നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുടുംബവുമായി ഒരു സിനിമ

Image may contain: 1 person, selfie, closeup and indoor
ഹലോ, നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തോ?' ഭാര്യ സന്ധ്യയുടെ കാൾ ആണ്...
ഡൽഹി പോലുള്ള നഗരങ്ങളിലെ തീയേറ്ററുകളിൽ കുടുംബവുമായി സിനിമ കാണാൻ പോകുന്നവർക്ക് കിട്ടുന്ന ഏറ്റവും വലിയ 'പണിയാണ്' തീയേറ്ററിനകത്തു പുറത്തു നിന്നു കൊണ്ടുപോകുന്ന ഭക്ഷണ സാധനങ്ങൾ, സ്‌നാക്‌സ്, വെള്ളം ഒന്നും അനുവദിക്കില്ല എന്നത്. നാലു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വരെ ടിക്കറ്റ് എടുത്ത് ഉള്ളിൽ എത്തിയാൽ സ്‌നാക്‌സിനു പോലും വാങ്ങിക്കുന്നത് പുറത്തേതിനേക്കാൾ എത്രയോ ഇരട്ടി വിലയാണ്.
അനാവശ്യവും, അന്യായവുമായ ഈ 'ധന നഷ്ടം' എൻറെയുള്ളിലെ വിപ്ലവകാരിക്ക് അംഗീകരിക്കാനാകാത്തതിനാൽ ഞാൻ താല്പര്യമില്ലാത്തതു പോലെ ഇരിക്കുകയാണ്...
'ഹലോ, ടിക്കറ്റ് എടുത്തോ ന്ന്?' സിനിമയിൽ കവിയൂർ പൊന്നമ്മ 'ഉണ്ണി വന്നോ ?' എന്ന് എപ്പോഴും അന്വേഷിക്കുന്നത് പോലെ അവൾ വീണ്ടും ചോദിക്കുന്നു.
'പിള്ളേര് രണ്ടു പേരും ‘ഒടിയൻ’ കാണണം എന്ന് പറഞ്ഞു വല്ലാത്ത ബഹളമാണ്.'
'ഒടിയൻ' വെറും തല്ലിപ്പൊളി സിനിമയാണ് പോലും, മോഹൻ ലാലിൻറെ അഭിനയം തീരെ പോരാ, മഞ്ചു വാരിയർ ആണെങ്കിൽ പറയാനുമില്ല.'
'എന്നാരു പറഞ്ഞു?'
'ആഹ്...അതൊക്കെ ഞാൻ മനസ്സിലാക്കി... ഓഫീസിലെ ബിജു പറഞ്ഞു...'
'എന്നിട്ട് കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ പറഞ്ഞത് നല്ല സിനിമയാണ്...പിള്ളേരൊക്കെ എൻജോയ് ചെയ്തു എന്നാണല്ലോ?'
'ആണോ? ഞാൻ ഓർക്കുന്നില്ലല്ലോ...ഇതൊക്കെ പെട്ടെന്ന് ടീവി യിൽ വരുമെന്ന്...അപ്പോൾ കണ്ടാൽ മതിയല്ലോ? നമുക്ക് വേറെ എവിടെങ്കിലും കറങ്ങാൻ പോയാലോ?'
സന്ധ്യയുടെ അടുത്ത് ചിലവായ നമ്പർ കണ്ണൻറെയും, ലക്ഷ്മിക്കുട്ടിയുടെയും മുന്നിൽ ചീറ്റിപ്പോയി...അവസാനം ടിക്കറ്റ് എടുക്കേണ്ടി വന്നു.
തൊണ്ണൂറ്റി ഒമ്പത് ശതമാനം കുട്ടികളെയും പോലെ വീടിനു വെളിയിൽ പോകുമ്പോൾ അതി കഠിനമായ വിശപ്പും, ദാഹവും അനുഭവപ്പെടുന്ന വീക്നെസ് ഉള്ള കുട്ടികൾ ആയതിനാൽ ഞാൻ വീട്ടിൽ നിന്ന് തന്നെ സ്റ്റഡി ക്ലാസ് കൊടുത്തിട്ടാണ് സിനിമയ്ക്ക് പോയത്.
'നമ്മൾ സിനിമ കാണുമ്പോൾ സിനിമ മാത്രം ശ്രദ്ധിക്കണം, അതിനകത്തുള്ള ജങ്ക് ഫുഡ് ഒന്നും കഴിക്കാൻ കൊള്ളില്ല, പുറത്തിറങ്ങിക്കഴിഞ്ഞു നമുക്ക് എന്ത് വേണമെങ്കിലും വാങ്ങി കഴിക്കാമല്ലോ...'
രണ്ടു പേരും എല്ലാം തല കുലുക്കി സമ്മതിച്ചു, അങ്ങനെ തീയേറ്ററിൻറെ ഉള്ളിൽ കയറി.
ആളുകൾ സിനിമ കാണാൻ അല്ല, തിന്നാൻ വേണ്ടിയാണ് വരുന്നത് എന്ന പോലെയായിരുന്നു അവിടത്തെ അവസ്ഥ. വലിയ കൊട്ടയിൽ പശുവിന് പുല്ല് ചെത്തിക്കൊണ്ട് വരുന്നത് പോലെയാണ് ഓരോരുത്തനൊക്കെ പോപ്കോണിൻറെ ബാസ്ക്കറ്റും പൊക്കി കൊണ്ടുവരുന്നത്. ഏതായാലും സിനിമ തുടങ്ങിയതോടെ എല്ലാവരുടെയും ശ്രദ്ധ അതിലേക്കായി.
DTS സൗണ്ട് സിസ്റ്റം ആയിട്ടു പോലും എൻറെ അടുത്തിരുന്ന ഒരു ദുഷ്ടൻ പെപ്സിയും, വലിയൊരു പോപ്കോൺ ബാസ്ക്കറ്റും മടിയിൽ വെച്ച് 'കറും,മുറും, ഗുളു ഗുളു ഗുളു , ബ്ള്ക്, ബ്ള്ക് ' എന്നൊക്കെ ശബ്ദമുണ്ടാക്കി ആസ്വദിച്ച് കഴിക്കുന്നതിനാൽ ' ഒടിയൻറെ' പശ്ചാത്തല സംഗീതം കേൾക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല.
അതോടെ കുട്ടികൾ ഒച്ച കേൾക്കുന്ന ഭാഗത്തേക്കും, എൻറെ മുഖത്തേക്കും മാറി മാറി നോക്കാൻ തുടങ്ങി. 'ഇൻറെർവൽ ആകട്ടെ നമുക്കും വാങ്ങിക്കാം' എന്ന് സന്ധ്യ പറഞ്ഞതോടെ പെട്ടെന്ന് ഇൻറെർവൽ ആകണേ എന്ന് പിള്ളേരും, ഈ സിനിമയ്ക്ക് ഇൻറെർവൽ ഉണ്ടായിരിക്കല്ലേ എന്ന് ഞാനും പ്രാർത്ഥിക്കുന്നതിനിടയിൽ സ്ക്രീനിൽ വെള്ളിടി പോലെ 'ഇന്റർവെൽ' എഴുതിക്കാണിച്ചു.
'അച്ഛാ, വാ നമുക്ക് പോയി എന്തെങ്കിലും വാങ്ങിയിട്ട് വരാം' എന്നുപറഞ്ഞു കണ്ണൻ എഴുന്നേറ്റു.
'അതേയ്, ഞാൻ ശരിക്കും ഈ സിനിമ കാണാൻ അല്ല വന്നത്...ഇപ്പോൾ ഇന്റെർവെല്ലിന് ഇനി വരാനിരിക്കുന്ന സിനിമകളുടെ ട്രെയ്ലർ കാണിക്കും, അത് കാണാൻ അടിപൊളിയായിരിക്കും. പുറത്തു പോയാൽ അത് മിസ് ആകും' എന്നൊരു നമ്പർ ഇട്ടെങ്കിലും ഒന്നിനെതിരെ മൂന്ന് വോട്ടുകൾക്ക് അത് പരാജയപ്പെട്ടു.
അങ്ങനെ അംഗൻവാടിയിലേക്ക് മടിച്ചു മടിച്ചു പോകുന്ന കുട്ടിയെ പോലെ ഞാൻ പുറകിലും, എൻറെ കൈ പിടിച്ചു കണ്ണൻ മുമ്പിലും സ്നാക്സ് കൗണ്ടറിലേക്ക് നടന്നു.
പോകുന്ന വഴിക്ക് ജങ്ക് ഫുഡ് കഴിച്ചാലുള്ള ഭവിഷ്യത്തുകളെ കുറിച്ചുള്ള എൻറെ പഴയ കാസെറ്റ് ഞാൻ കണ്ണനെ ഒന്നുകൂടി കേൾപ്പിച്ചു.
'അച്ഛാ, ഇതെല്ലാം എപ്പോഴും കഴിച്ചാലേ പ്രശ്നമുള്ളു, വല്ലപ്പോഴുമൊക്കെ കഴിക്കാമെന്ന് ക്ലാസ്സിൽ മേം പറഞ്ഞിട്ടുണ്ടല്ലോ.'
'ഓഹോ, നിനക്ക് നിൻറെ അച്ഛൻ പറയുന്നതാണോ, മേം പറയുന്നതാണോ വലിയത് എന്ന് എനിക്ക് ഇപ്പൊ അറിയണം. ഞാൻ 'കിരീടം' സിനിമയിലെ തിലകനായി.
'അച്ഛൻ തന്നെയല്ലേ പറഞ്ഞത് മേം പറയുന്നതൊക്കെ അനുസരിക്കണം എന്ന്.'
'ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടോ? എന്നാൽ ഒരു സത്യം പറയട്ടെ എനിക്കത് ഓർമയില്ല.' ഞാൻ ഇന്നസെൻറ് ആയി.
എന്ത് ചെയ്യാം, ടീച്ചർമാരൊക്കെ ഓരോ ഔട്ട് ഓഫ് സിലബസ് കാര്യങ്ങൾ പിള്ളേരെ പഠിപ്പിച്ചു വിട്ടോളും.
സ്നാക് കൗണ്ടറിൻറെ മുന്നിൽ എത്തിയപ്പോൾ അവിടെ നല്ല തിരക്ക്.
'ഓ വല്ലാത്ത തിരക്കാ ഡാ, നമുക്ക് സിനിമ കഴിഞ്ഞു പോകുമ്പോൾ വാങ്ങിയാലോ?' എന്ന് പറഞ്ഞു കഴിയും മുമ്പേ അവിടത്തെ ഒരു സ്റ്റാഫ് വന്ന് 'മേ ഐ ഹെൽപ് യു സർ,' എന്ന് ചോദിച്ചു കൊണ്ട് ഞങ്ങളെ തിരക്കില്ലാത്ത ഒരു കൗണ്ടറിൽ കൊണ്ടു നിർത്തി.
പോപ്കോൺ സ്മോൾ ബാസ്കറ്റ് 260 രൂപ, മീഡിയം 450 രൂപ എന്നൊക്കെ റേറ്റ് കേട്ടതോടെ എനിക്ക് തലകറങ്ങിയതിനാൽ ലാർജ്ൻറെ വില കേൾക്കാൻ പറ്റിയില്ല.
പുറത്തു പത്തു രൂപയ്ക്കു കിട്ടുന്ന പോപ്കോണിൻറെ പണക്കാരനായ സഹോദരൻ ചില്ലു കൂട്ടിലിരുന്ന് എന്നെ പല്ലിളിച്ചു കാണിച്ചു.
'സാമ്രാജ്യത്വം തുലയട്ടെ, ഇങ്കിലാബ് സിന്ദാബാദ്' എന്ന് പിറുപിറുത്തു കൊണ്ട് ഞാൻ ഒരു മീഡിയം ബാസ്ക്കറ്റ് നു ഓർഡർ കൊടുത്തു.
'അച്ഛനെന്താ ഈ പറഞ്ഞോണ്ടിരിക്കുന്നത്?'
'സാമ്രാജ്യത്വം തുലയട്ടെ... എന്ന്'
'എന്ന് വെച്ചാൽ ?'
'എന്ന് വെച്ചാൽ.....അതൊന്നും മനസിലാക്കാനുള്ള പ്രായം നിനക്കായിട്ടില്ല. ഇതുവരെ എനിക്ക് തന്നെ മനസിലായിട്ടില്ല എന്താണെന്ന്, പിന്നെയാണ് എട്ട് വയസായ നിനക്ക്...'
'സർ പെപ്സി ?'- ഞാൻ മുഷ്ടി ചുരുട്ടി പിടിച്ചിരിക്കുന്നത് കണ്ടിട്ട് പാവം ചോദിക്കുവാണ്.
പെപ്സി പോലുള്ള കുത്തക പാനീയങ്ങൾ ഞാൻ കുടിക്കാറില്ല എന്ന് അവനോട് പറയാൻ വന്നതാണ്, പിന്നെ അവൻറെ ബഹുമാനത്തോടെയുള്ള സർ വിളി കേട്ടപ്പോൾ വേണ്ടെന്ന് വെച്ചു.
'അച്ഛാ, ഇങ്ങു താ ഞാൻ പിടിക്കാം’...പോപ്കോൺ കൈയിൽ കിട്ടിയതോടെ കണ്ണൻറെ സഹായ ഹസ്തം എൻറെ നേരെ നീണ്ടു.'
'വേണ്ട, ഇനി നീ ഇതും കൊണ്ട് പോയി വല്ലയിടത്തും തടഞ്ഞു വീണാൽ രൂപാ 450 പോയിക്കിട്ടും...അതുകൊണ്ടു ഞാൻ തന്നെ പിടിച്ചോളാം.’
എന്ന് പറഞ്ഞു മുന്നോട്ട് നടന്നതേ ഉള്ളു...പെട്ടെന്ന് 'ഒടിയനിലെ' വില്ലനായ പ്രകാശ് രാജിനെ പോലെ ഒരാൾ ഫോണും ചെയ്തു കൊണ്ട് വേഗത്തിൽ വന്ന് എൻറെ തോളിൽ ഒറ്റ ഇടി...
'എൻറെ അമ്മച്ചീ...'
ഇടിയുടെ ആഘാതത്തിൽ ഞാൻ വട്ടം കറങ്ങിപ്പോയി, അതോടൊപ്പം കൈയിലുണ്ടായിരുന്ന ബാസ്കറ്റിൽ നിന്നും പോപ്കോൺ മുഴുവൻ മുകളിലേക്ക് തെറിച്ച് പോയി പുഷ്പ വൃഷ്ടി പോലെ താഴേക്ക് വീണു...
വീണ്ടും ഒരു റൌണ്ട് കൂടി വട്ടം കറങ്ങിയ ശേഷമാണു എനിക്ക് നേരെ നിൽക്കാൻ പറ്റിയത്. അതിനിടയിൽ 'സോറി' എന്ന് പറഞ്ഞു കൊണ്ട് പുള്ളി ഒടിയനെ പോലെ ഓടിപ്പോയി ഒരു ടോയ്ലെറ്റിൽ കയറി അപ്രത്യക്ഷനായി!
കുറച്ചു സമയം പുള്ളി ഇറങ്ങുന്നതും കാത്ത് ടോയ്ലെറ്റിന് പുറത്തു കാലി ബാസ്ക്കറ്റും പിടിച്ചു കൊണ്ട് ലേബർ റൂമിനു വെളിയിൽ ടെൻഷനോടെ നിൽക്കുന്ന ഹസ്ബൻഡിനെപ്പോലെ നിന്നെങ്കിലും നിരാശയായിരുന്നു ഫലം.
മിക്കവാറും പുള്ളി ക്ലോസെറ്റിലേക്ക് ചാടി ഒടിവിദ്യ പ്രയോഗിച്ചു ഫ്ലഷ് ചെയ്ത് പുറത്തേക്കു രക്ഷപ്പെട്ടിരിക്കാനാണ് സാധ്യത.
സിനിമ തുടങ്ങാനായതിനാൽ ആ മഹാനുഭാവനെയും, അദ്ദേഹത്തിൻറെ പിതാമഹന്മാരെയുമെല്ലാം മനസ്സിൽ ധ്യാനിച്ചു കൊണ്ട് ഞങ്ങൾ വീണ്ടും സ്നാക്സ് കൗണ്ടറിൽ പോയി ഒരു സ്മാൾ പോപ്കോൺ ബാസ്ക്കറ്റും വാങ്ങി തീയേറ്ററിനകത്തേക്കു പോയി.
'ഇതെത്ര നേരമായി പോയിട്ട്? നിങ്ങൾക്ക് ട്രെയ്ലർ കാണണ്ടായിരുന്നോ?'
'ഓ വേണ്ട, പുറത്തു ഇതിനേക്കാൾ നല്ല ട്രെയ്ലർ ഉണ്ടായിരുന്നു.'
'ഈ ചെറിയ പാക്കറ്റ് പോപ്കോൺ ആണോ അച്ഛനും, മോനും കൂടി പോയി വാങ്ങിയത്. അവരുടെ കൈയിലൊക്കെ നോക്കിയേ വലിയ പാക്കറ്റ്, അത് പോലത്തെ വാങ്ങത്തില്ലായിരുന്നോ?'
'അത്, ഞാൻ അവിടെ നിന്നും വയറു നിറച്ചു കഴിച്ചിട്ടാണ് വരുന്നത്...ഇത് നിങ്ങൾക്കുള്ളതാണ്.'
സിനിമ തുടങ്ങിയതോടെ എൻറെ സൈഡിൽ ഇരിക്കുന്ന സഹോദരൻറെ കലാപരിപാടിയും ആരംഭിച്ചു. പുള്ളിയുടെ ഭൂമിയിലെ അവതാരോദ്ദേശ്യം തന്നെ പോപ്കോൺ തിന്നാൻ വേണ്ടിയാണു എന്ന് തോന്നിപ്പോയി!
'മാണിക്യന് ഇത്തിരി കഞ്ഞി എടുക്കട്ടേ?'
മഞ്ജു വാരിയരുടെ കഥാപാത്രം ചോദിക്കുവാണ്.
'കഞ്ഞി മാണിക്യന് മാത്രം പോരാ, കുറച്ചു എനിക്കും വേണമായിരുന്നു.' ആത്മഗതം ഉച്ചത്തിലായിപ്പോയി.
'നിങ്ങൾ വീട്ടിൽ നിന്നും ചോറുണ്ടിട്ടല്ലേ വന്നത്. എന്നിട്ട് പിള്ളേരെ പോലെ വിശപ്പാണോ?, നമുക്ക് പോകുന്ന വഴിക്ക് മലയാളി ഹോട്ടലിൽ കേറാം അല്ലേ?'
അടുത്ത ചെലവ് മുൻകൂട്ടി കണ്ട ഞാൻ പെട്ടെന്ന് തന്നെ...'ഹേയ്, ഞാനൊരു തമാശ പറഞ്ഞതല്ലേ...എനിക്കൊട്ടും വിശക്കുന്നില്ല'
'നിങ്ങളല്ലേ പറഞ്ഞത് സിനിമ വെറും തല്ലിപൊളിയാണ്, മോഹൻലാലിൻറെ അഭിനയം കൊള്ളില്ല എന്നൊക്കെ...എന്നിട്ടു നല്ല അടിപൊളിയാണല്ലോ?'
'ആണോ, എനിക്ക് തോന്നുന്നില്ല, മോഹൻലാലും, മഞ്ജുവും ഒന്നും ഞാൻ ഉദ്ദേശിച്ച പോലെ ശരിയായിട്ടില്ല.'
അതിനു സ്ക്രീനിലേക്ക് നോക്കുമ്പോൾ ഞാൻ കാണുന്നത് അന്തരീക്ഷത്തിൽ മുകളിലേക്ക് പൊങ്ങി താഴേക്ക് വീഴുന്ന പോപ്കോണുകളെയാണ്...
അതിനു പശ്ചാത്തല സംഗീതം പോലെ സൈഡിൽ നിന്നും 'കറും,മുറും, ഗുളു ഗുളു ഗുളു , ബ്ള്ക് , ബ്ള്ക് ' എന്ന ശബ്ദവും...
-അനൂപ് കുമാർ @ Nallezhuth FB group

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot