Slider

ആത്മഹത്യ

0
Image may contain: 1 person, smiling, outdoor
ഡിസംബർ മാസത്തെ സുഖമുള്ള തണുപ്പിലും മുസ്തഫയുടെ മനസ്സിന് അർഹമായ കുളിർ ലഭിച്ചില്ല.
രാവിലെ ആറ് മണിക്ക് തന്നെ കുന്നിൻ മുകളിലുള്ള ആ കൊച്ചുവീട്ടിൽ ചെറിയൊരാൾക്കൂട്ടം. മുസ്തഫയും രാവിലെ തന്നെ ആ വിശേഷം അറിഞ്ഞിട്ടാണ് അങ്ങോട്ട് പോയത്. കാൽനടക്കാർ നടന്ന് ഒരടിവീതിയിൽ മാത്രം ഒരു 'വഴി' ആയി മാറിയതാണ്. അതിനിരുവശത്തും കുറ്റിക്കാടുകളും, അനുസരണയില്ലാത്ത എന്നാൽ വളർച്ച കുറഞ്ഞതുമായ പുല്ലുകളും അതിനകത്തായി ചെറിയ കറുത്ത പാറക്കല്ലുകളും പതുങ്ങിയിരുന്നു.
"എപ്പോളാണ് സംഭവം ?" മുസ്തഫക്ക് പരിചയമൊന്നുമില്ലെങ്കിലും എതിരെ വന്ന ആൾ ആ വീട്ടിൽ നിന്ന് തന്നെയാണ് വരുന്നത് എന്ന് മുസ്തഫ ഏകപക്ഷീയമായി ഉറപ്പിച്ച് കൊണ്ട് ചോദിച്ചു.
വെള്ള മുണ്ടും കൈകൾ തെറുത്തുകയറ്റിയ വെള്ള ഷർട്ടും ധരിച്ച അയാൾ മുസ്തഫയുടെ മുഖത്ത് നോക്കി പറഞ്ഞു "വെളുപ്പിന് അഞ്ച് മണിക്കാണെന്നാ കേട്ടത് , നിങ്ങൾ ? നിങ്ങളെ ഇതിന് മുൻപ് ഈ ഭാഗത്തൊന്നും കണ്ടിട്ടില്ലല്ലോ ? "
"ഞാനീ മരണപ്പെട്ട രാജീവന്റെ നാട്ടുകാരനാണ് , സംഭവം അറിഞ്ഞ് വീടന്വേഷിച്ച് എത്തിയതാ " മുസ്തഫ പറഞ്ഞു.
"ഓഹ് അത് ശരി , എന്നാ ചെന്നാട്ടെ, പോയി വാ, എനിക്ക് ജോലിക്ക് പോകാനുള്ളതാ അതോണ്ട് ഇവിടെ കൂടുതൽ നിൽക്കാൻ പറ്റൂല". അപരിചിതനെങ്കിലും ഇത്രയും പറഞ്ഞു കൊണ്ട് അയാൾ പോയി.
രാജീവനും ജ്യേഷ്ഠ സഹോദരൻ ദേവനും മാത്രമാണ് അവിടെ താമസം. മുസ്തഫ വീട്ടുമുറ്റത്തെത്തി, ഓട് പാകിയ ആ ഒറ്റമുറി വീടിന്റെ ഉമ്മറത്ത് ദേവൻ പ്ലാസ്റ്റിക് വയറുകൾ കൊണ്ട് മെടഞ്ഞ, പഴകി നിറം മങ്ങിയ വട്ടക്കസേരയിൽ താടിക്ക് കൈയൂന്നി അങ്ങനെ ഇരിക്കുന്നു. ദേവന്റെ അടുത്ത് ചെന്ന് അയാളുടെ ചുമലിൽ തട്ടിയപ്പോളാണ് മുസ്തഫയുടെ സാന്നിദ്ധ്യം അയാളറിഞ്ഞത്. കഴുത്തു തിരിച്ചു നോക്കിക്കൊണ്ട് സങ്കടം തളം കെട്ടിയ മുഖത്തോടെ കസേരയിൽ നിന്നെഴുന്നേറ്റു മുസ്തഫയുടെ കൈ പിടിച്ചു. 'അവൻ രണ്ട് ദെവസായി കൊറച്ച് വെഷമത്തിലായിരുന്നു , വളരെക്കുറച്ച് മാത്രം സംസാരിക്കാറുള്ള അവൻ എന്നോട് പോലും ഒന്നും മിണ്ടിയിരുന്നില്ല , എന്നാലും ഇങ്ങനെയൊരു കടുംകൈ ഞാനും പ്രതീക്ഷിച്ചിരുന്നില്ല മുസ്തഫെ”. " "ങ്ഹും എന്നാലും രാജീവൻ .. ഇങ്ങനെ ..മുസ്തഫ ആത്മാർത്ഥമായ മനോവിഷമം ദേവനോട് പ്രകടിപ്പിച്ചു.
"ഇവിടെ താമസാക്കീട്ട് മൂന്നാഴ്ചയല്ലേ ആയിട്ടുള്ളൂ ", കുറേക്കാലമായി നാട്ടിൽ താമസമില്ലാത്ത മുസ്തഫയോട് അത് മനസ്സിലാക്കി ദേവൻ പറഞ്ഞു. കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയതോടെ മുസ്തഫ ആ വീടിന്റെ ചെറിയ മുറ്റത്ത് ഒരു മൂലക്ക് നിലയുറപ്പിച്ചുകൊണ്ട് രാജീവനുമായുള്ള പഴയ ഓർമ്മകളിലേക്ക് മനസ്സോടിച്ചു.
സ്ക്കൂളിൽ ഒരേ കാലയളവിൽ പഠിച്ചതാണ് മുസ്തഫയും രാജീവനും. ഒരേ പ്രായക്കാർ. എണ്ണതേച്ച് മിനുക്കിയ മുടി ഇടത്ത് നിന്നും വലത്തോട്ട് ചീകി ഒട്ടിച്ചു കൊണ്ട്, യൂണിഫോം നിർബ്ബന്ധമല്ലാത്തത് കൊണ്ട് എട്ടാം ക്ലാസ് വരെ അവൻ ട്രൗസറും കുപ്പായവും ധരിച്ച് സ്കൂളിൽ എത്തി. എട്ടാം ക്ലാസ്സ് തോറ്റതോടെ പഠിപ്പും നിർത്തി.
രണ്ട് വര്ഷം കൊണ്ട് സാധാരണ പതിനഞ്ച് വയസ്സുകാരെക്കാൾ ശാരീരിക വളർച്ച പൂണ്ട രാജീവൻ മൂത്ത സഹോദരങ്ങളുടെ കൂടെ നാടൻ ജോലികൾക്കായി അവിടവിടെ കണ്ടു തുടങ്ങി. കടുംബത്തിലെ നാലാണ്മക്കളിൽ മൂത്തവനായ വത്സൻ , ദേവൻ പിന്നെ പ്രകാശൻ എല്ലാവരും നാടൻ പണിക്കാർ തന്നെ. ദേവൻ അവരുടെ കൂടെ കൂടാതെ വേറെ തന്നെ ജോലി ചെയ്തു പൊന്നു, മറ്റ് മൂന്നുപേർ ഒരുമിച്ചും. നാട്ടിലെയും തൊട്ടടുത്ത പ്രദേശങ്ങളെയും ഒട്ടുമിക്ക പറമ്പുകളും, വയലുകളും കിളച്ചു മറിച്ചിടാൻ ഈ മൂവർ സംഘം അതിരാവിലെ എത്തി, ഉച്ചയോടെ തങ്ങളുടെ ജോലി ഭംഗിയായി തീർത്ത് കൂലിയും വാങ്ങി സ്ഥലം വിടും. ജോലിയിലെ വേഗതയും നിപുണതയും നാട്ടുകാരിൽ നല്ല പണിക്കാർ എന്ന പ്രശസ്തിയും അവരെ തേടിയെത്തി.
എല്ലാ ദിവസവും വൈകിട്ട് ക്രിക്കറ്റ് കളിക്കാൻ വയലിലെത്തുന്ന രാജീവൻ അനായാസം സിക്സറുകൾ പരത്തുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാനും നല്ലൊരു ഫാസ്റ്റ് ബൗളറും ആയിരുന്നു. വമ്പനടി പേടിച്ച് ബൗളർമാർ രാജീവൻ ബാറ്റ് ചെയ്യുമ്പോൾ പേടിയോടെയായിരുന്നു ബൗൾ ചെയ്യാറുണ്ടായിരുന്നത്.
ഒരു ദിവസം മുസ്തഫ രാജീവന്റെ വീടിന് മുൻപിലൂടെ നടന്ന് പോകവേ , അസുഖം ബാധിച്ചത് കാരണം കുനിഞ്ഞു നടക്കാറുള്ള നാരായണിയമ്മ അടുക്കളമുറ്റത്തെ കിണറിൽ നിന്നും വെള്ളം കോരി മൺകുടത്തിൽ നിറച്ച് വീടിനകത്തേക്ക് കയറാൻ തുടങ്ങുന്നു. രാജീവൻ അൽപ്പം അകലെയായി അമ്മയോട് ദേഷ്യപ്പെട്ടു കൊണ്ട് എന്തോ സംസാരിക്കുകയാണ് . ഇഷ്ടപ്പെട്ട ഭക്ഷണം കിട്ടാഞ്ഞത് കൊണ്ടോ മറ്റോ ആണെന്ന് മുസ്തഫക്ക് തോന്നി. രാജീവന്റെ അച്ഛൻ മുൻപേ മരണപ്പെട്ട് പോയതാണെന്ന് കേട്ടിട്ടിട്ടുണ്ടായിരുന്നു.
പെട്ടെന്ന് രാജീവൻ കാൽ കൊണ്ട് ഒരു ചെറിയ കല്ല് അമ്മയുടെ നേർക്ക് ചവുട്ടിത്തെറിപ്പിച്ചു അത് വെള്ളം നിറച്ച മൺകുടത്തിൽ തന്നെ ചെന്ന് കൊണ്ട് പൊട്ടിത്തകർന്നു വെള്ളം നിലത്തേക്ക് ചീറ്റി.
ശേഷം അമ്മയുടെ അടുത്തേക്ക് ഓടിയെത്തിയ രാജീവൻ തന്റെ വലതു കാൽ കൊണ്ട് അമ്മയുടെ അരക്കെട്ട് ലക്ഷ്യമാക്കി ഒരു തവണ ആഞ്ഞു തൊഴിച്ചു, "എന്റെ ഭഗഭവതിയേ " എന്നും പറഞ്ഞു നാരായണിയമ്മ അടുക്കളപ്പടിയിലേക്ക് ചെരിഞ്ഞു വീണുപോയി, അവരുടെ നെറ്റിയിൽ നിന്നും ചോര പൊടിയുന്നത് കാണാമായിരുന്നു. എന്നിട്ടും അവർ രാജീവനെതിരെ ഒരു ചെറിയ ശബ്ദം പോലും പുറപ്പെടുവിച്ചില്ല !!, നിമിഷങ്ങൾക്കുള്ളിൽ എല്ലാം കണ്ട് സ്തബ്ധനായിപ്പോയെങ്കിലും മുസ്തഫ ഓടിച്ചെന്ന് വീണു കിടന്ന നാരായണിയമ്മയുടെ കൈ പിടിച്ച് അടുക്കളപ്പടിയിൽ ഇരുത്തി. മുസ്തഫയെ കണ്ടതും രാജീവൻ ഒന്നും മിണ്ടാതെ വീടിന്റെ പിറകു വശത്തൂടെ എങ്ങോട്ടോ മറഞ്ഞു. !! രാജീവനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രവൃത്തി!!
രാജിവന്റെ 'അമ്മ മരണപ്പെട്ടതായി നാട്ടിലേക്ക് ഒരു ദിവസം ഫോൺ ചെയ്തപ്പോൾ ഉമ്മ പറഞ്ഞറിഞ്ഞു.
"എന്താ മുസ്തഫെ , നീ എപ്പോളാ നാട്ടിലെത്തിയെ "? നാട്ടുകാരനായ അരുണിന്റെ ചോദ്യം മുസ്തഫയെ ചിന്തയിൽ നിന്നുണർത്തി.
"ഞാനിന്നലെ വൈകുന്നേരം എത്തിയതാ, രാവിലെ വിവരമറിഞ്ഞയുടനെ ഇങ്ങോട്ട് വന്നു". "അരുൺ, എന്താണ് രാജീവന്റെ പ്രശ്നം ?"
"അത് അങ്ങനെ കാര്യമായ പ്രശ്നമൊന്നുമുള്ളതായി എനിക്കറിയില്ല, പക്ഷെ അവൻ കുറച്ച് വർഷങ്ങളായി ,കണങ്കാലിന് കാര്യമായ പൊട്ടലേറ്റ് ചകിത്സയിലാണല്ലോ, ചികിത്സക്കല്ലാതെ പുറത്തിറങ്ങാറുമില്ല", വലിയ ഭാവഭേദമൊന്നുമില്ലാതെ അരുൺ പറഞ്ഞു.
"ഓഹോ അങ്ങനെയാണോ, അത് ഞാനറിഞ്ഞില്ല. എങ്ങനെയാ കാലിന് പരിക്ക് പറ്റിയത്? നടക്കാൻ സാധിക്കാറില്ലേ അവന് ", ഞാൻ വിഷമത്തോടെ തിരക്കി
"വലത് കാലിനാ പ്രശ്നം , നടക്കാൻ വളരെ ബുദ്ധിമുട്ട് തന്നെയാണ്, ക്രച്ചസ് ഉപയോഗിച്ച് അത്യാവശ്യത്തിന് മാത്രം .." അരുൺ പറഞ്ഞു
"എങ്ങനെയാ രാജീവന്റെ കാലിന് പരുക്ക് പറ്റിയത് ? " വിശദമായി അറിയാലോ എന്ന ആഗ്രഹത്തോടെ മുസ്തഫ ചോദിച്ചു
“അത്, ജോലിക്കിടയിൽ മരത്തിൽ നിന്നും വീണതാ, അത്ര ഉയരത്തിൽ നിന്നൊന്നുമായിരുന്നില്ല , പക്ഷെ മരത്തിന് താഴെ ഉണ്ടായിരുന്ന, ഒരു കല്ലിന് മുകളിലേക്കാണ് അവൻ വീണത് , വലതു കാൽ പാദത്തിന് തൊട്ടു മുകളിൽ വെച്ച് പൊട്ടി, കുറെ കാലമായി ചികിത്സയിലാണ്, ആവുന്ന വിധം സഹോദരങ്ങളെല്ലാം സഹായിച്ചു , ക്രമേണ മറ്റു രണ്ടുപേരും അവനെ കയ്യൊഴിഞ്ഞു, ഇപ്പോൾ ദേവൻ മാത്രമാണ് അവനെ ശ്രദ്ധിക്കുനന്ത്, ദേവന് ഭാര്യയും മക്കളുമൊന്നുമില്ലല്ലോ, രാജീവന്റെ ചികിത്സക്കായി രാജീവന്റെ ഓഹരി നിലമുണ്ടായിരുന്നതെല്ലാം വിറ്റു , പക്ഷെ കാല് ശരിയായില്ല,
.. അരുൺ തുടർന്നു
“പിന്നെ, അവൻ അമ്മയെ രാജീവൻ എപ്പോഴും മർദ്ദിക്കുമായിരുന്നു , ഞാൻ പല വട്ടം കണ്ടതാ, അവനോട് ഉപദേശിക്കാറുമുണ്ട്, എന്നാലും ദേഷ്യം വരുമ്പോൾ അവൻ നിയന്ത്രണം വിടും, ആ പാവം നാരായണിയമ്മയുടെ ശാപമായിരിക്കും അവനീ ഗതി വന്നത്" അരുണിന്റെ മുഖത്ത് വിവിധ ഭാവങ്ങൾ മിന്നി മറഞ്ഞു കൊണ്ടിരിന്നു.
"ഞാൻ അരുണിന്റെ കൈ പിടിച്ചു, "അമ്മമാർക്ക് ഒരിക്കലും മക്കളെ ശപിക്കാൻ കഴിയില്ല. നാരായണിയേടത്തി ഒരു പാവം സ്ത്രീയായിരുന്നു. മതി, മരണപ്പെട്ടവരെക്കുറിച്ച് കുറ്റം പറയണ്ട", ഞാൻ പറഞ്ഞു
ചെറുപ്പക്കാരനായ രാജീവൻ തന്റെ അമ്മയെ മർദ്ദിക്കുന്നത് നേരിൽ കണ്ട കാര്യം മുസ്തഫ ഓർത്തുവെങ്കിലും, അത് അരുണുമായി പങ്കു വെക്കാൻ മുതിർന്നില്ല. രാജീവൻ അനുഭവിച്ച ഒറ്റപ്പെടലും , മാനസിക ശാരീരിക പ്രയാസങ്ങളും, വയ്യാത്ത കാലുമായി പ്രാഥമിക കർമ്മങ്ങൾക്ക് പോലും വീടിന് പുറത്തേക്ക് കുറച്ച് ദൂരം നടന്ന് പോകാൻ നിർബ്ബന്ധിക്കപ്പെട്ട രാജീവനെ ഓർത്ത് മുസ്തഫയുടെ മനസ്സ് വിങ്ങി. ഒരു പക്ഷെ അമ്മയെ മർദ്ദിച്ചതിലുള്ള കുറ്റബോധവും അവനിലുണ്ടായിരുന്നിരിക്കാം ഓരോന്നാലോചിച്ച്, മരണാനന്തര ചടങ്ങുകൾക്കൊന്നും കാത്തു നിൽക്കാതെ മുസ്തഫ അവിടം വിട്ടു, അപ്പോളും അമ്മയെ ഉപദ്രവിക്കുന്ന , യുവാവായ രാജീവന്റെ മുഖവും, ഒരു കയറിൽ തൂങ്ങി ജീവിതം അവസാനിപ്പിച്ച രാജീവന്റെ മുഖവും മുസ്തഫയുടെ മനസ്സിലെ ഇരു ധ്രുവങ്ങളിൽ മുഖത്തോട് മുഖം നോക്കിയിരിക്കുകയായിരുന്നു.!!
- മുഹമ്മദ് അലി മാങ്കടവ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo