നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗുരുവായൂർ കല്യാണം

ഗുരുവായൂർ കല്യാണം
കഥ
കിഴക്കെ നടയിലെ നെടുനീളൻ നടപ്പുരയിൽ നിരനിരയായി കാണുന്ന ഏതു കല്യാണ മണ്ഡപവും അതിഥിക്ക് തിരഞ്ഞെടുക്കാം. മുഖത്തിനു പ്രസക്തിയില്ലാത്തവിധം മിനുക്കുപണി ചെയ്ത കല്യാണപ്പെണ്ണുങ്ങളുടേയും ചെക്കന്മാരുടേയും എണ്ണിയാൽ തീരാത്ത നിര എല്ലാ മണ്ഡപങ്ങളേയും അപ്രാപ്യമാക്കുന്നു.കാച്ചിയ എണ്ണയും മുല്ലപ്പൂവും ഒന്നിച്ച രൂക്ഷഗന്ധവും ആരോഹണാവരോഹണങ്ങളില്ലാത്ത പക്കമേളവൂം കല്യാണമണ്ഡപങ്ങളെ ഒന്നിനൊന്ന് തിരിച്ചറയിനാവാത്ത വിധം ഏകീകരിക്കുന്നു.
എഴുന്നെള്ളിപ്പിന്റെ കോപ്പുകൂട്ടലോടെ വധൂവരന്മാർ മണ്ഡലത്തിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്തുപോന്നു.നിശ്ചിതമായ ഒരനുഷ്ഠാനത്തിന്റെ യാന്ത്രികതയോടെ അവർ താലികെട്ടുന്നു ,വധുവിന്റെ നെറ്റിയിൽ കുങ്കുമം ചാർത്തുന്നു,അന്യോന്യം മാല അണിയിക്കുന്നു, വിളക്കിനു ചുറ്റും പ്രദക്ഷിണം വെയ്ക്കുന്നു, വെറ്റില അടക്ക ദക്ഷിണ വെച്ച് കാൽ തൊട്ട് വന്ദിക്കുന്നു ,"മാറ്ആ, മാറ്ആ" എന്ന കാർമ്മികന്റെ ആക്രോശത്തിനൊപ്പം മറ്റൊരെഴുന്നള്ളത്തിന്റ തള്ളലിൽ നില നഷ്ടപ്പെട്ട് മണ്ഡപത്തിൽ നിന്ന് പെട്ടന്ന് പുറംതള്ളപ്പെടുന്നു.
ഒരെഴുന്നള്ളിപ്പിന്റെ ഇറക്കവും മറ്റൊന്നിന്റെ കയറ്റവും ഒന്നിച്ചായതുകൊണ്ട് പക്കമേളം ഒരേ താളത്തിൽ തുടരുന്നു.ഇടതടവില്ലാതെ മണ്ഡപത്തിലൂടെ കടന്നു പോകുന്ന ആ ജാഥയിൽ ആരുടെ കല്യാണം എപ്പോൾ നടന്നുവെന്നത് അപ്രസക്തമാകുന്നു.. ഭഗവാന്റെ നടയിലെ ഒരു മണ്ഡപത്തിലൂടെ കയറിയിറങ്ങിയ മൊബെയിൽ ചിത്രങ്ങൾ മാത്രമാണ് വധൂവരന്മാർക്ക് ഓർത്തു വെയ്ക്കാൻ ബാക്കിയാവുന്നത്.
ഏതെങ്കിലുമൊരു മണ്ഡപത്തിനടുത്ത് താനും ഉണ്ടായിരുന്നുവെന്ന് എന്ന് സന്തോഷിച്ചാൽ അത് അതിഥിക്കും നന്ന്. സന്തോഷിച്ചില്ലെങ്കിലും അതിഥിയുടെ കണ്ണിൽ പെടാതിരിക്കാനിടയുള്ള ആതിഥേയന് ഒട്ടും പരിഭവം തോന്നുകയില്ല.
കല്യാണ സദ്യ ഒരുക്കി നിരനിരയായി കാത്തുനിൽക്കുന്ന വൃന്ദാവനം, ദ്വാരക, മധുര, ശ്രീകൃഷ്ണ, ഗായത്രി, പ്രണവം, എന്നീ പുരാണസ്മൃതികളുണർത്തുന്ന സദ്യശാലകളിൽ എവിടേയും കയറി ഊണു കഴിക്കാൻ ക്ഷണിക്കപ്പെട്ടവർക്കും ക്ഷണിക്കപ്പെടാത്തവർക്കും സ്വാതന്ത്ര്യമുണ്ട്. ഉപചാരം പറയാനും വിഴളമ്പിത്തരാനും ആതിഥേയനില്ലാത്തതിനാൽ ഊണ് കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യുന്നത് ഓരോരുത്തരുടെ ഇഷ്ടമാണ്.
കല്യാണമണ്ഡപത്തിലെ രംഗത്തിന്റെ ഒരു തനിയാവർത്തനമാണ് സദ്യശാലയിലെ രംഗം. ഉണ്ണണമെന്നുറപ്പിച്ചവർ ഉണ്ടുകൊണ്ടിരിക്കുന്നവന്റെ, അവളുടെ, പുറകിൽ എച്ചിൽ നോക്കി നിൽക്കണം. ചളിമണ്ണ് കുത്തിയിളക്കുന്ന ജെസിബിയുടെ മട്ടിൽ ചോറും കറികളും കൂട്ടിക്കുഴച്ചുണ്ണുന്നതു നോക്കിയും, കാളൻ, ഓലൻ, എരുശ്ശേരി, അവിയൽ, നാരങ്ങ മാങ്ങ , പാലട പാത്രങ്ങളുടെ ഒരേ താളത്തിലുള്ള മേളം കേട്ടും, സാംബാറും പ്രഥമനും ഒന്നിച്ച മസാലക്കൂട്ടിന്റെ ഗന്ധം മണത്തും അങ്ങനെ നിന്നാലും ഊണു കഴിക്കാതെ ആരും തിരിച്ചു പോയതായി കേട്ടിട്ടില്ല.വിഭവങ്ങളുടെ രുചിയും വിളമ്പുന്നവരുടെ മുഖവും വിളമ്പുന്ന ക്രമവും സദൃശമാണെങ്കിലും തന്റെ ആതിഥേയൻ ഉദ്ദേശിച്ചയിടത്തു തന്നെ ഉണ്ണാൻ എല്ലാവരും ശ്രദ്ധിച്ചിരുന്നു.
വിളിക്കാത്ത സദ്യക്ക് ഉണ്ണാൻ പോയതിന്റെ മൗഢ്യത്തോടെ ബസ്സ്സ്റ്റാന്റിലേക്ക് നടക്കുമ്പോൾ മതിൽക്കെട്ടും പ്രദക്ഷിണവഴിയൂം ചുറ്റമ്പലവും ശ്രീകോവിലും തീർത്ത അന്തർഗൃഹത്തിൽ വാണരുളുന്ന ഭഗവാന്റെ താഴികക്കുടം നോക്കി "കൃഷ്ണാ,ഗുരുവായൂരപ്പാ രക്ഷിക്കണേ " എന്ന് പറയാത്തവരായി ആരുമില്ലത്രെ.

Paduthol

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot