നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു പൂവാലന്റെ ആത്മഗതങ്ങൾ! (കഥ )

ഒരു പൂവാലന്റെ ആത്മഗതങ്ങൾ! (കഥ )
സത്യ ക്രിസ്ത്യാനി ആയതിനാൽ ജിജോയ് എന്നയീ ഞാൻ ഞായറാഴ്ച് മുഴുവൻ കുർബാന മുടക്കാറില്ല.പ്രതെയ്കിച്ചും രണ്ടാമത്തെ കുർബാന. ഇടവകയിലെ സുന്ദരികളെല്ലാം അണിഞ്ഞൊരുങ്ങി കെട്ടുകാഴ്ചയായി വരുന്ന ദിവസമാണ്. അന്നും പതിവുപോലെ ഞാൻ കുർബാനക്ക് പോയി. ഏതെങ്കിലും കിളികളെ കണ്ടാൽഅവരുടെ പിന്നാലെ ഒരു പ്രഭാത സവാരി നടത്താറുള്ളത് കൊണ്ട് ബൈക്ക് എടുത്തില്ല. അല്ലെങ്കിൽ തന്നെയും വീട്ടിൽചെന്നിട്ട് എന്നെ പോലെ ഒരു തൊഴിൽ രഹിതൻ എന്തോന്ന് ചെയ്യാൻ?
കുർബാനക്കിടയിൽ രണ്ടാം വായന ഭാഗത്തിൽ പെൺകുട്ടികളുടെ സ്ഥലത്തേക്ക് വായിനോക്കി നിന്നപ്പോൾ ഒരുകറുത്ത ചുരുദാർധാരിണി . ശെടാ ..ഒന്നാം വായനക്ക് ഈ ഭാഗം മൊത്തം അരിച്ചു പെറുക്കിയതാണ്. ലവളിതെപ്പോഎത്തി? എന്തായാലും മുഴുവൻ കുർബാന കണ്ട് ശീലമില്ലാത്തവളാണ്
ഇടവകയിലെ പതിനെട്ടു തികഞ്ഞ പെൺകുട്ടികളുടെ കണക്കു പുസ്തകം കൈ മടക്കു കൊടുത്തു ഞാൻ കപ്യാര്ചേട്ടനോട് കൃത്യമായി വാങ്ങാറുണ്ട്. ആ ലിസ്റ്റിൽ ഇല്ലാത്തയൊരുത്തി ഏതാണ് എന്നായി ചിന്ത..
ഞാൻ വായ്നോക്കാത്ത രണ്ടേ രണ്ടു പെൺകുട്ടികളെ ഈ ചെറിയ ഇടവകയിലുള്ളു.. സിറ്റിയിൽ പലചരക്കുനടത്തുന്ന തൊമ്മിച്ചായന്റെ ചെന്നൈയിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന ഒരേയൊരു മകൾ ലാലി. പിന്നെ മാളികവീട്ടിലെ ഫ്രാൻസിസ് ചേട്ടന്റെ മകൾ മംഗലാപുരത്തു നഴ്സിംഗ് പഠിക്കുന്ന സൂസി. കണക്കു വെച്ച് നോക്കിയാൽലാലി യാവും. അവളുടെ പഠിത്തം കഴിയാറായി.. പെൺകുട്ടികൾക്ക് ഗ്ലാമർ വെക്കുന്ന പ്രായം.. നല്ല വിടർന്നമിഴികൾ !
ഇനി വല്ലവന്മാരും പുതിയതായി കെട്ടി കൊണ്ട് വന്നതാവുമോ ? ആഴ്ചയിൽ അഞ്ഞൂറ് കല്യാണമാണ്ഇടവകയിൽ. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ആ കപ്യാര് തന്ത പറയുന്നു- നിന്നെ പോലെ അല്ല.. ഇടവകയിലെ മറ്റുആൺപിള്ളേർക്ക് വേലയും കൂലിയുംഉണ്ടെന്നു .
കെട്ടിയതാവല്ലേ കർത്താവേ.. എന്നമനസ്സുരുകി പ്രാർത്ഥിച്ചപ്പോൾ
“സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥന ഭാഗം അറിയാതെ ഒന്നുറക്കെ ചൊല്ലിപോയി.. ഇതുവരെ കേൾക്കാത്ത എരുമശബ്ദം കേട്ട് തൊട്ടു മുന്നിൽ നില്ക്കുന്ന ചേട്ടായി തിരിഞ്ഞു നോക്കുന്നു.. .
സ്വർഗ്ഗസ്ഥനായ പിതാവിനെ വിളിക്കാതെലവന്റെ തന്തക്കു വിളിക്കാൻ പറ്റില്ലലോ? അയാളെയൊന്നു തുറിച്ചുനോക്കി
കുർബാന സ്വീകരണ സമയത്തു പുറത്തേക്കിറങ്ങി .. അടുത്ത് കണ്ട ബൈക്കിന്റെ മിററിൽ നോക്കിമുടിയൊന്നൊതുക്കി ,ഒതുക്കത്തോടെ പ്രധാന കവാടത്തിനടുത്തേക്കു നീങ്ങി നിന്നു . അവൾ ഇതു വഴി തന്നെ വരും..പിന്നാലെ കുറച്ചു നടക്കാം...മുൻഭാഗം ഓക്കേ ... പിന്ഭാഗവും കണ്ടിരിക്കണമല്ലോ ?
വിചാരിച്ചതു പോലെ തന്നെ തൊമ്മിചന്റെ പെബ്രോന്നോരുടെ കൂടെ അവൾ
.അപ്പോൾ ലാലി തന്നെ! കിളികളുടെ കണക്കെടുപ്പ് എനിക്ക് തെറ്റാറില്ല. ആത്മാഭിമാനം തോന്നിയ നിമിഷം.
അതുമല്ല ഞാനുമൊരു എൻജിനീയറാണ്. ബംഗാളികളെയും എൻജിനീയര്മാരെയും മുട്ടി നടക്കുന്ന കേരളമായതുകൊണ്ട് ജോലി ആയിട്ടില്ലെന്ന് മാത്രം.
ഇതുവരെ എല്ലാം ഓക്കേ.മനസ്സിൽ ലഡു പൊട്ടി…
തൊമ്മിച്ചന്റെ ഭാര്യ അല്പം അഹങ്കാരിയാണ്. കെട്ടിയവൻ ലുലു മാള് നടത്തുന്ന ഭാവം. എങ്കിലും ലാലിയെഓർത്തു പിന്നാലെ നടന്നു. നടന്നപ്പോഴാണ് അവളുടെഹൈ ഹീൽ ചെരുപ്പ് കണ്ണിൽ പെട്ടത്. അത്യാവശ്യംപൊക്കമുണ്ട് എന്നിട്ടും പിന്നേം പൊക്കം കൂട്ടാനായി ചെരുപ്പും. കല്യാണം കഴിഞ്ഞാൽ ആദ്യം ഈ ചെരുപ്പ്മാറ്റണം. അങ്ങിനെ അവൾ എന്നെക്കാള് പൊങ്ങി നടക്കേണ്ട.
വായ്നോട്ടത്തിനു ഇങ്ങിനെ ചില ഗുണങ്ങളുണ്ട്. അത് കല്യാണവും ആദ്യരാത്രിയും പിന്നെ വേണേൽ കുറെകുട്ടികളെയും ഫ്രീയായി തരും
എന്തായാലും അവളെ കണ്ടു നന്നായി ബോധിച്ചു.
വീട്ടിലെത്തി വേഗം കമ്പ്യൂട്ടർ ഓൺ ചെയ്തു ഫേസ് ബുക്കിൽ ലാലി എന്ന് പേരുള്ള ലവളുമാരെ അരിച്ചു പെറുക്കി.ഇല്ല ..
അവൾ മാത്രം ഇല്ല . ഫേസ് ബുക്കിൽ ഉണ്ടാവാതെ തരമില്ല .ഏതെങ്കിലും ഒരു സിൽമാ നടിയായിഒളിച്ചിരിപ്പുണ്ടാവും. അതാണല്ലോ പെണ്പിള്ളേരുടെ സ്റ്റൈൽ.
അവളുമാർ ആരാന്നാ വിചാരം?
കാപ്പി കുടിക്കാൻ മമ്മ “എടാ ജിജോയ്” എന്ന് വിളിക്കുന്നത് കേട്ട് വേഗം ലോഗ് ഔട്ട് ചെയ്തു ഇറങ്ങി. നുഴഞ്ഞുകയറാൻ പാകിസ്ഥാൻ ചാരനേക്കാൾ മിടുക്കനായ ഒരനിയനൊള്ളതുകൊണ്ടു ലോഗ് ഔട്ട് കാര്യങ്ങൾ പ്രത്യേകംശ്രദ്ധിക്കണം.. ഇല്ലെങ്കിൽ ഒന്നിന് നൂറിരട്ടിയായി കാര്നോമാരുടെ കാതിലെത്തും
പിറ്റേന്ന് രാവിലെ എഴുനേറ്റു ടൂത്തു ബ്രഷുമായി വിശാലമായ മുറ്റത്തേക്കിറങ്ങി.. വിസ്തരിച്ചു വഴിയിലേക്ക് വായിനോക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കാം. ഇക്കാലത്തുംസിറ്റിയിൽ ഇങ്ങിനെയൊരു അടിപൊളി വീടുംമുറ്റവും സ്വന്തമാക്കിയ തന്തപ്പടിയെ കുറിച്ചോർത്തു അഭിമാനം തോന്നി..അല്ലേലും തന്തഎന്റെ യല്ലേ?
ഒറ്റയൊരു കിളിയും പള്ളിയിൽ പോവുന്നില്ല. പെൺകുട്ടികൾക്ക് ദൈവ ഭക്തി തീരെയില്ല. അതൊക്കെ പണ്ട് തന്നെ..കുരിശുമായി കൂട്ടത്തിൽ നാണിച്ചു നിൽക്കുന്ന ജെറുസലേം പുത്രിമാർ !
മമ്മ മീൻ വാങ്ങാൻ തന്ന പൈസയിൽ നിന്നും ഇസ്കിയ ബാക്കിയുമായി രാത്രി ഷാരൂഖിന്റെ റേസ് കാണാൻസെക്കന്റ് ഷോയ്ക്കു പോയി. മൊത്തം ഫാമിലി. ഒന്നുകിൽ കെട്ടിയവൻ ,അല്ലെങ്കിൽ തന്ത അതുമല്ലെങ്കിൽ ആങ്ങള …പെൺപിള്ളേരെ പൊതിഞ്ഞു ലവന്മാർ നടക്കുന്നത് കാണാം... ശ്രദ്ധിച്ചിലേൽ തടി കേടാവും.
സിനിമ കഴിഞ്ഞു തൊമ്മിച്ചന്റെ വീടിനടുത്തു എത്തിയപ്പോൾ ആംബുലൻസും ആൾക്കൂട്ടവും. കർത്താവെ ഭാവിതന്തപ്പടി തട്ടിപ്പോയോ ? ഒറ്റമോളായതു കൊണ്ട് സ്ത്രീധനം കുറയില്ല എന്നാലും രണ്ടു സ്മാളടിക്കാനുളള കമ്പനിഅങ്ങേരു ഇല്ലാതാക്കിയോ ?
ചെന്ന് നോക്കിയപ്പോൾ അറ്റാക്കാണ് .. തൊമ്മിച്ചനെ കയറ്റിയ ആംബുലൻസിൽ അവളുടെ കൂടെ വലിഞ്ഞു കയറി.കിട്ടിയ അവസരങ്ങൾ പാഴാക്കാൻ പാടില്ല.. പിന്നെ ഖേദിക്കാൻ ഇടയാകും.
അവളും അമ്മയും കൂടെ നെഞ്ചത്തടിച്ചു രംഗം വഷളാക്കുന്നു ലവളോട് “ പതുക്കെ ഇടിയെടി” എന്ന്പറയണമെന്നുണ്ടായിരുന്നു..
തലേന്നത്തെ പരിചയം വെച്ച് പിറ്റേന്നും ആശുപത്രിയിൽ കയറി ചെന്നു .ഇങ്ങനെയൊക്കെ അല്ലെ പ്രണയം പൂത്തുവിടരുന്നത് ?
തൊമ്മിച്ചൻ ഐ സി യു വിൽ നിന്നും എത്തി, ചക്ക വെട്ടിയിട്ടപോലെ കിടക്കുന്നു.. പാവം!
അവളുടെ അടുത്തൊരു കോന്തൻ. പെണുങ്ങളെ പോലെ മുടി നീട്ടി വളർത്തിയ കെട്ടിയ ഒരു അശു .
അവളോ ? തലേന്ന് നെഞ്ചത്തടിച്ചു ഭാവമൊന്നുമില്ല.. ആകെപ്പാടെ അടിപൊളിയായി നിൽക്കുന്നു. ലവള് എന്നെനോക്കി ചുണ്ടൊന്നു കോട്ടി -ചിരിച്ചതാ ...ഇപ്പോഴത്തെ പെൺപിള്ളേർക്കു ചിരി ഇങ്ങിനെയാ. എന്നെപോലെകാണാൻ കൊള്ളാവുന്ന ആൺപിള്ളേരോട് പുച്ഛ ഭാവം!
സ്മരണ വേണം, ലാലി സ്മരണ..
തൊമ്മിച്ചന്റെ ഭാര്യ മാത്രം നന്ദിയോടെ അടുത്തെത്തി.
അവരെന്നെ എല്ലാവരെയും പരിചയപ്പെടുത്തി... ലാലി കെട്ടാൻ പോവുന്ന കോന്തൻ ആണത്രേ ആ അശു- അല്ലശിശുപാലൻ . ചെന്നൈയിലെ പഠനത്തിന് കിട്ടിയ ഫലം! ചുമ്മാ അല്ല തന്തപ്പടി ചക്ക വെട്ടിയിട്ടപോലെ കിടക്കുന്നതു.അവൾ ക്കു നേരെ ചൊവ്വേ ഒരു ക്രിസ്ത്യാനിയെ കിട്ടിയില്ലേ ആവോ?
ലവള് ഹൈ ഹീൽഡിൽ കയറി നടന്ന കാര്യം മനസിലായി. അവനെ നോക്കണെമെങ്കിൽ കഴുത്തു തൊണ്ണൂറു ഡിഗ്രിമേലോട്ട് തിരിക്കണം.. ഹോ.. വല്ലാത്തസെലെക്ഷൻ. അവൾക്കിട്ടൊന്നു പൂശാൻ തോന്നി
അവളെ കൂട്ടാനും കിഴിക്കാനും പഠിപ്പിച്ചു ആ പലചരക്കു കടയിൽ ഇരുത്തിയാൽ ഈ ഗതി വരുമായിരുന്നോതന്തപ്പടി എന്ന് തൊമ്മിച്ചനോട് മനസുകൊണ്ടൊരു ചോദ്യം ചോദിച്ചു ഞാൻ അവിടെ നിന്നും നൈസായി സ്കൂട്ടായി.
അല്ലേലും സത്യ ക്രിസ്ത്യാനിയായ ഞാൻ അന്യന്റെ മുതൽ ആഗ്രഹിക്കാറില്ല .... ഏത് വായ്നോക്കിക്കും ഒരുസമയം വരും…എനിക്കും!!
ഈ വിചാരത്തോടെ ഞാൻ നടന്നു നീങ്ങിയപ്പോൾ ദാ നിൽക്കുന്നു ഐ സി യുടെ മുന്നിൽ സൂസി... അവളും അത്ര മോശമൊന്നുമല്ല .കൂടെ അവളുടെഅമ്മയും. കർത്താവെ ഫ്രാൻസിസ് ചേട്ടൻ പടിയായോ ?
എന്തായാലും ഇനി ഇവിടെ ചുറ്റി പറ്റി നിൽകാം
..ഒരുമൂളിപ്പാട്ടും മൂളി ഞാൻ അങ്ങോട്ട് നീങ്ങി ..
പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമരമൊട്ടായിരുന്നു..
നീ ഒരു താമരമൊട്ടായിരുന്നു...** സാനി ജോൺ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot