Showing posts with label VinuVineesh. Show all posts
Showing posts with label VinuVineesh. Show all posts

യക്ഷയാമം (ഹൊറർ) ഭാഗം 1 ,



രചന : വിനു വിനീഷ്.
ഗൗരീ.....
അഞ്ജലി നീട്ടിവിളിക്കുന്നതുകേട്ട് ഗൗരി പുതപ്പിനുള്ളിൽ നിന്ന് തല പുറത്തേക്കിട്ടുകൊണ്ട് അവളെ തീക്ഷ്ണമായിനോക്കി.
പുറത്തുനിന്ന് അരുണരശ്മികൾ ജാലകത്തിലൂടെ ഫ്ലാറ്റിനകത്തേക്ക് ഒരു വിരുന്നുകാരനെപോലെ ഒഴുകിയെത്തി.
മേശക്ക് മുകളിൽ ആവിപറക്കുന്ന കട്ടൻചായ ഗൗരിയെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
ഇളംവെയിൽ അവളെ തഴുകിതലോടിയപ്പോൾ
കിടക്കയിൽ നിന്നുമെഴുന്നേറ്റ് തന്റെ മേശപ്പുറത്ത് വച്ച കൃഷ്ണന്റെ ചെറിയ വിഗ്രഹത്തെ തൊഴുത് വീണ്ടും അഞ്ജലിയെത്തന്നെ നോക്കി.
"ന്തടി.., നോക്കി പേടിപ്പിക്കുന്നോ, കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും. പോയി കുളിച്ചിട്ട് വാടി"
നനഞ്ഞ കാർകൂന്തൽ ഫാനിന്റെ മുൻപിൽ പരത്തിയുണക്കുന്നതിനിടയിൽ അഞ്ജലി പറഞ്ഞു.
"നീ പോടി, നൂലുണ്ടെ..! ഹും"
"എടി... വേണ്ട നീ, കഴിഞ്ഞതവണ കിട്ടിയത് ഓർമ്മയുണ്ടല്ലോ..."
തലമുടിചീകുന്ന ചീർപ്പ് ഗൗരിയുടെ നേരെ ചൂണ്ടികൊണ്ട് അഞ്ജലി പറഞ്ഞു.
"ഹോ... അതിനിത്തിരി പുളിക്കും.
ബാത്‌റൂമിലേക്ക് കടക്കുന്ന വാതിലിന്റെ അടുത്തു നിന്നുകൊണ്ട് ഗൗരി വെല്ലുവിളിച്ചു.
ദിവസങ്ങൾക്കുമുൻപ് ഒരു പുലരിയിൽ ഗൗരി അഞ്ജലിയെ 'നൂലുണ്ടെ' എന്നൊന്ന് വിളിച്ചിരുന്നു.
കൈയ്യിൽ കിട്ടിയ എസിയുടെ റെമോർട്ട്കൊണ്ട് അവൾ ഗൗരിയെ അതുവച്ചൊരെറ് കൊടുത്തു.
ഉന്നംവച്ചെറിഞ്ഞപോലെ അത് കൃത്യമായി ഗൗരിയുടെ ഇടത് കണ്ണിന് മുകളിലെ നെറ്റിയിൽ ചെന്നുപതിച്ചു.
നെറ്റിപൊത്തി ഗൗരി നിന്ന് കരയുന്നത് കണ്ട അഞ്ജലി അടുത്തചെന്ന് നോക്കിയപ്പോൾ പൊത്തിയ കൈക്കുള്ളിലൂടെ രക്തം ഒഴുകാൻ തുടങ്ങിയിരുന്നു.
ഉടനെ ആശുപത്രിയിൽ ചെന്ന് രണ്ട് സ്റ്റിച്ചിട്ടു.
നെറ്റിയുഴിയുന്നത് കണ്ട അഞ്ജലി അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പുഞ്ചിരിച്ചിരുന്നു.
"ഈ സ്റ്റിച്ചിന് മറുസ്റ്റിച്ചിട്ടില്ലങ്കിൽ എന്റെ പേര് നിന്റെ പട്ടിക്കിട്ടൊ...ഹും.."
ബാത്റൂമിലേക്ക് കയറി അവൾ വാതിൽ ശക്തിയായി കൊട്ടിയടച്ചു.
നൈറ്റിയൂരി ആങ്കറിൽ തൂക്കിയിട്ട് ഷവർതുറന്ന് ഗൗരി കണ്ണാടിക്കു മുൻപിലേക്ക് ചേർന്നുനിന്നു.
പെട്ടന്ന് ബാത്റൂമിലെ ലൈറ്റ് മിന്നിക്കളിക്കാൻ തുടങ്ങി.
"ആരാ... സ്വിച്ചിൻമേ കളിക്കണെ..?"
ഗൗരി ഉറക്കെ വിളിച്ചു ചോദിച്ചു.
പതിയെ ലൈറ്റ് അണഞ്ഞു.
പൊതുവെ ഇരുട്ട് ഭയമുള്ള ഗൗരി അഞ്ജലിയെ അലറിവിളിച്ചു.
"അഞ്ജലി.......
വേണ്ടാ.... മതി, നിന്റെ തമാശ കുറച്ചുകൂടുന്നുണ്ട്."
കുളികഴിഞ്ഞ്
പുറത്തേക്കിറങ്ങി അവൾ സ്വിച്ച്‍ബോർഡിലേക്ക് നോക്കി.
സ്വിച്ച്‍ ഓഫ്‌ ചെയ്തിരുന്നു.
"അഞ്ജലീ.... "
ഗൗരി ഫ്ലാറ്റ് മുഴുവൻ തിരഞ്ഞു പക്ഷെ അവളെ കണ്ടില്ല.
വാതിൽതുറന്ന് അവൾ പുറത്തേക്കിറങ്ങി.
"ഹോ... നീയിവിടെയിരിക്കുവാണോ.."
ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ജലിയുടെ കൈയിൽ അടിച്ചുകൊണ്ട് ഗൗരി ചോദിച്ചു.
"ഹാ... പ്ലീസ് ഡാ... ഞാനൊന്ന് സംസാരിച്ചോട്ടെ..."
"നീയെന്തിനാ ലൈറ്റ് ഓഫ് ചെയ്തത്."
ദേഷ്യത്തോടെ ഗൗരി ചോദിച്ചു.
"ഞാനോ.... നീ കുളിക്കാൻ കയറിയപ്പോൾതന്നെ ഞാൻ ഇങ്ങട് പോന്നു. പിന്നെ ആരാ ഓഫ്‌ ചെയ്യാൻ.?"
"നീയല്ലേ... അപ്പപിന്നെ....
ദേവീ , കുളിക്കാൻ പോണുന്നതിന് മുൻപേ ഞാൻ സ്വിച്ച്‍ഇട്ടതാണല്ലോ.. പിന്നെ ആരാ ഓഫാക്ക്യേ..."
മറുത്തൊന്നും സംസാരിക്കാതെ ഗൗരി ഫ്ലാറ്റിന്റെ വരാന്തയിൽ നിന്ന് റൂമിലേക്ക് നടന്നു.
ബാത്റൂമിന് നേരെയുള്ള സ്വിച്ച് ബോർഡിലേക്ക് നോക്കിയ ഗൗരി പകച്ചുനിന്നു.
ബാത്റൂമിലെ ലൈറ്റ് തെളിഞ്ഞിരിക്കുന്നു.
"ഇതെങ്ങനെ..സംഭവിച്ചു "
അല്പനേരം അവൾ ചിന്തിച്ചു നിന്നു. എന്നിട്ട്
മേശപ്പുറത്ത് വച്ച കൃഷ്ണന്റെ വിഗ്രഹത്തിന് മുൻപിൽ തിരിതെളിയിച്ച് പ്രാർത്ഥിച്ചു.
"അഞ്ജന ശ്രീധരാ
ചാരുമൂര്‍ത്തേ, കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങിടുന്നേന്‍
ആനന്ദലങ്കാര വാസുദേവാ, കൃഷ്ണാ
ആദങ്കമെല്ലാം അകറ്റീടേണം.
ഇന്ദിര നാഥ ജഗന്നിവാസ, കൃഷ്ണാ"
ശേഷം മുറിയിൽകയറി അവൾ വസ്ത്രം മാറി യൂണിഫോം എടുത്തുധരിച്ച് മുഖം മിനുക്കാൻ കണ്ണാടിക്കുമുൻപിൽ ചെന്നുനിന്നു.
വലത്തെ മോതിരവിരലിൽ അഞ്ജനം തോണ്ടിയെടുത്ത് തന്റെ കരിനീല മിഴിയിൽ ചാലിക്കുവാൻ കണ്ണാടിയുടെ അടുത്തേക്ക് നിന്നതും
ഭയപ്പെട്ടുകൊണ്ട് ഗൗരി രണ്ടടി പിന്നിലേക്ക് നിന്നു.
കണ്ണാടിയിൽ തന്റെ പ്രതിബിംബത്തിന് പകരം ഒരു നിഴൽ മാത്രം.
കാലിന്റെ വിരലിൽ നിന്നും ഭയം പൊട്ടിപുറപ്പെട്ട് ശിരസിലേക്ക് അടിച്ചുകയറി.
ധൈര്യം ചോർന്നുപോയ അവൾ അലറിവിളിച്ചു.
ഫ്ലാറ്റിന്റെ വരാന്തയിൽ ഫോൺ വിളിച്ചുകൊണ്ടിരിക്കുകയായിരുന്ന
അഞ്ജലി ഗൗരി നിലവിളിക്കുന്നതുകേട്ട് ഓടിവന്നപ്പോഴേക്കും അവൾ
ബോധരഹിതയായി നിലത്ത് വീണിരുന്നു.
ഉടനെ മുഖത്തേക്ക് കുറച്ചുവെള്ളം തെളിച്ച് കവിളിൽ തട്ടി അഞ്ജലി അവളെ തട്ടിവിളിച്ചു.
"ഗൗരീ...,ഗൗരി.... ന്താ പറ്റിയേ...?"
"അവിടെ ആരോ... ഞാൻ കണ്ടു, കറുത്ത ഒരു രൂപം...."
ഇടറിയശബ്ദത്തിൽ അവൾ എങ്ങനെയോ അഞ്ജലിയോട് പറഞ്ഞു.
"മണ്ണാങ്കട്ട...., രാത്രി ഓരോ കഥകളും വായിച്ചുകിടക്കും, എന്നിട്ട് മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടി.... എണീറ്റ് കോളേജിൽ പോടി..."
അഞ്ജലി അവളെപിടിച്ചെഴുന്നേല്പിച്ച് വീണ്ടും ഫ്ലാറ്റിന്റെ വരാന്തയിലേക്ക് നടന്നുനീങ്ങി.
രണ്ടു വർഷമായി ഗൗരിയും, അഞ്ജലിയും ഒരേ റൂമിൽ കഴിയുന്നു. കൂടെ പലരും വന്നുതാമസിചെങ്കിലും അധികകാലം അവരാരും ഉണ്ടായിരുന്നില്ല. പഠനം പൂർത്തിയാക്കിയും, ജോലിലഭിച്ചും, പലവഴിക്ക് പിരിഞ്ഞുപോയി.
ശേഷം അഞ്ജലിയും ഗൗരിയും മാത്രമായി.
ബാംഗ്ലൂരിൽ ആദർശ നേഴ്സിങ് കോളേജിൽ ബി എസ് സി നേഴ്‌സിങ് രണ്ടാം വർഷ വിദ്യാർഥിനികളാണ് ഗൗരിയും അഞ്ജലിയും.
പ്രഭാതഭക്ഷണം കഴിച്ച് അവർ രണ്ടുപേരും കോളേജിലേക്ക് ഇറങ്ങി. പാർക്കിങ് ഏരിയയിൽ നിന്നും ഗൗരി അഞ്ജലിയുടെ ഇയോൺ കാറെടുത്ത് പുറത്തേക്ക് വന്നു.
അഞ്ജലിയെ പോലെതന്നെയായിരുന്നു അവളുടെ കാറും,
നല്ലവെളുത്ത നിറം. ഉൾഭാഗം വൃത്തിയായി
ഡിസൈൻ ചെയ്തിരിക്കുന്നു.
ഡാഷ്ബോർഡിൽ ശ്രീവിഷ്ണുമായയുടെ ഒരു ചെറിയ വിഗ്രഹം.
പതിയെ ഗൗരി കാറോടിച്ചുകൊണ്ട് ഹോസ്റ്റലിന്റെ മുൻഭാഗത്തേക്ക് വന്നു.
കാറിൽ കയറിയ അഞ്ജലി ബാഗിൽ നിന്നും ഒരുമുറുക്കാൻ കൂട്ടെടുത്ത് ശ്രീവിഷ്ണുമായയുടെ തളികയിൽ വച്ചു.
"എന്റെ ഐശ്വര്യമാണ് ഈ ദേവൻ."
മറുപടിയായി ഗൗരി ഒന്നുപുഞ്ചിരിക്കുക മാത്രമേ ചെയ്‌തൊള്ളു.
"നിനക്ക് എന്താ പറ്റിയെ ഗൗരി.."
യാത്രക്കിടെ അഞ്ജലി ചോദിച്ചു.
"ഏയ്‌ ഒന്നൂല്യടി..."
ഗൗരി ഗിയർ മാറ്റി വാഹനത്തിന്റെ വേഗതകൂട്ടി.
കാറിന്റെ പിൻസീറ്റിൽനിന്നും എന്തോ ശബ്ദം കേട്ട് ഗൗരി കണ്ണാടിയിലൂടെ പിന്നിലേക്ക് നോക്കി. അഞ്ജലിയുടെ നേരെ, പിൻസീറ്റിൽ കറുത്ത ഒരു രൂപം ഇരിക്കുന്നു
അലറിവിളിച്ച ഗൗരി സ്റ്റയറിങ് ഇടത്തോട്ട് വെട്ടിച്ച് അടുത്തുള്ള ഡിവൈഡറിന്റെ മുകളിലേക്ക് ഇടിച്ചു കയറ്റി.
"ഗൗരി....നിയെന്താ ഈ കാണിക്കാണെ...?"
സീറ്റ് ബെൽറ്റൂരി അഞ്ജലി ചോദിച്ചു.
"ഞാൻ കണ്ടു അഞ്ജലി... ദേ ഇവിടെ ആരോ ഉണ്ട്, നമുക്ക് കാണാൻ കഴിയാത്ത ആരോ..."
പിൻസീറ്റിലേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.
ഡോർ തുറന്ന് അഞ്ജലി പുറത്തേക്ക് ഇറങ്ങി എന്നിട്ട് ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഗൗരിയെ ഇറക്കി പകരം അഞ്ജലി കയറിയിരുന്നു.
"ദേ.., പെണ്ണേ, ആവശ്യല്യാതെ ഓരോന്ന് പറഞ്ഞുണ്ടാക്കിയലുണ്ടല്ലോ..ഒറ്റ കീറ് വച്ചുതരും."
റിവേഴ്‌സ് ഗിയറിട്ട് അവൾ ഡിവൈഡറിന്റെ മുകളിൽ നിന്ന് കാർ ഇറക്കി.
"ദേ നോക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോ ന്ന്.."
ഗൗരിയുടെ കഴുത്ത് പിന്നിലേക്കു പിടിച്ചുതിരിച്ചുകൊണ്ട് അഞ്ജലി ചോദിച്ചു.
ശേഷം യാത്രതുടർന്ന അവർ കല്യാൺനഗറിലൂടെ ഹൈവേയിലേക്ക് കടന്ന് കോളേജിലേക്ക് തിരിച്ചു.
പരീക്ഷ കഴിഞ്ഞ് അവസാന സെലിബ്രെക്ഷൻ ആയിരുന്നു അന്ന്.
ഇത്തവണ വെക്കേഷൻ ഓരോരുത്തരുമിരുന്ന് പ്ലാൻ ചെയ്തു.
ചിലർ ദുബായ്, ചിലർ മലേഷ്യ, മറ്റുചിലർ എങ്ങുംപോവതെ സ്വന്തം വീട്ടിലേക്ക്...
"ഗൗരി... ഇത്തവണ നീ എങ്ങടാ... കൊച്ചിയിലേക്കണോ..?"
കൂട്ടത്തിൽനിന്നൊരു സുഹൃത്ത് ചോദിച്ചു.
"ഏയ്‌ അല്ല..!"
മുഖത്തേക്കുനോക്കാതെ അവൾ പറഞ്ഞു.
"പിന്നെ എങ്ങോട്ടാ... യൂഎസ് ലേക്കണോ?"
"അല്ല മുത്തശ്ശന്റെ നാട്ടിലേക്ക്.."
"അതെവിടെയാ ഗൗരി...?"
"ബ്രഹ്മപുരം.."
അതുപറഞ്ഞതും, കിഴക്കുനിന്ന് കാറ്റ് ശക്തമായി വീശാൻ തുടങ്ങി.
അഴിഞ്ഞുകിടന്ന ഗൗരിയുടെ മുടിയിഴകൾ കാറ്റിൽ പാറിനടന്നു.
ക്ലാസ് റൂമിലെ ജാലകപ്പൊളികൾ ശക്തമായി വന്നടഞ്ഞു.
പുസ്തകത്തിലെ പേജുകൾ കൂടിയടിക്കുന്ന ശബ്ദം ആ ക്ലാസ്സ്മുറിയിൽ നിറഞ്ഞുനിന്നു.
"കർത്താവേ... ഇതെന്നാ കാറ്റാ.. ഓഖിയാന്നോ.."
കൂട്ടത്തിലൊരുവൾ കഴുത്തിൽ കിടന്ന കൊന്തയെടുത്തു പുറത്തേക്കിട്ടു.
ഗൗരി ബെഞ്ചിൽ നിന്നുമെഴുന്നേറ്റ് ക്ലാസ്സ്മുറിയുടെ വരാന്തയിലേക്ക് ഇറങ്ങിനിന്നു.
വിണ്ണിൽ കാർമേഘം ഇരുണ്ടുകൂടിയിരുന്നു.
ശക്തമായ കാറ്റിൽ കോളേജ് ഗ്രൗണ്ടിലെ ചപ്പുചവറുകൾ വായുവിൽ നൃത്തമാടി.
"ഇതെന്താ മുത്തശ്ശാ.. ഞാൻ ആ നാടിനെകുറിച്ച് എന്തെങ്കിലും പറഞ്ഞാലോ, ചിന്തിച്ചാലോ ഇങ്ങനെയൊരോ അനർത്ഥങ്ങൾ കാണിച്ചു തരുന്നെ...?"
ഗൗരി കണ്ണടച്ചുകൊണ്ട് മനസിൽ ചോദിച്ചു.
"എനിക്കുള്ള സ്വീകരണമാണോ?"
"ഗൗരി.... ക്യാൻ യൂ ടെൽ മീ... അബൗട് യൂർ വില്ലേജ്.."
കൂട്ടത്തിലുള്ള ആസാംകാരി ഹെന്ന ചോദിച്ചു.
"മ്.... ഇറ്റ് ഈസ് എ ട്രഡീക്ഷണൽ പ്ലൈസ്. വീ ഹാവ് എ ലോട്ട് ഓഫ് ടെമ്പിൾ,പഡ്ഢി ഫാം, പൂള്സ്, ആൻഡ്‌ അതെർ അൺബിലീവബിൾ സീക്രട്‌സ്.."
"വാഹൂ.... ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ്."
ഹെന്ന പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
"ആൻഡ് യൂ നോ സംതിംങ് , ഞാനിതുവരെ അവിടെ പോയിട്ടില്ല ഇത്തവണ ഞാൻ അവിടെയാ പോണേ...
എന്റെ മനസുപറയുന്നു, എനിക്ക് വേണ്ടി എന്തോ, ആരോ അവിടെ കാത്തിരിക്കുന്നുണ്ടെന്ന്.."
ഗൗരി ആകാശത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
തുടരും...

Vinu

#വിയർപ്പിന്റെ_ഗന്ധമുള്ള_ചുരിദാർ.

"ഏട്ടാ..... , വിനുവേട്ടാ...."
എന്റെ നെഞ്ചിലേക്ക് ചേർന്നുകിടന്നുകൊണ്ട് ലച്ചു വിളിച്ചു.
"മ്, എന്തെടി...."
വലതുകൈ അവളുടെ മുടിയിഴകളിലൂടെ തലോടികൊണ്ട് ഞാൻ ചോദിച്ചു.
"എനിക്കൊരു ചുരിദാർ വാങ്ങിത്തരോ..?"
"ദൈവമേ...പെട്ടോ..?"
അവളുടെ ചോദ്യംകേട്ട ഞാൻ കറങ്ങുന്ന സീലിംഗ് ഫാനിനെ ഒന്നു നോക്കി
ഒന്നും സംഭവിക്കാത്തപ്പോലെ അത് കറങ്ങിക്കൊണ്ടിരിക്കുകയാണ്.
അല്ല.. അവളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, കാരണം വർഷം മൂന്നായി കല്യാണംകഴിഞ്ഞിട്ട്. ഇതുവരെ എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല,
ദിവസം 800 രൂപക്ക് ആശാരിപ്പണിയെടുക്കുന്ന എന്റെ കൈയിൽ സമ്പാദ്യമൊന്നുമില്ലെന്ന് അവൾക്ക് നന്നായി അറിയാം, അതുകൊണ്ടാകും ഇത്രേം കാലം എന്നോടൊന്നും ചോദിക്കാതെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും ഉള്ളിലൊതുക്കി കഴിഞ്ഞത്.
"രണ്ടീസം കഴിയട്ടെ മോളൂ... ബാവഹാജിയുടെ വീടിന്റെ തള്ളപ്പുര പൊളിച്ചുമേയാനുണ്ട്, അതുകഴിഞ്ഞ് നമുക്കൊരുമിച്ചു പോയിയെടുക്കാം."
എന്റെ മറുപടികേട്ടതും കിടന്നുകൊണ്ട് അവൾ എന്റെ മുഖത്തേക്ക് നോക്കി.
"സത്യം..."
ലോട്ടറി അടിച്ചപ്പോലുള്ള അവളുടെ മുഖത്തിന് നൂറ്റിപ്പത്ത് വോൾട്ടിൽ കത്തുന്ന ബൾബിന്റെ തെളിച്ചമുണ്ടായിരുന്നു.
"സത്യം,"
പുഞ്ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു
ബെഡിൽ നിന്നും അവളെഴുന്നേറ്റ് അലമാരയിൽ അടക്കിവച്ച വസ്ത്രങ്ങളുടെ
മുകളിൽ നിന്ന് ഇളംപച്ചനിറത്തിലുള്ള ഒരു ചുരിദാറെടുത്ത് എന്റെ നേരെ നീട്ടി.
"ദേ , ഇതുകണ്ടോ ഏട്ടാ, സ്റ്റിച്ചെല്ലാം പിന്നിത്തുടങ്ങി, ഒരു വർഷമായി ഇതിട്ടോണ്ട് നടക്കുന്നു. അടുത്ത ഞായറാഴ്ച്ച ദീപടെ കല്ല്യാണമാ.."
വാടിയ അവളുടെ മുഖം ഞാൻ കൈകൊണ്ട് പതിയെ ഉയർത്തി.
അജ്ഞനമെഴുതിയ കണ്ണുകൾ കലങ്ങിയിരിക്കുന്നു.
"അയ്യേ... ന്തിനാ ലച്ചു കരയണെ...?"
തുളുമ്പിനിൽക്കുന്ന അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ ചോദിച്ചതേ കണക്ക്.
പിന്നെ കണ്ണീരിന്റെ പ്രവാഹമായിരുന്നു.
ഒരുപാടുനാള് ഉള്ളിലൊതുക്കിവച്ച ഗദ്ഗദം ഒരു പേമാരിപോലെ പെയ്തിറങ്ങി.
ഒന്നും പറയാതെ ഞാൻ അവളെ എന്നിലേക്ക് ചേർത്തുപിടിച്ചു.
പറഞ്ഞതുപോലെ ബാവഹാജിയുടെ വീടിന്റെ പണികഴിഞ്ഞ് ഞാനും ലച്ചുവും പുത്തനത്താണിയിലെ ഗൈഡ് കോളേജിന്റെ മുൻപിലുള്ള 'കനക' സിൽക്ക്ലേക്ക് ചുരിദാറെടുക്കാൻ പോയി.
വസ്ത്രങ്ങൾകൊണ്ട് വർണ്ണവിസ്മയം തീർത്ത കനകയിൽ ചെന്നപ്പോൾ
അക്ഷരാർത്ഥത്തിൽ ഞാനും സ്തംഭിച്ചുപോയി.
"മുകുന്ദേട്ടാ..."
മുണ്ടിന്റെ സെക്ഷനിലുള്ള എന്റെ സഹപാഠി വൃന്ദയുടെ അച്ഛനെ വിളിച്ചു.
മുകുന്ദേട്ടൻ ഒരുപാടുനാളായി കനകയിൽ ജോലിചെയ്യുന്നു.
"എന്താ ഇവിടെ..."
തോളിൽത്തട്ടി എന്നോട് കുശലം ചോദിച്ചു.
"ദേ ഇവൾക്കൊരു ചുരിദാർ വാങ്ങിക്കാനാ.."
ആവശ്യം പറഞ്ഞപ്പോൾ സഹായത്തിനായി ഒരുപയ്യനെ ഏർപ്പാടു ചെയ്ത് മുകുന്ദേട്ടൻ ജോലിയിലേർപ്പെട്ടു.
അമ്പതോളം ചുരിദാർ വലിച്ചിട്ട് അതിൽനിന്നുമവൾ ഒന്ന് സെലക്റ്റ് ചെയ്‌തു.
"ഏട്ടാ ഇതുമതി..."
അവൾ ഡിസൈനാണ് നോക്കുന്നതെങ്കിലും എന്റെ കണ്ണുപാഞ്ഞത് പ്രൈസ് ടാഗിനു മുകളിലേക്കായിരുന്നു.
"4,699 രൂപ. ഭഗവാനെ, ഇത്രേം വിലയുണ്ടോ..?"
മൂത്രമൊഴിക്കാനെന്ന വ്യാജേനെ
ഞാൻ പുറത്തുകടന്ന് പേഴ്‌സ് എടുത്തുനോക്കി.
മൂന്ന് അഞ്ഞൂറിന്റെ നോട്ടും, പിന്നെ കുറച്ചു ചില്ലറപൈസയും.
ഞാൻ തിരിച്ചു ചെന്നപ്പോഴേക്കും അവളാ ചുരിദാറും പിടിച്ച് എന്നേം കാത്തുനിൽക്കുന്നുണ്ടായിരുന്നു.
"ബില്ലടക്കാൻ എന്തുചെയ്യും ന്റെ കൃഷ്ണാ..."
ഞാനലോചിച്ചു നിൽക്കുമ്പോഴാണ് മുകുന്ദേട്ടൻ അതുവഴി കടന്നുപോയത്.
"മുകുന്ദേട്ടാ.... ദേ, ഈ ചുരിദാർ ഒന്നിവിടെ മാറ്റിവക്കണം, ബില്ലടക്കുന്നില്ല,ഞാൻ വൈകുന്നേരം വന്നുവാങ്ങിച്ചോളാം"
"ഓ..,അതിനെന്താ, ഇവിടെ വച്ചോ "
മുകുന്ദേട്ടന്റെ കൈയിൽ ചുരിദാർ ഏൽപ്പിച്ച് ലച്ചുവുമായി ഞാൻ വീട്ടിലേക്ക് തിരിച്ചു.
"ഉണ്ണിയേട്ടന്റെ കൂടെ സൈറ്റ് നോക്കാൻ പോണം ന്ന് പറഞ്ഞിരുന്നു ലച്ചൂ...
അയാൾ വന്നിട്ടുണ്ട്. അതാ ഞാൻ പെട്ടെന്ന്...."
ബൈക്ക് ഓടിക്കുന്നുണ്ടെങ്കിലും ശ്രദ്ധ മുഴുവനും കണ്ണാടിയിൽ തെളിഞ്ഞു നിൽക്കുന്ന ലച്ചുവിന്റെ മുഖത്തായിരുന്നു.
വഴിയിലുടനീളം ചുരിദാർ വാങ്ങിക്കാതെപോന്നതിന്റെ ദേഷ്യം അവൾ മൗനമായിരുന്നുകൊണ്ട് തീർത്തു.
വീട്ടിൽ വന്നുകയറിയതും ബെഡ്റൂമിൽ കയറി അവൾ വാതിൽ കൊട്ടിയടച്ചു.
അതെന്നെ വല്ലാതെ അസ്വസ്ഥനാക്കി.
ഭാര്യക്ക് ഇഷ്ടമുള്ളതൊന്നും വാങ്ങികൊടുക്കാൻ കഴിയാതെപോയ ഒരു ഭർത്തായിരുന്നോ ഞാൻ?.
കുളികഴിഞ്ഞ് ബൈക്കെടുത്തു ഉണ്ണിയേട്ടനെ കാണാൻ പോയിട്ട് അരമണിക്കൂറിനുള്ളിൽ തിരിച്ചു വീട്ടിൽ വന്നുകയറിയപ്പോഴും ലച്ചു മുറിയടച്ചിരിക്കുകതന്നെയായിരുന്നു.
അയ്യായിരം രൂപ ഞാനവൾക്ക് കൊടുത്തിട്ട് കനകയിൽ നിന്നും ചുരിദാർ വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞു.
പണം കൈനീട്ടിവാങ്ങിക്കാത്തതിനെ തുടർന്ന് ഞാൻ മേശപ്പുറത്തുവച്ചിട്ട് അൽപ്പനേരം ഉമ്മറത്തിണ്ണയിൽ ഇരുന്നു.
ഉണ്ണിയേട്ടൻ വീണ്ടും ഫോണിൽ വിളിച്ചിട്ട് പറഞ്ഞു അത്യാവശ്യമായി ഒന്നുകാണണമെന്ന്.
"ലച്ചൂ.. നീ പോയി ചുരിദാർ വാങ്ങിക്കോ... എനിക്കൊരു സ്ഥലംവരെ പോണം."
യാത്ര പറഞ്ഞു
ബൈക്കെടുത്ത് ഗെയ്‌റ്റ്കടന്നയുടനെ ഞാൻ തിരിഞ്ഞു നോക്കി.
സാധാരണ ഞാൻ പോകുന്നതും നോക്കി അവൾ ഉമ്മറത്ത് വന്നുനിൽക്കാറുണ്ട്.
പക്ഷെ കേവലം ഒരു ചുരിദാറിനു വേണ്ടിയുള്ള അവളുടെ മൗനം എന്നെ അഗ്നിക്കുനടുവിൽ കൊണ്ടുചെന്നിട്ടപോലെയായി.
ദേഹമാസകലം ചുട്ടുപഴുക്കുന്നപോലെ
രാത്രി ഏറെ വൈകിയാണ് ഞാൻ വീട്ടിൽ വന്നുകയറിയത്.
എനിക്കുള്ള ഭക്ഷണം വിളമ്പി കാത്തിരിക്കുന്ന അവളുടെ മുഖത്ത് അപ്പോഴുമൊരു തിളക്കം ഞാൻ കണ്ടില്ല.
ഭക്ഷണം കഴിച്ച് ഒന്നുംസംസാരിക്കാതെ ബെഡ്റൂമിലേക്ക് ഞാൻ കയറിച്ചെന്നു.
മേശപ്പുറത്ത് കനക സിൽക്‌സ്ന്റെ കവർ മടക്കിവച്ചിരിക്കുന്നത് കണ്ടപ്പോൾ അറിയാതെ ഞാനൊന്ന് പുഞ്ചിരിച്ചു.
അടുക്കളപണിയെല്ലാം കഴിഞ്ഞ് അഴിഞ്ഞുവീണകേശം വാരികെട്ടി അവൾ മുറിയിലേക്കുവന്നു.
കട്ടിലിൽ കിടക്കുകയായിരുന്ന എന്നെ തീക്ഷണമായി ഒന്നുനോക്കിയിട്ട് അവൾ മേശപ്പുറത്ത് വച്ചിരിക്കുന്ന ചുരിദാറിന്റെ കവർ എനിക്ക് നേരെ നീട്ടി.
ബെഡിൽ എഴുന്നേറ്റിരുന്ന് ഞാനാകവർ പൊളിച്ചുനോക്കി.
"ലച്ചൂ...ഇത്..... നീ സെലെക്റ്റ് ചെയ്ത ചുരിദാറെവിടെ..?"
അദ്‌ഭുതത്തോടെ ഞാൻ ചോദിച്ചു.
ഉടനെ അവളോരു മഞ്ഞകടലാസുകഷ്ണം എന്റെ നേർക്ക് നീട്ടികൊണ്ടു ചോദിച്ചു
"എന്താ ഇത്...?"
ദൈവമേ തമിഴന്റെ കൈയിൽനിന്നും പണം പലിശക്ക് വാങ്ങിയതിന്റെ രസീത്.
അവളുടെ മുഖത്തേക്ക് നോക്കാൻ പിന്നെ എനിക്കു കഴിഞ്ഞില്ല.
"ചുരിദാർ വാങ്ങിക്കാനാണോ പലിശക്ക് പണമെടുത്തെ.?
രൗദ്രഭാവത്തിൽ അവൾ എന്നോട് ചോദിച്ചു.
"അത്.... ലച്ചൂ ഞാൻ..."
"ഉള്ളത് പോലെ സന്തോഷത്തോടെ ജീവിക്കാമെന്നുപറഞ്ഞ ഏട്ടന്റെ കൂടെ ഇറങ്ങിവന്നവളാ ഞാൻ. ആ ഏട്ടനാണോ ഇപ്പൊ പലിശക്ക് പണമെടുത്ത്..."
"ലച്ചൂ... "
ഇടയിൽ കയറി ഞാൻ വിളിച്ചു.
"നിന്റെ ഒരാഗ്രഹവും എനിക്ക് സാധിച്ചുതരാൻ കഴിഞ്ഞിട്ടില്ല. പാതിവഴിയിൽ നിർത്തിവച്ച നിന്റെ MBBS പഠനം, നാളെ ലോകമറിയാനിരുന്ന നർത്തകി.. അങ്ങനെ ഒരുപാട്...
ഇതെങ്കിലും എനിക്ക് പറ്റില്ല്യാച്ചാ പിന്നെ ഞാനെന്തിനാ ഒരു ഭർത്താവായി ഇങ്ങനെ..."
പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ അവൾ എന്റെ വായ കൈകൊണ്ട് പൊത്തിപ്പിടിച്ചു.
എന്നിട്ടവൾ വാങ്ങിക്കൊണ്ടുകൊണ്ടുവന്ന ചുരിദാർ എടുത്തുകൊണ്ടുപോയി പത്തുമിനിറ്റ് കഴിഞ്ഞ് അതുധരിച്ച് എന്റെ മുൻപിൽ വന്നുനിന്നു.
മഞ്ഞനിറമുള്ള ചുരിദാരിൽ കറുപ്പ് നിറത്തിലുള്ള ചിലവർക്കുകൾ ഡെസൈൻ ചെയ്തിരിക്കുന്നു.
അഴിഞ്ഞുവീണ മുടിയിഴകൾ ഫാനിന്റെ കാറ്റിൽ പാറിനടന്നു.
ട്യൂബ് ലൈറ്റിന്റെ പ്രകാശത്തിലും അവളുടെ വെള്ളക്കല്ലുപതിച്ച മൂക്കുത്തി വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.
രാവിലെ അവളെഴുതിയ അഞ്ജനം കരിനീല മിഴിയിൽ അതുപോലെതന്നെ നിൽക്കുന്നുണ്ട്.
"ദീപേടെ കല്യാണത്തിനുപോകാൻ ഇതുമതി. കൊള്ളാമോ...?"
ഒരു റാമ്പിങ് മോഡലിനെപ്പോലെ അവൾ എന്റെ മുൻപിൽ വന്നുനിന്നു.
എന്നുമില്ലാത്ത ഒരു പ്രത്യേക തേജ്വാസ്‌ അവളിൽ കണ്ടയുടനെ
ഞാനറിയാതെ ഇടറിയശബ്ദത്തിൽ വിളിച്ചു.
"ലച്ചൂ... "
ഉച്ചക്ക് ഞാൻ കൊടുത്ത അയ്യായിരം രൂപ എനിക്ക് തിരിച്ചുതന്നിട്ട് അവൾ പറഞ്ഞു.
"ഇത് പലിശക്കാരനുതന്നെ തിരിച്ചുകൊടുത്തോളൂ, ഈ പണം നമുക്ക് വേണ്ട വിനുവേട്ടാ...."
"നിനക്ക് എവിടന്നാ ഈ ചുരിദാർ വാങ്ങിക്കാനുള്ള കാശ് കിട്ട്യേ.."
ബെഡിൽനിന്നുമെഴുന്നേറ്റ്
സംശയത്തോടെ ഞാൻ ചോദിച്ചു.
"ഏട്ടൻ ജോലികഴിഞ്ഞു വരുമ്പോൾതരുന്ന പത്തും, ഇരുപതും സൂക്ഷിച്ചുവച്ചതാ, എടുത്തുനോക്കിയപ്പോ ആയിരത്തി മുന്നൂറ്റി ഇരുപത് രൂപയുണ്ടായിരുന്നു. ദേ ചുരിദാർ വാങ്ങിച്ചിട്ടും ബാക്കി കാശുണ്ട്."
"ലച്ചൂ..."
ഞാനവളെ ഒരു മയിൽപീലിപോലെ മാറോട് ചേർത്തുപിടിച്ചു.
അവളുടെ ശ്വാസം എന്റെ നെഞ്ചിൽ പതിക്കാൻ തുടങ്ങി.
സിന്ദൂരംകലങ്ങിയ സീമന്തരേഖയിൽ ചുംബിച്ചുകൊണ്ട് ഞാൻ ഞാനല്പനേരം കണ്ണുകളടച്ചു നിന്നു.
എല്ലാ ഭാര്യമാരും ഭർത്താവിന്റെ വരുമാനത്തിനൊത്ത് ജീവിക്കുകയാണെങ്കിൽ ഒരുപക്ഷേ പലരുടെയും ജീവിതം കടക്കെണിയിൽ അകപ്പെടില്ലായിരുന്നു.
"വിനുവേട്ടാ..."
എന്റെ ഇടനെഞ്ചിൽ ചാഞ്ഞുകിടന്ന് അവൾവിളിച്ചു.
"എന്തടി...."
"ഈ ചുരിദാറിന് ഒരു ഗന്ധമില്ലേ..?"
"മ്...."
അഴിഞ്ഞുവീണ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് ഞാൻ മൂളി.
"അറേബ്യയിലെ അത്തറിന്റെ ഗന്ധമല്ല."
"പിന്നെ...?"
"നല്ല വിയർപ്പിന്റെ ഗന്ധം."
എന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ടവൾ പറഞ്ഞു.
മറുത്തൊന്നും പറയാനില്ലാതെ ഞാനവളെ എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.
ശുഭം...

Vinu

" മുടിനീട്ടിവളർത്തിയ ഭ്രാന്തൻ"


" മുടിനീട്ടിവളർത്തിയ ഭ്രാന്തൻ"
പതിവിലും വൈകിയാണ് അശ്വതി ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയത്.
ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞ് കലങ്ങിയകണ്ണുകളുമായി അമ്മയുടെ അടുത്തേക്ക് ഓടി,
അടുക്കളയിൽ എന്തോ തിരക്കിട്ട പണിയിലായിരുന്നു 'അമ്മ.
അശ്വതി പിന്നിലൂടെവന്നമ്മയെ കെട്ടിപ്പിടിച്ച് തേങ്ങി കരഞ്ഞു.
'എന്താ അച്ചു,"അമ്മ ആശ്ചര്യത്തോടെ ചോദിച്ചു
"ആ മുടിവളർത്തിയ ഭ്രാന്തൻ എന്നും എന്റെ പിന്നാലെ വരുന്നു, എനിക്ക് പേടിയാ അമ്മാ..."
"ഞാനിനി പോണില്ല സ്കൂളിൽ "
"അച്ചു...എന്തിനാ പേടിക്കുന്നെ, ഞങ്ങളൊക്കെയില്ലേ കൂടെ..."
അമ്മ തിരിഞ്ഞു നിന്ന് അവളുടെ കണ്ണുകൾ സാരിയുടെ തലപ്പ്ക്കൊണ്ടു തുടച്ച് നെറ്റിയിലുമ്മവച്ചു,
"അമ്മകുട്ടി ചെല്ലു.... പോയി കുളിച്ചിട്ട് വാ...'അമ്മ കാപ്പി എടുത്ത് വെക്കാം
അശ്വതി അടുക്കളയിൽ നിന്നും കണ്ണു തുടച്ച് പിന്തിരിഞ്ഞു നടന്നു.
വൈകുന്നേരം അച്ഛൻ വന്നപ്പോൾ 'അമ്മ കാര്യം അവതരിപ്പിച്ചു.
"നീയൊരു കാര്യം ചെയ്യ് ,അവളോട് പറ നാളെ ഞാനും കൂടെ വരുന്നുണ്ടെന്ന്" ഫോൺ കൈയ്യിലെടുത്ത് അയ്യാൾ പറഞ്ഞു.
പിറ്റേന്ന് അയ്യാൾ അശ്വതിക്കൊപ്പം സ്കൂളിലേക്ക് പുറപ്പെട്ടു, വഴിയിൽ വച്ച് അയ്യാളാ മുടിനീട്ടിവളർത്തിയ, ഭ്രാന്തനെന്നു തോന്നിക്കുന്ന ആളെ കണ്ടു
ഉടനെ അശ്വതി ചൂണ്ടിക്കാണിച്ചു
"ദേ അച്ഛാ...അയ്യാൾ"..
ഉടനെ ഹരി ഭ്രാന്തന്റെ കഴുത്തിൽ പിടിച്ചു തൂണിനോട് ചരിനിറുത്തി പറഞ്ഞു
"മേലിൽ എന്റെ മോളുടെ നിഴൽവെട്ടതേങ്ങാനും കണ്ടാൽ ഈ ഹരി ആരാണെന്ന് നീ അറിയും
പൊക്കോ...ഇനി ഈ പ്രദേശത്ത് കണ്ടുപോകാരുത്.."
ഹരി അയ്യാളെപിടിച്ചു തള്ളി.
ആ വീഴ്ച്ച അടുത്തുള്ള ഓടയിലേക്കായിരുന്നു,
അശ്വതിയുടെ കൈയും പിടിച്ച് ഹരി മുന്നോട്ട് നടന്നുനീങ്ങി.അശ്വതി പിന്നിലേക്ക് തിരിഞ്ഞുനോക്കിയപ്പോൾ ചെറുപുഞ്ചിരി തൂകി ആ ഭ്രാന്തൻ ഓടയിൽനിന്നും എഴുന്നേറ്റു.
അന്ന് പതിവിലുംനേരത്തെ ക്ലാസ് കഴിഞ്ഞിറങ്ങിയ അശ്വതി വീട്ടിലേക്ക് തിരിച്ചു,
കെ കെ ഗ്രൂപ്പിന്റെ പണിനടക്കുന്ന ബിൽഡിങ്നോട്ചാരി ഒരു ബൈക്കിൽ രണ്ട് ചെറുപ്പക്കാർ നിൽക്കുന്നുണ്ടായിരുന്നു ,
അതുവഴി കടന്നുപോകുകയായിരുന്ന അശ്വതിയോട് അതിലൊരാൾ പേന ചോദിച്ചു...
ബാഗ് തുറക്കുന്ന സമയം മറ്റെയ്യാൾ പിന്നിലൂടെ വന്ന് അശ്വതിയുടെ വായപോത്തി ,തൂക്കിയെടുത്ത് കെ കെ ഗ്രൂപ്പിന്റെ ആളൊഴിഞ്ഞ ബിൽഡിങ്ന്റെ ഉള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി..
ഒന്നലറി വിളിക്കാനോ, കുതറിയോടാനോ അവൾക്ക് കഴിഞ്ഞില്ല. കാമത്തിന്റെ നെറികെട്ട കണ്ണുകളും കൈകളും അവളിൽ പൊതിഞ്ഞു. സകല ദൈവങ്ങളെയും അവൾ ഒന്നിച്ചു വിളിച്ചു,
യൂണിഫോമിന്റെ ഷാൾ വലിച്ചു കീറി.
അവർ വസ്ത്രങ്ങൾ അഴിക്കാൻ വേണ്ടി ശ്രമിക്കുമ്പോഴായിരുന്നു പുറകിൽ നിഴൽ പോലെയൊരാൾ.
അലറി വിളിക്കുന്നതിനിടയിൽ അവൾ ശ്രദ്ധിച്ചു.
മുടിനീട്ടിവളർത്തിയ ആ ഭ്രാന്തൻ,
ഇയ്യാളും ഇവരുടെകൂട്ടത്തിലുള്ളതാണോ
അശ്വതിക്ക് ശബ്ദം പൊങ്ങിയില്ല.
അതിവേഗം ഭ്രാന്തൻ തന്റെ മുഷിഞ്ഞമുണ്ട് ഊരി
അവളെ കീഴ്പ്പെടുത്തിയ ഒരാളുടെ കഴുത്തിൽ മുറുക്കി മറ്റേ ആളെ ഇടം കൈക്കുളിലൊതുക്കി,
സംരക്ഷണത്തിന്റെ കരങ്ങൾ തലോടിയപ്പോൾ അവൾ പതിയെ എഴുന്നേറ്റു,
"മോളെ..., രക്ഷപെട്ടോ... വേഗം..
ഇവർ കുറച്ചുനാളായി മോളെ പിന്തുടരുന്നു, പൊക്കോ വേഗം പൊക്കോ..."അയ്യാളുടെ ശബ്ദത്തിന് പ്രതികാരത്തിന്റെ ഭാവം
"ഞാൻ ജീവിച്ചിരിക്കുമ്പോൾ ഒരു പെൺകുട്ടിയെയും നശിപ്പിക്കാൻ സമ്മതിക്കില്ലടാ നായിന്റെ മക്കളെ...
അശ്വതി ഗേറ്റ് കടന്നുപോകുന്നവരെ അയ്യാളാ പിടുത്തും മുറുക്കിപിടിച്ചു.
ഒരുവിധത്തിൽ അശ്വതി വീട്ടിൽവന്നുകയറി, ഹരിയും സുഹൃത്തുക്കളും ഉമ്മറത്ത് എന്തോ തിരക്കിട്ട ചർച്ചയിലായിരുന്നു...
"അച്ഛാ....വാക്കുകൾ മുറിഞ്ഞ സ്വരത്തിൽ അവൾ വിളിച്ചു"ഹരിയെ കണ്ടപ്പോൾ അശ്വതിയുടെ സമനിലതെറ്റി ,അവൾ അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു വീണു...
"അച്ചൂ...എന്താ..എന്താ...നീ കാര്യം പറയ്... സ്ഥാനം തെറ്റികിടക്കുന്ന വസ്ത്രം കണ്ടപ്പോൾ സുഹൃത്തുക്കൾക്ക് കാര്യം മനസിലായി, ഒരു വിധത്തിൽ അശ്വതി ഉണ്ടായ സംഭവം വിവരിച്ചു..
"വാടാ..." ഹരിയെയുംകൂട്ടി സുഹൃത്തുക്കൾ കെ കെ ഗ്രൂപ്പിന്റെ ബിൽഡിങ്ലേക്ക് പുറപ്പെട്ടു അവിടെ ചെല്ലുമ്പോഴേക്കും ആളുകൾ കൂടിയിരുന്നു..
ഹരി ആൾക്കൂട്ടത്തിലേക്ക് തള്ളിക്കയറി , ഒരാൾ കുത്തേറ്റ് കമഴ്ന്ന് കിടക്കുന്നു, പോലീസ് വന്ന് ബോഡി മലർത്തി കിടത്തി, ആ കാഴ്ചകണ്ട ഹരി തരിച്ചുനിന്നു.
മുടിനീട്ടിവളർത്തിയ ഭ്രാന്തൻ
അറിയാതെ അയ്യാൾ നെഞ്ചത്ത് കൈവച്ചു ഇന്ന് രാവിലെ ഞാൻ പിടിച്ചു ഓടയിൽതള്ളിയ ആൾ.
ആൾക്കൂട്ടത്തിൽ നിന്നൊരാൾ പറയുന്നുണ്ടായിരുന്നു
"ഇത് രമേഷേട്ടൻ അല്ലെ..."
"ഏത് രമേശേട്ടൻ" കൂടെയുള്ളയാൾ ചോദിച്ചു
"ഹാ...കഴിഞ്ഞകൊല്ലം കോളേജ് വിട്ട് വീട്ടിലേക്ക് വരികയായിരുന്നു ഒരു പെണ്കുട്ടിയെ 4 പേര് ചേർന്ന് ബലാത്സംഗം ചെയ്തില്ലേ...
അത് ഇയ്യാളുടെ മോളാ.. രശ്മി അതിന് ശേഷം മൂപ്പരെ സമനിലതെറ്റി..ഇപ്പൊ ഇങ്ങനെ തെണ്ടിതിരിഞ്ഞു നടക്ക...ഇത് ഇപ്പൊ എങ്ങനാ സംഭവിച്ച.. ആരാ കുത്തിയെ.."
"അതെ താനും വായിച്ചിരുന്നു ആ ഭീകരവാർത്ത, നവ മാധ്യമങ്ങളും,ചാനലുകാരും ആഘോഷമാക്കിയ ആ വാർത്ത"
ഇതെല്ലാം കേട്ട് നിന്ന ഹരിയുടെ ഹൃദയം വെട്ടിപൊളിയുന്നപോലെ തോന്നി കുറ്റബോധം ആയ്യാളെ അസ്വസ്ഥനാക്കി കൊണ്ടേയിരുന്നു
" ഒരുപക്ഷേ ഇദ്ദേഹം ഇല്ലായിരുന്നെങ്കിൽ നാളെ എന്നെയും ഈ രൂപത്തിൽ കാണേണ്ടിവരുമായിരുന്നു, അല്ലെടോ?"
ഹരി സുഹൃത്തിന്റെ തോളിൽ തട്ടിപറഞ്ഞു..
പൊലീസികാർ വന്നു ബോഡിയെടുക്കുന്നതുവരെ ഹരി ആ മൃതദേഹത്തിന് കാവലിരുന്നു
കലങ്ങിയ കണ്ണുകളുമായിട്ടാണ് ഹരി വീട്ടിലേക്ക് വന്നുകയറിയത് ,ഹരിയെയും കത്ത് ഭാര്യ ഉമ്മറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു.
"അയ്യാൾ മരിച്ചു, ആ ജീവന്റെ ദാനമാണ് ഇപ്പൊ നമ്മുടെ അച്ചു..ആരും ഒന്നുമറിഞ്ഞിട്ടില്ല ചാനലുകൾ അറിഞ്ഞ പിന്നെ നമ്മുടെ മകളുടെഭാവി ...ഈശ്വരാ ആലോചിക്കാൻ വയ്യ .." അയ്യാൾ നെഞ്ചത്ത് കൈവച്ചു..
നീ വേഗം റേഡിയക് നമുക്ക് അവിടംവരെ പോണം"
അച്ചുനെ വിളിക്കണ്ടാ"
അവർ രമേശന്റെ വീട്ടിൽ ചെല്ലുമ്പോഴേക്കും ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി
കൊലപാതകമായിരുന്നതിനാൽ പോലീസ് എൻക്വയറി ഉണ്ടായിരുന്നു
"ഉമ്മറത്തെ ജാലകത്തിലൂടെ ഒരു കുഞ്ഞുമുഖം എത്തിനോക്കി വിങ്ങികരയുന്നുണ്ടായിരുന്നു...
"തള്ളേം തന്തേം ചത്ത സ്ഥിതിക്ക് ഇനിയിപ്പോ ഈ കോചിനെ ആരാ നോക്ക..." പ്രായമായ ഒരു സ്ത്രീ അവിടെയിരുന്ന് സംസാരിക്കുന്നത് ഹരി ശ്രദ്ധിച്ചു..
"രശ്മി കഴിഞ്ഞ വർഷം മാധ്യമങ്ങൾ ഏറ്റെടുത്ത് വളർത്തിയ കുട്ടി, കൊച്ചി പീഡനകേസിലെ..."
ഹരി പതിയെ ഭാര്യ യുടെ ചെവിയിൽ പറഞ്ഞു
അവൾ ഹരിയുടെയും രശ്മിയുടെയും മുഖത്തേക്ക് മാറി മാറി നോക്കി ,
തർക്കം പെരുത്തു പീഡനത്തിന് ഇരയായ കുട്ടിയെ ആർക്കുമാർക്കും വേണ്ട
"ഹരിയേട്ടാ, അവളെ നമുക്ക് കൊണ്ടുപോയലോ... മ്മടെ അച്ചുന്റെ മുഖാ ഓർമ്മവരുന്നത്..ഒന്ന് കുളിച്ചിറങ്ങിയൽ മതി അവൾ പരിശുദ്ധയാണ്.
"ഞാൻ അത് എങ്ങനെപറയും എന്നാലോചിച്ചിരിക്ക...
സ്ഥലം എസ് ഐ യെ കണ്ട് ഹരി കാര്യം അവതരിപ്പിച്ചു
"അതിനൊക്കെ കുറച്ചു റൂൾസ്‌ ഉണ്ട് മിസ്റ്റർ... പിന്നെ അവർക്ക് സാമ്മതമാണെങ്കിൽ ഒകെ.."
"ഈ പിഴച്ചവൾ എല്ലാവർക്കും ഒരു ബാധ്യതയാ ആരാ വേണമെങ്കിൽ കൊണ്ടയ്ക്കോ, ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല സാറേ..." കൂട്ടത്തിലെ ഒരു സ്ത്രീ പറഞ്ഞു
"മിസ്റ്റർ ഹരി നിങ്ങൾ നാളെ സ്റ്റേഷനിൽ വന്ന് അഡ്രസ് സബ്മിറ്റ് ചെയ്യണം അത് കഴിഞ്ഞു കൊണ്ടുപോകാം..."
"ശരി സർ.."
പോകും മുൻപ് അവർ രശ്മിയെ കണ്ടു.. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്തോ ആലോചനയിലാണ്
"നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല, അച്ഛൻ മാത്രേ പോയിട്ടൊള്ളു ഇനി മുതൽ ഞങ്ങൾ ഉണ്ടാകും കൂടെ നാളെ നമുക്ക് ഇവിടന്നു പോകാം.."
രശ്മി പതിയെ അയ്യാളുടെ കൈകൾ പിടിച്ചു തൊഴുതു, ഹരി അവളുടെ കവിളിൽ ഒന്ന് തട്ടി പുഞ്ചിരിച്ചു...
മടങ്ങും നേരം ചിതയിലെരിയുന്ന രമേശനെ നോക്കി ഹരി പറഞ്ഞു
" രമേശെട്ടാ ചെയ്ത തെറ്റിന് മാപ്പ്.
രശ്മി...അവൾക്ക് ഇനി ഒരു കുറവും ഉണ്ടാകില്ല നാളെ മുതൽ എന്റെ വീട്ടിൽ വളരും ഞങ്ങളുടെ മകളായിട്ട്, എന്റെ അച്ചു നെ കഴുകൻമ്മാർക്ക് കൊടുക്കാതെ തിരിച്ചു തന്നതിന് പകരം രമേഷേട്ടൻ കണ്ട സ്വപ്നങ്ങൾ രശ്മിക്ക് ഞങ്ങൾ നിറവേറ്റികൊടുക്കും.എനിക്ക് ഇത്രേ കഴിയു.."
ആളി കത്തുന്ന അഗ്നിയിൽ ഹരിയെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന
മുടിനീട്ടിവളർത്തിയ ഭ്രാന്തൻന്റെ മുഖം അയ്യാൾ കണ്ടു..
രചന : വിനു വിനീഷ്

പ്രണയനൊമ്പരം (ഒരു ഫേസ്ബുക്ക് പ്രണയകഥ)

പ്രണയനൊമ്പരം
(ഒരു ഫേസ്ബുക്ക് പ്രണയകഥ)
മുഖപുസ്തകത്തിലെ എഴുത്തുകൾ വായിക്കുന്നതിനിടയിലാണ് പ്രിയ ആ യുവ എഴുത്തുകാരനെ ശ്രദ്ധിച്ചത്, മനു കൃഷ്ണൻ ,
മറ്റുള്ള എഴുത്തുകാരിൽ നിന്ന് അവതരണശൈലിയിലും വർണ്ണനയിലും തികച്ചും വ്യത്യസ്ഥൻ, അതുകൊണ്ടാകാം മനു മുഖപുസ്തകത്തിൽ ശ്രദ്ധയാകർഷിച്ച ഒരാളായി മാറിയത്...
ഒരുതരം ആരാധനയാണവൾക്കുണ്ടായിരുന്നത്
"കൂട്ട് കൂടാണോ.." അവൾ സ്വയം ചോദിച്ചു..
"കൂടിയേക്കാം...നല്ല എഴുത്തുകൾ വായിക്കലോ..."
രണ്ടും കൽപ്പിച്ച് പ്രിയ മനുവിന് റിക്വസ്റ്റ് അയച്ചു കത്തിരിന്നു..
ദിവസം ഒന്ന് കഴിഞ്ഞു സൗഹൃദം സ്വീകരിച്ചില്ല, ദളങ്ങൾ കൊഴിയുന്നപോലെ ദിനങ്ങൾ കൊഴിഞ്ഞുവീണുകൊണ്ടേയിരുന്നു, അവളുടെ പ്രതീക്ഷകളെല്ലാം തെറ്റി....
"ചെ...ഇയ്യാൾ എന്ത് മനുഷ്യനാ...ഒരു പെണ്കുട്ടി കൂട്ട്കൂടാൻ വിളിച്ചാൽ അത് നിരസിക്ക്യേ...ഹും..."
ആ ദേഷ്യത്തിൽ പ്രിയ തന്റെ ഫോണും വലിച്ചെറിഞ്ഞു മുഖപുസ്തകത്തിൽനിന്നും ഇറങ്ങിപ്പോയി...
സന്ധ്യകഴിഞ്ഞ് ഉമ്മറത്തിണ്ണയിൽ ഇരുന്ന് വീണ്ടും മുഖപുസ്തകം തുറന്ന് നോക്കി ,ഒരു നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു
എടുത്തുനോക്കിയവൾ അത്ഭുതപ്പെട്ടു.
"മനു കൃഷ്ണൻ ആസെപ്റ്റഡ് യൂവർ ഫ്രണ്ട് റിക്വസ്റ്റ്"
സന്തോഷത്തിന് അതിരില്ലായിരുന്നു പ്രിയക്ക്
വേഗം മെസഞ്ചറിൽ അയ്യാൾക്ക് ഒരു സന്ദേശമയച്ചു
"ഹായ് , ഞാൻ പ്രിയ..."
മറുപടി വന്നില്ല...
"ഇനി തന്നെ അറിയാഞ്ഞിട്ടാണോ?
മനുവിന്റെ പ്രൊഫൈൽ തിരഞ്ഞുപിടിച്ച് എഴുതിയ കവിതകൾക്കും കഥകൾക്കും ലൈക്കും, കമന്റും വാരികോരിക്കൊടുത്തു.
മറുപടി വന്നില്ല,
ശ്രമം പരാജയപ്പെട്ടു മാനത്ത് നോക്കിയിക്കുമ്പോഴാണ് മനുവിന്റെ സന്ദേശം അവളെ തേടിയെത്തിയത്
"ഹായ് ഞാൻ മനു" ഫോൺ എടുത്ത് അവൾ ബെഡ്റൂമിലേക്ക് ചാടിക്കയറി ബെഡിൽ മലർന്നുകിടന്ന് സന്ദേശത്തിന് മറുപടി നൽകി
"എഴുത്തുകളൊക്കെ ഞാൻ വായിക്കാറുണ്ട്... എങ്ങനെ പറ്റുന്നു ഇങ്ങനെ നന്നായി എഴുതാൻ?"
" അയ്യോ..ഞാൻ വലിയ എഴുത്തുകാരനൊന്നുമല്ല...ചുറ്റിലും കാണുന്ന കാഴ്ചകൾ പകർത്തി നിങ്ങളിലേക്ക് എത്തിക്കുന്നു .."
"ഹഹഹ...എല്ലാ എഴുത്തുകാരും പറയുന്ന മറുപടി അല്ലെ...സർ"
"ആ സർ വിളി ഒഴിവാക്കൂ.. മനു അത് മതി..."
" ഉം..എന്താ ചെയ്യുന്നേ., ജോലിയാണോ അതോ പഠിക്കുകയോ ,അതോ മുഴുവൻ സമയവും ഈ എഴുതും വായനയും തന്നെയാണോ...? "
"പഠിക്കുന്നുണ്ട് ജീവിതത്തെ..
എഴുത്തും വായനയും, അത് രക്തത്തിൽ കലർന്നതാ,എന്റെ ലഹരി."
"ആണോ...എവിടെയാ വീട്...? "
"ഒറ്റപ്പാലം , പാലക്കാട് ജില്ല, പ്രിയ എവിടെയാണ്..? "
"പാലക്കാട് ആണോ...ഞാൻ തൃശ്ശൂരാണ്.."
"ഓഹ്..അപ്പൊ നമ്മൾ അയൽവാസികളാണ് ല്ലേ..."
"മ് അതേ....എഴുത്തിനെപ്പോലെ എഴുത്തുകാരനും സൂപ്പറാണ് ട്ടോ..!
"ങേ.."
" യുവർ പ്രൊഫൈൽ പിക്ചർ ഇസ് സൂപ്പർ"
"ഹോ....താങ്ക്യു...എന്നാ ശരി പിന്നെ കാണാം.."
മനു സംഭക്ഷണം അവസാനിപ്പിക്കാൻ ശ്രമിച്ചു
"പോവുകയാണോ...? എന്താ പണി.."
"ഇല്ല ഇവിടെയുണ്ട്, വായിക്കാനുണ്ടായിരിന്നു.അംബികാസുദന്റെ ഒരു സൃഷ്ട്ടി വായിച്ചിട്ടില്ലേ 'എന്മകജെ' എന്റോസൾഫാനെതിരെ പോരാടിയവരെ കുറിച്ച്"
"ഓഹ്...ഇല്ലാ... എന്നാ ശരി... ശുഭരാത്രി"
മനസ്സില്ലാ മനസോടെ അവൾ ടൈപ്പ് ചെയ്തു,
ബെഡിൽ മലർന്ന് കിടന്ന് മനുവിന്റെ ഫോട്ടോകൾ ഓരോന്നായി എടുത്ത് നോക്കി ലൈക്കും കമന്റും കൊടുത്തുകൊണ്ടേയിരുന്നു,
"മനുകൃഷ്ണൻ ,എന്തോരം പ്രണയകാവ്യങ്ങളാണ് എഴുതിയിരിക്കുന്നത്, നല്ല കഴിവുള്ളയാൾ,
അവൾ സ്വയം പറഞ്ഞു..
ദിവസം കൂടുംതോറും സൗഹൃദത്തിന്റെ ആഴം കൂടികൂടിവന്നു
ഓരോ ദിനങ്ങളും പ്രിയ അയാൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ടായിരുന്നു തുടങ്ങിയിരുന്നത്,
മനുവിനോടുള്ള സൗഹൃദം പിന്നീടെപ്പോഴോ ഗുൽമോഹർ പൂക്കുന്ന പ്രണയത്തിന്റെ ആർദ്രമായ തീരത്തേക്ക് അവളെ കൊണ്ടെത്തിച്ചു,
തനിക്ക് മനുവിനോടുള്ള പ്രണയം തിരിച്ചും ഉണ്ടാകുമോ എന്ന ചോദ്യമാണ് അവൾക്ക് ഉറക്കമില്ലാ രാത്രികൾ സമ്മാനിച്ചുകൊണ്ടിരുന്നത്.
പ്രണയം വീർപ്പുമുട്ടിച്ച രാത്രി അവൾ രണ്ടും കൽപ്പിച്ച് മനുവിന് സന്ദേശമയച്ചു.
"മനു,ഐ ലൈവ് യൂ... നീയില്ലാതെ എനിക്ക് പറ്റില്ല, ഞാനിപ്പോ നിന്നിലാണ് ,ഓരോ നിമിഷവും നിന്റെകൂടെയിരിക്കാനാണ് എനിക്കിഷ്ടം..."
മറുപടിക്കും വേണ്ടി അവൾ കാത്തിരുന്നു...
പക്ഷെ മനുവിന്റെ പ്രതികരണം മറിച്ചായിരുന്നു...
"പ്രിയാ... നീ എന്റെ സുഹൃത്താണ് അത് മറക്കരുത്, എനിക്ക് അങ്ങനെ കാണാൻ കഴിയൂ....
പ്രണയം, വിവാഹം ഇതൊന്നും അല്ല എന്റെ ലോകം, മനസിലാക്കൂ...
ഇനി ഇങ്ങനെയാണെങ്കിൽ ഈ സൗഹൃദത്തോട് എനിക്ക് താൽപ്പര്യമില്ല...
"പക്ഷേ... മനു....നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല... എടുക്കുന്ന ഓരോ ശ്വാസത്തിലും നീയുണ്ട്... നമ്മളൊന്നിച്ചുള്ള യാത്രകൾ,നിമിഷങ്ങൾ, എനിക്ക് വേണ്ടിയെഴുതുന്ന കവിതകൾ ,മനു റീയലി ഐ ലൈവ് യൂ...
"ഈ കാര്യം പറഞ്ഞുകൊണ്ട് ഇനി എന്റെ ഇൻബോക്സിൽ വന്നാൽ ഞാൻ ബ്ലോക്ക് ചെയ്യും..."
പ്രിയ മറുപടി അയച്ചില്ല...
മറിച്ച് അയ്യാളുടെ മുഖപുസ്തകത്തിലെ സൗഹൃദങ്ങളെ കൂട്ടപ്പിടിച്ചു വീട് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
കണ്ടെത്തി അയ്യാളുടെ വീടിനടുത്തുള്ള ഒരു സുഹൃത്ത് വഴി ,പിന്നെ വൈകിച്ചില്ല മനുവിനെ തേടി അവൾ യാത്രയായി ,അയ്യാളുമായുള്ള ആദ്യ കൂടികാഴ്ച്ച എങ്ങനെവേണമെന്നവൾ യാത്രയിലുടനീളം ആലോചിച്ചിരുന്നു,
ഒറ്റപ്പാലം തൃത്താലയിൽ ബസ്സിറങ്ങി
മനുവിന്റെ സുഹൃത്തിനെ ഫോണിൽ വിളിച്ചു
"ഹായ് ,രേഷ്മാ ഞാൻ ദാ തൃത്താലയുണ്ട്..."
"ചേച്ചി...ഒരു പത്ത് മിനിട്ട് ഞാൻ ഇപ്പൊ വരാ..."
ഫോൺ കട്ട് ചെയ്ത് പ്രിയ മനുവിന്റെ ഫോട്ടോനോക്കിയിരുന്നു..
എന്നെ ഒഴിവാക്കാൻ നോക്കണല്ലേ... ഇന്ന് ശെരിക്കും ഞെട്ടും...ഞെട്ടിക്കും ഞാൻ. അവൾ മനസിൽ പറഞ്ഞു
പത്തു മിനിട്ട് കഴിഞ്ഞപ്പോൾ ഒരു വെള്ള ആക്ടിവ അവളുടെ മുന്നിൽ വന്നുനിന്നു,
"പ്രിയ ചേച്ചി അല്ലെ..?" ഹെൽമെറ്റിനുള്ളിലൂടെ രേഷ്മ ചോദിച്ചു
"അതെ..രേഷ്മ..?"
"അതെ... കയറിക്കോളൂ..
പ്രിയയെയുംകൊണ്ട് രേഷ്മ പുറപ്പെട്ടു... നാട്ടുപാതയിലൂടെയുള്ളയാത്ര അവൾക്ക് ആദ്യ അനുഭവമായിരുന്നു ചുറ്റിലും തെങ്ങുകൾ,പാടങ്ങൾ,കുളങ്ങൾ
പ്രകൃതിയുടെ മനോഹാരിത അവൾ അതുപോലെ മനസിലേക്ക് പകർത്തി
ഒരു ചെറിയ ഇടവഴിയിൽ രേഷ്മ സ്‌കൂട്ടർ നിറുത്തി...
"ചേച്ചി ,ഇനി ഇച്ചിരി നടക്കണം.."
"ഓ അതിനെന്താ...ഓരോ കാൽവപ്പും അവൾ അസ്വദിച്ചുകൊണ്ടേയിരുന്നു,
പുല്ലും ,പുൽനാമ്പുകളും അവളെ തഴുകി അവളിലെ പ്രണയത്തെ ശക്തത്തിപ്പെടുത്തി.
ആ ഇടവഴി ചെന്നവസാനിച്ചത് ഓടിട്ട ചെറിയ കൂരക്കുമുൻപിൽ ആയിരുന്നു
അതെ! മനുവിന്റെ വീട് .കഴുക്കോൽ ദ്രവിച്ചു ഇടിഞ്ഞു വീഴാറായിരിക്കുന്നു, ശക്തമായമഴയിൽ ഒളിച്ചുപോകുംവിധത്തിലായിരുന്നു വീടിന്റെ സ്ഥിതി..
"മനുവേട്ടാ....,അമ്മേ....ഇവിടെ ആരുമില്ലേ...?
"കിടന്ന് തൊള്ള കീറേണ്ട ഞാൻ ഇവിടെയുണ്ട്.."
അകത്ത് നിന്ന് പൗരുഷമായ ശബ്ദം
"മനുവേട്ടനാ..."രേഷ്മ പതിയെ പ്രിയയുടെ ചെവിയിൽ പറഞ്ഞു.
അതുകേട്ടതും പ്രിയ പാറി കിടന്നിരുന്ന തന്റെ മുടിയിഴകൾ വിരലുകൾകൊണ്ടുതുക്കിവച്ചു.
വാതിൽതുറന്നത് പ്രായമായ ഒരു സ്ത്രീ ആയിരുന്നു,
"ഹാ....രേഷ്മമോളോ...ഇതാരാ..."
"ഇത് മനുവേട്ടന്റെ സുഹൃത്താണ്..പ്രിയ..."
"ഓ വരൂ...അവൻ റൂമിലാ അങ്ങോട്ട് ചെന്നോളൂ.."
രേഷ്മ പ്രിയയെയും കൂട്ടി മനുവിന്റെ റൂമിലേക്ക് നടന്നു..."
"മനുവേട്ടാ, ഒരു സർപ്രൈസ് ഉണ്ട് ട്ടോ..?
"എനിക്കോ...' അയ്യാൾ ചോദിച്ചു
"ഉം...ചേച്ചി...."
പ്രിയ അകത്തേക്ക് കണ്ടന്നുവന്നു.
വീൽ ചെയറിൽ ഇരിക്കുന്ന മനുവിനെ കണ്ടവൾ സ്തംഭിച്ചു നിന്നു...
"പ്രിയാ... താൻ...താനെന്താ ഇവിടെ"
"ഞാൻ ...ഞാൻ...അവളുടെ വാക്കുകൾ മുറിഞ്ഞുപോകുന്നപോലെ തിലൊന്നി, കണ്ണുകൾ നിറഞ്ഞൊഴുകി മിഴിനീർക്കണങ്ങൾ ഒപ്പിയെടുക്കാൻ വിരലുകൾക്ക് ശക്തിയില്ലാതെയായി
"രേഷ്മാ...താൻ പൊയ്ക്കോളൂ ഞാൻ വിളിക്കാ..."
"ശരിയേട്ടാ...'അവൾ ആ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി
"പ്രിയ...ഇരിക്ക്..
പുസ്തകകെട്ടുകളുടെ രൂക്ഷഗന്ധംപരക്കുന്ന ആ ഒറ്റമുറിയുടെ മൂലയിൽ ജാലകത്തിനോട് ചരിയുള്ള കസാരയിലവളിരുന്നു
"ഇതാണ് മനു കൃഷ്ണൻ, ഈ കാണുന്ന പുസ്തകങ്ങളാണ് എന്റെ കാമുകിമാർ, ഈ തൂലികയാണ് എന്റെ ഭാര്യ, നാല് ചുമരുകളടങ്ങിയ ഈ ഒറ്റമുറിയാണ് എന്റെ കുടുംബം പിന്നെ,ഇരുകാലുകൾക്കും ചലനശേഷിയില്ല,
ഓർമ്മവച്ചനാൾ മുതൽ ഇവൻ എന്റെകൂടെയുണ്ട്...അല്ലെടാ"
തന്റെ വീൽചെയർ തടവിക്കൊണ്ട് അയ്യാൾ പറഞ്ഞു
"എന്തേ എന്നോടൊന്നും പറഞ്ഞില്ല"
"പറയേണ്ട എന്ന് തോന്നി. അത് തന്നെ ,പിന്നെ അത് വച്ചുള്ള സഹതാപം ,സഹായങ്ങൾ, ആശ്വാസവാക്കുകൾ എനിക്ക് അതെന്നുമിഷ്ട്ടമല്ല..
താൻ മനുവുമായി കണ്ട സ്വപ്നങ്ങളെല്ലാം ഒരുനിമിഷം അവൾ ഓർത്തതുപോയി.
പ്രിയ തന്റെ മിഴികൾ തുടച്ചുകൊണ്ടു പറഞ്ഞു
"അയാം സോറി..എനിക്ക് അറിയില്ലായിരുന്നു ഒന്നും"
"ഹേയ്...ഞാൻ തന്നെ കുറ്റപ്പെടുത്തുകയല്ല, എനിക്ക് പ്രണയമുണ്ട് അത് അക്ഷരങ്ങളോടാണ്. പക്ഷെ നീ ഇഷ്ട്ടപ്പെട്ടതും, പ്രണയിച്ചതും എന്നെ അല്ല എന്റെ സൃഷ്ട്ടികളെയാണ്, അത് ആദ്യം മനസ്സിലാകൂ..,
പിന്നെ ഞാൻ തന്നെ കല്യാണം കഴിച്ചിട്ട്, കൂടെ പാർക്കിൽ പോകാനോ, സിനിമക്ക് പോകാനോ, കൈപിടിച്ചു നടക്കാനോ,എന്തിന് നിനക്ക് ഒരു കുഞ്ഞിന്നെ തരാനോ, ചിലപ്പോൾ ഒരു നല്ല ഭർത്താവാകനോ എനിക്ക് കഴിയില്ല. നീ സങ്കല്പിച്ചപ്പോലെ നിനക്ക് നല്ലൊരു ഭർത്താവിനെ കിട്ടും, സ്നേഹിക്കാനും,ലാളിക്കാനും,ഇണങ്ങാനും, പിണങ്ങാനും കഴിവുള്ള രണ്ട് കാലുകളുള്ള ഒരാൾ..
"ഉം, "അവൾ മൂളി
"ഇതാണ് എന്റെ ലോകം...മുഷിഞ്ഞ പുസ്തകങ്ങൾ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്നത് കണ്ടില്ലേ...ഇതുപോലെയങ്ങു മുഷിഞ്ഞു പോകും വിധിയെ തോൽപ്പിച്ചു കൊണ്ട് ഈ മനു കൃഷ്ണൻ,
എന്തായാലും വന്നതിൽ സന്തോഷം പ്രിയാ...ഒരു നല്ല സുഹൃത്തായി എന്നും എന്റെ കൂടെയുണ്ടാകണം, ഞാൻ വിളിക്കുമ്പോഴൊക്കെ ഓടി വരണം.."
"ഉം"
വീൽ ചെയർ പതുക്കെ വതിലിനടുത്തേക്ക് ഉരുട്ടിനീക്കി അമ്മയോട് ചായയുടെ കൂട്ടം സംസാരിക്കുന്ന മനുവിനെ അവൾ ഇമവെട്ടാതെ നോക്കിനിന്നു
ചായ കുടിച്ചു സൗഹൃദപരമായി അവസാനിച്ച ആ കൂടിക്കാഴ്ച മനസിന്റെ മന്ത്രികചെപ്പിൽ അടച്ചുവച്ചു പ്രിയക്ക് യാത്ര നൽകി..
രേഷ്മയുടെ കൈയ്യും പിടിച്ച് തെങ്ങിൻ തോപ്പിലൂടെ നടന്നകലുന്ന പ്രിയയെ മനു തന്റെ ഒറ്റമുറിയുടെ ജാലകത്തിലൂടെ നോക്കിയിരുന്നു,
മനസിലോളിപ്പിച്ച പ്രണയം അവളുടെ നല്ല നാളെക്കുവേണ്ടി കുഴിവെട്ടിമൂടി
എന്തിനോ വേണ്ടി പൊഴിയുന്ന കണ്ണുനീർ തുള്ളികൾ
വിധിയെ നോക്കി പുച്ഛിച്ചു.
"വിധി...നിന്റെ വലയിൽ അകപ്പെട്ട് എനിക്ക് നഷ്ട്ടമായത് ഞാൻ കണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളുമായിരുന്നു..."
അയ്യാൾ സ്വയം കുറിച്ചു
രചന : വിനു വിനീഷ്

"വെറും വാക്ക്"


"വെറും വാക്ക്"
"അമ്മു നാമംചൊല്ലി പോയിരുന്നു പഠിക്കൂ....പെണ്ണിന് ഈയിടെ കുറുമ്പ് കൂടിയിരിക്കുന്നു" ഗീതു അടുക്കളയിലിരുന്നുകൊണ്ട് അവളോട് പറഞ്ഞു
"അമ്മേ പൗഡർ എവിടെ... ഇവിടെ കാണാനില്ല്യ.."
"നാമം ചൊല്ലാൻ പോണ നിനക്ക് എന്തിനാ പൗഡർ...ഐശ്വര്യറായ് ആണെന്ന പെണ്ണിന്റെ വിചാരം..."
"കുളിച്ചു കഴിഞ്ഞാ പൗഡർ ഇടണമെന്ന് അമ്മക്കറിഞ്ഞൂടെ"
അപ്പോഴേക്കും ഗീതു അടുക്കളയിൽ നിന്ന് ഓലക്കോടിയുമായി അടിക്കാൻ ചെന്നു..."പോയിരുന്നു നാമം ചൊല്ല് പെണ്ണേ..."
അമ്മു,
രണ്ടാം തരത്തിലാണെങ്കിലും കുഞ്ഞുവായിൽ വലിയവർത്തമാനം പറയുന്ന മിടുക്കികുട്ടി,
വിളക്ക് കൊളുത്തി നാമം ജപിക്കാൻ ഇരുന്നു
"രാമ രാമ രാമാ രാമ രാമ രാമ രാമാ പാഹിമാം
രാമ പാദം ചേരണേ മുകുന്ദരാമ പാഹിമാം... അമ്മേ, സമയം എത്രയായി.?"
"ങേ...നീ അത് ചൊല്ലി എണീക്കുന്നുണ്ടോ... എന്തിനാ ഇപ്പൊ സമയമറിഞ്ഞിട്ട്.."
"ഡോറയുടെ പ്രയാണം തുടങ്ങാറായോന്നറിയാനാ.."
"അച്ഛനിങ്ങു വരട്ടെ നിന്റെ ഡോറയെ ഞാൻ കാണിച്ചു തരാ.."
"അമ്മേ ദേവി....
ഗുരുവായൂരപ്പാ കൃഷ്ണാ...
അസുഖം വരാതെ രക്ഷിക്കണേ...
അച്ഛൻ എന്നും കള്ളുകുടിക്കും
അമ്മയെ അടിക്കും...
ഇന്നെങ്കിലും അച്ഛൻ കള്ളു കുടിക്കാതെ വരണേ...ഭഗവാനെ.."
അമ്മു
ഗീതു അജയൻ
ദാമ്പതികളുടെ ഏകമകൾ
.... ദിവസവും അവളുടെ പ്രാർത്ഥനയാണിത്, ഓർമ്മവച്ചനാൾമുതൽ അച്ഛൻ മദ്യത്തിന് അടിമ, മദ്യം കഴിക്കാതെ വരുന്ന അച്ഛൻ അവളുടെ സ്വപ്നങ്ങളിൽ മാത്രമായിരുന്നു...
നാമംചൊല്ലി എണീറ്റ് നടക്കുമ്പോഴാണ്
ഉടനെ പടിവാതിൽ തുറന്ന് അജയൻ വരുന്നത്‌ ,"ന്റെ അമ്മുവേ....അമ്മുമോളെ.... എവിഡ്രി..."
മദ്യത്തിന്റെ ലഹരിയിൽ അജയന്റെ നാവ് കുഴഞ്ഞുപോകുന്നത് അയ്യാൾ പോലുമാറിയുന്നുണ്ടായിരുന്നില്ല
അമ്മു അയ്യാളെ നോക്കി തിരിഞ്ഞു ഓടി അടുക്കളയിൽ ചെന്ന് ഗീതുവിന്റെ അരക്കെട്ടിൽ കെട്ടിപ്പിടിച്ചു
"അമ്മേ...ദേ അച്ഛൻ....അച്ഛൻ ഇന്നും കള്ള് കുടിച്ചിട്ടുണ്ട്"
മോള് പോയി പഠിച്ചോ 'അമ്മ നോക്കട്ടെ"
ഗീതു ചെന്ന് നോക്കുമ്പോൾ അജയൻ ഉമ്മറത്ത് തൂണുംചാരി ഇരിക്കുന്നുണ്ടായിരുന്നു, ഒരു കുപ്പിയിൽ കുടിച്ചമദ്യത്തിന്റെ ബാക്കി, ഉടുമുണ്ട് അഴിഞ്ഞുവീണിരിക്കുന്നു,മിഴികൾ പാതിയെ തുറക്കാൻ കഴിയുന്നുള്ളൂ
"ഹോ...മനുഷ്യനെ നാണം കെടുത്താൻ ഇങ്ങനെയൊരുജന്മം..
മടുത്തു ഈ ജീവിതം , ഈ കൊച്ചുള്ള കാരണമാണ് ഇന്നും എന്നെ ജീവനോടെ കാണുന്നത്"
അവൾ അജയനെ എടുത്ത്പൊന്തിക്കാൻ ശ്രമിച്ചു
"വിടടി എന്നെ...നീയരാ എന്നെ പിടിക്കാൻ...പോയി നിന്റെ മറ്റവനെ പിടിയടി"
എഴുന്നേൽക്കാൻ ശ്രമിച്ച അയ്യാൾ താഴെവീണു ,ഒരുവിധത്തിൽ ഗീതു അയാളെ അകത്ത് കൊണ്ടിരുത്തി,
ഇരുന്ന ഇടത്തിൽനിന്ന് എഴുന്നേറ്റ്
തന്റെ കൈയ്യിലുള്ള മദ്യകുപ്പിയിൽനിന്ന് മദ്യം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു കുടിച്ചു.
ആ കാഴ്ച്ച ഭയാനകത്തോടെയാണ് അമ്മു നോക്കിനിന്നത്
"ഏട്ടാ...പായ ഇട്ടിട്ടുണ്ട് വന്ന് കിടന്നോളൂ...."
"മ്.... എന്നെ ഇത്ര നേരത്തെ ഉറക്കികിടത്തിയിട്ട് അവന്റെ കൂടെ പോകാണാനാണോ? ആണോടി മൂദേവി... ചോദിച്ചതിന് ഉത്തരം പറയടി...."
"ദേ, മനുഷ്യ.......ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ട്...."
"ആഹ്ഹ..എനിക്ക് നേരെ നിന്ന് കുരക്കാറായോ നായിന്റെ മോളെ"
അജയൻ അവളുടെ മുടികെട്ടിൽ കുത്തിപ്പിടിച്ചു,
"അമ്മേ...." അമ്മു അവളെ ചേർത്ത് പിടിച്ചു,കുതറി തെറിച്ച അവൾ ചുമരിന്റെ മൂലയിൽ ചെന്നുവീണു,
അമ്മുവിനെ മാറോട് ചേർത്ത് തേങ്ങി തേങ്ങി കരഞ്ഞു.
മദ്യത്തിന്റെ ലഹരിയിൽ അയ്യാൾ എപ്പോഴോ ഉറക്കത്തിലേക്ക് ലയിച്ചുവീണു..
"അമ്മേ..."
"എന്താ മോളെ"
"അച്ഛൻ എന്തിനാ കള്ള് കുടിക്കുന്നേ..?."
കുഞ്ഞു മനസിലെ ആ വലിയചോദ്യത്തിനുള്ള ഉത്തരം നൽകാൻ കഴിയാതെ ഗീതു അവളെ മാറോട് ചേർത്തണച്ചു,മിഴികളിൽ നിന്നുള്ള അശ്രുക്കളെ തടയുവാൻ അവളുടെ കൈകൾക്ക് ശേഷിയില്ലാതെയായി..
ഉദയസൂര്യന്റെ വെളിച്ചം അയാളിൽ സുബോധം സൃഷ്ട്ടിച്ചു, പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു, പെട്ടന്നാണ് തനിക്ക് ഉടുതുണിയില്ല എന്ന സത്യം മനസിലായത് , മുണ്ട് തപ്പിയെടുത്തുടുത്തു,
"ഗീതു ചായ...."
ചായുമായിവന്ന അവളുടെ മുഖത്തേക്ക് നോക്കാതെ അയ്യാൾ ചായ വാങ്ങി...
"അമ്മു എവിടെ" അയ്യാൾ ചോദിച്ചു
"അപ്പുറത്തുണ്ട്.."
ഇവിടെ വരാൻ പറയ്..."
"മ്...." അവൾ മൂളി
ഉടനെ അമ്മുവന്നു
"അമ്മുമോളെ....വാ , ഇന്നലെ നേരത്തെ ഉറങ്ങിയോ അച്ഛൻ കണ്ടില്ലാലോ"
"ഇല്ല ; ഞാ കണ്ടല്ലോ അച്ഛനെ..."
"ഉവ്വോ.....അച്ഛൻ കപ്പലണ്ടി മുട്ടായി വാങ്ങിയിരുന്നു കിട്ടിയില്ലേ..?
"ഇല്ല..."
"ങേ...അതെവിടെപ്പോയി ,നാരായണൻ ചേട്ടന്റെ കടയിൽ നിന്ന് ഞാൻ വാങ്ങിയതാണല്ലോ..."അയ്യാൾ സ്വയം ചോദിച്ചു
"അച്ഛാ...."
"എന്താടാ..."അജയൻ അമ്മുവിനെ എടുത്ത മടിയിൽ വച്ചു..."
"അച്ഛൻ ഇനി കള്ള് കുടിക്കേണ്ട ...എനിക്ക് പേടിയാ...
ഇന്നലെ അമ്മയെ തല്ലി....ഇനി എന്നേം തല്ലോ....."
അമ്മു... അച്ഛന് അറിയാതെ പറ്റിയതല്ലേ...."
"ഇനി കള്ള്കുടിക്കില്ലാന്ന് എനിക്ക് വാക്ക്താ ...'
"ഇല്ല, ഇനി അച്ഛൻ കുടിക്കില്ല"
അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് അയ്യാൾ പറഞ്ഞു.
അതുകേട്ട അമ്മുവിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു
"അമ്മേ...." അമ്മു ഗീതുവിനെ നീട്ടി വിളിച്ചു
"അച്ഛൻ ഇനി കള്ള് കുടിക്കില്ലന്ന്..."
"ഉവ്വോ..."
"ഞാനിന്നലെ കൊറേ പ്രാർത്ഥിച്ചു..'
"അമ്മുമോൾടെ പ്രാർത്ഥന ദൈവം കേട്ട് കാണും.."
ചെറുപുഞ്ചിരിയോടെ ഗീതു അവളുടെ നെറുകയിൽ തലോടി...
പ്രഭാത കൃത്യങ്ങളെല്ലാം കഴിഞ്ഞു അജയൻ ജോലിക്ക് പോയി , പടിവാതിൽ കടന്ന്
അച്ഛൻ കണ്മറഞ്ഞു പോകുന്നത് അമ്മു നോക്കിനിന്നു നല്ലൊരു രാത്രിക്ക് വേണ്ടി..
അന്ന് പതിവിലും നേരത്തെ മേല് കഴുകി അവൾ നാമം ചൊല്ലാൻ ഇരുന്നു, പകുതിയായപ്പോൾ കുറച്ചാളുകൾ ചേർന്ന് ഒരാളെ എടുത്തുകൊണ്ട് വരുന്നകാഴ്ച്ചയാണ് അമ്മു കണ്ടത്.
അമ്മേ .....ദാ അരണ്ടോ വരുന്നു"
ഗീതു അടുക്കളയിൽ നിന്നോടി വന്നാ കാഴ്ച്ച കണ്ട് തരിച്ചു നിന്നു..അജയേട്ടൻ...
"എന്താ.. എന്താ പറ്റിയേ..?."
കൂടെ വന്നവരോട് ചോദിച്ചു
"ആ വഴിയിൽ കിടന്നതാ ഞങ്ങൾ എടുത്തതൊണ്ട് പൊന്നു...
സൂക്ഷിക്കണേ പെങ്ങളെ... ആള് നല്ല ഫിറ്റാ..."
മറുപടി പറയാൻ കഴിയാതെ അവൾ തലകുനിച്ചു നിന്നു...
അമ്മുവും ഗീതുവും ചേർന്ന് അജയനെ ഉമ്മറത്തിണ്ണയിൽ കിടത്തി...
"എവിടെ...എവിടടാ എന്റെ കുപ്പി ,കുപ്പി എവിടെ..."
ബോധമില്ലാതെ അജയൻ ചോദിച്ചു..
"അമ്മേ...അച്ഛനെന്താ ഇങ്ങനെ..."
"അറിയില്ല മോളെ..."
"ഇന്ന് എനിക്ക് വാക്ക് തന്നതാ ഇനി കള്ള് കുടിക്കില്ലന്ന്...പിന്നെ...പിന്നെ..."
അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി...
ഗീതു അവളെ ചേർത്ത് പിടിച്ചു "സരല്ല്യാ മോളെ...അച്ഛന് ഒരുകാലത്ത്‌ ബോധ്യപ്പെടും നമ്മൾ എത്രത്തോളം സ്നേഹിച്ചു എന്ന്..."
മദ്യപാനം ആരോഗ്യത്തിന് ഹാനീകാരവും സന്തോഷത്തെ തല്ലിക്കെടുത്തുകയുംചെയ്യുന്നു....
സൂക്ഷിച്ച് നോക്കിയാൽ ഇതുപോലെ മദ്യപാനത്തിനടിമപ്പെട്ട അജയനെയും,
അച്ഛന്റെ സ്നേഹം കൊതിച്ചെത്തുന്ന
മകളെയും, ഭാര്യ എന്ന വേഷം കെട്ടിയാടുന്ന സ്‌ത്രീകളെയും കാണാം നമുക്കുചുറ്റും ....
രചന : വിനു വിനീഷ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo