Slider

റേഷനരി ആരു തിന്നാനാ - (കഥയെഴുത്ത് - മത്സരം) - Entry 14

0


കുഞ്ഞുകുഞ്ഞ്  തലയിലെ ചുമട് ഇറക്കി താഴെ വച്ചു.  ഇത്രയും റേഷന്‍ അരി, അതും സൗജന്യമായി ഇതുവരെ കിട്ടിയിട്ടില്ല.  നല്ല കാലം വന്നത് കൊണ്ടല്ല.  കൊറോണ എന്നും കോവിഡ്‌ എന്നുമൊക്കെ പറയുന്ന ചൈനയില്‍ നിന്നും വന്ന  കുഞ്ഞന്‍ വൈറസ് ലോകമെങ്ങും പടര്‍ന്നുപിടിച്ചത്രെ. മൂക്കും, വായും അടക്കാന്‍ മാസ്ക്കോതൂവാലയോ കെട്ടണം. മറ്റുള്ളവരുമായി അകലം പാലിക്കണം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. പനിയോചുമയോതുമ്മലോതൊണ്ട വേദനയോ വന്നാല്‍ ഡോക്ടറെ കാണിക്കണം. പുറത്തു നിന്ന് വന്നവരുമായി സമ്പര്‍ക്കം പാടില്ല. കോവിഡു പകരാതിരിക്കാന്‍ സര്‍ക്കാര്‍ ലോക്ക്ഡൌണ്‍ പുറത്തിറങ്ങാന്‍ പാടില്ല. പണിക്ക് പോകാന്‍ പറ്റില്ല. അതുകൊണ്ട് സര്‍ക്കാര്‍ ജനങ്ങളെ സഹായിക്കാന്‍ തന്നതാണ് ഈ റേഷനരി.

 

കുഞ്ഞുകുഞ്ഞിന്‍റെ ജീവിതത്തില്‍ ഇങ്ങനെയൊരു സംഭവം ആദ്യമാണ്. പണ്ടുള്ളവര്‍ പറഞ്ഞും കേട്ടിട്ടില്ല. വസൂരിയും, കോളറയും, എലിപ്പനിയും, ഡെങ്കിപ്പനിയുമൊക്കെ വന്നു ആളുകള്‍ മരിക്കുകയും, കഷ്ടപ്പെടുകയും ഒക്കെ ചെയ്തിട്ടുണ്ട്. അത് ഏതെങ്കിലും നാട്ടില്‍ മാത്രമേയുള്ളൂ. ബാക്കിയുള്ളിടത്ത് യാത്ര പോകുകയോ, പണിയെടുക്കുകയോ ചെയ്യാമായിരുന്നു. കാര്യങ്ങള്‍ ആകെ കൈ വിട്ടു പോയിരിക്കുന്നു. അമ്പലവും, പള്ളിയും, മോസ്ക്കും ഒക്കെ പൂട്ടിയിട്ടിരിക്കുന്നു. ജനനവും, വിവാഹവും, മരണവുമൊക്കെ ശാന്തമായി നടക്കുന്നു. കാലനില്ലാത്ത കാലത്ത്, പോത്തിന്‍ മുകളില്‍ വരാറുള്ള കാലന്‍,  ശവം കൊണ്ടുപോകാന്‍ ടിപ്പര്‍ ലോറികളുമായി  വരേണ്ടി വന്നു. കാലന്‍ വന്നപ്പോള്‍ മരണം, മാരണം പോലെ ലോകത്ത് നിമിഷം പ്രതി സംഭവിച്ചുകൊണ്ടിരിക്കുന്നു.

 

നാട്ടിലുള്ള സംഘടനകള്‍ തന്ന മനോഹരമായ രണ്ട്  സഞ്ചികളില്‍ ഉള്ള അരിയും തുറന്നു നോക്കി. പ്രകടമായ വ്യത്യാസങ്ങള്‍. ഒന്നില്‍ നല്ല വെള്ള അരി. മറ്റേതില്‍ റോസ് അരി. മനോഹരമായ സഞ്ചിയിലെ അരിക്ക് വില കൂടുതലാണ്. പണം കൂടുമ്പോള്‍ ഭംഗി കൂടുമെന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. ഭംഗിയുണ്ടെങ്കില്‍ തന്നെ മിക്കവാറും പണമില്ലെങ്കില്‍  അവഗണിക്കുകയാണ് പതിവ്. തന്‍റെ മുന്നിലിരിക്കുന്ന റേഷനരിക്ക് വലിയ ഭംഗിയൊന്നുമില്ല അതുകൊണ്ടായിരിക്കും പാവം റേഷനരി എന്നും അവഗണിക്കപ്പെടുന്നത്.

വെള്ള അരി മണികള്‍ പറയുന്നത് കുഞ്ഞുകുഞ്ഞു ശ്രദ്ധിച്ചു.

 

“ഞങ്ങള്‍ നല്ല ഇനത്തിലും വര്‍ഗത്തിലും പെട്ടവരാണ്. വിത്തുകള്‍ പാകുമ്പോള്‍ മുതല്‍ അരിമണിയായി ചാക്കില്‍ ആക്കുന്നതു വരെ ഞങ്ങള്‍ക്ക് നല്ല പരിചരണമാണ് ലഭിക്കുന്നത്.  ഞങ്ങള്‍ പണക്കാരുടെ തീന്മേശകളില്‍ അവര്‍ക്ക് ഭക്ഷണമായി തീരുന്നു. ഞങ്ങളെകുറിച്ചുള്ള പരസ്യങ്ങള്‍ എല്ലായിടത്തുമുണ്ട്. അതിനാല്‍ എല്ലാവരും അന്വേഷിച്ചുവരുന്നു. ഞങ്ങളുടെ മുതലാളിമാര്‍ വലിയ ആളുകളാണ്.  ഈ  പന്ന റേഷനരിയെപോലെയല്ല ഞങ്ങള്‍”.

 

ഭംഗിയുള്ള സഞ്ചിയിലെ റോസ് അരി അഹങ്കാരം കൊണ്ട് പറഞ്ഞു. “പാലക്കാടന്‍ മട്ട, വടിറോസ് എന്നൊക്കെ പറയുന്നത് അരികളിലെ രാജാക്കന്മാരാണ്‌.  പണമുള്ളവനും, വിവരമുള്ളവനും റോസ് അരിയെ കഴിക്കു. ഞങ്ങളുടെ കഞ്ഞിവെള്ളം പോലും ഔഷധമാണ്.”

 

പണത്തിന്‍റെയും,നിറത്തിന്‍റെയും,സൗന്ദര്യത്തിന്‍റെയും,കുലമഹിമയുടെയും, അധികാരത്തിന്‍റെയും പേരില്‍ എത്രയോ സംഘട്ടനമാണ് ലോകത്തില്‍  നടന്നിട്ടുള്ളത്. ഏതു സമൂഹത്തിലും, ഏതു ലോകത്തിലും ഇതു പതിവുള്ളതല്ലേ. അധികാരവും, ആയുധവും, ശക്തിയും,  ആസ്തിയും ഉള്ളവര്‍, ദുര്‍ബ്ബലരെ അടിമകളാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം ചെയ്യുന്നു

 

കുഞ്ഞുകുഞ്ഞു റേഷനരിയെ ശ്രദ്ധിച്ചു. പഴയകാലം പെട്ടന്ന് ഓര്‍മയില്‍ ഓടിയെത്തി.

അമ്മയെന്ന ദൈവം, ചാണകം മെഴുകിയ മുറത്തിലിട്ട്, ചളിക്കട്ട നിറഞ്ഞ, മണമുള്ള, പശയുള്ള റേഷനരി ചേറ്റുന്നതും, ആറു മക്കള്‍ക്കും ചെളിക്കട്ട പെറുക്കി മാറ്റാന്‍ കൊടുക്കുന്നതും, ഇന്നലെയെന്ന പോലെ തോന്നുന്നു. ചൂടാക്കിയ വെള്ളത്തിലിട്ട് അരി കഴുകി, അരിച്ച്, കലത്തിലിട്ടു വേവിക്കുമ്പോള്‍, അതിനു ചുറ്റും ആകാംക്ഷയോടെ കാത്തിരിക്കുന്നവരെയും, മണ്‍കലത്തിലെ റേഷന്‍ അരിയിലെയും, അവിടെയുള്ള എല്ലാ വിഷങ്ങളെയും വിറകടുപ്പിലെ പുക നിര്‍വീര്യമാക്കുന്നു. എന്നിട്ടും വായില്‍ വെക്കുമ്പോള്‍, വായക്ക് മുകളില്‍ മൂക്കുള്ളതുകൊണ്ട് ആ വൃത്തികെട്ട മണം വീണ്ടും സഹിക്കും. പശയുള്ള ചോറ്  ചമ്മന്തി കൂട്ടി കഴിക്കുമ്പോള്‍, കടിക്കുന്ന ചെള്ളക്കട്ടകള്‍, ആ ചോറിനു ദുസ്വാദ് സമ്മാനിക്കാറില്ല. പതിനാലു കണ്ണുകള്‍ പരതിയ അരിയില്‍ വീണ്ടും ചെള്ളക്കട്ട കടിക്കുമ്പോള്‍, ആര്‍ക്കാണ്‌ തെറ്റ് പറ്റിയെതെന്നു പരസ്പ്പരം നോക്കും. പക്ഷെ മറുപടി കിട്ടുന്നതിനു മുന്‍പേ ആമാശയം അവയെ സ്വീകരിച്ചിട്ടുണ്ടാകും.      

 

 

അടുത്ത വീട്ടിലെ പെന്‍ഷന്‍ പറ്റിയ രാജപ്പന്‍ മാഷിന്‍റെ  ശബ്ദം കേട്ട് അരി കിട്ടിയ കാര്യം പറയാന്‍ കുഞ്ഞുകുഞ്ഞു  പുറത്തിറങ്ങി.

“മാഷേ, റേഷനരി വന്നിട്ടുണ്ട്”.

“വെള്ള കാര്‍ഡ് ഉള്ളവര്‍ക്ക് അടുത്ത ആഴ്ചയെ കിട്ടുള്ളൂ”.

 

മാഷിന്‍റെ  മറുപടി കേട്ടപ്പോള്‍ കുഞ്ഞുകുഞ്ഞിന്‍റെ മനസ്സില്‍ മാഷിനോട് വെറുപ്പും അല്‍പ്പം അസൂയയും തോന്നി. മാഷേപോലെയുള്ളവര്‍ വെള്ളകാര്‍ഡ് ഉള്ള പണക്കാരാണ്. സോഷിലിസം നടപ്പാക്കാന്‍, പൗരന്‍റെ ക്ഷേമം നടപ്പാക്കാന്‍, എല്ലാവരെയും തുല്ല്യരാക്കാന്‍ ലോകം ശ്രമിക്കുമ്പോള്‍, ഈ റേഷനരി, മനുഷ്യനെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്.  റേഷന്‍ കടയില്‍ ചെല്ലുമ്പോള്‍, എതിര്‍പാര്‍ട്ടിക്കാര്‍ വോട്ടു ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ വന്നത് പോലെയാണ്. ഒരാളുടെ കയ്യില്‍ മഞ്ഞ റേഷന്‍ കാര്‍ഡ്. വേറൊരാളുടെ കയ്യില്‍ പിങ്ക്. പിന്നെ നീല, വെള്ള. പരസ്പ്പരം നോക്കുമ്പോള്‍ കയ്യിലെ റേഷന്‍ കാര്‍ഡിന്‍റെ നിറം മനസ്സില്‍ എന്തോ, ഏതോ ഒരു ലോകത്ത് മനുഷ്യനെ കൊണ്ടുപോകുന്നു.  അത് വെറുപ്പാണോ, വൈരാഗ്യമാണോ? കഴുത്തിലും, കാതിലും, കൈമുട്ട് വരെയും മഞ്ഞലോഹം ധരിച്ച, കണ്ണഞ്ചിപ്പിക്കുന്ന വീടുകളില്‍ താമസിക്കുന്നവരുടെയും കയ്യില്‍ മഞ്ഞ കാര്‍ഡ് കാണുമ്പോള്‍ അത് അവര്‍ക്ക് മാച്ച് ആകാന്‍ കൊടുത്തതാണെന്ന് തോന്നും.

  

നിറത്തിന്‍റെയും,മതത്തിന്‍റെയും,ജാതിയുടെയും,രാഷ്ട്രീയത്തിന്‍റെയും, ഭാഷയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചത് പോരാഞ്ഞിട്ട് ഒരു പുതിയ വേര്‍തിരിവ് കൂടി അറിയാതെ മനുഷ്യമനസ്സുകളില്‍ കുടിയേറുകയാണെന്ന് തോന്നുന്നു.

 

കുഞ്ഞുകുഞ്ഞ് തന്‍റെ സംശയം മാറ്റാന്‍ മാഷോട് ചോദിച്ചു.

 

“മാഷേ, റേഷനരി കണ്ടുപിടിച്ചത് ആരാ?

“എടോ, അതൊക്കെ വലിയ ചരിത്രമാണ്‌. സമയമുണ്ടോ കേള്‍ക്കാന്‍ ?

മാഷ് കുഞ്ഞുകുഞ്ഞിന്‍റെ വീട്ടിലെ പടിയിലിരുന്നു. ചരിത്രം പറഞ്ഞ് തുടങ്ങി.

 

“എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ രണ്ടാം ലോക മഹാ യുദ്ധകാലത്താണ് റേഷന്‍ സമ്പ്രദായം തുടങ്ങിയത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വിലകുറച്ച് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്ത് ദാരിദ്ര്യം അകറ്റുക എന്നതായിരുന്നു ലക്ഷ്യം. ഇപ്പോഴത്തെ ഈ പൊതുവിതരണ സമ്പ്രദായം 1947 ലാണ് ആരംഭിച്ചത്. ഫുഡ് കോര്‍പ്പറേഷന്‍ വഴി സംഭരിക്കുന്ന ഗോതമ്പ്, അരി, പഞ്ചസാര, മണ്ണെണ്ണ എന്നിവയൊക്കെയാണ് റേഷന്‍ കടകളില്‍ കൂടി പ്രധാനമായി വിതരണം ചെയ്തത്. വളരെ മോശം അരിയൊക്കെയാണ് അന്നും കിട്ടിയിരുന്നത്”

 

.ഇന്ത്യയില്‍ ഇത്രയും വലിയ ഒരു കാര്യം നടക്കുന്നു എന്നറി ഞ്ഞപ്പോള്‍ കുഞ്ഞുകുഞ്ഞിനു വിസ്മയമായി.

  

“അപ്പൊ ഇതൊക്കെ എങ്ങിനെ നടപ്പാക്കുന്നു മാഷെ ?

 

“ഏതാണ്ട് അഞ്ചര ലക്ഷം റേഷന്‍ കടകളില്‍ കൂടിയാണ് ഇതൊക്കെ വിതരണം ചെയ്യുന്നത്.  അതിനു വേണ്ടിയാ റേഷന്‍ കാര്‍ഡ്.  അതൊരു തിരിച്ചറിയല്‍ രേഖ കൂടിയാണ്. 

പിന്നെ പാവങ്ങളെ കണ്ടു പിടിക്കാന്‍ ദാരിദ്ര്യ രേഖ”.

 

“ആരോ വരച്ച രേഖ – ദാരിദ്ര്യരേഖ.  അതിനു താഴെ വരാന്‍ മനുഷ്യന്‍ എത്ര നീചമായ പ്രവര്‍ത്തിയും ചെയ്യും.  അതിനു താഴെ കൊണ്ടുവരാന്‍ നേതാക്കള്‍ എന്ത് സഹായവും ചെയ്ത് തരും. ജനതയെ സ്വയംപര്യാപ്തരാക്കാന്‍, നല്ല വീടും, നല്ല ഭക്ഷണവും, നല്ല വസ്ത്രവും, നല്ല വിദ്യാഭ്യാസവും നല്‍കാന്‍, നല്ല ജീവിത സാഹചര്യങ്ങള്‍ സൃഷ്ട്ടിച്ചു, നല്ല പൗരന്മാര്‍  ആക്കാന്‍ സഹായം ചെയ്യേണ്ടവര്‍, മനുഷ്യരെ ദാരിദ്ര്യരേഖയ്ക്ക് താഴെ കൊണ്ടുവരാന്‍ പെടുന്ന പെടാപ്പാട് കാണുമ്പോള്‍ ലജ്ജ തോന്നും.  ദരിദ്രനാകാന്‍ വെമ്പല്‍ കൂട്ടുന്ന മനുഷ്യന്‍, ജോലിക്ക് പോകാതെ, എത്ര ദിവസം വേണമെങ്കിലും അതിനു പിറകെ നടന്നു ദരിദ്രനാകും”.

 

“ആശയങ്ങള്‍ ആമാശയത്തിനു വേണ്ടിയാണല്ലോ. പല ആശയങ്ങളും, കാലിയായ ആമാശയങ്ങളെ കബളിപ്പിച്ചുകൊണ്ട്, സ്വന്തം കീശ വീര്‍പ്പിക്കുന്ന ചെറുകിട, വന്‍കിട കച്ചവടങ്ങളാണ്.  എന്നാലും പാവപ്പെട്ട മനുഷ്യന്‍റെ വിശപ്പടക്കുന്നത് റേഷനരിയാണ്. ഭരണാധികാരികളും, രാഷ്ട്രീയക്കാരും പാവപ്പെട്ടവനെ സഹായിക്കുന്നതും, നിശബ്ദനാക്കുന്നതും റേഷനരി കൊണ്ടാണ്. പാവപ്പെട്ടവന്‍ ഇല്ലെങ്കില്‍ റേഷനരിക്ക് എന്ത് പ്രസക്തി”.

പാവപ്പെട്ടവനെ സഹായിക്കുക എന്ന ലക്‌ഷ്യം സാക്ഷാല്‍ക്കരിക്കാതെ, ആരുടെയോ ലക്ഷ്യത്തോട് കൂടെ അവന്‍റെ സ്വാര്‍ത്ഥത ചേര്‍ത്തുവെച്ചു കൊണ്ട്, സത്യത്തെ ബലിയാടാക്കുന്ന വിചിത്രമായ കാഴ്ചകള്‍”.

 

കുഞ്ഞുകുഞ്ഞിന്‍റെ സംശയം കൂടി.                        

 

“ഇത്രയും അരിയൊക്കെ എവിടെ നിന്നാ മാഷേ ?”

 

“എന്‍റെ കുഞ്ഞുകുഞ്ഞേ, ഇതൊക്കെ കേരളത്തിനു പുറത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്.  നമ്മുടെ നാട്ടില്‍ വയലുകള്‍ ഇപ്പോള്‍ വില്ലേജ് ആപ്പിസിലെ തണ്ടപ്പേര് രജിസ്റ്ററില്‍ മാത്രമേയുള്ളൂ. കൃഷി നശിപ്പിക്കപ്പെടുകയും, വയലുകള്‍ ചുരുങ്ങുകയും, മറ്റു വിളകള്‍ കൃഷിയിറക്കുകയും ചെയ്യുന്നത് കൊണ്ട് നമുക്ക്  ചോറ് ഉണ്ണണമെങ്കില്‍ വടക്ക് നിന്നും അരി വരുന്നത് നോക്കിയിരിക്കണം”.

 

“അവിടെയും ഇതു സംഭവിച്ചാല്‍ ?”

കുഞ്ഞുകുഞ്ഞ് വിഷമത്തോടെ ചോദിച്ചു.

 

“ഭാവിയില്‍ നാം നേരിടേണ്ട ഒരു വലിയ പ്രശ്നം ആണ്. കര്‍ഷകര്‍ക്ക് നേട്ടമില്ലാത്ത കൃഷിയില്‍ നിന്ന് അവര്‍ പിന്തിരിയും. ജീവിക്കാന്‍ ആവശ്യമായ കൂലി കിട്ടാതെ തൊഴിലാളികള്‍ അന്യനാട്ടില്‍ ജോലി തേടി പോകുന്നു. കാലാവസ്ഥ വ്യതിയാനങ്ങള്‍ കൃഷികള്‍ക്ക് ഭീഷണിയാകുന്നു. വിളകള്‍ക്ക് ന്യായമായ വില ലഭിക്കാതെ കര്‍ഷകന്‍ ബുദ്ധി മുട്ടുന്നു. ഇന്ന് കര്‍ഷക ആന്മഹത്യകള്‍ കൂടി വരുന്നു”.

 

“അപ്പൊ ഇനി റേഷനരി കിട്ടാതെ വരുമോ ?

 

“സംഭവിക്കാം. അരിയുടെ സംഭരണം മുതല്‍ വിതരണം വരെ നടക്കുന്ന അഴിമതികള്‍ക്ക് പാവം റേഷനരി ബലിയാടാവുകയാണ്. ലഭിക്കുന്നവര്‍ അത് ദുരുപയോഗവും ചെയ്യുന്നു. ചിലര്‍ കിട്ടുന്ന റേഷനരി കഴിക്കാറില്ല.  സൗജന്യമായി കിട്ടുന്നത് മറ്റുള്ളവര്‍ക്ക് വിലക്ക് മറിച്ചു നല്‍കുന്നതിനൊക്കെ ഭാവിയില്‍ നാം വലിയ വില കൊടുക്കേണ്ടി വരും”.

 

കുഞ്ഞുകുഞ്ഞും രാജപ്പന്‍മാഷും വരാനിരിക്കുന്ന ഒരു ദുരന്തം കൂടി മുന്നില്‍ കാണുകയാണ്. ഭക്ഷ്യക്ഷാമദുരന്തം. ജനങ്ങള്‍ ഭക്ഷണത്തിന് വേണ്ടി പടവെട്ടുന്ന കാലം. ഒരു പകര്‍ച്ചവ്യാധിയുടെ മുന്‍പില്‍ പകച്ചു നില്‍ക്കുന്ന ലോകത്തിനു ഒരു തിരിച്ചറിവ് കൂടി ഇവര്‍ നല്‍കുകയാണോ. ഇതെല്ലാം മാറുമെന്നും, പുതിയൊരു ലോകം പിറക്കുമെന്നും, അതിന് നമുക്ക് വേണ്ട അത്യാവശ്യ ഭക്ഷണ സാധനങ്ങള്‍ നാം തന്നെ ഉല്‍പ്പാദനം നടത്തണമെന്നും മാഷ് പറഞ്ഞപ്പോള്‍ കുഞ്ഞുകുഞ്ഞിന് ആശ്വാസമായി.

 

മ്ലാനമായ അന്തരീക്ഷത്തില്‍ വീര്‍പ്പുമുട്ടിയിരുന്നവരോട്  അയല്‍ക്കാരന്‍ ലോനപ്പന്‍ ചേട്ടന്‍ വിളിച്ചു ചോദിച്ചു.

 

“എന്താ രണ്ടുപേരും വിഷമിച്ചിരിക്കുന്നത് ?”

 

“വെറുതെ ഓരോന്നും പറഞ്ഞിരിക്കുകയാണ്”.  മാഷ് അലക്ഷ്യമായി പറഞ്ഞു. 

“റേഷനരി വന്നിട്ടുണ്ട്”.  കുഞ്ഞുകുഞ്ഞ്‌ ലോനപ്പന്‍ ചേട്ടനോട് വിളിച്ചു പറഞ്ഞു.

 

“റേഷനരി ആരു തിന്നാനാ”

പന്ത്രണ്ട് മക്കളില്‍ മൂത്തവനായ ലോനപ്പന്‍റെ കുടുംബം ദാരിദ്ര്യം കൊണ്ട് പൊറുതി മുട്ടിയിരുന്നപ്പോള്‍ ജീവിച്ചു പോന്നത് റേഷനരി കൊണ്ടാണ്. അത് മറന്നുപോയ ലോനപ്പന്‍റെ മറുപടി കേട്ട് മാഷ് അടിക്കാന്‍ കൈ പൊക്കി.  സാമൂഹ്യ അകലം ഉണ്ടായിരുന്നത് കൊണ്ട്, മാഷിന് അടിക്കാനോ, കുഞ്ഞുകുഞ്ഞിനു തടുക്കാനോ, ലോനപ്പന് അടി കൊള്ളുവാനോ കഴിഞ്ഞില്ല.


By:  അഡ്വ.അഗസ്റ്റിന്‍ കോലഞ്ചേരി

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo