***********************************
രാവിലെ തന്നെ കുത്തിയെണീപ്പിച്ച് പല്ലും തേപ്പിച്ച് കുളിപ്പിച്ച് യൂണിഫോമിടുവിച്ച് തിന്നാൻ എന്തെങ്കിലും വായിൽ തിരുകി കൊടുക്കുമ്പോൾ എന്റെ പുത്രൻ ജോച്ചു ചിണുങ്ങികൊണ്ട് നിത്യവും പറയുന്ന ഒരു സുകൃതജപമുണ്ട്..
"എനിച്ച് സ്കൂളിൽ പോണ്ടാ..ണ്ടാ..ണ്ടാ..ണ്ടാ..!!"
അതിനവന് ഞാൻ ഓട്ടൻ തുള്ളൽ സ്റ്റൈലിൽ സ്ഥിരമായി കൊടുക്കുന്ന ഒരു മറുപടിയുമുണ്ട് ...
"എങ്കിൽ പിന്നെ സ്കൂളിനോട് വീട്ടിൽ വന്ന് പഠിപ്പിക്കാൻ പറയാം.ടീച്ചറും കുട്ടികളും പ്രിൻസിപ്പലും നമ്മുടെ വീട്ടിൽ അങ്ങട് വരട്ടെ!"
ഇത് സ്ഥിരമായി മൊഴിഞ്ഞത് കൊണ്ടാണോ എന്തോ ഈ കൊല്ലം ടീച്ചറും കുട്ടികളും നമ്മുടെ വീട്ടിൽ വരാണത്രെ!!
"ഏതു നേരോം ടിവി കാണാണ്ട് കുത്തിയിരുന്ന് പഠിക്കടാ"
"ഇനി എന്റെ മൊബൈൽ എടുത്താൽ നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും!"
"ചെക്കൻ കണ്ണ് തെറ്റിയാൽ ടാബിന്റെ കൂടെയാ കളി!"
എന്തിനാടാ ഏതു നേരവും ഇങ്ങനെ ലാപ്‌ടോപ്പും തുറന്ന് ഇരിക്കുന്നത്!!"
ഇങ്ങനെയുള്ള ആക്രോശങ്ങൾക്കൊന്നും ഇനി ഈ വീട്ടിൽ സ്ഥാനമില്ലല്ലോ എന്നോർക്കുമ്പോഴാ...
ചങ്കിൽ ഒരു ബല്ല്യ ബല്ല്യ വേദന!!
ഈ ആക്രോശങ്ങൾക്ക് പകരമായി...
"ടിവിയിൽ നോക്കി ശ്രദ്ധിച്ചിരിക്ക് മോനെ"
"ദേ ഇന്നാ അമ്മേടെ മൊബൈൽ... അമ്മേടെ മോൻ പോയി പഠിച്ചോ.."
"മോൻ ടാബിൽ തന്നെ നോക്കി ഇരിക്ക് ട്ടാ"
"എന്റെ പൊന്നു മോനല്ലേ...ആ ലാപ്പ് ടോപ്പ് ഒന്ന് തുറന്നു നോക്കടാ.."
എന്നൊക്കെ ഒരു ഉളുപ്പും കൂടാതെ സ്വന്തം മക്കളുടെ മുഖത്ത് നോക്കി പറയണമല്ലോ എന്നോർക്കുമ്പോഴാ നമ്മുടെ മുഖത്ത് ഒരു
ചളിപ്പ് വലിഞ്ഞു കേറി വരുന്നത്!!
കൂതറയായി വീട്ടിൽ നടക്കുന്ന ഞാൻ അടക്കമുള്ള പല അമ്മമാരും ഇനി മുതൽ ടിപ്പ് ടോപ്പായി വീട്ടിൽ നടക്കാൻ പഠിക്കണം.
എപ്പോഴാണ് ഏതവസ്ഥയിലാണ് ഈ കശ്‌മലന്മാർ മൊത്തം ക്ലാസ്സിനെയും കൊണ്ട് നമ്മുടെ അരികിൽ എത്തുക എന്ന് ആർക്കറിയാം!!
പിള്ളേരെ സ്കൂളിൽ വിട്ടിട്ട് വീട് വൃത്തിയാക്കാൻ നടക്കുന്ന അമ്മമാർക്ക് ഇത്തവണ എട്ടിന്റെ പണി കിട്ടിയത് തന്നെ!!ചൂലുമായി മക്കളുടെ സ്കൂൾ അസംബ്ലിയിൽ പങ്കെടുക്കാം എന്ന ഓഫർ ഈ പുതിയ സിസ്റ്റത്തിനുണ്ട് എന്നോർക്കുന്നത് നന്ന്.
മക്കളെ സ്കൂളിൽ വിട്ടിട്ട് ജോലിക്ക് പോകുന്ന അമ്മമാരും മൊത്തത്തിൽ നല്ലോണം പെട്ടതായി അറിയിക്കുന്നു.തങ്ങളുടെ മക്കൾ ഓണ്ലൈൻ സ്കൂളിൽ എന്തെല്ലാം മണ്ടത്തരങ്ങൾ കാട്ടിക്കൂട്ടും എന്നോർത്തോർത്ത് സ്വന്തംജോലി സ്ഥലത്തെ മണ്ടത്തരങ്ങൾ വർദ്ധിക്കാനാണ് സാധ്യത!!
കാറ്റും മഴയും കൊറോണയും കൊള്ളാതെ പിള്ളേരെ വീട്ടിലിരിത്താം എന്ന വലിയ മനസമാധാനത്തിനൊപ്പം ഒരു കാറ്റ് തെക്കോട്ടോ വടക്കോട്ടോ പോയാൽ തീരാവുന്ന റെയ്ഞ്ച് ഒക്കെയെ നമുക്കുള്ളൂ എന്നോർമ്മ എപ്പോഴും നമ്മുടെ മനസ്സിൽ ഒരു കരടായി ഉണ്ടായിരിക്കണം.
സ്കൂൾ തുടങ്ങിയ ബെല്ലടിക്ക് ശേഷം സ്കൂൾ വിട്ട കൂട്ടമണിയും അപ്പോൾ തന്നെ കേൾക്കാൻ പറ്റുമോന്നാ എന്റെയൊരു ഇത്!
"അമ്മേ ടീച്ചറെ കാണാനില്ല..." എന്ന ഡയലോഗ് സ്ഥിരമായി കേൾക്കാം എന്നർത്ഥം!
ഏതായാലും കൊച്ചു വെളുപ്പാൻ കാലത്ത് എണീറ്റ് ചോറും കറിയും ഉണ്ടാക്കി കൊടുത്തയക്കാൻ പാടുപെടുന്ന അമ്മമാർക്ക് ഈ സിസ്റ്റം ഇച്ചിരി റിലാക്സേഷൻ ഒക്കെ തരുന്നുണ്ട്.ബാക്കി സ്കൂൾ വിശേഷങ്ങൾ ഓണ്ലൈൻ തിരയിൽ ലൈവായി കാണാം അല്ലേ!!
ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നാണല്ലോ!!ഇത്രയും നാൾ വീട്ടിൽ നിന്നും കുട്ടികൾ സ്കൂളിൽ പോയി...ഇനി സ്കൂൾ കുട്ടികളുടെ വീട്ടിലേക്ക് വരട്ടെ! അല്ല പിന്നെ!
ഈ കൊറോണ കാലത്ത് അതല്ലേ അതിന്റെ ഒരു ശെരിയായ വഴി...നമ്മുടെ പുതിയ ഓൺലൈൻ വഴിയേയ്!!
By Lipi Jestin
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക