Slider

എന്റെ പ്രണയം (കഥ )

0
എന്തോ  വലിയ  ശബ്ദം കേട്ടാണ്  ഉറക്കം ഉണർന്നത് .അങ്ങേര് അലാറം നിർത്തിയതാ . പണ്ടത്തേ ടൈം പീസാണെന്ന  വിചാരിച്ചോണ്ടുള്ള അടിയാ. എന്നാ പറയാനാ ഉറക്കത്തീ തീരെ ബോധമില്ലെന്നേ .അപ്പൊ തോന്നും ഉണർന്നിരിക്കുമ്പം ഉണ്ടെന്ന് .എവിടെ ??? കണ്ണടച്ചു  കുറച്ചു നേരം കൂടി കിടന്നു . വെറുതെയാ ഉറങ്ങാനൊന്നും പറ്റുകേല .ഒന്നുകിൽ  സുബ്ബലക്ഷ്മീടെ സുപ്രഭാതം അല്ലെങ്കിൽ പി  ലീലേടെ ജ്ഞാനപ്പാന അകമ്പടിക്ക് അങ്ങേരുടെ ചവിട്ടു നാടകോം.അവര് തട്ടേൽ കേറി ചവിട്ടുന്നേലും മേലേയാ ഇങ്ങേരു വെറുതേ നടക്കുന്നെന്റെ ഒച്ച . രാവിലത്തെ കഷായം കെട്ടിയോന്റെ വകയാ .                      പുള്ളീടെ ഒരു ദിവസത്തെ പാചകത്തിന്റെ ആകെ തുക!!!                                      "ചായ റെഡി "                       അതെനിക്കുള്ള വിളിയാ  കെട്ടോ .             ഓ മറന്നു  , ആളാ കഷായത്തിന് ചായ എന്നാ പേര് ഇട്ടേക്കുന്നത് .             പറഞ്ഞ പോലെ നമ്മള് പരിചയപ്പെട്ടില്ലല്ലോ .      ഞാൻ ലക്ഷ്മി . നഴ്‌സ്‌ ആണ് പക്ഷെ ആതുരസേവനം ഇപ്പോൾ കുടുംബത്തു മാത്രമായിട്ട് ഒതുക്കി നിർത്തിയേക്കുവാ . അച്ഛനെ പ്രമോട്ട് ചെയ്യാൻ  വേണ്ടി  മാത്രം വാ തുറക്കുന്ന മകൾ  നിരഞ്ജന  ;.              ഇംഗ്ലീഷിൽ  കൈവിഷം കിട്ടിയ മകൻ നീരജ് ഒറ്റയ്ക്കും   തിരുവാതിര കളിക്കാമെന്ന് പ്രവൃത്തിയിലൂടെ എനിക്കു കാണിച്ചു  തന്ന നിഷ്കളങ്കൻ ഗാന്ധിയൻ എന്നൊക്കെ സ്വയം അവകാശപ്പെടുന്ന ഭർത്താവ്  വിനയൻ .. ഇവരൊക്കെ അടങ്ങുന്ന ഒരു  കൊച്ചു കുടുംബമാ എന്റേത്    .                            ഇവരൊക്കെ സ്കൂളിലും  ഓഫീസിലും പോകുന്ന ഏഴു മണി വരെ നിർത്താതുള്ള ഓട്ടത്തിലാരുന്നു കേട്ടോ  . ഇപ്പോഴാ ഞാനൊന്നു ശെരിക്ക്   ശ്വാസം    വിടുന്നത്  തന്നെ . ഒരു മഴ പെയ്തു തോർന്നതുപോലെ .... ഇനി കുറച്ചു നേരം ഞാനങ്ങനെ കിടക്കും .. വെറുതേ..... അതൊരു സുഖമാ .                            ഫോൺ ബെല്ലടിക്കുന്നുണ്ടല്ലോ.ആരാ ഈ നേരത്തു വിളിക്കാൻ ? അറിയാത്ത നമ്പറാ.പരിചയമില്ലാത്ത കോളെടുക്കാൻ  പാടില്ലെന്നാ ഇവിടുത്ത നിയമം .   നിയമം നിയമത്തിന്റെ  വഴിക്കും ഞാൻ എന്റെ വഴിക്കും .അല്ല പിന്നെ!!!!   .ഇങ്ങനൊക്കെയല്ലിയോ  പരിചയപെടുന്നേ .    "ഹലോ "                                                        " ഹലോ ആരാ ?".                                      ങേ !!ആരാന്നെന്നോട് ചോദിക്കുന്നോ ??അത് ഞാൻ അങ്ങോട്ടല്ലേ ശരിക്കും ചോദിക്കേണ്ടത് ? ആകെ കൺഫ്യൂഷൻ ആയല്ലോ ദൈവമേ ..                      എന്റെ  ആത്മഗതം ഉച്ചത്തിലാരുന്നോ എന്തോ  മറു വശത്തുനിന്ന് ആള് പറഞ്ഞു തുടങ്ങി .      "ലക്ഷ്മി അല്ലേ ? ഞാൻ  കുറച്ചു ദൂരേന്നാ. എന്നേ തനിക്കോർമ്മ കാണുമോന്നറിയില്ല. എന്റെ പേര് ജനകൻ."                                ഒറ്റ നിമിഷം കൊണ്ട് എന്റെ മനസ് വർഷങ്ങൾക്ക്  പിന്നിലേക്ക്  പോയി . സംസാരിക്കാൻ   ഉള്ള ഊർജ്ജം  പെട്ടെന്ന്  കൈവന്നു .                                                           " ങാ  അറിയാം ലവന്റച്ഛനല്ലേ  നല്ലോർമ്മയുണ്ട് ."                                     "ങേ  ലവന്റച്ഛനോ ? അതാരാ ?".                 "ഓ. സോറി അച്ഛനല്ല  ,വല്യച്ഛൻ  അതായത് സീതേടച്ഛൻ . അതിരിക്കട്ടെ ചോദിക്കാൻ വിട്ടുപോയി ,  എരട്ട  പെറ്റതല്ലിയോ ലവനെ ? ആ മറ്റേ ചെറുക്കന്റെ പേരെന്നതാ? അശുവോ  കുശ്ശനോ  ? അങ്ങനെ  ഏതാണ്ടല്ലാരുന്നോ ? അങ്ങോട്ട് ഓർമ്മ കിട്ടുന്നില്ലന്നേ .".                                 "എന്റെ പൊന്നു കൂടപ്പിറപ്പേ ആളു മാറി വിളിച്ചതാ !!ഞാൻ വച്ചേക്കുവാ ".          ഫോണും വച്ചിട്ട് ആളു സ്‌ഥലം വീട്ടു .      അല്ല  പിന്നെ .  അവന്റെയൊരു ജാഡ !!  ജനകനാ      ഓര്മയുണ്ടോന്ന് ?അവനേ ?..   അതും ഈ എന്നോട് ?ഏതുറക്കത്തീന്ന്  വിളിച്ചുണർത്തി ചോദിച്ചാലും  കണ്ണും തിരുമ്മി ഞാൻ പറയും ഈ ജനകന്റെ  ജീവചരിത്രം  മുഴുവനും . മറക്കുകേല ഞാൻ  . മറക്കാൻ പറ്റുകേലന്നെ . അതു പോലൊരു പണിയല്ലേ അന്നു തന്നേച്ചു പോയത് .. ഓ  അതൊരു ഫ്ലാഷ്ബാക്കാ . നിങ്ങൾക്ക്  നിര്ബന്ധമാണേൽ  ഞാനൊന്നു ചുരുക്കി പറയാം കെട്ടോ .                               ഞാനന്ന് നഴ്സിങ് ഒക്കെ കഴിഞ്ഞേച്ചു നിക്കുവാ . പേരിനൊരു ജോലീം ഉണ്ട് . വല്യ ഗ്ലാമറൊന്നുമില്ലേലും  വായിനോട്ടത്തിന്റെ  കാര്യത്തിൽ  പിശുക്കു തീരെയില്ലാരുന്നു . കാര്യം ഇതൊക്കെ ആണേലും വീട്ടുകാര് ചൂണ്ടികാണിക്കുന്നോനെ മാത്രേ  കേട്ടൂ എന്നൊരു വ്രതം പണ്ടേ എടുത്തു പോയതു കൊണ്ട് ,അതുകൊണ്ടു മാത്രം യുവകോമളന്മാര് പലരും  വന്ന് ചായേം മിച്ചറും കഴിച്ചു പൊയ്ക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ , രണ്ടു്  സിഎല്ലും  ഒരു ഓഫും പിന്നെ നൈറ്റ് ഡ്യൂട്ടി ഒക്കെ അഡ്ജസ്റ്റ് ചെയ്ത് അവധി ആഘോഷിക്കാൻ ഞാൻ വീട്ടിലെത്തി. ഉറങ്ങാൻ കിടന്ന എന്റെ അടുത്തേക്ക് ഉടപ്പെറന്നോന്റെ രംഗപ്രവേശം .                     "കൊച്ചേ  എല്ലാം കൊണ്ടും കൊള്ളാവുന്ന ഒരാലോചനയാ. ചെറുക്കനും വല്യ         മെനകേടില്ലെന്നു  തോന്നുന്നു .ഇന്നാ  നീ ഒന്നു കണ്ടു നോക്ക് ".                                  എന്നും പറഞ്ഞൊരു ഫോട്ടോ എന്റെ നേരേ നീട്ടി . ഒള്ളത് പറയാല്ലോ ഞാനൊന്നേ  നോക്കിയൊള്ളു ..                                      ഈ വയറ്റിലൊണ്ടെന്ന് അറിയുന്നേന്റെ പിറ്റേന്ന് തൊട്ട് ഗർഭിണികൾ സ്റ്റാർട്ട് ചെയ്യുന്ന ഒരു കലാപരിപാടി ഉണ്ടല്ലോ?    ങാ ..അതന്നെ .. എതാണ്ടതുപോലൊരു  തോന്നൽ എനിക്കും ഉണ്ടായി . എട്ടന് കാര്യം പിടികിട്ടി .                                     "ഓ ഇനിയിപ്പം ഈ രാത്രീല് അവരോട് വരണ്ടാന്ന് വിളിച്ചു പറയാനൊന്നും പറ്റുകേല . സാരമില്ല . അവര് വന്നേച്ചങ്ങു പൊക്കോളും നീ ഉറങ്ങാൻ നോക്ക് ".        അതും പറഞ്ഞ് ലൈറ്റും ഓഫ് ചെയ്ത് ഏട്ടൻ പോയി .                                                "എന്താ  വന്ന കാലേൽ തന്നെ നിൽക്കുന്നത് ? വീടു കണ്ടുപിടിക്കാൻ  ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ അല്ലേ ?" അച്ഛന്റെ സ്‌ഥിരം ചോദ്യം . ഇനിയെങ്കിലും ഒന്നു മാറ്റി പിടിക്കെന്റച്ഛാ.. പറയുന്ന അച്ഛനില്ലേലും കേൾക്കുന്ന ഞങ്ങളേ എങ്കിലും ബോറടിപ്പിക്കാതിരുന്നൂടേ ?  അയ്യോ അതവരല്ലേ ?? ഇത്രേം വെളുപ്പിനേ ഒക്കെയാണോ ഒരു വീട്ടിൽ കേറി വരുന്നേ ? എനിക്കു ദേഷ്യം വന്നു .ഇവനെന്താ കെട്ടാൻ മുട്ടി നിക്കുവാരുന്നോ ?               "ഡീ  വല്യ ബിൽഡപ്പൊന്നും വേണ്ടാ . നീ പോയൊന്നു  മുഖം കാണിച്ചേച്ചും പോരേ  " എന്നും പറഞ്ഞു സ്വന്തം മുഖം കാണിക്കാൻ പോയ ഏട്ടൻ പോയതിലും സ്പീഡിൽ തിരിച്ചു വന്നിട്ടു പറയുവാ       "കൊച്ചേ ഫോട്ടോലെ പോലൊന്നുമല്ലെടീ ആ പയ്യൻ.ഇനി ഇപ്പം അവന് നിന്നേ ഇഷ്ടപ്പെടുമോന്നാ എനിക്ക് "എന്ന് .. ശെരിക്കൊന്നു ഞെട്ടാൻ പോലും ടൈം തരാതെ പിതാശ്രീടെ വിളി  വന്നു .ഇനി  വരുന്നേടത്തു വെച്ചു  കാണാം . അല്ലാതെന്നാ ചെയ്യാനാ ??                "ഇതാണ് പയ്യൻ" എന്നാരോ പറഞ്ഞതു കേട്ട് ആ ഭാഗത്തേക്ക് നോക്കി  ഞാൻ ചിരിക്കാനൊരു പാഴ് ശ്രമം നടത്തി. ബ്രോക്കർ എന്നു രൂപം കൊണ്ട് തോന്നിയ ആളിനെ നോക്കി    "ഈ  ചെയ്ത്ത് എന്നോടു തന്നെ വേണാരുന്നോ  സേട്ടാ " എന്നൊരു ഭാവം മുഖത്തിട്ടു .                     "ഓ  ഇത്രയൊക്കെ നമ്മളേ കൊണ്ട് പറ്റൂ" എന്നൊരു ഭാവം അവിടേം  .                  ഞാൻ പതിയെ തിരിഞ്ഞു നടന്നു.അല്ലേൽ തന്നേ അവിടെ നിന്നിട്ട് ഇനി എന്നാ കാണാനാ !!                                 "എന്നാതാടീ  ആ കൊച്ചനേം  നിനക്കു കണ്ണീ പിടിച്ചില്ലായോ ? വേണ്ടാ  വേണ്ടാന്നും  പറഞ്ഞോണ്ടിരുന്നോ , രാജകുമാരൻ വരും  നിന്നേ  പൊക്കികൊണ്ടുപോകാൻ  ".   അമ്മേടെ വകയാ                         "അതിനിപ്പം ആരാ വേണ്ടാന്നു പറഞ്ഞെ ?" "എന്തോ ...എന്റെ മോളെന്നതേലും പറഞ്ഞാരുന്നോ ?" അമ്മ വിടാൻ ഭാവമില്ല. ഇനി നിന്നാൽ ശെരിയാവുകേലാ .നേരേ പോയി കണ്ണാടിക്കു മുൻപിൽ നിന്ന്  ഞാൻ എന്നേ തന്നെ അടിമുടി ഒന്നു നോക്കി. പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടുകേലെന്നു പറയുന്നതു വളരേ  ശെരിയാ .                                    "നിന്റൊരുക്കം ഇതുവരെ കഴിഞ്ഞില്ലേ ?ജനകനു നിന്നോട് സംസാരിക്കണമെന്ന് " ഏട്ടൻ  അടുത്തു വന്ന് മെല്ലെ പറഞ്ഞു . "ജനകനോ അതാരാ ?"  വാ പൊളിച്ചു നിന്ന എന്റെ മുന്നിലേക്ക് നിറഞ്ഞ ചിരിയോടെ ആളെത്തി .                         "എനിക്കകത്തേക്ക് വരാമോ ? ?"          "എന്നാ പിന്നെ നിങ്ങള് സംസാരിക്ക് " ഏട്ടൻ മുറി വീട്ടു പോയി                          "വല്യ വായാടി ആണെന്നാണെല്ലോ കേട്ടത്.   എന്നിട്ടിപ്പം ഒന്നും  കാണുന്നില്ലല്ലോ .ഇത്രേം വിനയം ഒന്നും വേണ്ടാ കെട്ടോ. താനെന്തെങ്കിലും ഒന്നു പറയെടോ ".         ഒരു നീണ്ട  കഥാപ്രസംഗം നടത്തീട്ടും മറുപടി ഒന്നും കിട്ടാഞ്ഞിട്ടാവും ആള് അക്ഷമനായി . "ആ ഫോട്ടോഗ്രാഫറു ചേട്ടനു സുഖമാണോ" എന്നു ചോദിച്ചാലോ ?ഓ അല്ലെങ്കിൽ വേണ്ടാ ,ഇനി ഇപ്പം അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല .ഇതിനോടകം തന്നെ  ആരെങ്കിലും  തല്ലിക്കൊന്നു കുഴികുത്തി മൂടി കാണും . അമ്മാതിരി ചെയ്ത്തല്ലിയോ അങ്ങേര് ചെയ്തോണ്ടിരിക്കുന്നെ .                       "അല്ല  അങ്ങനൊന്നുമില്ല , പറയുന്നതൊക്കെ കേൾക്കുകാരുന്നു  ഞാൻ".   മുഖത്തു നോക്കാതെ പറഞ്ഞു .                                           "ആയിക്കോട്ടെ ,എന്നാൽ പിന്നെ ഞാൻ വീട്ടുകാരോടു പറയാൻ പോകുവാ ഈ ഉണ്ടക്കണ്ണിയെ കൂടെ കൂട്ടാൻ ഞാനങ്ങു തീരുമാനിച്ചെന്ന് "  എന്റെ പ്രതികരണത്തിനു കാക്കാതെ  ആളു പോയി .                                               പിന്നെ എല്ലാം പെട്ടെന്നായിരുന്നു .                                   "ആ കൊച്ചന് അവധി തീരെ കുറവാ ,ഉറപ്പും കെട്ടുമെല്ലാം ഉടനെ വേണമെന്നാ അവര് പറഞ്ഞേച്ചും പോയെ " എന്നും പറഞ്ഞു കാര്യങ്ങൾ ഒക്കെ തകൃതിയായി നീങ്ങി, അല്ല നീക്കീന്നു പറയുന്നതാ കൂടുതൽ ശരി . ഇതിനിടക്ക് രണ്ടു് പ്രാവശ്യം നമ്മുടെ ജനകൻ ചേട്ടൻ വീട്ടിലെ ലാൻഡ് ഫോണിലേക്കു വിളിച്ചു .അന്നീ  മൊബൈൽ ഫോണൊക്കെ ആയി വരുന്നതേ ഉള്ളൂ .എന്റെ മുക്കീം മൂളീം ഉള്ള സംസാരത്തിൽ നിന്നും തന്നെ ആളിനു  മനസിലായി എന്റെ ചുറ്റിനും ഒരു  പെരുന്നാളിനുള്ള ആളുണ്ടെന്ന്  .                ആകെ  ഒന്നോ രണ്ടോ പ്രാവശ്യമേ എന്തെങ്കിലും സംസാരിച്ചിട്ടു പോലുമുള്ളു . എന്തോ മുന്ജന്മ ബന്ധം പോലെ . ഇതായിരിക്കും അല്ലേ പ്രണയം ????       മനോരാജ്യത്തിൽ മുഴുകി ഇരുന്ന എന്നേ അച്ഛൻ വന്നു ചേർത്തു പിടിച്ചു . "നമുക്കിതു വേണ്ടാ മക്കളെ . ഇവന്റെ തമ്പുരാനെ കിട്ടും എന്റെ മോൾക്ക്. പോകാൻ പറ  അവരോട് ..............." അങ്ങനെ  എന്തൊക്കെയോ എന്നോടു പറഞ്ഞു . പറഞ്ഞതു മുഴുവനും ഒന്നും  ഞാൻ കേട്ടില്ല .കേൾക്കണ്ടായിരുന്നു എനിക്ക് . ഒരു കാര്യം എനിക്ക് മനസിലായി. അയാൾക്കെന്നെ വേണ്ട ,അത്ര തന്നെ. അനുസരണ ഇല്ലാതെ ഒഴുകിയ കണ്ണുനീര് തുടക്കാനാവാതെ കണ്ണടച്ചു കിടന്നു. .ഉറങ്ങാനായില്ല ;ഒന്നും മറക്കാനും .....    അങ്ങനെ മാസങ്ങൾ കഴിഞ്ഞു, വിനയേട്ടന്റെ ആലോചന വന്നു; വിവാഹവും കഴിഞ്ഞു .                             ഒരു ഭാര്യ എന്ന തലത്തിലേക്ക് എനിക്ക് എത്താൻ കഴിയുന്നില്ലെന്ന് വിനയേട്ടന് തോന്നി.                                                "ആരോ പറഞ്ഞ പച്ച കള്ളം കേട്ട് അതിന്റെ നിജസ്ഥിതി പോലും തിരക്കാതെ നിഷ്കരുണം നിന്നേ വേണ്ടെന്നു വച്ച ഒരുത്തനേം  മനസ്സിൽ വെച്ചു നടക്കാനാണോ ഉദ്ദേശം ??" വിനയേട്ടന്റെ  ചോദ്യം എന്നേ ഞെട്ടിച്ചു കളഞ്ഞു . ഞങ്ങളുടെ വിവാഹത്തിന് മുൻപ് ആരോ വിളിച്ച്      ഞാനെന്റെ മുറച്ചെറുക്കനുമായി പ്രണയത്തിലാണെന്നും  ,വീട്ടുകാരുടെ നിർബന്ധം കൊണ്ടാ ഞാനീ വിവാഹത്തിന് സമ്മതിച്ചതെന്നും ഒക്കെ പറഞ്ഞെന്നും എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്റെ അച്ഛനിൽ നിന്നും മനസിലാക്കിയ വിനയേട്ടൻ വിവാഹവുമായി മുൻപോട്ടു പോവുകയായിരുന്നു എന്നും ഒക്കെ പറഞ്ഞതു കേട്ട് കണ്ണും നിറച്ചു ഞാനിരുന്നു.                                       "ഒന്നിന്റെ പേരിലും നിന്നേ വിട്ടുകളയാൻ ഞാൻ തയ്യാറല്ലായിരുന്നു .അത്രക്ക് ഇഷ്ടമായിരുന്നു നിന്നേ എനിക്ക് ....." വിനയേട്ടൻ എന്നേ നോക്കി . അവിടെ,ആ  കണ്ണുകളിൽ ഞാൻ  കണ്ടു എന്നോടുള്ള ഭ്രാന്തമായ പ്രണയം ..                              എന്നിട്ട്  വർഷങ്ങൾക്കിപ്പുറം വന്ന് ചോദിക്കുവാ ജനകനാ ഓര്മയുണ്ടോന്ന് ? "നിങ്ങളോ നിങ്ങടെ പേരോ എന്റെ  ഓർമയുടെ അടിത്തട്ടിൽ പോലും ഇല്ല" എന്ന്  പറയാതെ പറഞ്ഞെങ്കിലും               "ആ കണ്ണുകൾ  എന്നേ ഉറങ്ങാൻ അനുവദിക്കുന്നില്ല "എന്ന് ആദ്യമായും അവസാനമായും  എന്നോടു പറഞ്ഞ ആളിനെ ഞാൻ എങ്ങനെ മറക്കും ?? അങ്ങനെ കിടക്കട്ടെന്നേ ......    ഹൃദയത്തിന്റെ .......മനസിന്റെ  .... അങ്ങേ അറ്റത്ത് ...വെറുതേ ....
 പക്ഷെ  എന്റെ ജീവൻ  ,എന്റെ  ജീവിതം, എന്റെ സന്തോഷം ഒക്കെ ഇതാണ്; ഇവിടെയാണ് !! ഈ പ്രായത്തിലും കൊച്ചുകുട്ടിയേ പോലെ എന്നേ കൊണ്ടുനടക്കുന്ന,സ്നേഹിക്കുന്ന ,എന്റെ പ്രാണൻ  എന്റെയീ  നിഷ്ക്കു തന്നെയാ; അല്ല ഇതു് മാത്രമാണെന്റെ  യഥാർത്ഥ  പ്രണയം ....       
                                      
സീമ ബിനു  https ://www.facebook.com/Seema.binu.


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo