നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഡാവർ - Part 3

Image may contain: Divija, eating, sitting and child

അരമതിലിൽ ചാരിയിരുന്ന് മടിയിൽ പെറുക്കിക്കൂട്ടിയിരുന്ന ഇലഞ്ഞിപ്പൂക്കൾ കൊണ്ടു മാല കോർക്കുകയാണ് രൂപേന്ദു.
അരികിൽ കണ്ട പൂക്കളെല്ലാം പെറുക്കിയെടുത്ത് മേരിച്ചേടത്തി അവളുടെ മടിയിലേക്കിട്ടു.
അവളിൽ ഒരു ഭാവവിത്യാസവും ഉണ്ടായില്ല.
നോക്കിയിരിക്കുന്തോറും ചേടത്തിക്ക് നെഞ്ചു നീറി.
'എന്നാ പ്രസരിപ്പൊള്ള കൊച്ചാരുന്നു...എന്തൊരു കോലമായിപ്പോയി...
ഹോ...എന്റെ കർത്താവേ ഈ കുഞ്ഞ് വാ തൊറന്ന് എന്തേലുമൊന്ന് മിണ്ടിക്കേട്ടിട്ട് എന്റെ കണ്ണടഞ്ഞാ മതിയാരുന്നു.'
അവരുടെ പരിദേവനം കേട്ട് അതു വഴി വിവരമന്വേഷിക്കാൻ വന്ന കാറ്റ് ഇലഞ്ഞിമരത്തോടിത്തിരി പൂമണം കടം ചോദിച്ചിരിക്കണം...
പൂമഴ പോലെ അവരിലേക്ക് ഇലഞ്ഞിപ്പൂക്കൾ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു.
രൂപേന്ദുവിന്റെ വിരലുകൾ യാന്ത്രികമായി അവ പെറുക്കി മാലയിലേക്കു ചേർത്തു.
അനുസരണയില്ലാതെ അവളുടെ മുഖത്തേക്കു വീണു കൊണ്ടിരുന്ന മുടിയിഴകളെ
ഒതുക്കി വെച്ചിട്ട് വാത്സല്യത്തോടെ അവരവളോട് ചേർന്നിരുന്നു.
'എന്നാത്തിനാ കൊച്ചേ ഈ മാല?
എത്ര നാളായിട്ട് കോർത്തോണ്ടിരിക്കുവാ?
ആദ്യത്തെ പൂവൊക്കെ കരിഞ്ഞുതുടങ്ങി'
രൂപേന്ദു മിണ്ടിയില്ല.മുഖം തിരിച്ചില്ല.
അവരെ നോക്കിയില്ല.മേരിച്ചേടത്തിക്കൊന്ന് വിങ്ങിപ്പൊട്ടിക്കരയാൻ തോന്നി.
എന്നാ സ്നേഹമൊള്ള കൊച്ചാരുന്നു.
അമ്മച്ചീന്ന് തെകച്ചു വിളിക്കുകേല...
അതിന്റെ വായേന്ന് കമാന്നൊരക്ഷരം വീണിട്ട് മാസം രണ്ടായി.
എന്നാത്തിനാ എന്റെ കർത്താവേ നീ ഇങ്ങനെ പരീക്ഷിക്കുന്നെ...?
'എന്താ ചേടത്തി ഇങ്ങനെ കർത്താവിനോട് പരാതി പറയുന്നെ?അങ്ങേരെന്നാ ചെയ്തു?'
ജേക്കബ് തരകന്റെ സ്വരം കേട്ട് ചേടത്തി ചാടിയെണീറ്റു.
'ഈ കൊച്ചിന്റെ കോലം കണ്ടാ പരാതി പറയാതെ പിന്നെന്നാ ചെയ്യും സാറേ...പ്രതിമ പോലൊരിരുപ്പ്...കണ്ടിട്ടെന്റെ ചങ്കു പെടയ്ക്കുവാ'
'ഏയ്,ഇതൊക്കെ ശരിയാവുമെന്നേ ...രൂപേന്ദുവിനെ മിടുക്കിയാക്കി എടുക്കില്ലേ നമ്മൾ...ചേടത്തി ഒന്നു വന്നേ ...കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്.'
ഒരു കൈയിൽ പൂവും മറ്റേ കൈയിൽ നൂലും പിടിച്ച് എങ്ങോട്ടോ നോക്കി ഇരിക്കുന്ന രൂപേന്ദുവിനെ ഒന്നു നോക്കിയിട്ട് ചേടത്തി ഡോക്ടർക്കൊപ്പം നടന്നു.
അല്പനേരം നടന്നിട്ടും ഡോക്ടർ ഗൗരവഭാവത്തിൽ എന്തോ ചിന്തയിലാണ്ടു നടക്കുകയാണെന്നു കണ്ട് അവരൊന്നു മുരടനക്കി.
'എന്നതാ സാറേ പറയാനൊണ്ടെന്നു പറഞ്ഞെ?'
'രൂപേന്ദുവിന് ബന്ധുക്കളാരുമില്ലേ?'
'ഓ...അതൊരനാഥക്കൊച്ചാ...ഏതോ ആശ്രമത്തിലൊക്കെയാ വളർന്നെ.
പഠിക്കാൻ പോയെടത്തൂന്ന് കണ്ടിഷ്ടപ്പെട്ട് വരുൺകൊച്ചൻ കൂട്ടിക്കൊണ്ടു വന്നതാ.
അതോടെ ആ കൊച്ചന്റെ വീട്ടുകാരും തിരിഞ്ഞു നോക്കാതായി.
ചാവറിയിച്ചിട്ടും കൂടി തിരിഞ്ഞുനോക്കിയില്ല.കണ്ണിച്ചോരയില്ലാത്ത ജന്തുക്കള്'
ഒന്നു നിർത്തി ദീർഘമായൊന്നു ശ്വസിച്ചു അവർ
'എന്തു സന്തോഷായിട്ട് കഴിഞ്ഞിരുന്ന കൊച്ചുങ്ങളാ...
തമ്പുരാൻ ഇങ്ങനൊരടി അടിക്കുമെന്ന് ആരേലും കരുതീതാണോ...
അടുക്കളക്കാരിയാന്ന് ഒരിക്കൽ പോലും തോന്നിച്ചിട്ടില്ല രണ്ടാളും.അമ്മച്ചീ ന്നു തെകച്ചു വിളിക്കുകേലാരുന്നു.'
സങ്കടം വന്നു നിറഞ്ഞ് ശ്വാസം കിട്ടാതായപ്പോൾ ചേടത്തി മുണ്ടിന്റെ കോന്തലയുയർത്തി മൂക്കു പിഴിഞ്ഞു.
ആലോചനകളവസാനിക്കാത്ത കണ്ണുകളോടെ ജേക്കബ് തരകൻ അവരെ നോക്കി.
'ഉം...എന്നാ ചേടത്തി ചെല്ല്..എന്താ ചെയ്യാനാവുക എന്നു ഞാനൊന്നു നോക്കട്ടെ.'
ചേടത്തി തിരിച്ചു ചെല്ലുമ്പോഴും അതേയിരുപ്പ് ഇരിക്കുകയായിരുന്നു രൂപേന്ദു.
ഊരയ്ക്ക് കൈ താങ്ങി അവളുടെ അടുത്തേക്കിരിക്കുമ്പോൾ തീർത്തും അപ്രതീക്ഷിതമായാണ് അവളുടെ വിളിയൊച്ച കേട്ടത്.
'അമ്മച്ചീ'
പതിയെ ,തീരെ പതിയെ ആയതിനാലാവാം തോന്നിയതാവും എന്നു കരുതി ചേടത്തി.
പക്ഷേ ആ തോന്നൽ അവസാനിക്കുന്നതിനു ഏതാനും സെക്കന്റുകൾ ബാക്കി നിൽക്കുമ്പോൾ രൂപേന്ദു പിന്നെയും വിളിച്ചു.
അമ്മച്ചീ...
'മോളേ...'
പ്രായത്തിന്റെ അവശത പാടെ മറന്ന് അവർ പിടഞ്ഞെണീറ്റു.
'എന്റെ മോളാണോ വിളിച്ചെ?കർത്താവേ...എന്റെ കുഞ്ഞ് സംസാരിച്ചോ?'
വിതുമ്മിക്കരഞ്ഞു കൊണ്ട് അവരവളെ മാറോടു ചേർത്തു.
അവരുടെ നെഞ്ചിലേക്ക് മുഖം ചേർത്തമർത്തി രൂപേന്ദു.
'ഞാനിവിടെ വന്നിട്ട് ഒത്തിരി നാളായി അല്ലേ അമ്മച്ചി'
'ആ മോളേ...കുറേ മാസായി.ഒന്നും മിണ്ടാണ്ട് ആരേം അറിയാണ്ട്...ഇങ്ങനെ ഇലഞ്ഞിപ്പൂ കൊണ്ട് മാല കോർത്തോണ്ട് ...'
ചേടത്തിക്ക് വാക്കുകൾ വന്നു തൊണ്ടയടഞ്ഞു ...
'വരുൺ മരിച്ചിട്ടും ഒരുപാടു നാളായി അല്ലേ അമ്മച്ചീ...'
ശബ്ദമെടുക്കാനാവാത്ത വിധം അടഞ്ഞു പോയ തൊണ്ടയിൽ നിന്ന് ഒരു മൂളൽ പുറത്തു വന്നു.
രൂപേന്ദു നേരെയിരുന്നു.ചേടത്തിയുടെ കൈ രണ്ടും കൂട്ടിപ്പിടിച്ച് കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി.കാണെക്കാണെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.
'എന്നിട്ടും എന്താ അമ്മച്ചീ എനിക്കു ഭ്രാന്തു പിടിക്കാഞ്ഞെ?എന്താ എനിക്കു ചത്തുകളയാൻ തോന്നാഞ്ഞേ?'
അവരുടെ രണ്ടു തോളിലും അമർത്തിപ്പിടിച്ച് ഉള്ള ശക്തി മുഴുവനുമെടുത്ത് അവളവരെ പിടിച്ചുകുലുക്കി.
'എന്തിനാ അമ്മച്ചീ ഇപ്പോഴും ഞാൻ ജീവിച്ചിരിക്കുന്നേ...പറയ്...പറയ്...'
അവരെ മുറുകെ കെട്ടിപ്പിടിച്ച് അവൾ പൊട്ടിപ്പിളർന്നു കരഞ്ഞു.
മാസങ്ങളായി കെട്ടിനിർത്തിയിരുന്നു സങ്കടക്കടൽ അണ പൊട്ടിയൊഴുകി.
ഓരോ ഏങ്ങലിലും ചേടത്തി അവളെ കൂടുതൽ ശക്തമായി ചേർത്തു പിടിച്ചു.
'എന്റെ മോളു ശരിക്കും ഭ്രാന്തിയായി പോയേനേ അന്നു തരകൻ ഡോക്ടർ കണ്ടില്ലായിരുന്നേൽ....കർത്താവാ അന്നു ഡോക്ടറെ അങ്ങോട്ടയച്ചെ...'
രൂപേന്ദുവിന്റെ തേങ്ങലിനു കരുത്തു കൂടി...ഒരു കുഞ്ഞിനെ പോലെ അവളെ തന്നോടു ചേർത്തു നിർത്തി ചേടത്തി ആ പെയ്തൊഴിയലിനു കാവലിരുന്നു.
അൽപ്പം ദൂരെ ആ രംഗം കണ്ടു നിന്നിരുന്ന ഡോക്ടർ ജേക്കബ് തരകൻ കണ്ണട മുഖത്തു നിന്നെടുത്ത് അതിന്റെ ചില്ലുകൾ കർചീഫ് കൊണ്ടു നന്നായി തുടച്ചു.വീണ്ടുമതു മുഖത്തു വെച്ചിട്ട് തിരിഞ്ഞു നടന്നു.
...
ഡോറിൽ മൃദുവായി മൂന്നു കൊട്ട്...
ഡോക്ടർ ഒരു പുഞ്ചിരിയോടെ മുഖമുയർത്തി.
'വരൂ ...'
ശാന്തമായ പുഞ്ചിരിയോടെ രൂപേന്ദു മുറിയിലേക്കു വന്നു.
'ഇരിക്കൂ രൂപേന്ദു,ഹൗ ഡു യു ഫീൽ നൗ?'
'ബെറ്റെർ ഡോക്ടർ...ഞങ്ങൾ പോവുകയാണ്.ഡോക്ടറോട് യാത്ര പറയാൻ വന്നതാ'
'സന്തോഷം...രൂപേന്ദു ഇപ്പോൾ മിടുക്കിയായില്ലേ...ഇനി പഴയതൊക്കെ മറന്ന് ഒരു പുതിയ ജീവിതം തുടങ്ങാൻ ശ്രമിക്കണം.കഴിഞ്ഞ കാര്യങ്ങളോർത്ത് വിഷമിച്ചിട്ടെന്തു കാര്യം...
പുഴ ഒരിക്കലും പുറകോട്ട് ഒഴുകാറില്ല.
അത് മറക്കരുത്'
അർത്ഥം വ്യക്തമല്ലാത്തൊരു ചിരി അവളുടെ മുഖത്തു വിരിഞ്ഞു.
കൈയിലിരുന്ന കവർ അവൾ ഡോക്ടർക്കു നേരെ നീട്ടി.
'എന്തായിത്?'
'ഒന്നുമില്ല ഡോക്ടർ...ഞാൻ പോയിട്ട് ഡോക്ടർ ഇത് തുറന്നാൽ മതി.ഇറങ്ങട്ടെ?'
ഒന്നു കൂടി അയാളെ നോക്കി ചിരിച്ചിട്ട് അവൾ വാതിൽ കടന്നു മറഞ്ഞു.
ആലോചനയോടെ ഡോക്ടർ ആ കവർ തുറന്നു.
അതു വായിച്ചു കഴിയുമ്പോഴേക്ക് അയാളുടെ നെറ്റിയിൽ മൂന്നോ നാലോ ചുളിവുകൾ തെളിഞ്ഞു.
തിടുക്കപ്പെട്ടെഴുന്നേറ്റ് ഇടനാഴിയിലേക്കിറങ്ങിയ അയാൾ രൂപേന്ദുവിനെ തിരഞ്ഞു.
പക്ഷേ അവളുടെ കാർ അപ്പോഴേക്ക് ആശുപത്രിയുടെ ഗേറ്റ് കടന്ന് മറഞ്ഞു കഴിഞ്ഞിരുന്നു.
നിസഹായനായി ഡോക്ടർ ആ കവറിലേക്കു നോക്കി.
മരണശേഷം ശരീരം മെഡിക്കൽ കോളേജിനു നൽകുന്നതിനുള്ള രൂപേന്ദുവിന്റെ സമ്മതപത്രമായിരുന്നു അത്.
...
വീട് രൂപേന്ദുവിനെ കാത്തിരിക്കുകയായിരുന്നു.
വരുണില്ലാത്ത ... ചിരിയില്ലാത്ത വീട്.
വാതിൽ തുറന്ന് അകത്തെ ഇരുട്ടിനെ നോക്കി നിന്നു അവൾ.
ചേടത്തി പെട്ടെന്നു തന്നെ അകത്തു കയറി ജനാലകളൊക്കെ തുറന്നു.മുറികളിലാകെ വെളിച്ചം നിറഞ്ഞു.
ഹാളിലെ ചുമരിൽ വെച്ചിരുന്ന വരുണിന്റെ വലിയ ഫോട്ടോയിൽ അവളുടെ കണ്ണുകൾ തറഞ്ഞു.
അതിനു മുന്നിലെത്തി അവൾ മുട്ടു കുത്തി നിന്നു.
അവനവളെ നോക്കി എന്നത്തെയും പോലെ കണ്ണിറുക്കി ചിരിച്ചു.
കൈയിൽ കരുതിയിരുന്ന ഇലഞ്ഞിമാല അവളവനെ അണിയിച്ചു...
പകുതിയിലേറെ പൂക്കൾ കരിഞ്ഞുതുടങ്ങിയിരുന്നെങ്കിലും ആ മാലയിൽ അവളുടെ സ്നേഹത്തിന്റെ മണമുണ്ടായിരുന്നു.അൽപ്പനേരം കൊണ്ടു തന്നെ ആ മണം മുറിയിലാകെ നിറഞ്ഞു.
'അമ്മച്ചീ...'
മുറിയുടെ വാതിൽക്കൽ നിന്ന് രൂപേന്ദു വിളിച്ചു.
'എന്താ മോളേ'
മുറികൾ തൂത്തുകൊണ്ടിരുന്ന ചൂൽ താഴെ വെക്കാതെ അവരോടി വന്നു.
'ഞാനൊന്ന് കിടക്കാൻ പോകുവാ .എന്നെ വിളിക്കണ്ടാട്ടോ...ഒന്നു നന്നായി ഉറങ്ങണം'
'എന്തെങ്കിലും കഴിക്കണ്ടേ മോളേ?'
'ഇപ്പോ വേണ്ട...അമ്മച്ചി കഴിച്ചിട്ട് കിടന്നോ...വിശന്നാൽ ഞാനെടുത്ത് കഴിച്ചോളാം .'
അവൾ അവരെ ചേർത്തു പിടിച്ച് വിയർപ്പു കിനിഞ്ഞു നിന്ന നെറ്റിയിൽ ഒന്നുമ്മ വെച്ചു.
'അയ്യേ.. എന്താ മോളേ ഇത്...ആകെ വിയർപ്പും പൊടീമാ...'
അവൾ വീണ്ടും ചിരിച്ചു.
'ഞാനുറങ്ങാൻ പോകുവാ...കേട്ടോ അമ്മച്ചീ'
'സമാധാനായിട്ട് ഉറങ്ങ്...ക്ഷീണം മാറട്ടെ'
രൂപേന്ദു വാതിലടച്ചു.അവർ വീണ്ടും ജോലികളിലേക്കു മടങ്ങി.
...
രാവിലെ കാപ്പിയുമായി ചെന്നു വാതിലിൽ തട്ടിയതും നേർത്തൊരു ഞരക്കത്തോടെ അതു തുറന്നു.
'ആഹാ ...ഇത് കുറ്റിയിട്ടില്ലാരുന്നോ...എന്തൊരുറക്കമാ'
പറഞ്ഞു കൊണ്ട് ചേടത്തി മുറിയിലേക്ക് കടന്നു.കട്ടിലിൽ ശാന്തമായുറങ്ങുകയായിരുന്നു രൂപേന്ദു.
'മോളേ ,എണീക്ക്.രാത്രി ഒന്നും കഴിച്ചതല്ലല്ലോ...ഈ കാപ്പി കുടിക്ക്'
അവർ വീണ്ടും വിളിച്ചു.പക്ഷേ അവൾക്കടുത്തെത്തിയതും കൈയിലെ കാപ്പിക്കപ്പ് നിലത്തു വീണു ചിതറി.
ചുണ്ടിന്റെ കോണിലൂടെ ഒഴുകിയിറങ്ങിയ ചോരച്ചാൽ ഉണങ്ങിക്കഴിഞ്ഞിരുന്നു.ഒരാർത്തനാദത്തോടെ മേരിച്ചേടത്തി അവളുടെ ദേഹത്തേക്കു വീണു.
രൂപേന്ദുവിനു തണുപ്പായിരുന്നു.വല്ലാത്ത തണുപ്പ്...
...
പോസ്റ്റ്മോർട്ടം കഴിഞ്ഞെത്തിയ ശരീരം കഡാവർ റൂമിനരികിലെത്തി.വിറയ്ക്കുന്ന കാലടികളോടെ കുഞ്ഞാലി അടുത്തേക്കു ചെന്നു.
'ഞാനും കൂടി പിടിച്ചോട്ടെ?'
അറ്റൻഡർമാർ പരസ്പരം നോക്കി.
സാധാരണ ശവം ഫോർമലിൻ ടാങ്കിലേക്കിടുന്നതു വരെ കുഞ്ഞാലിയെ ആ പരിസരത്തെങ്ങും കാണാത്തതാണ്.
അയാളുടെ കണ്ണുകൾ കരഞ്ഞു വീർത്തിരുന്നു.
അപ്പോഴും ഉയർന്നു വരുന്ന തേങ്ങലിനെ അയാൾ പല്ലുകൾക്കിടയിൽ തടഞ്ഞിട്ടിരിക്കുകയായിരുന്നു.
ഒന്നും മനസ്സിലാവാതെ അവർ തലയാട്ടി.
കുഞ്ഞാലി ഉറങ്ങുന്ന രൂപേന്ദുവിന്റെ നെറ്റിയിൽ ഒന്നു തലോടി.
പിന്നെ തോളിൽ കിടന്ന തോർത്തിന്റെ അറ്റം ചുണ്ടുകൾക്കിടയിലേക്കു തിരുകി സ്ട്രക്ചറിന്റെ തലഭാഗം പിടിച്ചു പതിയെ വലിക്കാൻ തുടങ്ങി.
അയാളുടെ കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടിരുന്നു.
ഫോർമലിൻ ടാങ്കിനടുത്ത് സ്ട്രക്ചർ നിന്നു.രൂപേന്ദുവിന്റെ തലയ്ക്കൽ ശ്രദ്ധയോടെ കൈ വെച്ച് കുഞ്ഞാലിയവളെ പതിയെ ഉയർത്തി.മറ്റുള്ളവരുടെ അശ്രദ്ധയുടെ നേർക്ക് അയാളുടെ ശബ്ദമുയർന്നു.
'പതുക്കെ...ശ്രദ്ധിച്ച്...ഇന്റെ മോക്ക് വേദനിക്കും.'
ഫോർമലിൻ ലായനിയിലേക്ക് ആഴ്ന്നുപോകുന്ന രൂപേന്ദുവിനെ കുഞ്ഞാലി കണ്ണിമയ്ക്കാതെ നോക്കി.
പിന്നെ പതിയെ പുറത്തിറങ്ങി വാതിൽ ഭദ്രമായി പൂട്ടിയതിനു ശേഷം ഉറക്കം നഷ്ടപ്പെട്ട കണ്ണുകളോടെ പുറത്ത് അവൾക്കു കാവലിരുന്നു.
അവസാനിച്ചു.

Read all published parts by clicking  

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot