ശരീരം തളർന്നുതുടങ്ങിയെങ്കിലും കാലുകൾ നിലത്തുകുത്തിയെഴുന്നേല്ക്കാൻ ശ്രമിച്ചു. ആ ശ്രമം പാതിയിലുപേക്ഷിച്ച് കിടന്നപ്പോൾ, കൺപോളകൾക്കു ഭാരമനുഭവപ്പെട്ടു. പാതിയടഞ്ഞ മിഴികളുമായി കൂടാരത്തിലേക്കു കണ്ണുംനട്ട് ഞാൻ കിടന്നു. ഉറങ്ങുന്നതിനുമുമ്പ് അയാളെ ഒന്നു കാണാൻ, ആ സ്നേഹസ്പർശത്തിന്‍റെ സാന്ത്വനം അനുഭവിക്കുവാൻ മനസ്സ് വല്ലാതെ കൊതിച്ചു.
ഉറക്കെവിളിച്ചാൽപ്പോലും കേൾക്കാനാകാത്ത ഉറക്കത്തിന്‍റെ പര്യവസാനത്തിലായിരിക്കണം അയാൾ. അതുകൊണ്ടാവാം ഇക്കണ്ട കോലാഹലങ്ങളൊക്കെ നടന്നിട്ടും അറിയാതെപോയത്. നിദ്രയുടെ ദയകൊണ്ടു വേദനയും യാതനകളും മറന്ന് തത്ക്കാലത്തേക്കാണെങ്കിലും സമാധാനമായി കണ്ണടക്കാൻ കഴിയുന്നത് ഒരനുഗ്രഹമാണ്. അതോർത്തപ്പോൾ, അയാളെ ഉറക്കത്തിൽനിന്നുണർത്താൻ മടിച്ചു. എന്നാല്‍, അയാളെക്കുറിച്ച് ഓർക്കാതിരിക്കാൻ എനിക്കെന്തോ കഴിഞ്ഞില്ല.
ഈ മരുഭൂമിയിൽ, ആളുകൾ ഉപേക്ഷിച്ചുപോയ കീറിയ കൂടാരത്തിനുള്ളിൽ രണ്ടു കുഞ്ഞുങ്ങൾക്കു ഞാൻ ജന്മംനലകിയത് കുറച്ചു ദിവസങ്ങൾക്കുമുമ്പാണ്. അവർ വളർന്നുവലുതാകുമ്പോൾ അച്ഛനാരാണെന്നുള്ള ചോദ്യമുണ്ടാകില്ലെന്ന് ഉറപ്പുളളതുകൊണ്ട്, എന്‍റെ ഇഷ്ടംപറ്റിയവരുടെ പേരോ, ഇരുട്ടിന്‍റെ മറവിൽ എന്നെ കീഴ്പ്പെടുത്തിയവരുടെ വർണ്ണമോ, ഞാനോർത്തുവച്ചില്ല.
പ്രണയത്തിന്‍റെ മൂടുപടമണിഞ്ഞ് എന്നിലേക്കു നടന്നടുത്തവർ, രതിയുടെ അവസാനതുള്ളിയും വീണുരുകിയപ്പോൾ ഒന്നു തിരിഞ്ഞുനോക്കാൻപോലും കൂട്ടാക്കാതെ, ഇരുട്ടിൽ ഇടവഴിയിലേക്കിറങ്ങിനടന്നു. എന്‍റെ ഓർമ്മകളിൽ സൂക്ഷിക്കാൻമാത്രം അവരുടെ മുഖങ്ങളിലൊന്നും സ്നേഹമോ, കരുണയോ ഞാൻ കണ്ടില്ല. മനസ്സിനൊരു ബാദ്ധ്യതയായി പിന്നെന്തിന് ആ മുഖങ്ങൾ ഓർമ്മയില്‍ സൂക്ഷിച്ചുവെക്കണം?
തെരുവോരങ്ങളിൽ ഗര്‍ഭിണികള്‍ പേറ്റുനോവുമായി തുടിക്കുമ്പോൾ വയറ്റിലുണ്ടാക്കിയവർ സുഖലോലുപരായി പുതിയ സുന്ദരികളുമായി രമിക്കുന്നതും ചിലപ്പോൾ കാണേണ്ടിവരും. പെണ്ണായ്പ്പിറന്നവരുടെ നിഷ്കാമകർമ്മമാണെന്നു കരുതി അതൊക്കെ സഹിക്കാം, പൊറുക്കാം. പക്ഷേ, ജന്മംനല്കിയ പിതാവിന്‍റെയും ചിലപ്പോൾ നൊന്തുപെറ്റ പുത്രന്‍റെയും ബീജം ഉദരത്തിൽ ചുമക്കേണ്ടിവരുന്നത് ഏതു സമ്പ്രദായത്തിന്‍റെ ഭാഗമാണ്? ചിലരൊക്കെ പ്രതികരിച്ചു; നവോത്ഥാനമുണ്ടാക്കാൻ പാഴ്വേലനടത്തി കുറ്റിയറ്റു.കൈകൾക്കു കരുത്തുള്ളവരായിരുന്നു അവിടെ സ്ഥാനമാനങ്ങൾ വഹിച്ചിരുന്നത്. പിന്നെയെങ്ങനെയാണ് പെണ്ണിനു നീതി ലഭിക്കുക? വീണ്ടും പ്രതിഷേധസ്വരവുമായി ആരും തെരുവിലേക്കിറങ്ങാതിരിക്കാൻ നാട്ടുകൂട്ടത്തിന്‍റെ തലവൻ ഒരു വിജ്ഞാപനവുമിറക്കി.
"സമ്പ്രദായങ്ങൾ പാലിക്കപ്പെടാനുള്ളതാണ്. അതു ദൈവനിയമമാണ്. അത് അംഗീക്കരിക്കാൻ ബുദ്ധിമുട്ടുള്ള അഭിസാരികകൾക്ക് ഈ നാട്ടിൽനിന്നു മറ്റെവിടേക്കെങ്കിലും പോകാം."
ആ വിളംബരം കേട്ട്, അവസാനം ഉപയോഗിച്ച വാക്കു കേട്ട്, ഞാൻ ചിരിച്ചു. ഒരു നേരത്തെ അന്നത്തിനുവേണ്ടി ശരീരം വില്ക്കാൻനടക്കുന്ന മറ്റൊരു കുലസ്ത്രീയെ വിളിക്കുന്ന പേരാണ് അഭിസാരിക. ആ പേരെങ്ങനെയാണ് എന്‍റെ വർഗ്ഗത്തിലെ പെണ്ണുങ്ങൾക്കു ചേരുക? അർത്ഥമറിയാത്ത ആ പ്രയോഗത്തിനും ഞങ്ങളുടെ കൂട്ടത്തിലെ ഭൂരിഭാഗവും കൈയടിച്ചു.
മകന്‍റെ ബീജം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട അമ്മ! അച്ഛനാല്‍ വയറ്റിലുണ്ടായ മകള്‍! രതിവൈകല്യങ്ങൾ ആസ്വദിച്ച് ഈ പരിഷ്കൃതസമൂഹം ഇവിടെ കഴിയട്ടെ.
ദുരാചാരങ്ങൾക്ക് അടിമപ്പെട്ട് ഒതുങ്ങിക്കൂടാൻ ഞാനൊരുക്കമായിരുന്നില്ല. കൂട്ടംവിട്ട് പെരുവഴിയിലേക്കിറങ്ങിനടന്നു.
ലക്ഷ്യബോധമില്ലാത്ത യാത്രയ്ക്കിടയിലും നാട്ടിലെ ഓരോ ആചാരത്തെയും കുറിച്ചോർത്ത് തലപുണ്ണാക്കി. മറവിയുടെ തിരശ്ശീലക്കു പിന്നിൽനിന്നു യുക്തിയുടെ വെളിച്ചം മറനീക്കി പുറത്തുവന്നു. സംശയങ്ങൾ പെറ്റുപെരുകിയപ്പോൾ ചോദ്യങ്ങളോടു കലഹിക്കാൻതുടങ്ങി.
വിശ്വാസിയെയും അവിശ്വാസിയെയും ഒന്നുപോലേ കാണുന്ന ദൈവം; പെണ്ണിനോടുമാത്രം വിവേചനം കാണിക്കുമോ?
"ഇല്ല!" ബോധമണ്ഡലത്തിലിരുന്ന് ആരോ പറഞ്ഞു.
പോയകാലത്തെ ആചാരങ്ങളെല്ലാം ഇന്നു ദുരാചാരങ്ങളായി മാറിയിരിക്കുന്നു. ഇന്നത്തെ വിശ്വാസങ്ങൾ, നാളെ അന്ധവിശ്വാസങ്ങളായി കത്തിയടങ്ങിയേക്കാം. പ്രചരിപ്പിച്ചതും അനുസരിക്കാൻ കല്പിച്ചതും ഒഴിവാക്കാൻ നിർബ്ബന്ധംപിടിച്ചതും അധികാരമോഹികളാണെന്നു ബോദ്ധ്യമായപ്പോൾ, ഞാൻ ഈശ്വരനെ വാഴ്ത്തി; "ദൈവം വലിയവനാണ്."
***************************
ചെറുതോടുകളും വലിയപുഴകളുമുള്ള ഗ്രാമങ്ങൾ കണ്ടു. കെട്ടിടസമുച്ചയങ്ങളുള്ള മഹാനഗരങ്ങൾ കണ്ടു. എല്ലായിടത്തും അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ അവസ്ഥ പരിതാപകരമായിരുന്നു. ഭക്ഷണം യഥേഷ്ടം കിട്ടുന്നതുകൊണ്ട് കുറച്ചുദിവസങ്ങൾ നഗരത്തിൽത്തന്നെ തങ്ങാൻ ഞാൻ തീരുമാനിച്ചു.
വെയിലും മഴയും കാലംതെറ്റിവരുന്ന കന്നിമാസത്തിലെ ഒരു രാത്രിയായിരുന്നു. കടത്തിണ്ണയിൽ ഓരോന്നാലോചിച്ച് ഉറക്കംവരാതെ കിടന്നു. പരിചിതമല്ലാത്ത ആരുടെയോ ചുമകേട്ടപ്പാൾ ചിന്തകൾവിട്ടെഴുന്നേറ്റു. ശബ്ദം കേട്ടഭാഗത്തേക്കു ഭയപ്പാടോടെ നോക്കി.
ഇരുട്ടിൽ തൂണുകളുടെ മറപറ്റി രണ്ടു കണ്ണുകൾ എന്‍റെ ശരീരത്തെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വഴിവിളിക്കിന്‍റെ നേർത്ത വെളിച്ചം വീണുകിടക്കുന്ന വെട്ടുവഴിയിലേക്ക് വെപ്രാളപ്പെട്ട് ഞാൻ ചാടിയിറങ്ങി.
ചെമ്പിച്ച രോമങ്ങളും പച്ചകണ്ണുകളുമുള്ള ആ ചെറുപ്പക്കാരൻ വളരെ സുന്ദരനായിരുന്നു. അവന്‍റെ കണ്ണുകൾക്ക് ആരെയും വശീക്കരിച്ച് സ്വന്തം ചൊല്പടിക്കു നിറുത്താനുള്ള കരുത്തുണ്ടായിരുന്നു. ശൃംഗാരചേഷ്ടകളുമായി അവനടുത്തുകൂടിയപ്പോൾ, അചഞ്ചലമായ മനസ്സൊന്നിളകി. കാലങ്ങളായി കൂച്ചുവിലങ്ങിട്ടുനിറുത്തിയ ജന്മവാസന ചങ്ങലപ്പൊട്ടിച്ചു പുറത്തുചാടി.
അവന്‍റെ നിശ്വാസം മുഖത്തു വന്നുപതിച്ചപ്പോളും നാവ് എന്‍റെ ചുണ്ടുകളെ കീഴ്പ്പെടുത്തിയപ്പോളും വേണ്ടെന്നു വിലക്കുന്നതിനു പകരം ആ തിളങ്ങുന്ന കണ്ണുകൾക്ക്
വശംവദയായി വഴിയോരത്തിലെ കാട്ടുപൊന്തക്കുള്ളിലേക്ക് അവനോടെപ്പം നടന്നു. കാലങ്ങളായി കാത്തുവച്ച എന്‍റെ ശരീരത്തിലെ രസച്ചരടുകൾ ഓരോന്നായി പൊട്ടിവീണു.
ദൃഷ്ടിക്കപ്പുറത്തേക്കുള്ള കാഴ്ച്ചകളെ മറച്ചുനിന്നിരുന്ന കുന്നിൻമുകളിലേക്ക് ആ ചെറുപ്പക്കാരൻ കാര്യംകഴിഞ്ഞതോടെ നടന്നകന്നു. തെറ്റ് എന്‍റെ ഭാഗത്തും ഉണ്ടായിരുന്നല്ലോ? ആ വീണ്ടുവിചാരം അവനെ പഴിപറയാൻ ഒരുമ്പെട്ടുനില്ക്കുന്ന മനസ്സിനെ അടക്കിനിറുത്തി. അന്നുതുടങ്ങി ഒരുപാടുപേർക്ക് എന്‍റെ യൗവനം നല്കി. മറ്റുചിലരാകട്ടെ കായികബലംകൊണ്ട് എന്നെ കീഴ്പ്പെടുത്തി, ആണിന്‍റെ കരുത്തുകാട്ടി.
പെണ്ണിനെമാത്രം ചാരിത്ര്യവതികളാക്കി കൂട്ടിലിട്ടുവളർത്തി വിലയിട്ടുവില്ക്കുന്ന ഉന്നതകുലത്തിലാണ് ഞാൻ പിറവികൊണ്ടിരുന്നതെങ്കിലോ?. വെറുതേ ആലോചിച്ചുനോക്കി.
എന്നെ കീഴ്പ്പെടുത്തിയവർക്ക് പേശിബലമുള്ള ആണെന്നപട്ടം സമൂഹം ചാർത്തികൊടുക്കുമ്പോൾ ചാരിത്രശുദ്ധിയില്ലാത്തതിന്‍റെ പേരിൽ വേശ്യയെന്ന് മുദ്രകുത്തി പടിയടച്ച് പിണ്ഡംവെയ്ക്കുമായിരുന്നു സംസ്കാരസമ്പന്നരെന്ന്‍ അഹങ്കരിച്ചിരുന്ന ആ ഉന്നതകുലജാതർ.
ദേശങ്ങളും ഭാഷകളും താണ്ടി ആരൊക്കെയോ കെട്ടിയ അതിരുകൾ ലംഘിച്ച് ഞാൻ നടന്നു. ലക്കുംലഗാനുമില്ലാത്ത യാത്രയ്ക്കിടയിൽ ഒരുനാൾ എനിക്കെന്തോ വല്ലായ്മതോന്നി. മനംപിരട്ടലും ഓക്കാനവും വന്നു. വയറ്റിൽ മുളപൊട്ടിത്തുടങ്ങിയ വിത്തുകളെക്കുറിച്ച് ബോധവതിയായി. ആരു പാകിയ വിത്താണ് മുളച്ചുപൊങ്ങുന്നത്? ഓർമ്മകളിൽ പരതിയെങ്കിലും ആ മുഖംമാത്രം നിനവിന്‍റെ വെട്ടത്തിൽനിന്നു കണ്ടെടുക്കാൻ കഴിഞ്ഞില്ല. നടക്കാനുള്ള കരുത്തും നഷടമായതോടെ, നടന്നെത്തിയ മരുഭൂമിയിൽ, കാറ്റത്തു കീറിപ്പൊളിഞ്ഞ കൂടാരത്തിനുള്ളിൽ വിശ്രമിച്ചു. അവിടെവെച്ചായിരുന്നു ഞാൻ പ്രസവിച്ചത്. ചൂടുകൊണ്ട് പഴുത്തുകിടക്കുന്ന മണലിൽക്കിടന്ന് കുഞ്ഞുങ്ങൾ വാവിട്ടുകരഞ്ഞു.
ദിവസങ്ങൾ കഴിയുന്തോറും വിശപ്പും ദാഹവുംകൊണ്ടു ശരീരം അവശതയിലേക്കു കൂപ്പുകുത്തി. ത്രാണിയില്ലാത്ത ശരീരത്തിലെ അവസാനത്തുള്ളി രക്തവും മക്കളൂറ്റിക്കുടിക്കുന്നതു വേദനയോടെ ഞാനറിഞ്ഞു. ആരെങ്കിലും വരുമെന്നും ഞങ്ങളെ കാണുമെന്നുള്ള പ്രതീക്ഷക്കുമേൽ അസ്തമനത്തിന്‍റെ നിറംവീണു തുടുക്കാൻ തുടങ്ങി. രക്ഷപ്പെടാമെന്നുള്ള ആശ നശിച്ച് മരണത്തെ കാത്തിരിക്കുമ്പോളും മക്കളെക്കുറിച്ചോർത്തുള്ള വ്യഥ, കണ്ണുകളെ ഈറനണിയിച്ചു.
താടിയും മുടിയും നീട്ടിവളർത്തിയ അപരിചിതനായ ഒരു മനുഷ്യൻ കൂടാരത്തിനുള്ളിലേക്കു അവിചാരിതമായി കയറിവന്നു. കുനിഞ്ഞിരുന്ന് ഞങ്ങളെ ശ്രദ്ധിച്ചു. ആക്രമിക്കാനുള്ള ഉദ്ദേശ്യമാണെങ്കിൽ വയ്യെങ്കിലും പ്രതിരോധിക്കാൻ ഞാൻ തയ്യാറെടുത്തു. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ഒരു അമ്മ നടത്തുന്ന പോരാട്ടം. ശക്തനുമുമ്പില്‍ ദുർബല തോറ്റുപോകുമെന്നറിഞ്ഞിട്ടും എഴുന്നേറ്റുനിന്നു. ശരീരം തളരുന്നു; കാഴ്ച്ച മങ്ങുന്നപ്പോലൊരു തോന്നൽ. പിന്നെന്താണ് നടന്നതെന്ന് ഓർമ്മയിൽ തെളിഞ്ഞുവരുന്നില്ല.
നിനവ് തിരിയേ വന്നപ്പോൾ ഞാനേതോ വൃത്തിയുള്ള കൂടാരത്തിനുള്ളിൽ നനഞ്ഞ മണ്ണിൽ തണുത്തുകിടക്കുകയായിരുന്നു. ധൃതിയിലെഴുന്നേറ്റു. മക്കളെ തിരഞ്ഞു. മതിമറന്നുറങ്ങുന്ന കുട്ടികളെ കണ്ടപ്പോൾ, അത്യാഹിതമൊന്നും സംഭവിച്ചിട്ടില്ലെന്നറിഞ്ഞപ്പോൾ ഞാനാശ്വസിച്ചു. പേടിയില്ലാതെ അന്തിയുറങ്ങാൻ ഒരു ഇടത്താവളം കിട്ടിയിരിക്കുന്നു. വിശപ്പും ദാഹവും തത്ക്കാലത്തേക്കു മറന്നു. സുരക്ഷിതത്വം അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ ഉറക്കത്തിന്‍റെ ആലസ്യം വീണ്ടും മിഴികളിൽ സ്പർശിച്ചു.
തിളങ്ങുന്ന പിഞ്ഞാണത്തിൽ നിറയെ ആഹാരസാധനങ്ങളുമായി അയാൾ ഞങ്ങൾ വിശ്രമിക്കുന്നിടത്തേക്കു വന്നു. പാത്രം നിലത്തുവെച്ച് എന്‍റെ ശിരസ്സിൽ അയാൾ പതിയെ തലോടി. മുഖം മണ്ണിലൊളിപ്പിച്ച് ഞാൻ കിടന്നു. അതുപോലൊരു സ്പർശനസുഖം ജീവിതത്തിൽ ആദ്യമായിട്ട് അനുഭവിക്കുകയായിരുന്നു. നല്ല ജനുസ്സിന്‍റെ കരുത്തിൽപ്പിറക്കുന്ന ചില ആൺകുട്ടികളെ മനുഷ്യർ എടുത്തുകൊണ്ടുപോയി വളർത്തുമെങ്കിലും ഊരുചുറ്റുന്ന പെൺവർഗ്ഗത്തിനു പുലയാട്ടുകേൾക്കുക പതിവായിരുന്നു. അവരിൽനിന്നു വ്യത്യസ്തനായ ഒരാളെ കണ്ടപ്പോൾ, അയാളുടെ കരലാളനമനുഭവിച്ചപ്പോൾ, എന്‍റെ കണ്ണുകൾ നിറഞ്ഞു. മുഖമുയർത്തി ഞാൻ അയാളുടെ കണ്ണുകളിലേക്കു നോക്കി. തിളങ്ങുന്ന ആ കണ്ണുകളിൽ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ഉപ്പുവെള്ളം നിറഞ്ഞുവരുന്നത് ഞാൻ കണ്ടു. കവിൾത്തടംകൊണ്ട് അയാളുടെ കൈകളിലുരസി കൃതജ്ഞത വെളിപ്പെടുത്തി. ഒരിക്കൽക്കൂടെ എന്‍റെ ശിരസ്സിൽ തലോടി, അയാളെഴുന്നേറ്റുപോയി.
"ഹേ നന്മയുള്ള മനുഷ്യാ! നിങ്ങൾ ചെയ്തുതന്ന ഈ ഉപകാരത്തിനു എന്നെങ്കിലുമൊരിക്കൽ എന്‍റെ ജീവൻ കൊടുത്തും ഞാൻ പ്രത്യുപകാരംചെയ്യും."
മനസ്സിൽ നന്മ സൂക്ഷിക്കുന്നവരാരും ഉപകാരത്തിന്‍റെ പ്രതിഫലംപറ്റാൻ നില്ക്കുകയില്ല. ഞാൻ പറഞ്ഞതൊന്നും അയാൾ കേൾക്കുന്നുണ്ടായിരുന്നില്ല. കേട്ടെങ്കിൽതന്നെ എന്‍റെ ഭാഷ അയാൾക്കു മനസ്സിലാകുമായിരുന്നില്ല.
കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ എന്‍റെ ശരീരം പുഷ്ടിച്ചു. മക്കളൊക്കെ വളർന്നു. ഓടാനും ചാടാനും തുടങ്ങി. ആ കൂടാരത്തിലെവിടെയും കറങ്ങിനടക്കാനുള്ള സ്വതന്ത്ര്യം അയാള്‍ എനിക്കനുവദിച്ചുതന്നു. ഭാഷയറിയില്ലെങ്കിലും ആംഗ്യഭാഷയിൽക്കൂടെ പരസ്പരം ആശയവിനിമയങ്ങൾ നടത്തി. പതിവുപോലേ അന്നും ഞങ്ങൾക്കു കിടക്കാൻ സൗകര്യമൊരുക്കിത്തന്ന്, കൂടാരത്തിന്‍റെ മറ്റൊരു മൂലയില്‍ അയാൾ ഉറങ്ങാൻകിടന്നു.
ചുമരിനോടു ചേർന്നുക്കിടക്കാൻ മക്കൾ തമ്മിൽ കടിപിടികൂട്ടിയപ്പോൾ ഞാൻ ശാസിച്ചു. കിട്ടിയിടത്തു കിടന്ന് അവർ ഉറങ്ങാനാരംഭിച്ചു. എനിക്കെന്തോ കിടന്നിട്ടുറക്കം വന്നില്ല. ആപത്തെന്തോ വരാൻപോകുന്നതുപോലൊരു തോന്നൽ. ചെവികൂർപ്പിച്ചു ശ്രദ്ധിച്ചു. കാറ്റിന്‍റെയോ പേമാരിയുടെയോ ലക്ഷണളൊന്നുമില്ല. എങ്കിലും മനസ്സിന്‍റെ തോന്നലുകളെ നിസാരവൽക്കരിക്കാൻ തോന്നിയില്ല. ഭുമികുലുക്കമോ മറ്റോ വരുന്നുണ്ടോ? കാത് മണ്ണിനോടു ചേർത്തുവച്ചു നോക്കി. ഒരുപാട് അടി താഴ്ച്ചയിൽ ഒരു നീരുറവയൊഴുകിപ്പോകുന്ന ശബ്ദംമാത്രം കേട്ടു.
പെട്ടെന്നെന്തോ ഓർത്തപ്പോൾ കിടക്കുന്നിടത്തുനിന്നെഴുന്നേറ്റ് അയാളുടെ സമീപത്തേക്കു നടന്നു. അയാൾ ഉറങ്ങുന്നതും നോക്കി കട്ടിലിനു താഴേ ഞാൻ കിടന്നു. കിടന്നകിടപ്പിൽ എത്രനേരം ഉറങ്ങിപ്പോയെന്ന് എനിക്കൊരു ഊഹവും ഉണ്ടായിരുന്നില്ല.
എന്തോ ശബ്ദംകേട്ടപ്പോൾ ഞെട്ടിയെഴുന്നേറ്റു. കട്ടപിടിച്ച ഇരുട്ടിൽ, നിഴലുകളുടെ അനക്കം കണ്ട ഭാഗത്തേക്കു ദൃഷ്ടിയൂന്നി.
ഗാഢമായ നിദ്രയിലും കാലാട്ടികൊണ്ടിരിക്കുന്നത് കാലങ്ങളായി അയാളുടെ ശീലമായിരുന്നു. ആ ശീലക്കേട് പിടിക്കാതിരുന്ന ഒരുപാമ്പ് ഇരയാണെന്നു കരുതി അയാളുടെ കാലിൽ കൊത്താൻ തയ്യാറെടുത്തുനില്പുണ്ടായിരുന്നു. കുറെക്കാലം അന്നം തന്ന് എന്നെ വളർത്തിയ യജമാനന്‍റെ ജീവനുവേണ്ടി പാമ്പിനോട് പടവെട്ടാൻ ഞാൻ തീരുമാനിച്ചു.
അയാളുടെ കാലിന്‍റെയും പാമ്പിന്‍റെയും മദ്ധ്യത്തിലേക്കായി ഞാൻ ചാടിയതും വർദ്ധിച്ചരോഷത്തോടെ പാമ്പ് ഫണമുയർത്തി കൊത്തിയതും ഒരുമിച്ചായിരുന്നു. ആ വിഷജന്തുവിന്‍റെ തല ഞാൻ വായ്പിടിയിലൊതുക്കി കൂടാരത്തിന്‍റെ പുറത്തേക്കുചാടി. ആ ഉരഗജീവിയുടെ ജീവൻ എന്‍റെ പല്ലുകൾക്കടിയിലമർന്നുനിലച്ചു.
പാമ്പിന്‍റെ ജഡം കൂടാരത്തിന്‍റെ വെളിയിൽകൊണ്ടിട്ടു തിരിഞ്ഞുനടക്കുമ്പോഴായിരിന്നു എന്‍റെ ശരീരത്തിനു തളർച്ച അനുഭവപ്പെട്ടത്. കാലുകൾ കുഴഞ്ഞു. പെരുവഴിയിൽ പതുക്കെ ഇരുന്നു. ഇരുന്നിടത്തു കിടന്നപ്പോൾ കൺപോളകൾക്കു കനംവെച്ചുതുടങ്ങി. എന്നെയും മക്കളെയും പരിപാലിച്ച യജമാനനുവേണ്ടി അത്രയെങ്കിലും ചെയ്യാൻകഴിഞ്ഞെന്നുള്ള ചാരുതാർത്ഥ്യത്തോടെ പാതിയടഞ്ഞ മിഴികളുമായി കൂടാരത്തിലേക്കു കണ്ണുംനട്ട് ഞാൻ കിടന്നു. അയാളെ അവസാനമായി ഒന്നു കാണാൻ, ആ സ്നേഹസ്പർശത്തിന്‍റെ സാന്ത്വനം അനുഭവിക്കുവാൻ മനസ്സ് വല്ലാതെ കൊതിച്ചു. സർവ്വശക്തിയുമെടുത്ത് ഒരിക്കൽക്കൂടെ മിഴികൾ വലിച്ചുതുറക്കാൻ ശ്രമിച്ചു.
മങ്ങിയവെട്ടത്തിലേക്കു തുറന്ന എന്‍റെ മിഴികൾക്കു മുമ്പില്‍ പെട്ടെന്നു ഇരുട്ടുപരക്കുകയും ആ അന്ധകാരം എന്‍റെ അവസാനകാഴ്ച്ചയെ മറയ്ക്കുകയുംചെയ്തു.
***************************
Written by മനു എണ്ണപ്പാടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക