അംബാ മിൽസ് - Part 4


----------------------------
"അലക്സ് എന്താ ഈ പറയുന്നത്..?"കേട്ടത് വിശ്വസിക്കാനാവാതെ ദേവി ചോദിച്ചു.
"അതെ..അവർക്ക് രാഖിയെ കുറിച്ച് അറിയണം..അതിന് വേണ്ടിയാണ് അവളുടെ കാമുകൻ ആയിരുന്ന എന്നെയും അവളുടെ ബെസ്ററ് ഫ്രണ്ട് ആയിരുന്ന നിന്നെയും അവർ ഇവിടെ കൊണ്ടുവന്നിട്ടിരിക്കുന്നത്.."അലക്സ് പറഞ്ഞു.
ദേവിയുടെ സപ്തനാഡികളും തളർന്നുപോയി.
"അലക്സ് എങ്ങനെ ഇവിടെ എത്തി?"ദേവി ചോദിച്ചു.
"ഞാൻ ഇടയ്ക്കിടെ ഒറ്റയ്ക്ക് ട്രാവൽ ചെയ്യാറുണ്ട്..അങ്ങനെ ഒരു സ്ഥലം വരെ പോയതാ.തിരികെ ഹോട്ടലിൽ  വന്നപ്പോൾ മുറിയിൽ ആരോ ഉണ്ടായിരുന്നു.എന്റെ കഴുത്തിൽ എന്തോ ഇൻജെക്റ്റ് ചെയ്തു.ഞാൻ അൺകോൺഷ്യസ് ആയി..പിന്നെ ഉണർന്നെഴുന്നേറ്റ് നോക്കുമ്പോൾ ഇവിടെയാണ്..ഇതേതാ സ്ഥലമെന്നോ അവർ ആരാണെന്നോ എന്താ അവർക്ക് വേണ്ടതെന്നോ  ഒന്നും എനിക്ക് അറിയില്ലായിരുന്നു.പ്രൊട്ടസ്ററ്  ചെയ്യാൻ നോക്കിയതിന് കിട്ടിയ സമ്മാനമാ ഇതൊക്കെ."തന്റെ കൈയിലെ കെട്ടിലേക്കും ഷർട്ടിലെ ചോരക്കറയിലേക്കും നോക്കി അലക്സ് പറഞ്ഞു.ദേവി വിഷമത്തോടെ അതിലേക്ക് നോക്കി.അലക്സിന്റെ അവസ്ഥ കണ്ട്  അവളുടെ ഹൃദയം നൊന്തു..
"ഇപ്പൊ ഇവിടെ ഫുഡ് ഇട്ടുതരാൻ ഒരാൾ വന്നില്ലേ?എബി..അയാൾ പറഞ്ഞാ ഞാൻ അറിഞ്ഞത് എന്നെ എന്തിനാ ഇങ്ങോട്ട് പിടിച്ചുകൊണ്ട് വന്നതെന്ന്..ഈ ലോകത്ത് മറ്റെന്തിനേക്കാളും ഞാൻ അവളെ സ്നേഹിച്ചിരുന്നു..അവൾ എന്റെ ജീവനായിരുന്നു ദേവി..നിനക്കെല്ലാം അറിയാമല്ലൊ..പക്ഷെ അവൾക്ക്.. അവൾക്കെന്താ സംഭവിച്ചതെന്ന് എനിക്കറിയില്ല ദേവി..എന്റെ രാഖി എന്തിനാ സൂയിസൈഡ് ചെയ്തതെന്ന് എനിക്കറിയില്ല ദേവി.."പറഞ്ഞതും അലക്സ് അവിടിരുന്ന് പൊട്ടിക്കരഞ്ഞു..അത് കണ്ട് ദേവിയും മാറിയിരുന്ന് വാ പൊത്തി കരഞ്ഞു.അലക്‌സിന്റെയും ദേവിയുടെയും  ഓർമ്മകൾ കുറച്ച് വർഷങ്ങൾ പിറകോട്ട് പോയി.*******
രാഖി ഒരു വലിയ തറവാട്ടിലെ കുട്ടിയായിരുന്നു.രാഖിയുടെ  അച്ഛന്റെ സുഹൃത്തിന്റെ മകൾ ആയിരുന്നു ദേവി.സ്വന്തം വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം ദേവി വളരെ ചെറുപ്പത്തിലേ തന്നെ രാഖിയുടെ കൂടെ അവളുടെ വീട്ടിലായിരുന്നു വളർന്നത് .ദേവിയുടെ പഠിപ്പും മറ്റ് കാര്യങ്ങളുമൊക്കെ നോക്കിയിരുന്നത് രാഖിയുടെ അച്ഛനായിരുന്നു.ദേവി അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ്.പുസ്തകങ്ങൾ മാത്രമായിരുന്നു അവളുടെ  ലോകം.  രാഖി ദേവിയുടെ നേരെ എതിർ സ്വഭാവമാണ്.അവൾക്ക് പഠിത്തമൊഴിച്ച് ബാക്കി എല്ലാത്തിനോടും നല്ല താൽപര്യമായിരുന്നു.ഓരോ മാഗസിനുകളിലും വരുന്ന  ഫോട്ടോ ക്വീൻ മത്സരങ്ങളളിലേക്ക് വിവിധ പോസുകളിലുള്ള ഫോട്ടോ അയച്ചുകൊടുക്കലായിരുന്നു പ്രധാന വിനോദം. രാഖിക്ക് ദേവിയെ ജീവനായിരുന്നു.ദേവിക്കും രാഖി കഴിഞ്ഞേ മറ്റെന്തും ഉണ്ടായിരുന്നുള്ളു.. കിട്ടുന്നതെന്തും പരസ്പരം പങ്കുവെച്ചും കുശുമ്പും കുന്നായ്മയും ഒന്നുമില്ലാതെ അവർ വളർന്നു. അലക്‌സും റോബിനും ശിവയും തമിഴ്നാട്ടിൽ ശിവയുടെ അച്ഛന്റെ എഞ്ചിനീയറിംഗ് കോളേജിൽ ഫൈനൽ   ഇയറിന് പഠിക്കുമ്പോഴാണ്   അവിടെ ഫ്രഷേഴ്‌സ് ഡേയ്ക്ക് റാഗിങ്ങിനിടയിൽ  ദേവിയെയും രാഖിയെയും പരിചയപ്പെടുന്നത്..പിന്നീട് അലക്സിന്റെയും രാഖിയുടെയും  പ്രണയദിനങ്ങളായിരുന്നു.ആ കോളേജിലെ ഓരോ മണൽത്തരികളും  അവരുടെ പ്രണയത്തിന് സാക്ഷിയായിരുന്നു.
"ദേവി,ഞാനും അലക്‌സും ഒരു സിനിമയ്ക്ക് പോവാ.നീ വരുന്നോ?"രാഖി ചോദിച്ചു.ദേവി ഹോസ്റ്റൽ മുറിയിൽ കട്ടിലിൽ ഒരു പുസ്തകവമായി മല്ലിട്ടുകൊണ്ടിരിക്കുകയായിരുന്നു..
"പിന്നെ നിങ്ങള് അവിടെ സൊള്ളിക്കൊണ്ടിരിക്കുമ്പോ ഞാൻ അവിടെ പോസ്റ്റ് ആയിട്ടിരിക്കണം..എന്നെ കിട്ടത്തില്ല.."ദേവി പറഞ്ഞു.
"സൊള്ളാനല്ലെടി  സിനിമ കാണാനാ പോവുന്നത്.."രാഖി ദേവിയുടെ  കൂടെ കട്ടിലിൽ ഇരുന്നു.
"ടി അവരൊക്കെ പഠിത്തം  കഴിഞ്ഞ് ടാറ്റ ബൈ ബൈ പറഞ്ഞ് ഇപ്പൊ അങ്ങ് പോവും.നമ്മൾ ഫസ്റ്റ് ഇയർ ആയിട്ടേ ഉള്ളു.നീ ഈ പുസ്തകം ഒന്ന് വായിച്ച് നോക്കിക്കേ..എന്റെ തലയിലോട്ട് ഒന്നും കയറുന്നില്ല.ഒരു മാസം കൂടി കഴിഞ്ഞാ പരീക്ഷയാ വരുന്നത്..നിനക്ക് വല്ല  ബോധവമുണ്ടോ??"ദേവി രാഖിയെ നോക്കി ചോദിച്ചു.
"ഓഹ് ഞാൻ പഠിച്ചിട്ട് വലിയ കാര്യമൊന്നുമില്ലെടി.എന്തായാലും ഞാൻ തോക്കും. ഞാൻ തോക്കുമെന്ന കാര്യം എന്നെപോലെ തന്നെ എന്റെ വീട്ടുകാർക്കും അറിയാം.അത്കൊണ്ട് എനിക്ക് ആ കാര്യത്തിൽ വലിയ പേടിയില്ല.പിന്നെ ഞാൻ എന്റെ  ഫോട്ടോസ് മുറപോലെ ഓരോ മത്സരങ്ങൾക്ക് അയച്ചുകൊടുക്കുന്നുണ്ട്.ഏതെങ്കിലും ഒന്നിൽ എനിക്ക് നറുക്ക് വീഴും.എന്റെ ഫോട്ടോ ആ മാഗസിന്റെ കവർ പിക് ആവും.പതിയെ ഞാൻ ടീവി പരസ്യങ്ങളുടെ മോഡൽ ആവും..പിന്നെ ഞാൻ സിനിമ ഫീൽഡിൽ ഇറങ്ങും. എന്റെ ആദ്യത്തെ സിനിമ  കൊണ്ട് തന്നെ വമ്പൻ ഡയറക്ടർസ് എന്റെ മുൻപിൽ ക്യൂ നിൽക്കും..ഇപ്പഴ്ത്തെ കാലത്ത് ഒരു സിനിമയിൽ ഒന്ന് മുഖം കാണിച്ചാൽ മതി പിന്നെ എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വരൂല്ല മോളെ.."രാഖി ലാഘവത്തോടെ പറയുന്നത് കേട്ട് ദേവി അവളെ എന്തോ അത്ഭുത വസ്തുവിനെ പോലെ  നോക്കി ഇരുന്നു.
"എനിക്കെ ഒരു കഥയാ ഓർമ്മവരുന്നത്.."ദേവി പറഞ്ഞു.
"ആഹ് കോഴിമുട്ട പൊട്ടിയ കഥ അല്ലെ എനിക്കറിയാം.."രാഖി ചിരിച്ചുകൊണ്ട് പറഞ്ഞു.
"അതെ..പണ്ട് കോഴി ഒരു മുട്ട ഇട്ടപ്പോ ആ മുട്ട വെച്ച് കാറും ബെൻസും ബംഗ്ലാവും ഒക്കെ മേടിക്കുമെന്ന് സ്വപ്നംകണ്ട് നടന്ന് കൈയിൽ ഇരുന്നതും കൂടി നഷ്ടപ്പെട്ടവന്റെ കഥ.."ദേവി പറഞ്ഞു.
"ഞാൻ അങ്ങനെ ദുരാഗ്രഹം കൊണ്ട് എന്റെ കൈയിൽ ഉള്ള മുട്ട എന്തായാലും പൊട്ടിക്കില്ല മോളെ..നീ അത് വിട്..സിനിമയ്ക്ക് വരുന്നുണ്ടോ?"രാഖി ചോദിച്ചു.
"ഞാൻ ഇല്ലെന്ന് പറഞ്ഞല്ലോ..ഞാൻ നിന്നെപ്പോലെ അല്ല.അല്പം പ്രാക്ടിക്കലാ..സിനിമയും കുന്തവുമൊക്കെ എല്ലാവർക്കും  കൈയെത്തി പിടിക്കാവുന്ന ഒന്നല്ല..ഇനി എന്തെങ്കിലും ഭാഗ്യം കൊണ്ട് ആ ഫീൽഡിൽ  കയറിപ്പറ്റിയാലും അത്ര എളുപ്പമല്ല അവിടെ പിടിച്ചുനിൽക്കാൻ..പിന്നെ നീ ഉദ്ദേശിക്കുന്നത് പോലെ അത്ര രസകരമായ ഒന്നായിരിക്കില്ല ഈ സിനിമാ ഫീൽഡ്..ഇറങ്ങിനോക്കുമ്പോ അറിയാം..എവിടെയാ ചതിക്കുഴികൾ ഉള്ളതെന്ന് പറയാൻ പറ്റില്ല..കൂടെ നിൽക്കുന്നവരെ പോലും വിശ്വസിക്കാൻ പറ്റില്ല.."ദേവി പറഞ്ഞു.
"ഓഹ് ശരി ശരി..നിന്നോട് ചോദിക്കാൻ വന്ന എന്നെ വേണം പറയാൻ..അലക്സ് അവിടെ കാത്തുനിൽക്കും.ഞാൻ ചെല്ലട്ടെ.."രാഖി ഡ്രസ്സ്  മാറാൻ  ബാത്‌റൂമിൽ കയറാൻ തുടങ്ങി.
"നീ മാട്രനോട് പറയുന്നുണ്ടോ?"ദേവി ചോദിച്ചു.
"പിന്നെ ഞാൻ എന്റെ കാമുകന്റെ കൂടെ സിനിമയ്ക്ക് പോവാ  എന്ന് പറഞ്ഞോണ്ട് ചെന്നാൽ മതി.."രാഖി കളിയാക്കി.
"എന്നോട് ചോദിച്ചാൽ ഞാൻ എന്താ പറയണ്ടേ മേട്രനോട്?"ദേവി ചോദിച്ചു.
"നീ എന്തെങ്കിലും തട്ടീം മുട്ടീം പറഞ്ഞ് നിൽക്ക്..ഞാൻ അധികം വൈകാതെ വന്നോളാം.."രാഖി പറഞ്ഞു.
"എടി സിനിമയ്ക്ക് പോയിട്ട് നേരെ ഇങ്ങോട്ട് വന്നോണം..സംസാരിക്കാനാ കുറച്ച് നേരം കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കാനാ എന്നൊന്നും  പറഞ്ഞ് കണ്ട ഹോട്ടൽ റൂമിലൊന്നും പോയേക്കരുത്.."ദേവി പറഞ്ഞു.
"ഛെ..അലക്സിനെ കുറിച്ച് നീ അങ്ങനെ ആണോ വിചാരിച്ച് വെച്ചേക്കുന്നത്..അവൻ  അങ്ങനെ ഉള്ള ഒരാൾ അല്ലെടി..പാവമാ.."രാഖി പറഞ്ഞു.
"അലക്സിനെ അല്ല നിന്നെ ഉദ്ദേശിച്ചാ പറഞ്ഞെ.."ദേവി ചിരിച്ചുകൊണ്ട് പറഞ്ഞു.
"എടി പെണ്ണെ..നിന്നെ ഇന്ന് ഞാൻ.."രാഖി മെത്തയിൽ കിടന്ന തലയണ എടുത്ത് ദേവിയെ അടിച്ചു..
അലക്സ് രാഖിയെ കാത്ത് അവന്റെ ബൈക്കുമായി കോളേജിനടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.
"ഇനി ഇപ്പൊ സിനിമയ്ക്ക് പോണോ?ഇന്റർവെൽ ആയിക്കാണും.."അലക്സ് കളിയാക്കി.
"ഞാൻ ഇന്ന് കറക്റ്റ് സമയത്ത് തന്നെയാണ് വന്നത്.."രാഖി മുഖം വീർപ്പിച്ചു.
"മുഖത്ത് ഒരു ലോഡ് പുട്ടി ഉണ്ടല്ലോ..ഒന്ന് തൂത്ത് കളയെടി.."അലക്സ് കളിയാക്കുന്നതുകേട്ട് രാഖിക്ക് ദേഷ്യം വന്നു.
"അത് എന്റെ കളറാ മനുഷ്യാ..എന്തോ ഉണ്ട് കളിയാക്കാനെന്ന് നോക്കി നടക്കുവാ..നമ്മുക്ക് പോവാം ?എനിക്ക് രാത്രിക്ക് മുൻപേ ഹോസ്റ്റലിൽ തിരിച്ചെത്തണം.."രാഖി വാച്ച് നോക്കികൊണ്ട് പറഞ്ഞു.
"മേട്രനോട് പറഞ്ഞാൽ മതിയെടി അലക്സച്ചായന്റെ കൂടെയാ കറങ്ങാൻ പോയതെന്ന്.അവർ ഒന്നും പറയത്തില്ല..ഇവിടെ എല്ലാവർക്കും  എന്റെ പപ്പയെം ശിവയുടെ അപ്പയേം ഒക്കെ അറിയാം.അതുകൊണ്ട് ഇവർക്കൊക്കെ  ഞങ്ങളെ ഭയങ്കര പേടിയാ.."അലക്സ് പറഞ്ഞു.
"ശിവയുടെ അച്ഛൻ ഗിരിധർ സാറിന്റെ അല്ലെ  ഈ കോളേജ്..മാത്രമല്ല പുള്ളി റവന്യു മിനിസ്റ്ററുമാ..അതുകൊണ്ട് പുള്ളിയെ എല്ലാവർക്കും അറിയാം അത് സമ്മതിച്ചു.പക്ഷെ അച്ചായന്റെ പപ്പയെ  എങ്ങനെയാ എല്ലാവർക്കും  അറിയാവുന്നത്..?"രാഖി ചോദിച്ചു.
"എടി മോളെ..നീ ആ കാണുന്ന ഓർഫനേജ് കണ്ടോ?"അലക്സ് ദൂരെ ഒരു കെട്ടിടത്തിലേക്ക് കൈചൂണ്ടി ചോദിച്ചു.
രാഖി അങ്ങോട്ടേയ്ക്ക് നോക്കി.
"ആഹ് അതും ശിവയുടെ അച്ഛൻ ഗിരിധർ സാർ  നടത്തുന്ന ഓർഫനേജ് അല്ലെ?സേക്രഡ് ഹാർട്ട് ഓർഫനേജ്..ദേവി ഇടയ്ക്കവിടെ അവിടെ പോവാറുണ്ട്  മദറിനെയും അവിടുത്തെ കുട്ടികളെയും കാണാൻ..എന്താ?"രാഖി ചോദിച്ചു.
"ആ ബിൽഡിംഗ് ആരുണ്ടാക്കിയതാണെന്ന്  അറിയാമോ?"അലക്സ് ചോദിച്ചു.
"ഇല്ല.."രാഖി പറഞ്ഞു.
"പോട്ടെ..നമ്മടെ കോളേജ് ആഡിറ്റോറിയം പണികഴിപ്പിച്ചതാരാണെന്ന് അറിയാമോ?" അലക്സ് ചോദിച്ചു.രാഖി ഇല്ലെന്ന് തലയാട്ടി.
അലക്സ് രാഖിയെയും ബൈക്കിലിരുത്തി കോളേജിനകത്തേക്ക് വണ്ടി ഓടിച്ചു.കോളേജ് ഓഡിറ്റോറിയത്തിന്റെ അടുത്ത് കൊണ്ട് ബൈക് നിർത്തി.
"ഈ ബോർഡിൽ ഈ  ആഡിറ്റോറിയം ആരാ ഉണ്ടാക്കിയതെന്ന്  എഴുതിയിട്ടുണ്ട്..ആ പേര് വായിച്ചേ.."രാഖി അലക്സ് ചൂണ്ടിക്കാട്ടിയ ബോർഡിലെ പേര് വായിച്ചു.
"ജോ കൺസ്ട്രക്ഷൻസ്! " രാഖി ആ പേര് വായിച്ച് വിശ്വാസം വരാതെ അലക്സിനെ നോക്കി.
"ഇത് അലക്സിന്റെ പപ്പ ഉണ്ടാക്കിയ ആഡിറ്റോറിയം ആണോ?" രാഖി ചോദിച്ചു.
"അതേല്ലോ..ഇപ്പൊ മനസ്സിലായോ അച്ചായൻ ചില്ലറക്കാരനല്ല എന്ന്.."അലക്സ് അഭിമാനത്തോടെ പറഞ്ഞു. രാഖി അതുകേട്ട് ചിരിച്ചു.
 "അധികം താമസിയാതെ പപ്പയോട്  ഞാൻ പറയും ഞാൻ ഒരു നായര് പെങ്കൊച്ചിനെ പ്രേമിക്കുന്നുണ്ടെന്ന്.."അലക്സ് പറഞ്ഞു.
"പപ്പ സമ്മതിക്കുമോ?"രാഖി സംശയം ചോദിച്ചു.
"പിന്നില്ലാതെ..പപ്പയാ എന്റെ ബെസ്ററ് ഫ്രണ്ട്..പപ്പയോട് പറയാത്തതായി എനിക്കൊന്നുമില്ല..ഞാൻ ഈ കാര്യം ചെറുതായിട്ടൊന്ന് സൂചിപ്പിച്ചിട്ടുണ്ട്..പപ്പയുടെ സൈഡിൽ നിന്ന് ഗ്രീൻ സിഗ്നൽ കിട്ടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല..മമ്മിക്ക് കുറച്ച് എതിർപ്പുണ്ടാവും പക്ഷെ പപ്പ സമ്മതിപ്പിച്ചോളും.."അലക്സ് ആത്മവിശ്വാസത്തോടെ പറഞ്ഞു.
"ആഹ് എന്റെ വീട്ടീന്ന് എന്തായാലും എന്നെ പടിയടച്ച് പിണ്ഡം വെക്കും.."രാഖി പറഞ്ഞു.
"എന്റെ പപ്പ വന്ന് ചോദിച്ചാലും അവര് സമ്മതിക്കത്തില്ലേ?"അലക്സ് ചോദിച്ചു.
"ഇല്ലെന്നേ..അവരൊക്കെ ഭയങ്കര ഓർത്തഡോക്‌സാ..ഇതിപ്പോ അന്യമതക്കാരൻ കൂടി ആവുമ്പൊ എന്റച്ഛൻ വെട്ടുകത്തി എടുക്കും!" രാഖി  നിരാശയോടെ പറഞ്ഞു.
"ഇനി ഇപ്പൊ ഒറ്റ വഴിയേ ഉള്ളു.."രാഖി പറഞ്ഞു.
"എന്നെ രമണൻ ആക്കാനുള്ള പരുപാടി ആണെങ്കിൽ നടക്കത്തില്ല കേട്ടോ.."അലക്സ് ചിരിച്ചുകൊണ്ട് മുന്നറിയിപ്പ് കൊടുത്തു.
"അതൊന്നുമല്ലെന്നേ..നമ്മുക്ക് ഒളിച്ചോടാം?"രാഖി ചോദിച്ചതുകേട്ട് അലക്സ് വായുംപൊളിച്ച് അവളെ നോക്കി ഇരുന്നു.
"നീ ആള് കൊള്ളാമല്ലോ..സാധാരണ ഒളിച്ചോടുന്ന കാര്യം പറയുന്നത് ആണുങ്ങളാ..മിക്ക പെണ്ണുങ്ങളും  പറയുന്നത് വീട്ടുകാരുടെ സമ്മതത്തോടെ ആണെങ്കിലെ  എനിക്കും താല്പര്യമുള്ളു ഇല്ലെങ്കിൽ എന്നെ മറക്കണം എന്നൊക്കെയാ.."അലക്സ് ചിരിച്ചു.
"പറഞ്ഞല്ലോ എന്റെ അച്ഛനും അമ്മയും ഭയങ്കര സ്ട്രിക്റ്റാ..ഒരു കാര്യവും മനസ്സ് തുറന്ന് സംസാരിക്കാൻ ഉള്ള ഒരു സ്വാതന്ത്ര്യം അവർ എനിക്ക് ഇതുവരെ തന്നിട്ടില്ല.അറിവായപ്പോ തൊട്ട് എപ്പോഴും  ഒരു ഡിസ്റ്റൻസ് ഇട്ടേ  എന്നോടും ചേട്ടനോടും  അവര് നിന്നിട്ടുള്ളു..   ഒരു പെൺകുട്ടിക്ക് അവളുടെ അമ്മയോട് മാത്രം തുറന്നുപറയാവുന്ന ചില കാര്യങ്ങളുണ്ട്..അമ്മയ്ക്ക് മാത്രം പറഞ്ഞുതരാനാവുന്ന ചില കാര്യങ്ങളുണ്ട്...പക്ഷെ എന്റെ അമ്മയ്ക്ക് എന്നോട് അങ്ങനെ ഒരു അടുപ്പവുമുള്ളതായിട്ട് എനിക്ക് ഇതുവരെ  തോന്നിയിട്ടില്ല..ഞാനും ചേട്ടനും  അവർക്ക് ഏതോ നിമിഷത്തിൽ പറ്റിയ അബദ്ധങ്ങൾ ആണോ എന്നുപോലും എനിക്ക് പലപ്പോഴും  തോന്നിയിട്ടുണ്ട്..അങ്ങനെ ഉള്ള അച്ഛനേം അമ്മയേം ഉപേക്ഷിച്ച് വരുന്നതിൽ എനിക്ക് പ്രത്യേകിച്ച് ഒരു വിഷമവുമില്ല.."രാഖി പറയുന്നത് അലക്സ് കേട്ടിരുന്നു.
"പക്ഷെ എന്റെ ദേവി..എനിക്ക് എന്റെ അമ്മയോട് പോലും തോന്നാത്ത അടുപ്പം അവളോടുണ്ട്...എന്റെ ചേട്ടനെ പോലെ തന്നെ ഞാൻ അവളെ സ്നേഹിക്കുന്നുണ്ട്..നമ്മടെ കെട്ട്  കഴിയുമ്പോ അവളെയും കൂടെ നമ്മടെ കൂടെ കൂട്ടണം കേട്ടോ..അവളെ പിരിഞ്ഞ് എനിക്കൊരു ജീവിതം വേണ്ട.."രാഖിയുടെ കണ്ണുകൾ നിറഞ്ഞു.
"ആരെ വേണമെങ്കിലും  കൂടെ കൂട്ടിക്കോ..ഈ കണ്ണുകൾ നിറയാതിരുന്നാ  മതി.."അലക്സ് അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു..
"എന്തോന്നാടാ ഇവിടെ രണ്ടും കൂടെ?സിനിമയ്ക്ക് പോവുന്നെന്ന് പറഞ്ഞിട്ട്?"ശിവയും റോബിനും അങ്ങോട്ടേക്ക് വന്നു.
"എന്റെ പപ്പയുടെ കരവിരുത് ഇവൾക്ക് കാണിച്ചുകൊടുക്കുവായിരുന്നു..നിങ്ങൾ എങ്ങോട്ടാ?"അലക്സ് ചോദിച്ചു.
"ഞാൻ ഉദയൻ ചേട്ടനെ കാണാൻ പോവാ.."ശിവ പറഞ്ഞു.അലക്സ് അവനെ രൂക്ഷമായൊന്ന് നോക്കി.ശിവ അവനെ ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചു.
"നീ വരുന്നോ സിനിമയ്ക്ക്?"അലക്സ് റോബിനോട് ചോദിച്ചു.
"ഇല്ലടാ..തല വേദനിക്കുന്നു.ഞാൻ ഹോസ്റ്റലിൽ പോവാ..വാല് എവിടെ?"റോബിൻ രാഖിയോട് ചോദിച്ചു..അവൻ ദേവിയെ ആണ് ഉദ്ദേശിച്ചതെന്ന് രാഖിക്ക് മനസ്സിലായി.
"അവള് ഭയങ്കര പഠിത്തം..എത്ര പഠിച്ചാലും എന്റെ തലയിൽ അതൊന്നും കേറില്ല..അതുകൊണ്ട് ഞാൻ ബുക്ക്സ് തുറക്കാറെ  ഇല്ല.."രാഖി ചിരിച്ചുകൊണ്ട് പറഞ്ഞു.
പിന്നീട് രാഖി അലക്സിന്റെ കൂടെ ബൈക്കിൽ കയറി സിനിമയ്ക്ക് പോയി..
പിന്നീട് ഒരു ദിവസം വെക്കേഷന് നാട്ടിൽ  പോയിട്ട് തിരികെ വരുന്ന വഴി സേക്രഡ് ഹാർട്ട് ഓർഫനേജിനടുത്ത് പോലീസും  നാട്ടുകാരും കൂടി നിൽക്കുന്നത് കണ്ട് ദേവിയും രാഖിയും അങ്ങോട്ടേക്ക് ഓടി.ഓർഫനേജിന്റെ മുക്കാൽ ഭാഗവും കത്തി നശിച്ച നിലയിലായിരുന്നു.
"എന്താ എന്താ പറ്റിയത്?"ദേവി അന്താളിപ്പോടെ ചോദിച്ചു.
"രാത്രി ആരാണ്ടോ തീ വെച്ചതാ..ആളുകൾ ഓടിക്കൂടിയപ്പോളേക്കും എല്ലാം കഴിഞ്ഞിരുന്നു.."ആരോ പറഞ്ഞു.
ആംബുലൻസിൽ കുറെ കുട്ടികളുടെയും അവിടുത്തെ സ്റ്റാഫിന്റേയും ഒക്കെ ബോഡി എടുത്തുകൊണ്ട് പോവുന്നത് കണ്ട് ദേവി വാവിട്ട്  കരഞ്ഞു.
രാഖിക്കും അവളെ ആശ്വസിപ്പിക്കാനായില്ല.ദേവി മിക്ക ദിവസവും ആ ഓർഫനേജിൽ പോയി അവിടുത്തെ മദറിന്റെയും  കുട്ടികളുടെയും കൂടെ കുറച്ച് സമയം ചെലവഴിച്ചിരുന്നു.തന്നെ കൊണ്ട് ആവും പോലെ അവിടുത്തെ ജോലികളിലും അവരെ സഹായിച്ചിരുന്നു.ആ സംഭവം ദേവിയിൽ ഏൽപ്പിച്ച ആഘാതം ചില്ലറയായിരുന്നില്ല.
ആ ഷോക്കിൽ നിന്നും കര കയറുന്നതിന് മുൻപ് തന്നെ അടുത്ത ദുരന്തം അവരെ രണ്ടുപേരെയും കാത്തിരിപ്പുണ്ടായിരുന്നു.

തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA

ധീരസഖാക്കള്‍ മരിക്കില്ല

കൃഷ്ണന്‍ ഇന്നു്നേരത്തേ എഴുന്നേറ്റു. നേരത്തേ എന്നു പറഞ്ഞാല്‍ നല്ലോണം നേരത്തേ. അതു് ഇന്നലെ കിടന്നപ്പോഴേ തീരുമാനിച്ച കാര്യമാണു്. അമ്പലത്തില്‍ പോകാന്‍വേണ്ടി അമ്മ കുത്തിപ്പൊക്കിവിളിച്ചാലും ഇത്രേം നേരത്തേ എണീക്കാറില്ല. കുറച്ചു ദിവസം അവധി കിട്ടിയതിന്‍റെ സന്തോഷത്തിലായിരുന്നു അവന്‍. സ്കൂളിനു് അവധിയാണു്. പായയില്‍ത്തന്നെ ഒന്നു നീണ്ടുനിവര്‍ന്നു് ചുരുണ്ടുകൂടി ‘കിശ്നന്‍’ (പേര് കൃഷ്ണന്‍ എന്നാണെങ്കിലും അങ്ങനെയാണു്എല്ലാരും അവനെ വിളിക്കുന്നതു്) അവിടെത്തന്നെ കിടന്നു. പുറത്തു്ആളുകളുടെ ഉച്ചത്തിലുള്ള വര്‍ത്തമാനം കേള്‍ക്കാനുണ്ടു്. വോട്ടു്ചെയ്യാന്‍ വരുന്നവരായിരിക്കും.
ഹോ...!! കഴിഞ്ഞ കൊറെ ദിവസ്സങ്ങളായിട്ടു് എന്തൊരു ഒച്ചയും ബഹളവുമായിരുന്നു!! എന്നാണു തനിക്കും വോട്ടു് ചെയ്യാന്‍പറ്റുക..? കവലയില്‍ പ്രസംഗം കേള്‍ക്കാന്‍ അവന്‍ മുമ്പില്‍ത്തന്നെ ഇരുപ്പുണ്ടായിരുന്നു. അവിടെ പ്രസംഗിച്ചയാള്‍ പറഞ്ഞതു്അവനോര്‍ത്തു..
“ഈ രാജ്യത്തിന്‍റെ ഭാവിതിരിക്കുന്ന യന്ത്രം നിങ്ങളുടെ കൈകളിലാണു്.” സത്യത്തില്‍ അവനൊന്നു ഞെട്ടി. അതു പറയുമ്പോള്‍ അയാള്‍ തന്‍റെ നേരേ നോക്കിയില്ലേ..?! തന്‍റെ പുറകില്‍ ഒളിപ്പിച്ചുപിടിച്ചിരുന്ന ഓലവണ്ടിയുടെ സ്റ്റിയറിംഗ് അയാള്‍ എങ്ങനെ കണ്ടു..?! കണ്ടുകാണുമോ..?! അവന്‍ ഓര്‍ത്തു. ഇപ്പോഴും അവനു പിടികിട്ടിയിട്ടില്ല ആ ഗുട്ടന്‍സു്.
ഇന്നു്വോട്ടെടുപ്പു് ദിവസമാണു്. കിശ്നന്‍റെ സ്കൂളില്‍ വന്നാല്‍ വോട്ടു് ചെയ്യാം. അന്നെങ്കിലും തന്‍റെ വീടിനടുത്തു്ആളുകള്‍ വരുമല്ലോ..? കിശ്നന്‍റെ വീടുമാത്രമല്ല, സ്കൂളും കുറച്ചു്ഒറ്റപ്പെട്ട സ്ഥലത്താണു്. ഒരു ചെറിയ കുന്നിന്‍റെ മുകളിലാണു്സ്കൂളു്. അതിന്‍റെ കുറച്ചു താഴേയാണു് കിശ്നന്‍റെ വീടു്. കിശ്നന്‍റെ വീടിനു മുമ്പില്‍ ഡാര്‍വിന്‍റെ വീടു്. ഡാര്‍വിന്‍റെ വല്യേ വീടാണു്. ആളു്ചെല്ലുമ്പോള്‍ അവിടത്തെ ഗേറ്റു്തനിയേ തുറക്കും. ഡാര്‍വിന്‍റെ അച്ഛന്‍ ഗള്‍ഫിലാണു്.
ഇത്തവണ വോട്ടെണ്ണുന്നതു് അവന്‍റെ സ്കൂളില്‍വച്ചാണു്. അക്കാര്യത്തില്‍ അവനു് കുറച്ചു്അഭിമാനം തോന്നി. കാരണം, ഡാര്‍വിന്‍റെ സ്കൂളില്‍ വോട്ടു് ചെയ്യാമെങ്കിലും ആ വോട്ടും എണ്ണുന്നതു് തന്‍റെ സ്കൂളിലാണു്.
ഡാര്‍വിന്‍,കിശ്നന്‍റെ സ്കൂളിനെ എപ്പോഴും കളിയാക്കും. സ്കൂള്‍ കാണാനൊരു ഭംഗിയില്ല. സിമെന്റു് തേച്ചതൊക്കെ പൊട്ടിപ്പൊളിഞ്ഞു്, പെയിന്റൊക്കെ നിറം മങ്ങി.. നല്ല ഗ്രൌണ്ടില്ല; മൂത്രപ്പുരയില്ല; ചുമരു കണ്ടാല്‍ അറ്റ്ലസ്സിലെ പടംപോലെ തോന്നും... എന്നൊക്കെ എപ്പോഴും പറഞ്ഞുകളിയാക്കും. ഡാര്‍വിന്‍ പഠിക്കുന്നതു്.. ഓ.. ആ സ്കൂളിന്‍റെ പേരു്... സെന്റു് ബിയാട്രീസു്.. ഡാ... ഹോ..!!. പറയണേത്തന്നെ വല്യ പാടാണു്. തന്‍റെ സ്കൂളിന്‍റെ പേരു പറയാന്‍ എന്തെളുപ്പാ. ശ്രീഭദ്ര. കേള്‍ക്കാന്‍തന്നെ ഒരു ശ്രീയുണ്ടെന്നു രമണിട്ടീച്ചര്‍ എപ്പോഴും പറയും. സ്കൂളില്‍ അവനു് ഏറ്റവും ഇഷ്ടം രമണിട്ടീച്ചറെയാണു്.
ഡാര്‍വിന്‍റെ സ്കൂളില്‍ ഇന്ഗ്ലീഷു് ആണത്രേ പറയണതു്!! മലയാളം മിണ്ടാന്‍ പാടില്ലാത്രേ..!! “മൂത്രം ഒഴിക്കണേനു് ഇംഗ്ലീഷില്‍ എങ്ങനെ പറയും...?” ഡാര്‍വിനോടു് ഒരിക്കല്‍ ചോദിച്ചതാ. അവനും അറിയില്ല. അതു ചോദിച്ചതു കാരണം, ഡാര്‍വിന്‍ കുറെക്കാലം വഴക്കായിരുന്നു.
അവന്‍റെ സ്കൂള്‍ ഒത്തിരി പഴയതാണു്. ഒത്തിരി വല്യ ആളുകളൊക്കെ അവിടെ പഠിച്ചിട്ടുണ്ടു്. ഒരു പദ്യം പഠിപ്പിച്ചപ്പോള്‍ രമണിട്ടീച്ചര്‍ പറഞ്ഞതു്അവനോര്‍ത്തു. ആ പദ്യം എഴുതിയ കവി ആ സ്കൂളില്‍ പഠിച്ചതാണെന്നു്! അന്നു്അവനു്, ഡാര്‍വിന്‍റെ സ്കൂളിനെക്കാളും തന്‍റെ സ്കൂളിനെയോര്‍ത്തു്അഭിമാനം തോന്നി. അഭിമാനമല്ല, ഒരു രോമാഞ്ചംതന്നെ ഉണ്ടായി.
കിശ്നന്‍ എഴുന്നേറ്റു.
സൂര്യന്‍റെ വെളിച്ചം ചാണകംതേച്ച തറയില്‍ വട്ടംവരച്ചുകളിക്കുന്നു. ഓലയുടെ ഇടയിലൂടെ വെയില്‍ ടോര്‍ച്ചിലെ വെട്ടംപോലേ ഇറങ്ങിവരുന്നു. മഴ പെയ്യുമ്പോഴാണു്കഷ്ടം. വീട്ടിലെ പാത്രം മുഴുവനും അമ്മ അവിടേം ഇവിടേം ഒക്കെ വയ്ക്കും. തന്‍റെ ചോറ്റുപാത്രവും.
ആരൊക്കെയോ എന്തൊക്കെയോ ഉറക്കെപ്പറയുന്നുണ്ടു്. അവന്‍ വേഗം വാതിലിന്‍റെ പനമ്പുമറ മാറ്റി മുറ്റത്തിറങ്ങി. നേരേ പോയി കിണറിന്‍റെ മൂലയിലുള്ള ജമന്തിയില്‍ ചിറ്റിച്ചു മൂത്രമൊഴിച്ചു. അമ്മ കണ്ടാല്‍ വഴക്കു പറയും. എന്നാലും അങ്ങനെയായാലെ അവനു് ഒരു സുഖമുള്ളൂ. വേഗംപോയി പല്‍പ്പൊടിയെടുത്തു റോഡിലിറങ്ങി ചുറ്റുപാടും നോക്കി. ആളുകള്‍ ഇങ്ങനെ വരുന്നുണ്ടു്. എല്ലാരുടേം കൈയില്‍ ഓരോ കടലാസ്സു കഷണം. പാര്‍ട്ടിക്കാര്‍ കൊടുക്കുന്ന സ്ലിപ്പാണു്. ആനിച്ചേച്ചിയും ബിയാട്രീസ്ച്ചേച്ചിയും വരുന്നതു്അപ്പോഴാണു് കണ്ടതു്. അവരുടെ വീടിനടുത്താണു് അമ്മ പണിക്കു പോകുന്നതു്.
“കിശ്നാ.., കോളടിച്ചു ല്ല്യേ... സ്കൂള്‍ ഇല്ലാലോ..”
അവന്‍ ഒന്നു ചിരിച്ചു. ഈ ചേച്ചിയുടെ പേരു് അവനറിയാം. അങ്ങനെയാണു് ഡാര്‍വിന്‍റെ സ്കൂളിന്‍റെ പേരിലെ ആദ്യത്തെ പേരു് അവന്‍ പെട്ടെന്നു പഠിച്ചതു്.
“കിസ്നാ....” അമ്മയുടെ ഉറക്കെയുള്ള വിളി.
“നീ കാപ്പി കുടിക്കണില്ലേ..? വേഗം വാ.. എനിക്കു പോണം..”
തനിക്കു കാപ്പി തന്നിട്ടു്.., വോട്ടുചെയ്യാന്‍ പോയിട്ടുവേണം അമ്മയ്ക്കു് പായ്ക്കിംഗ്ജോലിക്കു പോകാന്‍. ടൌണിലെ സുപ്പര്‍മാര്‍ക്കറ്റിലേക്കു്സാധങ്ങള്‍ പായ്ക്കുചെയ്യുന്നതു്ഔസേപ്പേട്ടന്‍റെ വീട്ടിലാണു്. അവിടെയാണു് അമ്മയ്ക്കു് ജോലി.
വേഗം പല്ലു തേച്ചു്, വായില്‍ കുറച്ചു വെള്ളമെടുത്തുമുകളിലേക്കു് പരത്തിത്തുപ്പി അവന്‍ അടുക്കളയിലേക്കോടി.
“ഇന്നു് ഈ ചെക്കനു്എന്ത്ന്‍റെ കേടാ..!? ഓട്ടംതന്നെ. ദേ.. അടങ്ങിയൊതുങ്ങി ഇരുന്നോ. CRP-ക്കാരൊക്കെ ഇണ്ടാവും ന്ന കേക്കണേ..”
രണ്ടു കൊല്ലം മുമ്പു്, ഡാര്‍വിന്‍റെ സ്കൂളില്‍ വച്ചു് വോട്ടു് ഉണ്ടായപ്പോ തല്ലും ബഹളോം ഒക്കെയുണ്ടായി. അതു് അവനു മറക്കാന്‍ പറ്റില്ലാലോ. “കിശ്നാ വീട്ടില്‍പ്പോകാം’ എന്നും പറഞ്ഞു്രമണിട്ടീച്ചര്‍ അവനേംകൊണ്ടു്വീട്ടില്‍ വന്നപ്പോ... അവന്‍റെ അച്ഛനെ മൂടിപ്പുതപ്പിച്ചുകിടത്തീരിക്കുന്നു. കൊറെ ആളുകളും പോലീസും ഒക്കെ ണ്ടു്. അച്ഛന്‍റെ മുഖം ഒട്ടും കാണാന്‍ പറ്റണില്ല. ആകെ മൂടിപ്പൊതിഞ്ഞു്. അമ്മ കരയണതു കണ്ടപ്പോ അവനും കരഞ്ഞു. ഒറ്റയ്ക്കു് എന്തു ചെയ്യണം എന്നോര്‍ത്തുനിക്കുമ്പോ.., അജേട്ടന്‍ വന്നു്വിളിച്ചോണ്ടു പോയി. കിണറിന്‍റെയടുത്തു ചെന്നപ്പോ അജേട്ടന്‍ പറഞ്ഞു...
“നീ വെഷമിക്കണ്ടാ... ട്ടോ.. അജേട്ടനുണ്ടു്. അവരു് അച്ഛനോടു് തീര്‍ത്തു.. കൊന്നതാ..! നിന്‍റെ അച്ഛന്‍ മരിക്കില്ല.. കിശ്നാ.. കരയണ്ടാ.. ട്ടോ.. ധീരസഖാക്കള്‍ മരിക്കില്ല.”
അച്ഛനെ ആരോ കൊന്നു!!. ആരു്..?! എന്തിനു്..?! അജേട്ടനോടുപോലും അവനു് അതു ചോദിക്കാന്‍ തോന്നീട്ടില്ല ഇതുവരേം.
അച്ഛനെ, ആരോക്കെയോ വന്നു്, ഒരു ചുവന്ന തുണികൊണ്ടു പുതപ്പിച്ചു. അതില്‍ ഒരാളെ അവനറിയും; അതു് മനയ്ക്കലെ പരമേശ്വരന്‍സാറായിരുന്നു. കോളേജില്‍ പഠിപ്പിക്കണ സാറാ. ചുവന്ന തുണി പുതപ്പിച്ചിട്ടു് എല്ലാരുംകൂടെ “സഖാവു് ചന്ദ്രന്‍ സിന്ദാബാദു്” എന്നു് കൈ ചുരുട്ടി ഉറക്കെപ്പറഞ്ഞു. അതു് എന്തിനാണെന്നും അവനു മനസ്സിലായില്ല. അവന്‍റെ അച്ഛന്‍ സഖാവായിരുന്നു എന്നു് അവനറിയാം. പരമേസ്വരന്‍സാറു് വീട്ടില്‍ വരുമ്പോ “സഖാവേ” എന്നാ അച്ഛനെ വിളിക്കാറു്. ചെത്തായിരുന്നു അച്ഛനു്ജോലി. പരമേശ്വരന്‍സാറു്വീട്ടില്‍ വരുമ്പോഴൊക്കെ അച്ഛനും അജേട്ടനും ഒരുമിച്ചിരുന്നു് എന്തൊക്കെയോ പറയുന്നതു് കേട്ടിട്ടുണ്ടു്. ഒരിക്കല്‍ പരമേശ്വരന്‍സാര്‍ ഒരു ചുവന്ന പുസ്തകം അച്ഛനു കൊടുക്കുന്നതു് അവന്‍ കണ്ടു. ആ പുസ്തകം കിട്ടിയപ്പോ അച്ഛനു് വല്യ സന്തോഷമായിരുന്നു. പരമേശ്വരന്‍സാറിനും അജേട്ടനും അമ്മ പഞ്ചാരയിട്ട കട്ടന്‍കാപ്പി കൊടുക്കും. അജേട്ടന്‍ അതില്‍നിന്നു കുറച്ചു്അവനും കൊടുക്കും. അവന്‍ അജേട്ടന്‍റെയടുത്തു്ഉറങ്ങാതെയിരിക്കുന്നതു്, അവര്‍ പറയുന്നതു കേള്‍ക്കാനല്ല; അജേട്ടന്‍ കൊടുക്കുന്ന പഞ്ചാരയിട്ട കട്ടന്‍കാപ്പി കുടിക്കാനാണു്. അപ്പോള്‍മാത്രമാണു് മധുരോം ള്ള കാപ്പി കുടിക്കാന്‍ കിട്ടുക.
“അമ്മേ.. ഞാന്‍ ജസ്റ്റിന്‍റെ വീട്ടീപ്പോവാ.. കുറച്ചു കഴിഞ്ഞേ വരൂ..”
“കിശ്നാ.... ചോറു്ഇവിടെയിരിപ്പുണ്ടു്. കളിച്ചുനടക്കാണ്ടു്.. എടുത്തുതിന്നോണം.. അല്ലേ.. കളിച്ചുനടന്നോ..”
അമ്മ പറയുന്നതു് കേട്ടപാതി കേള്‍ക്കാത്തപാതി, യൂണിഫോംനിക്കറും പഴയൊരു ബനിയനുമിട്ടു് ജസ്റ്റിന്‍റെ വീട്ടിലേക്കോടി. ജസ്റ്റിന്‍റെ വീടു് മുകളിലാണു്. താഴേനിന്നു് ഓടി മുകളിലെത്തിയപ്പോഴേക്കും അവന്‍ നന്നായി കിതച്ചു. ഇനി ടാറിട്ട റോഡാണു്. വളവില്‍ത്തന്നെ അച്യുവേട്ടന്‍റെ റേഷന്‍കട. അവിടെ കുറെപ്പേരുണ്ടു്. വോട്ടു് ചെയ്യാന്‍ വന്നവരാണു്. റോഡിലൊക്കെ കടലാസുതോരണങ്ങളു്. ചുവപ്പു്, മഞ്ഞ, വെള്ള, പച്ച.. ഏതൊക്കെ പാര്‍ട്ടിക്കാരാണാവോ..?! കാറ്റില്‍ പറന്നുനടക്കുന്ന നോട്ടീസുകള്‍. റോഡില്‍ കൈയും താമരയും അരിവാളും ഒക്കെ വരച്ചിട്ടുണ്ടു്. അപ്പുറത്തു്നില്ക്കുന്ന പോലീസ്സുകാരനെ അപ്പോഴാണു് അവന്‍ കണ്ടതു്. സിനിമേക്കാണണപോലത്തെ തോക്കും തണ്ണിമത്തങ്ങ മുറിച്ചുവച്ചപോലത്തെ തൊപ്പീം... CRP!! അമ്മ പറഞ്ഞതു് അവനോര്‍ത്തു. അവനു് ഒരു ചെറിയ പേടി തോന്നാതിരുന്നില്ല. അവന്‍ പതുക്കെ നടന്നു. റേഷന്‍കട കഴിഞ്ഞാല്‍ ജോസേട്ടന്‍റെ ചായക്കട. അച്ഛന്‍ അവനു് അവിടന്നു് ചിലപ്പോഴൊക്കെ പഞ്ചാരയിട്ട അപ്പം വാങ്ങിക്കൊടുക്കാറുണ്ടു്.
“കിശ്നാ.. എടാ.. ഇങ്ങു വാ..” ജോസേട്ടന്‍ വിളിച്ചു.
ജോസേട്ടന്‍ ഒരു പഴം അവനു കൊടുത്തു. പിശുക്കന്‍ എന്നാ എല്ലാരും ജോസേട്ടനെ പറയുക. പലിശയ്ക്കു്കൊടുക്കലും ഒക്കേം ഉണ്ടെങ്കിലും അവനു് ഇഷ്ടമായിരുന്നു ജോസേട്ടനെ. ഇടയ്ക്കു് വിളിച്ചു് ഒരു പഴം അല്ലെങ്കില്‍ ഒരു മടക്കു് അല്ലെങ്കില്‍ ഒരു ഉണ്ടംപൊരി ഒക്കെ കൊടുക്കും.
പഴം വാങ്ങിയിറങ്ങുമ്പോഴാണു് ആരോ പറയുന്നതു കേട്ടതു്.
“നമ്മുടെ സഖാവു് ചന്ദ്രന്‍ ചത്തട്ടില്ല.. ഹ് ഹ ഹ..” ചന്ദ്രന്‍ കാലത്തേ വന്നു് വോട്ടു് ചെയ്തേച്ചുംപോയി.. കിശ്നാ... നീ അറിഞ്ഞില്ലേ? നിന്‍റെ അച്ഛന്‍ ജീവിച്ചിരുപ്പുണ്ടു്..”
എല്ലാരുംകൂടെ ചിരിക്കുന്ന ഒച്ചയും ബഹളോം. അതു കളിയാക്കിയുള്ള ചിരിയാണെന്നു് അവനു മനസ്സിലായി.
“എടാ.. കിശ്നാ.. നീ പൊക്കോ..” ജോസേട്ടനാണു് പറഞ്ഞതു്.
അവനു് ഒന്നും മനസ്സിലായില്ല. അച്ഛന്‍ മരിച്ചില്ലേ.!? പിന്നെ.. എങ്ങനെ.. അച്ഛന്‍ വോട്ടു ചെയ്യും..!? അവരു് എന്താ അങ്ങനെ പറയണേ..? മരിച്ചോരു വോട്ടു ചെയ്യോ..?! അവനു് ആകെ സങ്കടം തോന്നി. മരിച്ചോരെക്കുറിച്ചു് കളിയാക്കാന്‍ പാടുണ്ടോ..? അവനു് ഒന്നും പിടികിട്ടിയില്ല. ജസ്റ്റിന്‍റെ വീട്ടിലേക്കു പോണോ അതോ തിരിച്ചുപോണോ..? അവന്‍ ജസ്റ്റിന്‍റെ വീട്ടിലേക്കുതന്നെ പോയി. അവനു് എപ്പോ വേണേലും ചെല്ലാവുന്ന ഒരു വീടാണു് അതു്. ജോണിച്ചേട്ടന്‍ ഇടയ്ക്കു്അവന്‍റെ വീട്ടില്‍ വരാറുണ്ടു്. ജസ്റ്റിനു് നിക്കറും ഷര്‍ട്ടും വാങ്ങുമ്പോ അവനും വാങ്ങിക്കൊടുക്കും. ആശുപത്രിയില്‍ പോവാനൊക്കെ പൈസ വേണ്ടിവന്നാല്‍ ജോണിച്ചേട്ടനാ തരാറു്. ഏറെ മനസ്സു വിഷമിച്ചാണു് അവന്‍ അവിടെയെത്തിയതു്.
“ജസ്റ്റ്യാ... ദേ.. കിശ്നന്‍..” സിറ്റൌട്ടിലിരുന്നു പത്രം വായിക്കുകയായിരുന്ന ജോണിച്ചേട്ടന്‍ അകത്തേക്കു നോക്കിപ്പറഞ്ഞു.
“എടാ.. കിശ്നാ... നീ കാപ്പി കുടിച്ചോ..? ആലീസേ.. അവനു കഴിക്കാന്‍ വല്ലോം കൊടുക്കു്..”
കിശ്നന്‍ അകത്തേക്കു കേറുമ്പോ ജോണിച്ചേട്ടന്‍ പറയുന്നതു് അവന്‍ കേട്ടു.
അവന്‍റെയുള്ളില്‍ എന്തോ ഒരു ഭാരം. ഉമിത്തീയില്‍ കൈ പൊള്ളിയപോലേ ഒരു നീറ്റല്‍. അവന്‍ നേരേ ജസ്റ്റിന്‍റെ മുറിയിലേക്കു പോയി. മുകളിലാണു് ജസ്റ്റിന്‍റെ മുറി. അവിടെ നിന്നാല്‍ താഴേയുള്ളതൊക്കെ കാണാം.
“കിശ്നാ.. പുതിയ ബാലരമയില്‍ നല്ല കഥയുണ്ടു്. പിന്നെ.., നമ്മുടെ കുട്ടൂസ്സിനു് ആകെ അക്കിടി പറ്റി. ന്നാ.. നീ വായിക്കു്.”
ജസ്റ്റിന്‍റെ വീട്ടില്‍ ബാലരമ, ബാലമംഗളം, പൂമ്പാറ്റ ഒക്കെയുണ്ടു്. അതു വായിക്കാനാണു് അവന്‍ പോകുന്നതുതന്നെ.
“ജസ്റ്റ്യാ..., ന്നാ.. കിശ്നനോടു് ചായകുടിക്കാന്‍ പറ... നീ ഇതു് അങ്ങ് കൊണ്ടുകൊടുക്കു്.”
ജസ്റ്റിന്‍ താഴേക്കു പോയി.
അവന്‍റെ മനസ്സു്അവിടെയൊന്നും ആയിരുന്നില്ല. ശ്മശാനത്തില്‍പ്പോയി നോക്കിയാലോ.? അച്ഛന്‍..?? ഓഹു്... അതിനു് അതിന്‍റെ ഗേറ്റു് പൂട്ടീട്ടുണ്ടാവും. കുഴിവെട്ടണ കൊച്ചുരാമന്‍ചേട്ടന്‍റെ കൈയിലാണു് താക്കോല്‍. അച്ഛന്‍ പിന്നെ എങ്ങനെ പുറത്തു കടക്കും, വന്നാല്‍ത്തന്നെ...? കൊച്ചുരാമന്‍ചേട്ടനോടു് ചോദിച്ചാലോ..?!
“ഡാ.. അപ്പോം മുട്ടക്കറീം. ഞാന്‍ ചായയെടുത്തോണ്ടു് വരാം.” ജസ്റ്റിന്‍ വീണ്ടും താഴേക്കു പോയി.
കിശ്നന്‍ അതൊന്നും കേട്ടില്ല. അവന്‍റെ മനസ്സു് അച്ഛനെക്കുറിച്ചുള്ള ചിന്തയിലായിരുന്നു. അച്ഛന്‍റെകൂടെ ടൌണില്‍പ്പോയതു്, വിനോദ്തീയേറ്ററില്‍ സിനിമയ്ക്കു് പോയതു്, പാരീസ്ഹോട്ടലില്‍നിന്നു് ചായകുടിച്ചതു്, രാജന്‍ചേട്ടന്‍റെ കടയില്‍നിന്നും സര്‍ബ്ബത്തും കപ്പലണ്ടിമിഠായിയും വാങ്ങിത്തിന്നതു്... സിനിമയ്ക്കു പോയാല്‍ ഒരിക്കലും നേരത്തിനെത്തില്ല. ഓരോരുത്തരും വിളിച്ചു് ഓരോന്നു ചോദിക്കും.
“ചന്ദ്രാ.. കൊറെ ആയല്ലോ നിന്നെ കണ്ടിട്ടു്?”
“എന്തൊക്കെ വിശേഷം?”
“നിന്നെ യോഗത്തിനു് കണ്ടില്ലാലോ?”
“ഞങ്ങളെയൊക്കെ മറന്നോ?”
അച്ഛന്‍ എല്ലാരോടും മറുപടി പറഞ്ഞു്.. അങ്ങനേ പോകൂ. അച്ഛനോടു് എല്ലാര്‍ക്കും ഇഷ്ടമായിരുന്നു. അച്ഛനും എല്ലാരോടും. പിന്നെ.., ആരാ അച്ഛനെ..?!
സിനിമയ്ക്കു പോകുമ്പോള്‍ അവന്‍ അച്ഛനെ ഇടയ്ക്കു് ഓര്‍മ്മിപ്പിക്കും.
“അച്ഛാ വേഗം പോ.. സിനിമ തുടങ്ങും.”
“കിശ്നാ.. നമ്മള്‍ എല്ലാരോടും സ്നേഹത്തോടെ പെരുമാറണം. ഞാന്‍ ഒരു സഖാവാ. അപ്പോ അങ്ങനെ വേണം..” അച്ഛന്‍ പറയുമായിരുന്നു.
“നീ ഒന്നും തിന്നില്ലേ..? ദേ.. ചായ.” ജസ്റ്റിന്‍റെ വാക്കുകളില്‍ ചിന്ത മുറിഞ്ഞു.
“ജസ്റ്റ്യാ... ഞാന്‍ പൂവ്വാ..” എന്നു പറയുമ്പോ.. അവന്‍റെ കണ്ണു നിറഞ്ഞതു് ജസ്റ്റിന്‍ കണ്ടു.
എന്ത്യേ..? ഡാ..? അമ്മേ ദേ.. കിശ്നന്‍.”
“രണ്ടുംകൂടെ കാലത്തെ വഴക്കിട്ടോ?”
“ഡാ.. ദേ.. നീ പോവാണോ.? ഇവനു് എന്നാ പറ്റിയേ..?”
ഒച്ച കേട്ടു് ജോണിച്ചേട്ടന്‍ വന്നു. കിശ്നനെ പിടിച്ചുനിറുത്തി.
“എടാ.. എന്താ പറ്റ്യേ..?”
“ഇവനു് ഇതെന്നതാ പറ്റിയേ..?! ആലീസ്ച്ചേച്ചി.
“എടാ.. ന്നാ.. ബാലരമ എടുത്തോ.. നീ കൊണ്ടോക്കോ.. വഴക്കാവല്ലേ..” ജസ്റ്റിന്‍. “അവന്‍ അച്ഛനെ ഓര്‍ത്തുകാണും. പാവം.” ആലീസ്ച്ചേച്ചി ഇതു പറയുമ്പോഴേക്കും അവന്‍ സിറ്റൌട്ടിലെത്തിയിരുന്നു.
അവന്‍ ഓടുകയായിരുന്നു. എങ്ങോട്ടു പോകണം..? ആരോടു് ചോദിക്കണം..? വഴിയിലുണ്ടായിരുന്ന CRP-ക്കാരനെ കടന്നുപോന്നതൊന്നും അവനറിഞ്ഞില്ല.. അവനു പൊട്ടിക്കരയാന്‍ തോന്നി. ന്നാലും.. തന്‍റെ അച്ഛനെ എല്ലാരും കളിയാക്കുന്നു. അച്ഛന്‍ വോട്ടു് ചെയ്തു എന്നതുമാത്രം അവനു വിശ്വസിക്കാന്‍ പറ്റിയില്ല. വോട്ടു ചെയ്യാന്‍ വന്നാല്‍ അച്ഛന്‍ വീട്ടില്‍ വരാതിരിക്കോ..? അമ്മേം ഒന്നും പറഞ്ഞില്ലാലോ..!! കുഞ്ഞിരാമന്‍ചേട്ടന്‍റെ വീട്ടില്‍പ്പോകണം എന്നു ചിന്തിച്ചു, ഒടുവില്‍ ചെന്നുപെട്ടതു് അജേട്ടന്‍റെ അടുത്താ. സ്ലിപ്പു് കൊടുക്കുന്ന ബൂത്തില്‍ അജേട്ടനുണ്ടായിരുന്നു.
“കിശ്നാ.. നീ എവിടെപ്പോവാ? ഇങ്ങടു് വാ..” അവന്‍ അജേട്ടന്‍റെയടുത്തേക്കു ചെന്നു.
“നീ എവിടാ പോണേ..? നിനക്കു് ന്താ പറ്റ്യേ..?!”
അവന്‍റെ മുഖം വല്ലാതെയിരിക്കുന്നതു് കണ്ടിട്ടാവാം...
“എടാ, ഞാന്‍ ഇപ്പോ വരാം. ഒന്നു് നോക്കിക്കോ.. എന്നു പറഞ്ഞു് അജേട്ടന്‍ അവന്‍റെ കൈയും പിടിച്ചു് അവനേംകൊണ്ടു് ഇറിഗേഷന്‍കനാലിന്‍റെയടുത്തേക്കുപോയി. കലുങ്കില്‍ ഇരിക്കുമ്പോ അജേട്ടന്‍ ചോദിച്ചു:
“ഡാ.. എന്താ പറ്റിയേ..? ആരേലും വല്ലോം പറഞ്ഞോ..?”
അവന്‍ ആകെ തളര്‍ന്നുപോയി. അജേട്ടന്‍ അവനെ കെട്ടിപ്പിടിച്ചപ്പോള്‍ അവനു കരച്ചിലടക്കാന്‍ കഴിഞ്ഞില്ല.
“ആരോ കള്ളവോട്ടു ചെയ്തതാ.. തെണ്ടികള്‍..”
“അപ്പോ... അച്ഛന്‍..?!” അതു മുഴുവനാക്കാന്‍ അവനു പറ്റിയില്ല. അവന്‍ പൊട്ടിക്കരഞ്ഞുപോയി.
“കിശ്നാ.., നീ എന്തിനാ കരയണേ..? അച്ഛന്‍.. പോയില്ലേ? ഇതു ചതിയാണു്. നിന്‍റെ അച്ഛന്‍ സത്യം ഉള്ളോനാ. അഭിമാനിയും ആയിരുന്നു. ആരേം പേടിയില്ലാര്‍ന്നു. ഒരു കള്ളത്തരോം ചെയ്തിട്ടില്ല. ഒരു സഖാവിനു് അതിനു കഴിയില്ല കിശ്നാ. ധീരനായ സഖാവായിരുന്നു നിന്റച്ഛന്‍. ധീരസഖാക്കള്‍ക്കു് മരണമില്ല..”
“അജേട്ടാ... ഞാന്‍ വീട്ടില്‍പ്പോവാ..”
“ധീരസഖാക്കള്‍ക്ക് മരണമില്ല.” അപ്പോള്‍ അച്ഛന്‍ വോട്ടുചെയ്തു കാണോ..!? മരിച്ചുപോയ അച്ഛന്‍...?! അവനു് ആലോചിച്ചിട്ടു് ഒരു പിടിയും കിട്ടിയില്ല.
നടന്നുനീങ്ങുമ്പോ അജേട്ടന്‍ ചോദിച്ചു... “കൃഷ്ണാ.. ഞാന്‍ കൊണ്ടാക്കണോ..?” അജേട്ടന്‍ ആദ്യമായിട്ടാണു് തന്നെ മുഴുവന്‍പേരു വിളിച്ചതു്. അതെന്താ...?! ഇന്നു് എല്ലാം മാറിമറിയുകയാണല്ലോ!?
“വേണ്ടാ..” അവന്‍ വേഗം നടന്നു.
സ്കൂളിന്‍റെ ഗേറ്റിനു മുന്നിലെത്തിയപ്പോള്‍ അവന്‍ നിന്നു. ആളുകള്‍ വോട്ടു് ചെയ്യാനായി വരിവരിയായി നില്ക്കുന്നു. എന്നാണു തനിക്കും വോട്ടുചെയ്യാന്‍ പറ്റുകയെന്നു് അവന്‍ ചിന്തിച്ചു. ഗേറ്റില്‍നിന്ന പോലീസുകാരന്‍ “എന്താടാ..? പോടാ..” എന്നു് അവനോടു ദേഷ്യത്തിലാണു പറഞ്ഞതു്. അവന്‍ അവിടന്നു മാറിയില്ല. എന്തോ ഒരു ധൈര്യം ഉള്ളില്‍നിന്നു് “മാറണ്ടാ” എന്നു പറയുന്നതുപോലെ അവനു തോന്നി. അവനെ മാറ്റാന്‍വന്ന പോലീസുകാരനോടു് ആരോ പറയുന്നതു് അവന്‍ കേട്ടു.
“വേണ്ടാ സാറേ.. സഖാവു് ചന്ദ്രന്‍റെ മോനാ..”
പോലീസുകാരന്‍റെ മുഖഭാവം മാറി. അച്ഛനോടുള്ള സ്നേഹംകൊണ്ടാണോ പേടികൊണ്ടാണോ എന്നു് അവനു മനസ്സിലായില്ല.
എല്ലാരും തന്നെ നോക്കി ചിരിക്കുന്നുണ്ടു് എന്നവനു തോന്നി. അവര്‍ അച്ഛനെ കളിയാക്കുകയാണു്. തന്‍റെ അച്ഛന്‍,സഖാവു് ചന്ദ്രന്‍ കള്ളവോട്ടു് ചെയ്തിരിക്കുന്നു!! അവനു ദേഷ്യവും സങ്കടവും ഒക്കെ തോന്നിയെങ്കിലും എന്തോ ധൈര്യം അവന്‍റെ കാല്‍ച്ചുവടുകളെ മുന്നോട്ടു നയിച്ചു. അവന്‍ പതുക്കെയാണു് നടന്നതു്. ഒരു കൂസലുമില്ലാത്ത ഉറച്ച കാല്‍വയ്പ്പുകള്‍!!
“ഇന്കുലാബു് സിന്ദാബാദു്..
ഇന്കുലാബു് സിന്ദാബാദു്..
ഇല്ല.. ഇല്ല.. മരിക്കില്ല..
ധീരസഖാക്കള്‍ മരിക്കില്ല..”
അച്യുവേട്ടന്‍റെ ചായക്കടയിലെ റേഡിയോയില്‍നിന്നുയരുന്ന പാട്ടു് അവന്‍ കേട്ടു. ചായക്കടയിലിരിക്കുന്നവര്‍ അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു.
അവന്‍ നേരേ ചെന്നു്, കട്ടിലിനടിയിലുള്ള, അച്ഛന്‍റെ പഴയപെട്ടി വലിച്ചെടുത്തു. അതിലൊന്നും തൊടരുതെന്നാണു് അമ്മ പറഞ്ഞിട്ടുള്ളതു്.
പെട്ടിയില്‍ ഒരു ചുവന്ന പുറംചട്ടയുള്ള പുസ്തകം!! പരമേശ്വരന്‍സാര്‍ കൊടുത്തതു്. അതില്‍ കട്ടിത്താടിയും ഒത്തിരി മുടിയുമുള്ള ഒരാളുടെ പടം. പിന്നെ, ഒരു ചുവന്നകൊടിയും. ഇതു് എന്‍റെ സമ്പാദ്യമാണെന്നു് ഒരിക്കല്‍ അച്ഛന്‍ അമ്മയോടെ പറയുന്നതു് അവന്‍ കേട്ടിട്ടുണ്ടു്.
ജസ്റ്റിന്‍ കൊടുത്ത ബാലരമ അവന്‍റെ പോക്കറ്റിലുള്ളതു്, അവന്‍ അപ്പോഴാണു് ഓര്‍ത്തതു്. അവന്‍ എന്തോ ആലോചിച്ചിട്ടെന്നപോലേ ആ ചുവന്നപുസ്തകവും ചുവന്നകൊടിയും കൈയിലെടുത്തു്തന്‍റെ നെഞ്ചോടു് ചേര്‍ത്തുപിടിച്ചു. പോക്കറ്റില്‍ക്കിടന്ന ബാലരമ അവന്‍ പെട്ടിയിലേക്കെറിഞ്ഞു.
അവനറിയാതെ കണ്ണുകള്‍ ഒന്നടഞ്ഞു. അവന്‍റെ ശരീരത്തില്‍ ഒരു വിറയലുണ്ടായതായി അവനു തോന്നി..!!
“നിന്‍റെ അച്ഛന്‍ സഖാവായിരുന്നു. ധീരനായ സഖാവു്. ഒരിക്കലും തെറ്റു ചെയ്തിട്ടില്ല. ഒരു സഖാവു് കള്ളത്തരം ചെയ്യില്ല.”
അജേട്ടന്‍ പറഞ്ഞതു് തെല്ലഭിമാനത്തോടെ അവനോര്‍ത്തു. അവന്‍റെ മനസ്സിലേക്കു് ചുവന്നകൊടി പുതപ്പിച്ചുകിടത്തിയിരുന്ന അച്ഛന്‍റെ രൂപം തെളിഞ്ഞുവന്നു.
“ഇന്കുലാബു്സിന്ദാബാദു്..
ഇന്കുലാബു്സിന്ദാബാദു്..
ഇല്ല.. ഇല്ല.. മരിക്കില്ല..
ധീരസഖാക്കള്‍ മരിക്കില്ല..”
റേഡിയോയില്‍നിന്നുള്ള പാട്ടിന്‍റെ നേര്‍ത്ത വരികള്‍, ശക്തിയുടെ ചൂടു പകര്‍ന്നു് അവനെക്കടന്നുപോയി.
---------------------------
BY Babu Paul Thuruthy

കുടുംബവുമായി ഒരു സിനിമ

Image may contain: 1 person, selfie, closeup and indoor
ഹലോ, നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തോ?' ഭാര്യ സന്ധ്യയുടെ കാൾ ആണ്...
ഡൽഹി പോലുള്ള നഗരങ്ങളിലെ തീയേറ്ററുകളിൽ കുടുംബവുമായി സിനിമ കാണാൻ പോകുന്നവർക്ക് കിട്ടുന്ന ഏറ്റവും വലിയ 'പണിയാണ്' തീയേറ്ററിനകത്തു പുറത്തു നിന്നു കൊണ്ടുപോകുന്ന ഭക്ഷണ സാധനങ്ങൾ, സ്‌നാക്‌സ്, വെള്ളം ഒന്നും അനുവദിക്കില്ല എന്നത്. നാലു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വരെ ടിക്കറ്റ് എടുത്ത് ഉള്ളിൽ എത്തിയാൽ സ്‌നാക്‌സിനു പോലും വാങ്ങിക്കുന്നത് പുറത്തേതിനേക്കാൾ എത്രയോ ഇരട്ടി വിലയാണ്.
അനാവശ്യവും, അന്യായവുമായ ഈ 'ധന നഷ്ടം' എൻറെയുള്ളിലെ വിപ്ലവകാരിക്ക് അംഗീകരിക്കാനാകാത്തതിനാൽ ഞാൻ താല്പര്യമില്ലാത്തതു പോലെ ഇരിക്കുകയാണ്...
'ഹലോ, ടിക്കറ്റ് എടുത്തോ ന്ന്?' സിനിമയിൽ കവിയൂർ പൊന്നമ്മ 'ഉണ്ണി വന്നോ ?' എന്ന് എപ്പോഴും അന്വേഷിക്കുന്നത് പോലെ അവൾ വീണ്ടും ചോദിക്കുന്നു.
'പിള്ളേര് രണ്ടു പേരും ‘ഒടിയൻ’ കാണണം എന്ന് പറഞ്ഞു വല്ലാത്ത ബഹളമാണ്.'
'ഒടിയൻ' വെറും തല്ലിപ്പൊളി സിനിമയാണ് പോലും, മോഹൻ ലാലിൻറെ അഭിനയം തീരെ പോരാ, മഞ്ചു വാരിയർ ആണെങ്കിൽ പറയാനുമില്ല.'
'എന്നാരു പറഞ്ഞു?'
'ആഹ്...അതൊക്കെ ഞാൻ മനസ്സിലാക്കി... ഓഫീസിലെ ബിജു പറഞ്ഞു...'
'എന്നിട്ട് കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ പറഞ്ഞത് നല്ല സിനിമയാണ്...പിള്ളേരൊക്കെ എൻജോയ് ചെയ്തു എന്നാണല്ലോ?'
'ആണോ? ഞാൻ ഓർക്കുന്നില്ലല്ലോ...ഇതൊക്കെ പെട്ടെന്ന് ടീവി യിൽ വരുമെന്ന്...അപ്പോൾ കണ്ടാൽ മതിയല്ലോ? നമുക്ക് വേറെ എവിടെങ്കിലും കറങ്ങാൻ പോയാലോ?'
സന്ധ്യയുടെ അടുത്ത് ചിലവായ നമ്പർ കണ്ണൻറെയും, ലക്ഷ്മിക്കുട്ടിയുടെയും മുന്നിൽ ചീറ്റിപ്പോയി...അവസാനം ടിക്കറ്റ് എടുക്കേണ്ടി വന്നു.
തൊണ്ണൂറ്റി ഒമ്പത് ശതമാനം കുട്ടികളെയും പോലെ വീടിനു വെളിയിൽ പോകുമ്പോൾ അതി കഠിനമായ വിശപ്പും, ദാഹവും അനുഭവപ്പെടുന്ന വീക്നെസ് ഉള്ള കുട്ടികൾ ആയതിനാൽ ഞാൻ വീട്ടിൽ നിന്ന് തന്നെ സ്റ്റഡി ക്ലാസ് കൊടുത്തിട്ടാണ് സിനിമയ്ക്ക് പോയത്.
'നമ്മൾ സിനിമ കാണുമ്പോൾ സിനിമ മാത്രം ശ്രദ്ധിക്കണം, അതിനകത്തുള്ള ജങ്ക് ഫുഡ് ഒന്നും കഴിക്കാൻ കൊള്ളില്ല, പുറത്തിറങ്ങിക്കഴിഞ്ഞു നമുക്ക് എന്ത് വേണമെങ്കിലും വാങ്ങി കഴിക്കാമല്ലോ...'
രണ്ടു പേരും എല്ലാം തല കുലുക്കി സമ്മതിച്ചു, അങ്ങനെ തീയേറ്ററിൻറെ ഉള്ളിൽ കയറി.
ആളുകൾ സിനിമ കാണാൻ അല്ല, തിന്നാൻ വേണ്ടിയാണ് വരുന്നത് എന്ന പോലെയായിരുന്നു അവിടത്തെ അവസ്ഥ. വലിയ കൊട്ടയിൽ പശുവിന് പുല്ല് ചെത്തിക്കൊണ്ട് വരുന്നത് പോലെയാണ് ഓരോരുത്തനൊക്കെ പോപ്കോണിൻറെ ബാസ്ക്കറ്റും പൊക്കി കൊണ്ടുവരുന്നത്. ഏതായാലും സിനിമ തുടങ്ങിയതോടെ എല്ലാവരുടെയും ശ്രദ്ധ അതിലേക്കായി.
DTS സൗണ്ട് സിസ്റ്റം ആയിട്ടു പോലും എൻറെ അടുത്തിരുന്ന ഒരു ദുഷ്ടൻ പെപ്സിയും, വലിയൊരു പോപ്കോൺ ബാസ്ക്കറ്റും മടിയിൽ വെച്ച് 'കറും,മുറും, ഗുളു ഗുളു ഗുളു , ബ്ള്ക്, ബ്ള്ക് ' എന്നൊക്കെ ശബ്ദമുണ്ടാക്കി ആസ്വദിച്ച് കഴിക്കുന്നതിനാൽ ' ഒടിയൻറെ' പശ്ചാത്തല സംഗീതം കേൾക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല.
അതോടെ കുട്ടികൾ ഒച്ച കേൾക്കുന്ന ഭാഗത്തേക്കും, എൻറെ മുഖത്തേക്കും മാറി മാറി നോക്കാൻ തുടങ്ങി. 'ഇൻറെർവൽ ആകട്ടെ നമുക്കും വാങ്ങിക്കാം' എന്ന് സന്ധ്യ പറഞ്ഞതോടെ പെട്ടെന്ന് ഇൻറെർവൽ ആകണേ എന്ന് പിള്ളേരും, ഈ സിനിമയ്ക്ക് ഇൻറെർവൽ ഉണ്ടായിരിക്കല്ലേ എന്ന് ഞാനും പ്രാർത്ഥിക്കുന്നതിനിടയിൽ സ്ക്രീനിൽ വെള്ളിടി പോലെ 'ഇന്റർവെൽ' എഴുതിക്കാണിച്ചു.
'അച്ഛാ, വാ നമുക്ക് പോയി എന്തെങ്കിലും വാങ്ങിയിട്ട് വരാം' എന്നുപറഞ്ഞു കണ്ണൻ എഴുന്നേറ്റു.
'അതേയ്, ഞാൻ ശരിക്കും ഈ സിനിമ കാണാൻ അല്ല വന്നത്...ഇപ്പോൾ ഇന്റെർവെല്ലിന് ഇനി വരാനിരിക്കുന്ന സിനിമകളുടെ ട്രെയ്ലർ കാണിക്കും, അത് കാണാൻ അടിപൊളിയായിരിക്കും. പുറത്തു പോയാൽ അത് മിസ് ആകും' എന്നൊരു നമ്പർ ഇട്ടെങ്കിലും ഒന്നിനെതിരെ മൂന്ന് വോട്ടുകൾക്ക് അത് പരാജയപ്പെട്ടു.
അങ്ങനെ അംഗൻവാടിയിലേക്ക് മടിച്ചു മടിച്ചു പോകുന്ന കുട്ടിയെ പോലെ ഞാൻ പുറകിലും, എൻറെ കൈ പിടിച്ചു കണ്ണൻ മുമ്പിലും സ്നാക്സ് കൗണ്ടറിലേക്ക് നടന്നു.
പോകുന്ന വഴിക്ക് ജങ്ക് ഫുഡ് കഴിച്ചാലുള്ള ഭവിഷ്യത്തുകളെ കുറിച്ചുള്ള എൻറെ പഴയ കാസെറ്റ് ഞാൻ കണ്ണനെ ഒന്നുകൂടി കേൾപ്പിച്ചു.
'അച്ഛാ, ഇതെല്ലാം എപ്പോഴും കഴിച്ചാലേ പ്രശ്നമുള്ളു, വല്ലപ്പോഴുമൊക്കെ കഴിക്കാമെന്ന് ക്ലാസ്സിൽ മേം പറഞ്ഞിട്ടുണ്ടല്ലോ.'
'ഓഹോ, നിനക്ക് നിൻറെ അച്ഛൻ പറയുന്നതാണോ, മേം പറയുന്നതാണോ വലിയത് എന്ന് എനിക്ക് ഇപ്പൊ അറിയണം. ഞാൻ 'കിരീടം' സിനിമയിലെ തിലകനായി.
'അച്ഛൻ തന്നെയല്ലേ പറഞ്ഞത് മേം പറയുന്നതൊക്കെ അനുസരിക്കണം എന്ന്.'
'ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടോ? എന്നാൽ ഒരു സത്യം പറയട്ടെ എനിക്കത് ഓർമയില്ല.' ഞാൻ ഇന്നസെൻറ് ആയി.
എന്ത് ചെയ്യാം, ടീച്ചർമാരൊക്കെ ഓരോ ഔട്ട് ഓഫ് സിലബസ് കാര്യങ്ങൾ പിള്ളേരെ പഠിപ്പിച്ചു വിട്ടോളും.
സ്നാക് കൗണ്ടറിൻറെ മുന്നിൽ എത്തിയപ്പോൾ അവിടെ നല്ല തിരക്ക്.
'ഓ വല്ലാത്ത തിരക്കാ ഡാ, നമുക്ക് സിനിമ കഴിഞ്ഞു പോകുമ്പോൾ വാങ്ങിയാലോ?' എന്ന് പറഞ്ഞു കഴിയും മുമ്പേ അവിടത്തെ ഒരു സ്റ്റാഫ് വന്ന് 'മേ ഐ ഹെൽപ് യു സർ,' എന്ന് ചോദിച്ചു കൊണ്ട് ഞങ്ങളെ തിരക്കില്ലാത്ത ഒരു കൗണ്ടറിൽ കൊണ്ടു നിർത്തി.
പോപ്കോൺ സ്മോൾ ബാസ്കറ്റ് 260 രൂപ, മീഡിയം 450 രൂപ എന്നൊക്കെ റേറ്റ് കേട്ടതോടെ എനിക്ക് തലകറങ്ങിയതിനാൽ ലാർജ്ൻറെ വില കേൾക്കാൻ പറ്റിയില്ല.
പുറത്തു പത്തു രൂപയ്ക്കു കിട്ടുന്ന പോപ്കോണിൻറെ പണക്കാരനായ സഹോദരൻ ചില്ലു കൂട്ടിലിരുന്ന് എന്നെ പല്ലിളിച്ചു കാണിച്ചു.
'സാമ്രാജ്യത്വം തുലയട്ടെ, ഇങ്കിലാബ് സിന്ദാബാദ്' എന്ന് പിറുപിറുത്തു കൊണ്ട് ഞാൻ ഒരു മീഡിയം ബാസ്ക്കറ്റ് നു ഓർഡർ കൊടുത്തു.
'അച്ഛനെന്താ ഈ പറഞ്ഞോണ്ടിരിക്കുന്നത്?'
'സാമ്രാജ്യത്വം തുലയട്ടെ... എന്ന്'
'എന്ന് വെച്ചാൽ ?'
'എന്ന് വെച്ചാൽ.....അതൊന്നും മനസിലാക്കാനുള്ള പ്രായം നിനക്കായിട്ടില്ല. ഇതുവരെ എനിക്ക് തന്നെ മനസിലായിട്ടില്ല എന്താണെന്ന്, പിന്നെയാണ് എട്ട് വയസായ നിനക്ക്...'
'സർ പെപ്സി ?'- ഞാൻ മുഷ്ടി ചുരുട്ടി പിടിച്ചിരിക്കുന്നത് കണ്ടിട്ട് പാവം ചോദിക്കുവാണ്.
പെപ്സി പോലുള്ള കുത്തക പാനീയങ്ങൾ ഞാൻ കുടിക്കാറില്ല എന്ന് അവനോട് പറയാൻ വന്നതാണ്, പിന്നെ അവൻറെ ബഹുമാനത്തോടെയുള്ള സർ വിളി കേട്ടപ്പോൾ വേണ്ടെന്ന് വെച്ചു.
'അച്ഛാ, ഇങ്ങു താ ഞാൻ പിടിക്കാം’...പോപ്കോൺ കൈയിൽ കിട്ടിയതോടെ കണ്ണൻറെ സഹായ ഹസ്തം എൻറെ നേരെ നീണ്ടു.'
'വേണ്ട, ഇനി നീ ഇതും കൊണ്ട് പോയി വല്ലയിടത്തും തടഞ്ഞു വീണാൽ രൂപാ 450 പോയിക്കിട്ടും...അതുകൊണ്ടു ഞാൻ തന്നെ പിടിച്ചോളാം.’
എന്ന് പറഞ്ഞു മുന്നോട്ട് നടന്നതേ ഉള്ളു...പെട്ടെന്ന് 'ഒടിയനിലെ' വില്ലനായ പ്രകാശ് രാജിനെ പോലെ ഒരാൾ ഫോണും ചെയ്തു കൊണ്ട് വേഗത്തിൽ വന്ന് എൻറെ തോളിൽ ഒറ്റ ഇടി...
'എൻറെ അമ്മച്ചീ...'
ഇടിയുടെ ആഘാതത്തിൽ ഞാൻ വട്ടം കറങ്ങിപ്പോയി, അതോടൊപ്പം കൈയിലുണ്ടായിരുന്ന ബാസ്കറ്റിൽ നിന്നും പോപ്കോൺ മുഴുവൻ മുകളിലേക്ക് തെറിച്ച് പോയി പുഷ്പ വൃഷ്ടി പോലെ താഴേക്ക് വീണു...
വീണ്ടും ഒരു റൌണ്ട് കൂടി വട്ടം കറങ്ങിയ ശേഷമാണു എനിക്ക് നേരെ നിൽക്കാൻ പറ്റിയത്. അതിനിടയിൽ 'സോറി' എന്ന് പറഞ്ഞു കൊണ്ട് പുള്ളി ഒടിയനെ പോലെ ഓടിപ്പോയി ഒരു ടോയ്ലെറ്റിൽ കയറി അപ്രത്യക്ഷനായി!
കുറച്ചു സമയം പുള്ളി ഇറങ്ങുന്നതും കാത്ത് ടോയ്ലെറ്റിന് പുറത്തു കാലി ബാസ്ക്കറ്റും പിടിച്ചു കൊണ്ട് ലേബർ റൂമിനു വെളിയിൽ ടെൻഷനോടെ നിൽക്കുന്ന ഹസ്ബൻഡിനെപ്പോലെ നിന്നെങ്കിലും നിരാശയായിരുന്നു ഫലം.
മിക്കവാറും പുള്ളി ക്ലോസെറ്റിലേക്ക് ചാടി ഒടിവിദ്യ പ്രയോഗിച്ചു ഫ്ലഷ് ചെയ്ത് പുറത്തേക്കു രക്ഷപ്പെട്ടിരിക്കാനാണ് സാധ്യത.
സിനിമ തുടങ്ങാനായതിനാൽ ആ മഹാനുഭാവനെയും, അദ്ദേഹത്തിൻറെ പിതാമഹന്മാരെയുമെല്ലാം മനസ്സിൽ ധ്യാനിച്ചു കൊണ്ട് ഞങ്ങൾ വീണ്ടും സ്നാക്സ് കൗണ്ടറിൽ പോയി ഒരു സ്മാൾ പോപ്കോൺ ബാസ്ക്കറ്റും വാങ്ങി തീയേറ്ററിനകത്തേക്കു പോയി.
'ഇതെത്ര നേരമായി പോയിട്ട്? നിങ്ങൾക്ക് ട്രെയ്ലർ കാണണ്ടായിരുന്നോ?'
'ഓ വേണ്ട, പുറത്തു ഇതിനേക്കാൾ നല്ല ട്രെയ്ലർ ഉണ്ടായിരുന്നു.'
'ഈ ചെറിയ പാക്കറ്റ് പോപ്കോൺ ആണോ അച്ഛനും, മോനും കൂടി പോയി വാങ്ങിയത്. അവരുടെ കൈയിലൊക്കെ നോക്കിയേ വലിയ പാക്കറ്റ്, അത് പോലത്തെ വാങ്ങത്തില്ലായിരുന്നോ?'
'അത്, ഞാൻ അവിടെ നിന്നും വയറു നിറച്ചു കഴിച്ചിട്ടാണ് വരുന്നത്...ഇത് നിങ്ങൾക്കുള്ളതാണ്.'
സിനിമ തുടങ്ങിയതോടെ എൻറെ സൈഡിൽ ഇരിക്കുന്ന സഹോദരൻറെ കലാപരിപാടിയും ആരംഭിച്ചു. പുള്ളിയുടെ ഭൂമിയിലെ അവതാരോദ്ദേശ്യം തന്നെ പോപ്കോൺ തിന്നാൻ വേണ്ടിയാണു എന്ന് തോന്നിപ്പോയി!
'മാണിക്യന് ഇത്തിരി കഞ്ഞി എടുക്കട്ടേ?'
മഞ്ജു വാരിയരുടെ കഥാപാത്രം ചോദിക്കുവാണ്.
'കഞ്ഞി മാണിക്യന് മാത്രം പോരാ, കുറച്ചു എനിക്കും വേണമായിരുന്നു.' ആത്മഗതം ഉച്ചത്തിലായിപ്പോയി.
'നിങ്ങൾ വീട്ടിൽ നിന്നും ചോറുണ്ടിട്ടല്ലേ വന്നത്. എന്നിട്ട് പിള്ളേരെ പോലെ വിശപ്പാണോ?, നമുക്ക് പോകുന്ന വഴിക്ക് മലയാളി ഹോട്ടലിൽ കേറാം അല്ലേ?'
അടുത്ത ചെലവ് മുൻകൂട്ടി കണ്ട ഞാൻ പെട്ടെന്ന് തന്നെ...'ഹേയ്, ഞാനൊരു തമാശ പറഞ്ഞതല്ലേ...എനിക്കൊട്ടും വിശക്കുന്നില്ല'
'നിങ്ങളല്ലേ പറഞ്ഞത് സിനിമ വെറും തല്ലിപൊളിയാണ്, മോഹൻലാലിൻറെ അഭിനയം കൊള്ളില്ല എന്നൊക്കെ...എന്നിട്ടു നല്ല അടിപൊളിയാണല്ലോ?'
'ആണോ, എനിക്ക് തോന്നുന്നില്ല, മോഹൻലാലും, മഞ്ജുവും ഒന്നും ഞാൻ ഉദ്ദേശിച്ച പോലെ ശരിയായിട്ടില്ല.'
അതിനു സ്ക്രീനിലേക്ക് നോക്കുമ്പോൾ ഞാൻ കാണുന്നത് അന്തരീക്ഷത്തിൽ മുകളിലേക്ക് പൊങ്ങി താഴേക്ക് വീഴുന്ന പോപ്കോണുകളെയാണ്...
അതിനു പശ്ചാത്തല സംഗീതം പോലെ സൈഡിൽ നിന്നും 'കറും,മുറും, ഗുളു ഗുളു ഗുളു , ബ്ള്ക് , ബ്ള്ക് ' എന്ന ശബ്ദവും...
-അനൂപ് കുമാർ @ Nallezhuth FB group

ഓർമ്മയുണ്ടോ

Image may contain: one or more people, eyeglasses, beard and closeup
( ജോളി ചക്രമാക്കിൽ )
ഡിഗ്രി പഠനം കഴിഞ്ഞ് ജോലിയ്ക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നതിൻ്റെ
ഇടവേളയിലാണ് ഒരു സുഹൃത്ത് മിഠായിത്തെരുവിലുള്ള ഒരു ജൗളിക്കടയിൽ
സെയിൽസ്മാനായി ദിവസക്കൂലിയ്ക്ക് ചേരുന്നത്
കാര്യമായ കച്ചവടമൊന്നുമില്ലെങ്കിലും മുൻപ് കച്ചവടം കൊടിപറത്തി വാണ പഴയകാല കടകളിലൊന്നായിരുന്നു അത് .
വിറ്റൽ റാവു & കമ്പനി
ഇപ്പോൾ പഴയ പ്രതാപമൊക്കെ അയവിറക്കി
മുണ്ട് ,തോർത്തുമുണ്ട്, കള്ളിമുണ്ട് ,ബനിയൻ ,ജട്ടി ,ചില്ലറ ഷർട്ടു പീസുകൾ എന്നിവയിൽ കേന്ദ്രീകരിച്ചുള്ള കച്ചവടം മാത്രം നടക്കുന്നു
വിരലിലെണ്ണാവുന്ന തൊഴിലാളികൾ മാത്രമേ അവിടെയുള്ളൂ
പീടികയുടെ അത്രത്തോളം പഴക്കമുള്ളവരാണ് ഈ തൊഴിലാളികൾ
ചില അടൂർ സിനിമകളെ ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ള രംഗസംവിധാനവും ചേഷ്ടകളും
ഇവരുടെ ഇടയിലേയ്ക്കാണ് സുഹൃത്തിൻ്റെ രംഗപ്രവേശം
രാവിലെ കട തുറന്ന് അടയ്ക്കുന്നതു വരെ
തുണികൾ വാരിവലിച്ചിട്ടു പ്രദർശിപ്പിക്കാനുള്ള വലിയ മേശയ്ക്കുപുറകിൽ നിൽക്കണം ഇരിക്കാൻ അനുവാദമില്ല
അങ്ങിനെ പല പോസുകളിൽ നിൽക്കുന്ന സമയത്ത് അനുവാദമില്ലാതെ കേറി വരുന്ന കോട്ടുവായ വായുവിലേയ്ക്ക് ഒന്നിനു പുറകെ ഒന്നായി വിടുന്നതാണു് ആകെയുള്ള
നേരംപോക്ക്
കോട്ടുവായക്ക് ഒരു പ്രത്യേകതയുണ്ട്
അതു പകരും
ഒരാൾ കോട്ടുവായ ഇടാൻ തുടങ്ങിയാൽ
അടുത്തയാളും, കണ്ടു നിൽക്കുന്ന ആളും
ആ വഴിയെ പോവുന്ന ആൾ അറിയാതൊന്നു തിരിഞ്ഞു നോക്കിയാൽ അയാളും യാന്ത്രികമായ് കോട്ടുവായ ചങ്ങലയിൽ വായകോർക്കും
അങ്ങനെ ഒരു ദിവസം മാനേജർ കം കാഷ്യർ തുടങ്ങി വച്ച കോട്ടുവായക്ക് അകമ്പടിയായി
ഒരു വലിയ കോട്ടുവായ അന്തരീക്ഷത്തിൽ സ്വതന്ത്രമാക്കി കണ്ണുതുറന്നപ്പോൾ
മുന്നിൽ ഏതാണ്ട് സുഹൃത്തിൻ്റെ സമപ്രായമുള്ള
ഒരു ചെറുപ്പക്കാരൻ മുന്നിൽ നിൽക്കുന്നു
ഒരു ചെറിയ ചിരിയോടെ
''ഓർമ്മയുണ്ടോ ...? "
എത്ര ആലോചിച്ചിട്ടും ഒരു വിധത്തിലുള്ള ഓർമ്മയും കിട്ടുന്നില്ല
ഇല്ലല്ലോ ..!
ഇല്ലേ ....?
ഇവിടെ ജോലിയ്ക്ക് കയറിയ ശേഷം കൂടെ പഠിച്ച പലരും വരികയും ഓർമ്മ പുതുക്കി പോവുകയും ചെയ്തിട്ടുണ്ട്
ഇതിപ്പോ ഒട്ടും അങ്ങട് പിടുത്തം കിട്ടുന്നില്ല
ഒരു വല്ലാത്ത ചമ്മലോടെ അയാളുടെ കൈകവർന്നുകൊണ്ട് ഇങ്ങിനെ പറഞ്ഞു
ഓർമ്മയില്ലാട്ടാ
ആ സമയത്താണ് അഞ്ചാറു ചായ
പട്ടവളച്ചുണ്ടാക്കിയ ട്രേയിൽ എടുത്ത്
അടുത്ത ഹോട്ടലിലെ പയ്യൻ കടന്നു വന്നത്
'ടേയ് , ഒരു ചായ കൂടി താ
എന്നിട്ട് ആ ചായ ആൾക്കു കൊടുത്തുകൊണ്ടു പറഞ്ഞു
' ഒന്നും വിചാരിക്കരുത് ...സോറി...
" ഓർമ്മ തീരെ കിട്ടാഞ്ഞിട്ടാട്ടോ ...''
എവിടയാ പഠിച്ചത് ..! ദേവഗിരി ...?!
ഞാനോ ? ഞാൻ കൃസ്ത്യൻ കോളേജ് ..
പിന്നെ എവിടുന്നാണ് പരിചയം എന്നാലോചിച്ചു കൊണ്ടിരിക്കെ
ദേവഗിരി പതുക്കെ ചായ ഗ്ലാസ്സ് താഴെ വച്ചിട്ടു
ചോദിച്ചു
ആയിഷ യുണ്ടോ ..?
ഒരുമിനിറ്റേ '''
നേരത്തെയുണ്ടായിരുന്ന ഏതെങ്കിലും
സേയിൽസ് ഗേൾ ആയിരിക്കും എന്ന
നിഗമനത്തിൽ അകത്തുള്ള
സീനിയർ മോസ്റ്റ് കുമാരേട്ടനെ
വിളിച്ചു വരുത്തി .
കുമാരേട്ടനെ കണ്ടതോടെ
ആൾ ചോദ്യം ആവർത്തിച്ചു
" ആയിഷയുണ്ടോ..?
" ആയിഷ വീതിയുള്ളത് ഇപ്പ വരണില്ല ''
''ഓർമ്മയുണ്ട് ''
കുമാരേട്ടൻ സുഹൃത്തിൻ്റെ തലയ്ക്കു മുകളിലെ
റാക്കിൽ നിന്നും ഓർമ്മയുടെ പെട്ടി എടുത്ത്
മേശപ്പുറത്ത് വച്ച ശേഷം ചോദിച്ചു
ഏതാ സൈസ് ..
2019 - 04 - 29
( ജോളി ചക്രമാക്കിൽ )

സ്നേഹത്തിന്റെ നിറം മങ്ങുന്നുവോ

Two Red Heart Decoration on Ground
മറവിയുടെ മടിത്തട്ടിൽ എത്ര തവണ കുഴിച്ചു മൂടിയിട്ടും മാധുരിക്ക് ജയകൃഷ്ണനെ മറക്കാൻ കഴിഞ്ഞില്ല
അത്ര മാത്രം ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞ മുഖം എങ്ങനെ മറക്കാൻ കഴിയും
വാക പൂക്കളുടെ വർണ്ണങ്ങൾ ഇല്ലാതെ,
മഴയുടെ കുളിർമയില്ലാതെ മനസ്സിൽ വിരിഞ്ഞ പ്രണയം
ഏട്ടത്തി മല്ലികയുടെ ഭർത്താവിന്റെ ഉറ്റ സുഹൃത്ത്
അവരുടെ നാട്ടിൽ ചെന്നപ്പോൾ
ആദ്യമായി കണ്ടത് ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു
മലയോര ഗ്രാമത്തിൻ്റെ നന്മയും,വിശുദ്ധിയും
അങ്ങനെ തന്നെ കാത്തു സൂക്ഷിക്കാൻ അവിടത്തെ ജനങ്ങൾ ശീലിച്ചിരുന്നു
അടുക്കി വെച്ച ചെറുതും ,വലുതുമായ മൊട്ടക്കുന്നുകളിൽ നിന്ന് സൂര്യ പ്രകാശം അരിച്ചിറങ്ങുന്നത് പുലർകാലത്തെ കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്
അങ്ങനെ ചേച്ചിയുടെ വാക്കുകളിൽ നിറഞ്ഞു നിന്ന അടുത്ത വീട്ടിലെ ജയസുധ ചേച്ചിയും അവരുടെ രണ്ടു വയസ്സുകാരി മകൾ കുഞ്ഞിമാളുവിൻ്റെയും, അവരുടെ അമ്മ ജാനകിയുടെയും അനിയൻ ജയകൃഷ്ണൻ്റെയും രേഖാ ചിത്രം ആദ്യമേ കിട്ടിയിരുന്നു
അവിടേയ്ക്ക് പലപ്പോഴും ചെന്നപ്പോഴൊക്കെ
ആ വീടിന്റെ ഒരു മുറി അടഞ്ഞു തന്നെ കിടന്നു
അത് ജയൻ്റെ മുറിയാണ്
ജാനകി അമ്മ പറയും അവരുടെ കണ്ണുകളിൽ കണ്ണുനീർ തിളങ്ങുന്നത് പലപ്പോഴും കണ്ടിരുന്നു
ആക്സിഡന്റ് ആയി ഒരു കാൽ മുറിച്ചു മാറ്റപ്പെട്ട ഒരു ഇരുപത്താറുകാരൻ്റെ
ഏകദേശ രൂപം മനസ്സിൽ വരച്ചു ചേർത്തിരുന്നു പക്ഷേ ഒരു കൂടിക്കാഴ്ച ഒരിക്കലും നടന്നിരുന്നില്ല
ദിനങ്ങൾ അതിവേഗത്തിൽ കടന്നു പൊയ്ക്കൊണ്ടേയിരുന്നു
പക്ഷേ ആ ഓണക്കാലത്ത് അവിടേയ്ക്ക് ചെന്നപ്പോൾ ആദ്യം തന്നെ ആ വീട്ടിൽ എത്തണമെന്നൊരു തോന്നൽ
കുറച്ചു ഉയരത്തിൽ ആണ് അവരുടെ വീട്
ചെറിയൊരു കുന്നു കയറി മുകളിലെത്തുബോൾ
കല്ലുകൊണ്ട് ക്ഷേത്രത്തിലെ പോലെ തന്നെ പടിക്കെട്ടുകൾ
പടിക്കെട്ടു കയറി
എത്തുബോൾ വിശാലമായ മുറ്റം അതിൻെറ ഇരു വശത്തും ധാരാളം ചെടികൾ
പൂത്തു നിന്നിരുന്നു
എന്നും പൂമ്പാറ്റകൾ പാറിപ്പറക്കുന്ന പൂന്തോട്ടത്തിലേയ്ക്ക് കൊതിയോടെ പലപ്പോഴും നോക്കി നിന്നിട്ടുണ്ട്
പ്രകൃതി ഒരുക്കിയ
ഭൂമിയിൽ സർവ്വതും
സുന്ദരമാണ് പക്ഷേ മനുഷ്യനെ മാത്രം കുറവുകളാൽ നിർമ്മിച്ചു
അവിടെ എത്തുബോൾ മനസ്സ് ശാന്തമാവും
ജോലി ഭാരങ്ങൾ ഇറക്കി വെച്ച് സ്വസ്ഥമാവും
പടികൾ കയറി ചെന്നപ്പോൾ ജാനകിയമ്മയെ കണ്ടു
ഉമ്മറത്ത് കാലും നീട്ടി വെച്ചിരുന്ന് വെറ്റില മുറുക്കുകയാണ്
എന്നെ കണ്ടപ്പോഴെ
ആ കണ്ണുകളിൽ സന്തോഷം നിറഞ്ഞു
"
മോളെപ്പോൾ എത്തി ,എന്തെങ്കിലും കഴിച്ചോ ?ഞാൻ ചായ എടുക്കാം
അകത്തേയ്ക്ക് വാ
" എന്ന് പറഞ്ഞവർ അകത്തേയ്ക്ക് തിരിഞ്ഞു
"ഒന്നും വേണ്ടമ്മേ "
എന്ന് സ്നേഹത്തോടെ നിരസിച്ചു അകത്തേ മുറിയിലേയ്ക്ക് പാളി നോക്കി
പാതിചാരിയ വാതിൽ കണ്ണിലുടക്കി
"സുധേച്ചി എവിടെ ?
ഹാളിലെ സോഫയിലിരുന്ന് കൊണ്ട് ചോദിച്ചു
"അവളും,മാളൂട്ടിയും,ജയനും ആശുപത്രിയിൽ പോയി മോൾക്ക്‌ ചെറിയൊരു പനി
ജയനോട് പറഞ്ഞതാ പോവണ്ട എന്ന് പക്ഷേ
എൻ്റെ കുട്ടിക്ക് മരുമോള് ജീവനാണ് "അതും പറഞ്ഞു എപ്പോഴത്തേയും പോലെ കണ്ണു തുടച്ചു കൊണ്ട് അവർ വീണ്ടും തുടർന്നു
"മോളിവിടെ ഇരിക്ക് അവരു വരുബോഴേക്കും കുറച്ചു പാൽ തിളപ്പിച്ചു വയ്ക്കട്ടെ"
അത്രയും പറഞ്ഞു അടുക്കളയിലേയ്ക്ക് നടന്നു പോവുന്ന ആ മാതാവിന്റെ ദു:ഖം തന്റെ മനസ്സിനേയും നോവിച്ചിരുന്നു
എന്നും തൻെറ മുൻപിൽ അടഞ്ഞിരുന്ന ആ വാതിൽ പതിയെ തുറന്നു മുറിയിൽ കയറിയപ്പോൾ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു പല ചിത്രങ്ങളാൽ ചുവരുകൾ നിറഞ്ഞിരുന്നു ജീവൻ തുളുമ്പുന്ന ചിത്രങ്ങൾ
പല ചിത്രങ്ങളും പല കഥകളായി തോന്നി
ചിത്രങ്ങളിൽ പതിയെ തലോടി
ടേബിളിൽ അടുക്കി വച്ച ബുക്കുകൾ മൊട്ടക്കുന്നു പോലെ , അല്ലെങ്കിൽ കുന്നോളം എത്തിയ അറിവിന്റെ അടയാളം പോലെ
അങ്ങനെ ഒരു പുതിയ ലോകത്തേയ്ക്ക് പ്രവേശിച്ചിരുന്നു താനെന്ന് സ്വയം തോന്നിയ നിമിഷം
പെട്ടെന്ന് വരച്ചു പകുതിയായ ചിത്രം കണ്ണിലുടക്കി
ഒരു പെണ്ണിന്റെ ചിത്രമാണ്
ആ ചിത്രത്തിന് തൻെറ മുഖച്ഛായ ഉണ്ടായിരുന്നു
ഒരിക്കലും തന്നെ കാണാത്ത ജയേട്ടൻ ഇതെങ്ങനെ
അല്ലെങ്കിൽ മറഞ്ഞിരുന്ന് എന്നെ ശ്രദ്ധിച്ചിരുന്നോ
മനസ്സിൽ ചോദ്യങ്ങളുയർന്നു ഉത്തരമില്ലാതെ
"നിനക്കെന്താ എൻ്റെ മുറിയിൽ കാര്യം?"
തിരിഞ്ഞു നോക്കിയപ്പോൾ ജയേട്ടൻ
ഒരു കൈയ്യിൽ ഊന്നുവടിയുമായി തന്നെ
കത്തുന്ന മിഴിയുമായി നോക്കി നിൽക്കുന്നു
ആദ്യമായ് കാണുബോൾ ഇത്തരം ഒരു
സാഹചര്യമായിരുന്നില്ല സ്വപ്നം കണ്ടത്
"അത് ഞാൻ വെറുതെ "
വാക്കുകൾ മുറിഞ്ഞു പോയി
ശബ്ദം പുറത്തു വരാൻ മടിക്കുന്നത് പോലെ തൊണ്ട വറ്റി വരണ്ടു
ശരീരം വിറച്ചു തുടങ്ങി
അകത്തേക്ക് കയറി വന്നപ്പോൾ മനസ്സ് പിടഞ്ഞു കരുതിയതിനേക്കാൾ സുന്ദരനും ,സുമുഖനും ഒരു കാലില്ല എന്നത് ഒരു കുറവായി തോന്നിയില്ല
പുറത്തേയ്ക്ക് ഇറങ്ങുബോൾ വീണ്ടും ഗുഹയ്ക്കുള്ളിലെന്ന പോലെ ആ ശബ്ദം
" നിൽക്ക്"
ആരോ പിടിച്ചു നിർത്തിയത് പോലേ അവിടെ തറഞ്ഞു നിന്നു എന്തുകൊണ്ടോ തിരിഞ്ഞു നോക്കിയില്ല ഒരു മോഷ്ടാവിനെ കൈയ്യോടെ പിടി കൂടിയ ലാഘവത്തോടെ മുൻപിൽ നിൽക്കുന്ന ആ മനുഷ്യൻ്റെ മുഖത്തു നോക്കാൻ കഴിഞ്ഞില്ല
താൻ പിടിക്കപ്പെട്ടിരിക്കുന്നു
മറ്റൊരാളുടെ മുറിയിൽ അതിക്രമിച്ചു കയറിയെന്ന തെറ്റിൻ്റെ പേരിൽ
വീണ്ടും അയാൾ സംസാരിച്ചു തുടങ്ങി
"
മറ്റൊരാളുടെ മുറിയിൽ അനുവാദമില്ലാതെ കയറുന്നത് ശരിയായ കാര്യമല്ല അതും ഒരു പെൺകുട്ടിക്ക്"
പെട്ടെന്ന് ധൈര്യം സംഭരിച്ചു തിരിഞ്ഞു നിന്ന് പറഞ്ഞു
"ഒരു പെണ്ണിന്റെ അനുവാദം കൂടാതെ അവളുടെ ചിത്രം വരയ്ക്കുന്നതും തെറ്റാണ്
പിന്നെ അവിടെ നിന്നില്ല തിരിഞ്ഞൊരോട്ടം
പടിക്കെട്ടുകൾ ഇറങ്ങുബോഴും നടക്കുകയാണോ,ഓടുകയാണോ ഒന്നും അറിഞ്ഞിരുന്നില്ല
വീട്ടുകാരുടെ നിർബന്ധ പ്രകാരം മറ്റൊരാളുടെ മുൻപിൽ കഴുത്തു നീട്ടിയ ദുർവിധി
മനസ്സിലെ പ്രണയം തുറന്നു പറയാതെ മനസ്സിൽ അടക്കം ചെയ്തു പുതിയ ജീവിതവുമായി പൊരുത്തപ്പെടാൻ തയ്യാറായിരുന്നു
പക്ഷേ
അന്ന് തൊട്ട് അനുഭവിച്ച കൊടിയ പീഡനങ്ങൾ
മാനസികമായി തളർത്തി
സന്തോഷത്തിൻ്റെ പടിക്കെട്ടുകളായിരുന്നു ഒരിക്കൽ ഓടിയിറങ്ങിയത്
ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത ഒരധ്യായം
"മേഡം സ്ഥലമെത്തി "
ഡ്രൈവർ കൃഷ്ണൻ പറഞ്ഞപ്പോൾ ഓർമ്മകളെ വീണ്ടും അടക്കം ചെയ്തു
കാറിൽ നിന്നിറങ്ങി ആ കുന്നു കയറുബോഴും മനസ്സിൽ ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ചയുടെ ഓർമ്മകൾ വീണ്ടും തേടിയത്തി
പടിക്കെട്ടുകൾ കയറിയപ്പോൾ വേനൽച്ചൂടിൽ കരിഞ്ഞുണങ്ങിയ ചെടികളിൽ പൂക്കളുണ്ടായിരുന്നില്ല തൊടിയിൽ ജാനകി അമ്മ ഒരു മൺകൂനയായി മാറിയിരുന്നു
കോളിങ് ബെൽ ശബ്ദിച്ചപ്പോൾ അകത്തേ മുറിയിൽ നിന്ന് ജയേച്ചി ഇറങ്ങി വന്നു
നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കാണുബോഴും ജയേച്ചിയുടെ സൗന്ദര്യത്തിനും ,സ്നേഹത്തിനും മങ്ങലേറ്റിരുന്നില്ല
വിശേഷങ്ങൾ പരസ്പരം പറഞ്ഞു
"സംശയ രോഗിയായ അയാളോടൊപ്പം ജീവിച്ചു മതിയായി ചേച്ചി അനുഭവിച്ചു ഒരുപാട് "
അതു പറയുബോൾ എന്ത് കൊണ്ടോ കണ്ണുകൾ നിറഞ്ഞു
"സാരമില്ല മോളെ അതൊക്കെ വിധിയാണ് "
"എട്ട് വർഷം ഇന്നെലെ എന്ന പോലെ തോന്നുന്നു നിങ്ങളൊക്കെ എൻ്റെ ഓർമ്മയിൽ വരാത്ത ദിവസം ഇല്ല
ജയേട്ടൻ അകത്തുണ്ടോ "
"ഉണ്ട് നീ ചെന്നു കാണ് ഞാൻ കഴിക്കാനെടുക്കാം "
ഒരിക്കൽ ഇറങ്ങിയ അതേ വാതിലിനു മുൻപിൽ ഒന്നു പകച്ചു നിന്നു വിധി വീണ്ടും ഇവിടെയെത്തിച്ചിരിക്കുന്നു
പതിയെ മുറി തുറന്നപ്പോൾ അകത്തേ ചെറിയ കട്ടിലിൽ കിടന്ന മനുഷ്യ രൂപം തെല്ലമ്പരപ്പോടെ എഴുന്നേറ്റ് നോക്കി
മുഖത്ത് ഞെട്ടൽ പ്രകടമായിരുന്നു
പക്ഷേ ഒന്നും മിണ്ടിയില്ല
പക്ഷേ എനിക്ക് മിണ്ടണമായിരുന്നു,കരഞ്ഞു വീർത്തു വേദനിച്ച കൺപോളകളിൽ മുത്തമിട്ട് സാരമില്ല എന്ന് പറയാതെ പറയുന്ന
സ്നേഹം തുളുമ്പുന്ന ഒരു രക്ഷകൻ അതായിരുന്നു കൺ മുൻപിൽ നിശബ്ദമായി കണ്ണു മിഴിച്ചു നിൽക്കുന്നത്
കണ്ണുകൾ ഭ്രാന്തമായി തിരഞ്ഞത് ആ ചിത്രമായിരുന്നു പാതി മാത്രമായ ആ ചിത്രം ആ മുറിയിൽ നിന്ന് കണ്ടെടുത്തപ്പോൾ അതിനെ പൂർണ്ണതിൽ എത്തിച്ചിരുന്നു
ആ ചിത്രകാരൻ
പറയാതെ പറഞ്ഞ ആ പ്രണയം ആ ചിത്രത്തിൽ ഒളിച്ചു വച്ചിരുന്നു
പിന്നൊന്നും നോക്കിയില്ല ആ ശരീരത്തെ തന്നിലേയ്ക്ക് അടുപ്പിച്ച് തിരു നെറ്റിയിൽ ഉമ്മ വെച്ച് പിന്നെയും മാറോടണച്ചപ്പോൾ 
പ്രണയത്തിന് വീണ്ടും മഴവില്ലിന്റെ നിറം കിട്ടിയിരുന്നു
.............................
രാജിരാഘവൻ

പ്രതീക്ഷകളുടെ തോഴി

Image may contain: 1 person, indoor
ഈറൻസന്ധ്യേ,
നീ പ്രതീക്ഷകളുടെ തോഴി
നിന്‍റെ പ്രമാണങ്ങളെന്നും വിരഹം.
പ്രഭാതത്തിന്‍റെയിളംചൂടും
മദ്ധ്യാഹ്നസൂര്യന്‍റെ തീനാളവും
പ്രദോഷത്തിന്‍റെ കുങ്കുമച്ചോപ്പി-
ലേക്കാവാഹിച്ച് രാഗലോലയായി
നീയുണർന്നപ്പോളെതിരേല്ക്കാൻ
നറുമണം ചൊരിയുന്ന പുഷ്പങ്ങളും
പൊൻപുലരിയുടെ ആദ്യകിരണങ്ങളും
പ്രഭാതകീർത്തനങ്ങളുമില്ലെന്ന്
നീയെന്തിനു പരിതപിക്കുന്നു?
ദളങ്ങൾകൊഴിഞ്ഞ് ഇടറിവീഴുന്ന
പുഷ്പങ്ങൾക്കന്ത്യകാഴ്ച്ചയും
സന്ധ്യാപുഷ്പങ്ങൾക്കാദ്യകാഴ്ച്ച -
യുമാകും നിന്നുയർത്തെഴുന്നേല്പ്.
ദീപാരാധനയും മന്ത്രധ്വനികളും
പള്ളിമണികളും ബാങ്കുവിളികളും
വരവിനെ പ്രകീർത്തിക്കുമ്പോൾ
നിന്‍റെ മിഴിനീർ വീണുറക്ക-
മുണർന്ന സന്ധ്യാപുഷ്പങ്ങൾ വിടർന്നു
സൗരഭ്യംപടർത്തി യാത്രാമംഗളങ്ങൾ നേരും.

ചേക്കേറാൻ ചില്ലകൾ തേടിയെത്തും
കിളികളുടെയും ദേശാടനപ്പക്ഷികളുടെയും
ചിലപ്പുകളാലും തീറ്റ തേടി പറക്കുന്ന
കടവവ്വാലുകളുടെ ചിറകടിയൊച്ചകളാലും
നിനക്ക് സന്ധ്യാവന്ദനം നല്കുമ്പോൾ
വഴിവിളക്കുകൾ ഇരുവലം നിന്ന്
നിന്നെ സ്വീകരിക്കാനായ് മിഴിതുറക്കും.
നിന്‍റെ യാത്രയുടെ നാന്ദി കുറിക്കുവാൻ
ഇരതേടി മാളത്തിൽനിന്നും
പുറത്തിറങ്ങുന്ന കുറുനരികളും,
വയറുനിറയാത്തെ തെരുവുനായ്ക്കളും
മാനംനോക്കി ഓരിയിടുമ്പോൾ
ചുണ്ടിൽ ചായംതേച്ച് മുല്ലപ്പൂ ചൂടിയ
നിശാചരിണികളും, അവരെ തേടിയെത്തുന്ന
സദാചാര സംരക്ഷകരെന്നു ഭാവിക്കുന്ന
മുഖംമറച്ച പകൽ മാന്യൻമാരേയുംനോക്കി
പുച്ഛിച്ചു ചിരിച്ചു കൊണ്ട് നീ
മേഘപാളിക്കൾക്കിടയിലൂടെ വാനിലലിഞ്ഞ്
രാത്രിയുടെ ആദ്യയാമങ്ങളിൽ പടരുന്നതുംകണ്ട്
മാനത്ത് ചന്ദ്രൻ പുഞ്ചിരിപൊഴിക്കും
ബെന്നി.ടി.ജെ

പവിഴമല്ലികൾ ചിരിക്കട്ടെ

Flower & flower buds I IMG 2257.jpg
"ഗുരുശാപം.... കന്യകാശാപം.... ഒന്നും ഒരു കാലത്തും ഫലിക്കാതെ പോവില്ലെടോ.... "
അയാൾ അർദ്ധബോധത്തിലെന്ന പോലെ പുലമ്പിക്കൊണ്ടിരുന്നു.
ബാബയുടെ അഗതിമന്ദിരത്തോടു ചേർന്ന ചെറിയ ക്ലിനിക്കിൽ രണ്ടു ദിവസം മുൻപാണ് ആരൊക്കെയോ ചേർന്ന് അയാളെ എത്തിച്ചത്.
ദേഹമാകെ വ്രണങ്ങൾ... കാൽ ഡ്രെസു ചെയ്യാനെടുത്തു വച്ചപ്പോൾ പാദത്തിനടിയിലെ മുറിവിൽ നിന്നും പുറത്തേയ്ക്കു വീണ പുഴുക്കളെ കണ്ട ശേഷം ഒരിറക്കു വെള്ളം പോലും തൃപ്തിയോടെ കുടിക്കാൻ സാധിച്ചിട്ടില്ല.
കാമാത്തിപ്പുരയിലെ അഴുക്കുപിടിച്ച ഗലികളിൽ ഇഴയുന്ന നിലയിൽ കണ്ടെത്തിയ മനുഷ്യക്കോലത്തിനു പ്രായം നാൽപതു കളിലായിരിക്കണം. അതോ അതിൽ കുറവോ...
ഈ പ്രായത്തിൽ...ഈ അവസ്ഥയിൽ ...! അല്ലെങ്കിലും ഇത്തരം കാഴ്ചകളൊന്നും ഈ തെരുവുകളിൽ അപൂർവമല്ലല്ലോ.
മരുന്നുകൾ ചെന്നു തുടങ്ങിയതോടെ അവസ്ഥ അൽപം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇടയ്ക്കിടെയെത്തുന്ന കടുത്ത പനിയും ശ്വാസതടസ്സവും പ്രതീക്ഷയ്ക്കു വക നൽകുന്നില്ല.
പഴുപ്പ് എല്ലുകളെ ബാധിച്ചിട്ടുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. അരയ്ക്കു താഴെ പാദം വരെയും പല വലിപ്പത്തിലും പ്രായത്തിലുമുള്ള വ്രണങ്ങൾ...പുതിയതോരോന്ന് ശരീരത്തിന്റെ പല ഭാഗങ്ങളിലായി തല കാട്ടുന്നുണ്ട്.
നഴ്സ് ഓരോ വ്രണത്തിലെയും പഴുപ്പ് മെല്ലെ കുത്തിയെടുത്തു കൊണ്ടിരിക്കുന്നു. വേദനാസംഹാരികൾ അയാളിൽ വേണ്ടത്ര പ്രതികരണമുണ്ടാക്കുന്നില്ലെന്നത് വ്യക്തമാണ്. അയാളുടെ ശരീരത്തെ ഒതുക്കിക്കിടത്താൻ എനിക്കത്രയേറെ പണിപ്പെടേണ്ടി വരുന്നുണ്ടായിരുന്നു.
"തന്തയില്ലാത്തവൻ... തന്തയാരെന്നറിയാത്തവൻ... എന്നെ വീട്ടിലേയ്ക്കടുപ്പിച്ചത് മാഷിന്റെ തെറ്റ്... അവരുടെ തെറ്റ്... "അയാൾ വാക്കുകൾ ചവച്ചു തുപ്പി.
"സഹതാപം...! ത്ഫൂ... "അയാൾ നീട്ടിത്തുപ്പി. മുംബൈക്കാരിയായ നഴ്സ് അനിഷ്ടത്തോടെ അയാളുടെ മുഖത്തേയ്ക്ക് നോക്കി, ഒരു വലിയ വ്രണത്തിലേയ്ക്ക് കോട്ടൺ തള്ളിയിറക്കിയപ്പോൾ പുച്ഛത്തിലെന്നോണം അയാളുടെ ചിറി ഒരു വശത്തേയ്ക്കു കോടിപ്പോയി.
"പ്രിയശിഷ്യനായി കണ്ടെത്തിയതാണ്. ഈ എന്നെ...! ഏതോ തെരുവുപട്ടിക്കുണ്ടായ വിത്തെന്നോർത്തില്ല..
വിഡ്ഢികൾ ...!!"
അയാളെന്റെ കൈയിലെ ഗ്ലൗസില്ലാത്ത ഭാഗത്ത് തോണ്ടി വിളിച്ചപ്പോൾ വല്ലാത്ത ഈർഷ്യ തോന്നി ഞാൻ കൈ വലിച്ചു കോട്ടിൽ തുടച്ചു. സ്പിരിറ്റിൽ മുക്കിയ കോട്ടൺ എടുത്ത് അവിടെ ഒന്നു തുടയ്ക്കാനാവാത്തതിൽ എനിക്ക് വല്ലാത്ത വിമ്മിട്ടം തോന്നി. ദേഹമാസകലം എന്തോ അരിക്കുന്ന പോലെ.
അയാളതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. "ഞാനിതെല്ലാം എന്തിനു തന്നോടു പറയുന്നെന്നല്ലേ..?" അയാളെന്റെ കണ്ണുകളിലേയ്ക്കു നോക്കി.പീള കെട്ടിയെ വെള്ളാരങ്കണ്ണുകൾ.. എനിക്കു വീണ്ടും അറച്ചു.
"വെറുക്കണം ...! എല്ലാവരും ... എന്നെ അറിയുന്ന ഓരോരുത്തരും എന്നെ വെറുക്കണം. ഒരു പുഴുവിനെ പ്പോലെ... പുഴുത്ത പട്ടിയെപ്പോലെ..."
" അവൾ...മാഷിന്റെ മകൾ... " അയാളുടെ കണ്ണുകൾ പാതിയടഞ്ഞു. "അവളുടെ ചുണ്ടിനു താഴെയുള്ള ആ കറുത്ത മറുക് ...നാശം..!! അതാണെന്നെ ഭ്രാന്തനാക്കിയത്... പിന്നെ അവളുടെയാ മണം... പവിഴമല്ലിപ്പൂക്കളുടെ ഗന്ധം... "
"ആ... ഹ്! "കഠിനമായൊരു വേദനയിൽ അയാൾ വെട്ടിപ്പുളഞ്ഞു. "വേദനിക്കട്ടെ... ഇനിയുമിനിയും വേദനിക്കട്ടെ.. ആരും സഹതപിക്കരുത് ".,അയാൾ പിറുപിറുത്തു കൊണ്ടിരുന്നു.
"ദാ... ഇപ്പഴും... " അയാൾ മൂക്കുവിടർത്തി മണത്തു. കണ്ണുകൾ ചുഴറ്റി. "ചതഞ്ഞ പവിഴമല്ലിപ്പൂക്കളുടെ ഗന്ധം... "
നഴ്സ് ഇപ്പോഴയാളുടെ പാദത്തിനു മേലുള്ള വലിയ വ്രണമാണ് വൃത്തിയാക്കുന്നത്- വല്ലാത്തൊരു ദുർഗന്ധം മുറിയിൽ വ്യാപിക്കാൻ തുടങ്ങിയിരിക്കുന്നു.
ഞാൻ പുറത്തെ കാഴ്ചകളിലേയ്ക്ക് മുഖം തിരിച്ചു.ജനാലയ്ക്കപ്പുറം ഒരു വലിയ ചിലന്തി വല നെയ്തു കൊണ്ടിരുന്നു.
"തളർന്നുവീണപ്പോൾ വലംകൈയാകുമെന്നു മാഷ് കരുതിയവൻ... "അയാൾ തന്റെ വ്രണം പേറുന്ന വലം കൈയിലേയ്ക്കു നോക്കി.
"കണ്ടോ, ചാറ്റൽ മഴ ... "അയാൾ വാതിലിനു നേരെ കണ്ണു ചൂണ്ടി. പുറത്ത് വെയിൽ തിളച്ചു കിടന്നു.
"അവളെക്കുറിച്ച് ഓർത്താൽ ഉടനെത്തും ഈ ചാറ്റൽ മഴ... ഒരു ചുമരിനപ്പുറം പാതി മരിച്ചു കിടക്കുന്ന അച്ഛൻ ഒന്നുമറിയാതിരിക്കാനായി.... അവൾ അടക്കിപ്പിടിച്ച തേങ്ങലുകൾ..."
"മാ.....ഷേ..... !! "വേദനയുടെ ആരോഹണമേറിയ വലിയൊരു നിലവിളി അയാളുടെ തൊണ്ടയിൽ കുരുങ്ങി അവ്യക്തമേതോ ആഴങ്ങളിൽ ചെന്നു പതിച്ചു.
"ഈ കാമാത്തിപ്പുരയാകെ അലഞ്ഞിട്ടുണ്ട്.... " വാക്കുകൾ തൊണ്ടയിൽ നിന്നും ചതഞ്ഞരഞ്ഞു പുറത്തേയ്ക്കു വീണു കൊണ്ടിരുന്നു.
"ഓരോ അഭിസാരികയ്ക്കു മുമ്പിലും അറപ്പോടെ ഞാനെന്റെ പൗരുഷം വിളമ്പി... എന്നിട്ടും... ഓരോ ചാറ്റൽ മഴയ്ക്കുമൊപ്പം അവളുടെ ഗന്ധം... ശാപം... എന്നെ വിട്ടു പോകാതെ...."
"ഒന്നും തീർന്നിട്ടില്ല. തീരില്ല.... വേദനിച്ചു വേദനിച്ചു തന്നെ തീരണം ..... ഇനിയും .. ഇനിയും.... "
കാൽ മടമ്പിനോട് ചേർന്നുള്ള വലിയ പൊത്തുപോലുള്ള മുറിവിനെ ചുറ്റിയ കെട്ട് നഴ്സ് അഴിച്ചെടുത്തു. പഴുത്തു ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധം...
അടിവയറ്റിൽ നിന്നും മുകളിലേയ്ക്കിരച്ചു വന്നൊരോക്കാനത്തിൽ ഞാൻ പിടഞ്ഞുണർന്നു.
ബസ് കാമാത്തിപ്പുരയെത്തിയിരിക്കുന്നു.
തിങ്ങിത്തിങ്ങി നിലകൊള്ളുന്ന പുരാതന കെട്ടിടങ്ങളുടെ താഴെ നിന്നും ഒന്നാം നിലകളിൽ നിന്നും ഗുഹാമുഖം പോലെ തെരുവിലേയ്ക്കു തുറന്ന വാതായനങ്ങളിൽ നിന്നു കൊണ്ട് പിച്ചിപ്പൂ ചൂടിയ പെണ്ണുങ്ങൾ കൈമാടി വിളിച്ചു.
സമീപത്തെ ഓടയിൽ നിന്നും ഉയരുന്ന ദുർഗന്ധം പാതയോരത്ത് വിൽപനയ്ക്കു വെച്ച പൂക്കളുടെ ഗന്ധത്തെപ്പുണർന്ന് തെരുവാകെ പരക്കുന്നു.
പീള കെട്ടിയ വെള്ളാരങ്കണ്ണുകൾ വല്ലാത്തൊരു അസ്വസ്ഥതയായി മനസ്സിൽ നിറഞ്ഞു.
വേദനകളില്ലാത്ത ലോകത്തേയ്ക്ക് അയാൾ പോയിക്കഴിഞ്ഞു. മരണവുമായി ബന്ധപ്പെട്ട ചില ഫോർമാലിറ്റികൾ തീർക്കാനായി നഗരസഭ ലക്ഷ്യമിട്ടിറങ്ങിയതാണ് ഞാൻ.
മുന്നിലെ സീറ്റിൽ നിന്നും അമ്മയുടെ തോളിലേയ്ക്ക് ചാരിക്കിടന്നൊരു കുഞ്ഞ് കൈനീട്ടിച്ചിരിക്കുന്നു. ചെമ്പിച്ച മുടിയും ഓമനത്തമാർന്ന മുഖവും.അവളുടെ ചുരുട്ടിപ്പിടിച്ച കുഞ്ഞുകൈയിൽ ഉമ്മ വെയ്ക്കാൻ തോന്നി.
"അരുത് ഉണ്ണ്യേട്ടാ... !അത്... ഉണ്ണ്യേട്ടന്റെ മോളല്ല.!!" ഭാമയുടെ സ്വരം. ഒരു നടുക്കത്തിൽ പിന്നിലേയ്ക്കു മലച്ചുപോയി.
വെള്ളാരം കണ്ണുകളുള്ളൊരു കുഞ്ഞു സുന്ദരി ഓർമയിൽ തെളിഞ്ഞു.
ദൈവമേ...! ഞാനെന്താണ് ചെയ്തത്...?
പിന്നെയൊരു തിടുക്കമായിരുന്നു. തൊട്ടടുത്ത സ്റ്റോപ്പിലിറങ്ങി. ഓട്ടോ പിടിച്ച് ബാബയുടെ അരികിലെത്തി. വിവരങ്ങൾ പറഞ്ഞ് അനുഗ്രഹം വാങ്ങി, അത്യാവശ്യ സാധനങ്ങൾ ഒരു ബാഗിൽ കുത്തിനിറച്ച് ബസ് സ്റ്റാൻഡിലേയ്ക്ക് ഓടുകയായിരുന്നു.
ഹൃദയം ലാവ പോലെ തിളച്ചുരുകുകയായിരുന്നതിനാൽ സൂര്യൻ തലയ്ക്കു മേലെ തീ ചൊരിയുന്നതൊന്നും ഞാനറിഞ്ഞില്ല
നാട്ടിലേക്ക് സ്റ്റാർട്ടു ചെയ്തിട്ട ബസിൽ ചാടിക്കയറി സീറ്റിലേയ്ക്കമരുമ്പോൾ ശരീരത്തിലെ ഓരോ അണുവും ത്രസിക്കുന്നതറിഞ്ഞു.
വർഷങ്ങളുടെ ഏകാന്ത ജീവിതം കൊണ്ടു സ്ഫുടം ചെയ്തെടുത്ത മനസ്സിനെ കുറ്റബോധമോ സങ്കടമോ എന്നു വിവേചിച്ചറിയാനാവാത്ത ഒരു വികാരം ചുരന്നു കൊണ്ടിരുന്നു.
ഇപ്പോൾ എല്ലാം വ്യക്തമാകുന്നു. വിവാഹത്തിന് ഏതാനും ദിവസം മുൻപു കാണുമ്പോൾ പ്രസരിപ്പോടെ ഓടി വന്ന ഭാമ, കതിർമണ്ഡപത്തിൽ ഒരു മരപ്പാവ പോലിരുന്നത്....
പടിയിറങ്ങും മുമ്പ് അച്ഛന്റെ തളർന്ന വലം കൈ മുഖത്തണച്ചപ്പോൾ ഉള്ളുലഞ്ഞൊരു സങ്കടച്ചീള് പുറത്തേയ്ക്ക് തെറിച്ചത്....
കിടപ്പറയിലെ നിർവികാരത, അമ്മയാവാൻ പോകുന്നെന്നറിഞ്ഞപ്പോഴത്തെ വിഹ്വലത... എല്ലാം...
ഇനിയൊരു സ്ട്രോക്കു കൂടി താങ്ങാൻ അച്ഛനു കഴിയില്ലെന്നോർത്താവണം.... ! എത്ര വലിയ നെരിപ്പോട് നെഞ്ചിൽ ചുമന്നാവണം അവൾ തന്നോടൊപ്പം കഴിഞ്ഞത്.
കടിഞ്ഞൂൽ കൺമണിയെ കാണാൻ ഓടിയെത്തിയതതായിരുന്നു. കുഞ്ഞിക്കൈ മെല്ലെ വിടർത്തി ചുണ്ടോടു ചേർക്കുമ്പോഴായിരുന്നു...!
ചതിവു പറ്റിയെന്നറിഞ്ഞ നിമിഷം പടിയിറങ്ങിയതാണ്. വിശ്വാസങ്ങൾക്കാണ് മുറിവ് പറ്റിയത്. ശുദ്ധരിൽ ശുദ്ധനായ വാര്യർ മാഷ്,, മഞ്ഞു തുള്ളിയുടെ നൈർമല്യമുള്ള ഭാമ... ഹൃദയം നൂറായി നുറുങ്ങിപ്പോയിരുന്നു.
"അരുത്....അത് ഉണ്ണ്യേട്ടന്റെ കുഞ്ഞല്ല... ! "പിന്നീടെത്ര രാവുകളിൽ ഈ പിഞ്ഞിപ്പറിഞ്ഞ സ്വരം കേട്ട് ഞെട്ടിയുണർന്നിരിക്കുന്നു. പോകെപ്പോകെ മറവിയുടെ മാറാലകൾ ആ വലിയ മുറിവിനെ പൊതിഞ്ഞെടുത്തു.
ഇപ്പോൾ തോന്നുന്നു, ഭാമ ഒരിക്കലുമത് പറയാതിരുന്നെങ്കിൽ...! എടുത്തു ചാടി ഇറങ്ങിപ്പോരും മുമ്പ് അവളെ ചേർത്തു പിടിച്ച് എല്ലാം അന്വേഷിച്ചറിഞ്ഞിരുന്നെങ്കിൽ....
പിന്നിട്ടുപോയ ഗ്രീഷ്മങ്ങൾ വസന്തങ്ങളാകുമായിരുന്നോ?
അറിയില്ല. പിന്നീടു നടന്നു തീർത്ത കനൽവഴികളല്ലേ
തന്നെ പാകപ്പെടുത്തിയെടുത്തത്?
വാര്യർ മാഷിന്റെ വീട്ടിലേയ്ക്കുള്ള ഇടവഴി കയറുമ്പോൾ നടക്കല്ലുകളിലേയ്ക്ക് നിഴൽ വീണു തുടങ്ങിയിരുന്നു. പവിഴമല്ലിയുടെ നേർത്ത സുഗന്ധം തന്നെ തേടി വരുംപോലെ.
മുറ്റത്തേയ്ക്കു കയറുമ്പോൾ കണ്ടു, തുളസിത്തറയ്ക്കപ്പുറം കെട്ടിയ അസ്ഥിത്തറയിലേക്ക് മുഖം ചായ്ച്ചു കിടക്കുന്ന സ്ത്രീരൂപം.
ചാരെ, പൂത്തു നിൽക്കുന്ന പവിഴമല്ലിയിൽ നിന്നും ഉതിർന്നു വീണ ശുഭ്ര പുഷ്പങ്ങൾ അവളുടെ അഴിച്ചിട്ട മുടിയെ ചുംബിച്ചു ചിതറിക്കിടക്കുന്നു.
"ഭാമേ... "അടുത്തുചെന്ന് തോളിൽ തട്ടി വിളിച്ചപ്പോൾ അവൾ പിടഞ്ഞെണീറ്റു. തെളിഞ്ഞ നെറ്റിത്തടത്തിലേയ്ക്കൂർന്നു വീണു തിളങ്ങുന്ന സീമന്തരേഖയിലെ സിന്ദൂരച്ചാർത്ത്.
ബാഗ് താഴെ വച്ച് അവൾക്കു നേരെ കൈകൾ നീട്ടിയപ്പോൾ അര നിമിഷത്തെ അമ്പരപ്പ്... പിന്നെ ഒരു തേങ്ങലോടെ അവളെന്റെ നെഞ്ചിലേയ്ക്ക് വീഴുകയായിരുന്നു.
"അമ്മേ..." എന്നു വിളിച്ച് ഒതുക്കുകല്ലിറങ്ങി വന്ന ആറുവയസ്സുകാരി അന്ധാളിച്ചു പടികളിലൊന്നിൽ തറഞ്ഞു നിന്നു. പിടഞ്ഞു മാറിയ ഭാമയെ വിട്ട് ഞാൻ കുഞ്ഞിനടുത്തേയ്ക്ക് നടന്നു.
അവളുടെ വെള്ളാരങ്കണ്ണിലേയ്ക്കും ചുണ്ടിനു താഴെയുള്ള മറുകിലേയ്ക്കും ഞാൻ കൗതുകത്തോടെ നോക്കി.
അവളെ വാരിയെടുക്കുമ്പോൾ ഭാമ വിളിച്ചു, "ഉണ്ണ്യേട്ടാ... ദേവൂട്ടി... "
ഞാൻ ഭാമയുടെ ചുണ്ടുകൾ ചൂണ്ടുവിരൽ കൊണ്ട് പൂട്ടി.... "നമ്മുടെ മോൾ...!"
ഒരു കൈ കൊണ്ട് ഭാമയെ ചേർത്തണച്ച് ദേവൂട്ടിയുടെ നെറ്റിയിൽ മുത്തമിടുമ്പോൾ അസ്ഥിത്തറയിലെ തിരിനാളമുലച്ച് ഒഴുകി വന്നൊരു തെന്നൽ ഒരു പിടി പൂക്കൾ ഞങ്ങൾക്കു മേലെ പൊഴിച്ച് കടന്നു പോയി
Surya Manu

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo