നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സന്തുഷ്ട കുടുംബം

സന്തുഷ്ട കുടുംബം
കഥ
എനിക്ക് രണ്ടു മക്കൾ. ആദ്യത്തേത് മിടുമിടുക്കൻ നന്ദു. രണ്ടാമത്തേത് മിടുക്കി നന്ദിത. രണ്ടു പേരും എല്ലാ വിഷയങ്ങളിലും A+ മുറതെറ്റാതെ വാങ്ങുന്നതിനു പുറമെ നന്ദു സ്കൂളിലെ ക്രിക്കറ്റ് ടീമിന്റെ കാപറ്റനും, നന്ദിത ഭരതനാട്യം, കുച്ചിപ്പുഡി, ലളിത_ശാസ്ത്രീയ സംഗീതം എന്നീ സ്ത്രൈണ വിഷയങ്ങളിൽ അഗ്രഗണ്യയുമാണ്.
ഇത്രയും പറഞ്ഞതിൽ നിന്ന് അവർ ബുദ്ധിയുടേയും ശരീരത്തിന്റേയും വളർച്ചക്കാവശ്യമായ പോഷകങ്ങളടങ്ങിയ ഹോർലിക്സ്, ബൂസ്റ്റ്, കഴിക്കുന്നവരാണെന്ന് വ്യക്തമാണല്ലോ. അവരുടെ വസ്ത്രങ്ങളുടെ വെണ്മയുടെ രഹസ്യം എന്തെന്നറിയാൻ മറ്റു കുട്ടികളുടെ അമ്മമാർ എന്റെ കുട്ടികളുടെ അമ്മ അനാമികയെ അലട്ടാറുണ്ടെങ്കിലും അത് സർഫ് എക്സൽ ആണെന്ന് അവൾ ഇന്നോളം വെളിപ്പെടുത്തിയിട്ടില്ല.
അനാമിക രണ്ടു കുട്ടികളുടെ അമ്മയാണെന്ന് ആരും വിശ്വസിക്കില്ല.പൊതു വേദികളിൽ വെച്ച് പലരും അവളോട് "ഏതു കോളേജിലാ പഠിക്കുന്നത്?" എന്നു ചോദിച്ചു നാണം കെടുന്നത് ഒരു നിത്യസംഭവമാണ്. അവളുടെ സൗന്ദര്യരഹസ്യം ഹെർബൽ ഷാമ്പുവും സോപ്പും ആണെന്ന് എനിക്കു പോലും അറിയില്ല എന്നാണ് അവൾ ധരിച്ചു വെച്ചിരിക്കുന്നത്.
ഹെർബൽ വിഷയത്തിൽ എന്റെ അമ്മ ശ്രീദേവി അനാമികയെക്കാൾ വളരെ മുമ്പിലാണ്. പതഞ്ജലി ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുന്നതുകൊണ്ടാണ് എഴൂപതാം വയസ്സിലും താൻ ആരോഗ്യവതിയായിതുടരുന്നതെന്ന് അവർ അവസരത്തിനൊത്തും അനവസരത്തിലും പറയുക പതിവാണ്.എത്ര പുളിച്ച മാങ്ങയും ഒരു ഉളുപ്പുമില്ലാതെ കടിച്ചു തിന്നാനാവുന്ന അമ്മയുടെ പല്ലുകളെ കാക്കുന്നത് കെ പി നമ്പൂതിരിയുടെ ദന്തധാവന ചൂർണ്ണമാണെന്ന് പറയേണ്ടതില്ലല്ലോ.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ഇയ്യിടെ വിരമിച്ച അച്ഛൻ കെ സി മേനോൻ ഒരു തികഞ്ഞ സ്വദേശാഭിമാനിയാണ്. പശുവും അമൃതാനന്ദമയിയുമാണ് അദ്ദേഹത്തിന്റെ ആരാധനാപാത്രങ്ങൾ.തെരുവിൽ അലയുന്ന പശുക്കളൾക്ക് തലേന്നുണ്ടാക്കിവെച്ച ഉണക്ക ചപ്പാത്തി പൂജിച്ചുകൊണ്ട് തുടങ്ങുന്ന അദ്ദേഹത്തിന്റെ ദിനചര്യ രാത്രി പത്തുമിക്ക് അമൃതാ ടി വിയിലെ ടോപ് ടൻ വാർത്തയൊടെയാണ് അവസാനിക്കുക. ശുഭ്ര വസ്ത്രം, സസ്യാഹാരം, ഔഷധസേവ, പുത്തരിയൂണ്, മുതലായ സത്വഗുണപ്രധാനമായ ചര്യകൾ അദ്ദേഹം നിഷ്്ഠയോടെ തുടരുന്നു.
ഇങ്ങനെ എല്ലാവിധത്തിലും സന്തുഷ്ടരും സംതൃപ്തരും ആയ എന്റെ കുടുംബത്തിന് അസഹിഷ്ണുതയെ പറ്റിയോ വർഗ്ഗീയതയെ പറ്റിയോ പരാതികളൊന്നുമില്ല. എനിക്കും പരാതിയൊന്നുമില്ല. രാവും പകലും , തണുപ്പും ചൂടും തിരിച്ചറിയാനാവാത്ത കണ്ണാടി മാളികക്കുള്ളിൽ ശബ്ദമുണ്ടാക്കാതെ സംവദിച്ചും കാലൊച്ചകേൾക്കാതെ മന്ദഗതിയിൽ നടന്നും കണക്കില്ലാത്തത്ര സമയം ചെലവിടുന്ന തിങ്കൾ_,ശനി മനുഷ്യനായ ഞാൻ പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു പാവമാത്രമാണ്. എങ്കിലും അനാമിക കലക്കിത്തരുന്ന പോഷക പാനീയവും ഭക്ഷണവും കഴിച്ചെഴുനേറ്റാലുടനെ ഞാൻ "വാഹ്, " എന്ന മട്ടിൽ വികൃതശബ്ദമുണ്ടാക്കാറുണ്ട്. അതു കേട്ട് ആനന്ദ പരവശയായ അവൾ "വാഹ്, ടാജ് ബോലിയെ" എന്നു പറയാറുമുണ്ട്.
ഒച്ചയനക്കമില്ലാതെ, ഘടികാരത്തിന്റെ കൃത്യതയോടെ ജീവിതം ചിട്ടപ്പെടുത്തിയ എന്റെ കുടുംബം ഒരു മാതൃകാ കുടുംബമാണെന്ന് അയൽക്കാർ അംഗികരിക്കാത്തത് അവർക്ക് ഞങ്ങളോടൂള്ള അസൂയകൊണ്ടുമാത്രമാണെന്ന് നിങ്ങൾക്കും മനസ്സിലായിരക്കുമല്ലോ!

Paduthol

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot