ആ രാത്രി.......
******************
******************
ഒരിക്കലും പ്രതീക്ഷിച്ചതല്ല രാഹുൽ തന്നെ അവിടെ ഒറ്റക്കാക്കി പോകുമെന്ന്. അമ്മക്ക് തന്നെ ഇഷ്ടമല്ലെന്ന്. എന്നാലും ഈ പാതിരാത്രി തന്നെ ഒറ്റയ്ക്ക് അതും ആരും പേടിക്കുന്ന ഈ കോട്ടയുടെ അടുത്ത് തന്നെ. ചിലപ്പോൾ രാഹുലും വിചാരിച്ചിട്ടുണ്ടാകും അതിനടുത്തു തന്നെയാണ് റെയിൽവേസ്റ്റേഷൻ, അതിൽ കയറി എവിടേക്കെങ്കിലും പോയ്കൊള്ളുമെന്ന്. പിന്നെ അവനു ചോദിക്കുന്നവരോട് പറയാൻ ഒരു കാരണവും ആയല്ലോ, രാവിലെ എഴുന്നേറ്റപ്പോൾ തന്നെ കാണാതായെന്ന്. കോട്ടയുടെ അവിടെ നിന്ന് ഒരു ഒരു കിലോമീറ്റർ എങ്കിലും കാണും സ്റ്റേഷനിലേക്ക്. പക്ഷെ നടന്നു പോകുന്ന വഴി ഒരു ലൈറ്റ് പോലുമില്ല. അതുകൊണ്ടു തന്നെ ഈ വഴി ആരും ഉപയോഗിക്കാറില്ല. ഈ കോട്ട പണ്ടു ടിപ്പുവിന്റെ പടയോട്ടകാലത്ത് കെട്ടിയതാണെന്ന് ആരോ പറയുന്നത് കേട്ടിരുന്നു. ഇടക്കിടക്ക് അവിടെ എന്തോ ഒച്ചയോ മറ്റോ കുറേ ആളുകൾ കേട്ടിരുന്നെത്രെ. അതു കൊണ്ടു തന്നെ അത് ഇന്നും ഒരു പേടിസ്വപ്നമായി നിൽക്കുന്നു. എന്തായാലും ഈ രാത്രി തനിക്ക് അതിനുള്ളിൽ കഴിച്ചു കൂടിയേ പറ്റൂ. നന്നായി മഴ പെയ്യുന്നുണ്ട്. മിന്നലും ഉണ്ട്. അവൾ ആ കോട്ട ലക്ഷ്യമാക്കി നടന്നു.
മഴയുടെ ശക്തി കൂടി വന്നു. മിന്നൽപിണരുകൾ ഇടിഞ്ഞു പൊളിഞ്ഞ ജനലിലൂടെ അകത്തേക്ക് എത്തി നോക്കി. കാറ്റിന്റെ ശക്തി കൊണ്ട് അകത്തേക്ക് വെള്ളം തെറിച്ചു വീഴുന്നുണ്ടായിരുന്നു. പകുതി പൊട്ടിയ ഒരു മരത്തിന്റെ വലിയ പെട്ടി അവളുടെ കണ്ണിൽ പെട്ടു. അത്യാവശ്യം വലിപ്പമുള്ളത് കൊണ്ട് ആ പെട്ടിയുടെ പിന്നിലേക്ക് കാറ്റിനു വെള്ളത്തെ വീശിയെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. അവൾ അവിടേക്ക് നടന്നു. കുറച്ചേ സ്ഥലമേ പിന്നിൽ ഉള്ളൂ. അവൾ ആ പെട്ടി തള്ളി നോക്കി. ഇല്ല അനങ്ങുന്നില്ല. ഉള്ള സ്ഥലത്ത് തന്നെ അഡ്ജസ്റ്റ് ചെയ്യാം. അവൾ താഴെ ഇരുന്നു. തണുപ്പിന്റെ കാഠിന്യം കൊണ്ട് അവൾ ചെറുതായി വിറക്കാൻ തുടങ്ങി. പെട്ടെന്നാണ് അവൾ ആരോ പടികൾ കയറി മുകളിലേക്ക് ഓടുന്ന ശബ്ദം കേട്ടത്. അവൾ ഒന്നു ഞെട്ടി. പതുക്കെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി... ഇല്ല്യാ... അവിടെ ഒന്നുമില്ല. മിന്നൽ വരുമ്പോൾ പടിയുടെ ചുമരിൽ മുളച്ചു നിന്നിരുന്ന ആലിന്റെ ഇലകൾ ആടുന്നത് അവൾ കണ്ടു. മഴക്ക് ശക്തി കൂടുന്നതല്ലാതെ കുറയുന്നില്ല. പെട്ടെന്ന് ആരുടെയോ തേങ്ങി കരച്ചിൽ മുകളിൽ നിന്ന് കേട്ടു. അവൾ പതുക്കെ ആ പടികൾ കയറി. ഉള്ളിൽ പേടിയുണ്ടായിരുന്നെങ്കിലും അത് എന്താണെന്നറിയാതെ ഒരു രാത്രി മുഴുവൻ ഇവിടെ കഴിയാൻ പറ്റില്ല. അവൾ കോട്ടയുടെ മുകളിൽ എത്തി. അവിടെയും ഇടിഞ്ഞു പൊളിഞ്ഞ കുറച്ച് മുറികൾ ഉണ്ടായിരുന്നു. അതിൽ ഏതോ മുറിയിൽ നിന്നും ഇപ്പോളും ആ തേങ്ങി കരച്ചിൽ കേൾക്കുന്നുണ്ട്. അവൾ ആ മുറിയുടെ അകത്തേക്ക് നോക്കി. പെട്ടെന്ന് അതിശക്തിയായി ഒരു മിന്നൽ. ആ മിന്നലിന്റെ വെളിച്ചത്തിൽ അവൾ ആ രൂപങ്ങൾ വ്യക്തമായി കണ്ടു. ഒരു പെൺകുട്ടി നിലത്തിരുന്ന് കരയുകയാണ്. അവളുടെ കഴുത്തിൽ ഒരു വാളുണ്ട്. അവൾ അവളുടെ ജീവനു വേണ്ടി കരയുകയാണ്. ഒരു രാജാവിനെപ്പോലെ തോന്നിക്കുന്ന ഒരാളാണ് ആ വാൾ അവളുടെ കഴുത്തിൽ വെച്ചിരിക്കുന്നത്. ഇനി ഇതാവോ എല്ലാരും പറയുന്ന ടിപ്പു. അവൾ കൗതുകത്തോടെ ഒന്നു കൂടി മുന്നോട്ടാഞ്ഞു നോക്കി. പക്ഷെ പിന്നെ ആരെയും കണ്ടില്ല. ഒരു കാര്യം അവൾക്ക് മനസ്സിലായി മിന്നൽ വരുമ്പോൾ മാത്രമാണ് ആ രൂപങ്ങൾ കാണുന്നത്. എന്താണെന്ന് അറിയാനായി അവൾ കുറച്ച് നേരം അവിടെ തന്നെയിരുന്നു. മഴ കുറഞ്ഞു തുടങ്ങി. ആ രൂപങ്ങളും മങ്ങി മങ്ങി ഇല്യാതായി. അവൾ തിരിച്ചു താഴേക്ക് പടികളിലൂടെ നടന്നു. പെട്ടെന്ന് ഒരു രൂപം മുന്നിലൂടെ പാഞ്ഞു. ഞാനും സകലശക്തിയെടുത്തു പിന്നാലെ.
എന്നെക്കാളും ഒരുപാടു മുന്നിലായിരുന്നു ആ രൂപം. എങ്കിലും തോൽക്കാൻ ഞാൻ തയ്യാറായില്ല. പണ്ട് അമ്മ എല്ലാം പഠിപ്പിച്ചിരുന്നത് കൊണ്ട് ഇടക്കിടക്ക് ഇത് ഉപകാരപ്പെടാറുണ്ടായിരുന്നു. സ്പോർട്സിന്റെ കാര്യത്തിൽ അമ്മ ഒരു ഹുസൈൻ ബോൾട്ട് തന്നെയായിരുന്നു. അത് ഇടക്കിടക്ക് കിതക്കുന്നുണ്ടായിരുന്നു. കരിയിലകളിൽ മഴ പെയ്തതുകൊണ്ടു കുറച്ച് വഴുക്കലുണ്ടായിരുന്നു. ഓടിയോടി ഞങ്ങൾ ആ റെയിൽവേസ്റ്റേഷനിൽ എത്തി. അത് സ്റ്റേഷനിനുള്ളിലേക്ക് കടന്നതും എന്റെ അമ്മയെ മനസ്സിൽ ധ്യാനിച്ചുള്ള എന്റെ ചാട്ടവും ഒന്നിച്ചായിരുന്നു. അതിന്റെ തലയിൽ തന്നെയാണ് എന്റെ കൈകൾ പതിച്ചത്. ബലിഷ്ടമായ എന്റെ കൈക്കുള്ളിൽ കിടന്നു അത് നിലവിളിച്ചു. സ്റ്റേഷനിൽ രാത്രി ആയതിനാൽ യാത്രക്കാർ കുറവായിരുന്നു. രണ്ടു കുട്ടികൾ അവരുടെ മൊബൈലിൽ എന്റെ ഫോട്ടോയെടുക്കുന്നുണ്ടായിരുന്നു.
"മോനെ ആ പൂച്ച കടിക്കുംട്ടോ... ഇങ്ങോട്ടു വാ നിങ്ങൾ"
അമ്മ അവരെ വിളിച്ച് കൊണ്ടുപോയി.
എന്റെ ശ്രദ്ധ മുഴുവൻ പ്രതീക്ഷിക്കാതെ കിട്ടിയ ആ എലിയിൽ ആയിരുന്നു. എന്നാലും എന്തു അഹങ്കാരമാണ് ഈ എലികൾക്ക്. എന്നെ ഒരു കിലോമീറ്റർ ഓടിച്ച ദേഷ്യമായിരുന്ന എനിക്ക്. പക്ഷെ എന്തിനാ രാഹുൽ എന്നെ ഈ രാത്രിയിൽ ഉപേക്ഷിച്ചത്. ഇടക്കിടക്ക് മീൻ കഴിക്കാനുള്ള കൊതി കൊണ്ട് മീൻകറി കട്ട് തിന്നാറുണ്ട്. ആകെ രണ്ടു ചട്ടിയെ പൊട്ടിച്ചുള്ളൂ. അതിന് പ്രായപൂർത്തിയായ എന്നെ ഈ രാത്രിയിൽ ഒറ്റയ്ക്ക് വിട്ടിരിക്കുന്നു. അല്ലെങ്കിലും ഈ മനുഷ്യന്മാരെല്ലാം ദയയില്ലാത്തവർ ആണ്. എത്ര സ്നേഹിച്ചാലും തിരിച്ചു കൊത്തുന്ന സർപ്പങ്ങൾ.
അവൾ ഇനി തിരിച്ചു പോണോ എന്ന് ചിന്തിച് മുഖത്തു പറ്റിയിരുന്ന ചോരയെല്ലാം കൈകൊണ്ടു തുടക്കുകയായിരുന്നു.....
By...
CeePee
CeePee
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക