ക്ലേശപൂർണ്ണവും ഏകാന്തതയിൽ ബന്ധിക്കപ്പെട്ടതുമായ ബാല്യകാലത്തിനുടമയായിരുന്നു ഗബ്രിയേല്‍.
നഗരത്തിലെ ഏറെ പ്രശസ്തയും പ്രഗത്ഭയുമായ ഗൈനക്കോളജിസ്റ്റ്
സാറാ എബ്രഹാം കോശിയുടെ ഏക മകൻ.
നഗരമദ്ധ്യത്തിലെ അത്യാധുനിക സൗകര്യങ്ങളെല്ലാമുള്ള ഏഴുനില കെട്ടിടം
" സാറാസ് ക്രാഡിൽ
ഇൻഫെറിറ്റിലിറ്റി ക്ലിനിക്ക് "
അവരുടെ സ്വന്തമാണ്
എണ്ണമറ്റ ഭ്രൂണഹത്യകളുടെ അടിത്തറയിൽ കെട്ടിപ്പടുത്തതാണ് അതെന്നാണ്
പൊതുവെ ജനസംസാരം.
ഹോസ്പിറ്റൽ വളപ്പിന്റെ പിന്നാമ്പുറത്തുള്ള പാതാള കിണറിലാണ്
നിശബ്ദമാക്കപ്പെട്ട ഭൂണങ്ങളുടെ വിശ്രമ സ്ഥലം.
തഴയപ്പെട്ട ബാല്യകാലത്തിൽ ഗബ്രിയേലിന് ഏറ്റവും ഇഷ്ടപ്പെട്ട ഇടം ഈ പാതാള കിണറിന്റെ പടവുകളായിരുന്നു
അകാലത്തിൽ പൊലിഞ്ഞു പോയ തന്റെ പപ്പയുടെ ഓർമ്മകൾ ഗബ്രിയേൽ താലോലിക്കുന്നത് ഇവിടെ വച്ചാണ് .
" ഡോക്ടർ അലക്സ് കോശി "
നാട്ടുകാരുടെ പ്രിയപ്പെട്ട കോശി സായ്പ് .
രണ്ടു രൂപ ഡോക്ടർ.
ഫീസ് തന്നേ മതിയാവൂ എങ്കിൽ മേശമേലുള്ള ചതുരപ്പെട്ടിയിൽ രണ്ടു രൂപ മാത്രം നിക്ഷേപിക്കാൻ പറയുന്ന ഡോക്ടർ സായ്പ്.
ഹോസ്പിററലിനോടു ചേർന്നുള്ള ഒരു വലിയ പുരയിടമാണ് " റോസ് ഗാർഡൻസ് " .
പേരു പോലെ തന്നെ വിവിധതരം പനിനീർ പുഷ്പങ്ങൾ വിരിയുന്ന പൂന്തോട്ടത്തിനു നടുവിലെ പഴയ ബ്രിട്ടീഷുകാരുടെ ബംഗ്ലാവു പോലെയുള്ള കെട്ടിടവും , അതിനോടു ചേർന്നുള്ള ഏക്കറു കണക്കിനുള്ള തോട്ടവും
ഡോക്ടർ സായ്പിന് പരമ്പരാഗതമായി ലഭിച്ചതാണ്.
രാത്രിയുടെ , ഏതോ യാമങ്ങളിൽ തിരിച്ചെത്തുന്ന മമ്മിയും ,പപ്പയും തമ്മിലുള്ള വഴക്കുകൾ കേട്ട് ഞെട്ടിയുണരുന്ന ഗബ്രിയേലിന്റെ ദിവസങ്ങളുടെ
എണ്ണം കൂടിക്കൊണ്ടിരുന്നു.
മെഡിക്കൽ എത്തിക്സ് പണയംവെച്ചൊരു ജീവിതം എനിക്കു വേണ്ട എന്നു കലഹിച്ചതിന്റെ പിറ്റേ ദിവസമാണ്.
'കോശി ഡോക്ടറെ,
ഉറക്കഗുളികകൾ അമിതമായി കഴിച്ചു മരിച്ച നിലയിൽ കാണുന്നത്.
കുരവള്ളിക്കിരുപുറവും രണ്ടു നേർത്ത നീലച്ച പാടുകൾ ഗബ്രിയേലിന്റെ ഓർമ്മയിൽ അവശേഷിപ്പിച്ച് അവന്റെ പപ്പ യാത്രയായി.
ജെനിഫർ ഗബ്രിയേലിനോടൊപ്പം തന്നെ ആദ്യകുർബാന കഴിഞ്ഞ പെൺകുട്ടിയായിരുന്നു.
വീട്ടിൽ സഹായത്തിനു വന്നിരുന്ന റോസമ്മ ചേടത്തിയുടെ ഏക മകൾ . വെളുത്ത് കൊലുന്നനേയുള്ള ഒരു പെൺക്കുട്ടി .
ജെനിഫറിനും സ്വന്തമായൊരു പനിനീർ തോട്ടമുണ്ടായിരുന്നു.
അവയിൽ വിടരുന്ന പനിനീർ പൂക്കൾക്ക് ഒരിക്കലും ' സാറ മാഡത്തിന്റെ റോസ് ഗാർഡനിലെ റോസാപ്പൂക്കളുടെ കടുംചുവപ്പു വർണ്ണം ഉണ്ടാവാറില്ല.
പൊതുവെ അന്തർമുഖനായ ഗബ്രിയേൽ ആകെ സംസാരിക്കുന്നതും ഇടപഴകുന്നതും ജെനിഫറിനോടു മാത്രമാണ്.
ഒരിക്കൽ സംസാരത്തിനിടെ അവന്റെ മമ്മിയുടെ പൂക്കളുടെ നിറത്തെക്കുറിച്ച് അവൾ അത്ഭുതം കൂറി.
പിറ്റേദിവസം അവൾ പിരിയുമ്പോൾ അവനവളെ ഒരു കവർ ഏൽപ്പിച്ചുക്കൊണ്ട് പറഞ്ഞു.
" ആരോടും പറയരുത് മമ്മി ചെയ്തു കൂട്ടുന്ന പാപത്തിന്റെ കറകൾ ഉണക്കിപൊടിച്ചതാണ്.
ഇതു നിന്റെ റോസാ ചെടികളുടെ ചുവട്ടില്‍ കുറെശ്ശെയായി ചേർത്തു കൊടുക്കൂ."
ഗബ്രിയേലിന്റെ പപ്പയുടെ കാറു കിടക്കുന്ന ഗാരേജിനോട് ചേർന്ന് ഒരു ഔട്ട്ഹൗസ് ഉണ്ട് ഇവിടെയായിരുന്നു ഡോക്ടർ കോശി രോഗികളെ പരിശോധിച്ചിരുന്ന മുറിയും, അതിനോടു ചേർന്ന് അത്യാവശ്യ ഘട്ടങ്ങളിൽ
ഓപ്പറേഷനുതകുന്ന മുറിയും , വലിയൊരു ലൈബ്രറിയും ഉള്ളത്.
ജീവിച്ചിരിക്കുമ്പോൾ ഡോക്ർ കോശി
അധിക സമയവും ചിലവഴിച്ചിരുന്നത് ഇവിടെയായിരുന്നു.
ഇപ്പോൾ ഗബ്രിയേലും ,
വായനയും പരീക്ഷണങ്ങളുമായി അധിക സമയവും ഇവിടെ തന്നെയാണ് ചിലവഴിക്കുന്നത്.
ഒരിക്കൽ തവളകളിൽ ഹൃദയങ്ങൾ പരസ്പരം മാറ്റിവച്ച് അവയുടെ മിടിപ്പ്
പൂർവ്വസ്ഥായിയിലാവുന്നതും നോക്കിയിരിക്കെയാണ്.
ജെനിഫർ ഒരുപിടി രക്തവർണ്ണമാർന്ന വലിയ ദളങ്ങളുള്ള പനിനീർ പുഷ്പങ്ങളുമായി
വന്നു കയറിയത്.
" ഗബ്രിയേൽ ..! ഇതു നോക്ക് നിന്റെ മമ്മിയുടെ റോസാപ്പൂക്കളുടെ നിറം എന്റെ പൂക്കൾക്കും കിട്ടിയിരിക്കുന്നു. പക്ഷെ സുഗന്ധം മുഴുവനും വാർന്നു പോയിരിക്കുന്നു.
തന്റെ മൂക്കിനോടു ചേർത്ത പൂവൊന്നു മണത്ത് തണ്ടിലെ മുള്ളിൽ ചൂണ്ടുവിരലമർത്തി പൊടിയുന്ന ചോരത്തുള്ളിയിലേയ്ക്ക് നോക്കിയവൻ പതിയേ പറഞ്ഞു ,
" മുള്ളിനു മൂർച്ച കൂടിയിരിക്കുന്നു.!
മയക്കം വിട്ടുണർന്ന തവളകളെ സ്വതന്ത്രരാക്കിയ ശേഷം .
അവൻ ജെനിഫറെ തന്റെ പരീക്ഷണ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി.
ചില്ലുജാലകത്തിലൂടെ മുറിക്കകത്തു സായാഹ്ന സൂര്യന്റെ പ്രകാശകിരണങ്ങൾ ചെരിഞ്ഞു പതിയ്ക്കുന്നു .
ശലഭ പുഴുക്കളെ നിറച്ചുവച്ച കണ്ണാടി ഭരണികൾക്കപ്പുറം നിരയായി തൂക്കിയിട്ടിരിക്കുന്ന തിരശ്ശീലകളിൻമേൽ പലനിറത്തിലുള്ള പ്യൂപ്പകൾ ... അവയുടെ
പുറന്തോടുകൾ പൊളിച്ച് ചിത്രശലഭങ്ങൾ ഓരോന്നായി പലവിധ വർണ്ണച്ചിറകുകൾ വിരിച്ച് ചിറകുകളനക്കി മുറി നിറയെ പാറി പറക്കുവാൻ തുടങ്ങി.
അവയിൽ ചിലത് കൈകോർത്തു ചേർന്നു നിൽക്കുന്ന ഗബ്രിയേലിന്റേയും ജെനിഫറിന്റേയും തോളുകളിൽ വന്നിരുന്ന്
മൃദുവായി ചിറകുകൾ അനക്കിക്കൊണ്ടിരുന്നു .
ആ മാസ്മര കാഴ്ച കണ്ട് അവരങ്ങിനെ
സ്വയം മറന്നു നിന്നു .
. . . .
" ഇതെങ്ങിനെ സംഭവിച്ചു
നോർമൽ ഡെലിവറി ..!
നാളെയ്ക്ക് സിസേറിയൻ
വെച്ചതാണല്ലോ …..?
അറിയില്ല ' സാറാ മാഡം …
സ്വപ്നത്തിൽ ഡോക്ടർ സായ്പ് വന്ന് പരിശോധിക്കുന്നതു പോലെ തോന്നിയെന്നു
അവർ പറയുന്നു .
പല രോഗികളേയും രാത്രിയിൽ ഉറക്കത്തിൽ
ഡോക്ടർ സായ്പ് പരിശോധിക്കാറുണ്ടത്രേ!
അസംബന്ധം ! സാറ ആക്രോശിച്ചു.
അവയവദാനത്തിനു തയ്യാറാണെന്ന രോഗിയുടെ സമ്മതപത്രം ഡോക്ടർ സാറാ കോശിയുടെ കൈയ്യിലിരുന്നു വിറ പൂണ്ടു ..
...
രാത്രി, മൂന്നാം യാമത്തിനൊടുവിൽ ആശുപത്രി * മോഗിൽ നിന്നും ജെനിഫറിന്റെ തണുത്തു വെറുങ്ങലിച്ച ശരീരം തോളിലിട്ടു കൊണ്ട്
ഗബ്രിയേൽ പതുക്കെ പുറത്തേയ്ക്കിറങ്ങി .
പാതാള കിണറിന്റെ അരികിലുടെ നടന്ന് പതിയേ ഔട്ട്ഹൗസിലെത്തി പപ്പയുടെ ഓപ്പറേഷൻ തിയറ്ററിൽ ചേർത്തിട്ടിരുന്ന
രണ്ടു ഡിസക്ഷൻ ടേബിളിൽ ഒന്നിൽ കിടത്തി.
അടുത്ത ടേബിളിൽ മയങ്ങി കിടന്നിരുന്ന സാറ ഒന്നു ഞരങ്ങി .ഗബ്രിയേൽ സിറിഞ്ചിൽ നേരത്തെ തയ്യാറാക്കി വച്ചിരുന്ന ജനറൽ അനസ്തേഷ്യയ്ക്കുള്ള മരുന്നെടുത്ത് സാറയെ കുത്തിവച്ചു .
പതിയെ എണ്ണി കൊണ്ട് ജെനിഫറിന്റെ കീഴ്ത്താടി മുതൽ തുന്നിക്കൂട്ടി വച്ചിരുന്ന തുന്നലുകൾ മുറിച്ചു കളഞ്ഞു.
ഇതിനോടകം കോമയിലായ
സാറയുടെ അടിവയറ്റിൽ സ്കാൽപലിൽ
പിടിപ്പിച്ച ബ്ലേഡുകൊണ്ട് വിലങ്ങനെ ഒരു മുറിവുണ്ടാക്കി .. ക്ഷണനേരം കൊണ്ട് ഗബ്രിയേൽ തനിക്ക് ജന്മം നൽകിയ ഗർഭപാത്രം അടർത്തിയെടുത്തു , ഒരു നിമിഷം അതിലേയ്ക്കു നിർന്നിമേഷനായി നോക്കിയ ശേഷം മേശപ്പുറത്തെ ഫോർമാലിൻ നിറച്ച സ്ഫടിക ഭരണിയിൽ നിക്ഷേപിച്ചു.
പിന്നീട് കഴുത്തിനു താഴെ നിന്നും സ്തനങ്ങൾക്കിടയിലൂടെ പൊക്കിൾ വരെ നെടുകെ കീറി ,പതിയെ മിടിക്കുന്ന ഹൃദയത്തിന്റെ ധമനികളെല്ലാം മുറിച്ച് സ്വതന്ത്രമാക്കിയ ശേഷം
അതെടുത്ത് ജെനിഫറിന്റെ ശൂന്യമായ ഹൃദയത്തിന്റെ സ്ഥാനത്ത് യഥാവിധം
വച്ചുപിടിപ്പിച്ചു.
മുറിയിൽ ചിത്രശലഭങ്ങൾ പ്യൂപ്പകൾ പൊളിച്ച് ഓരോന്നായി പുറത്തു വന്നു തുടങ്ങി . അതിലൊരു വലിയ സ്വർണ്ണ വർണ്ണനിറമുള്ള പ്യൂപ്പ സാറയുടെ ഹൃദയം മാറ്റപ്പെട്ട ശൂന്യതയിൽ ഗബ്രിയേൽ കരുതലോടെ എടുത്തു വച്ചു. വെട്ടിത്തുറന്ന
മുറിവുകളെല്ലാം സൂക്ഷ്മതയോടെ തുന്നിച്ചേർത്തു.
സുഗന്ധം നഷ്ട്ടപ്പെട്ട ഒരുപിടി ചുവന്ന റോസാപ്പൂക്കൾ
ജെനിഫറിന്റെ മാറിൽ ചേർത്തുവച്ച് . മുറിയിൽ വർണ്ണച്ചിറകുകൾ വീശി പറന്നു നടക്കുന്ന ചിത്രശലഭങ്ങളെ നോക്കി. അവളുടെ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ട് ഗബ്രിയേൽ പതിയെ കണ്ണുകളടച്ചു.
* മോഗ് - മോർച്ചറി
2020 - 06 - 24
( ജോളി ചക്രമാക്കിൽ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക