Slider

പുഷ്‌പാഞ്ജലി (കഥയെഴുത്ത് - മത്സരം ) - Entry 28

0


പ്രമുഖര്‍പങ്കെടുത്ത ആ പരിപാടിയുടെ ചിത്രങ്ങള്‍ എടുക്കുന്നജോലി ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ആയ എനിക്കായിരുന്നു. നഗരത്തിലെ വൃദ്ധസദനത്തിലെ ഒരു പ്രോഗ്രാം ആയിരുന്നു അത്.   പല ആംഗിളില്‍ ഉള്ള ചിത്രങ്ങളെടുക്കുമ്പോഴാണ് ദുഖം നിഴല്‍ വീഴ്ത്തിയ ഒരു മുഖം അവിചാരിതമായി ശ്രദ്ധയില്‍ പെട്ടത്. അറുപതുവയസെങ്കിലും തോന്നിക്കുന്ന ഒരു സ്ത്രീ. എങ്ങും ശ്രദ്ധിക്കാതെ പുറകില്‍ ഒരറ്റത്തായിഇരിക്കുന്നു. പ്രായാധിക്യം മാത്രമല്ല, ആമുഖത്ത്‌ മാനസികവ്യധയുടെ കറുത്തപാടുകളും ഉണ്ടായിരുന്നു.

ഒരു ഇടവേളയില്‍ ഞാന്‍ അവരുടെമുഖത്തേക്ക്‌ സൂക്ഷിച്ചുനോക്കി. അവരെ എവിടെയോ കണ്ടു മറന്നതുപോലെ. ആരോടുംമിണ്ടാതെ ഒതുങ്ങിക്കൂടിയ അവരില്‍ എന്റെ മിഴികള്‍ ഇടയ്കിടെചെന്നു നില്‍ക്കുന്നുണ്ടായിരുന്നു.

ചടങ്ങുകള്‍ തീരുമ്പോഴേക്കും ഓരോരുത്തരായി അകത്തുള്ള താവളങ്ങളിലേക്ക് പൊയ്കഴിഞ്ഞിരുന്നു. അവര്‍ എന്റെ കണ്ണില്‍നിന്നും പൊയ്‌മറഞ്ഞു. ആകെ വിരസമായ ദിനങ്ങള്‍ സമ്മാനിക്കുന്ന വൃദ്ധസദനങ്ങള്‍ എന്നും ഗദ്ഗതങ്ങളുടെ കൂടാരം ആയിരിക്കും. നല്ല നിലയില്‍ സന്തോഷമായി കഴിഞ്ഞിരുന്നവര്‍, മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടു വന്നെത്തുമ്പോള്‍, വേദന പങ്കുവെക്കാനാവാതെ, കഴിഞ്ഞ നല്ല കാലത്തിന്റെ തടവറയില്‍ ഒരു മനുഷ്യക്കോലമായിമാറാനാണ്‌ വിധി. എന്നെങ്കിലും മകനോമകളോ വരുമെന്നും വീണ്ടും ആ  ഒരുമിക്കലുണ്ടാവുമെന്നുമുള്ള ഒരു പ്രതീക്ഷയുമായിജീവിക്കുക, പിന്നെ എപ്പോഴോ ആരൊരുമില്ലാത്തവരായി മരണത്തിനുകീഴ്പ്പെടുക. ചുരുക്കത്തില്‍, മരിക്കാനായി തിരഞ്ഞെടുത്തവരുടെ ഒരു ആലയം.

ഞാന്‍ അകത്തേക്ക്‌ കടന്നു. മനസില്‍നിന്നും ആ മുഖം മായുന്നില്ല. അല്പം അകലെ പ്രയാസപ്പെട്ടു നടന്നുനീങ്ങുന്ന ആ രൂപം എനിക്ക്‌ കാണാം. ഞാന്‍ ഓടി അവരുടെ അടുത്തെത്തി, അവരുടെ മുഖം മനസിന്റെ കോണില്‍നിന്നും ചികഞ്ഞെടുക്കാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു. അവരുടെ പുറകിലെത്തി ഞാന്‍ വിളിച്ചു. "  സുമതിടീച്ചര്‍ ". ആ രൂപം ഒന്നു നിന്നു, പിന്നെ വളരെ സാവധാനം തിരിഞ്ഞു നോക്കി. അവരുടെ മുഖത്ത്‌ ആശ്ചര്യത്തിന്റെ ലാഞ്ചന ഉണ്ടായിരുന്നില്ല. വിടര്‍ന്ന കണ്ണുകളുടെആഴത്തില്‍ വേദനയുടെ നീര്‍ത്തുള്ളികള്‍ നിറയുകയായിരുന്നു. ആ മുഖത്തേക്ക്‌ നോക്കിഞാന്‍ അല്പനേരം നിന്നു.  അവര്‍ സുമതിടീച്ചര്‍ ആണെന്ന് എനിക്ക്‌ ഒരിക്കലും പ്രതീക്ഷയില്ലായിരുന്നു. അവരുടെ നോട്ടം എന്റെ മുഖത്തായിരുന്നു. പിന്നെ പതുങ്ങിയവാക്കുകളില്‍ അവര്‍ ചോദിച്ചു, "  9 ബി-യിലെ രഘുനന്തന്‍ പി കെ ". ഒരു നിമിഷം ഞാന്‍ സ്തബ്ദനായിനിന്നുപോയി. ടീച്ചര്‍ എന്റെ പേരുവരെ ഓര്‍ത്തിരിക്കുന്നു. ഞാന്‍ അതിശയത്തോടെ അവരുടെ മുഖത്തേക്ക്‌തന്നെ നോക്കിനില്‍ക്കുകയായിരുന്നു, വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ഞാന്‍പഠിച്ചിരുന്ന സ്കൂളിലെ പ്രധാനടീച്ചര്‍, എല്ലാ കാര്യങ്ങള്‍ക്കും ഓടിനടന്നിരുന്ന, സുമതിടീച്ചറെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.

എന്റെ അവസ്ഥകണ്ടു ടീച്ചര്‍ മിഴികള്‍ അകലേക്കുനീട്ടിഅല്പനിമിഷം നിന്നു. എന്തുചോദിക്കണം എന്ന ചിന്തക്കുഴപ്പത്തിലായിരുന്നു ഞാന്‍. ടീച്ചര്‍ ഒരു ദീര്‍ഘ നിശ്വാസത്തിനുശേഷം  ചോദിച്ചു. " ഞാന്‍ എങ്ങിനെ  ഇവിടെയെത്തി എന്നു രഘു ആലോചിക്കുന്നുണ്ടാവും.  മക്കളെ കൂടുതല്‍ സ്നേഹിക്കുന്ന എല്ലാവര്‍ക്കും അവസാന താവളമാണിത്. എനിക്ക്‌ വിഷമം ഒന്നുമില്ല. ഞാന്‍ എന്റെ കടമ ചെയ്തു. അച്ഛനില്ലാത്ത രണ്ടു കുട്ടികളെ വളരെനന്നായി വളര്‍ത്തി പഠിപ്പിച്ചു. മകന്‍ അമേരിക്കയില്‍, മകള്‍ നാട്ടില്‍ തന്നെയുണ്ട്.   വളരെ ഉയര്‍ന്ന നിലയില്‍ തന്നെ. അവര്‍ക്ക് പകര്‍ന്നുകൊടുത്തസ്നേഹം ഞാന്‍തിരിച്ചു പ്രതീക്ഷിച്ചത് എന്റെ തെറ്റ്. ആര്‍ക്കും വേണ്ടാതായപ്പോള്‍പിന്നെ ഒരു രക്ഷപെടല്‍ മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. ആരും അറിയാത്ത ഈപട്ടണത്തില്‍ വന്നുപെട്ടതങ്ങനെയാണ് ". ഒന്നു നിര്‍ത്തി അവര്‍ നിറഞ്ഞുതുളുമ്പിയ കണ്ണുനീര്‍ കൈകൊണ്ട്‌ ഒപ്പിയെടുത്തു‌. പിന്നെ ഒരു ആത്മഗതംപോലെ പറഞ്ഞു. " എനിക്ക്‌ വിഷമമൊന്നുമില്ല. മക്കള്‍ നല്ല നിലയിലാണെന്നസമാധാനം ഉണ്ട്. അവര്‍ക്ക് വേണമെന്നു തോന്നുമ്പോള്‍ വരട്ടെ ".  തികട്ടിവന്നതേങ്ങല്‍ അടക്കാനുള്ള തത്രപ്പാടിലെന്നപോലെ അവര്‍ ജന്നലഴികളില്‍ പിടിച്ചു, പിന്നെ മുഖംതിരിച്ചു.

ഞാന്‍ ഒരുനിമിഷം എന്തുപറയുമെന്നറിയാതെ കുഴങ്ങി. എന്തുപറയാനാവും, എങ്ങനെ ആശ്വസിപ്പിക്കാനാവും. അല്പനേരത്തെ നിശബ്ധതക്ക്ശേഷം അവര്‍ പറഞ്ഞു. " രഘു നില്‍കൂ  ഞാനിപ്പോവരാം" അവര്‍ തപ്പിത്തടഞ്ഞ് അടുത്ത മുറിയിലേക്ക്‌ നടക്കാന്‍ തുടങ്ങി.  അവരുടെ ഈഅവസ്ഥയില്‍ എനിക്ക്‌വളരെ വേദനതോന്നി. സ്കൂളിലെ ഏറ്റവും നല്ലടീച്ചര്‍ ആയിരുന്നു സുമതിടീച്ചര്‍. എല്ലാവരോടും സ്നേഹത്തില്‍മാത്രം പെരുമാറിയിരുന്നവര്‍. എന്തിനും അവസാനവാക്ക് സുമതിടീച്ചര്‍ ആയിരുന്നു. ഉച്ചസമയത്ത്‌ പട്ടിണിഇരിക്കുന്ന കുട്ടികള്‍ക്ക് വീട്ടില്‍നിന്നും ചോറുപൊതി കൊണ്ട്‌വന്നു കൊടുത്തിരുന്ന, എപ്പോഴും സന്തോഷത്തോടെമാത്രം കണ്ടിരുന്ന ടീച്ചറിന്റെ ഈഅവസ്ഥയില്‍ എനിക്ക്‌ വളരെ ദുഖംതോന്നി.

ആ മുറിയില്‍ നിന്നും തിരിച്ചിറങ്ങിവരുന്ന ടീച്ചര്‍ എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. അവര്‍ കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന ഒന്നു രണ്ടു നോട്ടുകള്‍ എന്നെ ഏല്‍പ്പിച്ചു. പിന്നെ ഗദ്ഗതകണ്‌ഠയായി പറഞ്ഞു.  " നാളെ എന്റെ മോന്റെ പിറന്നാള്‍ ആണ്, അരുണ്‍ രേവതിനക്ഷത്രം, ഏതെങ്കിലും അമ്പലത്തില്‍ ഒരു പുഷാപഞ്ജലി കഴിപ്പിക്കണം, മറക്കരുത്‌. ഞാന്‍ എന്നും അവര്‍ക്കൊക്കെ വേണ്ടി പ്രാര്‍ത്ഥിക്കും ". 

അവര്‍ തിരിഞ്ഞു നടന്നുകഴിഞ്ഞിരുന്നു. കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന നോട്ടുകളിലേക്കും അവരുടെ പതുക്കെയുള്ള നടത്തത്തിലും ഞാന്‍ മാറിമാറിനോക്കി. ജീവിതത്തിന്റെ നല്ലദിനങ്ങള്‍ മക്കളെ സ്നേഹിച്ചുജീവിച്ച ഒരു അമ്മയുടെ മനസിന്റെതേങ്ങലുകള്‍ അവിടെയൊക്കെ അലയടിക്കുന്നതായി എനിക്ക്‌ തോന്നി. അറിയാതെ എന്റെ കണ്ണില്‍ നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍തുള്ളികളെ ഉപേക്ഷിച്ചു ഞാന്‍ തിരിഞ്ഞുനടന്നു, ഒരു പുഷ്‌പാഞ്ജലിയുടെ ഭാരവും പേറി …

Written by
ജയേഷ് പണിക്കർ


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo