ഉപ്പു കാറ്റിന്റെ വിരസത പെരടിക്ക് തട്ടി താഴെ വീണു ചിതറുന്നത് അയാൾ അറിയുന്നുണ്ട്. എന്നിട്ടും പിറകിലുള്ള ജനൽപ്പാളികൾ അയാൾ അടക്കുന്നേയില്ല. വില്ലേജ് ആപ്പീസിൽ ചുറ്റും കൂടിയ കസേരകളോട് കഥ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ശ്രോതാക്കൾ ആയ ജീവനക്കാർ മൂന്നാമത്തെ ചായയിലേക്കും നാലാമത്തെ പഴംപൊരിയിലേക്കും കടന്നു. ധാരാവിയിൽ ജോലി അന്വേഷിച്ചു പോയ തമിഴന്റെ കഥയാണ്. കഴിഞ്ഞിട്ടില്ല.പപ്പട കമ്പനിയിൽ പണിയെടുക്കാൻ തുടങ്ങിയ തമിഴനെ ഒരു കാരണത്തിനും ,എന്തിന് പട്ടിണിക്ക് പോലും അവിടെ പിടിച്ചു നിർത്താനായില്ല.
'ധാരാവിയിൽ അന്ന് മഴ പെയ്തു. ഇതറിയാതെ പായമ്മേൽ ചെറു കുടിലിൽ കിടന്നുറങ്ങിയ തമിഴന്റെ കഴുത്തിനിടയിലെ വിയർപ്പുതുള്ളികളെ നക്കിത്തുടച്ച് മലവും മൂത്രവും കലർന്നൊരു മിശ്രിതം വന്നു കിടന്നത് അയാൾ അറിഞ്ഞത് പോലുമില്ല. ഞെട്ടിയെണീറ്റ് അയാൾ ഓടിയത് കിലോമീറ്ററുകളോളം ആണ്. വീട്ടിലെത്തുന്നതുവരെ ഛർദ്ദിച്ചു കൂപ്പുകുത്തി. കഥകേട്ട് ചിലർക്ക് സ്വയം അറപ്പ് തോന്നിക്കാണണം. ചോറുണ്ണാൻ കഴിഞ്ഞിരുന്നില്ലെന്ന പരാതികൾ ഉപ്പു കാറ്റിനൊപ്പം പെരടിയിൽ തട്ടി താഴെ വീണു ചിതറി.
പിറ്റേ ദിവസം അയാൾ പോയത് ജപ്പാനിലേക്കായിരുന്നു.
'മാൻസെ എന്ന വെനസ്വേലക്കാരൻ പ്രണയിനിയെയും കൂട്ടി ജപ്പാനിലേക്ക് കയറി .അവിടെ ഓക്കിവാനാ ദ്വീപിലെ ഒഗിമി എന്ന സ്ഥലമാണ് അവരുടെ ലക്ഷ്യം. അവിടെ താമസിക്കുന്നവരിൽ പകുതിയോളം മനുഷ്യരും ശതായുസ്സുള്ളവരാണ്. മനസ്സാണ് പ്രധാനം.മനസ്സിനെ ചെറുപ്പമാക്കി വെക്കുകയാണ് വേണ്ടത്. ഇതിനായി "ഇക്കിഗായ്" രണ്ട് മന്ത്രങ്ങൾ നൽകുന്നു
1 സൃഷ്ടി പരമായ സമീപനം- വികാരങ്ങളെ നിയന്ത്രിക്കുക
2 സമചിത്തത- എന്തും സഹിക്കാനുള്ള കഴിവ്
ഈ രണ്ടു ഗുണങ്ങളും പ്രാപ്തമാക്കിയവർക്ക് ശതായുസ്സുണ്ടാകുന്നു. മാൻസെയും പ്രണയിനിയും ഇക്കിഗായ് പഠിക്കാനായി ഹെക്ട്ടർ ഗാർസിയയുടെയും, ഫ്രാൻസിസ് മിറാലിന്റെയും യോജികാപുസ്തകം വാങ്ങി.
മതങ്ങളിൽ നിന്നും വർണ്ണങ്ങളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും അവർ സ്വതന്ത്രരായി. അനാവശ്യ മത്സരങ്ങളും മാനസിക സമ്മർദ്ദങ്ങളും അവിടെ ഉണ്ടായിരുന്നില്ല. ഭൂതം മരിച്ചുപോയി, ഭാവി ജനിച്ചിട്ടുമില്ല, വർത്തമാനത്തിൽ ജീവിക്കുക ജീവിതചര്യകൾ കൃത്യമായി പാലിക്കുക. വ്യായാമം, കൃഷി,ഭക്ഷണം എന്നിവയെല്ലാം ചിട്ടയിലായിരുന്നു. ബുദ്ധമതത്തിന് സമാനമായാണ് ജീവിതം എന്ന് തോന്നാം.എല്ലാവരും തുല്യരാണ്. 'ജീവിക്കുകജീവിക്കാൻ അനുവദിക്കുക' എന്നതാണ് ഇക്കിഗായുടെ ജീവിതവാക്യം.
പെട്ടെന്നാണ് വാ പിളർത്തി ഭൂമി ഇക്കിഗായുടെ സൗന്ദര്യത്തെ ഭക്ഷിച്ചത്. അതിൽ നിന്ന് രക്ഷപ്പെട്ടത് ഒന്നര കോടി ജനങ്ങളിൽ ഒരു ശതമാനം മാത്രമാണ് .അതിൽ മാൻസെ ഉണ്ടായിരുന്നില്ല. ദുരന്തങ്ങളിൽ അക്ഷോഭ്യരായി ഇരുന്നവർ അന്ന് പൊട്ടിക്കരഞ്ഞു. രക്ഷപ്പെട്ടവരിൽ കൂടുതലും എഴുപത് വയസ്സിനു മുകളിലുള്ളവർ. കരയാൻ അറിയാത്ത അവരുടെ വൃത്തികെട്ട തേങ്ങലുകൾക്ക് നടുവിൽ മാനസെയുടെ പ്രിയപ്പെട്ടവൾ കരയാതെ തല താഴ്ത്തി ഇരുന്നു.'
കഥ കഴിഞ്ഞപ്പോഴേക്കും ശ്രോതാക്കളുടെ കസേരകളിൽ ഉപ്പുരസം പടർന്നിരുന്നു. കാഥികൻ ചിരിച്ച് ഇറങ്ങിപ്പോയി.
മൂന്നാം ദിവസം പറയാൻ തക്കവണ്ണം അയാളുടെ പക്കൽ കഥയില്ലായിരുന്നു.അതുകൊണ്ട് ഒരു ചായയിലും അരക്കടിയിലും ജീവനക്കാർ അന്നത്തെ ജോലി ഭാരം ഇറക്കിവെച്ചു.
പ്യുണായ മാത്തപ്പൻ അറിയിപ്പുമായി വന്നു .
ഇന്ന് നമ്മൾ മാധവൻ മാപ്പിള സാറിന്റെ വീട്ടിലേക്ക് പോകുന്നു.
ഹിന്ദുമതക്കാരനായിരുന്ന മാധവൻ 'ഗാന്ധിസം ഇസ്ലാം മതത്തിലൂടെ' എന്ന ലേഖനം എഴുതിയതിനു ശേഷം മാധവൻ മാപ്പിളയായി. കോഴിക്കോട്ടെ പഴക്കംചെന്ന വില്ലേജ് ഓഫീസായ കീഴാംകുന്നിൽ ആകെയുള്ളത് ഇരുപത്തിമൂന്ന് വീടുകളാണ്. നേരം വൈകും എന്ന് ഭയന്ന് മനസ്സില്ലാമനസ്സോടെ മുബീനയും, ബിനി ജോർജ്ജും വിസമ്മതം മൂളി.
ആപ്പീസ് മുബീനയുടെയും ബിനി ജോർജിന്റെയും തലയ്ക്കു വച്ച് മാധവൻ മാപ്പിള മുന്നേ നടന്നു. പിന്നാലെ ജോണും വേണുവും മാത്തപ്പനും . ഇടവഴിയിലേക്കിറങ്ങി ഒറവു ചാലിന്റെ തീരം പിടിച്ച് മാധവൻ മാപ്പിള ഒരു പോർച്ചുഗീസ് കഥയുടെ കെട്ടഴിച്ചു.
' സാധാരണ കുടുംബത്തിൽ ജനിച്ച ചോസ്കി യുടെ ഭാര്യ കല്യാണം കഴിഞ്ഞ് രണ്ടു മാസം തികയും മുൻപ് മരിച്ചു പോയി. കൊന്നതാണ്.'
'ആര്?'
മാത്തപ്പന്റെ ചോദ്യം ഒറവു ചാലിനെ കവച്ചുകടന്ന് മാപ്പിളയുടെ മുന്നിലെത്തി.
'ചോസ്കിയുടെ അമ്മ.'
'അമ്മയോ എന്തിന്?'
ഈ വട്ടം മാത്തപ്പന്റെ ചോദ്യത്തിന് കൂട്ടിന് ജോണിന്റെ ചോദ്യവും അവയ്ക്കു പിന്നിൽ വേണുവിന്റെ കണ്ണും ഉണ്ടായിരുന്നു.
'ചോസ്കിയും അമ്മയും തമ്മിൽ പ്രണയമായിരുന്നു. അമ്മ മരിച്ചതിനു ശേഷം അച്ഛൻ ഈ സ്ത്രീയെ രണ്ടാം വിവാഹം കഴിക്കുകയും രണ്ടു മാസം തികയും മുൻപ് അച്ഛൻ മരണപ്പെടുകയും ചെയ്തു.' ചോദ്യങ്ങൾക്ക് നിന്നിടത്തുനിന്ന് അനങ്ങാൻ കെൽപ്പ് ഉണ്ടായിരുന്നില്ല. ചെറിയ നിശബ്ദതയ്ക്ക് കുറുകെ ഫാത്തിമ പാവാട സോപ്പിൽ പൊതിഞ്ഞു കല്ലിലടിച്ചു. മാപ്പിളയ്ക്കു പിന്നിലെ മൂന്ന് തലകളും വലത്തോട്ട് തിരിഞ്ഞു. അലക്കുകല്ലിലേക്ക് തളർന്ന് കിടന്നിരുന്ന മുടി ചുറ്റി തലയ്ക്കു പിറകിലേക്ക് ഒളിപ്പിച്ചു ഫാത്തിമയുടെ പാവാട അലക്കുകല്ലിലേക്ക് ഇടവിട്ടു വീണുകൊണ്ടിരുന്നു.
'അത് ഫാത്തിമ മര കച്ചവടക്കാരൻ ഹൈദ്രൂന്റെ മൂത്ത മരുമമോള്.
ഇവിടുത്തെ മൂന്നാമത്തെ കുളമാണിത്.'
മുന്നിൽ നിന്ന് വിശദീകരണം പതുക്കെ വഴുക്കാതെ ഒറവു വരമ്പിന്റെ ചാരെ നിന്നു.
മാത്തപ്പന്റെ കണ്ണുകൾ അപ്പോഴേക്കും ഫാത്തിമയുടെ മുലച്ചാലു വഴി താഴേക്ക് ഊളിയിട്ടിരുന്നു.തിരുമ്പല് കഴിഞ്ഞ് നിവർന്ന ഫാത്തിമയുടെ അടിവയറ്റിൽ മാത്തപ്പന്റെ കണ്ണുകൾ ശ്വാസം മുട്ടി പിടഞ്ഞു.നനഞ്ഞ ഇറുകിയ മാക്സിയുടെ ഇടുപ്പ്കുത്ത്
ഫാത്തിമ അഴിച്ചു വിട്ടതും കണ്ണുകൾ വെള്ളിയരഞ്ഞാണത്തിനിടയിലൂടെ തുടയിലുരഞ്ഞ് കാലിലൂടെയിറങ്ങി ചാടിയോടി തിരിച്ചു വന്നു.അപ്പോഴേക്കും മാത്തപ്പനൊഴികെ എല്ലാവരും ആ കുളത്തെ മറികടന്നിരുന്നു.ചെളി പൂന്തിയ കാലുകൾ ഏന്തിവലിച്ച്
ഫാത്തിമയെ അവസാനവട്ടം നോക്കി ഓടി അവർക്കൊപ്പം ചേർന്നു.
ഇവിടെ കഥ കഴിയാറായി.
'അപ്പോ അച്ഛനെ കൊന്നത് ചോസ്കിയാണല്ലേ?'
'ആവാം ആവാതിരിക്കാം.'
മാധവൻ മാപ്പിള പറഞ്ഞു.
എഴുത്തുകാരനും കുശിനിക്കാരനും ഒരേ തട്ടാണ്. ചില എഴുത്തുകൾക്ക് സ്വാദുണ്ടാകും ഭംഗി കാണില്ല. ചിലത് ഭംഗി ഉണ്ടാകും സ്വാദ് കാണില്ല .
ആർക്കും ഒന്നും മനസ്സിലാകുന്നില്ല. എന്നാൽ ആരും ഒന്നും ചോദിച്ചതുമില്ല.
കഥകൾ ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കും പറയാനും കേൾക്കാനും ആളില്ലെങ്കിൽ കൂടി. റോമിലെ ഏറ്റവും സമ്പന്നനായ സെനക്കെ എന്ന മനുഷ്യന്റെ പ്രിയ എഴുത്തുകാരൻ ബാർദ്ധർ പട്ടാപ്പകലിൽ ചൂട്ട് കത്തിച്ച് അവനവനെ തേടി നടന്നിട്ടുണ്ട്. അയാളുടെ കഥകൾ ആർക്കും മനസ്സിലാവുന്നില്ലെന്ന് സ്വയം പഴിച്ച് അയാൾ തല തല്ലി ചാവുകയാണുണ്ടായത്...
തല തല്ലി ചത്ത ബാറദ്ധറിന്റെ മരണത്തിൽ പങ്കെടുത്ത് തിരിഞ്ഞപ്പോഴേക്കും മാപ്പിള ഞങ്ങളെക്കൊണ്ട് അല്പം ഇടുങ്ങിയ വഴിയിലേക്ക് കടന്നിരുന്നു.
പച്ച വേലികൾക്കിടുക്കിൽ പെട്ടുപോയ ചുവന്ന പൂക്കൾ ഞങ്ങളെ സംശയത്തോടെ നോക്കുന്നുണ്ട് .കൈവിരലുകൾ കൊണ്ട് പച്ചപ്പിനെ തൊട്ടുതലോടി മാപ്പിള മുന്നോട്ട് ദിശ കാട്ടി .
'ഇതാണ് സുലോചനയുടെ വീട്. നിങ്ങൾ കേട്ടിട്ടുണ്ടാകും.ബീഡി കമ്പനിയിൽ തൊഴിലാളി സമരത്തിൽ മരണപ്പെട്ട രാഘവനെ പറ്റി... അവന്റെ ഭാര്യയാണ്.'
മക്കളില്ലാത്ത അവര് പല പണികളും ചെയ്താണ് ജീവിക്കണ്.. മാപ്പിളയുടെ പിന്നിൽ തൂങ്ങിയിരുന്ന ആറ് കണ്ണുകളും സുലോചനയുടെ വീട്ടിലേക്ക് നടന്നു.ജോണിന്റെ കണ്ണുകൾ ജനലിലൂടെ ഉള്ളിലേക്ക് തൂങ്ങി.വേണുവിന്റെ കണ്ണുകൾ മുറ്റത്തു നിന്ന് പതുങ്ങി.മാത്തപ്പന്റെ കണ്ണുകൾ നേരെ പോയി വാതിലുതട്ടി.വാതില് തട്ടുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ മാപ്പിള അമ്പരന്നുപോയി.കണ്ണുകളില്ലാത്ത മൂന്നു മനുഷ്യർ വരിവരിയായി തന്റെ പിന്നിൽ നിൽക്കുന്നു.കയ്യിലിരുന്ന കാലൻ കുടയുടെ കാല് മാപ്പിളയുടെ ചെരിപ്പില്ലാത്ത കാലിന്റെ കറുത്ത ഞെരിയാണിയിൽ തട്ടി ശബ്ദമുണ്ടാക്കി.അതു കേട്ടിട്ടാകണം ആറ് കണ്ണുകളും അതിവേഗം സ്ഥാനത്ത് തിരിച്ചെത്തി.
അറിഞ്ഞ ഭാവമില്ലാതെ മാപ്പിള നടത്തം തുടങ്ങി.അംബേദ്കർ വായനശാലയുടെ പിന്നിലൂടെ അവർ വീട്ടുപടിക്കൽ കാലുകുത്തി.ചെങ്കല്ലുകൾകൊണ്ട് പണിത പടികൾ ചവിട്ടി മുകളിലേക്ക് ഉയർന്ന് മുറ്റത്തെ ചരലിൽ ഉരഞ്ഞ് കാലുകൾ മാപ്പിളയുടെ വീടിന്റെ ഉമ്മറത്തിണ്ണ ചവിട്ടി.കറുത്ത കാവി വിരിച്ച ഉമ്മറത്തിണ്ണയിലൂടെ കാമദേവനുള്ള എണ്ണയുമായി ശിവപ്പുഴു വേഗത്തിൽ പാഞ്ഞു.പശുവിന്റെ കരച്ചിലിനേക്കാൾ വേഗത്തിൽ പുഴുത്ത ചാണക മണം ഉമ്മറത്ത് വന്നവരാരാണെന്ന് തിരക്കി പടിഞ്ഞാറോട്ട് പോയി.
മാപ്പിള നേരെ കക്കൂസിലേക്ക് ഓടി.
ചായയുമായി വന്ന മാപ്പിളയുടെ ഭാര്യ അദ്ദേഹം കക്കൂസിലേക്ക് കയറിയെന്നും ഇനി കുറഞ്ഞത് രണ്ടു മണിക്കൂർ കഴിയാതെ പുറത്തിറങ്ങില്ലെന്നും പറഞ്ഞ് ഉള്ളിലേക്ക് പോയി.കട്ടൻചായക്ക് കേടുവന്ന പാലിന്റെ മണമാണെന്ന് മാത്തപ്പൻ വേണുവിന്റെ ചെവിയിലൂതി.
ഒന്നും മിണ്ടാതെ ചായകുടിച്ച് മൂവരും കക്കൂസിന് അരികിലെത്തി സാറേന്നു വിളിച്ചു.
'നിങ്ങൾ പൊക്കോളിൻ .. എന്നോട് ക്ഷമിക്കണം...ഇതിപ്പോ തീരത്തില്ല.' വേറൊന്നും പറയാൻ അവിടെ സ്ഥലമില്ല. അതുകൊണ്ടാകാം താണ്ടിയ ചരൽ കല്ലുകളെ നോവിക്കാതെ അവർ പടിയിറങ്ങി.
അംബേദ്കർ വായനശാലയുടെ പിന്നിൽ വന്ന വഴി കൂടാതെ ഒരു വഴി കൂടിയുണ്ട് ടൗണിലേക്ക് .
മാത്തപ്പൻ ഇതിലൂടെ പൊക്കോളൂ ഞങ്ങൾ നടന്നോളാം.സമയം ഇത്രയും ആയില്ലേ....
വേണു വഴിയെ നോക്കി പറഞ്ഞു.സാരമില്ല എന്ന വാദത്തിനുള്ള പഴുത് ജോൺ മറഞ്ഞു നിന്ന് അടച്ചു. നാളെ കാണാം എന്നു പറഞ്ഞ് മാത്തപ്പൻ വഴിയേ തിരിഞ്ഞു.വേണുവും ജോണും മുഖത്തോടുമുഖം നോക്കി ചിരിച്ച് കാലുകൾ വേഗത്തിലിളളക്കി.
പതുക്കെപ്പതുക്കെ ജോൺ വേഗത കുറച്ച് വേണുവിനെ മുന്നിലാക്കി. ശേഷം രണ്ടു വഴികളിലായി വേലി കടന്ന് സുലോചനയുടെ വിറകുപുരയുടെ അടുത്തേക്ക് പതുങ്ങി.വേണു വാതിൽ മുട്ടി ഉള്ളിലേക്ക് കടന്നു .ചാരിയ വാതിൽ തുറന്ന് ജോണും ഉള്ളിലേക്ക് നീങ്ങി. കാശ് പറഞ്ഞു വീതംവെച്ച് ജോണിനെ
ഹാളിൽ രണ്ടാമൂഴക്കാരനാക്കി ഇരുത്തി വേണു മുറിയുടെ വാതിൽ കുറ്റിയിട്ടു. കക്കൂസിന് പിൻപഴുതിലൂടെ വാഴ തൊടിയിലേക്ക് ചാടിയോടിയ മാപ്പിളയുടെ കണ്ണുകൾ സുലോചനയുടെ ദ്വാരമുള്ള ഇളകിയ ജനലിനു പിന്നിൽ നിൽപ്പുണ്ടായിരുന്നു. വേണുവിന്റെ മീശയില്ലാത്ത മുഖം സുലോചനയുടെ കഴുത്തിൽ മുടികളുടെ ഇടയിലായി കമിഴ്ന്നു കിടന്ന് താഴേക്കിറങ്ങി.ജോണിന്റെ നാക്ക് ചൂണ്ടയിൽ കുടുങ്ങിയ മീൻ വാലിന് സമമായി ഇളകി കൊണ്ടിരുന്നു. ഇതെല്ലാം മാപ്പിളയുടെ കണ്ണുകൾ കഥയിലേക്ക് പകർത്തി കൊണ്ടിരുന്നു. മാപ്പിളയുടെ കഥകൾക്ക് ഇങ്ങനെ സഞ്ചാര പഥമാണ്. അയാൾക്ക് ശത്രുക്കളുടെയും ആന്തരികശ്രോതാക്കളുടെയും എണ്ണം കൂടുകയും ബാഹ്യ ശ്രോതാക്കളുടെ എണ്ണം കുറയുകയും ചെയ്തത് ഇങ്ങനെ ആണത്രേ.
Written by:-
-രാഹുൽ പഴയന്നൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക