Slider

നിമിത്തവും ദൈവനിശ്ചയവും.

0
Image may contain: Muhammad Ali Ch, smiling, on stage
ഭാര്യ സഫിയയോട് റഫീഖ് പറഞ്ഞു " സഫിയാ ഇവിടെ 
വീട്ടുവാടകയൊക്കെ കുത്തനെ ഉയർന്നിരിക്കുകയാണ്, ഇനി മറ്റൊരു സ്ഥലത്തേക്ക് താമസം മാറലൊക്കെ വലിയ ചെലവും മെനക്കേടുമാണ്, കല്യാണം കഴിഞ്ഞ് നിന്റെ പാസ്പോർട്ട് തയ്യാറായി നീ ഇവിടെ എത്തുന്നത് വരെയുള്ള കാലയളവ് , ഏതാനും മാസങ്ങൾ മാത്രമൊഴിച്ചു നിർത്തിയാൽ നമ്മൾ ഇതുവരെ പിരിഞ്ഞിരുന്നിട്ടില്ല, എന്നാൽ ഇപ്പോൾ നാം അൽപ്പം പ്രതിസന്ധിയിൽ തന്നെയാണ് , നീയും മക്കളും കുറച്ച് കാലം നാട്ടിൽ നിന്റെ ഉമ്മാന്റെ കൂടെ താമസിക്ക് ", പ്രതിസന്ധി വിവരിക്കാതെ തന്നെ അത് നന്നായി അറിയാവുന്ന റസിയ അത് സമ്മതിച്ചു. പിന്നെ അടുത്തമാസം നടക്കാനുള്ള , എളാമ്മയുടെ മകൾ ഷഹീറയുടെ കല്യാണത്തിന് പങ്കെടുക്കുകയും ചെയ്യാം. "ഈ സമയം സാധിക്കുമെങ്കിൽ നല്ലൊരു കോഴ്‌സിന് ചേർന്ന് പഠിക്കാനും നീ ശ്രമിക്കണം കേട്ടോ " റഫീഖ് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. 
ഒരു ഗൾഫ് രാജ്യത്തെ തലസ്ഥാന നഗരിയിൽ മറ്റൊരാളുടെ പേരിലുള്ള ഫ്‌ളാറ്റിൽ ഒരു മുറിയിൽ പ്രതിമാസ മാസവാടക നൽകിയാണ് റഫീഖും കുടുംബവും താമസിച്ചു വരുന്നത് . ഫ്‌ളാറ്റുടമസ്ഥന് ജോലി നഷ്ടപ്പെട്ടതോടെ റഫീഖും , ഭാര്യയും , രണ്ടാണ്മക്കളുമടങ്ങുന്ന കുടുംബത്തിന് താമസിക്കാൻ വേറെ സ്ഥലമന്വേഷിച്ചേ മതിയാവൂ. പൊതുവെ വീട്ടുവാടകയൊക്കെ വളരെ ഉയർന്നു നിൽക്കുന്ന സമയം, രണ്ടാമത്തെ ആൺ കുഞ്ഞ് ജനിച്ച് ആറ് മാസമായപ്പോളാണ് ഈ പ്രതിസന്ധി അവരെ ബാധിച്ചത്. 20 മാസം പ്രായമായ മൂത്ത ആൺകുട്ടിക്ക് പുറമെ, രണ്ടാമത്തെ കുഞ്ഞും കൂടി കുടുംബത്തിലേക്ക് വന്നപ്പോൾ, സഫിയക്ക് കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിൽ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. റഫീഖിനാണെങ്കിൽ രാവിലെ മുതൽ വൈകിട്ട് വരെ ജോലിയും, സാധാരണ ദിവസങ്ങളിൽ സഫിയയെ വീട്ടുകാര്യങ്ങളിലൊന്ന് സഹായിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധിക്കാറില്ല. 
മറ്റൊരു സ്ഥലത്തേക്ക് താമസം മാറുന്നതിന്റെയും, രണ്ട് കുട്ടികളെ വളർത്താനുള്ള ആ സമയത്തെ ചെലവും മറ്റ് ബുദ്ധിമുട്ടുകളും പരിഗണിച്ച് കൊണ്ട് സഫിയയും കുട്ടികളും കുറച്ച് കാലം നാട്ടിൽ താമസിക്കട്ടെ, പിന്നീട് സാഹചര്യത്തിനനുസരിച്ച് തിരിച്ചു വരാം എന്ന ധാരണയിലെത്തി. ഒന്നാം ക്ലാസ് മുതൽ കോൺവെന്റ്‌ സംവിധാനത്തിൽ പഠിച്ച് , സയൻസ് ബിരുദധാരിയായ സഫിയ, താൻ സ്വയം അത്ര സ്മാർട്ടല്ല, എന്ന ധാരണയിലും, മാത്രമല്ല താൻ ഒരിക്കലും ജോലിക്ക് പോകുകയില്ല എന്ന തീരുമാനത്തിലുമായിരുന്നു. എങ്കിലും മതവിശ്വാസ ചട്ടക്കൂടിൽ നിന്ന് കൊണ്ടുള്ള എല്ലാ പുരോഗമന കാര്യങ്ങൾക്കും പിന്തുണ നൽകുന്ന ഭർത്താവിന്റെ സമീപനവും , ഗൾഫിലെ ജീവിതാനുഭവങ്ങളും ഒരു പാഠമായെടുത്ത് ഇനിയും കൂടുതൽ എന്തെങ്കിലും പഠിക്കണമെന്നും, ജോലി ചെയ്യണമെന്നുള്ള ആഗ്രഹം സഫിയയിൽ ഉടലെടുത്തു കഴിഞ്ഞിരുന്നു. 
"സഫിയാ, പെണ്കുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടിയാൽ അത് അവർക്കും , കുടുംബത്തിനും, സമൂഹത്തിനും ഉപകരിക്കണം, നിന്റെ യോഗ്യതക്കനുസരിച്ചുള്ള എന്തെങ്കിലും ജോലിക്ക് ശ്രമിക്കുകയും വേണം, നിന്റെ ശമ്പളം കൊണ്ട് കുടുംബം പോറ്റാനല്ല, മറിച്ച് നിനക്കൊരു ആത്മസംതൃപ്തിയുണ്ടാകും കൂടാതെ നിന്നെ പഠിപ്പിച്ച ബാപ്പാക്കും, ഉമ്മാക്കും എന്തെങ്കിലും നിന്റേതായി തിരിച്ചു നൽകാനും, നമ്മുടെ സാമ്പത്തിക ഞെരുക്കത്തിന് അൽപ്പം അയവ് വരുത്തുകയും ചെയ്യും.” ", റഫീഖിന്റെ സാധാരണ ഡയലോഗാണ് ..
രണ്ട് വർഷങ്ങൾക്ക് മുൻപ് മുൻപ്, റഫീഖിന്റെ സുഹൃത്ത് വിനോദിന്റെ ഭാര്യ പ്രസവാവധിക്ക് നാട്ടിൽ പോകുമ്പോൾ, സഫിയയെ അവിടെ പകരക്കാരിയായി ജോലി ഏർപ്പാട് ചെയ്യാൻ റഫീഖിനായിരുന്നു. യോഗ്യതക്കനുസരിച്ചുള്ള ജോലിയല്ലെങ്കിലും, ഒരു ഓഫീസ് പരിചയമാവട്ടെ എന്ന് കരുതിയാണ് ശമ്പളക്കണക്കൊന്നും നോക്കാതെ ജോയിൻ ചെയ്തത്. ജോലി ആരംഭിച്ചത് മുതലേ പരാതിയുടെ ഫയലുകളും എന്നും റഫീഖിന്റെ മുൻപിൽ ഫോണിലും, വീട്ടിലുമെത്തിയെന്നത് വേറെ കാര്യം !!
എന്തായാലും, നാട്ടിൽ പോകുന്നതിന് മുമ്പ് യാത്ര പറയാൻ ചെന്നപ്പോൾ റഫീഖിന്റെ ഫാര്മസിസ്റ്റായ ബന്ധു ആരിഫ്, മെഡിക്കൽ സംബന്ധിയായ ഒരു കോഴ്സ് നിർദ്ദേശിച്ചു, നാട്ടിൽ ചെന്ന് ഈ കോഴ്‌സിന് വേണ്ടി അന്വേഷിച്ച സഫിയക്ക് , അങ്ങനെയൊരു കോഴ്‌സിനെക്കുറിച്ച് ഒരു വിവരവും ശേഖരിക്കാൻ സാധിച്ചില്ല, ഒരു ദിവസം പെട്ടെന്ന് റഫീഖ് നാട്ടിലെത്തി, വീട്ടിലിരുന്ന് അന്നത്തെ പത്രത്തിൽ തൊഴിൽ, കോഴ്സ് കോളത്തിൽ ബന്ധു ആരിഫ് സഫിയക്ക് വേണ്ടി നിർദ്ദേശിച്ച കോഴ്സ് പെട്ടിക്കോളത്തിൽ പരസ്യമായി കിടക്കുന്നു!!. തികച്ചും അവിശ്വസനീയമായി തോന്നി റഫീഖിന്!! ഉടനെ അടുക്കളയിൽ പ്രാതൽ തയ്യാറാക്കുന്ന തിരക്കിലുള്ള ഭാര്യയെ ഉമ്മറത്ത് നിന്നും അകത്തേക്ക് തല നീട്ടി വിളിച്ചു 
"സഫിയാ , ഏയ് സഫിയാ " "ങ്ഹാ ദേ വരുന്നൂ , അകത്ത് നിന്നും മറുപടിയും ഒപ്പം സഫിയയുമെത്തി. കണ്ട വാർത്ത പത്രത്തിൽ നിന്നും എങ്ങും പറന്നു പോകാതിരിക്കാനായി അമർത്തിപ്പിടിച്ചത് കണ്ട് , പത്രവായനയിൽ തീരെ താല്പര്യമില്ലാത്ത സഫിയയും ആശ്ചര്യപ്പെട്ടു. റഫീഖ് ആ പരസ്യം സഫിയക്ക് കാട്ടിക്കൊടുത്തു "ദാ ഗൾഫിൽ വെച്ച് ആരിഫ് പറഞ്ഞ ആ കോഴ്‌സിന്റെ അറിയിപ്പ്, അടുത്തയാഴ്ച്ച ക്ലാസ്സ് ആരംഭിക്കുന്നുവെന്നാണ് കാണുന്നത്, താഴെ ടെലഫോൺ നമ്പറുമുണ്ട്. കൂടുതൽ ചിന്തിച്ച് സമയം കളയാതെ ഉടനെ ആ നമ്പറിൽ വിളിച്ചു അന്വേഷിച്ചു, നാട്ടിൽ നിന്നും 40 കിലോമീറ്ററോളം അകലമുണ്ട് ആ പഠന കേന്ദ്രത്തിലേക്കെങ്കിലും ഉച്ചക്ക് മുൻപേ തന്നെ അവിടെ എത്തി, വിവരങ്ങൾ അന്വേഷിച്ചു.
" കേരളത്തിൽ എല്ലാ ഭാഗത്തൊന്നും ഈ കോഴ്സ് ഇല്ല, തിരുവനന്തപുരം കഴിഞ്ഞാൽ പിന്നെ ഇവിടെയെ ഇപ്പോളുള്ളൂ. ഇതത്ര പ്രചാരത്തിലായിട്ടില്ല, പക്ഷെ നല്ല സാധ്യതകളുള്ള ഒരു കോഴ്സ് ആണ് ഇത്. ഇവിടെ ഇപ്പോൾ 18 പേരായി, ആകെ 20 പേർക്കുള്ള സൗകര്യമേ ഇപ്പോളിവിടെയുള്ളൂ, 15,000 രൂപയാണ് ആകെ ഫീസ് ഇപ്പോൾ 5,000 /- രൂപ അടക്കണം, ബാക്കി കോഴ്സ് ആരംഭിച്ച് ഒരു മാസം കഴിഞ്ഞും. കോഴ്സ് ബുധനാഴ്ച്ച ആരംഭിക്കും പിന്നെ രണ്ട് ഫോട്ടോയും വേണം", സ്ഥാപന മേധാവി അരവിന്ദൻ സാർ പറഞ്ഞു. 
നാല് മാസം നീളുന്ന ആ കോഴ്‌സിന് ചേർന്ന് സഫിയ പഠനം ആരംഭിച്ചു.
മുലകുടിപ്രായത്തിലുള്ള കുഞ്ഞിനെ വീട്ടിലാക്കി പോകുന്നതിനോട് ചിലർ മുറുമുറുത്തു, എന്നാൽ അതിനേക്കാളേറെ പിന്തുണ ലഭിച്ചതിനാൽ വിഷമത്തോടെയും, എന്നാൽ പഠിക്കാനുള്ള സന്തോഷത്തോടെയും കോഴ്സ് തുടരുക തന്നെ ചെയ്തു. 
കോഴ്സ് പൂർത്തിയായി ഏറ്റവും ഉയർന്ന പ്രകടനം സഫിയയുടേതായിരുന്നു !! പിന്നീട് അതേ സ്ഥാപനത്തിന്റെ, തലസ്ഥാന നഗരിയിലെ ഹെഡ്ക്വാർട്ടേഴ്സിൽ സഫിയയെ ജോലിയോടൊപ്പമുള്ള പരിശീലനത്തിനും തെരഞ്ഞെടുക്കപ്പെട്ടു. ആറ് മാസക്കാലം തലസ്ഥാനത്ത് വീട് വാടകക്കെടുത്ത് തന്റെ ഉമ്മയോടും മക്കളോടുമൊപ്പം സഫിയ താമസിച്ചു അതും പൂർത്തിയാക്കി, . തലസ്ഥാനത്ത് വെച്ച് അറിയാൻ കഴിഞ്ഞു, ആദ്യബാച്ച് കോഴ്സ് പൂർത്തിയാക്കിയ ഉടനെ തന്നെ ആ സ്ഥാപനം പിന്നീട് പഠിതാക്കളെ ലഭിക്കാത്തത് കാരണം നിർത്തി പോലും !!
പിന്നീട് തിരുവന്തപുരത്തെ സ്ഥാപന മേധാവി സുരേഷ് സാറിന്റെ പിന്തുണയോടെ ഓൺലൈനിൽ ജോലി തുടർന്ന്ആകെ ഒന്നര വർഷക്കാലം നാട്ടിൽ ചെലവഴിച്ച്, സാഹചര്യം കുറച്ചനുകൂലമായപ്പോൾ സഫിയയും മക്കളും ഗൾഫിലേക്ക് തിരിച്ചെത്തി. പുതുതായി നേടിയ യോഗ്യതക്കനുസരിച്ചുള്ള ജോലിഅന്വേഷിച്ചു തുടങ്ങുകയും ചില വാഗ്ദാനങ്ങൾ പെട്ടെന്ന് തന്നെ ലഭിക്കുകയും ചെയ്തുവെങ്കിലും, കൂട്ടത്തിൽ ഉയർന്ന വേതനവും ആനുകൂല്യവുമുള്ള പ്രശസ്തമായ ആശുപത്രിയിൽ സഫിയക്ക് ജോലിയും ലഭിച്ചു. ദൈവത്തിന് സ്തുതി !!
എല്ലാം ഒന്ന് ചിട്ടയിലായപ്പോൾ റഫീഖ് സഫിയയോട് പറഞ്ഞു
"എല്ലാം പടച്ചോന്റെ തീരുമാനമാണ്. ഞാൻ നിന്നെപ്പോലും അറിയിക്കാതെ പെട്ടെന്ന് കുറച്ച് ദിവസത്തേക്ക് നാട്ടിലേക്ക് വന്നത്, ആ കോഴ്‌സിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടത്, ഇപ്പോൾ ജോലിയുമായി.. ഒരിക്കലും ജോലി ചെയ്യില്ല എന്ന് പറഞ്ഞുകൊണ്ടിരുന്ന നീ ഇപ്പോൾ ജോലിക്കാരിയായി. … അൽഹംദുലില്ലാഹ് "
റഫീഖിക്ക നിങ്ങള് കേട്ടോ "ഞാനിപ്പോൾ ജോലി ചെയ്യുന്ന ആശുപത്രിയിൽ ഈ തസ്തികയിൽ ആകെ ഉണ്ടായിരുന്ന ഒഴിവിലേക്കാണ് എന്നെ പരിഗണിച്ചത് ഇത് ദൈവനിശ്ചയമല്ലാതെ മറ്റെന്താണ് ? പിന്നെ, നിങ്ങളുടെ പിന്തുണയും, വീട്ടുകാരുടെ സഹകരണവും ഇങ്ങനെയൊക്കെ ആയിത്തീരാൻ സഹായകമായി" 
ഞാനിപ്പോൾ ജോലിക്കാരിയായി !! അതും ഇഷ്ടപ്പെട്ട ജോലി തന്നെ , തമിഴനായ മാനേജർ ശിവകുമാർ നല്ല പിന്തുണയും നൽകുന്നുണ്ട്... താനും സ്വാഭിമാനിയായതായി സഫിയക്ക് തോന്നി. 
റഫീഖ് പറഞ്ഞു, "സഫിയാ നിമിത്തങ്ങൾ ദൈവികമാണ് , അല്ലെങ്കിൽ ദൈവനിശ്‌ചയങ്ങൾ സംഭവിക്കുന്നത് നിമിത്തങ്ങളിലൂടെയാണ്, നമ്മുടെ ജീവിതത്തിന്റെ ഈ വഴിത്തിരിവ് തന്നെ ഏറ്റവും നല്ല ഉദാഹരണം", ഭക്തരായ രണ്ടുപേരും പടച്ചവന്റെ മുന്നിൽ സുജൂദിലേക്ക് ..

മുഹമ്മദ് അലി മാങ്കടവ് 
21 / 02/ 2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo