Slider

പ്രണയനൊമ്പരം (ഒരു ഫേസ്ബുക്ക് പ്രണയകഥ)

0
പ്രണയനൊമ്പരം
(ഒരു ഫേസ്ബുക്ക് പ്രണയകഥ)
മുഖപുസ്തകത്തിലെ എഴുത്തുകൾ വായിക്കുന്നതിനിടയിലാണ് പ്രിയ ആ യുവ എഴുത്തുകാരനെ ശ്രദ്ധിച്ചത്, മനു കൃഷ്ണൻ ,
മറ്റുള്ള എഴുത്തുകാരിൽ നിന്ന് അവതരണശൈലിയിലും വർണ്ണനയിലും തികച്ചും വ്യത്യസ്ഥൻ, അതുകൊണ്ടാകാം മനു മുഖപുസ്തകത്തിൽ ശ്രദ്ധയാകർഷിച്ച ഒരാളായി മാറിയത്...
ഒരുതരം ആരാധനയാണവൾക്കുണ്ടായിരുന്നത്
"കൂട്ട് കൂടാണോ.." അവൾ സ്വയം ചോദിച്ചു..
"കൂടിയേക്കാം...നല്ല എഴുത്തുകൾ വായിക്കലോ..."
രണ്ടും കൽപ്പിച്ച് പ്രിയ മനുവിന് റിക്വസ്റ്റ് അയച്ചു കത്തിരിന്നു..
ദിവസം ഒന്ന് കഴിഞ്ഞു സൗഹൃദം സ്വീകരിച്ചില്ല, ദളങ്ങൾ കൊഴിയുന്നപോലെ ദിനങ്ങൾ കൊഴിഞ്ഞുവീണുകൊണ്ടേയിരുന്നു, അവളുടെ പ്രതീക്ഷകളെല്ലാം തെറ്റി....
"ചെ...ഇയ്യാൾ എന്ത് മനുഷ്യനാ...ഒരു പെണ്കുട്ടി കൂട്ട്കൂടാൻ വിളിച്ചാൽ അത് നിരസിക്ക്യേ...ഹും..."
ആ ദേഷ്യത്തിൽ പ്രിയ തന്റെ ഫോണും വലിച്ചെറിഞ്ഞു മുഖപുസ്തകത്തിൽനിന്നും ഇറങ്ങിപ്പോയി...
സന്ധ്യകഴിഞ്ഞ് ഉമ്മറത്തിണ്ണയിൽ ഇരുന്ന് വീണ്ടും മുഖപുസ്തകം തുറന്ന് നോക്കി ,ഒരു നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു
എടുത്തുനോക്കിയവൾ അത്ഭുതപ്പെട്ടു.
"മനു കൃഷ്ണൻ ആസെപ്റ്റഡ് യൂവർ ഫ്രണ്ട് റിക്വസ്റ്റ്"
സന്തോഷത്തിന് അതിരില്ലായിരുന്നു പ്രിയക്ക്
വേഗം മെസഞ്ചറിൽ അയ്യാൾക്ക് ഒരു സന്ദേശമയച്ചു
"ഹായ് , ഞാൻ പ്രിയ..."
മറുപടി വന്നില്ല...
"ഇനി തന്നെ അറിയാഞ്ഞിട്ടാണോ?
മനുവിന്റെ പ്രൊഫൈൽ തിരഞ്ഞുപിടിച്ച് എഴുതിയ കവിതകൾക്കും കഥകൾക്കും ലൈക്കും, കമന്റും വാരികോരിക്കൊടുത്തു.
മറുപടി വന്നില്ല,
ശ്രമം പരാജയപ്പെട്ടു മാനത്ത് നോക്കിയിക്കുമ്പോഴാണ് മനുവിന്റെ സന്ദേശം അവളെ തേടിയെത്തിയത്
"ഹായ് ഞാൻ മനു" ഫോൺ എടുത്ത് അവൾ ബെഡ്റൂമിലേക്ക് ചാടിക്കയറി ബെഡിൽ മലർന്നുകിടന്ന് സന്ദേശത്തിന് മറുപടി നൽകി
"എഴുത്തുകളൊക്കെ ഞാൻ വായിക്കാറുണ്ട്... എങ്ങനെ പറ്റുന്നു ഇങ്ങനെ നന്നായി എഴുതാൻ?"
" അയ്യോ..ഞാൻ വലിയ എഴുത്തുകാരനൊന്നുമല്ല...ചുറ്റിലും കാണുന്ന കാഴ്ചകൾ പകർത്തി നിങ്ങളിലേക്ക് എത്തിക്കുന്നു .."
"ഹഹഹ...എല്ലാ എഴുത്തുകാരും പറയുന്ന മറുപടി അല്ലെ...സർ"
"ആ സർ വിളി ഒഴിവാക്കൂ.. മനു അത് മതി..."
" ഉം..എന്താ ചെയ്യുന്നേ., ജോലിയാണോ അതോ പഠിക്കുകയോ ,അതോ മുഴുവൻ സമയവും ഈ എഴുതും വായനയും തന്നെയാണോ...? "
"പഠിക്കുന്നുണ്ട് ജീവിതത്തെ..
എഴുത്തും വായനയും, അത് രക്തത്തിൽ കലർന്നതാ,എന്റെ ലഹരി."
"ആണോ...എവിടെയാ വീട്...? "
"ഒറ്റപ്പാലം , പാലക്കാട് ജില്ല, പ്രിയ എവിടെയാണ്..? "
"പാലക്കാട് ആണോ...ഞാൻ തൃശ്ശൂരാണ്.."
"ഓഹ്..അപ്പൊ നമ്മൾ അയൽവാസികളാണ് ല്ലേ..."
"മ് അതേ....എഴുത്തിനെപ്പോലെ എഴുത്തുകാരനും സൂപ്പറാണ് ട്ടോ..!
"ങേ.."
" യുവർ പ്രൊഫൈൽ പിക്ചർ ഇസ് സൂപ്പർ"
"ഹോ....താങ്ക്യു...എന്നാ ശരി പിന്നെ കാണാം.."
മനു സംഭക്ഷണം അവസാനിപ്പിക്കാൻ ശ്രമിച്ചു
"പോവുകയാണോ...? എന്താ പണി.."
"ഇല്ല ഇവിടെയുണ്ട്, വായിക്കാനുണ്ടായിരിന്നു.അംബികാസുദന്റെ ഒരു സൃഷ്ട്ടി വായിച്ചിട്ടില്ലേ 'എന്മകജെ' എന്റോസൾഫാനെതിരെ പോരാടിയവരെ കുറിച്ച്"
"ഓഹ്...ഇല്ലാ... എന്നാ ശരി... ശുഭരാത്രി"
മനസ്സില്ലാ മനസോടെ അവൾ ടൈപ്പ് ചെയ്തു,
ബെഡിൽ മലർന്ന് കിടന്ന് മനുവിന്റെ ഫോട്ടോകൾ ഓരോന്നായി എടുത്ത് നോക്കി ലൈക്കും കമന്റും കൊടുത്തുകൊണ്ടേയിരുന്നു,
"മനുകൃഷ്ണൻ ,എന്തോരം പ്രണയകാവ്യങ്ങളാണ് എഴുതിയിരിക്കുന്നത്, നല്ല കഴിവുള്ളയാൾ,
അവൾ സ്വയം പറഞ്ഞു..
ദിവസം കൂടുംതോറും സൗഹൃദത്തിന്റെ ആഴം കൂടികൂടിവന്നു
ഓരോ ദിനങ്ങളും പ്രിയ അയാൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ടായിരുന്നു തുടങ്ങിയിരുന്നത്,
മനുവിനോടുള്ള സൗഹൃദം പിന്നീടെപ്പോഴോ ഗുൽമോഹർ പൂക്കുന്ന പ്രണയത്തിന്റെ ആർദ്രമായ തീരത്തേക്ക് അവളെ കൊണ്ടെത്തിച്ചു,
തനിക്ക് മനുവിനോടുള്ള പ്രണയം തിരിച്ചും ഉണ്ടാകുമോ എന്ന ചോദ്യമാണ് അവൾക്ക് ഉറക്കമില്ലാ രാത്രികൾ സമ്മാനിച്ചുകൊണ്ടിരുന്നത്.
പ്രണയം വീർപ്പുമുട്ടിച്ച രാത്രി അവൾ രണ്ടും കൽപ്പിച്ച് മനുവിന് സന്ദേശമയച്ചു.
"മനു,ഐ ലൈവ് യൂ... നീയില്ലാതെ എനിക്ക് പറ്റില്ല, ഞാനിപ്പോ നിന്നിലാണ് ,ഓരോ നിമിഷവും നിന്റെകൂടെയിരിക്കാനാണ് എനിക്കിഷ്ടം..."
മറുപടിക്കും വേണ്ടി അവൾ കാത്തിരുന്നു...
പക്ഷെ മനുവിന്റെ പ്രതികരണം മറിച്ചായിരുന്നു...
"പ്രിയാ... നീ എന്റെ സുഹൃത്താണ് അത് മറക്കരുത്, എനിക്ക് അങ്ങനെ കാണാൻ കഴിയൂ....
പ്രണയം, വിവാഹം ഇതൊന്നും അല്ല എന്റെ ലോകം, മനസിലാക്കൂ...
ഇനി ഇങ്ങനെയാണെങ്കിൽ ഈ സൗഹൃദത്തോട് എനിക്ക് താൽപ്പര്യമില്ല...
"പക്ഷേ... മനു....നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല... എടുക്കുന്ന ഓരോ ശ്വാസത്തിലും നീയുണ്ട്... നമ്മളൊന്നിച്ചുള്ള യാത്രകൾ,നിമിഷങ്ങൾ, എനിക്ക് വേണ്ടിയെഴുതുന്ന കവിതകൾ ,മനു റീയലി ഐ ലൈവ് യൂ...
"ഈ കാര്യം പറഞ്ഞുകൊണ്ട് ഇനി എന്റെ ഇൻബോക്സിൽ വന്നാൽ ഞാൻ ബ്ലോക്ക് ചെയ്യും..."
പ്രിയ മറുപടി അയച്ചില്ല...
മറിച്ച് അയ്യാളുടെ മുഖപുസ്തകത്തിലെ സൗഹൃദങ്ങളെ കൂട്ടപ്പിടിച്ചു വീട് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
കണ്ടെത്തി അയ്യാളുടെ വീടിനടുത്തുള്ള ഒരു സുഹൃത്ത് വഴി ,പിന്നെ വൈകിച്ചില്ല മനുവിനെ തേടി അവൾ യാത്രയായി ,അയ്യാളുമായുള്ള ആദ്യ കൂടികാഴ്ച്ച എങ്ങനെവേണമെന്നവൾ യാത്രയിലുടനീളം ആലോചിച്ചിരുന്നു,
ഒറ്റപ്പാലം തൃത്താലയിൽ ബസ്സിറങ്ങി
മനുവിന്റെ സുഹൃത്തിനെ ഫോണിൽ വിളിച്ചു
"ഹായ് ,രേഷ്മാ ഞാൻ ദാ തൃത്താലയുണ്ട്..."
"ചേച്ചി...ഒരു പത്ത് മിനിട്ട് ഞാൻ ഇപ്പൊ വരാ..."
ഫോൺ കട്ട് ചെയ്ത് പ്രിയ മനുവിന്റെ ഫോട്ടോനോക്കിയിരുന്നു..
എന്നെ ഒഴിവാക്കാൻ നോക്കണല്ലേ... ഇന്ന് ശെരിക്കും ഞെട്ടും...ഞെട്ടിക്കും ഞാൻ. അവൾ മനസിൽ പറഞ്ഞു
പത്തു മിനിട്ട് കഴിഞ്ഞപ്പോൾ ഒരു വെള്ള ആക്ടിവ അവളുടെ മുന്നിൽ വന്നുനിന്നു,
"പ്രിയ ചേച്ചി അല്ലെ..?" ഹെൽമെറ്റിനുള്ളിലൂടെ രേഷ്മ ചോദിച്ചു
"അതെ..രേഷ്മ..?"
"അതെ... കയറിക്കോളൂ..
പ്രിയയെയുംകൊണ്ട് രേഷ്മ പുറപ്പെട്ടു... നാട്ടുപാതയിലൂടെയുള്ളയാത്ര അവൾക്ക് ആദ്യ അനുഭവമായിരുന്നു ചുറ്റിലും തെങ്ങുകൾ,പാടങ്ങൾ,കുളങ്ങൾ
പ്രകൃതിയുടെ മനോഹാരിത അവൾ അതുപോലെ മനസിലേക്ക് പകർത്തി
ഒരു ചെറിയ ഇടവഴിയിൽ രേഷ്മ സ്‌കൂട്ടർ നിറുത്തി...
"ചേച്ചി ,ഇനി ഇച്ചിരി നടക്കണം.."
"ഓ അതിനെന്താ...ഓരോ കാൽവപ്പും അവൾ അസ്വദിച്ചുകൊണ്ടേയിരുന്നു,
പുല്ലും ,പുൽനാമ്പുകളും അവളെ തഴുകി അവളിലെ പ്രണയത്തെ ശക്തത്തിപ്പെടുത്തി.
ആ ഇടവഴി ചെന്നവസാനിച്ചത് ഓടിട്ട ചെറിയ കൂരക്കുമുൻപിൽ ആയിരുന്നു
അതെ! മനുവിന്റെ വീട് .കഴുക്കോൽ ദ്രവിച്ചു ഇടിഞ്ഞു വീഴാറായിരിക്കുന്നു, ശക്തമായമഴയിൽ ഒളിച്ചുപോകുംവിധത്തിലായിരുന്നു വീടിന്റെ സ്ഥിതി..
"മനുവേട്ടാ....,അമ്മേ....ഇവിടെ ആരുമില്ലേ...?
"കിടന്ന് തൊള്ള കീറേണ്ട ഞാൻ ഇവിടെയുണ്ട്.."
അകത്ത് നിന്ന് പൗരുഷമായ ശബ്ദം
"മനുവേട്ടനാ..."രേഷ്മ പതിയെ പ്രിയയുടെ ചെവിയിൽ പറഞ്ഞു.
അതുകേട്ടതും പ്രിയ പാറി കിടന്നിരുന്ന തന്റെ മുടിയിഴകൾ വിരലുകൾകൊണ്ടുതുക്കിവച്ചു.
വാതിൽതുറന്നത് പ്രായമായ ഒരു സ്ത്രീ ആയിരുന്നു,
"ഹാ....രേഷ്മമോളോ...ഇതാരാ..."
"ഇത് മനുവേട്ടന്റെ സുഹൃത്താണ്..പ്രിയ..."
"ഓ വരൂ...അവൻ റൂമിലാ അങ്ങോട്ട് ചെന്നോളൂ.."
രേഷ്മ പ്രിയയെയും കൂട്ടി മനുവിന്റെ റൂമിലേക്ക് നടന്നു..."
"മനുവേട്ടാ, ഒരു സർപ്രൈസ് ഉണ്ട് ട്ടോ..?
"എനിക്കോ...' അയ്യാൾ ചോദിച്ചു
"ഉം...ചേച്ചി...."
പ്രിയ അകത്തേക്ക് കണ്ടന്നുവന്നു.
വീൽ ചെയറിൽ ഇരിക്കുന്ന മനുവിനെ കണ്ടവൾ സ്തംഭിച്ചു നിന്നു...
"പ്രിയാ... താൻ...താനെന്താ ഇവിടെ"
"ഞാൻ ...ഞാൻ...അവളുടെ വാക്കുകൾ മുറിഞ്ഞുപോകുന്നപോലെ തിലൊന്നി, കണ്ണുകൾ നിറഞ്ഞൊഴുകി മിഴിനീർക്കണങ്ങൾ ഒപ്പിയെടുക്കാൻ വിരലുകൾക്ക് ശക്തിയില്ലാതെയായി
"രേഷ്മാ...താൻ പൊയ്ക്കോളൂ ഞാൻ വിളിക്കാ..."
"ശരിയേട്ടാ...'അവൾ ആ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി
"പ്രിയ...ഇരിക്ക്..
പുസ്തകകെട്ടുകളുടെ രൂക്ഷഗന്ധംപരക്കുന്ന ആ ഒറ്റമുറിയുടെ മൂലയിൽ ജാലകത്തിനോട് ചരിയുള്ള കസാരയിലവളിരുന്നു
"ഇതാണ് മനു കൃഷ്ണൻ, ഈ കാണുന്ന പുസ്തകങ്ങളാണ് എന്റെ കാമുകിമാർ, ഈ തൂലികയാണ് എന്റെ ഭാര്യ, നാല് ചുമരുകളടങ്ങിയ ഈ ഒറ്റമുറിയാണ് എന്റെ കുടുംബം പിന്നെ,ഇരുകാലുകൾക്കും ചലനശേഷിയില്ല,
ഓർമ്മവച്ചനാൾ മുതൽ ഇവൻ എന്റെകൂടെയുണ്ട്...അല്ലെടാ"
തന്റെ വീൽചെയർ തടവിക്കൊണ്ട് അയ്യാൾ പറഞ്ഞു
"എന്തേ എന്നോടൊന്നും പറഞ്ഞില്ല"
"പറയേണ്ട എന്ന് തോന്നി. അത് തന്നെ ,പിന്നെ അത് വച്ചുള്ള സഹതാപം ,സഹായങ്ങൾ, ആശ്വാസവാക്കുകൾ എനിക്ക് അതെന്നുമിഷ്ട്ടമല്ല..
താൻ മനുവുമായി കണ്ട സ്വപ്നങ്ങളെല്ലാം ഒരുനിമിഷം അവൾ ഓർത്തതുപോയി.
പ്രിയ തന്റെ മിഴികൾ തുടച്ചുകൊണ്ടു പറഞ്ഞു
"അയാം സോറി..എനിക്ക് അറിയില്ലായിരുന്നു ഒന്നും"
"ഹേയ്...ഞാൻ തന്നെ കുറ്റപ്പെടുത്തുകയല്ല, എനിക്ക് പ്രണയമുണ്ട് അത് അക്ഷരങ്ങളോടാണ്. പക്ഷെ നീ ഇഷ്ട്ടപ്പെട്ടതും, പ്രണയിച്ചതും എന്നെ അല്ല എന്റെ സൃഷ്ട്ടികളെയാണ്, അത് ആദ്യം മനസ്സിലാകൂ..,
പിന്നെ ഞാൻ തന്നെ കല്യാണം കഴിച്ചിട്ട്, കൂടെ പാർക്കിൽ പോകാനോ, സിനിമക്ക് പോകാനോ, കൈപിടിച്ചു നടക്കാനോ,എന്തിന് നിനക്ക് ഒരു കുഞ്ഞിന്നെ തരാനോ, ചിലപ്പോൾ ഒരു നല്ല ഭർത്താവാകനോ എനിക്ക് കഴിയില്ല. നീ സങ്കല്പിച്ചപ്പോലെ നിനക്ക് നല്ലൊരു ഭർത്താവിനെ കിട്ടും, സ്നേഹിക്കാനും,ലാളിക്കാനും,ഇണങ്ങാനും, പിണങ്ങാനും കഴിവുള്ള രണ്ട് കാലുകളുള്ള ഒരാൾ..
"ഉം, "അവൾ മൂളി
"ഇതാണ് എന്റെ ലോകം...മുഷിഞ്ഞ പുസ്തകങ്ങൾ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്നത് കണ്ടില്ലേ...ഇതുപോലെയങ്ങു മുഷിഞ്ഞു പോകും വിധിയെ തോൽപ്പിച്ചു കൊണ്ട് ഈ മനു കൃഷ്ണൻ,
എന്തായാലും വന്നതിൽ സന്തോഷം പ്രിയാ...ഒരു നല്ല സുഹൃത്തായി എന്നും എന്റെ കൂടെയുണ്ടാകണം, ഞാൻ വിളിക്കുമ്പോഴൊക്കെ ഓടി വരണം.."
"ഉം"
വീൽ ചെയർ പതുക്കെ വതിലിനടുത്തേക്ക് ഉരുട്ടിനീക്കി അമ്മയോട് ചായയുടെ കൂട്ടം സംസാരിക്കുന്ന മനുവിനെ അവൾ ഇമവെട്ടാതെ നോക്കിനിന്നു
ചായ കുടിച്ചു സൗഹൃദപരമായി അവസാനിച്ച ആ കൂടിക്കാഴ്ച മനസിന്റെ മന്ത്രികചെപ്പിൽ അടച്ചുവച്ചു പ്രിയക്ക് യാത്ര നൽകി..
രേഷ്മയുടെ കൈയ്യും പിടിച്ച് തെങ്ങിൻ തോപ്പിലൂടെ നടന്നകലുന്ന പ്രിയയെ മനു തന്റെ ഒറ്റമുറിയുടെ ജാലകത്തിലൂടെ നോക്കിയിരുന്നു,
മനസിലോളിപ്പിച്ച പ്രണയം അവളുടെ നല്ല നാളെക്കുവേണ്ടി കുഴിവെട്ടിമൂടി
എന്തിനോ വേണ്ടി പൊഴിയുന്ന കണ്ണുനീർ തുള്ളികൾ
വിധിയെ നോക്കി പുച്ഛിച്ചു.
"വിധി...നിന്റെ വലയിൽ അകപ്പെട്ട് എനിക്ക് നഷ്ട്ടമായത് ഞാൻ കണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളുമായിരുന്നു..."
അയ്യാൾ സ്വയം കുറിച്ചു
രചന : വിനു വിനീഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo