Slider

കഞ്ഞിവിലാസം(ബിസ്മില്ലാ) ഹോട്ടൽ. Part 1 & 2

0

കോയിക്കോട്ടുകാരൻ കുഞ്ഞിപ്പോക്കർ ഹാജി, പുതുതായി മോടിപിടിപ്പിച്ച തൻ്റെ ഹോട്ടൽ മൊത്തം ഒന്നൂടെ അവലോകനം ചെയ്തു, പെരുത്ത് ഉഷാറായിരിക്ക്ണ്. ആ തിരോന്തരംനായരുടെ കൈയ്യീന്ന് നമ്മള് ബേങ്കുമ്പം
എന്തൊരു കോലം കെട്ട ഹോട്ടലാർന്നു. ബലദിയ (മുനിസിപ്പാലിറ്റി) പറഞ്ഞ ശേല്ക്ക് നല്ല മൊഞ്ചായിട്ടിപ്പോൾ പണിതു തീർത്തീന്. നല്ല വൃത്തീം വെടിപ്പൂള്ള അടുക്കള, മൊത്തം വെള്ള ടൈലു പാകീന്, അലുമിനിയം ഷീറ്റ് പൊതിഞ്ഞ ചിമ്മിനി, സ്റ്റീൽ ഷീറ്റ് പതിപ്പിച്ച കിച്ചൻ സ്ലാബുകൾ, പുതുപുത്തൻ അടുക്കള ഉപകരണങ്ങൾ, തിളങ്ങുന്ന ഗ്ലാസ്സുകളും പാത്രങ്ങളും. നാളെ മുതൽ കോയിക്കോടൻ ബിരിയാണിയും, നെയ്ച്ചോറും
ബിസ്മില്ലാ സ്പഷ്യൽ ആയ നോൺ വേജ് വിഭവങ്ങളുടെ പറുദീസ തന്നേയാകും.
മുൻഭാഗത്തുള്ള കണ്ണാടി വാതിലിലൂടെ പനിനീർ മണം പൊഴിയുന്ന സുഖശീതള കൊട്ടാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്നവരേ ആനയിച്ചിരുത്തുന്ന രത്നകവചിത സിംഹാസനസദൃശമായ ഇരിപ്പിടത്തിൽ ഇരുന്നാൽ കാണാവുന്നതാണ് വൃത്തിയും വെടിപ്പുമുള്ള അടക്കളയ്ക്കുള്ളിലെ ദൃശ്യങ്ങൾ. പാചക രീതികൾ ട്രാൻസ്പെരൻ്റായി
കാണാവുന്നതിൽ നിന്ന് അറിയാനാകും ഭക്ഷണത്തിൻ്റെ വൃത്തിയും, ശുദ്ധിയും,മേന്മയും, ഗുണവും, എന്നതാണ് ബിസ്മില്ലാഹോട്ടലിൻ്റെ ട്രേഡ് സീക്രട്ട്.
"ഇക്കാ ബോർഡ് കേറ്റട്ടേ "
എന്ന് ബംഗ്ലാളികൾ ചോദിക്കുന്നു. കുഞ്ഞാലിയുടെ സംസാരമാണ്
തന്നെ കിച്ചനിൽ നിന്ന് പുറത്തെത്തിച്ചത്.
ഒന്നൂടെ നോക്കട്ടെ, ബംഗാളികൾ എഴുതിയതല്ലേ.
പടച്ചോൻ കാത്തതിനാൽ
ഒരു കുറ്റവും പറയാനില്ല. നല്ല ജോറായിരിയ്ക്ക്ണ്, അറബിയും, ഇംഗ്ലീഷും മലയാളവും കലർത്തി നന്നായി എഴുതിയിരിക്ക്ണു .
ബിസ്മില്ലാ ഹോട്ടൽ (കോയിക്കോടൻ രുചികളുടെ കലവറ).
ഇനി ഇവിടെ നമ്മൾ ഒരു കലക്കു കലക്കും കുഞ്ഞാലീ.
എന്നാലും കുഞ്ഞിപ്പോക്കറിക്ക, ഞമ്മക്ക് ഒരു സംശയം തീരണില്ല, എത്ര മിന്നണ
ബോർഡ് വച്ചാലുമീ ഹോട്ടലിൻ്റെ പഴയ പേരു മാഞ്ഞു പോകുമോ, കഞ്ഞിവിലാസം എന്നുള്ളത്.
ഹലാക്കിലെ അവലും കഞ്ഞീം, ഹിമാറേ നീയൊന്ന് തൊള്ളപൊളിക്കാണ്ടിരിക്ക്ന്ന്. എനക്കും ആ പേടി ഇല്ലാതില്ല. ഞമ്മളെ ഇനി നാട്ടാര് കഞ്ഞിപ്പോക്കർ എന്നു വിളിച്ചാലോ എന്നാണ്
ഞമ്മടെ പേടി.
അല്ലിക്കാ , ഈ ഹോട്ടലിന് എങ്ങിനെയാണ് കഞ്ഞിവിലാസം എന്ന പേരു വന്നത്.
അതൊരു കഥയാണ് മോനേ.
ശരിക്ക്നും അതൊന്നും നേരേ ചൊവ്വേ പറയാനക്കൊണ്ട്
ഞമ്മക്ക് കയ്യൂല. ഇവിടത്തെ പഴേ കുക്ക് ഗോപി ആത്തുണ്ട്, ഓനോട് ചോയിക്കാം.
ഗോപി ങ്ങള് പഴേയാളല്ലേ,
എങ്ങിനേണിതിന് കഞ്ഞിവിലാസം എന്ന പേര് വന്നീന്.
ഒന്നു വിശദമായി പറയാനക്കൊണ്ട് അനക്ക് കയ്യോ?
അതിനെന്താ പോക്കറിക്കാ,
അതെല്ലാം ഓർക്കുന്നതും പറയുന്നതും ഒത്തിരി സന്തോഷമുള്ള കാര്യമാണ്. അതായത് ഏകദേശം പത്തു മുപ്പത്തിരണ്ട് വർഷം മുമ്പാണ്
ഞാൻ ഇവിടെ ജോലിക്കായി വരുന്നത്.
അന്നെല്ലാം കെട്ടിടം പണി ചെയ്യാൻ ഇന്നത്തെ പോലെ ബംഗാളികളും, പച്ചകളും ഒന്നുമില്ലായിരുന്നു. അതിനു പകരം തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ധാരാളം. അവർക്കെല്ലാമുള്ള മൂന്നു നേരത്തെ ഭക്ഷണം മെസ്സായി ഇവിടെ നിന്നായിരുന്നു. ഉച്ചയ്ക്ക് ചോറും, വൈകിട്ട് ചപ്പാത്തിയോ, പൊറോട്ടയോ അവർക്ക് കുഴപ്പം ഇല്ലയിരുന്നു, പക്ഷെ രാവിലത്തെ ഭക്ഷണം, അതായിരുന്നു അവരുടെ പ്രശ്നം
അതെന്തീനു പ്രശ്നം.
അത് പറയാം....
Part 2
കുസാർക്ക മുന്തിരിങ്ങ
കുസാർക്ക നാരങ്ങ
ഗോപിയെ എനക്ക് തിരിഞ്ഞീന് അവരിക്ക് കഞ്ഞി ഉണ്ടാക്കി കൊടുത്തിട്ടല്ലേ അങ്ങിനെ ആ പേരായത്.
പോക്കറിക്ക നിങ്ങൾക്ക് പാടെതെറ്റി. സത്യത്തിൽ കഞ്ഞി ഉണ്ടാക്കി കൊടുത്തതിനാൽ അല്ല ആ പേര് വന്നത്. അപ്പോൾ നിങ്ങൾ വീണ്ടും ചോദിയ്ക്കും കഞ്ഞി ഉണ്ടാക്കിയില്ലേ എന്ന്. ശരിയാണ് കഞ്ഞി ഉണ്ടാക്കി.
പക്ഷെ കൊടുത്തില്ല എന്നാലും കഞ്ഞിവിലാസം എന്ന പേര് കാലാകാലങ്ങളിലേയ്ക്കുള്ളതായി പതിച്ചു കിട്ടി.
അതിൻ്റെ കഥയാണ് പറയാൻ പോകുന്നത്.
ഉഷാറായിരിക്ക്ണ്, പോരട്ടെ ബാക്കി.
അങ്ങിനെ ആ ദിവസം വൈകിട്ട് കെട്ടിടംപണിയ്ക്ക് വന്നവർ പറഞ്ഞ രീതിയിൽ തന്നേ നല്ല കുത്തരി വേവിച്ചെടുത്ത് നന്നായി ആറിയതിനു ശേഷം വലിയ മൺകലത്തിൽ ഒഴിച്ചു വച്ചു. കുനുകുനെ അരിഞ്ഞെടുത്ത ഉള്ളി, ഇഞ്ചി,പച്ചമുളക് എന്നിവ ചതച്ചത്,കറിവേപ്പില, തൈര്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി വച്ചു. പണിക്കാർ രാത്രി ഭക്ഷണവും കഴിഞ്ഞ് രാവിലെ വരാം എന്ന് പറഞ്ഞ് പോയി.
ഇത്തിരി കഞ്ഞി എടുക്കട്ടേ?
എന്നും ചോദിച്ചിട്ടിനി നാളെ രാവിലെ പണിക്കാർ വരുമ്പോൾ ഇത്തിരി അച്ചാറും, ചുട്ടെടുത്ത പപ്പടവും ആയി പഴങ്കഞ്ഞി കൊടുത്താൽ മതി. അവർക്കും സന്തോഷമാകും.
സ്നേഹമയികളായ അവരുടെ അമ്മയുടെ കൈയ്യിൽ നിന്ന് കിട്ടുന്ന രീതിയിലുള്ളതും, നാടിൻ്റെ മണവും, ഗുണവും, കുളിരും കലർന്ന കഞ്ഞി. അതും കഴിച്ച് അവർക്ക് രണ്ടു മണി വരെ ഏതു കത്തുന്നവെയിലിലും നിന്ന് ആരോഗ്യത്തോടെ കെട്ടിടം പണിയാം എന്നുള്ളത് സത്യം തന്നേ ആയിരുന്നു. അത്രയ്ക്ക് ഊർജ്ജദായകമായിരിക്കും എന്നുറപ്പുണ്ടായിരുന്നു.
അതിനു ശേഷം ഞങ്ങൾ അടുത്ത ദിവസം ദോശയ്ക്കും, ഇഡ്ഢലിയ്ക്കും ഉള്ള മാവ് അരച്ചു വച്ചു. പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി അടുക്കി വച്ചു. ഹോട്ടലിൻ്റെ മുൻഭാഗമെല്ലാം വെള്ളത്തിൽ മോപ്പു മുക്കി തുടച്ചു ക്ലീൻ ചെയ്ത് അവിടത്തെ ലൈറ്റുമെല്ലാം ഓഫ് ചെയ്തു. കിച്ചൺ തുടച്ചു കൊണ്ടിരുന്ന നേരത്താണ് ഏതോ ഒരു വാഹനം ബ്രേക്കിട്ടു നിർത്തുന്ന ശബ്ദം കേട്ടത്.
ഇതാരാണീ അടയ്ക്കാൻ നേരത്ത് ഭക്ഷണം കഴിയ്ക്കാൻ വരുന്നതെന്ന് നീരസത്തോടെ ഓർത്തു, തങ്ങൾ പണിക്കാർക്ക് കഴിയ്ക്കാനുള്ള ഭക്ഷണം മാത്രമെ ഇനി ബാക്കിയുള്ളു. പാതിരാത്രിക്കിനി എന്ത് ഭക്ഷണം ഉണ്ടാക്കി കൊടുക്കാനാണ്. വരുന്നവർക്ക് ഭക്ഷണം ചോദിച്ചാൽ മതി, വെളുപ്പിനെ മുതൽ കിച്ചണിൽ കിടന്ന് മാടുപോലെ പണിയുന്നവൻ്റെ വിഷമം ആർക്കറിയണം. ആരാണെങ്കിലും ഭക്ഷണമെല്ലാം തീർന്നു, ഹോട്ടൽ ക്ലോസ്സ് ചെയ്തു എന്നു പറഞ്ഞേയ്ക്ക് എന്നെല്ലാം ഞങ്ങൾ പരസ്പരം പറഞ്ഞു കൊണ്ടു നിന്നപ്പോൾ ഒരു ചോദ്യവും പറച്ചിലുമില്ലാതെ അഞ്ചാറു പേർ കിച്ചണിലേയ്ക്ക് കൊടുങ്കാറ്റുപോലെ ഇരച്ചുകയറി വന്നു. ഞങ്ങൾ ഒന്നു പേടിച്ചു.
മറ്റാരുമായിരുന്നില്ല അവർ ബലദിയയുടെ കീഴിലുള്ള ഭക്ഷണപരിശോധനയുടെ സ്പഷ്യൽസ്ക്വാഡിൽ പെട്ടവവരായിരുന്നു കടന്നു വന്നത്. ചുറ്റുപാടുകൾ അവർ ശ്രദ്ധയോടെ വീക്ഷിച്ചു തുടങ്ങി, ഫൈൻ അടിപ്പിക്കാൻ എന്തെങ്കിലും കിട്ടാനായി അവർ ഓരോ കോണും അരിച്ചുപ്പെറുക്കിത്തുടങ്ങി. കിച്ചൻ സ്ലാബിൻ്റെ മുകളിൽ
അഴുക്കോ, മെഴുക്കോ ഉണ്ടോ, എണ്ണപ്പാത്രത്തിൻ്റെ മുകളിൽ മഞ്ഞപ്പൊടിയോ, മുളകുപൊടിയോ വീണിട്ടുണ്ടോ, പഴകിയ എണ്ണയോ, ഭക്ഷണ സാധനങ്ങളോ ഉണ്ടോ, ഫ്രിഡ്ജിൽ ആഹാരസാധനങ്ങൾ പഴയത് വല്ലതും ഉണ്ടോ എന്നെല്ലാം നോക്കിയിട്ട് അവർക്ക് ഒന്നും കണ്ടെത്താനായില്ല. കള്ളവാറ്റ് കണ്ടു പിടിയ്ക്കാൻ ഓടി നടക്കുന്ന നമ്മുടെ നാട്ടിലെ എക്സൈസ് ഉദ്യോഗസ്ഥൻമാരെ പോലെ മണംപിടിച്ചുനടന്ന അവരിൽ ഒരുത്തൻ എന്തിലോ ബദ്ധശ്രദ്ധനായി ഒരു മാത്ര നിന്നു. എക്സൈസുകാർ മൺകലത്തിൽ വാറ്റിനുള്ള വാഷ് കലക്കി വച്ചിരിക്കുന്നത് കണ്ടതുപോലെ അവൻ ധൃതംഗപുളകിതനായി. യുറേക്കാ, യുറേക്കാ എന്നലറുന്ന വിധത്തിൽ മൺകലത്തിനുള്ള പഴംകഞ്ഞി കണ്ട് ആനന്ദതു ന്തിലനായ് ആർപ്പുവിളിച്ചു. ബലിമൃഗത്തിനു ചുറ്റും ആടി തിമിർക്കുന്ന ആദിവാസികളെപ്പോലെ കൈയ്യിൽ കിട്ടിയ തവിയും, ചട്ടുകവും എല്ലാം ഉപയോഗിച്ചുള്ള ആനന്ദനൃത്തത്തിനിടയിൽ അടിയെ തകർന്ന മൺകലത്തിൻ്റെ ചീളുകളും, കഞ്ഞിയുടെ അവശിഷ്ടങ്ങളും ഒഴുകിപ്പരന്ന് അടുക്കളയൊരു യുദ്ധക്കളമായി. പഴങ്കഞ്ഞി പഴയ ഭക്ഷണമല്ലെന്നീ മറുതകളോട് പറഞ്ഞു മനസ്സിലാക്കിക്കാനാവാതെ അവർ എഴുതിത്തന്ന വലിയ ഫൈനിൻ്റെ പേപ്പറുമായി അസ്ത്രപ്രജ്ഞരായി നിന്ന ഞങ്ങളുടെ തലയിലേയ്ക്ക് അടുത്തനിമിഷം മറ്റൊരു ഇടിത്തീയും വീണു.
മണം പിടിച്ചു നടന്ന അടുത്ത ശ്വാനവീരൻ കണ്ടെത്തിയത് അരച്ചുവച്ചിരിക്കുന്ന മാവ്. അതെന്തിനാണ് എന്ന ചോദ്യത്തിന് നാളെ ദോശ ഉണ്ടാക്കാനാണ് എന്നു പറഞ്ഞതിൻ്റെ ഉത്തരം. ഇവിടെ തലേ ദിവസത്തെ പഴകിയ മാവ് കൊണ്ടാണല്ലേ ദോശ ഉണ്ടാക്കുന്നത് എന്നും പറഞ്ഞ് മാവും കമിഴ്ത്തിക്കളഞ്ഞ് അതിൻ്റെ
ഫൈനും എഴുതി തന്നപ്പോൾ
അവർക്ക് എന്തൊരു സമാധാനം. അന്നെല്ലാം ചപ്പാത്തിയും, പൊറോട്ടയും മാത്രം തിന്നുന്ന അറബിക്ക് ദോശ ചുടാൻ മാവ് തലേ ദിവസം അരച്ചു വയ്ക്കണം എന്നറിയില്ലാത്തത് ആരുടേയും കുഴപ്പമല്ലല്ലോ, പറഞ്ഞ് കൊടുത്താൽ അവരുടെ തലയിൽ അന്ന് അതൊന്നും കയറില്ലായിരുന്നു. പിന്നീട് കാലം കുറേക്കഴിഞ്ഞപ്പോഴാണ് അതെല്ലാം മനസ്സിലായിട്ട് ഫൈൻ അടിയ്ക്കലെല്ലാം നിർത്തിയത്. ഇപ്പോൾ അറബികളും കഴിച്ചു തുടങ്ങി ദോശയെല്ലാം.
അപ്പോൾ അങ്ങിനെയാണല്ലേ
കഞ്ഞിവിലാസം എന്ന പേര് വന്നതല്ലേ. ഉഷാറായി ഗോപി
ഉഷാറായി.
ഗോപീ എന്നാൽ ഞമ്മക്കൊരു കാര്യം ചെയ്താലോ പഴങ്കഞ്ഞി ഒരു സ്റ്റാർ ഐറ്റം ആയി ഇന്നത്തെ
സ്പെഷ്യൽ എന്ന വിളംബരത്തോടെ അങ്ങ്ട് അവതരിപ്പിച്ചാലോ തൊടക്കദിനം രാവിലെ തന്നേ. നമ്മക്കക്കങ്ങ്ട് പൊരിക്കാം ചങ്ങായീ
അത് ഞാനേറ്റു പോക്കറിക്ക, സൂപ്പർ അടിപൊളി തീരുമാനം.
By PS Anilkumar Devidiya

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo