നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചെറുത്തുനിൽപ്പ്

ചെറുത്തുനിൽപ്പ്
*****************
"ഇല്ല "....ഇതിൽ മതിയായ രേഖകൾ ഇല്ലാ, മുന്നാധാരോം,അതിലെ അവകാശി മരിച്ചോണ്ട് മരണസർട്ടിഫിക്കറ്റ് കൂടി അറ്റാച്ച് ചെയ്താലേ... എന്തേലും ചെയ്യാൻ പറ്റൂ... ദാ.. എന്നും പറഞ്ഞു മടക്കിയ അപേക്ഷ എനിക്കുതന്നെ തിരിച്ചുതന്ന സഹകരണ ബാങ്കിലെ സാറിന്റെ മുഖം.... ബസ്സിലെ മുൻസീറ്റിലെ കമ്പിയിൽ തല വെച്ചു, കണ്ണടച്ചു കിടക്കുമ്പോഴും കണ്ണിൽ നിന്നും മായുന്നില്ല.... ഈശ്വരാ.... എത്ര അലഞ്ഞിട്ടാണ് ഇത്രയെങ്കിലും ശരിയാക്കിയത്... ഇനിയും... ? മകളുടെ കല്യാണയൊണ്ടാണ് അല്ലേൽ ഉള്ളതോണ്ട് ജീവിച്ചേനേം...
"ഒന്നു നീങ്ങിയിരിക്യോ..... ഞാൻ പെട്ടെന്ന് ഞെട്ടി "
കൈയിൽ നിറയെ കവറുകളുമായി മുന്നിൽ വിമല... ഞാൻ അല്പം നീങ്ങിയിരുന്നു...
ഇവർക്കൊക്കെ എന്തിന്റെ കുറവാ... ഗൾഫുകാരന്റെ ഭാര്യ.. പൂത്ത കാശ്... മാനം മുട്ടണ പോലത്തെ വീട്... ഷോപ്പിംഗ്... ഇടയ്ക്കിടെ കാണാം കുറേ കവറും താങ്ങി ഓട്ടോയിൽ കുത്തിക്കേറ്റി പോണത്.... ഈ ദൈവമെന്താ ഇങ്ങനെ ? ചിലർക്ക് അല്പം ചിലർക്ക് വാരിക്കോരി... സുഖോം സൗഭാഗ്യോം.... ഞാനോർത്തു....
"കാവുമ്പാട്ടെ തങ്കേച്ചിയല്ലേ "?
അവളെന്നോട് ചോദിച്ചു...
"അതെ "... ഞാൻ മെല്ലെ തലയാട്ടി...
എന്റെയുള്ളുരുകി.... ഇനീപ്പോ തൊടങ്ങും ഓരോന്ന് ചോയ്ക്കാൻ....
"കല്യാണയോ "?
പണ്ടടുത്തോ... ?
അങ്ങനെ.... അതൊഴിവാക്കാൻ ഞാൻചോയ്ച്ചു.... "വിമല എവിടുന്നാ "?
"ഞാൻ തുണിയൊളെടുക്കാൻ ടൗണിപ്പോയതാ ചേച്ചീ.... "
എന്താ വിശേഷം.... ഞാനതിൽ പിടിച്ചു കയറി...
"വിശേഷോ "? ഒന്നൂല്ലേച്ചി... ഞാനെല്ലാ ആഴ്ച്ചേലും എടുക്കണുണ്ടല്ലോ....
"എന്റമ്മോ "? ഞാനറിയാതെ എന്റെയൊച്ച ഉയർന്നു...
ഒരു ചിരിയോടെ വിമല പറഞ്ഞു... യെന്റെ ചേച്ചീ ചേച്ചിക്കപ്പോ ഒന്നുമറിയില്ലേ....
ഞങ്ങളിപ്പോ തെക്കേ തൊടിയിലാ താമസം... ഭാഗം കഴിഞ്ഞു. ന്റെ രവിയേട്ടൻ അന്യനാട്ടിക്കെടന്ന് കഷ്ടപ്പെട്ട് അയച്ചോണ്ടിരുന്ന കാശൊക്കെ എടുത്ത് അച്ചൻപണിത മൂന്ന് നിലവീടാ.... പറഞ്ഞിട്ടെന്താകാര്യം.... ഭാഗം വെച്ചപ്പോ അതിളയ മോനുള്ളതാണെന്നു അമ്മ കട്ടായം പറഞ്ഞു... ഞങ്ങൾക്ക് പതിനഞ്ച് സെന്റ് സ്ഥലം തന്നു... അതീന്എഴെടുത്തു വിറ്റു. പെട്ടെന്നു വീറ്റോണ്ട് കാര്യയൊന്നും കിട്ടില്യാ...
അതോണ്ടൊരു വീട് വെച്ചു... തേപ്പ് വരെ കഴിഞ്ഞപ്പോ കാശു തീർന്നു..... അപ്പളേക്കും രവിയേട്ടൻ ലീവ് തീർന്നു പോയി
ബ്രോക്കറെ കണ്ട് ചേട്ടൻ, വാടക വീട് നോക്കാൻ ഏൽപ്പിച്ചു... മുപ്പതിനായിരം പകിടിയും പത്തായിരം വാടകേം.... ഞാൻ ഞെട്ടി ചേച്ചീ...
ബ്രോക്കർടെ ന്ന് ഞാൻ ആ നാല്പത്തിങ്ങട്ട് വാങ്ങി... അടുക്കളേം, ഒരു മുറിയും, ബാത്റൂമും ചാന്തു തേച്ചു അത്യാവശ്യം പെരുമാറാനുള്ളതൊക്കെ ആക്കി ഞങ്ങളങ്ങോട്ടു മാറി...
പുരയിടത്തിലൊരു ഷെഡ് വെച്ചുകെട്ടി ഞാൻ രണ്ടു മൂന്നു സെക്കൻഡ് ഹാൻഡ് തയ്യൽ മെഷീനും, ഒരു പഴേ ടു വീലറും അങ്ങു വാങ്ങി...ടൗണിന്ന് നെറ്റി തുണി എടുത്ത് തയ്ച്ചു കടകളിൽ കൊണ്ടു കൊടുക്കും... തിരക്ക് കൂടിപ്പോ രണ്ടാളേം വെച്ചു... കുട്ടികളെ കൊണ്ടാക്കാൻ വാൻ വരണ്ടാ ന്ന് പറഞ്ഞു... ഞാൻ കൊണ്ടാക്കും... വീട്ടിലേക്ക് വേണ്ട പച്ചക്കറിയൊക്കെ ഞാനും പിള്ളേരും കൂടി വീട്ടില് നട്ടുണ്ടാക്കും...
വാടകയും, വീട്ടുചെലവിനുമായി ചേട്ടൻ 25, 000 അയക്കും.. ഞാനതെടുക്കില്ല... അതെന്റെ പെട്ടിലിട്ടു വെക്കും... രവിയേട്ടനെത്ര കഷ്ടപ്പെട്ടുണ്ടാക്കണതാ... നാലു മാസം കൂടുമ്പോ പണിക്കാരെ വിളിച്ചു വീടിന്റെ പണി അല്പാല്പം ചെയ്യിക്കും...
ഞാൻ തയ്ച്ചും പിശുക്കിപ്പിടിച്ചും ഉണ്ടാക്കണെന്ന് കുറച്ചെടുത്തു ഒരു വല്യ കൂടും കുറേ കോഴികളേം വാങ്ങി.... ഇറച്ചിക്കും മുട്ടക്കും നല്ല ചിലവാ... അതുങ്ങളുടെ കാര്യം പിള്ളേരു നോക്കും... അതിനവർക്ക് ഞാനൊരുതുക മാസം കൊടുക്കും.. അവരത് പൊൻ നാണയം പോലാ ചേച്ചീ സൂക്ഷിക്കുന്നെ...
ഒരുദിവസം അമ്മ ഞങ്ങളെ കാണാൻ വന്നു... കട്ടേം, പൊടിയും സിമന്റും നിറഞ്ഞ അന്തരീക്ഷത്തിൽ പണികഴിയാത്ത വീട്ടിൽ കഴിയണ ഞങ്ങളെ കണ്ടപ്പോ അമ്മ കുറേ കരഞ്ഞു...
" മുത്തശ്ശി കരയണ്ട... ഞങ്ങൾക്കൊരു വിഷമോല്ല്യാ... മക്കള് പറഞ്ഞു...
കാർട്ടൂണും കണ്ട് ടീവി ക്ക് മുന്നിലിരിക്കണേലും എന്ത് സുഖാ പച്ചക്കറി നട്ടും, കോഴിക്ക് തീറ്റികൊടുത്തും പറമ്പിലോടിനടക്കുമ്പോ ഞങ്ങൾക്ക് കിട്ടണേ...
പിന്നെ അമ്മ വന്നപ്പോ കയ്യിലൊരു പൊതിയും ഉണ്ടായിരുന്നു.. നാല് ലക്ഷം രൂപ... ഞാനതു വാങ്ങാൻ കൂട്ടാക്കിയില്ല... " മോളിതു വാങ്ങണം... ഞാൻ കാരണല്ലേ നിങ്ങൾക്കവിടുന്നെറങ്ങേണ്ടി വന്നേ... ഇത് പിടിക്കു... ഇതെന്റെ ഔദാര്യമൊന്നുമല്ല... പണ്ട് രവിതന്നെ എന്റെ പേരില് ബാങ്കിലിട്ടതാ.... അതും പറഞ്ഞമ്മ കാശു മേശപ്പുറത്തുവെച്ചു കരഞ്ഞോണ്ടിറങ്ങിപ്പോയി....
അതും കൂടിയായപ്പോ വീടിന്റെ എല്ലാ പണിയും പൂർത്തിയായി.... എന്റെ സമ്പാദ്യത്തിൽ നിന്നും വീട്ടിലേക്കായ് അത്യാവശ്യ സാധനങ്ങളൊക്കെ വാങ്ങി...
ഇനീപ്പോ അടുത്താഴ്ച രവിയേട്ടൻ വരും.... എല്ലാം തകർന്നെന്ന് കരുതി വാടക വീട്ടിലേക്ക് കയറാനിരിക്കുന്ന രവിയേട്ടൻ വീട് കണ്ടു ശരിക്കും ഞെട്ടും..... വിമല ചിരിയോടെ പറഞ്ഞു നിർത്തി...
"എന്റെ സ്റ്റോപ്പ് എത്താറായി..."എന്നും പറഞ്ഞു കവറുകളെല്ലാം കെട്ടിപ്പെറുക്കി വിമല എന്റെ മുന്നിലൂടെ ഇറങ്ങിപ്പോയി...
ഒന്നുകൂടെ ഞാൻ പുറത്തേക്കു നോക്കിയപ്പോഴേക്കും അവൾ കയറിയ ഓട്ടോ പൊടി പറത്തി... അല്ലാ വിജയക്കൊടി പറത്തി.... കടന്നുപോകുന്നത് മാത്രം കണ്ടു...
# ബിനി ഭരതൻ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot