നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എൻ്റെ അമേരിക്കൻ ജോലി അനുഭവങ്ങൾ


--------------------------------------------------------------------

ഞാനാദ്യം അമേരിക്കയിൽ വന്നത് ജോലി ചെയ്യാൻ പറ്റാത്ത വിസയിൽ ആണു .. ഒരു കൊല്ലം കഴിഞ്ഞാണ് വർക് ചെയ്യാൻ പറ്റിയ വിസ കിട്ടിയത്. അത് കിട്ടുമോ എന്ന് സംശയമുണ്ടായിരുന്നു... കാരണം ട്രമ്പാണേൽ അത് ഇന്ന് നിർത്തും നാളെ നിർത്തും എന്ന് എപ്പളും ഭീഷണിയാണ് ... എന്തായാലും പുള്ളി അത് നിർത്തിയിട്ടില്ല.. ഇത് വരെ!

എന്തായാലും വിസ കിട്ടിയപ്പോൾ ജോലി അന്വേഷണം തുടങ്ങി... ആ സമയത്ത് ഞങ്ങൾ സൗത്ത് കരോലീന എന്ന സ്റ്റേറ്റിൽ കൊളമ്പിയ എന്ന സിറ്റിയിൽ ആണു.. എനിക്ക് അറിയാവുന്ന ടെക്നോളജി SAP ABAP ആണു.. കൊളമ്പിയയിൽ അതിന് യാതൊരു ഓപ്പണിങ്ങുമില്ല.. അങ്ങനെ കൊളമ്പിയക്ക് പുറത്ത് നോക്കാംന്ന് വിചാരിച്ചു ...

ഇംഗ്ലീഷ് എനിക്ക് ഇന്ത്യക്കാർ പറഞ്ഞാൽ മാത്രേ നേരെ ചൊവ്വേ മനസ്സിലാകത്തൊള്ളൂ... ഇംഗ്ലീഷ് സിനിമകൾ സബ് ടൈറ്റിൽ ഇല്ലാതെ എനിക്ക് പകുതി പോലും മനസിലാവില്ലാ... എനിക്ക് ഇവിടെ ജോലി ചെയ്യുന്ന ആൾക്കാരോട് ഭയങ്കര ആരാധനയായിരുന്നു കാരണം അവർ ഇംഗ്ലീഷ്കാരുടെ ഇംഗ്ലീഷൊക്കെ സബ്ടൈറ്റിൽ ഇല്ലാതെ മനസിലാക്കി ജീവിക്കുന്നവരാണല്ലോ!

ചേട്ടായി പറഞ്ഞു അതൊന്നും അത്ര പേടിക്കാനില്ല ഐ ടി യിൽ കുറേ ഇന്ത്യക്കാർ ഉണ്ടാവും സായിപ്പുമാർ അത്രയധികം കാണില്ലന്നൊക്കെ..

എന്തായാലും വീട്ടിൽ നിന്നും ഒന്നര മണിക്കൂർ ദൂരത്തുള്ള ഗ്രീൻവില്ലിൽ പ്രശസ്തമായ ജർമൻ കാർ കമ്പനിയിൽ ഒരു കൺസൾട്ടൻസി വഴി എനിക്ക് SAP ABAP Developer ആയ് ജോലി കിട്ടി.അവിടെ ദിവസോം പോയ് വരാൻ പറ്റില്ല.. താമസ സൗകര്യം നോക്കണം!

ഒരു ബുധനാഴ്ച ആയിരുന്നു ജോയനിംഗ്.. 3 ദിവസം അവിടെ ഒരു ഹോട്ടലിൽ ചേട്ടായീം പിള്ളേരുമായ് നിൽക്കാം .. അപ്പോളേക്കും ഓഫീസിൽ വല്ല ഇന്ത്യാക്കാരേം പരിചയപ്പെട്ട് താമസിക്കാനുള്ള സ്ഥലങ്ങളെപ്പറ്റി നോക്കാംന്നാണ് ഞങ്ങൾടെ പ്ലാൻ!

ബുധനാഴ്ച വെളുപ്പാൻക്കാലത്തെയെണീറ്റ് 8 മണിക്ക് എത്തുന്നതിന് പകരം 7:45 ന് തന്നെ ചേട്ടായീ എന്നെ അവിടെയെത്തിച്ചു മാതൃകയായ്..

കെവിൻ എന്നയാൾ എന്നെ റിസീവ് ചെയ്യുംന്നാണ് പറഞ്ഞത് .. കുറച്ച് കഴിഞ്ഞപ്പോൾ ഒരു 35 - 40 വയസ് തോന്നിക്കുന്ന ഒരു സായിപ്പ് വന്നു.. കെവിൻ.

ഐ ടി ഡിപ്പാർട്മെൻ്റ് അവിടുന്ന് ഒരു 5 മിനിട്ട് കാറിൽ പോകണം... പാർക്കിങ്ങിലേക്ക് നടന്നപ്പോൾ മഴയുണ്ട്... കെവിന് കുടയുണ്ട്.. എനിക്ക് കുടയില്ല... സ്വാഭാവികം ! കുടയിൽ കേറണോന്ന് പുള്ളി ചോദിച്ചു... നഹീന്ന് പറഞ്ഞാൽ നഹീ എന്ന തിരുമാനത്തിൽ ഉറച്ച് നിന്ന് മഴ കൊണ്ട് പാർക്കിങ്ങിലേക്ക് നടന്ന് ഞാൻ അക്കൊല്ലത്തെ മാതൃക കുലസ്ത്രീക്കുള്ള തെക്കേടത്തമ്മ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടു!

കെവിൻ എന്നെ 3 നിലകളുള്ള ഒരു ചില്ല് കെട്ടിടത്തിലേക്ക് കൊണ്ട്പോയ്.. മുന്നാം നിലയിൽ ആണ് ഐടി ഡിപ്പാർട്മെൻ്റ് ... ഇത്ര സുതാര്യമായ ഒരു കെട്ടിടം ഞാനെൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല.. അവിടെ കെവിൻ എന്നെ മാനേജർ ജെബിനെ ഏൽപ്പിച്ചു... ഒരു 40 വയസുള്ള നീലക്കണ്ണുള്ള ഒരു സുന്ദരൻ..

കുറച്ച് പേരുണ്ട് ടീമിൽ..എന്തായാലും ഒരൊറ്റ ഇന്ത്യക്കാരില്ല എന്ന ദു:ഖ സത്യം ഞെട്ടലോടെയും അതിലേറെ പേടിയോടേയും ഞാൻ മനസ്സിലാക്കി...ജെബ് ടീം മെമ്പേഴ്സിനെ പരിചയപ്പെടുത്തി എന്തൊക്കെയോ പേരുകൾ പറഞ്ഞു പകുതി മനസിലായില്ല !

ചാൻസ് കിട്ടിയ ഉടനെ ഞാൻ എൻ്റെ ഫസ്റ്റ് റൗണ്ട് ഇൻ്റർവ്യൂ എടുത്ത മുരളിയെ വിളിച്ചു ... പുള്ളിയൊക്കെ വേറെ ബിൽഡിംഗിൽ ഉള്ള വേറെ ടീം ആണത്രേ.. എന്തായാലും സരിത എന്ന പെൺകുട്ടി അവരുടെ ടീമിൽ ജോയിൻ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് പുള്ളി സരിതേടെ നമ്പർ തന്നു!

ആദ്യം തന്നെ ജെബ് കുറച്ച് ഡോക്യുമെൻസ് വായിക്കാൻ തന്നു ... ഉച്ചയായപ്പോളേക്കും അത് 2,3 തവണ വായിച്ച് തീർത്തു... എന്നിട്ട് മിണ്ടാതിരിക്കുന്നതിന് പകരം ആത്മാർത്ഥതയുടെ നിറകുടം ആണെന്ന് കാണിക്കാൻ അത് വായിച്ച് തീർത്തെന്നും പറഞ്ഞ് ഞാൻ ജെബിനെ പോയ്ക്കണ്ടു! 

സാധാരണ ഞങ്ങൾ SAP ABAP ആൾക്കാർ പ്രോഗ്രാമിങ്ങ് മാത്രം ചെയ്താൽ മതി.. എന്താ ചെയ്യണ്ടേ എന്തിനാ ചെയ്യണ്ടേന്നൊക്കെ SAP Functional Consultants എന്ന ടീംസ് പറഞ്ഞ് തരും.. അവരാണ് ബിസിനസ് ഒക്കെ മനസിലാക്കുന്നത് ...

അവിടെ അങ്ങനത്തെ ആൾക്കാർ ഇല്ല.. ബിസിനസ് ഞാൻ പറഞ്ഞ് തരാംന്ന് പറഞ്ഞ് ജെബ് പറയാൻ തുടങ്ങി... എൻ്റെ സാറേ, ഏകല്യവനെ പോലെ സകല ശ്രദ്ധയും ജെബിലേക്ക് ആവാഹിച്ച് ഞാൻ കേൾക്കാൻ ശ്രമിച്ചു!

സംഭാഷണ പ്രാധാന്യമുള്ള ഇംഗ്ലീഷ് സിനിമ സബ് ടൈറ്റിൽ ഇല്ലാതെ കാണുന്ന പ്രതീതി ആയിരുന്നു! എല്ലാം ഒരൂഹം മാത്രം! കാറുണ്ടാക്കുന്നതിൻ്റെ സാങ്കേതിക വശങ്ങൾ ആണോ അങ്ങേര് പറയാൻ ശ്രമിക്കുന്നത് എന്ന് ഞാൻ സംശയിച്ചു.. സ്ടിയറിംഗ് , സീറ്റ് , ആ പാർട് ഫിറ്റ് ചെയ്യൽ അങ്ങനെ എന്തൊക്കെയോ എവിടെയൊക്കെയോ കത്തി !

പക്ഷെ പുള്ളി ഈ തേങ്ങായൊക്കെ എന്നോടെന്തിനാ പറയണേന്ന് എനിക്ക് മനസിലായില്ല ! ഒരു 10 മിനിട്ട് കഴിഞ്ഞപ്പോൾ ഇത് നടപടിയാവണ കേസല്ല എന്നെനിക്ക് മനസ്സിലായ് ...എന്തായാലും സമയം വേസ്റ്റ് ആക്കാതെ ഫലപ്രദമായ് വിനിയോഗിക്കാൻ പുള്ളിയുടെ സൗന്ദര്യം ആസ്വദിച്ചിരുന്നു...

അങ്ങനെ എത്രയോ മിനിട്ടുകൾക്ക് ശേഷം ജെബ് പ്രഭാഷണം നിർത്തി ..... ഞാൻ ഇപ്പൊ ശരിയാക്കിത്തരാംന്നും പറഞ്ഞ് അന്നത്തെ ദിവസം തീർത്ത് ഹോട്ടലിൽ പോയ് ...

താമസം വല്യ ചോദ്യ ചിഹ്നമായ് നിന്നു ... സരിതയെ വിളിച്ചു... പുള്ളിക്കാരി ഒരു അമേരിക്കക്കാരിയുടെ വീട്ടിൽ ഒരു റൂമിൽ ആണെന്നു പറഞ്ഞു.. ഒരു റൂം കൂടിയുണ്ട് അവിടെ പക്ഷെ വേറെ ഒരാൾ അത് ബുക്ക് ചെയ്തിട്ടുണ്ട്.. പക്ഷെ അയാൾ വരുന്നത് വരെ 2 ആഴ്ച ആ മുറി ഉപയോഗിച്ചോളാൻ അവർ സമ്മതിച്ചു...

അങ്ങനെ വാൾമാർട്ടിൽ നിന്നും ഒരു കംഫർട്ടറും തലയിണയും വാങ്ങി ഞാൻ ഷെൽബിയുടെ വീട്ടിൽ താമസം തുടങ്ങി... ഷെൽബി ഒരു സിംഗിൾ മദർ ആണു .. ഒരു മോളാണുള്ളത് .. അഞ്ച് വയസുകാരി മിടുക്കിക്കുട്ടി!

എനിക്കും സരിതക്കും വണ്ടി ഓടിക്കാൻ അറിയില്ല! അങ്ങനെ ഊബർ പിടിച്ച് ഓഫീസിൽ പോയ് വരാൻ തുടങ്ങി..

അപ്പോളേക്കും ജെബിൻ്റെ ഇംഗ്ലീഷ് മനസിലാക്കാമെന്നുള്ള എൻ്റെ പ്രതീക്ഷ അസ്തമിച്ചു... എൻ്റെ സഹ പ്രോഗ്രാമർ ആയ റോൺ കെവിനോട് ചോദിച്ച് നോക്കാൻ പറഞ്ഞു ... ( റോൺ വളരെ നല്ല ഒരാളാണ് .. പുള്ളീടെ കൊച്ചു മകൾക്ക് 16 വയസുണ്ട്... ഈ പ്രായത്തിലും കോഡിംഗ് സിംഹം ആണു )

കെവിനോട് ചോദിച്ചപ്പോൾ പുള്ളി എന്നോട് സ്പാർടൻബർഗിലേക്ക് ( അവിടെ അടുത്തുള്ള ഒരു ടൗണിൻ്റെ പേര് ) വരാൻ പറഞ്ഞു... ഞാൻ ഞെട്ടിപ്പോയ്... "ഇത്ര ചീപ്പായിരുന്നോ കെവിൻ?" എന്ന് ഇംഗ്ലീഷിൽ ചോദിക്കാനുള്ള മലയാളം ടു ഇംഗ്ലീഷ് തർജമ മനസിൽ നടക്കുന്നതിന് മുന്നേ ദൈവം സഹായിച്ച് എൻ്റെ കണ്ണ് അവിടുത്തെ കോൺഫറൻസ് റൂമിൻ്റെ വാതിലിൽ പതിഞ്ഞു ... അവിടെ വെണ്ടക്ക അക്ഷരത്തിൽ Spartanburg എന്നെഴുതിയിട്ടുണ്ട്! ഞങ്ങൾടെ ബിൽഡിങ്ങിലെ കോൺഫറൻസ് റൂമുകൾക്കൊക്കെ സൗത്ത് കരലിനയിലെ സ്ഥലങ്ങളുടെ പേരാണന്ന അടുത്ത നഗ്ന സത്യം എനിക്കങ്ങനെ വെളിപ്പെട്ടു.,

എന്തായാലും കെവിൻ എനിക്ക് പറഞ്ഞു തന്നത് പിന്നേം പിന്നേം ചോദിച്ച് ഞാൻ ഒരു വിധം മനസ്സിലാക്കി ... എന്നിട്ട് ഒരു മെയിൽ ഉണ്ടാക്കി ഇതാണ് ഞാൻ മനസ്സിലാക്കിയത് അതിന് ഞാൻ ചെയ്യാൻ പോകുന്ന പ്രതിവിധി ഇതാണ്... ഇത് നിങ്ങൾക്ക് OK ആണോന്ന് ചോദിച്ച് ജെബിന് മെയിൽ അയച്ചു... പുള്ളി അപ്പൊ ശരിയാണെങ്കിൽ ശരിയെന്നും അല്ലേൽ ചെയ്യേണ്ടത് എന്താണെന്നും മെയിലിൽ റിപ്ലെ ചെയ്യുമല്ലോ! അപ്പോ അതിനൊരു തിരുമാനം ആകുമല്ലോ? അങ്ങനെ അവിടെ നിലനിന്ന് പോകാനുള്ള ടെക്നിക് എനിക്ക് പിടികിട്ടി..

പിന്നെ പിന്നെ ഏത് ഇരുട്ടിലും കുറച്ച് കഴിയുമ്പോൾ കണ്ണ് പഴകി എന്തൊക്കെയോ തെളിഞ്ഞ് വരുന്നത് പോലെ പയ്യെ പയ്യെ അവരൊക്കെ ജോലി സമ്പന്ധമായ് പറയുന്ന കാര്യങ്ങൾ ഒക്കെ ഏറെക്കുറെ മനസിലാകാൻ തുടങ്ങി..

പക്ഷെ informal talk ഒരു രക്ഷയുമില്ല... തമാശയാണോ സീരിയസ് ആണോന്ന് മനസ്സിലായാൽ അല്ലേ അനുയോജ്യമായ എക്സ്പ്രഷൻ വാരി വിതറാൻ പറ്റൂ.,, എനിക്ക് മനസ്സിലാകാത്ത എന്തേലും പറഞാൽ ഒരു മിനിട്ട് മൗനം ആചരിച്ച് ഞാൻ മറ്റുള്ളവരുടെ പ്രതികരണം മനസിലാക്കും... എന്നിട്ട് സന്ദർഭത്തിനൊത്ത് ചിരിക്കുകയോ ദു:ഖ ഭാവം വരുത്തുകയോ ചെയ്യും...

പിന്നെ എന്നെ കാത്തിരുന്ന അടുത്ത വല്യ ചലഞ്ച് ടീം ലഞ്ചുകൾ ആണ് ... വെല്ല അമേരിക്കൻ റെസ്ടോറൻ്റും ആയിരിക്കും... പോകുന്നതിൻ്റെ തലേന്ന് തന്നെ ഞാൻ മെനു മനനം ചെയ്ത് ഓർഡർ ചെയ്യേണ്ട വസ്തുവിനെ കണ്ടു പിടിച്ച് വെക്കും... കത്തിയും മുള്ളും ഉപയോഗിക്കാതെ സിമ്പിൾ ആയ് കഴിക്കാൻ പറ്റിയ എന്തേലുമായിരിക്കും...

എന്നാൽ പോലും ഓർഡർ എടുക്കാൻ വരുന്നവർ എനിക്ക് മനസ്സിലാവാത്ത ആ ടൈപ്പ് ചിക്കൻ വേണോ ഈ ടൈപ്പ് ചിക്കൻ വേണോന്നൊക്കെ ചോദിച്ച് അവിടെ ഒപ്പിട് ഇവിടെ ഒപ്പിട് എന്നും പറഞ്ഞ് ചന്ദ്രലേഖയിലെ നൂറിനെ കഷ്ടപ്പെടുത്തുന്ന പോലെ മനുഷ്യനെ കഷ്ടപ്പെടുത്തും... അതിൽ ഇന്ന ടൈപ്പ് എന്ന് തിരിച്ച് പോലും പറയാൻ അറിയാത്തോണ്ട് ഞാൻ ഫസ്റ്റ് ടൈപ്പ് സെക്കൻറ് ടൈപ്പ് എന്നൊക്കെ പറയും..

അതുകൊണ്ട് വ്യത്യസ്തമായ പല സാധനങ്ങളും കഴിക്കാൻ സാധിച്ചു! ബീഫും ഹാമും ( പോർക്ക്) ഒക്കെ കഴിക്കുംന്ന് അറിഞ്ഞപ്പോൾ അവർക്ക് സന്തോഷമായ്.. എന്തും കഴിക്കുന്ന ഇന്ത്യക്കാരിയെ അവർ അങ്ങനെ കണ്ടിട്ടില്ലത്രേ... ഇന്ത്യയിൽ ഞങ്ങൾടെ സ്റ്റേറ്റായ കേരളത്തിൽ ഇങ്ങനത്തെ കുറച്ചധികം പേരുണ്ടെന്ന് ഞാൻ പറഞ്ഞു 

എന്തായാലും ഷെൽബീടെ അവിടുത്തെ രണ്ടാഴ്ച കഴിയണേനു മുന്നേ തന്നെ ചേട്ടായീ നെറ്റിൽ ഇന്ത്യൻ റൂം മേറ്റിനെ ആവശ്യമുള്ള പരസ്യം കണ്ടു.. അത് ചേട്ടായീടെ ഫ്രെണ്ട് വീനിതും വൈഫ് ദീപ്തിയും താമസിക്കുന്ന അപാർട്മെൻറ് കോപ്ലക്സിൽ തന്നെയാണ്..

അങ്ങനെയാണ് ഞാൻ ഹേമയുടെ അപാർട്മെൻറിൽ താമസം തുടങ്ങുന്നേ .. അവിടെ പയ്യെ സരിതയും വന്നു.. പിന്നെ സരിത വേറെ ജോലി കിട്ടിപോയ് രാജി എന്ന കുട്ടി വന്നു... വളരെ രസകരമായിരുന്നു അവിടുത്തെ ജീവിതം..വൈകിട്ട് നടക്കാൻ പോകും.. ഇടക്ക് പുറത്ത് പോയ് കഴിക്കും,.. മിക്ക ദിവസവും ദീപ്തിയുടെ വീട്ടിൽ പോയ് കുറേ നേരം വർത്തമാനം പറഞ്ഞിരിക്കും 

വ്യാഴാഴ്‌ച വൈകിട്ട് സ്വന്തം വീട്ടിലേക്ക് പോകും .. വെള്ളി വർക് ഫ്രം ഹോം , ശനിയും ഞായറും കടുത്ത കുക്കിങ്ങ് ... തിങ്കൾ മുതൽ വ്യാഴം ഉച്ചവരെ ചേട്ടായിക്കും പിള്ളേർക്കും പിടിച്ച് നിൽക്കാനുള്ള ഫുഡ് ഉണ്ടാക്കൽ... തിങ്കൾ രാവിലെ ഊബർ പിടിച്ച് 100 mile അപ്രത്തുള്ള ഗ്രീൻവിൽ എത്തുക ! ഊബർകാർക്ക് ചാകര ആയിരുന്നു 

സത്യം പറയാലോ തിരിച്ച് ഗ്രീൻവില്ലിൽ തിങ്കളും ചൊവ്വയും ഞാൻ സന്തോഷത്തോടെ ബാച്ചിലർ ലൈഫ് എൻജോയ് ചെയ്യും.. പക്ഷെ ബുധനാഴ്ച ആകുമ്പോളേക്കും കുറ്റബോധം വേട്ടയാടാൻ തുടങ്ങും. എങ്ങനെയെങ്കിലും വ്യാഴാഴ്ച വൈകിട്ടായാൽ മതിയെന്നാകും...

പിന്നീട് ഞങ്ങൾ ഷാർലെറ്റിലേക്ക് വീട് മാറി.. അവിടുംന്നും ഒന്നര മണിക്കൂർ ആയിരുന്നു ഗ്രീൻവില്ലിലേക്ക് .. ഷാർലെറ്റിൽ കുറച്ചൂടെ SAP ജോലികൾ ഉണ്ടായിരുന്നു.. അങ്ങിനെ അവിടെ ഒരു ജോലി കിട്ടി...

അങ്ങനെ പ്രിയപ്പെട്ട ഗ്രീൻവില്ലിലെ കമ്പനിയോട് വിട പറയേണ്ടി വന്നു... അപ്പോളേക്കും ജെബിൻ്റേയും കെവിൻ്റേയുമൊക്കെ എന്ത് പണിയും ഏൽപ്പിക്കാമെന്ന വിശ്വാസം ഞാൻ നേടി.. പിന്നെ ജെബ് പറയുന്ന എല്ലാ വാക്കുകൾ പോലും എനിക്ക് അപ്പോളേക്കും മനസ്സിലായ് തുടങ്ങിയാർന്നു ..ഒരു ക്രിട്ടിക്കൽ പ്രൊജക്ട് ഒരു ക്രിട്ടിക്കൽ സ്റ്റേജിൽ എന്നെ ഏൽപ്പിക്കാൻ വരെ ജെബ് ധൈര്യം കാട്ടി ..

പിന്നെ ഞങ്ങൾടെ ടീമിലെ ടാനിയ എന്ന ആഫ്രോ അമേരിക്കൻ ലേഡിയുമായ് ഞാൻ നല്ല കൂട്ടായാർന്നു.. ഞാൻ പോവാണെന്ന് പറഞ്ഞപ്പോൾ ടാനിയ കെട്ടിപ്പിടിച്ച് കരഞ്ഞു ...

അങ്ങനെ വികാര നിർഭരമായ യാത്ര അയപ്പായിരുന്നു... ഞാനവരുടെ സൺ ഷൈൻ ആയിരുന്നത്രേ!! അവർ അത് മര്യാദയുടെ പേരിൽ പറഞ്ഞതായിരിക്കാം.. എന്തായാലും എനിക്ക് നന്നായ് സുഖിച്ചു 

പുതിയ ഷാർലെറ്റിലെ കമ്പനിയിൽ മുക്കാലും ഇന്ത്യക്കാർ ആയിരുന്നു... രാവും പകലും പണിയെടുത്ത് മരിക്കുന്നവർ... ഒരു പണിക്കും അപ്രീസിയേഷൻ ഇല്ല! 

.. അവസാനം വിസ തീർന്ന് ഞാൻ പോരാൻ നേരം കുറേ ക്ലീഷേ അപ്രീസിയേഷൻ... അതാർക്കു വേണം 

അതൊക്കെ എൻ്റെ ആദ്യത്തെ ഗ്രീൻവിൽ കാർ കമ്പനി...തൊട്ടതിനും പിടിച്ചതിനുമൊക്കെ അപ്രീസിയേഷൻ ആയിരുന്നു.. നല്ല വർക്കിങ്ങ് സാഹചര്യം! ഉച്ചക്ക് എല്ലാരും നടക്കാൻ പോകും ഒരു 20 മിനിട്ട് ..അതിനൊക്കെ നല്ല പ്രോൽസാഹനമാണ്.. രാവിലെ 8ന് മുന്നേ എല്ലാരും ഓഫീസിൽ എത്തും ... 4 ആകുമ്പോളേക്കും വീട്ടിൽപ്പോവും... ആ .. അതൊക്കെയൊരു കാലം..

എന്തായാലും ഗ്രീൻവിൽ ആയിരുന്നപ്പോൾ ഞാനും ചേട്ടായീം ഭയങ്കര സ്നേഹമായിരുന്നു..വ്യാഴാഴ്ചക്ക് വേണ്ടി കാത്തിരുന്ന നാളുകൾ! പക്ഷെ ഇപ്പൊ എപ്പളും ഒരുമിച്ചായപ്പോൾ സ്നേഹത്തിനൊക്കെ കുറച്ച് മങ്ങൽ ഏറ്റിട്ടുണ്ട്! ഞാൻ എൻ്റെ ഗ്രീൻവിൽ ജോലിയിൽ പഠിച്ച ഏറ്റവും വല്യ പാഠം സന്തോഷകരവും ആവേശകരവുമായ ദാമ്പത്യ ജീവിതത്തിന് ഇടക്കൊക്കെ മാറി നിൽക്കുന്നത് വളരെയേറെ ഗുണം ചെയ്യും എന്നതാണ് ! 

സത്യം പറഞാൽ എനിക്ക് വളരെയേറെ ആത്മവിശ്വാസം നൽകിയ ഒരു കാലഘട്ടം ആയിരുന്നു ഗ്രീൻവില്ലിൽ ജോലി ചെയ്യാൻ സാധിച്ച കാലഘട്ടം!...കുറേയേറെ സ്നേഹവും സന്തോഷവും അനുഭവിക്കാൻ സാധിച്ചു... കുറച്ച് അമേരിക്കക്കാരെ അടുത്തറിയാൻ സാധിച്ചു.. ഇനി ഒരിക്കലും കിട്ടില്ലെന്ന് കരുതിയ കോളേജ് ഹോസ്റ്റൽ ദിനങ്ങൾ ഒരിക്കൽക്കൂടെ അനുഭവിക്കാൻ സാധിച്ചു... ഒരിക്കലും മറക്കാനാവാത്ത ഒരുപിടി നല്ല ഓർമകൾ!


BY Deepthi Prasanth


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot