നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു നിഷ്കളങ്കതയുടെ തിരിച്ചറിവുകൾ.

ഒരു നിഷ്കളങ്കതയുടെ തിരിച്ചറിവുകൾ.
***********************************************************
Pre-degree ക്കു പഠിക്കുന്ന സമയത്തു ഇംഗ്ലീഷ് ക്ലാസ്സിൽ വെച്ച് "familiarity breeds contempt " എന്ന സെന്റൻ സിന്റെ അർഥം പറഞ്ഞു തന്നപ്പോൾ ജോണി സാർ ഞങ്ങളോട് ഒരു കാര്യം കൂടി പറഞ്ഞു നിർത്തി.
"ഇതിന്റെ അർഥം പൂർണ്ണമായും നിങ്ങൾക്ക് ഇപ്പോൾ മനസ്സിലാകയില്ല...."
"അതെന്താ മാഷെ അങ്ങനെ ? "- ടീച്ചേഴ്സിനെ കമന്റ് അടിക്കാൻ വേണ്ടി മാത്രം ക്ലാസ്സിൽ ശ്രദ്ധിക്കുന്ന.. ആത്മഗതങ്ങൾ ഉറക്കെ പറയുന്ന ഞാൻ ചോദിച്ചു.
ഇരു നിറത്തിൽ മെലിഞ്ഞു പൊക്കമുള്ള ഗൗരവ ക്കാരൻ ആണെന്ന് സ്വയം വിശ്വസിക്കുന്ന അതെ സമയം എന്തെങ്കിലും തമാശ ഏഴയലത്തൂടെ പോയാൽ "ഹോഹോഹോ! " എന്നുറക്കെ ചിരിക്കുന്ന ജോണി സർ പതുക്കെ ക്ലാസ് നിർത്തി എന്നെ ആൾടെ പൊട്ട കണ്ണാടയിലൂടെ ഒന്ന് നോക്കി .
സർ നോക്കിയ വഴി ബാക്കിലെ ബെഞ്ചിൽ ഇരുന്ന ഷീനാ ജോസ് അവളുടെ കാല് പൊക്കി ഡെസ്ക്കിനു ള്ളിലൂടെ എന്റെ പുറത്തൊന്നു ചവിട്ടി... ."ഹാവൂ !"
ചവിട്ടിയതിനു കാരണം ഉണ്ട് ...ലഞ്ച് ബ്രേക്കിന് മുൻപുള്ള പിരീഡിൽ ആയിരുന്നു സാറിന്റെ ഇംഗ്ലീഷ് ക്ലാസ്. ഓരോ ബ്രേക്കിനു മുൻപും അവൾ പൌഡർ ഇടും....നോട്ട് ബുക്കിന്റെ നടുവിലത്തെ പേജിൽ അവൾ അത് കൃത്യമായി ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും. അങ്ങനെ സാറിന്റെ മുഖത്തു തന്നെ ദൃഷ്ടികൾ ഉറപ്പിച്ചു ആരും അറിയാതെ ബാഗിൽ നിന്നും നോട്ടുബുക്ക് എടുത്തു ഏറെ ശ്രദ്ധയോടെ പൌഡർ ഇടൽ കർമ്മം നിർവഹിക്കുന്ന തിരക്കിനിടയിൽ ആണ് ഞാൻ ആ ചോദ്യം എറിഞ്ഞത്.
സാറിന് ഏതെങ്കിലും ഒരു കുട്ടിയോട് മറുപടി പറയണമെന്ന് ഒരു ആഗ്രഹം മനസ്സിൽ പൊട്ടിയാൽ സാർ ക്ലാസ് നിർത്തി, പതുക്കെ ആ കുട്ടി ഇരിക്കുന്ന ബെഞ്ചിന്റെ അടുത്ത് വന്നു ഡെസ്കിൽ കേറി ചെരിഞ്ഞു ഇരിക്കും. എന്നിട്ടു ആ കുട്ടിയുടെ കണ്ണിൽ നോക്കി പറയാനുള്ളത് പറഞ്ഞു മനസ്സിലാക്കിച്ചിട്ടേ കക്ഷി അവിടെ നിന്നും എണീക്കത്തൊള്ളൂ .അത് ബെല്ലടിച്ചാലും ഇല്ലെങ്കിലും !!.എന്റെ ആത്മഗത ങ്ങൾക്ക് ഒരു പഞ്ഞവും ഇല്ലാത്തതിനാൽ ഈ സീൻ ഒരു മെഗാ സീരിയൽ പരമ്പര പോലെ എന്നും മുടങ്ങാതെ ഇംഗ്ലീഷ് ക്ലാസ്സിൽ സംപ്രേഷണം ചെയ്ത് പോന്നിരുന്നു.
അവളുടെ കുട്ടിക്യൂറ പൗഡറിന്റെ സുഗന്ധം അന്തരീക്ഷത്തിൽ പടർന്നിരുന്നത് കൊണ്ട് അതിന്റെ സോഴ്സ് എങ്ങാൻ സാർ അന്വേഷിക്കുമോ എന്ന് ഭയന്നായിരുന്നു എന്റെ മേൽ അവൾ അതിക്രമണം അഴിച്ചു വിട്ടത്.
പറഞ്ഞ പടി സാർ വന്നിരുന്നു .എന്നിട്ടു എന്നെനോക്കി തെല്ലു മന്ദഹാസത്തോടെ പറഞ്ഞു :- "അതേയ്..... നിഷ്കളങ്കതയോടെ സ്നേഹിക്കുന്ന ഈ പ്രായത്തിൽ നിങ്ങൾക്ക് അത്പറഞ്ഞാൽ മനസ്സിലാവുകയില്ല. എന്നാണോ നിങ്ങൾ പക്വത വന്ന് ജീവിത യാഥാർഥ്യങ്ങളെ അഭിമുഖികരിക്കുന്നത് അന്നേ ഇതിന്റെ അർത്ഥം പൂർണ്ണമായും നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കു ."
"ആണോ !! എന്നാലിനി സാർ ബുദ്ധിമുട്ടണ്ട ...അവൾക്കു എന്ന് പക്വത വരാനാ എന്റെ പൊന്നു സാറെ !!" അപ്പുറത്തെ ബെഞ്ചിലിരുന്ന് ജിസ്സ് ഓളിയിട്ടു .
“ശെരി സർ ..എനിക്ക് പക്വത വരുമ്പോൾ ഞാൻ സാറിനെ ഫോൺ ചെയ്ത് അറിയിക്കാം " ഞാൻ മൊഴിഞ്ഞു ....
ഭാഗ്യത്തിന് ബെല്ലടിച്ചു. ലഞ്ച് ബ്രേക്ക് ആയതു കാരണം കയ്യിലിരുന്ന ബുക്ക് കൊണ്ട് എന്റെ തലക്ക് ഒരടി തന്നിട്ട് ഒരു ചിരി ചിരിച്ച് സർ അങ്ങ് പോയി...
അത് പഴയ കഥ .
പുതിയ കഥ ഈസ് ...
കാലം മാറി ,എന്റെ കോലോം മാറി, എന്റെ ചിന്തകൾ മാറിമറിയുന്നു...
ജോണി സാറിന്റെ ഫോൺ നമ്പർ ഞാൻ തപ്പി കൊണ്ടിരിക്കുകയാണ് എന്തിനാണെന്നല്ലേ!!? സാറിനോട് ആ സത്യം പറയാൻ …
“Yes sir ; you are right “.
ഇന്ന് എനിക്ക് ആ പക്വത കൈവന്നിരിക്കുന്നു .ജീവിത യാഥാർഥ്യങ്ങളെ അഭിമുഖികരിച്ചു അതിന്റെ അർത്ഥം ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.അത് ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ വസ്തുവിനെയോ ജോലിയെയോ ..എന്തിനെയുമാകട്ടെ, എത്രത്തോളം അടുത്തുവോ അത്രത്തോളം അകലാൻകഴിയുമെന്ന, എത്ര സ്നേഹിച്ചുവോ അത്ര തന്നെ വെറുക്കാൻ കഴിയുമെന്ന, എത്ര ആഴത്തിൽ വിശ്വസിച്ചുവോ അത്ര ആഴത്തിൽ സംശയിക്കാൻ സാധിക്കുമെന്ന ,എത്രയും ബഹുമാനിച്ചിരുന്നുവോ അത്രയും അപമാനിക്കാൻ കഴിയുമെന്ന, ഒരു അവസ്ഥയാണെന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.
വിശ്വസ്തരായ സ്നേഹിതർ ശത്രുക്കൾ ആകുന്നതും, വര്ഷങ്ങളായി പ്രണയിച്ചവർ ചതിച്ചു മുന്നേറുന്നതും, ആഗ്രഹിച്ചു കിട്ടിയ ജോലിയെ അവസാനം ആകുമ്പോൾ പഴി പറയുന്നതും, വിശ്വസ്ത സ്ഥാപനങ്ങളെ സംശയത്തോടെ കാണുന്നതും ഒക്കെ ഈ അവസ്ഥയുടെ ഒരു ഭാഗം തന്നെ!.
പക്ഷെ...ഈ തിരിച്ചറിവിൽ ഞാൻ കണ്ടെത്തിയ വികാരം ഒരിക്കലും അഭിമാനം അല്ല സാറേ .....കുറച്ചധികം ആത്മനിലവിളികൾ മാത്രം ആണ്!!..
ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണിൽ വെച്ച് ജോണി സാറിനെ കണ്ടു മുട്ടുകയാണെങ്കിൽ എനിക്ക് ഒരു കാര്യം ചോദിക്കണം ....
"ഈ " തിരിച്ചറിവ്" ഉണ്ടാകുന്നതിനു മുൻപ് വരെ ഞങ്ങൾ സ്നേഹിച്ചതും വിശ്വസിച്ചതും ബഹു മാനിച്ചതും ഒക്കെ …നിഷ്കളങ്കതയോടെ ആയിരുന്നു അല്ലെ സാർ ?"

Lipi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot