
"മൂന്നുവയസ്സുകാരി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊന്ന രണ്ടാനച്ഛൻ അറസ്റ്റിൽ" എന്ന വാർത്ത വായിച്ചു കൊണ്ടാണ് റെജിൻ്റെ പ്രഭാതം ആരംഭിച്ചത്. മനസ്സിൻറെ അസ്വസ്ഥത അന്നത്തെ ദിവസത്തിൽ ഉടനീളം കനം തൂങ്ങി നിന്നു. ഓഫീസിലെ ജോലിക്കിടയ്‌ക്കും ഭക്ഷണം കഴിക്കുമ്പോഴും സഹപ്രവർത്തകരുമായി സംസാരിക്കുമ്പോഴും എല്ലാം, കണ്ണുകളിൽ പോലും നിഷ്കളങ്കതയുടെ നക്ഷത്രങ്ങൾ വിടർത്തിയ ഒരു ഓമന മുഖം തെളിഞ്ഞു നിന്നു അവന്റെ കൺമുൻപിൽ. വൈകിട്ട് വീട്ടിലേക്കുള്ള മടക്കയാത്രയിൽ സാധാരണയായി ഓഫീസിൻറെ അടുത്തായി ഉള്ള ജംഗ്ഷനിലെ കടയിൽ നിന്നും പതിവായി വാങ്ങുന്ന വിൽസിന്റെ പായ്ക്കറ്റ് വാങ്ങാൻ മറന്ന് റെജിൻ ബസ്‌സ്റ്റോപ്പിലേക്ക് നടന്നു..
*********
സാഹചര്യങ്ങൾ, സാക്ഷിമൊഴികൾ, വാദപ്രതിവാദങ്ങൾ ഒക്കെയും കണക്കിലെടുത്ത കോടതി ശക്തമായ തെളിവുകളുടെ അഭാവത്തിൽ പ്രതിയെ ശിക്ഷിക്കാൻ ആവില്ല എന്ന തീരുമാനത്തിലെത്തി. വിധി കേൾക്കാനായി കോടതിയിലേക്ക് അവസാനമായി കയറ്റുമ്പോൾ കൈവിലങ്ങ് ഊരിയ പോലീസുകാരിയുടെ കയ്യിൽ കൂർത്ത തള്ളവിരൽ നഖം കൊണ്ട് മുറിവേൽപ്പിച്ച ശേഷം കീഴ്ച്ചുണ്ട് നനച്ച് അവരെ നോക്കി ചിരിച്ച അയാളുടെ മുഖമായിരുന്നു, അടുത്ത ദിവസത്തെ പത്രങ്ങളുടെ മുഖച്ചാർത്ത്.
***********
വൈകുന്നേരത്തെ ചായ മേശയിൽ ഇരുന്ന് ആറിത്തണുത്തിരുന്നു. ഞരമ്പുകളിലേക്ക് ഇരച്ചു വന്ന ചോര റെജിന്റെ കണ്ണുകളിൽ ചുവപ്പുരാശി പടർത്തി. "കൊല്ലണം. ഇതുപോലെ ഒരാളെ കൊന്നാൽ ഒരു കുടുംബം രക്ഷപ്പെടും. ഒരുപക്ഷേ ഒരു നാട് തന്നെ രക്ഷപ്പെട്ടേക്കും." റെജിൻ തന്നോടുതന്നെ മന്ത്രിച്ചു. "എത്രകാലമായി വായിക്കുന്നു ഇത്തരം കഥകൾ? ആരുമൊന്നും പ്രവർത്തിക്കുന്നില്ല. കൺമുന്നിൽ നടക്കുന്ന തിന്മകൾക്കു നേരെ പോലും ആഞ്ഞടിക്കുന്നില്ല! എവിടെയാണ് മനുഷ്യത്വം? എവിടെയാണ് നീതിന്യായ വ്യവസ്ഥ?" റെജിൻ്റെ കഴുത്തിലെ ഞരമ്പുകൾ പിടച്ചു.
ചക്രവാളത്തിലെ അങ്ങേയറ്റത്തേക്ക് നീണ്ട നിഴലുകൾ മരണാസന്നനായ സൂര്യൻ ചാലിച്ച ചുവപ്പിൽ പിടഞ്ഞു തീരുന്നത് നോക്കിയിരിക്കുമ്പോൾ റെജിൻ എന്തോ മനസ്സിൽ ഉറപ്പിക്കുകയായിരുന്നു.
********
രാത്രിയുടെ കരിമ്പടത്തിൽ അങ്ങിങ്ങായി കാണപ്പെട്ട കീറലുകളായി അവശേഷിച്ചിരുന്ന തെരുവുവിളക്കുകളുടെ വെളിച്ചത്തിലൂടെ ബൈക്കോടിക്കുമ്പോൾ എതിരെ അധികം വണ്ടികൾ വരുന്നുണ്ടായിരുന്നില്ല. വളവു തിരിഞ്ഞു അല്പം മുൻപിലായി കയ്യാലയോട് ചേർത്ത് ബൈക്ക് നിർത്തി ഇറങ്ങിയ റെജിൻ ഒരിക്കൽക്കൂടി തൻറെ അരയിൽ തപ്പി നോക്കി. മൂർച്ച കൂട്ടിയ കഠാര അവിടെത്തന്നെയുണ്ട്. പത്രത്തിൽ കണ്ട വീടും പരിസരങ്ങളും ഇരുട്ടിലും വ്യക്തമായിരുന്നു. ശബ്ദമുണ്ടാക്കാതെ അവൻ പതിയെ ആ വീടിൻറെ നേർക്ക് നടന്നു. ജനാലയ്ക്കൽ നിന്ന് അവ്യക്തമായ ശബ്ദങ്ങളും മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിൻറെ അറ്റത്തായി ഓളം വെട്ടുന്ന തിരിനാളങ്ങൾ ജനാലവിരിയിൽ തീർക്കുന്ന അപഭ്രംശം സംഭവിച്ച ദൃശ്യങ്ങളും അടർന്ന് വീണ് ഇരുട്ടിൽ വിലയം പ്രാപിച്ചുകൊണ്ടിരുന്നു.
റെജിൻ ജനാലയുടെ വശത്തായി ഭിത്തിയോട് പുറംതിരിഞ്ഞുനിന്നു. പിന്നീട് പതിയെ നീങ്ങി ജനാലവിരിക്കിടയിലൂടെ ഉള്ളിലേക്ക് നോക്കി.. ചാലിട്ടൊഴുകിയ വിയർപ്പ്, ചുമരിൻ്റെ വെളുത്ത പ്രതലത്തിൽ തീർത്ത ദൃശ്യങ്ങൾ അവന് ഇടത് വശത്തായി മങ്ങിയ ചുവരിൽ എന്തോ ഭീതിതമായ ചിത്രങ്ങൾ തീർത്തിരുന്നു. അയാൾ ചിരിക്കുകയായിരുന്നു. റെജിന് അയാളുടെ മുഖം വ്യക്തമായി കാണാമായിരുന്നു. പത്രത്തിൽ കണ്ട അതേ ചിരി, ചെന്നായയുടെ മുഖം. റെജിന്റെ വിരലുകൾ കഠാരയുടെ പിടിക്ക് ചുറ്റും അമർന്നു..
*******
"അയ്യോ ഓടിവരണേ.. ഈ കാലമാടൻ എന്നെ കൊല്ലുന്നേ.." അടുത്ത വീട്ടിൽനിന്നും ഉയർന്ന നിലവിളി കേട്ട് റെജിൻ ഞെട്ടി നിവർന്നിരുന്നു. "അമ്മേ.." രണ്ടുവയസ്സുകാരി കുഞ്ഞിൻ്റെയും നിലവിളി കേൾക്കാം. റെജിൻ വിടർത്തിപ്പിടിച്ചിരുന്ന പത്രത്തിൻറെ കൈവെള്ളയിൽ ഇരുന്നു ചുരുണ്ട ഭാഗങ്ങൾ വിയർപ്പുകൊണ്ട് നനഞ്ഞിരുന്നു. റെജിൻ പതിയെ എഴുന്നേറ്റ് ചെന്ന് ശബ്ദം കടന്നുവരുന്ന ജനാല ചേർത്തടച്ചു. "എന്നും ഇതുതന്നെ കഥ! മദ്യപാനവും മർദ്ദനവും. അയാൾക്ക് മടുത്തില്ലെങ്കിലും ഇന്നും ഇതേ കരച്ചിൽ തന്നെ ആവർത്തിക്കുന്ന ഭാര്യയ്ക്ക് ഒന്ന് മാറ്റിപ്പിടിച്ചു കൂടെ?" റെജിൻ അസ്വസ്ഥതയോടുകൂടി ഓർത്തു. "അയൽവക്കക്കാരനായ ഞാനാണ് ഇവിടെ പീഡിതൻ!" ഇങ്ങനെ മുറുമുറുത്തു കൊണ്ട് റെജിൻ തൻറെ മൊബൈൽ എടുത്ത് ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു. "കൺമുന്നിൽ കാണുന്ന തിന്മകളെ പോലും എതിർക്കാത്ത യുവതലമുറ വളർന്നു വരികയാണ്. മൂന്നു വയസ്സുകാരി പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയ നരാധമൻ വീണ്ടും ജനമധ്യത്തിലേക്ക്. വിചാരണ ഇവിടെത്തന്നെയാണ് നടക്കേണ്ടത്. ശിക്ഷ വിധിക്കേണ്ടത്, നടപ്പിലാക്കേണ്ടത്, ജനങ്ങളുടെ കോടതിയാണ്." ഒരു മാസമായി വേട്ടയാടിക്കൊണ്ടിരുന്ന ഭാരിച്ച ചിന്തകളിൽ നിന്നും ഒട്ടൊന്നു മുക്തനായി റെജിൻ ഒന്നു ദീർഘമായി നിശ്വസിച്ചു. എന്നിട്ട് വീണ്ടും തൻറെ പീഠത്തിൽ ഉപവിഷ്ടനായിക്കൊണ്ട് പരിചിന്തനം പുനരാരംഭിച്ചു.
***********
കഠാരയുടെ മൂർച്ച ഒന്നുകൂടി പരിശോധിക്കാനായി തൻറെ തള്ളവിരൽ അതിൻറെ അറ്റത്തു കൂടി ഒന്ന് ഓടിച്ച റെജിന്റെ തള്ളവിരലിന്റെ അറ്റത്ത് ചോര പൊടിച്ചു. വലതുകയ്യിൽ മുറുകെപ്പിടിച്ച കഠാരയുമായി അവൻ വാതിൽ തള്ളിത്തുറന്ന് ഉള്ളിലേക്ക് കുതിച്ചു..
(അവസാനിച്ചു)
By: Swapna Alexis
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക