന്ന കോക്കൻ. കോക്കനെ റാഫേൽ തരകൻ്റെ അടിമ എന്നാണ് ചുള്ളിക്കാട് നാട്ടുകാർ വിളിച്ചിരുന്നത്.
ഒരു രാത്രിയിൽ കല്ലാർപുഴയുടെ കടവിൽ നിന്ന് റാഫേൽ തരകന് കിട്ടിയതായിരുന്നു. കോക്കനെ,
ജീപ്പിൽ നിന്ന് ചാക്കുകെട്ട് പുഴയിലേക്ക് തള്ളാൻ പ്രയാസപ്പെടുന്ന റാഫേൽ തരകൻ്റെ അടുത്തേയ്ക്ക് കുരങ്ങനെ പോലെ ചാടി വീണു. കോക്കൻ. ഒറ്റമുണ്ട് മാത്രം ഉടുത്ത ആറടി ഉയരമുള്ള കറുത്ത ശരീരവുമായ ഒരുവൻ. തരകനൊന്നു ഭയന്നു. ഭ്രാന്തനെപ്പോലെ തലമുടിയും താടിയും വളർന്നൊരു പ്രാകൃതൻ.
ഉല്ലാസയാത്രയ്ക്ക് കോളേജ് കുട്ടികളുമായി അതു വഴി വന്ന ബസ്സ് കല്ലാർ കടവ് കണ്ടു കഴിഞ്ഞ് യാത്ര പുറപ്പെടാൻ ഒരുങ്ങി.
ആ ബസ്സിന്  മുകളിൽ നിന്നായിരുന്നു. കോക്കൻ ചാടി വന്നത്. പുഴയിലേക്ക് തള്ളാൻ ഒരുങ്ങിയ ചാക്കുകെട്ടുകളിലെ മണം. കോക്കൻ മൂക്ക് വിടർത്തി മണത്തു. ചാക്കുകളിൽ ഒന്നവൻ വലിച്ചു തുറന്നു. ബിരിയാണി ചോറും ഇറച്ചിയും, എല്ലും നിറഞ്ഞ കഷണങ്ങളും. ആർത്തിയോടെ അവനത് വാരിക്കഴിച്ചു.
"അൻ്റെ പേരെന്താടാ?" പെട്ടെന്നുള്ള ഞെട്ടൽ മാറിയ തരകൻ അവനോട് ചോദിച്ചു.
ചോറ് വാരിക്കഴിക്കുന്നതിൽ ഇടയ്ക്ക് തല ഉയർത്തിയ അവൻ എച്ചിൽ നിറഞ്ഞ വായ തുറന്ന് പറഞ്ഞു. കോക്കൻ.. കോക്കൻ..
അന്നു മുതൽ കോക്കൻ തരകൻ്റെ വിധേയനായ അടിമയായി.

തരകൻ്റെ ശരീരം പള്ളിയിൽ എത്തുന്നതിന് മുൻപെ കല്ലറ ശരിയാക്കാനായി വറീതയെ കൊണ്ടു വന്നു. കപ്യാർ കുര്യച്ചൻ.
"പെണ്ണെ പള്ളി കോംപൗണ്ടിലേക്ക് കടക്കണ്ട. സെമിത്തേരിക്ക് പുറകിലെ വഴിയിൽ കൂടെ അകത്തേയ്ക്ക് കടന്നാ മതി."
കുര്യച്ചൻ അവളോടു പറഞ്ഞു.
വെള്ളയും, കറുപ്പും നിറത്തിൽ മാർബിളും, ഗ്രാനൈറ്റിനാലും ഭംഗിയാർന്നതായിരുന്നു. സെമിത്തേരിയ്ക്കുള്ളിലെ കല്ലറകൾ.
പല വർണ്ണങ്ങളിലൂള്ള കടലാസ്സ് പൂക്കൾ നിറഞ്ഞ ചെടികൾ ചുറ്റിനും വച്ചു പിടിപ്പിച്ചിരിക്കുന്നു.
വയലറ്റ് നിറമുള്ള ശവം നാറി പൂക്കൾ അവിടെ ഉണ്ടായിരുന്നില്ല. നിർവ്വികാരമായിരുന്നു വറീതയുടെ മുഖം. കല്ലറയ്ക്ക് ഉള്ളിൽ കിടക്കുന്ന തൊമ്മൻ്റെ ശരീരം നോക്കിയവൾ അൽപ്പനേരം നിന്നു. ആണിൻ്റെ കരുത്തും പെണ്ണിൻ്റെ ധൈര്യവുമായിരുന്നു. അവളുടെ കൈകൾക്കും, മനസ്സിനും. തൊമ്മൻ്റെ ശരീരം അവൾ ഒറ്റക്ക് പൊക്കിയെടുത്ത് കരയിലേക്ക് മാറ്റി.
കല്ലറ വൃത്തിയാക്കി. തൊമ്മൻ്റെ ശരീരവും തോളിൽ ചുമന്നവൾ കാലുകൾ നീട്ടി വച്ച് തെമ്മാടിക്കുഴിയിലേക്ക് നടന്നു.
അവളുടെ ചെമ്പിച്ച തലമുടികൾ പാറിപ്പറന്നു. മാറിലെ ഉരുണ്ട മുലകൾ ആ ഭാവത്തിൽ അവൾക്ക് പുരുഷന് വിരുദ്ധമായി നിന്നു. തെമ്മാടിക്കുഴി ഗേറ്റിലെത്തി അപ്പനെ അവൾ സാവധാനം തറയിൽ കിടത്തി.
തെമ്മാടിപ്പറമ്പിനുള്ളിൽ അവൾ അപ്പനായി സ്ഥലം തിരഞ്ഞു. സ്വയം ഹത്യയും, തെമ്മാടികളും അല്ലാത്തവൻമാർക്കിടയിൽ അവൾ അപ്പനൊരു സ്ഥലം കണ്ടെത്തി. മുളവടി തുമ്പിൽ പിടിച്ചുയർത്തി അളവുകോലിട്ടു.
പുറകിലൊരു  ചലനം ഉണ്ടായി.
വറീത തിരിഞ്ഞു നോക്കി.കോക്കൻ പുറകിൽ നിൽക്കുന്നു. വികൃത രൂപം. തരകൻ്റെ അടിമ.

"അച്ചൻ പറഞ്ഞു പെണ്ണിനെ സഗായിക്കാൻ."
അവൻ കൂന്താലിയെടുത്ത് അവൾ അളന്നിട്ട മണ്ണിൽ കുഴി കുത്തി തുടങ്ങി. ഇടയിൽ തടഞ്ഞ എല്ലിൻ കഷണങ്ങൾ മടിയില്ലാതെ വാരി മാറ്റി കോക്കൻ കുഴി പൂർത്തിയാക്കി.
തൊമ്മൻ്റെ ശവശരീരം ഗേറ്റിനപ്പുറത്ത് നിന്ന് നിലത്തുരയ്ക്കാതെ അവൻ തോളിൽ ചുമന്ന് കൊണ്ടു വന്നു. കുഴിയുടെ ഉള്ളിലേക്ക് ഇറങ്ങി നിന്ന് വറീത അപ്പനെ വാങ്ങി നിലത്ത് കിടത്തി.
വെറും നാലരയടി ഉയരമുള്ള തൊമ്മൻ്റെ മെലിഞ്ഞ ശരീരം ഒരു കൊച്ചു കുട്ടിയെ എന്ന പോലെയാണ് അവൾ കൈകളിലേറ്റ് വാങ്ങിയത്.
ഒരിറ്റ് കണ്ണുനീർ പോലും വറീതയുടെ മിഴികളിൽ നിന്നുതിർന്നില്ല. കരയില്ലെന്ന വാശി പോലെ അവളുടെ മുഖം ദൃഢനിശ്ചയമായിരുന്നു.
കുഴി നികത്തി കഴിഞ്ഞു. പൊളിഞ്ഞ ഗേറ്റിൻ്റെ വിടവിലൂടെ വറീത ആയിരുന്നു. ആദ്യം പുറത്തേക്കിറങ്ങിയത്. പുറകിലായി ഇറങ്ങിയ കോക്കൻ്റെ മുതുക് ഗേറ്റിൻ്റെ കൂർത്ത കമ്പിയിൽ ഉരഞ്ഞു മുറിഞ്ഞു.
ഹാ എന്നൊരു വേദനയുടെ ശബ്ദം കോക്കൻ്റെ തൊണ്ടയിൽ നിന്നും പുറത്ത് വന്നു. വറീത തിരിഞ്ഞു നിന്നു. കോക്കൻ നിന്ന നിൽപ്പിൽ തല തിരിച്ച് പുറകിലേക്ക് നോക്കാൻ ശ്രമിക്കുകയായിരുന്നു.
വറീത അവൻ്റെ അരികിലേക്കെത്തി അവനെ തിരിച്ച് നിർത്തി മുതുകിൽ നോക്കി.
ഒന്ന് എന്നൊരു വരപ്പോലെ കമ്പി കോർത്ത് മുറിഞ്ഞു ചോര പൊടിയുന്നു.
അവൾ കോക്കൻ്റ കണ്ണുകളിലേക്ക് നോക്കി.
ആകാശത്ത് ചന്ദ്രനെ മറഞ്ഞു നിന്നിരുന്ന കാർമേഘങ്ങൾ ഒഴുകി മാറി.
നിലാവിൻ്റെ വെട്ടം കോക്കൻ്റെ മുഖം അവൾക്ക് കാണിച്ചു കൊടുത്തു. മഴത്തുള്ളികൾ കോക്കൻ്റെ പ്രാകൃതമായ തലമുടികളിലേക്ക് പെയ്തിറങ്ങി.
ശക്തമായൊരു കൊള്ളിയാന് അകമ്പടിയായി എത്തിയ ഇടിയോടൊപ്പം ത്രേസ്യയുടെ അപ്പാ എന്നുള്ള വിളി അലിഞ്ഞു ചേർന്നു .
"അപ്പാ അപ്പാ.. " എന്നു വിളിച്ചു കൊണ്ടവൾ നിലത്തേക്കിരുന്നു.
മഴ ശക്തമായി പെയ്തു തുടങ്ങിയിരുന്നു.
മഴ തോരുവോളം അവൾ നിലത്തിരുന്നു. കരഞ്ഞു.
കോക്കൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചപ്പോഴും
അപ്പാ അപ്പാ എന്നൊരു  ദുർബല ശബ്ദം അവളുടെ ചുണ്ടുകൾക്കുളളിൽ ഉണ്ടായിരുന്നു.
കോക്കൻ അവളെ മാറിലേക്ക് ചേർത്തു നിർത്തി.

നാട്ടുകാർ തൊമ്മനെ മറന്നു തുടങ്ങിയിരുന്നു.
ചുള്ളിക്കാട് കവലയിൽ കോക്കൻ തൊമ്മൻ്റെ സൈക്കിളും ചവിട്ടി വരുമ്പോഴാണ് ചിലരെങ്കിലും തൊമ്മനെ ഓർമ്മിക്കുന്നത്.
"ടാ കോക്കാ നിൻ്റെ പെണ്ണ് പെറാറായോ?"
പലചരക്ക് കടയിലെ അവറാച്ചൻ കോക്കനോട് ഉറക്കെ വിളിച്ചു ചോദിച്ചു. കോക്കൻ അതു ശ്രദ്ധിക്കാതെ സൈക്കിളുമായി  കവലയിൽ ചുറ്റിത്തിരഞ്ഞു. പൈലിയുടെ റബ്ബർ കടയുടെ മുന്നിലെ പടികൾക്ക് മുന്നിൽ എത്തിയാണ് അവൻ നിന്നത്. മുടിയൊക്കെ മൊട്ടയടിച്ച് കോക്കൻ വൃത്തിയായിരുന്നു.
"ന്നാലും നിന്നെ സമ്മയ്ക്കണം കോക്കാ എവിടെന്നോ വന്ന വരത്തനായിരുന്നു. ഉരുക്കു പോലത്തെ അവളുടെ ശരീരത്തിലെ വിയർപ്പിൻ്റെ ഉപ്പു നുണയാൻ യോഗം."
പൈലി പറഞ്ഞതിനും കാത് കൊടുക്കാതെ കോക്കൻ തിണ്ണയിൽ ഇരുന്ന വയറ്റാട്ടി കുഞ്ഞമ്മയുടെ അടുത്തെത്തി.

വയറ്റാട്ടി കുഞ്ഞമ്മ കുറുകിയ കാലുകൾ പീടികത്തിണ്ണയിൽ മുന്നിലേക്ക് നീട്ടിവച്ചിരിന്നു.
കാൽപ്പാദങ്ങളിൽ ഉപ്പൂറ്റി വിണ്ടു കീറിയിരിക്കുന്നു. അതിൻ്റെ വിടവുകളിൽ പറ്റിയിരിക്കുന്ന അഴുക്ക് തിന്നാൻ ഈച്ചകൾ മത്സരിച്ചു വട്ടമിടുന്നു.
മടിയിൽ തുണിയിലുള്ള ഒരു  ഭാണ്ഡക്കെട്ട് ഉണ്ടായിരുന്നു. നരയും കറുപ്പും ചേർന്ന ചുരുണ്ട തലമുടി തോളറ്റം വരെ അഴിഞ്ഞുലഞ്ഞു കിടന്നു.
ഇരു കൈകൾ കൊണ്ടും തലമുടികൾക്കുള്ളിൽ പേൻ തിരയുകയായിരുന്നു. കുഞ്ഞമ്മ.
തലയിൽ നിന്ന് മാന്തിപ്പറിച്ചെടുത്ത വിരലിലെ നഖങ്ങൾക്കിടയിൽ അവർ ശത്രുവിനെ തിരഞ്ഞു.
നിരാശയോടെ വീണ്ടും കൈകൾ തലയിലേക്ക് ഉയർത്തി. മാറിൽ കൂട്ടിക്കെട്ടിയിരുന്ന റൗക്കയുടെ താഴ്ഭാഗത്ത് വലിഞ്ഞു തൂങ്ങിയ മാറിടവും, ഉണക്കമുന്തിരിയെ ഓർമ്മിപ്പിക്കുന്ന മുലക്കണ്ണുകളും കാണാമായിരുന്നു.

"എന്താടാ കോക്കാ ഇച്ചിരി പാൽ കുടിക്കുന്നോ?" പൈലി പിന്നെയും വിളിച്ചു ചോദിച്ചു.
പേറെടുക്കുന്ന കുട്ട്യോൾക്ക് തള്ളയ്ക്ക് പാൽ ഇല്ലെങ്കിലോ തള്ള ചത്തുപോയാലോ കുഞ്ഞമ്മയായിരുന്നു. അവരുടെ ചെറുപ്പകാലത്ത് പാലൂട്ടിയിരുന്നത്.
വായിൽക്കിടന്ന വെറ്റില മുറുക്കാൻ കുഞ്ഞമ്മ പൈലിയുടെ തിണ്ണയിലേക്ക് നീട്ടി തുപ്പി.

"പൈലിയേ അൻ്റെ തള്ള കൊച്ചമ്മണീടെ മൊലേലും പാൽ ഇല്ലായിരുന്നല്ലോടാ?
അൻ്റെ തന്ത അവറാനും, പിന്നെ ഓള് പെറ്റിട്ട് തൊള്ളക്കീറി കാറിവിളിച്ച ഇയ്യും
ഈ പതച്ചിയുടെ മൊല കടിച്ചീമ്പിയിട്ടുണ്ടെടാ കഴുവേറീ ഇയ്യ് വീട്ടിപ്പോയി അൻ്റെ തന്തോട് ചോയിക്ക്."

പറഞ്ഞ്  നിർത്തിയപ്പോൾ വായിൽ നിന്ന് മുറുക്കാൻ തുപ്പൽ പുറത്തേക്ക് തെറിച്ചു. ചുണ്ടുകളിൽ അത് ചുവന്ന നിറം കലർത്തി. കുഞ്ഞമ്മ ചുണ്ടിൽപ്പറ്റിയ മുറുക്കാൻ തുപ്പൽ ഇടം കൈ കൊണ്ട് തുടച്ചു.
പൈലി കടയ്ക്കുള്ളിൽ തൂക്കിയിട്ടിരുന്ന റബ്ബർ ഷീറ്റിന് പുറകിലേക്ക് മുഖം ഒളിപ്പിച്ചു.

"കുഞ്ഞമ്മ ബരണം പൊരേലേക്ക് ബരണം ൻ്റെം വറീത ൻ്റെം പിള്ള രണ്ടൂസമായി മിണ്ടണില്ല."
തല ഇരുവശത്തേക്കും ചലിപ്പിച്ചു കൊണ്ടാണ്
കോക്കൻ കുഞ്ഞമ്മയോട് പറഞ്ഞത്.

വയറ്റാട്ടി കുഞ്ഞമ്മയുമായി സൈക്കിളിൽ കോക്കൻ തെമ്മാടിപ്പറമ്പിന് പുറകിലെ പഴയ പള്ളി വക ഓടിട്ട കുശിനിപ്പുരയിലെത്തി.
കുശിനിപ്പുരയ്‌ക്ക് മുൻപിലായി പഴയ കരിങ്കല്ലുകൾ നിരത്തി പണിത രണ്ട് ശവക്കല്ലറകൾ ഉണ്ടായിരുന്നു.
തിരച്ചറിയാൻ കഴിയാത്ത ഭാഷയിൽ അതിൽ ചില അക്ഷരങ്ങൾ ഉണ്ടായിരുന്നു.
ഇവർ കറുത്ത ജൂതരായതുകൊണ്ടാകാം നിറമുള്ള കടലാസ്സു പൂക്കൾ കാണാനാകാതെ ഇവിടെ ശവം നാറി പൂക്കൾക്കരികിൽ അന്ത്യവിശ്രമം കൊള്ളുന്നത്.
കല്ലറകൾക്ക് അരികിലായി നിറ ഗർഭിണിയായ വറീത പൊരയ്ക്ക് പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു. വയറിൻ്റെ ഭാരം താങ്ങാനായി മുതുകിന് പുറകിൽ ഇരു കൈകളും താങ്ങി പിടിച്ചിടിച്ചിരിക്കുന്നു.
"വറീതയേ എന്താണ്ടടി കോക്കൻ ഇപ്പറയണത്. "
കുഞ്ഞമ്മ വറീതയുടെ അരികിലെത്തി.
അവളുടെ വയറ്റിൽ വലം കൈ ചേർത്തു വച്ചു.

കുഞ്ഞ് രണ്ടീസായി അനങ്ങണില്ല കുഞ്ഞമ്മേ"
തളർന്ന അവളുടെ ഒച്ചയിൽ കുഞ്ഞമ്മ തല ഉയർത്തി അവളുടെ മുഖത്തേയ്ക്ക് നോക്കി.
ഉറക്കം തൂങ്ങിയ പോലെ അവളുടെ കണ്ണുകൾ തളർന്നിരുന്നു. അവളുടെ കൺപോളകൾ താഴേയ്ക്ക് തുറന്ന് കുഞ്ഞമ്മ നോക്കി.
"ബാ മോളെ "ധൃതിയിൽ കുഞ്ഞമ്മ വറീതയുമായി പൊരയ്ക്ക് അകത്തേയ്ക്ക് കയറി. സൈക്കിൾ പൊരയിലെ അരികിൽ ചേർത്ത് വച്ച് കോക്കൻ പുറത്തെ തിണ്ണയിൽ ഇരുന്നു. കുഞ്ഞമ്മ അകത്ത് കയറിയിട്ട് നേരം ഒരുപാടായിരുന്നു. കോക്കൻ പുറത്ത് വെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. കുഞ്ഞമ്മ പുറത്തേക്ക് വന്നപ്പോൾ കോക്കൻ ഓടി അടുത്തു ചെന്നു.
"പിള്ളയെ കിട്ടൂല്ല. കോക്കാ പിള്ള ഓളുടെ വയറ്റിനുള്ളിൽ ചത്തിട്ട് രണ്ടീസമായി.
നമുക്കിനി തള്ളയേം പിള്ളയേം രണ്ടു പാത്രാക്കി തള്ളയെ രക്ഷിച്ചെടുക്കാം "
കുഞ്ഞമ്മയുടെ വാക്കുകൾ കോക്കൻ്റെ ചെവിയിൽ വെള്ളിടി വെട്ടിയ പോലെയാണെത്തിയത്.
"കഷായം കുടിപ്പിച്ചിരുക്കുവാണ്.
പിള്ളേനെ നമുക്ക്  പുറത്തെടുക്കാം."
കുഞ്ഞമ്മ വീണ്ടും അകത്തേയ്ക്ക് പോയി.
നാഴികകൾ കടന്നു പോയി. കുഞ്ഞമ്മ പുറത്തേയ്ക്ക് വന്നു. കുഞ്ഞമ്മയുടെ കൈകളിൽ കുഞ്ഞ് ഉണ്ടായിരുന്നു. ചുവന്നു തുടുത്ത നിറത്തിൽ ഒരു പെൺകുട്ടി. കണ്ണുകൾ
അടച്ചുറങ്ങുന്നത് പോലെ നിർജ്ജീവമായ ശരീരം.
തലയിലെ മുടി അതിശയിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായിരുന്നു. 
തോളറ്റം വരെ വളർന്ന് നിൽക്കുന്ന തലമുടി. ചിലയിടങ്ങളിൽ ചോര ഉണങ്ങി മുടിയിഴകൾ ചേർന്നൊട്ടി ജടപിടിച്ചിരിക്കുന്നു.

ബോണക്കാട് എസ്റ്റേറ്റ് മാനേജരുടെ മകൾ മരിച്ചു. വെള്ളാരം കണ്ണുകൾ ഉള്ള മഴവില്ല് നിറഞ്ഞ മഞ്ഞു തുള്ളികൾ മുത്തുകളായി മാല കോർത്തിടാൻ ആഗ്രഹിച്ചിരുന്നവൾ, അവൾ മരിച്ചു.
ബംഗ്ലാവും പരിസരവും എസ്റ്റേറ്റിലെ തൊഴിലാളികളെ കൊണ്ട് നിറഞ്ഞിരുന്നു.
ദുരൂഹമായ മരണം. എങ്ങനെ ആണെന്നറിയില്ല.
മുറ്റത്ത് നട്ടുവളർത്തിയിരുന്ന ക്രിസ്തുമസ്സ് ട്രീ കാറ്റിലാടി മൗനസാക്ഷിയായി നിൽക്കുന്നുണ്ടായിരുന്നു.
ചുള്ളിക്കാട് കവലയിൽ അതിൻ്റെ ദുരൂഹതയുടെ കെട്ടുപാടുകൾ തിരയുകയായിരുന്നു. അവറാച്ചനും, പൈലിയും. അതിനിടയിലേക്ക്
കോക്കൻ്റെ കുഞ്ഞ് ചാപിള്ളയായ വാർത്തയും എത്തി. കവലയിലെ സംശയങ്ങളും, വാർത്തകളും പള്ളിയിലും എത്തിയിരുന്നു.
കപ്യാർ കുര്യച്ചൻ കുശിനിപ്പുരയിലെത്തി.
പുരയ്ക്ക് അടുത്തേയ്ക്ക് വരാതെ കുര്യച്ചൻ കറുത്ത ജൂതൻ്റെ ശവക്കല്ലറയുടെ കാൽക്കൽ നിന്നു. തലയ്ക്കലായി കോക്കൻ കുഞ്ഞിനെയും മാറോടണച്ചു പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു.

"കോക്കാ പിള്ളയെ ഇങ്ങനെ വച്ചോണ്ടിരിക്കണ്ട. തെമ്മാടിക്കുഴീൽ കുഴിച്ചിട്ടേക്കാനച്ചൻ പറഞ്ഞു. "
ഒന്നും മിണ്ടാതെ കോക്കൻ കുര്യച്ചനെ നോക്കി നിന്നു.

"അച്ചോ എൻ്റെ പിള്ളേ പള്ളി സെമിത്തേരിയിൽ കുഴിച്ചിട്ടോട്ടെ? തെമ്മാടിക്കുഴിയിലെ തെമ്മാടികൾക്കിടയിൽ അവളെ കിടത്താൻ എനിക്ക് പേടിയാണ്."
ജീവനില്ലാത്ത സ്വന്തം കുഞ്ഞിനെ പേറിയിരുന്ന വറീത ഒരു ഉൻമാദ അവസ്ഥയിലായിരുന്നു.
കുശിനിപ്പുരയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങി വന്ന അവൾ അവശയായ സ്വരത്തിൽ ചോദിച്ചു.

അതിപ്പൊ കുര്യച്ചൻ പാതിയിൽ നിർത്തി ഒന്നാലോചിച്ചിട്ട് തുടർന്നു.
"അതെങ്ങനെ ശരിയാകാനാണ് വറീത.
ജ്ഞാനസ്നാനപ്പെട്ടു നസ്രാണിയാകാത്തൊരു ശരീരം എങ്ങനെ പളളി സെമിത്തേരിയിൽ അടക്കം ചെയ്യും?
ഇടവകക്കാര് അത് സമ്മതിക്കുമോ?
അല്ലെങ്കിൽ തന്നെ കോക്കൻ നസ്രാണിയാണെന്ന് ഉറപ്പുമില്ല. ശവശരീരത്തിലിനി മാമോദീസ നടത്താമെന്ന് വച്ചാലും ഇടവകക്കാരതും സമ്മതിക്കില്ല. വാത്തിയാൻ്റെ പിള്ളയെ എങ്ങനെ പഴയക്കൂർ പള്ളിയിൽ കയറ്റും.
നീ അവിടെങ്ങാനും തെമ്മാടിപറമ്പിൽ തോണ്ടിയിട്. സമയം കറുത്തു തുടങ്ങി. "
കുര്യച്ചൻ കൈയ്യിൽ ഇരുന്ന കുട നിവർത്തി,
റബ്ബർ വനത്തിനുള്ളിലെ ഒറ്റയടിപ്പാതയിലൂടെ നടന്നകന്നു.

മുളവടി മുകളിൽ നിന്ന് നിവർക്കാതെ നാലടി നീളത്തിലും വീതിയിലും തെമ്മാടിപ്പറമ്പിനുള്ളിൽ കുഴി കുത്തി തുടങ്ങി കോക്കൻ
ഗേറ്റിന് പുറത്ത് മാറത്തടക്കിപ്പിടിച്ച കുഞ്ഞുമായി വറീത നിൽക്കുന്നുണ്ടായിരുന്നു.
ഇടിവെട്ടോടു കൂടെ മഴയും പെയ്തു തുടങ്ങി.
കോക്കൻ കുഴിയ്ക്കുള്ളിൽ നിന്നും കൂന്താലിയിൽ മണൽ കോരി മുകളിലേക്കിടുന്നു.
ഒരോ കുഴിയുടെ മൺകൂനയ്ക്ക് മുകളിലും ഓരോരോ രൂപങ്ങൾ നാവ് നീട്ടി കാത്തിരിക്കും പോലെ വറീത കണ്ടു.
"ഇവിടെ വേണ്ട. ഇവിടെ വേണ്ട." ഗേറ്റിന് പുറത്ത് നിന്ന് വറീത തളർന്ന സ്വരത്തിൽ വിളിച്ചു പറഞ്ഞു.
കൂന്താലി താഴേയ്ക്ക് എറിഞ്ഞ് കോക്കൻ വറീതയുടെ അടുത്തേയ്ക്ക് ഓടിയെത്തി.
"യ്യെന്തിനാ വയ്യാതിങ്ങ് വന്നത്.?"
മഴ നനഞ്ഞെങ്കിലും വിയർപ്പ് മണത്തോടെ കോക്കൻ കിതയ്ക്കുന്നുണ്ടായിരുന്നു.
വറീത തെമ്മാടിപ്പറമ്പിനുള്ളിലേക്ക് നോക്കി നിന്നു. അവൾ കാണുന്നുണ്ടായിരുന്നു.
സ്വന്തം മകളെ പീഡിപ്പിച്ച് കൊന്നിട്ട്  കെട്ടിത്തൂങ്ങി ചത്ത വർക്കി.
മരിയയുടെ വീട്ടിൽ ഒളിസേവയ്ക്ക് പോയി വന്നപ്പോൾ പാമ്പ് കടിയേറ്റ് മരിച്ച സേവ്യർ.
വിഷം കഴിച്ച് മരിച്ച മരിയ.
തൊമ്മൻ്റെ മുതുകിലെ എണ്ണപ്പെട്ട ശവക്കുഴി മുറിവുകൾ ഓരോരുത്തരെയായി അവൾക്ക് കാണിച്ചു കൊടുത്തു.
അപ്പനെവിടെ? ഇവർക്കിടയിൽ അപ്പനെ കാണാനില്ലല്ലോ.

"ഇവിടെ വേണ്ട നമുക്കിവിടെ വേണ്ട.
പോകാം നമ്മുടെ മോളെ ഇവിടെ കുഴിച്ചിടണ്ട."
വറീത പിറുപിറുത്തു.

തുണിയിൽ പൊതിഞ്ഞെടുത്ത കുഞ്ഞിനെയും തോളത്ത് കിടത്തി വറീത കോക്കൻ്റെ സൈക്കിളിന് പുറകിൽ ഇരുന്നു.
ഹൈറേഞ്ച് കയറ്റമിറങ്ങി കോക്കൻ്റെ സൈക്കിൾ ചെന്ന് നിന്നത്. അമ്പലം വകയൊരു ചുടലക്കാട്ടിലായിരുന്നു. ആരും കാണാതെ കോക്കൻ കൂന്താലിയും കൈയ്യിൽ എടുത്ത് ചുടലപ്പറമ്പിലേക്കിറങ്ങി. കാളി ക്ഷേത്രം വക ചുടലപ്പറമ്പിന് മുൻവശത്തെ എഴുത്ത് വായിക്കാൻ കോക്കന് അറിയുകയില്ലായിരുന്നു.
പറമ്പിനുള്ളിൽ കുഴികുത്തി തുടങ്ങിയപ്പോഴാണ് നാല് ചുറ്റു നിന്നും കുറച്ച് ആൾക്കാർ ഓടിയെത്തിയത്.
"ആരാടാ അത് ആരാടാ കുഴിക്കുന്നത്. "
കോക്കനെ കണ്ട് അവർ നിന്നു.
"നീ പള്ളിയിലെ കുഴിവെട്ടി തൊമ്മൻ്റെ മോളെ കെട്ടിയവനല്ലേ ഇവിടെന്താ കാര്യം?"
കൂട്ടത്തിൽ കുടവയറും, കഷണ്ടിയും കയറിയ ഒരാൾ ചോദിച്ചു.
"ൻ്റെ മോളാണ് ചാപിള്ളയായി പോയി ഇവിടെ കുഴിച്ചിടണം" കോക്കൻ പറഞ്ഞു.

"ഇവിടെ അടക്കം ചെയ്യൂല്ല. ദഹിപ്പിക്കലാണ്.
അതും ഇത്രയും ചെറിയ കുട്ടിയെ പറ്റൂല്ല."
ദേ കണ്ടില്ലേ? അങ്ങോട്ട് നോക്ക്. "
അയാൾ ചൂണ്ടിക്കാണിച്ചയിടത്ത് വിറക് കത്തിയമരുന്നുണ്ടായിരുന്നു.
ാറ്റിലൂടെ പരന്ന പുകയിൽ കൊഴുപ്പ് ഉരുകുന്ന മനംമടുപ്പിക്കുന്ന നാറ്റം പരന്നു.

കോക്കൻ അവിടെ നിന്നും സൈക്കിളിൽ വറീതയുമായി കപ്യാർ കുര്യച്ചൻ്റെ അടുത്തെത്തി.
പള്ളിയുടെ മുൻവശത്തെ പള്ളിമണി ഗോപുരത്തിന് താഴെയായി മഴ നനയാതെ കറുത്ത ജൂതൻമാരുടെ അശുദ്ധിയെ അകറ്റി നിർത്തി ആ അഭിനവ വെളുത്ത ജൂതൻ അകന്നു നിന്നു.

"അച്ചോ എൻ്റെ മോൾക്കുറങ്ങാൻ നാലടി മണ്ണ് തരണമച്ചോ."
വറീത, വെളുത്ത വിശുദ്ധിയെ കളങ്കപ്പെടുത്താതെ അകലെ നിന്ന് നിലത്തു വീണു വിലപിച്ചു.

"വിശ്വാസികൾ അനുവദിക്കില്ല വറീത."
ജ്ഞാനസ്നാനപ്പെട്ടു നസ്രാണിയായ വിശ്വാസികൾക്ക് മാത്രമായുള്ളതാണ്.
പള്ളിയിലെ കല്ലറകൾ.
നിനക്ക് തെമ്മാടിപ്പറമ്പിൽ അവളെ അടക്കം ചെയ്യാലോ "
വെളുത്ത വിശുദ്ധൻ്റെ വാക്കുകൾ മഴപ്പെയ്ത്തിൽ കലർന്നു.
വറീത നിലത്ത് നിന്ന് എഴുന്നേറ്റു. 
മുടിവാരി ചുറ്റിയവൾ രക്തം കിനിയുന്ന കണ്ണുകളുമായി കുര്യച്ചനെ നോക്കി.
"എൻ്റെ പിള്ളയെ എൻ്റെ വയറ്റിനുള്ളിൽ ഞാൻ അടക്കം ചെയ്യുമച്ചോ
അവളുടെ കല്ലറ എൻ്റെ വയറ്റിനുള്ളിലായിരുന്നല്ലോ?
കോക്കൻ മുളവടി കൊണ്ട് എൻ്റെ വയറ് അളന്ന് കുഴികുത്തി ഞാൻ അവളെ അതിൽ അടക്കം ചെയ്യും. എന്നിട്ട് എൻ്റെ മകൾക്ക് കാവലായി ഞാൻ തെമ്മാടിക്കുഴിയിൽ ഉറങ്ങും.
കുഞ്ഞമ്മോ എന്തിനാണെൻ്റെ കുഞ്ഞിനെ പുറത്തെടുത്തത്. ഈ മണ്ണിലവൾക്കുറങ്ങാൻ കഴിയുന്നില്ല കണ്ടില്ലയോ? എൻ്റെ കുഞ്ഞിനെ എൻ്റെ വയറ്റിൽ തിരിച്ചടക്കം ചെയ്യണേ?"
കോരിച്ചൊരിയുന്ന പേമാരിയോടൊപ്പം
കരുത്തയായ വറീത ദുർബലയായ അമ്മയായി അലറിക്കരഞ്ഞു.
നിലത്ത് കിടത്തിയിരുന്ന കുഞ്ഞിനെ കോക്കൻ വാരിയെടുത്തു. വറീതയെ തോളിൽ പിടിച്ചെഴുന്നേൽപ്പിച്ചു. മുന്നോട്ടുള്ള പാതയിലെ പത്ത് കയറ്റങ്ങളും താണ്ടി വളവ് തിരിഞ്ഞ് കോക്കൻ വറീതയും, കുഞ്ഞുമായി സൈക്കിളിൽ കല്ലാർ കടവിൽ എത്തി.
കല്ലാർ പുഴ പാറക്കല്ലുകളിൽ തട്ടിത്തെറിച്ച് വെള്ള നിറത്തിൽ  പതഞ്ഞൊഴുകുന്നു.
കടവിൽ ഒരു ചെറുതോണി കെട്ടിയിട്ടിരുന്നു. തോണി ബന്ധനത്തിൽ നിന്ന് മോചിതനായി ഒഴുക്കിലൂടെ ഒഴുകാനുള്ള വെമ്പലോടെ തന്നെ കെട്ടിയിട്ട കയറുമായി മൽപ്പിടുത്തം നടത്തുകയാണെന്ന് തോന്നി.
"കയറിക്കോ തോണിയുടെ അരികിലേക്കെത്തിയ വറീതയോട്  കോക്കൻ പറഞ്ഞു.
അവൻ തോണിയ്ക്കുള്ളിൽ കയറി അവൾക്കായി കൈ നീട്ടി. ഏതൊരു മറു ചോദ്യവുമില്ലാതെ അവൾ കുഞ്ഞിനെയും മാറത്തടക്കി പിടിച്ച് തോണിയിലേക്ക് കയറി. തോണിയുടെ ഉള്ളിൽ ഒരു തുഴ ഉണ്ടായിരുന്നു. കോക്കൻ തോണിയും മരവുമായി ബന്ധിപ്പിച്ചിരുന്ന കയർ അഴിച്ചു വിട്ടു.
തോണി സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തിൽ വേഗതയിൽ ഒന്നുയർന്ന് ചാടി മുൻവശത്തെ പാറയിൽ തട്ടിയത് നിന്നു.
തോണിയ്ക്കുള്ളിൽ നിന്നും തുഴ എടുത്ത് കോക്കൻ പാറയിൽ കുത്തി ശക്തിയായി തള്ളി.
തോണി പാറയിൽ നിന്ന് മാറി വെള്ളത്തിലേക്ക് വീണു ഒഴുക്കിനോടൊപ്പം മുന്നോട്ട് കുതിച്ചു.
കോക്കൻ കൈയ്യിലിരുന്ന തുഴ പുഴയ്ക്ക് അരികിലെ കാട്ടിലേക്ക് വലിച്ചെറിഞ്ഞു.
മഴ കൂടുതൽ ശക്തിയായി പെയ്തു തുടങ്ങിയിരുന്നു.നേരം പുലർന്നു തുടങ്ങി.
മഴ തോർന്ന് പുഴ ശാന്തമായി.
തോണി ഒഴുകിയൊഴുകി പുഴയും കടലും ഒന്നു ചേരുന്ന പൊഴിക്കരയിലെത്തി.
വെള്ളത്തിൽ അൽപ്പനേരം തോണി തങ്ങി നിന്നു.
കടൽത്തിര തോണിയെ പുഴയിലേക്കും പുഴ കടലിലേക്കും അലിയാൻ മത്സരിച്ചു.
പതിവ് പോലെ പുഴ ഞാൻ വന്ന വഴിയിലെ കഥകൾ കടലിനോട് പറഞ്ഞു.
കോക്കൻ്റയും വറീതയുടേയും കുഞ്ഞിൻ്റെയും
കഥ കേട്ട കടൽ കരഞ്ഞു.
ഒടുവിൽ സ്വയം പരാജിതനായി കടൽത്തിര പുറകിലേക്ക് മാറി കൊടുത്തു.
തിരമാലകൾക്ക് മുകളിലൂടെ തോണിയിൽ കോക്കനും, കുഞ്ഞും, വറീതയുമായി കടലിലേക്ക് ഒഴുകി ചേർന്നു.
അവർ ജ്ഞാനസ്നാനപ്പെട്ടു.
"പഴയ മനുഷ്യനെ വെള്ളത്തിൽ അടക്കം ചെയ്തു.
ക്രിസ്തുവിൽ പുതിയ മനുഷ്യനായി നീ വീണ്ടും ജനിക്കട്ടെ."
-------------------------
ജെ... jayachandran.Nt 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot