Slider

ഉപ്പുപ്പാടങ്ങൾ (കഥ)

0

Salt, Field, Province, Vietnam, Work, Sunlight, Workers

രചന : Deepa palayadan.

വരികളായും... വരികൾ തെറ്റിയും.... അവർ നടന്നു വരുന്നു.

പാലത്തിനടിയിൽ നിർത്തിയിട്ട മിനി വാൻ വലിച്ചു തുറന്ന് ആരോ... ഒരു വലിയ ചെമ്പ് താഴേക്കിറക്കി.

നടന്നു വരുന്നവരുടെ കാലുകൾക്ക് വേഗതയില്ല !!!

അവരുടെ ശ്വാസങ്ങളിൽ കിതപ്പും... !!

നോട്ടങ്ങളിൽ ഭയവും ഇല്ല !

'ചേർന്ന് നിൽക്കാതെ'....

' അകലം പാലിച്ചു വരൂ'......

അടുത്തിട്ടും...... അകലം പാലിച്ചവർ നിന്നു...

ചെമ്പിന്റെ മൂടി മാറ്റിയപ്പോഴുള്ള സുഗന്ധം.... എന്നെപ്പോലെ അവിടെയുള്ളവരും ആവേശത്തോടെ നുണഞ്ഞു!!

മുഖത്തെ മാസ്ക് വലിച്ച് നേരെയാക്കി.. അവിടെ നിന്ന് ഒരു പ്ലേറ്റുമെടുത്ത്.. വരി യുടെ ഇടയിലൂടെ ഞാൻ കയറി..

പിന്നിൽ നിന്നവർ മുറുമുറുത്തില്ല....

എന്നെ നോക്കി കണ്ണുമിഴിച്ചില്ല....

എന്തിന്... അവരെന്നെ കണ്ടത് പോലുമില്ല...

നിസ്സംഗമായി ഏതോ ലോകത്താണവർ.. !!

നേരമിരുട്ടുന്നു....

ഞാൻ നോക്കി നിന്നു..

പാലത്തിന്റെ ഒരറ്റം പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു.

ചെറിയ അനക്കങ്ങളിലും സിമന്റ് പാളികൾ ഇളകി വീഴുന്നതറിഞ്ഞ് ഇരുമ്പു കമ്പികൾ പേടിച്ചു വിറക്കുന്നു...!!!

എന്റെ വ്യക്തമായ ഓർമ്മകളിൽ......!

തൊട്ടടുത്ത ഇന്നലകളിൽ.....!

പണിതീർത്ത പാലം!!

ആരോ ചുമയ് ക്കുന്നത് കേട്ട് ഒന്നുകൂടെ ഇളക്കങ്ങളോടെ എന്നെ നോക്കി തലതാഴ്ത്തി.

ഒപ്പം ഞാനും!!!

നല്ല വസ്ത്രധാരി ആയതുകൊണ്ടാവാം എനിക്കി പരിഗണന...

വിളമ്പുകാരും... ഞാനുമൊഴിച്ചാൽ ബാക്കിയെല്ലാവരും മുഷിഞ്ഞ വസ്ത്ര ധാരികൾ....

അഴുക്കു പുരണ്ട കൈകൾ..

വിണ്ടുകീറിയ കാലുകൾ...

എവിടെനിന്നോ നുഴഞ്ഞുകയറി പരിഗണന പറ്റി ഞാനും പ്ലേറ്റ് നീട്ടിപ്പിടിച്ച് ഭക്ഷണം വാങ്ങി.

ഹാ........ കിച്ചടി

നല്ല ആഹാരത്തിന്റെ സുഗന്ധം...!

പോക്കറ്റിലെ സാനിറ്റയിസർ കൊണ്ട് കൈ വൃത്തിയാക്കിയശേഷം... കിച്ചടി വാരി ഞാൻ വായിൽ വെച്ചു.

ഹോ.......!

ചൂടു മാത്രമല്ല, ഈ സുഗന്ധത്തിന് ഇത്രയും അരുചി എവിടെ നിന്ന് വന്നു!!

തീരെ ഉപ്പില്ലാത്ത ഈ ഭക്ഷണം എനിക്ക് വേണ്ട..

വീട്ടിൽ ആയിരുന്നെങ്കിൽ ഈ പ്ലേറ്റ് തട്ടിനീക്കിയേനേ...

വരികൾ അപ്പോഴും അവസാനിച്ചില്ല..

ആളുകൾ അനുസരണയോടെ പാത്രങ്ങൾ നീട്ടി പിടിക്കുന്നു..

അമ്മമാർ... കുട്ടികൾ.... അങ്ങനെ അങ്ങനെ.. നീട്ടിപ്പിടിച്ച പാത്രങ്ങൾക്കൊപ്പം നടന്നുനീങ്ങുന്നു.

തെല്ലു മാറി പാലത്തിനടിയിലേക്ക് ഞാൻ നടന്നു..

ഏതുനിമിഷവും തകർന്നു വീഴാറായ ആ അസ്ഥികൂടം എന്നെ വിലക്കിയതും ഇല്ല !!

ആരും കാണാതെ തൂണുകൾ ക്കിടയിൽ എന്റെ പ്ലേറ്റ് സമർത്ഥമായി ഞാൻ എറിഞ്ഞു കളഞ്ഞു.

മഞ്ഞനിറത്തിലുള്ള വറ്റുകളും.. പയറുവർഗ്ഗ ങ്ങളും മണ്ണിൻ മേൽ ആരോ നനയിച്ച വിയർപ്പിന്റെ ചുവയോടെ അടങ്ങി കിടന്നു!!

വലിയ ശബ്ദത്തോടെ ആകാശ കടലിൽ ഒരു " കപ്പൽ"

നിറയെ സ്വപ്നങ്ങളുമായി.....

താഴേക്ക് നോക്കി.. നങ്കൂരമിടുന്നു.

എല്ലാ കണ്ണുകളും മുകളിലേക്ക് തന്നെ..
താഴേക്ക് നോക്കാൻ എനിക്കും കഴിഞ്ഞില്ല.

റോഡിനരികിലിരുന്ന് ആഹാരം കഴിക്കുന്നതിനിടയിലും പൊട്ടിയ വള്ളി ചെരുപ്പുകൾ... ദൂരേക്ക് മാറ്റാതെ കണ്ണി കൾ ചേർത്തുവെക്കാനായിരുന്നു പലരും ശ്രമിച്ചത്.

കിച്ചടി കൊണ്ടുവന്ന പാത്രത്തിൽ വിളമ്പുകാരൻ ചട്ടുകം കൊണ്ട് ശക്തമായി അടിച്ചു.

പിന്നെയാ വലിയ ചെമ്പിനെ ഇക്കിളിയിട്ട്.... കൊതിപ്പിച്ച് !
അവസാനം മാന്തി പറിച്ച്.... വരിയിലെ അവസാനയാൾക്കും അയാൾ ആഹാരം വിളമ്പി.

ആരോ കൊണ്ടുവന്ന പ്ലാസ്റ്റിക് കസേര കൈവശപ്പെടുത്തി പാലത്തിനടിയിൽ ഞാനുമിരുന്നു.

ചെറിയൊരു ഭയം കൈകളിലൂടെ തലയ്ക്കുമുകളിൽ പരതിനടന്നു..!!

ഭക്ഷണം കിട്ടിയവർ ആസ്വദിച്ചു കഴിക്കുന്നു...

കൈനിറയെ വാരി... വാ നിറയെ നിറച്ച്....

ഓരോ ചവയ്ക്കലിലും... ദിവസങ്ങളോളം പട്ടിണിയുടെ അണപ്പല്ലുകൾ കൂട്ടിയിടിക്കുന്നു.. !!

ഇപ്പോൾ ആരും ചെമ്പുപാത്രത്തിൽ നോക്കുന്നില്ല...

നോട്ടം...

അനന്തമായി നീണ്ടു കിടക്കുന്ന ആ കറുത്ത പാതയിലേക്ക്...

കണ്ണിൽ ഉരുകി ഒലിക്കുന്ന റോഡരികിലെ ടാർ വീപ്പകൾ..

എത്ര ദൂരം....

ആരും അവർ കഴിക്കുന്ന ആഹാര പാത്രത്തിലേക്ക് ശ്രദ്ധിക്കുന്നതേയില്ല...

ഇത്രയും രുചിയുള്ള ഭക്ഷണമായിരുന്നോ അത്?

തിരിഞ്ഞു നോക്കാൻ എനിക്ക് നല്ല ഭയമുണ്ട്..

എങ്കിലും മെല്ലെമെല്ലെ തല ചെരിച്ച് പാലത്തിന്റെ തൂണുകൾക്ക് ഇടയിലേക്ക് ഞാൻ നോക്കി.

വരിയിൽ അനുസരണയോടെ ഉറുമ്പും കൂട്ടങ്ങൾ....
അവ പണിപ്പെട്ട് ഓരോ വറ്റും വലിച്ച് കൊണ്ടു പോവുകയാണ്..
ഇടയ്ക്ക് വന്ന കിളിയും കൊക്കുകളിൽ ആഹാരമൊതുക്കി പറന്നുപോയി.

പിന്നെ ഞാൻ അങ്ങോട്ടു നോക്കിയില്ല..

മുന്നിലിരിക്കുന്ന പേക്കോലങ്ങൾ... ആസ്വദിച്ച് കൈ വിരലുകൾ നക്കി തുടയ്ക്കുകയാണ് .

ഉള്ളിലെവിടെയോ ചെറുതായി പോറിയതിൽ ചോരപൊടിയുന്ന പോലെ....

ഉപ്പില്ലാത്ത ഭക്ഷണമാണ് അതെന്ന് എനിക്ക് തോന്നിയതാണോ...

ഉള്ളിൽ കണ്ണീർ വറ്റിച്ചെടുത്ത ഉപ്പുപാടം തന്നെ ഉണ്ടാകു മ്പോൾ ഈ ആഹാരത്തിന് ഉപ്പു പോരെന്ന് അവരെങ്ങനേ അറിയാനാണ്.. !!

ഞാൻ എഴുന്നേറ്റു നടന്നു...
ഉപ്പുപാടങ്ങൾ ക്കിടയിലൂടെ....

ഇപ്പോൾ, എന്റെ കണ്ണിലും ഉപ്പുരസമുള്ള ഒരു ഉറവ പുറത്തേക്കൊഴുകാതെ.... ഘനീഭവിച്ചു നിൽക്കുന്നു...

ഒഴിഞ്ഞ ചെമ്പുപാത്രം മാത്രം എന്നെ നോക്കിയൊന്ന് പരിഹസിച്ചു.. വരികൾക്കിടയിൽ എന്റെ നുഴഞ്ഞുകയറ്റം കണ്ട ഏക സാക്ഷി...

രചന :Deepa palayadan..

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo