ആരെങ്കിലും ഇത്തിരി വെള്ളം തായോ '
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തുള്ള നീതി മെഡിക്കല്‍ സ്റ്റോറിനടുത്ത് നിന്നാണ് ആ സ്ത്രീ ശബ്ദം ഞാന്‍ കേട്ടത് .
പ്രസവത്തിനായി അഡ്മിറ്റാക്കിയ ഭാര്യക്ക് ചൂടു കഞ്ഞിയും വെള്ളത്തിന്‍റെ ഒരു ബോട്ടിലും വാങ്ങി വാര്‍ഡിലേക്ക് പോവുകയായിരുന്ന ഞാന്‍ ആ ശബ്ദം കേട്ടയിടത്തേക്ക് നോക്കി .
ഒന്നു രണ്ട് പേര് കൂടി നില്‍ക്കുന്നുണ്ട് . ആരുടെ കയ്യിലും വെള്ളമില്ല . അവര്‍ക്ക് നടുവിലായി പ്രായം ചെന്ന ഒരു സ്ത്രീ തറയിലിരിക്കുന്നുണ്ട് . അവരുടെ മകളെന്ന് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി അവരുടെ ചുമലില്‍ തളര്‍ന്ന് കിടക്കുന്നുണ്ട് . ഇടയ്ക്കിടെ ആ അമ്മ സാരി തലപ്പു കൊണ്ട് ആ കുട്ടിക്ക് വീശി കൊടുക്കുന്നുണ്ട് .
കയ്യിലുള്ള ബോട്ടില്‍ ഞാന്‍ അവര്‍ക്ക് നേരെ നീട്ടിയപ്പോള്‍ അതിലൊരാള്‍ അത് വാങ്ങി ആ അമ്മയുടെ കയ്യില്‍ കൊടുത്താശ്വസിപ്പിച്ചിട്ട് പറഞ്ഞു , സാരല്ല്യ , കുറച്ച് വെള്ളം കുടിപ്പിച്ചാല്‍ കുട്ടിയുടെ തളര്‍ച്ച മാറിക്കോളും എന്ന്
ഒരു കയ്യില്‍ ബോട്ടില്‍ പിടിച്ച് മറു കയ്യാല്‍ ആ പെണ്‍കുട്ടിയെ താങ്ങിപിടിച്ച് നേരെയിരുത്താന്‍ ആ അമ്മ പാടു പെടുന്നത് കണ്ടപ്പോള്‍ ഞാന്‍ അടുത്തേക്ക് ചെന്ന് ബോട്ടില്‍ ഏറ്റുവാങ്ങി .
മോളേ എന്ന് തട്ടി വിളിച്ച് ആ അമ്മ ആവളുടെ മുഖം നേരെയാക്കി നിര്‍ത്തി സാരി തലപ്പു കൊണ്ട് മുഖം തുടച്ച് കൊടുത്തു .
ആ ഉയര്‍ത്തിയ മുഖത്തേക്ക് ഞാന്‍ ഒന്നു നോക്കി.......! രണ്ടാമതൊന്നു കൂടി നോക്കി.......! ഇല്ല . മൂന്നാമതൊരുവട്ടം കൂടി നോക്കാന്‍ എനിക്കാവുന്നില്ല ... നാഡീഞരമ്പുകള്‍ തളരുന്നത് പോലെ എനിക്ക് തോന്നി .
അല്ല , ഇത് ഗൗരിയല്ല . ഗൗരിയെ പോലെ വേറെ ആരോ ആയിരിക്കും , അല്ലെങ്കിലും ഗൗരി ഒരിക്കലും ഇങ്ങനെയൊരു സാഹചര്യത്തില്‍ , ഇല്ല , ഇത് ഗൗരിയല്ല .
മനസ്സില്‍ ഒരു നൂറു വട്ടം ഇത് പറയുമ്പോഴും മൂന്നാമതൊരു നോട്ടം ആ മുഖത്തേക്ക് നോക്കാന്‍ കഴിയാത്ത വിധം ഞാന്‍ തളര്‍ന്നിരുന്നു . ഞാനെന്‍റെ കണ്ണുകളെ ഒരു യന്ത്രം കണക്കെ നിയന്ത്രിക്കുകയായിരുന്നു . എന്‍റെ കണ്ണുകളെ ഞാനാ അമ്മയിലേക്ക് മാത്രം കേന്ദ്രീകരിക്കുകയായിരുന്നു .
ഞാനാ അമ്മയെ നോക്കി , നര പാകിയ മുടി നോക്കി , കുഴിഞ്ഞ കണ്ണുകള്‍ നോക്കി , നരച്ച് നിറം മങ്ങിയ സാരി നോക്കി . പക്ഷെ മൂന്നാമതൊരു വട്ടം കൂടി അവളെ നോക്കാന്‍ കഴിയുമായിരുന്നില്ല .
ഞാനാ അമ്മയുടെ ചുളിവു വീണ കൈകള്‍ നോക്കി , ആ കൈകളാല്‍ നല്‍കിയ വെള്ളത്തിന്‍റെ പാതിയും അവളുടെ ചുണ്ടുകള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങിയത് തുടച്ചെടുത്ത ആ അമ്മയുടെ കരിമ്പന്‍ കുത്തിയ തൂവ്വാല നോക്കി .. പക്ഷെ മൂന്നാമതൊരു വട്ടം കൂടി അവളെ നോക്കാന്‍ കഴിയുമായിരുന്നില്ല .
അല്ലെങ്കിലും ഞാനെന്തിന് അവളെ നോക്കണം . അവള്‍ ഗൗരിയല്ലല്ലോ .. അല്ലെങ്കിലും സമ്പന്നതയുടെ മടി തട്ടില്‍ വളര്‍ന്ന ഗൗരിയെന്ന തമ്പുരാട്ടി കുട്ടി എന്തിനിവിടെ വരണം . ആറക്ക ശമ്പളമുള്ള ഭര്‍ത്താവുമൊത്ത് അമേരിക്കയില്‍ താമസിക്കുന്ന ഗൗരിയെങ്ങനെ ഇവിടെയെത്താനാ... അതെ... ഇത് ഗൗരിയല്ല .
താഴേക്ക് നോക്കി നിന്ന എന്‍റെ ചിന്തകളിലെ ആശ്വാസം തല്ലി കെടുത്തി ആ അമ്മയുടെ ശബ്ദം എന്‍റെ കാതില്‍ വന്നലയടിച്ചു ,
' മോളേ , ഗൗരി , കുറച്ചൂടെ വെള്ളം കുടിക്ക് മോളേ , തന്നത് മുഴുവന്‍ പുറത്തേക്കാണ് പോയത് , കുറച്ചൂടെ കുടിക്ക് ഗൗരി മോളേ '
അമ്മ അവളെ നിര്‍ബന്ധിച്ച് വെള്ളം ഊട്ടുമ്പോള്‍ തല ഉയര്‍ത്താനാവാതെ ആ സത്യം വേദനയോടെ ഞാന്‍ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു .
' മോനേ ഒന്ന് എന്‍റെ മോളെ എണീപ്പിക്കാന്‍ സഹായിക്കുമോ ' എന്ന ആ അമ്മയുടെ ചോദ്യമാണ് ചിന്തയില്‍ നിന്നെന്നെ ഉണര്‍ത്തിയത് .
അവളുടെ ഒരു കൈ ചേര്‍ത്ത് പിടിച്ച് അമ്മ എന്നെ നോക്കി . മറു കൈ ചേര്‍ത്ത് പിടിക്കാനായി നോക്കിയ നേരം എന്‍റെ കൈകള്‍ വിറ കൊള്ളുന്നുണ്ടായിരുന്നു .
' എന്‍റെ ദേഹത്ത് തൊടണമെങ്കില്‍ നീയൊക്കെ നൂറു ജന്മം ജനിക്കണം '
പതിനെട്ട് വയസ്സുകാരന്‍ ഈഴവ ചെക്കന് തമ്പ്രാട്ടി കുട്ടിയുടെ പൂ തോല്‍ക്കും വിരലൊന്ന് തൊടാന്‍ മോഹം . ആഗ്രഹം പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി ഇന്നും എന്‍റെ കാതില്‍ ഇതേ പോലെ മുഴങ്ങുന്നു .
എങ്കിലും ഞാനാ കൈ ചേര്‍ത്ത് പിടിച്ചു . പൂ തോല്‍ക്കും വിരലിന് പകരം വിറങ്ങലിച്ച മര കമ്പ് പോലെ തോന്നിയ ആ കൈകള്‍ക്ക് ഞാന്‍ താങ്ങായി . ക്ഷീണത്തിന്‍റെ ആലസ്യത്തില്‍ അവളെന്‍റെ തോളിലക്ക് ചാഞ്ഞു .
' നിനക്ക് നാണമുണ്ടോടാ എന്‍റെ പിറകെയിങ്ങനെ നടക്കാന്‍ '
മോഹങ്ങള്‍ പൂച്ചൂടി നില്‍ക്കുന്ന കാലത്ത് പുറകെ നടന്ന് പോയ ഈ ഈഴവ ചെക്കന് തമ്പുരാട്ടി കുട്ടി നല്‍കിയ ശകാരമായിരുന്നു അത് . അതിന്നും എന്‍റെ ചെവിയില്‍ മുഴങ്ങുന്നു . അവളിന്നിതാ എന്‍റെ തോളില്‍ തല ചായ്ച്ച് നടക്കുന്നു . അവളിന്നിതാ എന്നോട് ചേര്‍ന്ന് നടക്കുന്നു .
ആ മുടിയിഴകള്‍ എന്‍റെ മുഖത്തേക്ക് പാറികളിച്ചു .
' കൊന്ന് കുഴിച്ചു മൂടും നായിന്‍റെ മോനേ '
മുടിയില്‍ മുല്ലപ്പൂ വച്ച തമ്പ്രാട്ടീ കുട്ടിയുടെ കേശഭാരം ഒന്ന് കൈ വിരലാല്‍ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ തഴുകിയ ഈഴവ ചെക്കന്‍റെ വലതു കൈ ചവുട്ടിയൊടിച്ച് തമ്പ്രാന്‍റെ ശിങ്കിടികള്‍ പറഞ്ഞ ആ വാക്കിന്‍റെ മുഴക്കം ഇന്നും എന്‍റെ കാതുകളിലുണ്ട് .
ആ വലതു കയ്യാല്‍ താങ്ങിയാണ് ഞാനവളെ വാര്‍ഡിലേക്കുള്ള വഴിയിലെ ബെഞ്ചിലിരുത്തിയത് . പുറകെ അമ്മ വന്നവളുടെ അരികിലിരുന്നു .
' മോന്‍ ചെയ്തത് വല്ല്യ ഉപകാരമാണ് , ഇത് എന്‍റെ മോള് ഗൗരി , എന്നും ഓരോരോ അസുഖമാണ് , ഇവിടെയാണ് കാണിക്കാറ് '
അമ്മ പറഞ്ഞ് നിര്‍ത്തിയതും ഞാനെന്നെ അമ്മയ്ക്ക് പരിചയപ്പെടുത്തി .
' എന്‍റെ പേര് രാഗേഷ് , മണ്ണൂരാണ് വീട് , ഭാര്യയുടെ പേര് അനാമിക , പ്രസവത്തിന് ഇവിടെ കൊണ്ട് വന്നിരിക്കുകയാണ് . അമ്മയുടെ മകള്‍ ഗൗരിയെ എനിക്ക് നേരത്തെ അറിയാം , ഞങ്ങള്‍ ഒരുമിച്ച് പഠിച്ചിട്ടുണ്ട് '
പരിചയപ്പെടുത്തലിനൊടുവില്‍ ഞാന്‍ കണ്ടത് അമ്മയുടെ നിറഞ്ഞ കണ്ണുകളാണ് .പിന്നീടുള്ള എന്‍റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ആ അമ്മയുടെ കണ്ണു നീരു മാത്രമായിരുന്നു .
അതിനിടയിലെപ്പോഴോ ഗൗരി ആലസ്യം വിട്ടുണര്‍ന്നിരുന്നു . ഞങ്ങള്‍ പറഞ്ഞതെല്ലാം അവള്‍ കേട്ടതിന്‍റെ തെളിവായിരുന്നു ആ ബെഞ്ചില്‍ കിടന്നുള്ള അവളുടെ വിതുമ്പല്‍ .
' മോന്‍ കുറച്ചു നേരം കൂടി ഇവിടിരുന്നാല്‍ അമ്മ മരുന്ന് വാങ്ങി വരാം , മോന് അസൗകര്യമാവുമോ '
അമ്മ പോയിട്ട് വരുന്നത് വരെ ഞാനിവിടുണ്ടാവും എന്ന എന്‍റെ മറുപടി അമ്മക്ക് വലിയൊരു ആശ്വാസമായത് പോലെ എനിക്ക് തോന്നി .
അമ്മ പോയിട്ട് വരുന്നത് വരെ ഞാനിവിടുണ്ടാവും എന്ന എന്‍റെ മറുപടി അമ്മക്ക് വലിയൊരു ആശ്വാസമായത് പോലെ എനിക്ക് തോന്നി .
അമ്മ മരുന്ന് ശീട്ടുമായി പോയി . ഞാന്‍ ഗൗരിയോട് ഒന്നും ചോദിച്ചില്ല . പെട്ടെന്നാണ് ഗൗരിയില്‍ നിന്ന് രാഗേഷേ എന്ന ആ വിളി എന്‍റെ കാതില്‍ പതിച്ചത് . എനിക്കൊന്നും മിണ്ടാന്‍ കഴിഞ്ഞില്ല . എത്രയോ വട്ടം കൊതിച്ചിട്ടുണ്ട് ആ നാവില്‍ നിന്ന് ഒരു വട്ടമെങ്കിലും എന്‍റെ പേരൊന്ന് ഉച്ഛരിച്ച് കേള്‍ക്കാന്‍ .
എന്തൊക്കെയോ പറയാന്‍ മുതിര്‍ന്ന ഗൗരിയെ ഞാനതില്‍ നിന്നൊക്കെ തടഞ്ഞു . പകരം ജീവിതത്തില്‍ തളരരുതെന്നുപദേശിച്ചു . പകരം കേട്ടത് പൊട്ടി കരച്ചിലായിരുന്നു . ആ കരച്ചിലിനൊടുവില്‍ ബെഞ്ചിലേക്ക് ഞാനൊന്ന് നോക്കി , കൈ കൂപ്പി കിടക്കുന്ന ഗൗരിയെന്ന തമ്പുരാട്ടി കുട്ടിയെ ആ അവസ്ഥയില്‍ എനിക്ക് അധിക നേരം കണ്ടിരിക്കാനാവില്ല . ഞാനെന്‍റെ കണ്ണുകളെ തിരികെ വിളിച്ചു . അമ്മയുടെ വരവും നോക്കി കാത്തിരുന്നു .
മരുന്ന് വാങ്ങി ദൂരേന്ന് അമ്മ നടന്ന് വരുന്നത് കണ്ടപ്പോള്‍ ഞാന്‍ ഗൗരിയോട് യാത്ര ചോദിക്കാന്‍ തുടങ്ങി .ആ സമയം അവളെന്നോട് പറഞ്ഞു ,
രാഗേഷിന് എന്നോട് നല്ല ദേഷ്യം കാണുമല്ലേ , ഒരുപാട് ദ്രോഹിച്ചിട്ടില്ലേ ഞാന്‍ , ഒരുപാട് പരിഹസിച്ചിട്ടില്ലേ ഞാന്‍ , എന്നോട് പൊറുക്കണം രാഗേഷ് '
എനിക്ക് പറയണമെന്നുണ്ടായിരുന്നു , ആത്മാര്‍ത്ഥമായി പ്രണയിച്ച ഒരാണിനും ഒരു പെണ്ണിനേയും ശപിക്കാന്‍ കഴിയില്ലെന്ന് .
എനിക്ക് പറയണമെന്നുണ്ടായിരുന്നു , തനിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവളെന്നും , എവിടെ ആയിരുന്നാലും സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാണ് ആത്മാര്‍ത്ഥമായി പ്രണയിച്ച ഏതൊരാണും ആഗ്രഹിക്കുക എന്ന് .
പക്ഷെ ഞാന്‍ ഒന്നും പറഞ്ഞില്ല . എന്‍റെ മറുപടി ഒരു ചെറു പുഞ്ചിരിയിലൊതുക്കി .
അപ്പോഴേക്കും അമ്മ വന്നു . യാത്ര പറഞ്ഞ് ചൂടാറിയ കഞ്ഞി പാത്രമായി വാര്‍ഡിലേക്ക് നടക്കുമ്പോള്‍ കീശയില്‍ കിടന്ന മൊബൈല്‍ നിര്‍ത്താതെ കരഞ്ഞു .
എടുത്ത് നോക്കി . ' അനു കുട്ടി ' എന്ന് സ്ക്രീനില്‍ കണ്ടപ്പോഴാണ് സമയം പോയതറിഞ്ഞത് . കാള്‍ എടുത്ത് സോറി മോളേ ഇപ്പോ കഞ്ഞിയുമായി എത്തിയേക്കാം എന്ന് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു .
' ഇനി ആ ചൂടാറിയ കഞ്ഞി നിങ്ങളുടെ കാമുകി ഗൗരി തമ്പുരാട്ടിക്ക് കൊടുത്തേക്ക് . അതല്ല ഇനി ഗൗരി അല്ലാതെ വേറെയും കാമുകിമാരുണ്ടോ , ആദ്യത്തെ കുട്ടിക്ക് ഏതായാലും ഗൗരിയെന്ന് പേരിട്ടു , ഇനി ഇതും കൂടി പെണ്‍കുട്ടി ആയാല്‍ .. എന്‍റീശ്വരാ..... ന്‍റെ കെട്ടിയോനെ കാത്തോളണേ '
ഒന്ന് പോടി എന്ന് പറഞ്ഞ് ഞാന്‍ ചിരിച്ചപ്പോള്‍ അങ്ങേ തലക്കല്‍ നിന്ന് അവള്‍ പറഞ്ഞു ,
' ലവ് യു മൈ സ്വീറ്റ് കള്ള കൃഷ്ണാ '
അതെ ഓരോ നഷ്ടങ്ങളിലും തളരാതെ മുന്നോട്ട് പോയാല്‍ നമ്മെ കാത്തിരിക്കുന്നത് അമൂല്യ നിധിയാണ് , എന്‍റെ ഭാര്യ അനുവിനെ പോലെ......!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക