നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തത്കാൽ മുർഗിമസാല.

Image may contain: 1 person, smiling, closeup
ഹായ് കോയീൻ്റെ മണം.
അത് പറമ്പിൽ ചിക്കി നടക്കുന്ന വല്ല കോഴിയുമായിരിക്കും.
അല്ല ബെച്ച കോയീൻ്റെ മണം.
എന്നാൽ കറിവച്ചു കൊണ്ടിരിക്കുമ്പോൾ ഇറങ്ങി ഓടിയ ഏതെങ്കിലും കോഴിയായിരിക്കും, അതാണ് ബെച്ച കോയീൻ്റെ മണം.
കേട്ട തോന്നൽ സത്യമാണല്ലോ,
ഉച്ചക്ക് വാങ്ങിയ ബിരിയാണിയിലെ കോഴി അങ്ങിനെ കറിവച്ചു കൊണ്ടിരുന്നപ്പോൾ ഇറങ്ങി ഓടി നമ്മുടെ ബിരിയാണിയിൽ വന്ന് ഒളിച്ചിരുന്നതാണോ എന്നൊരു സംശയം ഇല്ലാതില്ല. സത്യമാണ് ഒന്നു ചുരണ്ടി നോക്കിയപ്പോൾ കാണാം, മുകൾഭാഗത്തെ മസാല കലർന്ന ഭാഗത്തിനടിയിൽ
നല്ല വെളുത്ത നിറത്തിലുള്ള
മാംസഭാഗത്തിലേക്ക് ഉപ്പും, മുളകും,വേവും ഒന്നും ജനിച്ചിട്ടിന്നുവരേ കടന്നു ചെന്നിട്ടേയില്ല. ഹോട്ടലിലെ കുക്ക് മാറിയിട്ടുണ്ടോ എന്ന്
ബിരിയാണിയിലെ കോഴി കഷ്ണം നോക്കിയാൽ മനസ്സിലാക്കാം. ചിക്കൻ ബിരിയാണിയിൽ സാധാരണ രണ്ടു ജാതി ചിക്കനുകളാണല്ലോ കാണാറാള്ളത്. ഒരുജാതി, ഇരുജാതി എന്നെല്ലാം പറയുന്നത് കേട്ടിട്ട് നാടൻ കോഴി, ബ്രോയ്ലർ കോഴി എന്നിവ ആണെന്നുള്ള ചിന്തയൊന്നും വേണ്ട, നാടൻ ചിക്കൻ കണ്ട കാലം മറന്നു. ഇവിടെ ഉളള ബിരിയാണിയിൽ രണ്ടു ജാതി ചിക്കനെന്ന് പറഞ്ഞത്, ഒന്ന് പൊരിച്ച ചിക്കൻ, മറ്റൊന്ന് പുഴുങ്ങി വേവിച്ച ചിക്കൻ. നരകത്തിലെ കോഴി കറങ്ങുന്ന കറക്കം ഒന്നു കാണേണ്ടതു തന്നേയാണ്. അടിയിലും മോളിലും സൈഡിലും തീയിട്ട് ഇരുമ്പു കമ്പിയിൽ കോർത്തിട്ടാൽ ഏതു കോഴിയാണെങ്കിലും കറങ്ങി പോകും, അവിടെ നിന്നാണ് അവയ്ക്ക് ബിരിയാണിയിലേയ്ക്ക് പ്രമോഷൻ . ഇനി ഇപ്പോൾ ഏതു ജാതി ചിക്കനാണെങ്കിലും ഉള്ളുവെന്തിട്ടില്ല എന്ന നഗ്നസത്യം വെളുത്ത നിറത്തിൽ എന്നെ തുറിച്ചു നോക്കിയപ്പോൾ സത്യത്തിൽ കണ്ണു മഞ്ഞളിച്ചു പോയി. പിന്നെയൊന്നും നോക്കിയില്ല ഭ്രാന്തമായ ആവേശത്തോടെ
ബിരിയാണിയിലെ കോഴിക്കഷ്ണങ്ങൾ അതിൽ പറ്റിയിരുന്ന ചോറ് തട്ടിക്കളഞ്ഞ്, ചെറുതായി നുള്ളിക്കീറിയെടുത്ത് പാത്രത്തിലേയ്ക്ക് മാറ്റിവച്ചു.
ഒരു സവാള നീളത്തിൽ അരിഞ്ഞെടുത്തതും, രണ്ട് പച്ചമുളകും, ഒരു കുഞ്ഞു കഷ്ണം ഇഞ്ചിയും, രണ്ട് വെളുത്തുള്ളി അല്ലിയും ഇത്തിരി കറിവേപ്പിലയും എടുത്തു അടുപ്പിൻ്റെ അരികിൽ ഒരു പാത്രത്തിലേക്ക് എടുത്തു വച്ചു. കറിവേപ്പില എടുക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ നേരത്തെ എപ്പോഴോ വാങ്ങിയതിൽ ബാക്കിയുള്ള ഒരു കാപ്സിക്കം വെറുതെ മോളിലേക്ക് നോക്കി കണ്ണും മിഴിച്ചു കിടക്കുന്നു. അതും എടുത്ത് കഴുകി വൃത്തിയാക്കി വട്ടോം നീളോം മുറിച്ചെടുത്തു. അതെന്തിനാണെന്നും ചോദിയ്ക്കരുത്, വെർതെ ഒരു രസത്തിന് ഒരു ടേസ്റ്റായിക്കോട്ടെന്ന് കരുതി എന്നു മാത്രം. എല്ലാം കൂടെ ചെറിയ കുക്കറിൽ ലേശം എണ്ണയൊഴിച്ച് വഴറ്റി. നന്നായി വഴന്നു വന്നപ്പോൾ അതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി, ഒരു സ്പൂൺ കാശ്മീർ മുളകുപൊടി, ഒരു സ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചതിലേക്ക് ഒരു തക്കാളി മുറിച്ചിട്ട് ഒന്നിളക്കി അര ടീസ്പൂൺ ചിക്കൻ മസാല ചേർത്ത് കൂടെ അര ഗ്ലാസ്സ് വെള്ളവുമൊഴിച്ച് പാകത്തിന് ഉപ്പിട്ടിളക്കി. ചിക്കിപ്പറിച്ച് വച്ചിരിക്കുന്ന ചിക്കനും ഇട്ട് നന്നായി ഇളക്കി. മേമ്പൊടിയായിട്ട് മൂന്നാല് ഏലയ്ക്കയും, ഇച്ചിരി കറുവപ്പട്ടയും കൂടി ചേർത്തു. പിന്നീട് കുക്കർ അടച്ച് വിസിലുമിട്ട് നമ്മുടെ പണിയെല്ലാം തീർത്തു. ഇനി വെന്താലും വെന്തില്ലേലും അവരായി അവരുടെ പാടായി എന്നു മനസ്സിൽ കരുതി
ഇത്തിരി നേരം എന്തെല്ലാമോ ഓർത്തു നിന്നു. ഓർമ്മകൾക്ക് വിരാമമിട്ടു കൊണ്ട് ഉറക്കത്തിൽ ഞെട്ടി എണീറ്റപോലെ ഒരു വിസിൽ, ഒന്നിനു പുറകെ ഒരു വിസിലൂടെ വന്ന നേരം ഒറ്റയടിക്ക് കുക്കർ ഓഫ് ചെയ്ത് ഓർമ്മകളിലേക്ക് വീണ്ടും ഊളിയിട്ടു.
ഒരല്പനേരം ഓർമ്മകളിലൂടെ ഒന്നു കറങ്ങിയിട്ട് തിരിച്ചെത്തി കുക്കർ തുറന്നപ്പോൾ തത്ക്കാൽമുർഗിമസാലയുടെ സുന്ദരസുരഭിലമോഹനഗന്ധം, നാസാരന്ധ്രങ്ങളിലൂടെ നാവിലെത്തി സ്വാദിൻ്റെ രസമുകുളങ്ങൾ ഉണർത്തി.
തത്ക്കാലത്തേയ്ക്ക് തട്ടിക്കൂട്ടിയുണ്ടാക്കിയതും ബിരിയാണിയുടെ കൂടെ കഴിയ്കാനും, വൈകിട്ട് ചപ്പാത്തിയുടെ കൂടെയും ഉപയോഗിക്കാനായി ഞാൻ തന്നേ ഉണ്ടാക്കി, സ്വന്തമായി ഞാൻ തന്നേ പേരുമിട്ട തത്ക്കാൽ മുർഗിമസാലയ്ക്കൊപ്പം.
ഇങ്ങിനെയെല്ലാം സംഭവിച്ചപ്പോഴാണ് പണ്ട് കുട്ടികൾ പറഞ്ഞ ഒരു കാര്യം ഓർത്തത്. നായയ്ക്കും പൂച്ചയ്ക്കും നമ്മൾ നല്ല നല്ല ചെല്ല പേരിട്ടു വിളിയ്ക്കുമല്ലോ എന്നാൽ കോഴികളെ എന്താണ് അങ്ങിനെ ചെല്ലപ്പേരിട്ട് വിളിയ്ക്കാത്തത് എന്ന ചോദ്യത്തിന് മറുപടി അറിയാതെ, പറയാതെ നിന്നതിൻ്റെ കൂടെ അവരുടെ മറുപടിയും കൂടെ കേട്ട് ചെവി കൊട്ടിയടച്ചുപ്പോയി.
മറ്റു മൃഗങ്ങൾക്കു പേരിടുന്ന പോലെയല്ല കോഴികൾക്ക് പേരിടുന്നത്, അവയ്ക്ക് മരണാനന്തര ബഹുമതിയായാണല്ലോ ഓരോ പേരും നൽകുന്നത്.
ചിക്കൻ മസാല, ചിക്കൻ കുറുമ, ചിക്കൻ കറി, പപ്പാസ്, തന്തൂരി, ചില്ലി, പെപ്പർ, ഗാർളിക് ചിക്കൻ എന്നു വേണ്ട അറുപത്തിയഞ്ചാമത്തെ പേരായിട്ട് അത്രയും കഷ്ണങ്ങൾ ആയി മുറിച്ചു വറുത്ത ചിക്കൻ സിക്സ്റ്റി ഫൈവ് വരേ എത്രയെത്ര പേരുകൾ.
എന്നാൽ ചിലപ്പോൾ ആൾക്കാർ പറയുന്നത് ശരിയായിരിക്കും പണ്ട് ഏതോ മലയാളി, പാക്കിസ്ഥാനി ഹോട്ടലിൽ കയറി ചിക്കൻ കറി കഴിച്ചപ്പോൾ എന്തോ ഒരു രുചി വ്യത്യാസം. ചിക്കൻ കറി കേടായി എന്ന് വിളിച്ചു പറഞ്ഞു. ഇതു കേട്ട പാക്കിസ്ഥാനി കരുതിയത് സൂപ്പർ കറിയാണ് അതാണ് മലയാളി ഒത്തിരി ഇഷ്ടത്തോടെ പുതിയ പേരിട്ട്
വിളിക്കുന്നത്. ചിക്കൻ കടായി, ചിക്കൻ കടായീന്ന്. അങ്ങനെയാണത്രേ
ചിക്കൻ കടായി എന്ന പേര് വീണത്. ഓരോരോ പേരു വരുന്ന വഴികളേയ്.

By PS Anilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot