Showing posts with label DrSaliniCK. Show all posts
Showing posts with label DrSaliniCK. Show all posts

നീല ശംഖുപുഷ്പങ്ങൾ

മനോഹരമായി ലാൻഡ്സ്കേപ്പ് ചെയ്ത കുന്നിൻ ചെരുവിൽ തലയുയർത്തി നിൽക്കുന്ന, ഭംഗിയുള്ള വീടിന്റെ വലിയ ഗേറ്റ് തുറന്നു കിടന്നിരുന്നെങ്കിലും അകത്തേക്ക് കയറാതെ, വാണി റോഡരികിൽ തന്നെ കാർ നിർത്തി.

മനസ്സ് നിറയ്ക്കും വിധം പൂത്തു മറിഞ്ഞു കിടക്കുന്ന പലതരം ചെടികൾ. തന്നെ കാണുമ്പോഴേ, ലിഡിയ ഓടി വരുമെന്നും ഞെരിച്ചുടക്കും വിധം കെട്ടിപ്പിടിക്കുമെന്നും വാണി കരുതിയെങ്കിലും അവൾ മുറ്റത്തുതന്നെ നിന്നതേയുള്ളൂ.

വലിയ കയറ്റം കയറിയ മുഖഭാവത്തോടെ കിതച്ചു കൊണ്ട് മുറ്റത്തിന്റെ കോണിലിട്ട കസേരകളിലൊന്നിൽ വാണിയിരുന്നു. അവളെ കിതയ്ക്കാൻ വിട്ട് അകത്തെക്കു പോയ ലിഡിയ ചിത്രപ്പണികൾ നിറഞ്ഞ ചില്ലു ഗ്ലാസിൽ നിറച്ചു കൊണ്ടുവന്നു നൽകിയ പാനീയത്തിലേക്ക് വെയിൽത്തുള്ളികൾ വീണു തിളങ്ങി. എന്തൊക്കെയോ പൊടിച്ചുചേർത്ത, പാൽച്ചുവയുള്ള തണുത്ത പരലുകൾ നാവിനെ കുത്തിനോവിക്കുന്നു.
വാണിയ്ക്ക്‌ അത്ഭുതം തോന്നി. അവൾ തണുത്തതൊന്നും കഴിക്കില്ലെന്ന് ഏറ്റവും അറിയാമായിരുന്നത് ലിഡിയയ്ക്കായിരുന്നല്ലോ....
നാവിൽ തണുപ്പ് തൊട്ട നിമിഷത്തിൽ തന്നെ ലിഡിയയുടെ ശബ്ദം തന്റെ അരികിലായി വാണി കേട്ടു...

"നിനക്കെന്തുകൊണ്ടാണ് തണുത്തത് തന്നതെന്നായിരിക്കും നീയിപ്പോൾ ഓർക്കുന്നത് അല്ലെ? നിനക്കിപ്പോൾ വേണ്ടത് തണുപ്പാണെന്ന് എനിക്ക് തോന്നി !"

കുറച്ചുനാളായി ലിഡിയയുടെ പാചക പരീക്ഷണങ്ങൾ എഫ്ബി കുറിപ്പുകളായി കാണുന്നത് വാണിയുടെ മനസ്സിലേക്ക് വന്നു...

"എന്തുമാത്രം ചെടികളും പൂക്കളുമാണ് "

വെറുതെ കൊതി പറഞ്ഞു കൊണ്ട് വാണി എഴുന്നേറ്റു. അകാരണമായൊരു അസ്വസ്ഥതയാൽ അവൾക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.

"ഇവിടുത്തെ കാലാവസ്ഥയുടെയാണ്. എന്തെറിഞ്ഞിട്ടാലും നിറയെ പൂക്കും. "

ഇതുവരെ പൂക്കാത്ത പനിനീർ ചെടി പോലെ നിന്ന ലിഡിയയെ നോക്കിയപ്പോൾ അവളൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.മനസ്സിന്റെ തുമ്പിൽ നിന്ന് ഊർന്നെത്തിയ ചോദ്യത്തെ
നാവിൻ തുമ്പിൽ തടഞ്ഞു നിർത്തി, സ്റ്റാൻഡുകളിൽ തൂക്കിയിട്ട ഹാങ്ങിങ് പോട്ടുകളിൽ ഇടകലർന്നു നിന്ന നീലയും വെള്ളയും ശംഖുപുഷ്പങ്ങളിൽ വാണി പതിയെ തലോടി.
പുൽത്തകിടിയുടെ ഓരത്ത് സ്ഥാപിച്ചിരിക്കുന്ന ഊഞ്ഞാൽ കസേരയിലിരുന്നാൽ താഴ് വര മുഴുവൻ കാണാം. ഇടയ്ക്കിടെ കടന്നു പോകുന്ന വാഹനങ്ങളുടെ ശബ്ദമൊഴിവാക്കിയാൽ ഹൃദ്യമായ ശാന്തത. നക്ഷത്രങ്ങളെ നോക്കി താഴ് വരയിലെ ഇരുട്ടും വെളിച്ചവും കണ്ട്, ഒരു ഷാളിനുള്ളിൽ സെബാനും ലിഡിയയും തണുപ്പും ചൂടും നുകർന്ന് അവിടെയിരിക്കുന്ന ചിത്രം മനസ്സിൽ തെളിഞ്ഞപ്പോൾ വാണി ആ വിഷ്വലിനെ കീറി നിലത്തിടുകയും ചവിട്ടിയരയ്ക്കുകയും ചെയ്തു.

"സെബാന്റെ പ്രിയപ്പെട്ട ചെടിയാണിത്. ഏറെ പ്രിയപ്പെട്ട ആരോ കൊടുത്തത്"

അവൾ പതിയെ ചിരിച്ചു. പിന്നെ വാണിയോട് ചോദിച്ചു,

"നീലശംഖുപുഷ്പത്തിന്റെ പൂക്കൾ പ്രണയിനിയുടെ കണ്ണുകളാണെന്ന് കവിതയെഴുതിയത് നീയാണ് ഓർക്കുന്നോ? "

ഊഞ്ഞാൽക്കസേരയിലിരുന്ന വാണി ലിഡിയയുടെ മിഴികളിലേക്ക് ആഴത്തിൽ ഒരു നോട്ടമെറിഞ്ഞു.
അവളുടെ പൂച്ചക്കണ്ണുകളിൽ കണ്ട പിടച്ചിലിൽ പ്രണയമുണ്ടോ എന്ന് തിരിച്ചറിയാൻ മാത്രം ശക്തി ആ നോട്ടത്തിന് ഉണ്ടായിരുന്നില്ല.

പക്ഷേ, വർഷങ്ങൾക്ക് പുറകിലെ ഹോസ്റ്റൽ മുറിയിൽ ഒരു പുതപ്പിൻ കീഴിൽ ചാരം മൂടിക്കിടന്ന കനൽ ഒന്നു മിന്നി, പിന്നെയെരിഞ്ഞു ജ്വലിച്ചു തുടങ്ങിയത് ആ നിമിഷത്തിലാണ്. പരസ്പരം ഒളിപ്പിക്കാനാവാത്ത ലജ്ജയെ മനപ്പൂർവ്വം മറച്ചുപിടിച്ച് വാണി പുഞ്ചിരിച്ചപ്പോൾ ലിഡിയ കണ്ണുകളിറുക്കിയടയ്ക്കുകയാണ് ചെയ്തത്. അവളുടെ ചുവന്ന കവിളുകളും വിറയാർന്ന ചുണ്ടുകളും വാണി ശ്രദ്ധിച്ചില്ല.
ഹൈസ്കൂൾ മുതൽ പിജി വരെ ഒന്നിച്ച് പഠിക്കുമ്പോഴും ഒരുമിച്ച് ഹോസ്റ്റലിൽ താമസിക്കുമ്പോഴുമെല്ലാം വാണി മറ്റൊരാളോട് സംസാരിക്കുന്നതുപോലും ലിഡിയയ്ക്കിഷ്ടമായിരുന്നില്ല. ഹോസ്റ്റലിൽ ലൈംഗികത ചർച്ചാവിഷയമായ രാത്രിസമ്മേളനങ്ങളുടെ ആവർത്തനങ്ങൾക്കൊടുവിൽ വൃശ്ചിക കുളിർ ഭൂമിയെ പുണർന്നു നിന്നൊരു വെളുപ്പാൻ കാലത്ത് കട്ടികുറഞ്ഞ പുതപ്പിനടിയിൽ ശരീരം കൊണ്ട് പൊരുതി കീഴടങ്ങിയപ്പോൾ വാണിക്ക് പൗരുഷവും ലിഡിയയ്ക്ക് ലജ്ജയുമേറി നിന്നു.

വാണിയ്ക്കൊരിക്കലും ഒരു പുരുഷനോടുമാകർഷണം തോന്നിയിരുന്നില്ല.
പെൺ ശരീരത്തിന്റെ വടിവുകളെക്കുറിച്ച് അവളെപ്പോഴും ദ്വയാർത്ഥങ്ങൾ നിറഞ്ഞ തമാശകൾ ലിഡിയയുടെ ചെവിയിൽ പറഞ്ഞു. ചിരിക്കുമ്പോൾ ചുവക്കുന്ന കവിളുകളിലും ചൂട് പിടിക്കുന്ന ചുണ്ടുകളിലും കാട്ടുതേൻ നുകരാനാണ് തന്റെ കൊതിയെന്ന് വികാരങ്ങളുടെ കൊടുമുടിയിൽ നിന്നുകൊണ്ട് ലിഡിയയോട് മന്ത്രിച്ചു...
എന്നിട്ടും ഇനിയൊരിക്കലും തമ്മിൽ കാണില്ലയെന്ന് തീരുമാനിച്ച് കരഞ്ഞ് കരഞ്ഞ് ചുവന്ന് ലിഡിയ പോയപ്പോൾ, ഒന്ന് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ വാണിക്കും സാധിച്ചില്ല.

വേറിട്ട വഴിയൊന്ന് വെട്ടിത്തുറക്കാൻ മാത്രം ശേഷി അവൾക്കില്ലായിരുന്നു. ഭയമായിരുന്നു.
ഫോൺ കോളുകളും മെസേജുകളും ഫെയ്‌സ്ബുക്ക് ചാറ്റിലേക്കും വാട്സാപ്പിലേക്കും വഴി മാറിയിട്ടും തമ്മിൽ കാണില്ലെന്ന പ്രതിജ്ഞ അവർ തെറ്റിച്ചില്ല.
കട്ടപ്പനക്കാരന്റെ മണവാട്ടിയായി മന്ത്രകോടിയും കയ്യിലിട്ടു നിൽക്കുന്ന സ്വന്തം ഫോട്ടോ ലിഡിയ പ്രൊഫൈൽ പിക്ചർ ആയി അപ്ഡേറ്റ് ചെയ്തയന്നാണ് വാണി ആദ്യമായി മദ്യപിച്ചത്..
സെബാന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് ലിഡിയ മോഡേൺ വസ്ത്രങ്ങൾ ധരിക്കുകയും ഏറെ നീണ്ട തലമുടി തോളൊപ്പം മുറിക്കുകയും ചുണ്ടിൽ ചായം പുരട്ടുകയും ചെയ്തു. വിവിധ തരത്തിൽ ഇറച്ചി കറി വയ്ക്കാനും കേക്കും വൈനുമുണ്ടാക്കാനും പഠിച്ചു. വീട് പരിപാലിക്കുകയും പൂന്തോട്ടമുണ്ടാക്കുകയും സെബാന്റെ അപ്പനോടും അമ്മച്ചിയോടും വഴക്കുണ്ടാക്കാതിരിക്കുകയും ചെയ്തു.

ശരീരം കൊണ്ട് സെബാൻ സ്നേഹിക്കുമ്പോഴൊക്കെ താൻ സംതൃപ്തയാണെന്ന് അഭിനയിച്ചു. അതൃപ്തിയുടെ വേലിയേറ്റങ്ങളിൽ പിടഞ്ഞപ്പോൾ വാണിയുടെ ചൂടുമ്മകളെ ഓർമ്മയിൽ താലോലിക്കുകയും സെബാന്റെ ചുണ്ടിലും കവിളിലും വാണിയെ ചുംബിക്കുകയും ചെയ്തു.

പക്ഷേ ഒരിക്കലുമവൾ വാണിയോട് പറഞ്ഞില്ല, വാണിയെക്കുറിച്ച് ഓർക്കുന്ന നിമിഷങ്ങളിൽ മാത്രമേ അടിവയറിൽ ഒരു ചൂട് ജ്വലിച്ചുണരുകയും മഞ്ഞുരുകി തുടങ്ങുകയും ചെയ്യുന്നുള്ളുവെന്ന്, കാലുകൾക്ക് ബലം കുറയുകയും ദേഹമാകെ തരിക്കുകയും ചെയ്യുന്നുള്ളുവെന്ന്, ഇനിയുമൊരു മഴയിലേക്ക് നനയാൻ വെമ്പി സ്വയം നനയുന്നുള്ളുവെന്ന്.
വിരസമായ ദിനാവർത്തനങ്ങളിൽ ഹോസ്റ്റൽ റൂമിലെ ഓർമ്മകൾ ഭ്രാന്തമായി വേട്ടയാടിയപ്പോഴാണ് വാണി യാത്രകൾ ചെയ്തു തുടങ്ങിയത്.

മൈസൂർ മടിക്കേരി റോഡിലെ ബിഗ് കപ്പ്‌ കഫേയിൽ ഫിൽറ്റർ കോഫിയുടെയും സ്പെഷ്യൽ സാൻഡ്‌വിച്ചിന്റെയും രുചിക്കൊപ്പം വെറുതെയിരുന്നപ്പോഴാണ് അയാളെ കണ്ടു മുട്ടിയത്. ഒറ്റ നോട്ടത്തിൽ ആളെ മനസ്സിലാവുകയും ചെയ്തു.

"ഹലോ ഞാൻ സെബാസ്റ്റ്യൻ. കട്ടപ്പനയാണ് സ്ഥലം. ജിപ്സി എന്ന ബ്ലോഗ് എഴുതുന്ന വാണി ശ്രീകുമാർ അല്ലേ? "

എതിർവശത്തെ സീറ്റിലിരുന്ന് അയാൾ ചോദിച്ചപ്പോൾ അവൾ തലകുലുക്കി.

"ഞാൻ വായിക്കാറുണ്ട് കേട്ടോ.. സിംപ്ലി സൂപ്പർബ്. ഒരു പെൺകുട്ടി തനിച്ച് ഇത്രയധികം യാത്രകൾ ചെയ്ത് ബ്ലോഗെഴുതുക. താൻ ആൺകുട്ടി ആവേണ്ടതായിരുന്നു. "

വാണിയപ്പോൾ ലിഡിയയെ ഓർത്തു.
തനിക്ക് കീഴടങ്ങി കിടക്കുമ്പോൾ അവൾ പലവട്ടം പറഞ്ഞിട്ടുണ്ട് നീ ആണായി ജനിക്കേണ്ടതായിരുന്നുവെന്ന്. ആ ഓർമ്മയിൽ വാണിയൊന്ന് പുഞ്ചിരിച്ചു.
നിർത്താതെയുള്ള അയാളുടെ സംസാരത്തിനിടയിലൂടെ തന്റെ ഒറ്റവാക്കു മറുപടികൾക്കിടയിലൂടെ, സാധാരണ പെണ്ണുങ്ങൾ അത്രയൊന്നും ചെയ്യാത്തത് പോലെ, അവളയാളെ പരതുകയായിരുന്നു
ഇരു നിറം, മെലിഞ്ഞ പ്രകൃതി, നല്ല ഉയരം, മീശയിലും താടിയിലും മുടിയിലും അങ്ങിങ്ങ് വെളുത്ത വരകൾ.
മുപ്പത്തെട്ട് നാല്പതിനപ്പുറം പോവില്ല.
ലിഡിയയുടെ തോളിൽ കയ്യിട്ടിരിക്കുന്ന ഈ മനുഷ്യന്റെ രൂപം അവളുടെ fb പേജിൽ കണ്ടയന്ന് കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത്.
ഫോട്ടോയിൽ കണ്ടതിലും സുന്ദരൻ.
സെബാസ്റ്റ്യനപ്പോഴും അവളുടെ ബ്ലോഗുകളെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.

"ഭൂമി ഉരുണ്ടതല്ലേ ബ്ലോഗ്ഗറേ ഇനീം എവിടേലും വെച്ച് കാണാം. ".

സ്വെറ്ററിന്റെ ഹുഡ് തലയിലേക്ക് വലിച്ചിട്ട് പോക്കറ്റിൽ കൈകൾ തിരുകി പ്രത്യേക താളത്തിൽ അയാൾ നടന്ന് പുറത്തേക്ക് പോയി.
സിൽവർ ഗ്രേ ഥാർ ജീപ്പ് മുരണ്ടുകൊണ്ട് റോഡിലേക്ക് തിരിഞ്ഞപ്പോൾ അവളുടെ കോഫീ തണുത്താറിയിരുന്നു.
ലിഡിയയോട് അവൾക്കസൂയ തോന്നി.
അയാളിലെ എന്താണ് തന്നെയാകർഷിച്ചത്?
കൂട്ടുകാരിയുടെ ഭർത്താവ്.
അവൾക്ക് അയാളോട് സ്നേഹമുണ്ടോയെന്ന് താനിത് വരെ ചോദിച്ചിട്ടില്ലല്ലോ.
ആദ്യകാഴ്ചയിൽ പെണ്ണിന്റെയുള്ളിൽ പ്രണയമോ കാമമോ വിരിയില്ലെന്ന് ഏത് വിഡ്ഢിയാണ് പറഞ്ഞത്.
പക്കാ ലെസ്ബിയനാണെന്ന ഉറച്ച വിശ്വാസത്തിന് മീതെ ഏത് വഴിയിലൂടെയാണ് ആണൊരുത്തൻ ചിന്തകളിൽ കേറി നിരങ്ങുന്നത്?
വാണി തലവേദനയുടെ ഗുളികകൾ പരതി.

"സെബാൻ പറഞ്ഞു നിന്നെ കണ്ടെന്ന്. നമ്മൾ കൂട്ടുകാരാണെന്ന് സെബാനറിയില്ല കേട്ടോ. ഞാനൊരിക്കലും പറഞ്ഞിട്ടില്ല നിന്നെക്കുറിച്ച്. "

ബെഡ്മേറ്റ്സ് ആയിരുന്നെന്ന് പറയാമായിരുന്നില്ലേ എന്ന ചോദ്യവും മനസ്സിൽ തന്നെ തിക്കുമുട്ടി നിന്നതേയുള്ളൂ.
മറുപടി കേൾക്കാതായത് കൊണ്ടാവും ലിഡിയ ഫോൺ വച്ചു.
എന്തിനാണ് താനിത്ര മൂർച്ചയിൽ വികലമായി അവളെക്കുറിച്ച് ചിന്തിക്കുന്നത്. പുസ്തകങ്ങളിലേക്കും പ്രിയപ്പെട്ട ബ്ലോഗുകളിലേക്കും മുഖം പൂഴ്ത്തിയിട്ടും ഇഷ്ടപ്പെട്ട തമിഴ് പാട്ടുകൾക്കൊപ്പം മനസ്സിനെ പറത്തി വിട്ടിട്ടും യോഗയും മെഡിറ്റേഷനും ചെയ്തിട്ടും കുറയാതെ വളർന്നുകൊണ്ടിരുന്ന കാരണമറിയാത്ത അസ്വസ്ഥതയിൽ വാണി വല്ലാതെയുഴറി.
കൊച്ചിൻ ബിനാലെയിൽ സോങ് ഡോങിന്റെ വാട്ടർ ടെംപിളിൽ വിരലുകളിൽ വെള്ളം മുക്കി ഗ്ലാസ്‌ ഭിത്തിയിൽ ചിത്രം വരച്ചു നിന്നപ്പോഴാണ് വാണിക്ക് ജീവശ്വാസത്തിന്റെ തേടിയലഞ്ഞ കണം വീണു കിട്ടിയത്.

"എഴുത്തുകാരി അടിപൊളിയായിട്ട് വരയ്ക്കുന്നുണ്ടല്ലോ? "

ആശ്വാസത്തോടെ വാണി ചിരിച്ചു.

"നല്ല ഫുഡ്‌ വാങ്ങിത്തരാം ബ്ലോഗ്ഗർ വരുന്നോ? "

എങ്ങോട്ടെന്ന് ചോദിക്കാതെ അവൾ സെബാനൊപ്പം വണ്ടിയിൽ കയറി. ഇടക്കെപ്പോഴോ അയാളൊരു മൂളിപ്പാട്ട് പാടുന്നത് അവളുടെ കാതിൽ വീഴുകയും ചെയ്തു. തൃപ്പൂണിത്തറയ്ക്കടുത്ത് ഒരു ചെറിയ ചായക്കടയിൽ നിന്ന് ചൂടു പൊറോട്ടയും മീൻകറിയും കഴിച്ച് രുചി മതിയാകാതെ വിരലുകൾ നക്കിത്തോർത്തുന്ന വാണിയെ സെബാൻ കൗതുകത്തോടെ നോക്കിയിരുന്നു. പകരമായാണ് ചായക്കടയ്ക്ക് എതിർവശത്തെ നഴ്‌സറിയിൽ നിന്ന് നീല പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ശംഖുപുഷ്പം ചട്ടിയോടു കൂടി അവൾ വാങ്ങി കൊടുത്തത്.

ഒന്നും ചെയ്യാനില്ലാതിരുന്ന ഒരു വൈകുന്നേരം ശാസ്ത്രി റോഡിലെ പബ്ലിക് ലൈബ്രറിയിലിരുന്ന് ഹിന്ദു പത്രത്തിന് പിന്നിലെ സുഡോക്കു പൂരിപ്പിച്ചു കൊണ്ടിരുന്ന സമയത്താണ് പിന്നിൽ നിന്ന് 'വെറുതെയൊന്ന് നടക്കാൻ വരുന്നോ 'യെന്ന മന്ത്രണം കേട്ടത്.
ഒരു ചിരികൊണ്ട് കണ്ണുകളിലെ തിളങ്ങുന്ന പിടച്ചിലിനെയൊളിപ്പിക്കാൻ സെബാൻ ശ്രമിച്ചിട്ടും വാണിയത് കണ്ടു. ഒപ്പം ചേർന്ന് നടന്നപ്പോൾ ഇരുവരും മൗനത്തെ കൂട്ടുപിടിച്ചിരുന്നു.
തിരുനക്കരയമ്പലത്തിന് മുന്നിലെ ചെട്ടിയാരിൽ നിന്ന് സെബാൻ മുല്ലപ്പൂ വാങ്ങിയപ്പോൾ അവൾ തലേന്ന് കണ്ട തമിഴ് സിനിമയോർത്തു.

"കഷ്ടിച്ച് തോളൊപ്പമുള്ള മുടിയിൽ നീയിതെങ്ങനെ വയ്ക്കും? "

അവൾക്കാ കുസൃതി ഇഷ്ടമായി. എങ്കിലും മുടിത്തുമ്പിലൊന്ന് തൊട്ട് മുഖം കൂർപ്പിച്ചു.

"കോട്ടയംകാരായ ആണുങ്ങൾക്ക് പെണ്ണുങ്ങൾ മുല്ലപ്പൂ വയ്ക്കുന്നതിഷ്ടമല്ല. പോക്കു കേസുകളാണത്രെ പൂ വയ്ക്കുന്നത്. ഇവിടെ ദൈവങ്ങളുടെ ഫോട്ടോകളും ഓട്ടോറിക്ഷകളും ടാക്സികളുമൊക്കെയാണ് പൂ ചൂടുന്നത്. "

സെബാനതിന് മറുപടി പറഞ്ഞില്ല.
കയ്യിലിരുന്ന മുല്ലമാല രണ്ടായി മടക്കി വാണിയുടെ കഴുത്തിലേക്കിട്ട് കാറ്റു പോലെ ഗോപുരവാതിൽ കടന്ന് റോഡിലെ വെളിച്ചത്തിലേക്ക് അയാളലിയുന്നത് അവൾ നോക്കി നിന്നു.

നിത്യവും പൂജിക്കാനിഷ്ടപ്പെടുന്ന ദേവിയാണോ താനയാൾക്ക്? അതോ കയറിയിറങ്ങി പോകുവാനുള്ള ടാക്സിയോ?
കാണണമെന്ന് ഏറ്റവും ആഗ്രഹിക്കുന്ന നിമിഷങ്ങളിൽ അയാളൊരു ഗന്ധർവ്വനെപ്പോലെ പ്രത്യക്ഷനാകുന്നതെങ്ങനെയാണ്?

കരിക്കും പനനൊങ്കും വിൽക്കുന്ന തമിഴനിൽ നിന്ന് വാങ്ങിയ പനനൊങ്ക് കഴിച്ചുകൊണ്ട് ബൈപ്പാസിൽ നിന്നപ്പോഴാണ് പിന്നീടയാൾ പ്രത്യക്ഷപ്പെട്ടത്.

"അല്ലയോ ബുദ്ധിജീവി ബ്ലോഗറേ എനിക്ക് പനനൊങ്ക് ഇഷ്ടമല്ല. ഒരു കരിക്ക് വാങ്ങിത്തരാൻ ദയവുണ്ടാകണം."

തന്റെ കണ്ണിൽ പൂത്തുനിന്ന പ്രണയം അയാൾ കണ്ടു പിടിക്കാതിരിക്കാൻ വാണി അയാളുടെ കണ്ണുകളെ മനപ്പൂർവ്വം ഒഴിവാക്കി. അന്ന്, അവളൊരു വെളുത്ത ശംഖുപുഷ്പമാണ് സമ്മാനിച്ചത്.

ഇതിനിടെ പെണ്ണുടലും അഴകും ചിരികളും ആസ്വദിക്കാൻ വാണി മറന്നു തുടങ്ങിയിരുന്നു. തന്റെ ലെസ്ബിയൻ മനസ്സിനോടും ബുദ്ധിയോടും അവൾ തർക്കിക്കുകയും വഴക്കു കൂടുകയും ചെയ്തു. അവളിലെ വിശ്വാസങ്ങളെ വേരോടെ പിഴുതെറിഞ്ഞ സെബാൻ അവളിൽ ഭ്രാന്തമായ പ്രണയമായി. നെഞ്ച് പടപടാ മിടിക്കുന്നത്, ഉള്ളം കൈ വിയർക്കുന്നത്, കണ്ണും കാഴ്ച്ചയും പതറുന്നത് ഒക്കെ സെബാനെ കാണുന്ന സമയത്താണെന്ന് അവൾ ഓർക്കുകയും അതേ നിമിഷം ലിഡിയ കുറ്റബോധമായി അവളെ വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു.

"പത്മരാജൻ സിനിമയിലാണ് മുത്തിൽ ചുംബിക്കുമ്പോൾ പ്രത്യക്ഷനാകുന്ന ഗന്ധർവ്വനെ ഞാൻ കണ്ടത്! ഇത് പക്ഷേ സിനിമയല്ലല്ലോ."

ദുർബലമായാണ് അവൾ പിറുപിറുത്തത്.

"എനിക്കറിയില്ല "

അയാളും ദുർബലനായി. യാത്ര പറയാതെ പിരിഞ്ഞപ്പോൾ ഇനിയെന്ന് കാണുമെന്നാണ് അയാളുടെ കണ്ണുകൾ ചോദിക്കുന്നതെന്ന് വാണിക്ക് തോന്നി. അയാൾക്ക് തിരിച്ചും. രണ്ടും സത്യമായിരുന്നു.

"ഞാനൊരു പരാജയപ്പെട്ട ഭർത്താവാണ് വാണീ "

തണുത്ത ശബ്ദത്തിൽ അയാൾ പറഞ്ഞപ്പോൾ കനാലിലൂടെ രണ്ട് വള്ളങ്ങളിലായി നവദമ്പതികളുടെ ഫോട്ടോ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു.
അവരുടെ പ്രണയത്തിൽ നിന്ന് വാണി കണ്ണെടുത്തില്ല.

"പെണ്ണു കാണാൻ ചെന്നപ്പഴോ കല്യാണം വരെയുള്ള നാളുകളിലോ അവളെന്നോട് കാര്യമായൊന്നും സംസാരിച്ചില്ല. തറവാട്ടിലായിരുന്ന കാലം മുഴുവൻ അവളേതാണ്ട് നിശബ്ദതയായിരുന്നു. പാവ പോലെ ഒരു ഭാര്യ. കീ കൊടുക്കാതെ അവളെല്ലാം ചെയ്തുകൊണ്ടിരുന്നു. എന്നോടിണങ്ങാൻ അവൾക്കു സമയം വേണമെന്നെനിക്ക് തോന്നി. മഴ പെയ്തു തണുത്ത ഒരു രാത്രിയിൽ ഇടിമിന്നലിന്റെ വെളിച്ചത്തിലാണ് അവളുടെ മുഖത്തെ വെറുപ്പ് ആദ്യമായിഞാൻ കണ്ടത്. അവളിലേക്ക് പെയ്തുതോർന്ന് കിതപ്പോടെ ചുംബിച്ചപ്പോൾ. "

വാണി അമ്പരന്നില്ല. അതിന്റെ കാരണം അറിയാവുന്നത് അവൾക്ക് മാത്രമായിരുന്നു.

"എനിക്ക് തോന്നിയത് അവളെന്തോ മറയ്ക്കുന്നെന്നാണ്. ആത്മാവിന്റെ ആഴങ്ങളിൽ തൊട്ട പ്രണയമുണ്ടായിരുന്നോ അവൾക്ക്. ഞാനൊരിക്കൽ അവളോടു ചോദിച്ചു. ഒരു പുരുഷനെയും പ്രണയിച്ചിട്ടില്ല എന്നവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. സത്യമാണെന്ന് എനിക്കും തോന്നി. അവൾക്കും എനിക്കുമിടയിൽ ഉള്ളതെന്തോ ഇല്ലാതാക്കാൻ, ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കാൻ ഞാൻ എന്തൊക്കെയോ ചെയ്തു.യാത്രകൾക്ക് കൂട്ടിക്കൊണ്ട് പോയി. എന്തൊക്കെയോ വാങ്ങിക്കൊടുത്തു. പുതിയ വീടിന്റെ സ്വാതന്ത്ര്യത്തിലേക്ക് തുറന്നു വിട്ടു. അവൾ മാറിയതേയില്ല. അവൾക്കൊന്നും വേണ്ടായിരുന്നു. വെറുപ്പും തണുപ്പും തിങ്ങിയ മുഖമുള്ള ഒരുവൾക്കൊപ്പം സെക്സ് പങ്കിടാൻ എനിക്ക് പറ്റില്ലെന്ന് ഞാൻ കയർത്തയന്ന് അവളെന്നോട് പറഞ്ഞു, അവൾക്കെന്നെ സ്നേഹിക്കാനാവുന്നില്ലെന്ന്. "

സെബാന്റെ കണ്ണുകളിൽ നിന്ന് രണ്ട് തുള്ളി കണ്ണുനീർ ഇറ്റുവീണു.

"എനിക്ക് പക്ഷേ അവളെ ഇഷ്ടമാണ് "

കരയുന്ന പുരുഷനെ തഴുകിയാണ് ശമിപ്പിക്കേണ്ടതെന്ന് വാണിക്ക് തോന്നി. പക്ഷെ നിശബ്ദതയെയാണ് അവൾ തഴുകിയത്.
ഇതളെണ്ണം കൂടിയ കരിനീല ശംഖുപുഷ്പം അവളിൽ നിന്ന് വാങ്ങിയ അയാളുടെ വിരലുകളിൽ അവൾ ചുംബിച്ചു. പിന്നെ അതിവേഗം ഒരു ഓട്ടോറിക്ഷയിലേക്ക് മറഞ്ഞു.
അൺനോൺ നമ്പറിൽ നിന്ന് സെബാന്റെ ശബ്ദം ചെവിയിലേക്ക് വീണപ്പോൾ വാണി ഫ്ളാറ്റിലെ വലിയ കണ്ണാടിക്ക് മുന്നിലായിരുന്നു. വസ്ത്രങ്ങളിൽ നിന്ന് സ്വതന്ത്രയായിരുന്നു. നരച്ചു തുടങ്ങിയിട്ടില്ല. പക്ഷേ മുപ്പത്തഞ്ചാം വയസ്സിൽ വാർദ്ധക്യം ആരംഭിച്ചിരിക്കുന്നു.

"എനിക്ക് ജീവിക്കാൻ നീ വേണം വാണീ. ശ്വസിക്കാൻ വായു പോലെ, കഴിക്കാൻ ഭക്ഷണം പോലെ, കുടിക്കാൻ വെള്ളം പോലെ "

ആകുലതകളാൽ ചുട്ടു പഴുത്ത ചിന്തകളിലേക്ക് ആ വാക്കുകൾ കുളിർമഴയായി. ഏകാന്തതയാൽ തണുത്ത് മരവിച്ച സ്വപ്നങ്ങളിൽ ഇളം ചൂടുള്ള കരതലത്താൽ ഒരു ആശ്ലേഷവും. എങ്കിലും വാണി പറഞ്ഞത് മറ്റൊന്നാണ്.

"ഞാൻ സ്വതന്ത്രയാണ് സെബാൻ. മനസ്സുകൊണ്ടെങ്കിലും. പക്ഷേ നിങ്ങളോ? "

കൂർത്ത കണ്ണുകളോടെ കണ്ണാടിക്കപ്പുറത്ത് നിന്നും ലിഡിയ തുറിച്ചു നോക്കുന്നതായി വാണിക്ക് തോന്നി. കുറ്റബോധത്തിന്റെ ഒരു ചെറു ചുരുൾ അവളിൽ ചുഴലി വീശി.

"എനിക്കറിയില്ല "

ആ ഉത്തരത്തിൽ മറുവശത്ത് അയാൾ അവസാനിച്ചു.
മൈസൂരിലെ കാപ്പിത്തോട്ടത്തിൽ തണുത്തു നേർത്ത ഇരുട്ടിലൂടെ സെബാന്റെ വിരലുകളിൽ വിരൽ കോർത്ത് നടന്നപ്പോൾ കോടമഞ്ഞിന്റെ കഷ്ണമായി ലിഡിയ വീണ്ടും വാണിയുടെ മുന്നിലെത്തി.

അവൾ ഭയന്നു. കിതച്ചുകൊണ്ട് അവനിലേക്ക് ചേർന്നു നിന്നു.
കാപ്പിപ്പൂക്കളുടെ മത്തു പിടിപ്പിക്കുന്ന സുഗന്ധത്തിന് ഏതൊരുവളുടെയും ഉള്ളിലെ പ്രണയത്തിന്റെ നീരുറവയെ കാമം കുലംകുത്തിയൊഴുകുന്ന മഴക്കാല നദിയാക്കാൻ കഴിയുമായിരുന്നു.

ബാൽക്കണിയിൽ നിന്ന്, ഇരുട്ടിലേക്ക് സന്ധ്യ അലിയുന്നത് നോക്കി നിന്ന അവളെ സെബാൻ ചാരനിറമുള്ളൊരു കമ്പിളി പുതപ്പിച്ചു. അതിനുള്ളിൽ തന്നെയായിരുന്ന അയാളുടെ മേൽവസ്ത്രം ധരിക്കാത്ത ശരീരച്ചൂടിലേക്ക് വാണി ചേർന്നു നിന്നു. ആ ചൂടിന് ആയിരം കൈകൾ ഉണ്ടായിരുന്നു.

"അവളൊരിക്കലും ഇങ്ങനെയെന്നിലേക്ക് ചേർന്നു നിന്നിട്ടില്ല. എന്റെ പിൻതലയിലെ മുടിയിഴകളെ അള്ളിപ്പിടിച്ചിട്ടില്ല. കണങ്കാൽ കൊണ്ടെന്നെ കെട്ടിപ്പിടിച്ചിട്ടില്ല. കിതപ്പേറി ശ്വാസം മുട്ടുമ്പോൾ എന്റെ ചുണ്ടുകളിൽ നിന്ന് ജീവശ്വാസം നുകർന്നിട്ടില്ല. വെറുപ്പോടെയല്ലാതെ എന്നെ സ്വീകരിച്ചിട്ടില്ല. "

ഒരു കിതപ്പോടെ അയാൾ തുടർന്നു.

"വല്ലാത്ത ഫ്രസ്‌ട്രേഷൻ കൊണ്ട് കൈവിട്ടു പോയൊരു നിമിഷത്തിൽ ഞാനവളുടെ കരണത്തടിച്ചിട്ടു പോലുമുണ്ട്. അതും ആദ്യമായിട്ട്, ഭ്രാന്ത്‌ പിടിച്ചപോലെ ഒരുപാട്"

വാണിയ്ക്ക്‌ കവിൾത്തടം വിങ്ങി വേദനിച്ചു. ലിഡിയ ഒരു തെറ്റാണെങ്കിൽ ശിക്ഷയേറ്റു വാങ്ങേണ്ടവൾ താനാണ്.

"സത്യമാണ്... ഉള്ളിലുണ്ടായിരുന്ന മദ്യം, വാശി, പിന്നെ എന്റെയുള്ളിലപ്പോൾ നീ മാത്രമായിരുന്നു. "

വേദനിക്കുന്ന ലിഡിയയെ ആർദ്രമായ പ്രണയത്തിന് മുന്നിൽ വാണി മറന്നു.
അന്നാദ്യമായി അവളൊരു പുരുഷനെയറിഞ്ഞു. അവൾക്കാ നദി നീന്തി മതിയാകുന്നില്ലായിരുന്നു. ഇനിയും എന്നവൾ കെഞ്ചിയപ്പോൾ അവളെ കളിയാക്കുകയും വയസ്സായിത്തുടങ്ങി കൊച്ചേയെന്നയാൾ കളി പറയുകയും ചെയ്തു.

താനെന്തൊരു സ്ത്രീയാണെന്ന ആത്മനിന്ദയെ, ഊറിക്കൂടുന്ന കുറ്റബോധത്തെ, ലിഡിയയുടെ മുഖത്തെ, ഒക്കെ മറയ്ക്കുന്ന എന്തോ ഒന്ന് സെബാനിലുണ്ടായിരുന്നു. കുളിരുന്ന പ്രണയവും കത്തുന്ന കാമവും ചേർത്ത് നിർമ്മിച്ചയൊന്ന്.
ശംഖുപുഷ്പം വാങ്ങി നൽകാൻ വാണി മറന്നില്ല.
പക്ഷേ ലിഡിയയെ വിളിച്ചില്ല. അവളുടെ വിളികൾക്കും മെസ്സേജുകൾക്കും പ്രതികരിച്ചില്ല.
വാണിയുടെ ഫ്ലാറ്റിൽ അവൾക്കൊപ്പം താമസിച്ച ദിവസങ്ങളിൽ താനൊരു ഭർത്താവായെന്ന് സെബാസ്റ്റ്യന് തോന്നി.
................................................................
'എനിക്ക് നിന്നെയൊന്ന് കാണണം. നേരിട്ട്. ചില തീരുമാനങ്ങളെടുക്കാൻ നേരമായെന്നൊരു തോന്നൽ. നീയിപ്പോഴും ഒറ്റക്ക്. അതും ഞാൻ കാരണം. ചിലതൊക്കെ വേണ്ടന്ന് വയ്ക്കാനുള്ള നേരമായി. ചിലത് നേടാനും. ഒക്കേത്തിനും മുൻപ് നിന്നെയൊന്ന് കാണണം. '

ലിഡിയയുടെ മെസ്സേജ് പലവട്ടം വാണി വായിച്ചു.

നീയില്ലായ്മയിൽ ജീവിച്ചെനിക്ക് മതിയായെന്ന്, നിന്നെയൊപ്പം ചേർക്കാൻ ഇപ്പോഴെനിക്ക് ധൈര്യമുണ്ടെന്ന് അവൾ പറയാതെ പറയുകയാണെന്ന് വാണി തിരിച്ചറിഞ്ഞില്ല.

അവളിലെ പുരുഷൻ മരിക്കുകയും പെൺപ്രണയം മണ്മറഞ്ഞു പോവുകയും ചെയ്തത് ലിഡിയയും അറിഞ്ഞില്ല. പക്ഷെ ലിഡിയയ്ക്ക് വേണ്ടാത്ത സെബാനെ ഭിക്ഷ ചോദിക്കണമെന്ന് വാണിയ്ക്ക് തോന്നി....
രാത്രിമുഴുവൻ ചിന്തിച്ച ശേഷമാണ് പിറ്റേന്ന് വാണി ലിഡിയയ്ക്കരികിലെത്തിയത്.

ഊഞ്ഞാൽ കസേരയിൽ ആലോചനയിൽ മുങ്ങിപ്പോയ വാണി, കുടിച്ച്‌ കൊണ്ടിരുന്ന പാനീയത്തെക്കാൾ തണുപ്പ് കയ്യിൽ അനുഭവപ്പെട്ടപ്പോൾ ഞെട്ടി. ലിഡിയയുടെ വിരലുകൾ കയ്യിൽ തൊട്ടിരിക്കുന്നു..
കൈകൾ പിന്നിലേക്ക് വലിക്കണമെന്ന് വാണി കരുതിയെങ്കിലും ലിഡിയ സ്വന്തം വിരലുകൾ വാണിയുടേതുമായി കോർത്തു കഴിഞ്ഞിരുന്നു
ഇരുവരുടെയും സിരകളിലേക്ക് പാഞ്ഞു കയറിയ സ്പന്ദനങ്ങളാൽ വാണിയ്ക്ക്‌ ദേഹമാകെ പൊള്ളി.
വെന്തെരിയുന്ന ആത്മാവിന് മുന്നിൽ അവൾ ലിഡിയയെ മറന്നു. സെബാനെ മറന്നു. കത്തുന്ന കാമത്തെ എരിയുന്ന കുറ്റബോധം കീഴ്പ്പെടുത്തിയ നിമിഷം വാണി പിടഞ്ഞെഴുന്നേറ്റു....

പടികളിറങ്ങി അതിവേഗം റോഡിലേക്ക് നടക്കുമ്പോൾ ഒരു കുഞ്ഞിന്റെ കരച്ചിൽ കാറ്റായി ചെവിയിൽ തുടിച്ചു. ശംഖുപുഷ്പങ്ങൾ ഒപ്പം കരഞ്ഞു. തണുപ്പാൽ മരവിച്ചു പോയ കൈവിരലുകൾ കൊണ്ട് അവൾ അടിവയർ അമർത്തിപ്പിടിച്ചു..
ഒരു നിമിഷനേരം മാത്രം വിരലുകളിൽ നിന്ന് കൈകളിലേക്കും പിന്നെ ഹൃദയത്തിലേക്കും ചുഴിഞ്ഞിറങ്ങിയ ചൂട് പെട്ടെന്ന് തണുത്ത് മരവിച്ച് കട്ടിയായ പോലെ തോന്നി ലിഡിയയ്ക്ക്...
എന്ത് കൊണ്ടായിരിക്കും തനിക്ക് പറയാനുള്ളതൊന്നും കേൾക്കാതെ വാണി ഇറങ്ങിപ്പോയിരിക്കുക....
എന്തു കൊണ്ടായിരിക്കും എത്രയോ പ്രാവശ്യം കോർത്ത് പിടിച്ചിട്ടുള്ള വിരലുകൾ ഊരിയെടുത്ത് ഓടിപ്പോയിരിക്കുക....
സെബാനോടെല്ലാം തുറന്നുപറയാൻ, സമൂഹത്തെ എതിരിടാൻ, ധൈര്യം സംഭരിക്കുകയായിരുന്നു ഇത്രകാലം. ഇന്നല്ലെങ്കിൽ ഇനിയെന്നാണ് അവൾക്കത് കേൾക്കാനാവുക....

എല്ലാം പറയാൻ വെമ്പി അവൾ ഫോൺ കൈയിലെടുത്തു. ധൃതിയിൽ വാണിയുടെ നമ്പർ സെലക്ട് ചെയ്യുന്നതിനിടെ ചൂരൽ കസേരയുടെ താഴെ വെച്ചിട്ടുള്ള ഒരു കിറ്റിൽ ലിഡിയയുടെ ശ്രദ്ധ പതിച്ചു. പതിയെ എഴുന്നേറ്റ് അവൾ കിറ്റ് തുറന്നു നോക്കി.

പിന്നെ, ഒന്നു മാത്രം റിങ് ചെയ്ത കോൾ അവസാനിപ്പിച്ചു..
എവിടെക്കോ രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ കാറോടിച്ചു കൊണ്ടിരുന്ന വാണി ഫോണിൽ ലിഡിയയുടെ കോൾ കണ്ടപ്പോൾ വീണ്ടും പിടഞ്ഞു... ഒറ്റ റിങ്ങിൽ കോൾ അവസാനിച്ചപ്പോൾ ഭയന്നു. തൊണ്ട വരണ്ടു...അവൾ ഉറക്കെയുറക്കെ കരഞ്ഞു.

താനാരെയൊക്കെയാണ് ചതിച്ചത്?
ഒരേ പാതിയായ കൂട്ടുകാരിയെ, ജീവിതം നീട്ടിയ പ്രിയനെ... തന്നെത്തന്നെ....

ലിഡിയയുടെ കൈകളുടെ ചൂട് ഒരു കനൽക്കട്ട കൊണ്ട് തൊട്ടതു പോലെ ഹൃദയത്തെ പൊള്ളിച്ചു.പിന്നെ ഇരുകൈകളും ഉയർത്തി ചെവി പൊത്തി സ്റ്റിയറിങ് വീലിനു പുറകിൽ ഒളിക്കാൻ ശ്രമിച്ചു...കാർ ചക്രങ്ങൾ കൊക്കയുടെ ആഴങ്ങളിലേക്കു വഴിതിരിഞ്ഞപ്പോൾ കണ്ണിനു മുന്നിൽ തെളിഞ്ഞ അവ്യക്തമായ രൂപങ്ങളിൽ അവൾ സെബാനെ വ്യക്തമായി കണ്ടു...

ഒരു കണ്ണിൽ നിറഞ്ഞ കാമവും മറുകണ്ണിൽ നിസ്സഹായതയിൽ നിന്നുരുവായ കനലും കൊണ്ടു നിൽക്കുന്ന ലിഡിയയെ കണ്ടു... നിറയെ ശംഖുപുഷ്പങ്ങൾ വിരിഞ്ഞു നിൽക്കുന്ന താഴ്‌വരയും കണ്ടു...
പിന്നെ ഇരുട്ടും....

തുറന്നു കിടക്കുന്ന ഗേറ്റിലൂടെ വളഞ്ഞു കയറിവന്ന കാറിലിരുന്നു തന്നെ, വരാന്തയിൽ തന്നെയും പ്രതീക്ഷിച്ചെന്ന വണ്ണം ചൂരൽ കസേരയിൽ ഇരിക്കുന്ന ലിഡിയയെ സെബാൻ കണ്ടു..

വാണിയുടെ ഫ്‌ളാറ്റിലേക്ക് താമസം മാറും മുൻപ് ഒരു വാക്ക് പറയുവാൻ ശംഖുപുഷ്പങ്ങൾ പടർന്ന വരാന്ത തന്നെയാവും ഏറ്റവും നന്നാവുക എന്നയാൾ തീർച്ചപ്പെടുത്തിയിരുന്നു... പതിയെ നടന്ന് ലിഡിയയ്ക്കരികിലെത്തിയപ്പോൾ, അവളുടെ കണ്ണുകളിൽ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത പ്രണയം ജ്വലിക്കുന്നതു പോലെ സെബാന് തോന്നി...

മുട്ടുകുത്തിയിരുന്ന് ഇരുകൈകളും കൊണ്ട് ലിഡിയയുടെ കൈകളിൽ പിടിക്കാനാഞ്ഞ സെബാൻ കാൽമുട്ടുകളിലേക്ക് പടർന്ന ചുവന്ന, വഴുവഴുത്ത തണുപ്പിൽ ഞെട്ടി.. അപ്പോഴും ഇടതു കൈത്തണ്ടയിൽ നിന്ന് തുള്ളികളായി വീണുകൊണ്ടിരുന്ന രക്തത്തിലേക്ക് അയാൾ തുറിച്ചു നോക്കി.

കറുത്ത ഒരു കവറിൽ കരുത്തോടെ വളർന്നു നിൽക്കുന്ന, ഒരു പൂവ് മാത്രം വിരിഞ്ഞ നീല ശംഖുപുഷ്പത്തിന്റെ തൈയ്ക്ക് ചുറ്റും രക്തം തളം കെട്ടിയിരുന്നു...പിന്നെ നേർത്ത അരുവിയായി ചാലിട്ടൊഴുകി. നീല ശംഖുപുഷ്പങ്ങൾ സ്വപ്നങ്ങളായി പ്രണയം നിറച്ച അയാളുടെ താഴ്‌വര ആദ്യം ചുവക്കുകയും പിന്നെ കറുക്കുകയും ചെയ്തു.

Dr. Salini CK

കടൽപ്പാലത്തിലെ മിഴിക്കാക്കകൾ

വെയിൽ ചാഞ്ഞ് തുടങ്ങിയിരുന്നു.
ഇന്ദു ബാല ടീച്ചർ പിൻവശത്തെ മുറ്റത്തേക്കിറങ്ങി.
പകൽ, സന്ധ്യയെ കടന്ന് രാത്രിയിലേക്ക് അലിയും വരെ മുറ്റത്തു കൂടി നടക്കാൻ ഇന്ദുബാലക്ക് ഇഷ്ടമാണ്.
ദൈവത്തോട് പിണങ്ങിയ ഒരു സന്ധ്യയ്ക്ക് ശേഷം അവരങ്ങനെ പ്രാർത്ഥിക്കാറില്ല. അമ്പലത്തിലേക്കോ മറ്റോ ആരെങ്കിലും വിളിച്ചാൽ മൂപ്പരോടു പരാതി പറയുന്ന പണി ഞാൻ അവസാനിപ്പിച്ചു എന്നാണ് അവർ പറയുക.
മുറ്റത്തോട് ചേർന്നു നിന്ന റംബുട്ടാൻ മരത്തിൽ നിന്ന് വിളഞ്ഞു പഴുത്ത പഴങ്ങളിൽ ചിലത് നിലത്തു വീണു കിടന്നിരുന്നു.
വർഷങ്ങൾക്ക് മുൻപ് പഠന കാലത്ത് ഹോസ്റ്റൽ നാളുകളിൽ പ്രിയ കൂട്ടുകാരി ലീലയാണ് ഇന്ദുബാലക്ക് ആദ്യമായി റംബുട്ടാൻ പഴങ്ങൾ കൊണ്ടു കൊടുത്തത്....
ചുവന്നു തുടുത്ത പഴങ്ങൾ....
ഇന്ദുബാലക്ക് ഏറെ പ്രിയങ്കരിയായിരുന്ന അവൾ ജീവിതത്തിന്റെ വെയിൽ വഴികളിൽ അകന്നു പോയപ്പോൾ അവളുടെ ഓർമ്മക്ക് വേണ്ടി നട്ടു പിടിപ്പിച്ചതാണ് ആ മരം.
ചിലപ്പോഴൊക്കെ അതിന്റെ ചുവട്ടിലിരുന്ന് ഓർമ്മകളിലെ ദിവസങ്ങളിലൂടെ നടക്കുമ്പോൾ ഹൃദയം നിറയുന്നൊരു സന്തോഷം ഇന്ദുബാലക്ക് തോന്നാറുണ്ട്. ചില ഭ്രാന്തമായ ഭ്രാന്തുകൾ.....
വീണു കിടക്കുന്നവയിൽ നിന്ന് നല്ലതു നോക്കി കുറച്ചു പഴങ്ങൾ അവർ പെറുക്കിയെടുത്തു.

" ടീച്ചറേ...... ടീച്ചറെ കാണാൻ ആരോ വന്നിരിക്കുന്നു "

മുറ്റം തൂത്തു കൊണ്ടിരുന്ന മോളിക്കുട്ടി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ട് ചൂലുമായി പിൻമുറ്റത്തെത്തി....
അവൾക്കൊപ്പം ഇന്ദുബാല മുൻ വശത്തേക്ക് നടന്നു.
സന്ദേഹം നിറഞ്ഞ മിഴികളോടെ രണ്ട് പെൺകുട്ടികൾ മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു.... യാത്ര ചെയ്ത് വന്നതാണെന്ന് വ്യക്തമാകുന്ന രൂപഭാവം...
ഇന്ദുബാലക്ക് അവരെ മനസ്സിലായില്ല.
പക്ഷെ എവിടെയോ കണ്ടു മറന്ന മുഖങ്ങൾ ആണെന്ന് അവർക്ക് തോന്നി.
ചിലപ്പോൾ താൻ പഠിപ്പിച്ച കുട്ടികൾ ആരെങ്കിലും ആവും..
അധ്യാപന ജീവിതം തന്ന സൗഭാഗ്യമാണത്, ഇടയ്ക്കിടെ തേടിയെത്തുന്ന പഴയ ശിഷ്യർ...
രണ്ടുപേർക്കും ഇരുപതിന് മേൽ പ്രായമുണ്ടെന്ന് തോന്നുന്നു.
അവർ ഇന്ദുബാലയെ തന്നെ ഉറ്റു നോക്കി നിൽക്കുകയായിരുന്നു. നീളൻ വരാന്തയുടെ ഉരുളൻ തൂണിലേക്കു ചാരി ഇന്ദുബാല നിലത്തിരുന്നു.
കൈകൊണ്ട് അവരോട് ഇരിക്കാൻ ആംഗ്യം കാട്ടി.
അടുത്തിരുന്ന അവർക്ക് റംബുട്ടാൻ പഴങ്ങൾ നീട്ടി. മോളിക്കുട്ടിയോട് കുടിക്കാനെന്തെങ്കിലും എടുക്കാൻ പറഞ്ഞ് അവർ വീണ്ടും കുട്ടികളിലേക്ക് മിഴി നട്ടു.

"ടീച്ചർക്ക് ഞങ്ങളെ മനസ്സിലായോ? "

ചോദ്യകർത്താവ് മൂത്തയാളാണെന്ന് തോന്നുന്നു. അവർ സഹോദരങ്ങളാണെന്ന് ഇന്ദുബാലക്ക് ആദ്യമേ തോന്നിയിരുന്നു. ഇരുവർക്കും ഒരേ മുഖച്ഛായയാണ്.
തനിക്കിവരെ ഓർമകളിലെവിടെയോ അറിയാമെന്ന് ഹൃദയം പറയുന്നുണ്ടെങ്കിലും ഓർമയുടെ തെളിച്ചമില്ലാത്ത കണ്ണുകളോടെ അവർ വിലങ്ങനെ തലയാട്ടി.

"ഇല്ല പക്ഷെ..... "

" ഞാൻ അമുദ.... ഇവൾ ആനന്ദി.... "

രണ്ടാമത്തെ പെൺകുട്ടിയാണ് പറഞ്ഞത്.
ഇന്ദുബാലയുടെ ഹൃദയത്തിൽ തണുത്ത കാറ്റടിച്ചു.
ഓർമകളുടെ മേൽ വീണുകിടന്ന മറവിയുടെ ചാരം അതിവേഗം പറന്നു പോയി

"അന്നപൂർണ്ണിയുടെ
മക്കൾ.... "

ഇന്ദുബാലയുടെ ശബ്ദം വിറക്കുകയും കണ്ണുകൾ നിറയുകയും ചെയ്തു.
ഉറവയാർന്ന മാതൃ വാത്സല്യം കണ്ണുകളിലൂടെ ഒഴുകി.

അവൾ..... അന്നപൂർണ്ണി. ... ഇത്രമേലാഴത്തിൽ തന്നിൽ പതിഞ്ഞിരുന്നോ.....????

ജന്മാന്തരങ്ങളിലെ രക്തബന്ധ പാശത്താൽ തങ്ങൾ എപ്പോഴെങ്കിലും ബന്ധിക്കപ്പെട്ടിരുന്നോ.....?

ഇന്ദുബാല അവരുടെ കൈകൾ ചേർത്തു പിടിച്ചു.
മൂവരുടെയും മിഴികൾ നിറഞ്ഞിരുന്നു.....
.................................................

ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുൻപാണ് അന്നപൂർണ്ണിയുടെ ജീവിതത്തിലേക്ക് ഒരു കാളിങ് ബെല്ലടിച്ച് കൊണ്ട് ഇന്ദുബാല കയറിച്ചെന്നത്.

എറണാകുളത്ത് പഠിപ്പിക്കുന്ന സ്കൂളിനടുത്ത് പേയിങ് ഗസ്റ്റായി താമസിക്കാൻ സൗകര്യം ഉണ്ടെന്നറിഞ്ഞ് അന്വേഷിക്കാൻ എത്തിയതായിരുന്നു അവൾ.
നഗരത്തിന്റെ തിരക്കുകളൊന്നും ഏൽക്കാത്ത പഴയ വീട്.....
നീളൻ വരാന്തയും തൊടിയും മരങ്ങളും ചെടികളും ഉള്ള ആ വീട് ഒറ്റ നോട്ടത്തിൽ തന്നെ ഇന്ദുബാലക്ക് ഇഷ്ടമായി.
വാതിൽ തുറന്നത് നിലാവിന്റെ കീറ് മുഷിഞ്ഞ ചേല ചുറ്റിയതു പോലെ ഒരു പെൺകുട്ടിയാണ്.
അന്നപൂർണ്ണി.
അറുപത്തഞ്ചിന് മേൽ പ്രായമുള്ള ദേവിയമ്മ ഒരു കൂട്ടിനാണ് പേയിങ് ഗെസ്റ്റുകളെ താമസിപ്പിച്ചിരിക്കുന്നത്.
അവിടുത്തെ മൂന്ന് പേയിങ് ഗെസ്റ്റുകൾക്കൊപ്പം നാലാമത്തെ ആളായി ഇന്ദുബാല കൂടി.
അവിടുത്തെ ഓൾ ഇൻ ഓൾ ആണ് അന്നപൂർണ്ണി.

അവൾ ജോലിക്കാരിയാണെന്ന് ദേവിയമ്മ പറയാറില്ല.
എന്റെ കുട്ടിയാണ് എന്നാണ് പറയുക.
ഇരുപത്തഞ്ചിനടുത്ത് പ്രായം.
ഭയം നിറഞ്ഞ മിഴികൾ.
നിറം മങ്ങിയ വസ്ത്രങ്ങൾ.
മഞ്ഞ ചരടിലെ താലിയും നെറ്റിയിലെ കുങ്കുമവും ഒഴിച്ചാൽ മറ്റ് അലങ്കാരങ്ങൾ ഒന്നുമില്ല.

എപ്പോഴും എന്തെങ്കിലും ജോലി ചെയ്തുകൊണ്ടേയിരിക്കും. അധികം സംസാരിക്കാറില്ല.
പക്ഷെ അവളുണ്ടാക്കുന്ന തമിഴ് വിഭവങ്ങൾക്ക് അപാര സ്വാദ് ആയിരുന്നു.
രണ്ട് വീടുകൾക്കപ്പുറം താമസിക്കുന്ന ദേവിയമ്മയുടെ കൊച്ചുമകൻ അന്നപൂർണ്ണി ഉണ്ടാക്കുന്ന ആഹാരം കഴിക്കാൻ വേണ്ടി മാത്രം വരുമായിരുന്നു.
അവളെപ്പോഴും അവനായി ആഹാരം കരുതി വക്കുകയും സ്നേഹത്തോടെ വിളമ്പി ഊട്ടുകയും ചെയ്യുന്നത് ഇന്ദുബാല കണ്ടിട്ടുണ്ട്.

കാലത്ത് കുളിച്ചു വന്ന് അടുക്കളയുടെ ചുവരിൽ ഒട്ടിച്ചു വച്ചിരിക്കുന്ന മുരുകന്റെ ചിത്രത്തിന് മുന്നിൽ കൈ കൂപ്പി ഏതോ തമിഴ് കീർത്തനം ചൊല്ലി അവൾ ജോലികളാരംഭിക്കും.
അവധി ദിവസങ്ങളിൽ മുറ്റത്ത് കോലം വരയ്ക്കും....
സായാഹ്നങ്ങളിൽ പിൻവശത്തെ വരാന്തയുടെ പടിയിലിരുന്ന് മുല്ല മാല കെട്ടും.
ചില ദിവസങ്ങളിൽ കുനുകുനുത്ത തമിഴ് അക്ഷരങ്ങളിൽ കത്തുകളെഴുതും.

അവളുടെ പിന്നാലെ കണ്ണുകളെ വിട്ടുകൊണ്ട് പുസ്തകം വായിക്കുകയാണെന്ന വ്യാജേന വെറുതെ അലസമായിരിക്കാൻ ഇന്ദുബാലക്ക് ഏറെ ഇഷ്ടമായിരുന്നു.
അവൾ അടുക്കളയിൽ ധൃതിയിൽ ജോലി ചെയ്യുമ്പോൾ എപ്പോഴും പിറുപിറുക്കുന്നുണ്ടെന്ന് ഇന്ദുബാല കണ്ടുപിടിച്ചത് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ്.
ഒരു അവധി ദിവസം ഇന്ദുബാല അവൾക്ക് പിന്നാലെ കൂടി.
അവളുടെ മന്ത്രണങ്ങളുടെ രഹസ്യമറിയാൻ....

"അത് വന്ത് അക്കാ..... "

അവൾ പരുങ്ങി.
ഇന്ദുബാലക്ക് കുറച്ചു പണിപ്പെടേണ്ടി വന്നു.
സമയത്തെ മാനേജ് ചെയ്യാനുള്ള സൂത്രമാണത്രെ.....

ദോശക്ക് മാവ് കോരിയൊഴിച്ചാൽ ഇത്ര സെക്കന്റ്‌ കഴിയുമ്പോൾ മറിച്ചിടണം....
ഇത്ര കഴിയുമ്പോൾ എടുക്കണം....
അപ്പത്തിന്, ചപ്പാത്തിക്ക്, മിക്സിയിലരയ്ക്കാൻ, ഒരു ഗ്ലാസ്‌ വെള്ളം തിളക്കാൻ ഓരോന്നിനും അവൾക്ക് സെക്കന്റുകളുടെ കണക്കുണ്ട്...

ഇന്ദുബാല അന്തം വിട്ടു.
മനസ്സിൽ എണ്ണിക്കൊണ്ടാണ് അവൾ സമയത്തെ നിജപ്പെടുത്തുന്നത്.
ചിലപ്പോൾ സ്വയമറിയാതെ അവ ചുണ്ടുകളിലെത്തുന്നതാണ് അവളുടെ മന്ത്രണങ്ങൾ....

"ഏൻ പുരുഷൻ സൊല്ലി കൊടുത്തത് അക്കാ... "

അവൾ വിഷാദത്തോടെ ചിരിച്ചു.
ഇടിയും മിന്നലുമായി മഴ പെയ്തിറങ്ങിയ ഒരു തുലാമാസ സന്ധ്യയിൽ അന്നപൂർണ്ണി അവളുടെ കഥ പറഞ്ഞു;
ഇന്ദു ബാലയോട് .

തൂത്തുക്കുടിയിലെ ഒരു മിഡിൽ ക്ലാസ് യാഥാസ്ഥിതിക കുടുംബത്തിലാണ് അന്നപൂർണ്ണി ജനിച്ചത് ,അതും ആറാമത്തെ പെൺകുട്ടിയായി.

" ആറാമത് കൊഴന്തൈ വന്ത് കണ്ടിപ്പാ ആൺ കൊഴന്തയാരുപ്പാന്ന് ജ്യോസ്യര് അപ്പാക്കിട്ടെ സൊന്നാരാ .... ആനാ പൊമ്പിളയാ പൊറന്ത് നാൻ അവരോടെ സകല കനവുകളെയും തൊലച്ചിട്ടേൻ "

അണ്ണ പൂർണി വിതുമ്പി.
ആർക്കും വേണ്ടാതെ പിറന്നവൾക്ക് കുടുംബത്തിന്റെ അവഗണന മാത്രേ കിട്ടിയുള്ളു .
വീട്ടിൽ സംഭവിക്കുന്ന സകല അശുഭകാര്യങ്ങളുടെയും പഴി അവളുടെ തലയിൽ വീണു കൊണ്ടിരുന്നു .
അക്കമാരുടെ കല്യാണവും പ്രസവവും ഒക്കെ ചേർന്ന് കുടുംബം വലിയ ദാരിദ്ര്യത്തിൽ ആയിട്ടും പതിനെട്ടു വയസ്സാകും മുൻപ് അപ്പാ അന്നപൂർണ്ണിയുടെ കല്യാണം ഉറപ്പിച്ചു.
രണ്ടാം കെട്ടുകാരനായ അയാൾ അപ്പാവോടെ ബന്ധു ആയിരുന്നു. ആർക്കും വേണ്ടാത്തവളുടെ എതിർപ്പ് ആരു കേൾക്കാൻ.
അവളുടെ ഇരട്ടിയിലധികം പ്രായമുള്ള മനുഷ്യൻ.....
സകല ദുർഗുണങ്ങളും തികഞ്ഞവൻ....
ധാരാളം സ്വത്തുക്കളുള്ള അയാൾക്ക് സ്ത്രീധനം വേണ്ടന്നുള്ളത് ഒരു മേന്മയായി കണ്ട് അപ്പാ കല്യാണ ഒരുക്കങ്ങൾ തുടങ്ങി.

വീടിനടുത്തുള്ള മുരുകൻ കോവിലിനു മുന്നിൽ നിന്ന് അവൾ ഹൃദയം വെന്തു നീറി കരഞ്ഞു.
ദൈവം എന്നൊന്നില്ല എന്ന് അന്നപൂർണ്ണിക്ക് തോന്നി. ഒരാളെയെങ്കിലും പ്രണയിക്കാൻ തോന്നിയിരുന്നെങ്കിൽ ഇങ്ങനെ ജീവിതം നഷ്ടപ്പെട്ട് മരിക്കാൻ ഭയന്ന് നിൽക്കേണ്ടി വരുമായിരുന്നില്ലെന്ന് അവൾക്കു തോന്നി.
ഓരോ നിമിഷവും ഭീതിയോടെ മാത്രം ജീവിച്ചവളുടെ ഹൃദയത്തിൽ എവിടെനിന്ന് പ്രണയം വിരിയാനാണ്...

ദൈവത്തിൻ മേലുള്ള വിശ്വാസത്തിന്റെ അവസാന കണികയും ചോർന്നു തുടങ്ങിയ നിമിഷത്തിൽ അവൾ ഒരു ചോദ്യം കേട്ടു, പിന്നിൽനിന്ന്....

" ഏൻ കൂടെ വരീങ്ക്ളാ....."

ഇരുനിറമുള്ള മെലിഞ്ഞുനീണ്ട ഒരു യുവാവ്.
അവളവനെ രണ്ടോ മൂന്നോ തവണ കണ്ടിട്ടുണ്ട്.
പേരോ വീടോ ഒന്നും അറിയില്ല.
അവൻ പുഞ്ചിരിയോടെ വീണ്ടും ചോദിച്ചു,

" ഉങ്ക പക്കത്തിലെ ഒരു റൂമിലെ താൻ നാൻ ആറുമാസമാ തങ്കിയിട്ടിരുക്കേൻ.....
എനക്ക് ഉന്നേ പറ്റി നല്ലാ തെരിയും....
നിജമാ ഉന്നെ എനക്ക് റൊമ്പ പുടിച്ചിരിക്ക് ......
ഉയിരിരിക്കും വരെയ്ക്കും കൺ കലങ്കാമെ പാത്തിട്രേൻ..
ഏൻ കൂടെ വരീങ്ക്ളാ..... "

നിറഞ്ഞ മിഴികളോടെ അവൾ സ്തംഭിച്ചുനിന്നു.

" ആനാ എനിക്ക് വന്ത്‌ അത് കടവുളോടെ കുറൽ മാതിരി തെരിഞ്ചിത് അക്കാ.....
നിജമാ കടവുൾ ഇരിക്കാന്ന് എനക്ക് അപ്പത്താൻ തെരിഞ്ചിത്...."

അന്നപൂർണ്ണി വിതുമ്പി.
നാഗർകോവിലിലേക്ക് ഉള്ള ബസ്സിൽ അവനൊപ്പം യാത്രചെയ്യവേ തന്നെക്കുറിച്ചെല്ലാം അവൻ
അന്നപൂർണ്ണിയോട് പറഞ്ഞു.
ശക്തിവേൽ, തൂത്തുക്കുടിയിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു. നാഗർകോവിലിലെ സ്വന്തം വീട്ടിൽ അവന് അമ്മ മാത്രമേയുള്ളൂ.
മാരിയമ്മൻ കോവിലിൽ വച്ച് താലികെട്ടി അവളെയുമായി വീട്ടിലെത്തിയപ്പോൾ ആരതി ഉഴിഞ്ഞ് പൊട്ടു വച്ച് സ്വീകരിച്ച ശക്തിവേലിന്റെ അമ്മയുടെ മുഖത്ത് സ്നേഹവും സന്തോഷവും ആയിരുന്നു.
ജീവിതം എന്തെന്ന് അന്നപൂർണ്ണി അറിഞ്ഞു തുടങ്ങുകയായിരുന്നു. നാഗർകോവിലിൽ തന്നെ ശക്തിവേലിന് ജോലി കിട്ടി.
അവന്റെ അമ്മ
അന്നപൂർണ്ണിയെ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചു.
കയ്യിൽ മുല്ലപ്പൂവും കണ്ണുകളിൽ പ്രണയവുമായി വരുന്ന ശക്തിവേലിനെ കാത്തിരിക്കുന്ന സന്ധ്യകൾ അന്നപൂർണ്ണിക്ക് ഏറെ പ്രിയപ്പെട്ടവയായിരുന്നു.
അമ്മാവേയും അപ്പാവേയും അക്കമാരെയും കുറിച്ചുള്ള ചിന്തകൾ പോലും വല്ലപ്പോഴുമായി.
നിലാവ് പെയ്തിറങ്ങിയ പോലെ ഒരു പെൺകുഞ്ഞ് കൂടി വിരുന്നെത്തിയപ്പോൾ അവരുടെ വീട് സന്തോഷത്തിലാറാടി....
ഓടിക്കളിക്കുന്ന ആനന്ദിക്ക് കൂട്ടായി അമുദ കൂടി വന്നപ്പോൾ വീട് സ്വർഗ്ഗമായി....

ദൈവത്തിന് പോലും അവരോട് അസൂയ തോന്നിയോ.....?
ഒരു ദിവസം പതിവ് സമയം കഴിഞ്ഞു ശക്തിവേൽ വന്നില്ല.

കാത്തിരിപ്പ് നീണ്ടു പോകവേ ഭയത്താൽ കരഞ്ഞു തുടങ്ങിയ അന്നപൂർണ്ണിയെ തേടിയെത്തിയത് ശക്തിവേലിന്റെ കൂട്ടുകാരാണ്.

ഫാക്ടറിയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ അയാൾ ആശുപത്രിയിൽ ആണത്രേ.....

സാരമായി പരിക്കേറ്റ ശക്തിവേൽ എഴുന്നേറ്റ് നടക്കാൻ മൂന്നുമാസത്തോളം സമയമെടുത്തു.
അപ്പോഴേക്കും വീട്ടിലെ ചെമ്പു പാത്രങ്ങൾ വരെ വിറ്റു തീർന്നിരുന്നു.
വിതുമ്പി വിതുമ്പി കരയുന്ന അന്നപൂർണ്ണിയെ സമാധാനിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് ഇന്ദുബാലക്ക് അറിയുമായിരുന്നില്ല.

ഇനിയൊരിക്കലും ജോലി ചെയ്യാനാവാത്ത വിധം ശക്തിവേലിന്റെ ആരോഗ്യം തകർന്നു പോയി.
അപ്പാവും അക്കാമാരുടെ പുരുഷന്മാരും ചേർന്ന് ശക്തിവേലിനെ
ഉപദ്രവിച്ചതാണെന്ന് തിരിച്ചറിഞ്ഞ അന്നപൂർണ്ണി തകർന്നുപോയി.

" കടവുൾ എതുക്ക് ഇന്ത മാതിരിയെല്ലാം പൺറേന്ന് എനക്ക് തെരിയാതക്കാ..... എതുക്ക് ഇപ്പടി കഷ്ടത്തെ മട്ടും കൊടുത്തിട്ടിരിക്ക്.... നാൻ സന്തോഷമാവാഴറുത് കടവുളുക്ക് കൂടി പുടിക്കാതാ.... "

ഏങ്ങലടിച്ചു കരയുന്ന അന്നപൂർണ്ണിയെ ആശ്വസിപ്പിക്കാൻ ഇന്ദുബാല യുടെ പക്കൽ വാക്കുകളൊന്നുമുണ്ടായിരുന്നില്ല.
കണ്ണീർ മഴയിൽ നനഞ്ഞആ നിലാവിനെ നിറഞ്ഞ കണ്ണുകളോടെ ഇന്ദുബാല നോക്കിയിരുന്നു.

അപ്പാവോ അക്കാമാരുടെ പുരുഷന്മാരോ തേടി വരാതിരിക്കാൻ ദൂരെ ചെന്നൈക്ക് അടുത്ത് ഒരു ഒറ്റ മുറി വാടക വീട്ടിലേക്ക് അവൾ ജീവിതം പറിച്ചുനട്ടു.
സമീപത്തെ വീടുകളിലും ഹോട്ടലിലും അവൾ ജോലി ചെയ്തു.
വീട്ടു ചിലവുകളും ശക്തിവേലിന്റെ മരുന്നുകളും എല്ലാം കൂടി താങ്ങാൻ അവളാൽ കഴിഞ്ഞില്ല

"ആനാലും എല്ലാമേ നാൻ സന്തോഷമാ സെഞ്ചെനക്കാ.... എനക്ക് എന്ത കഷ്ടവും തോന്നലെ....
ഏന്നാ അവര് ഏൻ കൂടെ ഇരുക്കിറാനെ... എനക്ക് അതേ പോതും....
എനക്കാകെ താൻ അവരിപ്പടി ആയിട്ടേൻ.......
എനക്ക് അന്ത കവല മട്ടും താനിരുക്ക്.... "

അവൾ കണ്ണുകൾ തുടച്ചു.
അടുത്തുണ്ടായിരുന്ന മലയാളി കുടുംബമാണ് അവളുടെ കഷ്ടപ്പാടുകൾ തിരിച്ചറിഞ്ഞ്, മെച്ചപ്പെട്ട ശമ്പളത്തിൽ അവളെ എറണാകുളത്ത് എത്തിച്ചത്.
അവൾ വാക്കുകൾ കൊണ്ട് വരച്ച ഒരു ചിത്രം ഇന്ദുബാലയുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു.....

കടൽത്തീരത്തെ അവളുടെ ഒറ്റമുറി വീട്ടിൽ നിന്ന് നോക്കിയാൽ ഒരു കടൽപ്പാലം കാണാം. പണ്ട് അവിടെ ചരക്കു കപ്പലുകൾ വരുമായിരുന്നു.
പുതുവസ്ത്രങ്ങളും മധുര പലഹാരങ്ങളുമായി കടലിനക്കരെ നിന്ന് വള്ളം തുഴഞ്ഞെത്തുന്ന അമ്മയെ കാത്ത് എല്ലാ സായാഹ്നങ്ങളിലും ആനന്ദിയും അമുദയും കടൽപ്പാലത്തിൽ ശക്തിവേലിനൊപ്പം വന്നിരിക്കും....
ചക്രവാളത്തിലേക്ക് സൂര്യൻനിറങ്ങി മറഞ്ഞിട്ടും അമ്മയെ കാണാതാവുമ്പോൾ നനഞ്ഞ് ഈറൻ പേറുന്നരണ്ട് ജോഡി കുഞ്ഞു മിഴികൾ ഇന്ദുബാലയെ കരയിക്കുക തന്നെ ചെയ്തു.
അമ്മ തുഴഞ്ഞെത്തുന്ന വള്ളം കാണാൻ അലകൾക്ക് മീതെ നാലുപാടും നോക്കിയിരിക്കുന്ന അവരെ കാക്ക കുഞ്ഞുങ്ങൾ എന്നാദ്യം വിളിച്ചത് മുല്ലപ്പൂ വിൽക്കുന്ന പാട്ടി ആണത്രേ....

അവൾ കണ്ണീരോടെ മിഴികൾ പൂട്ടി ഇരുന്നപ്പോൾ, സമാധാനം പകരാൻ മറന്ന്, പെയ്തിറങ്ങുന്ന സ്വന്തം കണ്ണുകളെ തുടയ്ക്കാൻ മറന്ന് ഇന്ദുബാലയും ഇരുന്നു.
നിറം മങ്ങിയ വസ്ത്രമണിഞ്ഞ വിയർത്തുകുളിച്ച ആ പെൺകുട്ടിയെ ഇന്ദുബാല കെട്ടിപ്പിടിച്ചു.

"വിട്ടിട് അക്കാ..... ഒടമ്പെല്ലാം കെട്ട വാസനയാരുക്ക് "

അവളുടെ ഹൃദയത്തിന്റെ കസ്തൂരി ഗന്ധമല്ലാതെ മറ്റൊന്നും ഇന്ദുബാല തിരിച്ചറിഞ്ഞില്ല.
പിറ്റേ മാസം അന്നപൂർണ്ണിയെ സ്വന്തം വീട്ടിലേക്ക് അയയ്ക്കാൻ ധൃതി ഇന്ദുബാലക്കും കൂട്ടുകാർക്കുമായിരുന്നു.
പല ജോഡി വർണ്ണ വസ്ത്രങ്ങളും മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും അവർ വാങ്ങി.
അവളെ കാത്തിരിക്കുന്ന കാക്ക കുഞ്ഞുങ്ങളുടെ ചെറു മിഴികളിൽ അത്ഭുതവും സന്തോഷവും നിറയുന്നത് അവർ സ്വപ്നം കണ്ടു.
പക്ഷേ, റെയിൽവേ സ്റ്റേഷനു മുന്നിൽ വച്ച് റോഡ് ക്രോസ് ചെയ്ത അന്നപൂർണ്ണിയെ കാറിടിച്ചു.
ഒഴുകി പടരുന്ന ചുവപ്പിൽ കുളിച്ച് പിടഞ്ഞ് 'എന്നങ്കെ ' എന്ന് നിലവിളിച്ച് അവളവസാനിച്ചത് ഒരു നിമിഷം കൊണ്ടായിരുന്നു.
ദേവിയമ്മയുടെ പക്കലുണ്ടായിരുന്ന കോൺടാക്ട് നമ്പരിലേക്ക് വിളിച്ചിട്ട് പിറ്റേ ദിവസമാണ് ശക്തിവേലിനെ ഫോണിന്റെ അങ്ങേത്തലയ്ക്കൽ കിട്ടിയത്.
അടഞ്ഞ ശബ്ദത്തിൽ അവൻ ഏങ്ങലടിച്ചു കരഞ്ഞു.
രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും വയസ്സായ അമ്മയെയും കൊണ്ട് യാത്ര ചെയ്തു വരാൻ അവനാവുമായിരുന്നില്ല.

"ഏൻ അന്നപൂർണ്ണിയെ അങ്കയേ എരിച്ചിടലാമാ അക്കാ...? "

എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അവൻ ചോദിച്ചപ്പോൾ അവനിലെ നിസ്സഹായതയുടെ മുള്ളുകൾ അവരുടെയെല്ലാം ഹൃദയത്തിൽ ആഴത്തിൽ മുറിവുകൾ സൃഷ്ടിച്ചു
ദേവിയമ്മയുടെ കൊച്ചുമകൻ അന്നപൂർണ്ണിക്കായി കർമ്മങ്ങൾ ചെയ്തു.
അവനും കരയുകയായിരുന്നു.

നനുത്ത മഴ പോലെ പെയ്യുന്ന, മുല്ലപ്പൂ പോലെ വാസനിക്കുന്ന, ശക്തിവേലിന്റേയും അന്നപൂർണ്ണിയുടെയും സ്നേഹവും കുസൃതിയും നിറഞ്ഞ പ്രണയവും, കടൽപ്പാലത്തിൽ കാത്തിരിക്കുന്ന ദൈന്യത നിറഞ്ഞ മിഴികളും ഇന്ദുബാലയെ വല്ലാതെ നോവിച്ചു.
ശക്തിവേൽ നൽകിയ അഡ്രസ്സിലേക്ക് അന്നപൂർണ്ണിയുടെ സാധനങ്ങൾ ഇന്ദുബാലയും കൂട്ടുകാരും ചേർന്ന് അയച്ചുകൊടുത്തു.

അന്നപൂർണ്ണിയും മിഴി കാക്കകളും അത്രമേൽ അവരുടെ ഹൃദയത്തെ സ്വാധീനിച്ചതുകൊണ്ടാവണം പിന്നീടുള്ള മാസങ്ങളിൽ അവർ പിരിവിട്ട് ഒരു തുക മണിയോർഡറായി അയച്ചു. ആനന്ദിക്കും അമുദക്കും വേണ്ടി.

രണ്ടുവർഷത്തോളം അത് തുടർന്നു.
പിന്നെ അഡ്രസ്സിൽ ആളില്ല എന്ന് അറിയിച്ചു കൊണ്ട് അത് മടങ്ങി വന്നു.
ചെന്നൈയിലുള്ള ദേവിയമ്മയുടെ ബന്ധുവിനെ കൊണ്ട് അന്വേഷിച്ചുവെങ്കിലും ഫലമൊന്നുമുണ്ടായില്ല.
എല്ലാവരിലും പതിയെപ്പതിയെ അന്നപൂർണ്ണിയും മിഴി കാക്കകളും മറവിയുടെ ചാരത്താൽ മൂടപ്പെട്ടു തുടങ്ങിയെങ്കിലും ഇന്ദുബാല യുടെ മനസ്സിൽ അവൾ നീറിനീറി കിടന്നു.....

ഇന്ദുബാലക്ക് അത്ഭുതമായിരുന്നു.

ഇവരെങ്ങനെ തന്നെ കണ്ടുപിടിച്ചു.
അന്നപൂർണ്ണിയെ പോലെ തന്നെയുള്ള രണ്ട് പെൺകുഞ്ഞുങ്ങൾ.....

ഇന്ദുബാലയുടെ കവിളിലെ നീർച്ചാലുകൾ ആനന്ദി തുടച്ചു.
അല്പനേരം കൂടി മൗനമായിരുന്നു ശേഷം അവൾ സംസാരിച്ചു തുടങ്ങി.
അമ്മ മരിച്ച ശേഷം രണ്ട് വർഷത്തോളം ഞങ്ങൾ ചെന്നൈയിൽ താമസിച്ചു. എങ്ങനെയോ വിവരങ്ങൾ അറിഞ്ഞു വന്ന അമ്മയുടെ വീട്ടുകാർ ഞങ്ങൾക്കു മേൽ അവകാശമുന്നയിച്ച് വലിയ വഴക്കായി.

"പെരിയപ്പാ തള്ളിയപ്പോ തലയടിച്ചു വീണ അപ്പാ രണ്ടുമൂന്നു ദിവസം ഹോസ്പിറ്റലിൽ കിടന്നു മരിച്ചു."

അവളൊന്നു നിർത്തി.
"അപ്പാ താഴ്ന്ന ജാതിക്കാരൻ ആയതുകൊണ്ട് അവർക്ക് ഞങ്ങൾ അപമാനം ആണത്രേ"
തുടർന്ന് പറയാനാവാതെ ആനന്ദി മുഖം കുടഞ്ഞു.
അമുദ യാണ് ബാക്കി പറഞ്ഞത്.

"ഞങ്ങളെ കൊന്നുകളയും എന്നു ഭയന്ന പാട്ടി കിട്ടിയത് കയ്യിലെടുത്ത്, രാത്രി ഞങ്ങളെയും കൊണ്ട് ഏതോ ഒരു ട്രെയിനിൽ കയറി.
നേരം വെളുത്തപ്പോൾ എത്തിച്ചേർന്ന ഊരും പേരും അറിയാത്ത സ്റ്റേഷനിലിറങ്ങി.
അലഞ്ഞുതിരിഞ്ഞ് ഭിക്ഷയെടുത്ത് കടത്തിണ്ണയിൽ ഉറങ്ങിയ നാളുകൾ.
വിശപ്പുകൊണ്ട് തളർന്ന് നഗരമധ്യത്തിൽ ബോധംകെട്ടു വീണ മുത്തശ്ശിയും, കെട്ടിപ്പിടിച്ച് കരയുന്ന പേരക്കുട്ടികളും മാധ്യമങ്ങളിൽ വാർത്തയായി."

അമുദയും കരയുക തന്നെയായിരുന്നു.

എത്രയോ വർഷങ്ങൾക്കു മുൻപ് അവർ കുട്ടികളായിരുന്നപ്പോൾ നടന്ന സംഭവങ്ങളാണ്. എന്നിട്ടും അവർ ഇത്രയേറെ കരയണമെങ്കിൽ ആ കുഞ്ഞു മനസ്സുകളിൽ എത്രത്തോളം ആഴത്തിലാണ് മുറിവുകളുണ്ടായതെന്നു ഇന്ദുബാല ആലോചിച്ചു.

"നഗരത്തിൽ തന്നെയുള്ള ഒരു ചാരിറ്റബിൾ ട്രസ്റ്റുകാർ ഞങ്ങളെ ഏറ്റെടുത്തു. സ്കൂളിൽ ചേർത്തു. ഞാൻ ഇപ്പോൾ മെഡിക്കൽ സ്റ്റുഡന്റാണ്. ഇവൾ ഡിഗ്രിക്ക് പഠിക്കുന്നു."

ആനന്ദി ചിരിച്ചു, ഇന്ദുബാലയും... ..

"അമ്മ ജോലിചെയ്തിരുന്ന എറണാകുളം നഗരത്തിലണ് ഞങ്ങളെത്തിയതെന്ന് കുറച്ചു നാൾ കഴിഞ്ഞാണ് മനസ്സിലായത്. പാട്ടിയുടെ കയ്യിലുണ്ടായിരുന്ന അഡ്രസ്സ് വച്ച് ഞങ്ങൾ ടീച്ചറെ അന്വേഷിച്ചു. പക്ഷെ അങ്ങനെ ഒരു വീട് പോലും അവിടെ ഉണ്ടായിരുന്നില്ല"

അമുദ ചെറുതായി ചിരിച്ചു.

ദേവിയമ്മ മരിച്ചതോടെ എല്ലാവരും പല വഴിക്ക് പിരിഞ്ഞുവെന്ന് ഇന്ദുബാല ഓർത്തു.
മോളിക്കുട്ടി കൊണ്ടുവച്ച ചായയും സ്നാക്സും കൈക്കലാക്കി രണ്ടുപേരും ഉത്സാഹത്തോടെ കഴിച്ചു.

" ടീച്ചർ ദൈവമാണെന്ന് പാട്ടി എപ്പോഴും പറയുമായിരുന്നു. "

ബിസ്ക്കറ്റ് കടിച്ചുകൊണ്ട് ആനന്ദി പറഞ്ഞു.

"പാട്ടി എവിടെ? "

ഇന്ദുബാല ചോദിച്ചു.
അമുദ മുകളിലേക്ക് വിരൽ ചൂണ്ടി.
അവരുടെ അനാഥത്വം തന്റേത് കൂടിയാണെന്ന് ഇന്ദുബാലക്ക് തോന്നി.

കാത്തിരിക്കണമെന്ന് പറഞ്ഞുപോയ തിരികെയെത്താത്ത പ്രണയം ജീവിതവഴിയിൽ ഇന്ദുബാലയെയും
തനിച്ചാക്കിയിരുന്നു. ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റേയും കണക്കെടുപ്പിൽ ഇന്ദുബാലയും പ്രണയവും പരാജയപ്പെട്ടുപോയി.

" നിങ്ങളെന്നെ എങ്ങനെ കണ്ടുപിടിച്ചു? "

ഇന്ദുബാല അതിശയം മറയ്ക്കാതെ ചോദിച്ചു.
ആനന്ദി അവളുടെ ബാഗിൽ നിന്ന് ഒരു പത്രമെടുത്തു.
സൺഡേ സപ്ലിമെന്റ്.
അതിൽ ഇന്ദുബാല എഴുതിയ കഥയുണ്ടായിരുന്നു.

'കടൽ പാലത്തിലെ മിഴി കാക്കകൾ'

മുറ്റത്തുനിന്ന ചെമ്പകം ഏതാനും പൂക്കളെ കൊഴിച്ച് നിലത്തിട്ടു. അന്നപൂർണ്ണി തന്നെ അനുഗ്രഹിക്കുകയാണെന്ന് ഇന്ദുബാലക്ക് തോന്നി. അന്നപൂർണ്ണിക്ക് ചെമ്പകപൂക്കൾ ഏറെ ഇഷ്ടമായിരുന്നു.

ഒരു നിമിഷം കൊണ്ട് ഇന്ദുബാല രണ്ട് പെൺകുട്ടികളുടെ അമ്മയായി മാറി.
താൻ ഇരിക്കുന്നത് ഒരു വള്ളപ്പടിയിൽ ആണെന്ന് അവൾക്ക് തോന്നി.
സംഗീതം പൊഴിക്കുന്ന അലകൾ കാറ്റിലുലഞ്ഞ് ഉയർന്ന് മറിഞ്ഞു.
മേഘങ്ങൾക്ക് ചിറകുകൾ മുളച്ചു.
കടൽപ്പാലത്തിലെ കുഞ്ഞു മിഴികളെ ഇന്ദുബാല കണ്ടു.
തനിക്കുനേരെ വീശുന്ന കുഞ്ഞുകൈകളും....

ചക്രവാളത്തിലെ അന്തിച്ചുവപ്പിൽ തെളിഞ്ഞു കണ്ട നക്ഷത്രം അന്നപൂർണ്ണിയാണെന്ന് ഇന്ദുബാലയ്ക്ക് ഉറപ്പായിരുന്നു.

Dr. Salini ck

നീല ശംഖുപുഷ്പങ്ങൾ(കഥ)

മനോഹരമായി ലാൻഡ്സ്കേപ്പ് ചെയ്ത കുന്നിൻ ചെരുവിൽ തലയുയർത്തി നിൽക്കുന്ന, ഭംഗിയുള്ള വീടിന്റെ വലിയ ഗേറ്റ് തുറന്നു കിടന്നിരുന്നെങ്കിലും അകത്തേക്ക് കയറാതെ, വാണി റോഡരികിൽ തന്നെ കാർ നിർത്തി.

മനസ്സ് നിറയ്ക്കും വിധം പൂത്തു മറിഞ്ഞു കിടക്കുന്ന പലതരം ചെടികൾ. തന്നെ കാണുമ്പോഴേ, ലിഡിയ ഓടി വരുമെന്നും ഞെരിച്ചുടക്കും വിധം കെട്ടിപ്പിടിക്കുമെന്നും വാണി കരുതിയെങ്കിലും അവൾ മുറ്റത്തുതന്നെ നിന്നതേയുള്ളൂ. വലിയ കയറ്റം കയറിയ മുഖഭാവത്തോടെ കിതച്ചു കൊണ്ട് മുറ്റത്തിന്റെ കോണിലിട്ട കസേരകളിലൊന്നിൽ വാണിയിരുന്നു. അവളെ കിതയ്ക്കാൻ വിട്ട് അകത്തെക്കു പോയ ലിഡിയ ചിത്രപ്പണികൾ നിറഞ്ഞ ചില്ലു ഗ്ലാസിൽ നിറച്ചു കൊണ്ടുവന്നു നൽകിയ പാനീയത്തിലേക്ക് വെയിൽത്തുള്ളികൾ വീണു തിളങ്ങി. എന്തൊക്കെയോ പൊടിച്ചുചേർത്ത, പാൽച്ചുവയുള്ള തണുത്ത പരലുകൾ നാവിനെ കുത്തിനോവിക്കുന്നു. വാണിയ്ക്ക്‌ അത്ഭുതം തോന്നി. അവൾ തണുത്തതൊന്നും കഴിക്കില്ലെന്ന് ഏറ്റവും അറിയാമായിരുന്നത് ലിഡിയയ്ക്കായിരുന്നല്ലോ....
നാവിൽ തണുപ്പ് തൊട്ട നിമിഷത്തിൽ തന്നെ ലിഡിയയുടെ ശബ്ദം തന്റെ അരികിലായി വാണി കേട്ടു...
"നിനക്കെന്തുകൊണ്ടാണ് തണുത്തത് തന്നതെന്നായിരിക്കും നീയിപ്പോൾ ഓർക്കുന്നത് അല്ലെ? നിനക്കിപ്പോൾ വേണ്ടത് തണുപ്പാണെന്ന് എനിക്ക് തോന്നി !"
കുറച്ചുനാളായി ലിഡിയയുടെ പാചക പരീക്ഷണങ്ങൾ എഫ്ബി കുറിപ്പുകളായി കാണുന്നത് വാണിയുടെ മനസ്സിലേക്ക് വന്നു...
"എന്തുമാത്രം ചെടികളും പൂക്കളുമാണ് "
വെറുതെ കൊതി പറഞ്ഞു കൊണ്ട് വാണി എഴുന്നേറ്റു. അകാരണമായൊരു അസ്വസ്ഥതയാൽ അവൾക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.
"ഇവിടുത്തെ കാലാവസ്ഥയുടെയാണ്. എന്തെറിഞ്ഞിട്ടാലും നിറയെ പൂക്കും. "
ഇതുവരെ പൂക്കാത്ത പനിനീർ ചെടി പോലെ നിന്ന ലിഡിയയെ നോക്കിയപ്പോൾ അവളൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.മനസ്സിന്റെ തുമ്പിൽ നിന്ന് ഊർന്നെത്തിയ ചോദ്യത്തെ
നാവിൻ തുമ്പിൽ തടഞ്ഞു നിർത്തി, സ്റ്റാൻഡുകളിൽ തൂക്കിയിട്ട ഹാങ്ങിങ് പോട്ടുകളിൽ ഇടകലർന്നു നിന്ന നീലയും വെള്ളയും ശംഖുപുഷ്പങ്ങളിൽ വാണി പതിയെ തലോടി.
പുൽത്തകിടിയുടെ ഓരത്ത് സ്ഥാപിച്ചിരിക്കുന്ന ഊഞ്ഞാൽ കസേരയിലിരുന്നാൽ താഴ് വര മുഴുവൻ കാണാം. ഇടയ്ക്കിടെ കടന്നു പോകുന്ന വാഹനങ്ങളുടെ ശബ്ദമൊഴിവാക്കിയാൽ ഹൃദ്യമായ ശാന്തത. നക്ഷത്രങ്ങളെ നോക്കി താഴ് വരയിലെ ഇരുട്ടും വെളിച്ചവും കണ്ട്, ഒരു ഷാളിനുള്ളിൽ സെബാനും ലിഡിയയും തണുപ്പും ചൂടും നുകർന്ന് അവിടെയിരിക്കുന്ന ചിത്രം മനസ്സിൽ തെളിഞ്ഞപ്പോൾ വാണി ആ വിഷ്വലിനെ കീറി നിലത്തിടുകയും ചവിട്ടിയരയ്ക്കുകയും ചെയ്തു.
"സെബാന്റെ പ്രിയപ്പെട്ട ചെടിയാണിത്. ഏറെ പ്രിയപ്പെട്ട ആരോ കൊടുത്തത്"
അവൾ പതിയെ ചിരിച്ചു. പിന്നെ വാണിയോട് ചോദിച്ചു,
"നീലശംഖുപുഷ്പത്തിന്റെ പൂക്കൾ പ്രണയിനിയുടെ കണ്ണുകളാണെന്ന് കവിതയെഴുതിയത് നീയാണ് ഓർക്കുന്നോ? "
ഊഞ്ഞാൽക്കസേരയിലിരുന്ന വാണി ലിഡിയയുടെ മിഴികളിലേക്ക് ആഴത്തിൽ ഒരു നോട്ടമെറിഞ്ഞു.
അവളുടെ പൂച്ചക്കണ്ണുകളിൽ കണ്ട പിടച്ചിലിൽ പ്രണയമുണ്ടോ എന്ന് തിരിച്ചറിയാൻ മാത്രം ശക്തി ആ നോട്ടത്തിന് ഉണ്ടായിരുന്നില്ല.
പക്ഷേ, വർഷങ്ങൾക്ക് പുറകിലെ ഹോസ്റ്റൽ മുറിയിൽ ഒരു പുതപ്പിൻ കീഴിൽ ചാരം മൂടിക്കിടന്ന കനൽ ഒന്നു മിന്നി, പിന്നെയെരിഞ്ഞു ജ്വലിച്ചു തുടങ്ങിയത് ആ നിമിഷത്തിലാണ്. പരസ്പരം ഒളിപ്പിക്കാനാവാത്ത ലജ്ജയെ മനപ്പൂർവ്വം മറച്ചുപിടിച്ച് വാണി പുഞ്ചിരിച്ചപ്പോൾ ലിഡിയ കണ്ണുകളിറുക്കിയടയ്ക്കുകയാണ് ചെയ്തത്. അവളുടെ ചുവന്ന കവിളുകളും വിറയാർന്ന ചുണ്ടുകളും വാണി ശ്രദ്ധിച്ചില്ല.
ഹൈസ്കൂൾ മുതൽ പിജി വരെ ഒന്നിച്ച് പഠിക്കുമ്പോഴും ഒരുമിച്ച് ഹോസ്റ്റലിൽ താമസിക്കുമ്പോഴുമെല്ലാം വാണി മറ്റൊരാളോട് സംസാരിക്കുന്നതുപോലും ലിഡിയയ്ക്കിഷ്ടമായിരുന്നില്ല. ഹോസ്റ്റലിൽ ലൈംഗികത ചർച്ചാവിഷയമായ രാത്രിസമ്മേളനങ്ങളുടെ ആവർത്തനങ്ങൾക്കൊടുവിൽ വൃശ്ചിക കുളിർ ഭൂമിയെ പുണർന്നു നിന്നൊരു വെളുപ്പാൻ കാലത്ത് കട്ടികുറഞ്ഞ പുതപ്പിനടിയിൽ ശരീരം കൊണ്ട് പൊരുതി കീഴടങ്ങിയപ്പോൾ വാണിക്ക് പൗരുഷവും ലിഡിയയ്ക്ക് ലജ്ജയുമേറി നിന്നു.
വാണിയ്ക്കൊരിക്കലും ഒരു പുരുഷനോടുമാകർഷണം തോന്നിയിരുന്നില്ല. പെൺ ശരീരത്തിന്റെ വടിവുകളെക്കുറിച്ച് അവളെപ്പോഴും ദ്വയാർത്ഥങ്ങൾ നിറഞ്ഞ തമാശകൾ ലിഡിയയുടെ ചെവിയിൽ പറഞ്ഞു. ചിരിക്കുമ്പോൾ ചുവക്കുന്ന കവിളുകളിലും ചൂട് പിടിക്കുന്ന ചുണ്ടുകളിലും കാട്ടുതേൻ നുകരാനാണ് തന്റെ കൊതിയെന്ന് വികാരങ്ങളുടെ കൊടുമുടിയിൽ നിന്നുകൊണ്ട് ലിഡിയയോട് മന്ത്രിച്ചു... എന്നിട്ടും ഇനിയൊരിക്കലും തമ്മിൽ കാണില്ലയെന്ന് തീരുമാനിച്ച് കരഞ്ഞ് കരഞ്ഞ് ചുവന്ന് ലിഡിയ പോയപ്പോൾ, ഒന്ന് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ വാണിക്കും സാധിച്ചില്ല.
വേറിട്ട വഴിയൊന്ന് വെട്ടിത്തുറക്കാൻ മാത്രം ശേഷി അവൾക്കില്ലായിരുന്നു. ഭയമായിരുന്നു.
ഫോൺ കോളുകളും മെസേജുകളും ഫെയ്‌സ്ബുക്ക് ചാറ്റിലേക്കും വാട്സാപ്പിലേക്കും വഴി മാറിയിട്ടും തമ്മിൽ കാണില്ലെന്ന പ്രതിജ്ഞ അവർ തെറ്റിച്ചില്ല.
കട്ടപ്പനക്കാരന്റെ മണവാട്ടിയായി മന്ത്രകോടിയും കയ്യിലിട്ടു നിൽക്കുന്ന സ്വന്തം ഫോട്ടോ ലിഡിയ പ്രൊഫൈൽ പിക്ചർ ആയി അപ്ഡേറ്റ് ചെയ്തയന്നാണ് വാണി ആദ്യമായി മദ്യപിച്ചത്..
സെബാന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് ലിഡിയ മോഡേൺ വസ്ത്രങ്ങൾ ധരിക്കുകയും ഏറെ നീണ്ട തലമുടി തോളൊപ്പം മുറിക്കുകയും ചുണ്ടിൽ ചായം പുരട്ടുകയും ചെയ്തു. വിവിധ തരത്തിൽ ഇറച്ചി കറി വയ്ക്കാനും കേക്കും വൈനുമുണ്ടാക്കാനും പഠിച്ചു. വീട് പരിപാലിക്കുകയും പൂന്തോട്ടമുണ്ടാക്കുകയും സെബാന്റെ അപ്പനോടും അമ്മച്ചിയോടും വഴക്കുണ്ടാക്കാതിരിക്കുകയും ചെയ്തു. ശരീരം കൊണ്ട് സെബാൻ സ്നേഹിക്കുമ്പോഴൊക്കെ താൻ സംതൃപ്തയാണെന്ന് അഭിനയിച്ചു. അതൃപ്തിയുടെ വേലിയേറ്റങ്ങളിൽ പിടഞ്ഞപ്പോൾ വാണിയുടെ ചൂടുമ്മകളെ ഓർമ്മയിൽ താലോലിക്കുകയും സെബാന്റെ ചുണ്ടിലും കവിളിലും വാണിയെ ചുംബിക്കുകയും ചെയ്തു.
പക്ഷേ ഒരിക്കലുമവൾ വാണിയോട് പറഞ്ഞില്ല, വാണിയെക്കുറിച്ച് ഓർക്കുന്ന നിമിഷങ്ങളിൽ മാത്രമേ അടിവയറിൽ ഒരു ചൂട് ജ്വലിച്ചുണരുകയും മഞ്ഞുരുകി തുടങ്ങുകയും ചെയ്യുന്നുള്ളുവെന്ന്, കാലുകൾക്ക് ബലം കുറയുകയും ദേഹമാകെ തരിക്കുകയും ചെയ്യുന്നുള്ളുവെന്ന്, ഇനിയുമൊരു മഴയിലേക്ക് നനയാൻ വെമ്പി സ്വയം നനയുന്നുള്ളുവെന്ന്.
വിരസമായ ദിനാവർത്തനങ്ങളിൽ ഹോസ്റ്റൽ റൂമിലെ ഓർമ്മകൾ ഭ്രാന്തമായി വേട്ടയാടിയപ്പോഴാണ് വാണി യാത്രകൾ ചെയ്തു തുടങ്ങിയത്.
മൈസൂർ മടിക്കേരി റോഡിലെ ബിഗ് കപ്പ്‌ കഫേയിൽ ഫിൽറ്റർ കോഫിയുടെയും സ്പെഷ്യൽ സാൻഡ്‌വിച്ചിന്റെയും രുചിക്കൊപ്പം വെറുതെയിരുന്നപ്പോഴാണ് അയാളെ കണ്ടു മുട്ടിയത്. ഒറ്റ നോട്ടത്തിൽ ആളെ മനസ്സിലാവുകയും ചെയ്തു.
"ഹലോ ഞാൻ സെബാസ്റ്റ്യൻ. കട്ടപ്പനയാണ് സ്ഥലം. ജിപ്സി എന്ന ബ്ലോഗ് എഴുതുന്ന വാണി ശ്രീകുമാർ അല്ലേ? "
എതിർവശത്തെ സീറ്റിലിരുന്ന് അയാൾ ചോദിച്ചപ്പോൾ അവൾ തലകുലുക്കി.
"ഞാൻ വായിക്കാറുണ്ട് കേട്ടോ.. സിംപ്ലി സൂപ്പർബ്. ഒരു പെൺകുട്ടി തനിച്ച് ഇത്രയധികം യാത്രകൾ ചെയ്ത് ബ്ലോഗെഴുതുക. താൻ ആൺകുട്ടി ആവേണ്ടതായിരുന്നു. "
വാണിയപ്പോൾ ലിഡിയയെ ഓർത്തു.
തനിക്ക് കീഴടങ്ങി കിടക്കുമ്പോൾ അവൾ പലവട്ടം പറഞ്ഞിട്ടുണ്ട് നീ ആണായി ജനിക്കേണ്ടതായിരുന്നുവെന്ന്. ആ ഓർമ്മയിൽ വാണിയൊന്ന് പുഞ്ചിരിച്ചു.
നിർത്താതെയുള്ള അയാളുടെ സംസാരത്തിനിടയിലൂടെ തന്റെ ഒറ്റവാക്കു മറുപടികൾക്കിടയിലൂടെ, സാധാരണ പെണ്ണുങ്ങൾ അത്രയൊന്നും ചെയ്യാത്തത് പോലെ, അവളയാളെ പരതുകയായിരുന്നു
ഇരു നിറം, മെലിഞ്ഞ പ്രകൃതി, നല്ല ഉയരം, മീശയിലും താടിയിലും മുടിയിലും അങ്ങിങ്ങ് വെളുത്ത വരകൾ.
മുപ്പത്തെട്ട് നാല്പതിനപ്പുറം പോവില്ല.
ലിഡിയയുടെ തോളിൽ കയ്യിട്ടിരിക്കുന്ന ഈ മനുഷ്യന്റെ രൂപം അവളുടെ fb പേജിൽ കണ്ടയന്ന് കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത്.
ഫോട്ടോയിൽ കണ്ടതിലും സുന്ദരൻ.
സെബാസ്റ്റ്യനപ്പോഴും അവളുടെ ബ്ലോഗുകളെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.
"ഭൂമി ഉരുണ്ടതല്ലേ ബ്ലോഗ്ഗറേ ഇനീം എവിടേലും വെച്ച് കാണാം. ".
സ്വെറ്ററിന്റെ ഹുഡ് തലയിലേക്ക് വലിച്ചിട്ട് പോക്കറ്റിൽ കൈകൾ തിരുകി പ്രത്യേക താളത്തിൽ അയാൾ നടന്ന് പുറത്തേക്ക് പോയി.
സിൽവർ ഗ്രേ ഥാർ ജീപ്പ് മുരണ്ടുകൊണ്ട് റോഡിലേക്ക് തിരിഞ്ഞപ്പോൾ അവളുടെ കോഫീ തണുത്താറിയിരുന്നു.
ലിഡിയയോട് അവൾക്കസൂയ തോന്നി.
അയാളിലെ എന്താണ് തന്നെയാകർഷിച്ചത്?
കൂട്ടുകാരിയുടെ ഭർത്താവ്.
അവൾക്ക് അയാളോട് സ്നേഹമുണ്ടോയെന്ന് താനിത് വരെ ചോദിച്ചിട്ടില്ലല്ലോ.
ആദ്യകാഴ്ചയിൽ പെണ്ണിന്റെയുള്ളിൽ പ്രണയമോ കാമമോ വിരിയില്ലെന്ന് ഏത് വിഡ്ഢിയാണ് പറഞ്ഞത്.
പക്കാ ലെസ്ബിയനാണെന്ന ഉറച്ച വിശ്വാസത്തിന് മീതെ ഏത് വഴിയിലൂടെയാണ് ആണൊരുത്തൻ ചിന്തകളിൽ കേറി നിരങ്ങുന്നത്?
വാണി തലവേദനയുടെ ഗുളികകൾ പരതി.
"സെബാൻ പറഞ്ഞു നിന്നെ കണ്ടെന്ന്. നമ്മൾ കൂട്ടുകാരാണെന്ന് സെബാനറിയില്ല കേട്ടോ. ഞാനൊരിക്കലും പറഞ്ഞിട്ടില്ല നിന്നെക്കുറിച്ച്. "
ബെഡ്മേറ്റ്സ് ആയിരുന്നെന്ന് പറയാമായിരുന്നില്ലേ എന്ന ചോദ്യവും മനസ്സിൽ തന്നെ തിക്കുമുട്ടി നിന്നതേയുള്ളൂ.
മറുപടി കേൾക്കാതായത് കൊണ്ടാവും ലിഡിയ ഫോൺ വച്ചു.
എന്തിനാണ് താനിത്ര മൂർച്ചയിൽ വികലമായി അവളെക്കുറിച്ച് ചിന്തിക്കുന്നത്. പുസ്തകങ്ങളിലേക്കും പ്രിയപ്പെട്ട ബ്ലോഗുകളിലേക്കും മുഖം പൂഴ്ത്തിയിട്ടും ഇഷ്ടപ്പെട്ട തമിഴ് പാട്ടുകൾക്കൊപ്പം മനസ്സിനെ പറത്തി വിട്ടിട്ടും യോഗയും മെഡിറ്റേഷനും ചെയ്തിട്ടും കുറയാതെ വളർന്നുകൊണ്ടിരുന്ന കാരണമറിയാത്ത അസ്വസ്ഥതയിൽ വാണി വല്ലാതെയുഴറി.
കൊച്ചിൻ ബിനാലെയിൽ സോങ് ഡോങിന്റെ വാട്ടർ ടെംപിളിൽ വിരലുകളിൽ വെള്ളം മുക്കി ഗ്ലാസ്‌ ഭിത്തിയിൽ ചിത്രം വരച്ചു നിന്നപ്പോഴാണ് വാണിക്ക് ജീവശ്വാസത്തിന്റെ തേടിയലഞ്ഞ കണം വീണു കിട്ടിയത്.
"എഴുത്തുകാരി അടിപൊളിയായിട്ട് വരയ്ക്കുന്നുണ്ടല്ലോ? " ആശ്വാസത്തോടെ വാണി ചിരിച്ചു.
"നല്ല ഫുഡ്‌ വാങ്ങിത്തരാം ബ്ലോഗ്ഗർ വരുന്നോ? "
എങ്ങോട്ടെന്ന് ചോദിക്കാതെ അവൾ സെബാനൊപ്പം വണ്ടിയിൽ കയറി. ഇടക്കെപ്പോഴോ അയാളൊരു മൂളിപ്പാട്ട് പാടുന്നത് അവളുടെ കാതിൽ വീഴുകയും ചെയ്തു. തൃപ്പൂണിത്തറയ്ക്കടുത്ത് ഒരു ചെറിയ ചായക്കടയിൽ നിന്ന് ചൂടു പൊറോട്ടയും മീൻകറിയും കഴിച്ച് രുചി മതിയാകാതെ വിരലുകൾ നക്കിത്തോർത്തുന്ന വാണിയെ സെബാൻ കൗതുകത്തോടെ നോക്കിയിരുന്നു. പകരമായാണ് ചായക്കടയ്ക്ക് എതിർവശത്തെ നഴ്‌സറിയിൽ നിന്ന് നീല പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ശംഖുപുഷ്പം ചട്ടിയോടു കൂടി അവൾ വാങ്ങി കൊടുത്തത്.
ഒന്നും ചെയ്യാനില്ലാതിരുന്ന ഒരു വൈകുന്നേരം ശാസ്ത്രി റോഡിലെ പബ്ലിക് ലൈബ്രറിയിലിരുന്ന് ഹിന്ദു പത്രത്തിന് പിന്നിലെ സുഡോക്കു പൂരിപ്പിച്ചു കൊണ്ടിരുന്ന സമയത്താണ് പിന്നിൽ നിന്ന് 'വെറുതെയൊന്ന് നടക്കാൻ വരുന്നോ 'യെന്ന മന്ത്രണം കേട്ടത്.
ഒരു ചിരികൊണ്ട് കണ്ണുകളിലെ തിളങ്ങുന്ന പിടച്ചിലിനെയൊളിപ്പിക്കാൻ സെബാൻ ശ്രമിച്ചിട്ടും വാണിയത് കണ്ടു. ഒപ്പം ചേർന്ന് നടന്നപ്പോൾ ഇരുവരും മൗനത്തെ കൂട്ടുപിടിച്ചിരുന്നു.
തിരുനക്കരയമ്പലത്തിന് മുന്നിലെ ചെട്ടിയാരിൽ നിന്ന് സെബാൻ മുല്ലപ്പൂ വാങ്ങിയപ്പോൾ അവൾ തലേന്ന് കണ്ട തമിഴ് സിനിമയോർത്തു.
"കഷ്ടിച്ച് തോളൊപ്പമുള്ള മുടിയിൽ നീയിതെങ്ങനെ വയ്ക്കും? "
അവൾക്കാ കുസൃതി ഇഷ്ടമായി. എങ്കിലും മുടിത്തുമ്പിലൊന്ന് തൊട്ട് മുഖം കൂർപ്പിച്ചു.
"കോട്ടയംകാരായ ആണുങ്ങൾക്ക് പെണ്ണുങ്ങൾ മുല്ലപ്പൂ വയ്ക്കുന്നതിഷ്ടമല്ല. പോക്കു കേസുകളാണത്രെ പൂ വയ്ക്കുന്നത്. ഇവിടെ ദൈവങ്ങളുടെ ഫോട്ടോകളും ഓട്ടോറിക്ഷകളും ടാക്സികളുമൊക്കെയാണ് പൂ ചൂടുന്നത്. "
സെബാനതിന് മറുപടി പറഞ്ഞില്ല.
കയ്യിലിരുന്ന മുല്ലമാല രണ്ടായി മടക്കി വാണിയുടെ കഴുത്തിലേക്കിട്ട് കാറ്റു പോലെ ഗോപുരവാതിൽ കടന്ന് റോഡിലെ വെളിച്ചത്തിലേക്ക് അയാളലിയുന്നത് അവൾ നോക്കി നിന്നു.
നിത്യവും പൂജിക്കാനിഷ്ടപ്പെടുന്ന ദേവിയാണോ താനയാൾക്ക്? അതോ കയറിയിറങ്ങി പോകുവാനുള്ള ടാക്സിയോ?
കാണണമെന്ന് ഏറ്റവും ആഗ്രഹിക്കുന്ന നിമിഷങ്ങളിൽ അയാളൊരു ഗന്ധർവ്വനെപ്പോലെ പ്രത്യക്ഷനാകുന്നതെങ്ങനെയാണ്?
കരിക്കും പനനൊങ്കും വിൽക്കുന്ന തമിഴനിൽ നിന്ന് വാങ്ങിയ പനനൊങ്ക് കഴിച്ചുകൊണ്ട് ബൈപ്പാസിൽ നിന്നപ്പോഴാണ് പിന്നീടയാൾ പ്രത്യക്ഷപ്പെട്ടത്.
"അല്ലയോ ബുദ്ധിജീവി ബ്ലോഗറേ എനിക്ക് പനനൊങ്ക് ഇഷ്ടമല്ല. ഒരു കരിക്ക് വാങ്ങിത്തരാൻ ദയവുണ്ടാകണം."
തന്റെ കണ്ണിൽ പൂത്തുനിന്ന പ്രണയം അയാൾ കണ്ടു പിടിക്കാതിരിക്കാൻ വാണി അയാളുടെ കണ്ണുകളെ മനപ്പൂർവ്വം ഒഴിവാക്കി. അന്ന്, അവളൊരു വെളുത്ത ശംഖുപുഷ്പമാണ് സമ്മാനിച്ചത്.
ഇതിനിടെ പെണ്ണുടലും അഴകും ചിരികളും ആസ്വദിക്കാൻ വാണി മറന്നു തുടങ്ങിയിരുന്നു. തന്റെ ലെസ്ബിയൻ മനസ്സിനോടും ബുദ്ധിയോടും അവൾ തർക്കിക്കുകയും വഴക്കു കൂടുകയും ചെയ്തു. അവളിലെ വിശ്വാസങ്ങളെ വേരോടെ പിഴുതെറിഞ്ഞ സെബാൻ അവളിൽ ഭ്രാന്തമായ പ്രണയമായി. നെഞ്ച് പടപടാ മിടിക്കുന്നത്, ഉള്ളം കൈ വിയർക്കുന്നത്, കണ്ണും കാഴ്ച്ചയും പതറുന്നത് ഒക്കെ സെബാനെ കാണുന്ന സമയത്താണെന്ന് അവൾ ഓർക്കുകയും അതേ നിമിഷം ലിഡിയ കുറ്റബോധമായി അവളെ വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു.
"പത്മരാജൻ സിനിമയിലാണ് മുത്തിൽ ചുംബിക്കുമ്പോൾ പ്രത്യക്ഷനാകുന്ന ഗന്ധർവ്വനെ ഞാൻ കണ്ടത്! ഇത് പക്ഷേ സിനിമയല്ലല്ലോ."
ദുർബലമായാണ് അവൾ പിറുപിറുത്തത്.
"എനിക്കറിയില്ല "
അയാളും ദുർബലനായി. യാത്ര പറയാതെ പിരിഞ്ഞപ്പോൾ ഇനിയെന്ന് കാണുമെന്നാണ് അയാളുടെ കണ്ണുകൾ ചോദിക്കുന്നതെന്ന് വാണിക്ക് തോന്നി. അയാൾക്ക് തിരിച്ചും. രണ്ടും സത്യമായിരുന്നു.
"ഞാനൊരു പരാജയപ്പെട്ട ഭർത്താവാണ് വാണീ "
തണുത്ത ശബ്ദത്തിൽ അയാൾ പറഞ്ഞപ്പോൾ കനാലിലൂടെ രണ്ട് വള്ളങ്ങളിലായി നവദമ്പതികളുടെ ഫോട്ടോ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു.
അവരുടെ പ്രണയത്തിൽ നിന്ന് വാണി കണ്ണെടുത്തില്ല.
"പെണ്ണു കാണാൻ ചെന്നപ്പഴോ കല്യാണം വരെയുള്ള നാളുകളിലോ അവളെന്നോട് കാര്യമായൊന്നും സംസാരിച്ചില്ല. തറവാട്ടിലായിരുന്ന കാലം മുഴുവൻ അവളേതാണ്ട് നിശബ്ദതയായിരുന്നു. പാവ പോലെ ഒരു ഭാര്യ. കീ കൊടുക്കാതെ അവളെല്ലാം ചെയ്തുകൊണ്ടിരുന്നു. എന്നോടിണങ്ങാൻ അവൾക്കു സമയം വേണമെന്നെനിക്ക് തോന്നി. മഴ പെയ്തു തണുത്ത ഒരു രാത്രിയിൽ ഇടിമിന്നലിന്റെ വെളിച്ചത്തിലാണ് അവളുടെ മുഖത്തെ വെറുപ്പ് ആദ്യമായിഞാൻ കണ്ടത്. അവളിലേക്ക് പെയ്തുതോർന്ന് കിതപ്പോടെ ചുംബിച്ചപ്പോൾ. "
വാണി അമ്പരന്നില്ല. അതിന്റെ കാരണം അറിയാവുന്നത് അവൾക്ക് മാത്രമായിരുന്നു.
"എനിക്ക് തോന്നിയത് അവളെന്തോ മറയ്ക്കുന്നെന്നാണ്. ആത്മാവിന്റെ ആഴങ്ങളിൽ തൊട്ട പ്രണയമുണ്ടായിരുന്നോ അവൾക്ക്. ഞാനൊരിക്കൽ അവളോടു ചോദിച്ചു. ഒരു പുരുഷനെയും പ്രണയിച്ചിട്ടില്ല എന്നവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. സത്യമാണെന്ന് എനിക്കും തോന്നി. അവൾക്കും എനിക്കുമിടയിൽ ഉള്ളതെന്തോ ഇല്ലാതാക്കാൻ, ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കാൻ ഞാൻ എന്തൊക്കെയോ ചെയ്തു.യാത്രകൾക്ക് കൂട്ടിക്കൊണ്ട് പോയി. എന്തൊക്കെയോ വാങ്ങിക്കൊടുത്തു. പുതിയ വീടിന്റെ സ്വാതന്ത്ര്യത്തിലേക്ക് തുറന്നു വിട്ടു. അവൾ മാറിയതേയില്ല. അവൾക്കൊന്നും വേണ്ടായിരുന്നു. വെറുപ്പും തണുപ്പും തിങ്ങിയ മുഖമുള്ള ഒരുവൾക്കൊപ്പം സെക്സ് പങ്കിടാൻ എനിക്ക് പറ്റില്ലെന്ന് ഞാൻ കയർത്തയന്ന് അവളെന്നോട് പറഞ്ഞു, അവൾക്കെന്നെ സ്നേഹിക്കാനാവുന്നില്ലെന്ന്. "
സെബാന്റെ കണ്ണുകളിൽ നിന്ന് രണ്ട് തുള്ളി കണ്ണുനീർ ഇറ്റുവീണു.
"എനിക്ക് പക്ഷേ അവളെ ഇഷ്ടമാണ് "
കരയുന്ന പുരുഷനെ തഴുകിയാണ് ശമിപ്പിക്കേണ്ടതെന്ന് വാണിക്ക് തോന്നി. പക്ഷെ നിശബ്ദതയെയാണ് അവൾ തഴുകിയത്.
ഇതളെണ്ണം കൂടിയ കരിനീല ശംഖുപുഷ്പം അവളിൽ നിന്ന് വാങ്ങിയ അയാളുടെ വിരലുകളിൽ അവൾ ചുംബിച്ചു. പിന്നെ അതിവേഗം ഒരു ഓട്ടോറിക്ഷയിലേക്ക് മറഞ്ഞു.
അൺനോൺ നമ്പറിൽ നിന്ന് സെബാന്റെ ശബ്ദം ചെവിയിലേക്ക് വീണപ്പോൾ വാണി ഫ്ളാറ്റിലെ വലിയ കണ്ണാടിക്ക് മുന്നിലായിരുന്നു. വസ്ത്രങ്ങളിൽ നിന്ന് സ്വതന്ത്രയായിരുന്നു. നരച്ചു തുടങ്ങിയിട്ടില്ല. പക്ഷേ മുപ്പത്തഞ്ചാം വയസ്സിൽ വാർദ്ധക്യം ആരംഭിച്ചിരിക്കുന്നു.
"എനിക്ക് ജീവിക്കാൻ നീ വേണം വാണീ. ശ്വസിക്കാൻ വായു പോലെ, കഴിക്കാൻ ഭക്ഷണം പോലെ, കുടിക്കാൻ വെള്ളം പോലെ "ആകുലതകളാൽ ചുട്ടു പഴുത്ത ചിന്തകളിലേക്ക് ആ വാക്കുകൾ കുളിർമഴയായി. ഏകാന്തതയാൽ തണുത്ത് മരവിച്ച സ്വപ്നങ്ങളിൽ ഇളം ചൂടുള്ള കരതലത്താൽ ഒരു ആശ്ലേഷവും. എങ്കിലും വാണി പറഞ്ഞത് മറ്റൊന്നാണ്.
"ഞാൻ സ്വതന്ത്രയാണ് സെബാൻ. മനസ്സുകൊണ്ടെങ്കിലും. പക്ഷേ നിങ്ങളോ? "
കൂർത്ത കണ്ണുകളോടെ കണ്ണാടിക്കപ്പുറത്ത് നിന്നും ലിഡിയ തുറിച്ചു നോക്കുന്നതായി വാണിക്ക് തോന്നി. കുറ്റബോധത്തിന്റെ ഒരു ചെറു ചുരുൾ അവളിൽ ചുഴലി വീശി.
"എനിക്കറിയില്ല "
ആ ഉത്തരത്തിൽ മറുവശത്ത് അയാൾ അവസാനിച്ചു.
മൈസൂരിലെ കാപ്പിത്തോട്ടത്തിൽ തണുത്തു നേർത്ത ഇരുട്ടിലൂടെ സെബാന്റെ വിരലുകളിൽ വിരൽ കോർത്ത് നടന്നപ്പോൾ കോടമഞ്ഞിന്റെ കഷ്ണമായി ലിഡിയ വീണ്ടും വാണിയുടെ മുന്നിലെത്തി.
അവൾ ഭയന്നു. കിതച്ചുകൊണ്ട് അവനിലേക്ക് ചേർന്നു നിന്നു.
കാപ്പിപ്പൂക്കളുടെ മത്തു പിടിപ്പിക്കുന്ന സുഗന്ധത്തിന് ഏതൊരുവളുടെയും ഉള്ളിലെ പ്രണയത്തിന്റെ നീരുറവയെ കാമം കുലംകുത്തിയൊഴുകുന്ന മഴക്കാല നദിയാക്കാൻ കഴിയുമായിരുന്നു.
ബാൽക്കണിയിൽ നിന്ന്, ഇരുട്ടിലേക്ക് സന്ധ്യ അലിയുന്നത് നോക്കി നിന്ന അവളെ സെബാൻ ചാരനിറമുള്ളൊരു കമ്പിളി പുതപ്പിച്ചു. അതിനുള്ളിൽ തന്നെയായിരുന്ന അയാളുടെ മേൽവസ്ത്രം ധരിക്കാത്ത ശരീരച്ചൂടിലേക്ക് വാണി ചേർന്നു നിന്നു. ആ ചൂടിന് ആയിരം കൈകൾ ഉണ്ടായിരുന്നു.
"അവളൊരിക്കലും ഇങ്ങനെയെന്നിലേക്ക് ചേർന്നു നിന്നിട്ടില്ല. എന്റെ പിൻതലയിലെ മുടിയിഴകളെ അള്ളിപ്പിടിച്ചിട്ടില്ല. കണങ്കാൽ കൊണ്ടെന്നെ കെട്ടിപ്പിടിച്ചിട്ടില്ല. കിതപ്പേറി ശ്വാസം മുട്ടുമ്പോൾ എന്റെ ചുണ്ടുകളിൽ നിന്ന് ജീവശ്വാസം നുകർന്നിട്ടില്ല. വെറുപ്പോടെയല്ലാതെ എന്നെ സ്വീകരിച്ചിട്ടില്ല. "
ഒരു കിതപ്പോടെ അയാൾ തുടർന്നു.
"വല്ലാത്ത ഫ്രസ്‌ട്രേഷൻ കൊണ്ട് കൈവിട്ടു പോയൊരു നിമിഷത്തിൽ ഞാനവളുടെ കരണത്തടിച്ചിട്ടു പോലുമുണ്ട്. അതും ആദ്യമായിട്ട്, ഭ്രാന്ത്‌ പിടിച്ചപോലെ ഒരുപാട്"
വാണിയ്ക്ക്‌ കവിൾത്തടം വിങ്ങി വേദനിച്ചു. ലിഡിയ ഒരു തെറ്റാണെങ്കിൽ ശിക്ഷയേറ്റു വാങ്ങേണ്ടവൾ താനാണ്.
"സത്യമാണ്... ഉള്ളിലുണ്ടായിരുന്ന മദ്യം, വാശി, പിന്നെ എന്റെയുള്ളിലപ്പോൾ നീ മാത്രമായിരുന്നു. "
വേദനിക്കുന്ന ലിഡിയയെ ആർദ്രമായ പ്രണയത്തിന് മുന്നിൽ വാണി മറന്നു.
അന്നാദ്യമായി അവളൊരു പുരുഷനെയറിഞ്ഞു. അവൾക്കാ നദി നീന്തി മതിയാകുന്നില്ലായിരുന്നു. ഇനിയും എന്നവൾ കെഞ്ചിയപ്പോൾ അവളെ കളിയാക്കുകയും വയസ്സായിത്തുടങ്ങി കൊച്ചേയെന്നയാൾ കളി പറയുകയും ചെയ്തു.
താനെന്തൊരു സ്ത്രീയാണെന്ന ആത്മനിന്ദയെ, ഊറിക്കൂടുന്ന കുറ്റബോധത്തെ, ലിഡിയയുടെ മുഖത്തെ, ഒക്കെ മറയ്ക്കുന്ന എന്തോ ഒന്ന് സെബാനിലുണ്ടായിരുന്നു. കുളിരുന്ന പ്രണയവും കത്തുന്ന കാമവും ചേർത്ത് നിർമ്മിച്ചയൊന്ന്.
ശംഖുപുഷ്പം വാങ്ങി നൽകാൻ വാണി മറന്നില്ല.
പക്ഷേ ലിഡിയയെ വിളിച്ചില്ല. അവളുടെ വിളികൾക്കും മെസ്സേജുകൾക്കും പ്രതികരിച്ചില്ല.
വാണിയുടെ ഫ്ലാറ്റിൽ അവൾക്കൊപ്പം താമസിച്ച ദിവസങ്ങളിൽ താനൊരു ഭർത്താവായെന്ന് സെബാസ്റ്റ്യന് തോന്നി.
................................................................
'എനിക്ക് നിന്നെയൊന്ന് കാണണം. നേരിട്ട്. ചില തീരുമാനങ്ങളെടുക്കാൻ നേരമായെന്നൊരു തോന്നൽ. നീയിപ്പോഴും ഒറ്റക്ക്.
അതും ഞാൻ കാരണം. ചിലതൊക്കെ വേണ്ടന്ന് വയ്ക്കാനുള്ള നേരമായി. ചിലത് നേടാനും. ഒക്കേത്തിനും മുൻപ് നിന്നെയൊന്ന് കാണണം. '
ലിഡിയയുടെ മെസ്സേജ് പലവട്ടം വാണി വായിച്ചു.
നീയില്ലായ്മയിൽ ജീവിച്ചെനിക്ക് മതിയായെന്ന്, നിന്നെയൊപ്പം ചേർക്കാൻ ഇപ്പോഴെനിക്ക് ധൈര്യമുണ്ടെന്ന് അവൾ പറയാതെ പറയുകയാണെന്ന് വാണി തിരിച്ചറിഞ്ഞില്ല.
അവളിലെ പുരുഷൻ മരിക്കുകയും പെൺപ്രണയം മണ്മറഞ്ഞു പോവുകയും ചെയ്തത് ലിഡിയയും അറിഞ്ഞില്ല. പക്ഷെ ലിഡിയയ്ക്ക് വേണ്ടാത്ത സെബാനെ ഭിക്ഷ ചോദിക്കണമെന്ന് വാണിയ്ക്ക് തോന്നി....
രാത്രിമുഴുവൻ ചിന്തിച്ച ശേഷമാണ് പിറ്റേന്ന് വാണി ലിഡിയയ്ക്കരികിലെത്തിയത്.
ഊഞ്ഞാൽ കസേരയിൽ ആലോചനയിൽ മുങ്ങിപ്പോയ വാണി, കുടിച്ച്‌ കൊണ്ടിരുന്ന പാനീയത്തെക്കാൾ തണുപ്പ് കയ്യിൽ അനുഭവപ്പെട്ടപ്പോൾ ഞെട്ടി. ലിഡിയയുടെ വിരലുകൾ കയ്യിൽ തൊട്ടിരിക്കുന്നു..
കൈകൾ പിന്നിലേക്ക് വലിക്കണമെന്ന് വാണി കരുതിയെങ്കിലും ലിഡിയ സ്വന്തം വിരലുകൾ വാണിയുടേതുമായി കോർത്തു കഴിഞ്ഞിരുന്നു
ഇരുവരുടെയും സിരകളിലേക്ക് പാഞ്ഞു കയറിയ സ്പന്ദനങ്ങളാൽ വാണിയ്ക്ക്‌ ദേഹമാകെ പൊള്ളി. വെന്തെരിയുന്ന ആത്മാവിന് മുന്നിൽ അവൾ ലിഡിയയെ മറന്നു. സെബാനെ മറന്നു. കത്തുന്ന കാമത്തെ എരിയുന്ന കുറ്റബോധം കീഴ്പ്പെടുത്തിയ നിമിഷം വാണി പിടഞ്ഞെഴുന്നേറ്റു....
പടികളിറങ്ങി അതിവേഗം റോഡിലേക്ക് നടക്കുമ്പോൾ ഒരു കുഞ്ഞിന്റെ കരച്ചിൽ കാറ്റായി ചെവിയിൽ തുടിച്ചു. ശംഖുപുഷ്പങ്ങൾ ഒപ്പം കരഞ്ഞു. തണുപ്പാൽ മരവിച്ചു പോയ കൈവിരലുകൾ കൊണ്ട് അവൾ അടിവയർ അമർത്തിപ്പിടിച്ചു..
ഒരു നിമിഷനേരം മാത്രം വിരലുകളിൽ നിന്ന് കൈകളിലേക്കും പിന്നെ ഹൃദയത്തിലേക്കും ചുഴിഞ്ഞിറങ്ങിയ ചൂട് പെട്ടെന്ന് തണുത്ത് മരവിച്ച് കട്ടിയായ പോലെ തോന്നി ലിഡിയയ്ക്ക്...
എന്ത് കൊണ്ടായിരിക്കും തനിക്ക് പറയാനുള്ളതൊന്നും കേൾക്കാതെ വാണി ഇറങ്ങിപ്പോയിരിക്കുക....എന്തു കൊണ്ടായിരിക്കും എത്രയോ പ്രാവശ്യം കോർത്ത് പിടിച്ചിട്ടുള്ള വിരലുകൾ ഊരിയെടുത്ത് ഓടിപ്പോയിരിക്കുക....
സെബാനോടെല്ലാം തുറന്നുപറയാൻ, സമൂഹത്തെ എതിരിടാൻ, ധൈര്യം സംഭരിക്കുകയായിരുന്നു ഇത്രകാലം. ഇന്നല്ലെങ്കിൽ ഇനിയെന്നാണ് അവൾക്കത് കേൾക്കാനാവുക....
എല്ലാം പറയാൻ വെമ്പി അവൾ ഫോൺ കൈയിലെടുത്തു. ധൃതിയിൽ വാണിയുടെ നമ്പർ സെലക്ട് ചെയ്യുന്നതിനിടെ ചൂരൽ കസേരയുടെ താഴെ വെച്ചിട്ടുള്ള ഒരു കിറ്റിൽ ലിഡിയയുടെ ശ്രദ്ധ പതിച്ചു. പതിയെ എഴുന്നേറ്റ് അവൾ കിറ്റ് തുറന്നു നോക്കി. പിന്നെ, ഒന്നു മാത്രം റിങ് ചെയ്ത കോൾ അവസാനിപ്പിച്ചു..
എവിടെക്കോ രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ കാറോടിച്ചു കൊണ്ടിരുന്ന വാണി ഫോണിൽ ലിഡിയയുടെ കോൾ കണ്ടപ്പോൾ വീണ്ടും പിടഞ്ഞു... ഒറ്റ റിങ്ങിൽ കോൾ അവസാനിച്ചപ്പോൾ ഭയന്നു. തൊണ്ട വരണ്ടു...അവൾ ഉറക്കെയുറക്കെ കരഞ്ഞു.
താനാരെയൊക്കെയാണ് ചതിച്ചത്?
ഒരേ പാതിയായ കൂട്ടുകാരിയെ, ജീവിതം നീട്ടിയ പ്രിയനെ... തന്നെത്തന്നെ....
ലിഡിയയുടെ കൈകളുടെ ചൂട് ഒരു കനൽക്കട്ട കൊണ്ട് തൊട്ടതു പോലെ ഹൃദയത്തെ പൊള്ളിച്ചു.പിന്നെ ഇരുകൈകളും ഉയർത്തി ചെവി പൊത്തി സ്റ്റിയറിങ് വീലിനു പുറകിൽ ഒളിക്കാൻ ശ്രമിച്ചു...കാർ ചക്രങ്ങൾ കൊക്കയുടെ ആഴങ്ങളിലേക്കു വഴിതിരിഞ്ഞപ്പോൾ കണ്ണിനു മുന്നിൽ തെളിഞ്ഞ അവ്യക്തമായ രൂപങ്ങളിൽ അവൾ സെബാനെ വ്യക്തമായി കണ്ടു... ഒരു കണ്ണിൽ നിറഞ്ഞ കാമവും മറുകണ്ണിൽ നിസ്സഹായതയിൽ നിന്നുരുവായ കനലും കൊണ്ടു നിൽക്കുന്ന ലിഡിയയെ കണ്ടു... നിറയെ ശംഖുപുഷ്പങ്ങൾ വിരിഞ്ഞു നിൽക്കുന്ന താഴ്‌വരയും കണ്ടു...പിന്നെ ഇരുട്ടും....
തുറന്നു കിടക്കുന്ന ഗേറ്റിലൂടെ വളഞ്ഞു കയറിവന്ന കാറിലിരുന്നു തന്നെ, വരാന്തയിൽ തന്നെയും പ്രതീക്ഷിച്ചെന്ന വണ്ണം ചൂരൽ കസേരയിൽ ഇരിക്കുന്ന ലിഡിയയെ സെബാൻ കണ്ടു..
വാണിയുടെ ഫ്‌ളാറ്റിലേക്ക് താമസം മാറും മുൻപ് ഒരു വാക്ക് പറയുവാൻ ശംഖുപുഷ്പങ്ങൾ പടർന്ന വരാന്ത തന്നെയാവും ഏറ്റവും നന്നാവുക എന്നയാൾ തീർച്ചപ്പെടുത്തിയിരുന്നു... പതിയെ നടന്ന് ലിഡിയയ്ക്കരികിലെത്തിയപ്പോൾ, അവളുടെ കണ്ണുകളിൽ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത പ്രണയം ജ്വലിക്കുന്നതു പോലെ സെബാന് തോന്നി...
മുട്ടുകുത്തിയിരുന്ന് ഇരുകൈകളും കൊണ്ട് ലിഡിയയുടെ കൈകളിൽ പിടിക്കാനാഞ്ഞ സെബാൻ കാൽമുട്ടുകളിലേക്ക് പടർന്ന ചുവന്ന, വഴുവഴുത്ത തണുപ്പിൽ ഞെട്ടി.. അപ്പോഴും ഇടതു കൈത്തണ്ടയിൽ നിന്ന് തുള്ളികളായി വീണുകൊണ്ടിരുന്ന രക്തത്തിലേക്ക് അയാൾ തുറിച്ചു നോക്കി.
കറുത്ത ഒരു കവറിൽ കരുത്തോടെ വളർന്നു നിൽക്കുന്ന, ഒരു പൂവ് മാത്രം വിരിഞ്ഞ നീല ശംഖുപുഷ്പത്തിന്റെ തൈയ്ക്ക് ചുറ്റും രക്തം തളം കെട്ടിയിരുന്നു...പിന്നെ നേർത്ത അരുവിയായി ചാലിട്ടൊഴുകി. നീല ശംഖുപുഷ്പങ്ങൾ സ്വപ്നങ്ങളായി പ്രണയം നിറച്ച അയാളുടെ താഴ്‌വര ആദ്യം ചുവക്കുകയും പിന്നെ കറുക്കുകയും ചെയ്തു.

Dr. Salini CK

കൽത്തൊട്ടിയിലേക്ക് ഒഴുകി വീണ തിങ്കൾപ്പുഴ (കഥ)

നിറയെ കായ്ച്ചു നിന്ന ശീമപ്പേരയുടെ ചുവട്ടിൽ നിന്ന് ആദ്യമായി സംസാരിക്കവേ ഗൗരവം നിറഞ്ഞ മുഖമുള്ള സുന്ദരനായ മനുഷ്യൻ എന്നോട് ചോദിച്ചത് തിങ്കൾ പുഴ എന്ന എന്റെ വീട്ടുപേരിനെക്കുറിച്ചാണ്.

ഞാൻ പ്രതീക്ഷിച്ച ചോദ്യങ്ങളൊന്നുമല്ലല്ലോ അയാളെന്നോട് ചോദിച്ചത്.... !
ഏതോ തരള വികാരങ്ങളാൽ നേർത്തൊരു ബലക്കുറവോടെ നിന്ന ഞാൻ പിന്നീടയാൾ പറഞ്ഞതൊന്നും കേട്ടതുമില്ല.
അന്നുവരെ എനിക്കത് വെറുമൊരു വീട്ടുപേര് മാത്രമായിരുന്നു, പ്രത്യേകതകളൊന്നുമില്ലാത്തത്.

കല്യാണത്തിന് വാക്കുറപ്പിച്ച് അവർ മുറ്റം കടന്നപ്പോൾ ഞാൻ അച്ഛനരികിലേക്ക് ഓടിയത് അതേപ്പറ്റി ചോദിക്കാനായിരുന്നു.
ഏട്ടന്റെ കണ്ണുരുട്ടലിനെ ഭയമായിരുന്നിട്ടും അന്നു ഞാൻ അത് കണ്ടില്ലെന്ന് നടിച്ചു.
അന്നേരം അച്ഛനൊന്നു ചിരിച്ചു, നിലാവ് പോലെ.
അല്ലെങ്കിലും അച്ഛനധികം സംസാരിക്കാറില്ല.
അത്താഴം കഴിഞ്ഞ് ഇളം തിണ്ണയിലിരിക്കവേ ചെക്കനെ ഇഷ്ടമായോ എന്ന് അച്ഛൻ ചോദിച്ചു.
എനിക്ക് ഇഷ്ടക്കേടില്ലയിരുന്നു.
അച്ഛൻ ആകാശത്തേക്ക് വിരൽ ചൂണ്ടിയപ്പോഴാണ് കറണ്ട് പോയത്.
തിങ്കൾ പുഴപോലെയൊഴുകുന്നത് കണ്ണ് നിറയെ ഞാൻ കണ്ടു. മേഘക്കൂട്ടങ്ങൾ ആ പുഴയിൽ കുളിച്ച് മെല്ലെ ഒഴുകി.
നക്ഷത്രക്കുഞ്ഞുങ്ങൾക്കെല്ലാം പേര് മാനത്തുകണ്ണിയെന്നായിരുന്നു.
അച്ഛനെന്റെ മുടിയിലൊന്ന് തഴുകി.
അതും പതിവില്ലാത്തതാണ്.
അലങ്കരിച്ച കാറിലിരുന്ന് കൂറ്റൻ ഗേറ്റ് കടക്കവേയാണ് മനോഹരമായ അക്ഷരങ്ങളിൽ കൊത്തിവച്ചിരിക്കുന്ന വീട്ടു പേര് ഞാൻ കണ്ടത്.

കൽത്തൊട്ടിയിൽ

എനിക്ക് കുസൃതി തോന്നി.
പുഴ കൽത്തൊട്ടിയിൽ അവസാനിക്കുന്നോ....?
ആവില്ല...
ഞാൻ
ഒഴുകാൻ തുടങ്ങുന്ന തടാകമാവും ഇത്. മനസരോവറിൽ നിന്നൊഴുകിത്തുടങ്ങുന്ന ബ്രഹ്മപുത്രയെപ്പോലെ...

"നിനക്ക് മഹാഭാരതത്തിലെ മാലിനിയെ അറിയുമോ? "

പ്രണയം പെയ്യുന്ന ശബ്ദത്തിൽ അയാളെന്റെ ചെവിയോരത്ത് മന്ത്രിക്കുന്നത് സ്വപ്നം കണ്ട്, ജനലിലൂടെ നിലാവ് നോക്കി നിന്നയെന്നോട് അല്പവും മൃദുത്വമില്ലാതെയാണ് അയാളത് ചോദിച്ചത്.

എന്റെ പേര് എവിടെയൊക്കെയാണുള്ളത്...?

എനിക്കറിയുമായിരുന്നില്ല. അയാളത് പറഞ്ഞുതന്നതുമില്ല.
പക്ഷേ,
രാവ് പാതിവഴി പിന്നിട്ടുകഴിയുമ്പോൾ മാത്രമൊടുങ്ങുന്ന ജോലികൾക്കപ്പുറം അയാളെന്നിലേക്ക് തിരമാലയായി മറിയുമ്പോൾ മാലിനിയൊരു പുഴയല്ലേ എന്ന് ഞാൻ ഓർമ്മകളിൽ പരതി.
എനിക്ക് പേടിയുണ്ടായിരുന്നു, അച്ഛനോട് ചോദിക്കാൻ. ചിരിക്കാനറിയാത്ത അയാളുടെ മുഖം നിലാവ് പോലെ ചിരിക്കുന്ന എന്റെയച്ഛന്റെ മുഖത്തേക്ക് ചേക്കേറുമോ എന്നു ഞാൻ ഭയന്നു.
അയാളുടെ നെറ്റിയിലെ വിയർപ്പു ചാലുകൾ എന്റെ ചുണ്ടിൽ വെറുപ്പിന്റെ ഉപ്പായി പടർന്നപ്പോൾ അയാളെന്തിനാണ് ഉച്ചത്തിൽ ചിരിച്ചത്.
തറയിൽ കുനിഞ്ഞിരുന്ന് അയാളുടെ ഛർദ്ദിൽ തുടച്ചു കൊണ്ടിരുന്ന എന്നെയയാൾ സൈരന്ധ്രി എന്ന് വിളിച്ചു, പാതി ബോധത്തിൽ ക്രൂരമായി അട്ടഹസിച്ചുകൊണ്ട്.....

മഹാഭാരതവും രാമായണവും വായിക്കാനനുവദിക്കാതെ മനുഷ്യരുടെ പുസ്തകങ്ങൾ മാത്രം വായിപ്പിച്ച അച്ഛനോടെനിക്ക് ദേഷ്യം തോന്നി.
എന്റെ കണ്ണുകൾ പെയ്യുമ്പോലെ മഴയാർത്തു നിന്ന സന്ധ്യയിൽ അയാളാഞ്ഞ് പതിച്ചപ്പോൾ നീരുവന്ന കവിൾത്തടത്തിന്റെ വേദന വകവയ്ക്കാതെ ഞാൻ അച്ഛനോട് ചോദിച്ചു ;

ആരാണ് സൈരന്ധ്രി? ആരാണ് മാലിനി?

ഫോണിന്റെ അങ്ങേത്തലക്കൽ നിലാവ് അമാവാസിക്ക് വഴിമാറുന്നത് ഞാനറിഞ്ഞു.
ഒരു ദീർഘ നിശ്വാസത്തിന്റെ അറ്റത്തുനിന്ന്....
ഞാൻ ഭയന്നതും അതാണല്ലോ.....

-*-*-*-*-*-*-*-*-*-*-*-*-*

വിരാട രാജധാനിയിൽ ഭയചകിതയായി മുഷിഞ്ഞ വസ്ത്രത്തിലൊളിച്ച ദ്രൗപതി 'മാലിനീ' എന്ന വിളികേട്ട് പഞ്ചപുച്ഛമടക്കി തൊഴുതു നിന്നു.
ശിരസ്സുയർത്തി നിവർന്ന് മാത്രം നിന്നവൾക്ക് അമിത വിനയത്തിന്റെ ചെറു വളവ് ഹൃദയ വേദനയുണ്ടാക്കുന്നുണ്ടായിരുന്നു.
അഴകിയ രാവണനായി കീചകനെത്തിയപ്പോൾ കടൽവെള്ളത്തിൽ മറിഞ്ഞു വരുന്ന ജല പിശാചിനെ അവൾക്കോർമ്മ വന്നു.
അവളോക്കാനിച്ചു, വെറുപ്പോടെ....

കീചകൻ അവളുടെ അവയവ മുഴുപ്പുകളിൽ നിന്ന് കണ്ണെടുക്കാതിരിക്കുകയും കൊതിയുടെ നീര് ചുണ്ടിനെ കടന്ന് കീഴ്താടിയിലേക്ക് ഒഴുകിയിറങ്ങുകയും ചെയ്തപ്പോൾ അവൾ പറഞ്ഞ പരാതികളൊന്നും ധർമ്മപുത്രർ കേട്ടതായി ഭാവിച്ചില്ല.
അവൾക്ക് പിന്നെയും ആശ്രയിക്കാൻ അവിടെയൊരു ഭീമസേനൻ ഉണ്ടായിരുന്നു.

*-*-*-*-*-*-*-*-*-*-*-*-*-*

കൽത്തൊട്ടിയിൽ അവതരിച്ച കീചകനെക്കുറിച്ച് അയാളോട് പരാതി പറയാൻ ഞാൻ ഭയന്നു. ചതുരംഗപ്പലകയിൽ അയാൾക്കെതിരെ ഇരുന്നപ്പോൾ ചോരബന്ധത്തിന്റെയും സൗഹൃദത്തിന്റെയും മുഖംമൂടി കീചകനണിഞ്ഞിരുന്നു.
ഞാൻ കരഞ്ഞു.
എനിക്കാശ്രയിക്കാൻ ഇവിടെയൊരു ഭീമനില്ലല്ലോ....

ജീവിതത്തിൽ നിന്ന് നിലവിറങ്ങിപ്പോയിട്ട് ഒരു വ്യാഴവട്ടമായിരിക്കുന്നു.
കൽത്തൊട്ടിയുടെ വക്കുകൾക്കപ്പുറം ഞാൻ ലോകം കണ്ടിട്ടും.
പ്രതീക്ഷിക്കാൻ എന്റെ അടിവയറ്റിലൊരു പുൽനാമ്പ് പോലും കിളിർത്തതുമില്ല.
എനിക്കായുള്ള ടെലിഫോൺ ബെല്ലടികൾ വല്ലപ്പോഴും മാത്രമായി..
അച്ഛനും വയസ്സാവുന്നു.
എനിക്കെന്തുകൊണ്ടാണ് ശബ്ദമില്ലാതാകുന്നത്?
ഭയന്നോടി ഒളിച്ചിരിക്കാൻ അമ്മച്ചിറക് പണ്ടേയില്ല...
സ്വഭാവം കൊണ്ട്
അയാൾ തന്നെയാണ് ഏട്ടനും.

എവിടെയും വിരൽത്തുമ്പുകൊണ്ടു പോലും പിടിക്കാതെ ജീവിതമെന്ന നൂൽപ്പാലത്തിലൂടെ വെറുതെയങ്ങ് നടക്കാൻ പെണ്ണിന് കഴിയും.
പെണ്ണിനേ കഴിയൂ.
ഇവിടെ ഞാൻ വെറുമൊരു സൈരന്ധ്രിയാണെന്ന് അച്ഛന് മനസ്സിലായിക്കഴിഞ്ഞിരുന്നു.
അച്ഛന്റെ നിസ്സഹായതയല്ല, നിശ്ശബ്ദതയാണെന്നെ വേദനിപ്പിച്ചത്.
അച്ഛനെന്നെ ഭാനുമതിയെന്ന് വിളിച്ചുകൂടായിരുന്നോ?
ദുര്യോധനനെ വരച്ച വരയിൽ നിർത്തിയവൾ.
മണികർണികയെന്ന്.
കസ്തൂരിഗന്ധിയെന്നോ അംബയെന്നോ വിളിക്കാമായിരുന്നില്ലേ...?
ചിന്തകൾ, തുറന്നു കിടന്ന പൈപ്പിലൂടെ വീണ് സിങ്കിലെ ദ്വാരങ്ങൾ വഴി വട്ടം കറങ്ങി താഴേക്ക് ഒഴുകുന്ന വെള്ളത്തിനൊപ്പം പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് രണ്ടു കൈകൾ എന്റെ മേലേക്ക് അരിച്ചു കയറിയത്.
കീചകന്റെ കൈകൾ.
ഇരുട്ടിലായിരുന്നില്ല ഞാൻ.
എനിക്കായി കീചകനെ ഞെരിച്ചുടച്ചു തകർക്കാൻ ഭീമനുമുണ്ടായില്ല.
എപ്പോഴാണ് കാളിയുടെ കൈകൾ എന്റേതായത്?
ചോര കൊണ്ട്, എനിക്ക് സ്വാതന്ത്ര്യം നേടിത്തന്ന കത്തിയുമായി കൽത്തൊട്ടിയിൽ നിന്ന് ഞാനിറങ്ങിയോടി.
കൂറ്റൻ ഗേറ്റിന് വശങ്ങളിലിരുന്ന് പ്രപഞ്ചം നടുക്കാറുള്ള ശ്വാനന്മാർ നിശ്ശബ്ദരായിരുന്നു.
എന്നിട്ടും എന്നിലെവിടെയും നിലാവൊഴുകിയില്ല.
കാരാഗൃഹത്തിന്റെയിരുട്ടിൽ വനവാസവും അജ്ഞാത വാസവും കടന്നു പോയി.
തിങ്കൾ പുഴയിലേക്ക് ഞാൻ തിരികെ ഒഴുകിയെത്തിയപ്പോൾ എന്റെ പഴയ കൊച്ചു വീടിരുന്നയിടത്ത് ഏട്ടന്റെ രാജധാനി കണ്ടു.
കൽത്തൊട്ടികളെ എനിക്ക് ഭയമാണ്.
ചോര കൊണ്ട് ബന്ധിച്ചവയെ പ്രേത്യേകിച്ചും.
മുഷിഞ്ഞുലഞ്ഞ വസ്ത്രവുമായി ഞാൻ നടന്നു.
സ്വന്തത്തിനും ബന്ധത്തിനുമപ്പുറം അന്യയിടമാണ് ഇനിയെനിക്ക് നല്ലത്.
അടുക്കളപ്പണിയും പുറംപണിയുമെല്ലാം നന്നായി ചെയ്യുമെന്ന് പറഞ്ഞപ്പോൾ വലിയ വീട്ടിലെ കൊച്ചമ്മയെന്നോട് പേര് ചോദിച്ചു.
ഞാൻ പറഞ്ഞു ;
സൈരന്ധ്രി.

Dr.Salini CK

ഒറാക്കിയുടെ ട്രങ്ക് പെട്ടി

Image may contain: 1 person, closeup
-----------------------------
"ഡോക്ടറേ ഒറാക്കി മദാമ്മ മരിച്ചു .....പോലീസാര് ഡോക്ടറെ തെരക്കണു"
മാധവേട്ടനാണ് ഓടിക്കിതച്ചെത്തി വിവരം പറഞ്ഞത്. പ്രഭാതത്തിന് എന്നെ സ്വറ്റർ ധരിപ്പിക്കാൻ മാത്രം തണുപ്പ് ഉണ്ടായിട്ടുകൂടി ഞാൻ വിയർത്തു. പത്രം വായിച്ചുകൊണ്ടിരുന്ന അച്ചുവിനെ ഞാൻ നോക്കി.
"തന്റെ സ്വന്തംആളല്ലേ താൻ ചെല്ലടോ..... "
പുള്ളി കാര്യം നിസ്സാരമാക്കിക്കളഞ്ഞു.
മാധവനോടൊപ്പം ഞാൻ ഒറാക്കിയുടെ കടയിലേക്ക് നടന്നു.
എത്ര വർഷം ആയിട്ടുണ്ടാകും ഞാൻ ഒറാക്കിയെ കാണാൻ തുടങ്ങിയിട്ട്....
അച്ഛന്റെ വിരൽത്തുമ്പിൽ തൂങ്ങി ചുവപ്പിൽ വെളുത്ത ലെയ്സ് വെച്ച ഫ്രോക്കുമിട്ട് ഒറാക്കി മദാമ്മയുടെ കടയിൽ ആദ്യമായെത്തുന്ന ഒരു കുഞ്ഞോർമ്മ എന്റെ മനസ്സിലുണ്ട്.
ഞാൻ അന്ന് സ്കൂളിൽ പോയി തുടങ്ങിയിരുന്നില്ല.
തെരുവ് തുടങ്ങുന്നിടത്താണ് ഒറാക്കി മദാമ്മയുടെ ഒറ്റമുറി മിഠായിക്കട.
എല്ലായിപ്പോഴും നിറംമങ്ങിയ ടീഷർട്ടുകളും മുട്ടൊപ്പമെത്തുന്ന പാവാടകളും ധരിച്ച, മുടി ബോബ് ചെയ്ത ,വൈക്കോൽ നിറത്തിലുള്ള വിശറി പോലുള്ള തൊപ്പിയണിഞ്ഞ, കടും ചുവപ്പ് നിറം പൂശിയ ചുണ്ടുകളുള്ള ,തുകൽ ഷൂസുകൾ അണിഞ്ഞ ഒറാക്കി മദാമ്മ.
അവരുടെ വെളുത്തു തടിച്ച കഴുത്തിലെ വലിയ മുത്തുകളുള്ള പേൾ മാല അവർക്കൊരു ആഢ്യത്വം നൽകിയിരുന്നു.
പരുപരുത്ത ശബ്ദത്തിൽ
"ലിറ്റിൽ പ്രിൻസസ് സ്വീറ്റ് ഫോർ യു "
എന്നു പറഞ്ഞ് കണ്ണാടി കടലാസിൽ പൊതിഞ്ഞ മിഠായിക്കിഴി അവരെനിക്ക് തന്നു.
അതിൽ പല നിറത്തിലുള്ള മിഠായികൾ ഉണ്ടായിരുന്നു. അവർ പറഞ്ഞതിന്റെ അർത്ഥമെന്താണെന്ന് അന്നെനിക്ക് അറിയുമായിരുന്നില്ല.
ഒറാക്കിയെപ്പോഴും മുറി ഇംഗ്ലീഷ് സംസാരിച്ചിരുന്നു. ക്രമേണ ഞാൻ ഒറാക്കിയുടെ കടയിലെ നിത്യസന്ദർശകയായി മാറി. രാവിലെ സ്കൂളിലേക്ക് പോകുന്നതും വൈകിട്ട് തിരികെ വരുന്നതും ഒറാക്കിയുടെ കടയുടെ മുന്നിലൂടെ ആണ്.
മഴ ചാറി കൊണ്ടിരുന്ന ഒരു വൈകുന്നേരം സുനന്ദയാണ് പറഞ്ഞത്
'അവിടെ ഒരു ട്രങ്ക് പെട്ടി ഉണ്ടത്രേ....'
അതിനകത്തു നിന്നാണ് അവരിക്കാണുന്ന മിഠായിയെല്ലാം എടുക്കുന്നത്.
എനിക്കത് വിശ്വാസമായില്ല...
അല്ലെങ്കിലും സുനന്ദ കള്ളം പറയും. മാത്രവുമല്ല ഒറാക്കി നല്ല ആളാണെന്ന് ജോൺ അങ്കിൾ പറഞ്ഞിട്ടുണ്ട് . എനിക്ക് സുനന്ദയെക്കാൾ ജോൺ അങ്കിളിനെ വിശ്വാസമാണ്. പിറ്റേന്ന് ഒറാക്കിയുടെ കടയിൽ എത്തിയപ്പോൾ ഞാൻ ചുറ്റും നോക്കി. ട്രങ്ക്പെട്ടി എവിടെയാണിരിക്കുന്നത് ?
വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കുന്ന കട. ഷെൽഫിൽ നിറയെ കണ്ണാടി ഭരണികൾ. മിഠായി വാരി വിതറിയത് പോലെയുള്ള മൊസെയ്ക് തറ.
പട്ടാളക്കാരുടെ ട്രങ്ക് പെട്ടി മാതിരി വലിയൊരു പെട്ടി അവിടെയുണ്ടായിരുന്നു. അതിനുമുകളിൽ ഒരു കുഷ്യൻ ഉണ്ടായിരുന്നു. ചാര നിരത്തിലുള്ളത്. അതിനു മുകളിലാണ് ഒറാക്കിയെപ്പോഴും ഇരിക്കുന്നത്..
"മൈ ഡിയർ പ്രിൻസസ് സ്പെഷ്യൽ സ്വീറ്റ് ഫോർ യു "
ഞങ്ങളുടെ തെരുവിലെ കടകളിലൊന്നും ലഭിക്കാത്ത പൂച്ചപ്പൂട എന്ന് ഞങ്ങൾ വിളിക്കുന്ന മിഠായി ആയിരുന്നു അത്.
പട്ടാളത്തിൽ ഉള്ള വല്യമ്മാവൻ ഒരിക്കൽ എനിക്കത് കൊണ്ടുവന്ന് തന്നിട്ടുണ്ട്. പിന്നീട് ഒരുപാട് മുതിർന്ന ശേഷമാണ് അത് സോൻ പാപ്പടി ആണെന്ന് എനിക്ക് മനസ്സിലായത്. എന്റെ കൂട്ടുകാർക്ക് അത്ഭുതമായിരുന്നു.
"നീയെങ്ങന്യാ ശാലു ഒറാക്കിയോട് മിണ്ടണെ? "
ചാന്ദ്നിയാണ്...
" നിനക്ക് പേടിയാവില്ലേ ശാലൂ.... "
ഇവരൊക്കെയെന്തിനാഒറാക്കിയെ പേടിക്കണ്ത്...?
"അവര്ടെ ട്രങ്ക് പെട്ടീലേ ജിന്ന്ണ്ട്... "
നൂർജഹാൻ പറഞ്ഞു . ഞാൻ ആദ്യമായാണ് ജിന്നിനെക്കുറിച്ച് കേട്ടത് .
"ട്രങ്ക് പെട്ടിയിലെ ജിന്നാ , ഇക്കണ്ട മിഠായി മുഴ്‌വനും അവർക്ക് കൊണ്ട് കൊടുക്കണേ...ഏതൊക്കെ രാജ്യത്തെ മിഠായി അവ്ടെണ്ടെന്നൊ.... "
"എന്റെ ഉപ്പയും പറഞ്ഞിട്ടുണ്ട് ഒറാക്കിയുടെ കടേമ്മ്ല് പോവരുതെന്ന്.... "
അബ്ദുവിനും ജിന്നിനെ അറിയാം.
അന്ന് വൈകിട്ട് ഞാൻ ഈ വിവരങ്ങളെല്ലാം അച്ഛനോട് പറഞ്ഞു. അച്ഛൻ ഒത്തിരി ചിരിച്ചു.
" ഒറാക്കി പാവാണ് മോളു.... "
അച്ഛൻ അത്രയേ പറഞ്ഞുള്ളൂ.
അന്ന് അച്ഛൻ എനിക്ക് അലാവുദ്ദീന്റെയും അത്ഭുതവിളക്കിന്റെയും കഥ പറഞ്ഞു തന്നു. അതിലെ ജിന്നിനെ എനിക്കിഷ്ടമായി. നല്ല ജിന്ന് ആണെങ്കിൽ കുഴപ്പമില്ലല്ലോ. ഒറാക്കിയുടെ ജിന്ന് നല്ലതായിരിക്കും.
ഞാൻ പിന്നെയും ഒറാക്കിയുടെ കടയിൽ പോയി. ആ നാട്ടിൽ ആരും ഒറാക്കിയുടെ കടയിൽ കയറാറില്ല.
അവർക്ക് പ്രാന്ത് ഉണ്ടത്രേ....
നാടുകാണാൻ വരുന്ന സഞ്ചാരികൾ ആണ് അവിടെ അധികവും വരുന്നത്. ഒറാക്കിയെപ്പോഴും എനിക്ക് സ്പെഷ്യൽ മിഠായികൾ തന്നു.
"ഒറാക്കിയെന്തിനാ നിനക്ക് വെർതെ മുട്ടായി തരണേ?"
സുനന്ദയ്ക്ക് അസൂയയാണ്.
പക്ഷേ ഒറാക്കി എന്തിനാ എനിക്ക് വെറുതെ മുട്ടായികൾ തരുന്നതെന്ന് എനിക്കും അറിയുമായിരുന്നില്ല. ചുവന്ന ചുണ്ടുകൾ വിടർത്തി ചിരിക്കുമ്പോൾ കാണുന്ന നിരയൊത്ത വെളുത്ത പല്ലുകൾ എനിക്കിഷ്ടമായിരുന്നു. എനിക്ക് മിഠായി തരുമ്പോഴൊക്കെ അവരൊത്തിരി വർത്തമാനം പറയും.
പരുക്കൻ ശബ്ദത്തിൽ പൊട്ടിച്ചിരിക്കും. പക്ഷേ എല്ലാവരും ഒറാക്കി എന്ന് വിളിക്കുന്ന അവരെ ഒറാക്കിയമ്മേയെന്ന് ഞാൻ വിളിച്ചയന്ന് അവർ കരഞ്ഞു....
തേങ്ങിയേങ്ങി....
അന്ന് സ്വർണ്ണനിറമുള്ള കിലുകിലുക്കുന്ന പേപ്പറിൽ പൊതിഞ്ഞ ഒരുപാട് മധുരമുള്ള ചോക്ലേറ്റുണ്ടകൾ അവരെനിക്ക് തന്നു. ഒറാക്കിയെന്തിനാണ് കരഞ്ഞത്....
ഒറാക്കി എപ്പോഴുമിരിക്കുന്ന വലിയ ട്രങ്ക് പെട്ടിയുടെ മുകളിൽ അവർ എന്നെയെടുത്തിരുത്തി..
"അമ്മ...... "
അവർ വിതുമ്പുന്നുണ്ടായിരുന്നു.
അമ്മയുടെ പ്രായമുള്ള എല്ലാവരെയും അങ്ങനെ വിളിക്കണമെന്ന് എന്റെയമ്മ പറഞ്ഞിട്ടുണ്ട്.
തോളിന് താഴേക്കു നീണ്ടുകിടന്ന ഒരിക്കലും കെട്ടി വയ്ക്കാത്ത എന്റെ മുടി കൊതികൊണ്ട് അവരെന്നെ എയ്ഞ്ചൽ എന്ന് വിളിച്ചു.
പിന്നീട് ഞാൻ അവരെ ഒറാക്കിയമ്മ എന്നുമാത്രം വിളിച്ചു.
ഒറാക്കിയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അവരുടെ അടുത്ത് സ്വാതന്ത്ര്യവുമുണ്ടായിരുന്നു. എങ്കിലും ഉള്ളിലെവിടെയോ എനിക്കവരോട് ഭയം ഉണ്ടായിരുന്നോ?
ഒറാക്കിയുടെ മധുര മുട്ടായികൾ ദിവസവും നുണഞ്ഞിട്ടും കൗമാരത്തിൽ എന്നോ ആണ് ഞാൻ ചോദിച്ചത്
"ഈ മുട്ടായികൾ ഒക്കെ ഒറാക്കിയമ്മക്ക് എവ്‌ടന്നാ കിട്ടണെ...? "
" ദാറ്റ്‌സ് എ സീക്രട്ട് ഏഞ്ചൽ..... "
അവരെനിക്കാ രഹസ്യം പറഞ്ഞു തന്നില്ല....
ഞാനവരോട് ട്രങ്ക് പെട്ടിയിലെ ജിന്നിനെക്കുറിച്ച് ചോദിച്ചു..
ആദ്യം അവർ പൊട്ടിച്ചിരിച്ചു...
സില്ലി ഗേൾ എന്ന് പറഞ്ഞ് വീണ്ടും ചിരിച്ചു.
"അതൊരു നിധിയാണ്. "
അവർ ഗൗരവത്തിലായി.
"റിയലി പ്രഷ്യസ് വൺ "
ഞാൻ അത് വിശ്വസിച്ചു. അതുകൊണ്ടായിരിക്കും അവരതിനു മുകളിൽത്തന്നെ ഇരിക്കുന്നത്.
"ഒറാക്കിയമ്മ എവിടെയാ ഉറങ്ങുന്നത്? "
ചുവന്ന നിറമുള്ള തേൻ മുട്ടായികൾ നുണഞ്ഞു കൊണ്ട് ഒരു സന്ധ്യയ്ക്ക് ഞാൻ ഒറാക്കിയോട് ചോദിച്ചു.
"ഒറാക്കി ഉറങ്ങാറില്ല പ്രിൻസസ്... "
അപ്പോൾ അവരുടെ കണ്ണ് നിറഞ്ഞിരുന്നു.... ഉറങ്ങാതെ മനുഷ്യർക്ക് ജീവിക്കാൻ പറ്റുമോ? പക്ഷേ ഒറാക്കിയുടെ സങ്കടം കണ്ടപ്പോൾ എനിക്ക് അത് ചോദിക്കാൻ തോന്നിയില്ല.
"യൂനോ വൺ തിങ് മൈ ഡിയർ... ഫിലിപ്പ് ഇത്തവണ ക്രിസ്മസിന് തീർച്ചയായും വരും".
ഞാൻ ചിരിച്ചു... ഒറാക്കിയെ കാണുന്ന നാൾ മുതൽ ഞാൻ ഫിലിപ്പിന്റെ കഥ കേൾക്കുന്നതാണ്.
ഒറാക്കിയുടെ ഭർത്താവ് ആണത്രേ..... എലിസബത്ത് രാജ്ഞിയുടെ കൊട്ടാരത്തിലെ സ്വീറ്റ് മേക്കർ ആണെന്നാണ് ഒറാക്കി പറയുന്നത്.
രാജ്ഞിക്ക് എന്നും ഫിലിപ്പ് ഉണ്ടാക്കുന്ന മിഠായികൾ വേണം പോലും. അതുകൊണ്ട് അവധി കിട്ടാഞ്ഞിട്ടാണ് ഫിലിപ്പ് വരാത്തത്...
"ഇത്തവണ ഫിലിപ്പിനൊപ്പം എന്റെ നിക്കി വരും പ്രിൻസസ്..."
ഞാൻ ആദ്യമായാണ് അങ്ങനെ ഒരു പേര് കേൾക്കുന്നത്.
" അതാരാ ഒറാക്കിയമ്മേ..?"
" മൈ ഗോഡ് ഹീയീസ് മൈ സൺ‌, ലിറ്റിൽ പ്രിൻസസ്..."
"ഒറാക്കിയമ്മക്ക് മോനുണ്ടോ? "
ഞാൻ അതിശയപ്പെട്ടു..
" നിന്നെക്കാൾ മൂന്ന് വയസ്സിന് എൽഡർ ആണവൻ... നിക്കോളാസ്... യൂ നോ ഹീയീസ് സോ ഹാൻസം.."
ഇന്നു വരെ ഈ നാട്ടിലാരും ഒറാക്കിയുടെ മകനെപ്പറ്റി പറയുന്നത് ഞാൻ കേട്ടിട്ടില്ല.
"നിന്നെ അവന് മാരി ചെയ്തു തരുമോയെന്ന് ഞാൻ നിന്റെ പപ്പയോട് ചോദിക്കട്ടെ...."
"പോ ഒറാക്കിയമ്മേ.... അയ്യേ..... "
ഞാൻ നാണിച്ചു.
അങ്ങനെ പറഞ്ഞെങ്കിലും സ്വർണ തലമുടിയുള്ള വെളുത്ത നിറമുള്ള കുതിരപ്പുറത്ത് വരുന്ന സുന്ദരനായ നിക്കോളസിനെ ഞാൻ സ്വപ്നം കണ്ടു തുടങ്ങി .
ക്രിസ്മസിന് പിറ്റേന്ന് മദ്യപിച്ചു ലക്കുകെട്ട ഒറാക്കിയമ്മയെ ഞാൻ കണ്ടു. എന്നെ കെട്ടിപ്പിടിച്ച് അവരുച്ചത്തിൽ കരഞ്ഞു.
"എന്റെ ഫിലിപ്പ് വന്നില്ല പ്രിൻസസ്.... നിക്കോളാസും വന്നില്ല"
എനിക്ക് നിരാശ തോന്നി... ഞാനും നിക്കോളാസിനെ കാത്തിരിക്കുകയായിരുന്നു.
"യൂ നോ മൈ ഡിയർ പ്രിൻസസ് എന്റെ നിക്കിക്കുള്ള ട്രഷർ ആണ് അതിൽ നിറയെ.."
അവർ ട്രങ്ക് പെട്ടിക്ക് നേരെ വിരൽ ചൂണ്ടി. എന്തായിരിക്കും അതിൽ..?
ഒരു ദിവസം ഞാൻ അച്ഛനോട് ചോദിച്ചു;ഒറാക്കിയുടെ പെട്ടിയെക്കുറിച്ച്...
അതിനും അച്ഛൻ മറുപടി ഒന്നും പറഞ്ഞില്ല.
പകരം പണ്ടോറയുടെ പെട്ടിയുടെ കഥ എനിക്ക് പറഞ്ഞു തന്നു.
ഒറാക്കി പറയുന്ന പല കാര്യങ്ങളും നുണകൾ ആണെന്ന്, അല്ലെങ്കിൽ സ്വപ്നങ്ങൾ ആണെന്ന് ,അതുമല്ലെങ്കിൽ ഒറാക്കിക്ക് ഭ്രാന്താണെന്ന് എനിക്കും തോന്നി.
എങ്കിലും ഒറാക്കി പറയുന്നത് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം.
ഒക്കെയും ഞാൻ വിശ്വസിക്കുകയും ചെയ്തു. ഒരു വൈകുന്നേരം ഒറാക്കി സമ്മാനിച്ച കല്ലുമിട്ടായികൾ തിന്നു കൊണ്ടിരിക്കെ കേക്കുകൾ ഉണ്ടാക്കുന്ന ജോൺ അങ്കിൾ ഒറാക്കിയെക്കുറിച്ച് പറഞ്ഞു...
"അവളുടെ യഥാർത്ഥ പേര് ടോറേത്തി എന്നാണ്.. ഇന്നാട്ടുകാർ വിളിച്ചു വിളിച്ച് അതിങ്ങനെ ആക്കിയതാ.."
എനിക്ക് കൗതുകമായി...
"കൊച്ചിയിൽ ഏതോ ഒരു കമ്പിനിയിൽ ജോലിക്ക് വന്ന ഫ്രെഡറിക് സായിപ്പിന്റെ മോളാണ്..... "
"അമ്മയോ? "
"മലയാളിയാണ് ,മേരി "
ജോൺ അങ്കിൾ ഓർത്തെടുത്തു ;
"വെളുത്തു മെലിഞ്ഞ് സ്വർണ തലമുടിയുള്ള ഒരു സുന്ദരി പെണ്ണ്.....സായിപ്പിന്റെ എതിർപ്പിനെ വക വെക്കാതെയാണ് അവൾ ഫിലിപ്പിനെ കല്യാണം കഴിച്ചത്. അവനൊരു തെമ്മാടി ചെക്കനായിരുന്നു. അവൾ ഗർഭിണിയായിരുന്നപ്പോഴാണ് അവൻ ഇംഗ്ലണ്ടിന് പോയത്. പിന്നെ ഒരിക്കലും അവൻ തിരികെ വന്നില്ല."
"ഫിലിപ്പ് സായിപ്പാ? "
"അതേ മോളേ "
"അയ്യോ അപ്പൊ നിക്കോളാസോ? "
ജോണങ്കിൾ നനഞ്ഞ ഒരു ചിരി ചിരിച്ചു.
" ഗർഭിണി ആയിരുന്നപ്പോ ശരിക്ക് ആഹാരം പോലുമില്ലാതെ ,ഫിലിപ്പിനെക്കുറിച്ച് വിവരമൊന്നുമില്ലാതെ മനസിന്റെ താളം തെറ്റിത്തുടങ്ങിയപ്പോഴാ അവൾ പ്രസവിച്ചത് ....
നീലക്കണ്ണുകളുള്ള ഒരു സുന്ദരൻ കുട്ടി .നിന്റെ അച്ഛനാ നിക്കോളാസ് എന്നു പേരിട്ടത് ..."
ഞാൻ അമ്പരന്നു .
അപ്പോ ഒറാക്കിയുടെ എല്ലാ കാര്യങ്ങളും അച്ഛനറിയാം ....
"കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഫിലിപ്പിനെക്കുറിച്ച് അന്വേഷിക്കാനെന്നും പറഞ്ഞ് അവളിവിടുന്നു പോയി . തിരികെ വന്നപ്പോ കുട്ടിയെയും കൊണ്ട് ഫിലിപ്പ് പോയെന്നു പറഞ്ഞു ."
എനിക്ക് വിഷമമായി .പാവം ഒറാക്കിയമ്മ .....
"തിരികെ വന്ന് അവളീ കട തുറന്നു .
അവൾടെ അമ്മയുടെ കടയായിരുന്നു അത് "
ജോണങ്കിൾ പറഞ്ഞു നിർത്തി .
"ഒറാക്കിയുടെ പെട്ടിയിലെന്താ അങ്കിൾ ?"
" എനിക്കറിയില്ല കുട്ടീ ...
ഫിലിപ്പിനെ തേടിപ്പോയി തിരികെ വന്നപ്പോ അവളുടെയൊപ്പം ഈ പെട്ടിയുണ്ട്. "
ഞാൻ മൗനമായിരുന്നു ...
"ഞാൻ കുറെക്കാലം അവളെ സഹായിച്ചിരുന്നു .പിന്നെ നാട്ടുകാരൊക്കെ ഓരോന്ന് പറഞ്ഞു തുടങ്ങിയപ്പോ ഞാനും അവളോട് മിണ്ടാതായി ."
അതെനിക്ക് മനസ്സിലാവുമായിരുന്നു .. പല പെണ്ണുങ്ങളും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ഒറാക്കി പുരുഷൻമാരെ വല വീശിപ്പിടിക്കുമത്രേ ....
പക്ഷേ , ഒറാക്കിയാരെയും വലവീശുന്നത് ഞാൻ കണ്ടിട്ടില്ല .
മാത്രവുമല്ല; മോശത്തരമെന്തെങ്കിലും പറഞ്ഞാൽ അവർ ചെരുപ്പൂരി മുഖത്തടിക്കും.
ഞാനെപ്പോഴും ഒറാക്കിയുടെ കടയിൽ പോകുന്നതിന് അമ്മ വഴക്കു പറഞ്ഞപ്പോൾ നിറുകയിലൊന്ന് തലോടി അച്ഛൻ പറഞ്ഞു ;
"അവള് പൊക്കോട്ടെ .... "
ഞാനവിടെ സുരക്ഷിതയാണെന്ന് അച്ഛന് തീർച്ചയായിരുന്നു .
അച്ഛന് ഒറാക്കിയെ ഇഷ്ടമായിരുന്നോ ...?
ആവോ ... വല്ലപ്പോഴുമല്ലാതെ
കടയിലങ്ങനെ കയറാറില്ല ...
ഒറാക്കിയുടെ കടയിലെ പുതിയ മിഠായികൾ ആദ്യം രുചിക്കാനുള്ള അവസരം എനിക്കായിരുന്നു .
എന്റെ അനിയന് പോലും അക്കാര്യത്തിൽ എന്നോടല്പം അസൂയ ഉണ്ടായിരുന്നു . ഞാൻ മെഡിസിന് പോയപ്പോൾ എന്നെ കെട്ടിപ്പിടിച്ച് ഒറാക്കി കരഞ്ഞു .. ലീവിന് വരുമ്പോഴൊക്കെ വീട്ടിലെത്തും മുൻപ് ഞാൻ ഒറാക്കിയുടെ കടയിൽ പോയി .ഹോസ്റ്റലിലെ കൂട്ടുകാർക്കൊക്കെ ഒറാക്കിയുടെ മധുര വിസ്മയങ്ങൾ വിതരണം ചെയ്തു .ആ പഴയ ചോദ്യം ഒറാക്കിയുടെ മിഠായി തിന്നുന്ന ഓരോരുത്തരും ചോദിച്ചു കൊണ്ടിരുന്നു;
"അവർക്കെവിടുന്നാ ഈ മിഠായികളൊക്കെ കിട്ടുന്നത് ??"
ഞാൻ ചിരിച്ചു കൊണ്ട് പറയും ;
" ട്രങ്ക് പെട്ടീലെ ജിന്ന് കൊണ്ടു വര്ണത് .'.."
മനസ്സിലൊരു പ്രണയം കുരുത്തപ്പോൾ അതും ആദ്യം പറഞ്ഞത് ഒറാക്കിയോടാണ് ..
അവരെനിക്ക് അച്ചുവിന് കൊടുക്കാൻ ഹൃദയാകൃതിയിലുള്ള ചുവന്ന വെൽവെറ്റ് മിഠായികൾ തന്നു .
കല്യാണത്തിന്റെയന്ന് മുഴുവൻ അഥിതികൾക്കും കൊടുക്കാനുള്ള ചോക്ലേറ്റുകൾ അവരെനിക്ക് സമ്മാനിച്ചു .
അനിയൻ വിദേശത്ത് സെറ്റിൽഡായതുകൊണ്ടും വീടിനടുത്തുള്ള ഹോസ്പിറ്റലിൽ എനിക്കും അച്ചുവിനും ജോലി കിട്ടിയതുകൊണ്ടും ഞങ്ങൾ എന്റെ വീട്ടിൽ തന്നെ താമസമാക്കി.
എന്നിലൂടെ ഒറാക്കി അച്ചുവിന്റെയും ജീവിതത്തിന്റെ ഭാഗമായി .
മിഠായി മധുരങ്ങൾ നുണഞ്ഞു ,ഒറാക്കിയെ സ്നേഹിച്ചു .
മോളെ ഗർഭിണി ആയിരുന്നപ്പോൾ എനിക്കാകെ ഉണ്ടായിരുന്ന കൊതി ഒറാക്കിയുടെ മിഠായികളോടായിരുന്നു .
മോൾക്കും ഒറാക്കിയെ ഒരുപാടിഷ്ടമാണ് .
എന്റെ അച്ഛന്റെ വിരലിൽ തൂങ്ങി അവൾ ഒറാക്കിയുടെ കടയിൽ പോകും .
കൊഞ്ചി കിന്നരിച്ച് ഒറാക്കിയമ്മയുടെ സ്നേഹവും മിഠായികളും കൈക്കലാക്കും ....
ചിലപ്പോഴൊക്കെ എന്നോട് കുശുമ്പ് പറയും ....
"ഒറാക്കിയമ്മക്ക് ഇപ്പോ കൂടുതലിഷ്ടം എന്നെയാ "
കുറച്ച് ദിവസങ്ങളായി ഒറാക്കിക്ക് നല്ല സഖുണ്ടായിരുന്നില്ല .
പല തവണ ഞാനും അച്ചുവും ഹോസ്പിറ്റലിലേക്ക് വിളിച്ചതാണ്.
ഒറാക്കി സമ്മതിച്ചില്ല.
പോലീസുകാർ എന്നെ കാത്തു നിൽക്കുകയായിരുന്നു .കടയ്ക്കുള്ളിൽ വെറും നിലത്ത് ഒറാക്കി മരിച്ച് കിടന്നു .എനിക്ക് സങ്കടമടക്കാനായില്ല. കണ്ണാടി ഭരണികൾ ചിതറിക്കിടന്നു ....
പല നിറങ്ങളിലുള്ള മിഠായികളിലേക്ക് ഉറുമ്പുകൾ വരി തീർത്തു.
കടയുടെ പിന്നിൽ പെട്ടന്ന് കാണാനാകാത്ത വിധം ഒരു കൊച്ചുമുറി ഉണ്ടായിരുന്നു . ചോക്ലേറ്റുകളും അവയുണ്ടാക്കുന്ന അച്ചുകളും അവിടെ ചിതറിക്കിടന്നു .
" ഡോക്ടറേ സൂയിസൈഡ് ആണ് .ഡോക്ടർക്ക് ഒരു കത്തെഴുതി വച്ചിട്ടുണ്ട് അതാ ഡോക്ടറെ വിളിച്ചത് "
ഒരു പോലീസുകാരൻ നിവർത്തിയ ഒരു പേപ്പർ എനിക്ക് നേരെ നീട്ടി .
" ലിറ്റിൽ പ്രിൻസസ് .. ഐ ആം ഗോയിംഗ് ... ഈ കട നിനക്കാണ് .... ട്രഷർബോക്സ് നിന്റെ സംശയങ്ങളുടെ ഉത്തരങ്ങളാണ് .... ലവ് യൂ പ്രിൻസസ് ..."
ഞാൻ വിങ്ങിക്കരഞ്ഞ് കടയുടെ മുന്നിലെ പടികളിലൊന്നിൽ തളർന്നിരുന്നു.
പോലീസുകാർ ട്രങ്ക് പെട്ടി തുറന്നു .
പഴകി ദ്രവിച്ച വലിയൊരു ബാഗിൽ ഒരസ്ഥികൂടം .....
നിറം മങ്ങിപ്പൊടിഞ്ഞ പിള്ളക്കച്ചയിൽ പൊതിഞ്ഞ ഒരു കുഞ്ഞ് ശരീരവും ...
അത് ഉണങ്ങിപ്പൊടിഞ്ഞിരുന്നു ....
മറ്റൊരു ബാഗിൽ കുറെ ആഭരണങ്ങളും ഒരു ബാങ്ക്പാസ് ബുക്കും.
സകലരും ഭയന്നു പോയി.
"അത് ഫിലിപ്പായിരിക്കും "
ജോണങ്കിൾ പിറുപിറുത്തു .
" ഇംഗ്ലണ്ടിനെന്നും പറഞ്ഞ് പോയ ഫിലിപ്പ് കൊച്ചിയിലെവിടെയോ ഒരു ഗുജറാത്തിപ്പെണ്ണിന്റെയൊപ്പം ഉണ്ടായിരുന്നുവെന്ന് അന്ന് കേട്ടിട്ടുണ്ട് ... "
അങ്കിൾ പൂർത്തിയാക്കി .
എന്നെ വിറക്കുന്നുണ്ടായിരുന്നു....
ഒറാക്കിയുടെ ട്രങ്ക് പെട്ടിയുടെ മുകളിലിരുന്ന് ഞാനെത്ര മിട്ടായി തിന്നിട്ടുണ്ട്....
എനിക്ക് ഓക്കാനിക്കാൻ തോന്നി.
ഒറാക്കി ഒരു വലിയ വാർത്തയായി മാറി...
"അവരാണ് പെണ്ണ് "
അച്ചു പറഞ്ഞു.
ഒറാക്കിയുടെ പണവും ആഭരണങ്ങളും ഒരു ഓർഫനേജിന് നൽകി.
മിഠായിക്കട ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ് .സമീപങ്ങളിലെ കടകളൊക്കെ പൊളിച്ച് ബഹുനില കെട്ടിടങ്ങൾ വന്നു .
അഞ്ച് വർഷം കഴിഞ്ഞു , ഒറാക്കി മരിച്ചിട്ട് .... ഞാനവരെക്കുറിച്ച് ഓർത്തിട്ട് തന്നെ ദിവസങ്ങളായിരിക്കുന്നു ...
ഇന്നെന്തിനാണ് ഒറാക്കിയെന്റെ സ്വപ്നത്തിൽ വന്നത് ...
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് അച്ചു വന്നിട്ടില്ല.
എനിക്ക് ഹോസ്പിറ്റലിൽ പോകാൻ തോന്നിയില്ല .
കോളിംഗ് ബെൽ കേട്ടു .
അച്ചു ആയിരിക്കും ....
മടിയോടെ ചെന്ന് വാതിൽ തുറന്നു .
ടീ ഷർട്ടും പാവാടയുമണിഞ്ഞ് തൊപ്പി വച്ച് തുകൽ ഷൂസണിഞ്ഞ് ഒറാക്കി ....
"പ്രിൻസസ് സ്വീറ്റ് ഫോർ യൂ "
അവരെനിക്ക് ഒരു പിടി മിഠായികൾ നീട്ടി ...
Dr. salini ck

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo