Slider

മാംസനിബദ്ധമല്ല രാഗം

0
Image may contain: 1 person, indoor
ഒരു മഴതൻ തൂവൽസ്പർശമായി
സിരകളിലലിയും ജീവരക്തമായ്,
സര്‍ഗ്ഗചേതനാമന്ത്രമായിപ്പൂവിലും
ശലഭത്തിലും പൂന്തേനിലുമൊഴുകുമീ
മധുരപ്രണയത്തിന്‍റെ നിർവൃതിയിൽ
ശരീരികളൊഴുകുന്നു ജീവിതനദിയിൽ.
മാറിയകാലത്തിന്‍റെ പുതിയമന്ത്രത്തില്‍
പ്രണയവും പുതുരൂപമാര്‍ന്നിവിടെ.
വെളുക്കെച്ചിരിച്ചും സ്വയം നടിച്ചും
രതിസുഖം തേടിയലയുന്ന യൗവനം,
സുഖഭോഗമന്ത്രത്തിന്നരക്കില്ലംതന്നിൽ
ഈയാംപാറ്റയായ് പിടഞ്ഞുവീഴുന്നു.
കാമികരൂപമാര്‍ന്നെങ്ങും വിഹരിക്കും
ശ്ശികുപ്രണയത്തിന്‍ മാംസവികാരങ്ങൾ
ബന്ധങ്ങൾതൻ തായ്വേരറുക്കുന്നു;
ഭോഗപ്രണയത്തിൻഭാവങ്ങൾ ക്ഷണപ്രഭം.
നറുംപ്രണയത്തിന്‍റെ വാഗ്രൂപത്തിനായി
ദൈവങ്ങള്‍പോലും തപസ്സിരിക്കുന്നീ
പ്രണയക്കെടുതിയുടെ വാല്മീകത്തില്‍.
കണ്വാശ്രമത്തില്‍ വിരിഞ്ഞ പ്രണയവും
വിദര്‍ഭയില്‍നിന്ന് ഹംസദൂതായ്
നിഷധയിലേക്കു പറന്ന പ്രണയവും
പരിത്യക്തയായ് ചുടലക്കാട്ടില്‍ക്കിടന്ന
വാസവദത്തതന്‍ നിസ്വാര്‍ത്ഥപ്രണയവും
കൃഷ്ണനും രാധയും പാടിനടന്നൊരാ
ഹരിതവൃന്ദാവനവും പോയ്മറഞ്ഞൂ.
ലൈലയും മജ്നുവു,മനശ്വര പ്രണയത്തിന്‍റെ
കോറിവരച്ചിട്ട കാവ്യഭംഗികൾമാത്രമായി.
പ്രണയനിഷേധത്തില്‍ ചുട്ടെരിക്കപ്പെട്ട
ആത്മനൊമ്പരങ്ങളും കണ്ണുനീരും
കലിയുഗപ്രണയത്തിൻ തിരുശേഷിപ്പുകൾ.
പ്രണയത്തിനൊടുവിൽ ശിഥിലമാകുന്നതും
പ്രണയത്താലൊന്നായ ജീവിതങ്ങൾതന്നെ.
പ്രണയത്തിലൊരുമിച്ച മാതാപിതാക്കളും
മറ്റൊരു പ്രണയത്താൽ വേർപിരിയുന്നു!
പ്രണയത്തിനിടയിൽപ്പിറക്കുന്ന മക്കളോ
നഷ്ടപ്രണയത്തിൻ ശിഷ്ടങ്ങളായ് മാറുന്നു!
സ്വപ്നങ്ങൾനെയ്തുവളർത്തിടും പെറ്റവർ;
നഷ്ടസ്വപ്നത്തിന്നിരകളായ്ത്തീരുന്നു.
പെറ്റുവളർത്തുന്ന മാതാപിതാക്കൾതൻ
മാനം കളയാത്ത, മിഴികൾ നിറയ്ക്കാത്ത,
ഉള്ളം കുളിർപ്പിക്കും സുന്ദരപ്രണയത്തെ
‘മാംസനിബദ്ധമല്ല രാഗ’മെന്ന്
ലോകം വാഴ്ത്തിടുമെന്നുമെന്നും.
ബെന്നി ടി. ജെ.
07/04/2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo