നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പവിഴമല്ലികൾ ചിരിക്കട്ടെ

Flower & flower buds I IMG 2257.jpg
"ഗുരുശാപം.... കന്യകാശാപം.... ഒന്നും ഒരു കാലത്തും ഫലിക്കാതെ പോവില്ലെടോ.... "
അയാൾ അർദ്ധബോധത്തിലെന്ന പോലെ പുലമ്പിക്കൊണ്ടിരുന്നു.
ബാബയുടെ അഗതിമന്ദിരത്തോടു ചേർന്ന ചെറിയ ക്ലിനിക്കിൽ രണ്ടു ദിവസം മുൻപാണ് ആരൊക്കെയോ ചേർന്ന് അയാളെ എത്തിച്ചത്.
ദേഹമാകെ വ്രണങ്ങൾ... കാൽ ഡ്രെസു ചെയ്യാനെടുത്തു വച്ചപ്പോൾ പാദത്തിനടിയിലെ മുറിവിൽ നിന്നും പുറത്തേയ്ക്കു വീണ പുഴുക്കളെ കണ്ട ശേഷം ഒരിറക്കു വെള്ളം പോലും തൃപ്തിയോടെ കുടിക്കാൻ സാധിച്ചിട്ടില്ല.
കാമാത്തിപ്പുരയിലെ അഴുക്കുപിടിച്ച ഗലികളിൽ ഇഴയുന്ന നിലയിൽ കണ്ടെത്തിയ മനുഷ്യക്കോലത്തിനു പ്രായം നാൽപതു കളിലായിരിക്കണം. അതോ അതിൽ കുറവോ...
ഈ പ്രായത്തിൽ...ഈ അവസ്ഥയിൽ ...! അല്ലെങ്കിലും ഇത്തരം കാഴ്ചകളൊന്നും ഈ തെരുവുകളിൽ അപൂർവമല്ലല്ലോ.
മരുന്നുകൾ ചെന്നു തുടങ്ങിയതോടെ അവസ്ഥ അൽപം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇടയ്ക്കിടെയെത്തുന്ന കടുത്ത പനിയും ശ്വാസതടസ്സവും പ്രതീക്ഷയ്ക്കു വക നൽകുന്നില്ല.
പഴുപ്പ് എല്ലുകളെ ബാധിച്ചിട്ടുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. അരയ്ക്കു താഴെ പാദം വരെയും പല വലിപ്പത്തിലും പ്രായത്തിലുമുള്ള വ്രണങ്ങൾ...പുതിയതോരോന്ന് ശരീരത്തിന്റെ പല ഭാഗങ്ങളിലായി തല കാട്ടുന്നുണ്ട്.
നഴ്സ് ഓരോ വ്രണത്തിലെയും പഴുപ്പ് മെല്ലെ കുത്തിയെടുത്തു കൊണ്ടിരിക്കുന്നു. വേദനാസംഹാരികൾ അയാളിൽ വേണ്ടത്ര പ്രതികരണമുണ്ടാക്കുന്നില്ലെന്നത് വ്യക്തമാണ്. അയാളുടെ ശരീരത്തെ ഒതുക്കിക്കിടത്താൻ എനിക്കത്രയേറെ പണിപ്പെടേണ്ടി വരുന്നുണ്ടായിരുന്നു.
"തന്തയില്ലാത്തവൻ... തന്തയാരെന്നറിയാത്തവൻ... എന്നെ വീട്ടിലേയ്ക്കടുപ്പിച്ചത് മാഷിന്റെ തെറ്റ്... അവരുടെ തെറ്റ്... "അയാൾ വാക്കുകൾ ചവച്ചു തുപ്പി.
"സഹതാപം...! ത്ഫൂ... "അയാൾ നീട്ടിത്തുപ്പി. മുംബൈക്കാരിയായ നഴ്സ് അനിഷ്ടത്തോടെ അയാളുടെ മുഖത്തേയ്ക്ക് നോക്കി, ഒരു വലിയ വ്രണത്തിലേയ്ക്ക് കോട്ടൺ തള്ളിയിറക്കിയപ്പോൾ പുച്ഛത്തിലെന്നോണം അയാളുടെ ചിറി ഒരു വശത്തേയ്ക്കു കോടിപ്പോയി.
"പ്രിയശിഷ്യനായി കണ്ടെത്തിയതാണ്. ഈ എന്നെ...! ഏതോ തെരുവുപട്ടിക്കുണ്ടായ വിത്തെന്നോർത്തില്ല..
വിഡ്ഢികൾ ...!!"
അയാളെന്റെ കൈയിലെ ഗ്ലൗസില്ലാത്ത ഭാഗത്ത് തോണ്ടി വിളിച്ചപ്പോൾ വല്ലാത്ത ഈർഷ്യ തോന്നി ഞാൻ കൈ വലിച്ചു കോട്ടിൽ തുടച്ചു. സ്പിരിറ്റിൽ മുക്കിയ കോട്ടൺ എടുത്ത് അവിടെ ഒന്നു തുടയ്ക്കാനാവാത്തതിൽ എനിക്ക് വല്ലാത്ത വിമ്മിട്ടം തോന്നി. ദേഹമാസകലം എന്തോ അരിക്കുന്ന പോലെ.
അയാളതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. "ഞാനിതെല്ലാം എന്തിനു തന്നോടു പറയുന്നെന്നല്ലേ..?" അയാളെന്റെ കണ്ണുകളിലേയ്ക്കു നോക്കി.പീള കെട്ടിയെ വെള്ളാരങ്കണ്ണുകൾ.. എനിക്കു വീണ്ടും അറച്ചു.
"വെറുക്കണം ...! എല്ലാവരും ... എന്നെ അറിയുന്ന ഓരോരുത്തരും എന്നെ വെറുക്കണം. ഒരു പുഴുവിനെ പ്പോലെ... പുഴുത്ത പട്ടിയെപ്പോലെ..."
" അവൾ...മാഷിന്റെ മകൾ... " അയാളുടെ കണ്ണുകൾ പാതിയടഞ്ഞു. "അവളുടെ ചുണ്ടിനു താഴെയുള്ള ആ കറുത്ത മറുക് ...നാശം..!! അതാണെന്നെ ഭ്രാന്തനാക്കിയത്... പിന്നെ അവളുടെയാ മണം... പവിഴമല്ലിപ്പൂക്കളുടെ ഗന്ധം... "
"ആ... ഹ്! "കഠിനമായൊരു വേദനയിൽ അയാൾ വെട്ടിപ്പുളഞ്ഞു. "വേദനിക്കട്ടെ... ഇനിയുമിനിയും വേദനിക്കട്ടെ.. ആരും സഹതപിക്കരുത് ".,അയാൾ പിറുപിറുത്തു കൊണ്ടിരുന്നു.
"ദാ... ഇപ്പഴും... " അയാൾ മൂക്കുവിടർത്തി മണത്തു. കണ്ണുകൾ ചുഴറ്റി. "ചതഞ്ഞ പവിഴമല്ലിപ്പൂക്കളുടെ ഗന്ധം... "
നഴ്സ് ഇപ്പോഴയാളുടെ പാദത്തിനു മേലുള്ള വലിയ വ്രണമാണ് വൃത്തിയാക്കുന്നത്- വല്ലാത്തൊരു ദുർഗന്ധം മുറിയിൽ വ്യാപിക്കാൻ തുടങ്ങിയിരിക്കുന്നു.
ഞാൻ പുറത്തെ കാഴ്ചകളിലേയ്ക്ക് മുഖം തിരിച്ചു.ജനാലയ്ക്കപ്പുറം ഒരു വലിയ ചിലന്തി വല നെയ്തു കൊണ്ടിരുന്നു.
"തളർന്നുവീണപ്പോൾ വലംകൈയാകുമെന്നു മാഷ് കരുതിയവൻ... "അയാൾ തന്റെ വ്രണം പേറുന്ന വലം കൈയിലേയ്ക്കു നോക്കി.
"കണ്ടോ, ചാറ്റൽ മഴ ... "അയാൾ വാതിലിനു നേരെ കണ്ണു ചൂണ്ടി. പുറത്ത് വെയിൽ തിളച്ചു കിടന്നു.
"അവളെക്കുറിച്ച് ഓർത്താൽ ഉടനെത്തും ഈ ചാറ്റൽ മഴ... ഒരു ചുമരിനപ്പുറം പാതി മരിച്ചു കിടക്കുന്ന അച്ഛൻ ഒന്നുമറിയാതിരിക്കാനായി.... അവൾ അടക്കിപ്പിടിച്ച തേങ്ങലുകൾ..."
"മാ.....ഷേ..... !! "വേദനയുടെ ആരോഹണമേറിയ വലിയൊരു നിലവിളി അയാളുടെ തൊണ്ടയിൽ കുരുങ്ങി അവ്യക്തമേതോ ആഴങ്ങളിൽ ചെന്നു പതിച്ചു.
"ഈ കാമാത്തിപ്പുരയാകെ അലഞ്ഞിട്ടുണ്ട്.... " വാക്കുകൾ തൊണ്ടയിൽ നിന്നും ചതഞ്ഞരഞ്ഞു പുറത്തേയ്ക്കു വീണു കൊണ്ടിരുന്നു.
"ഓരോ അഭിസാരികയ്ക്കു മുമ്പിലും അറപ്പോടെ ഞാനെന്റെ പൗരുഷം വിളമ്പി... എന്നിട്ടും... ഓരോ ചാറ്റൽ മഴയ്ക്കുമൊപ്പം അവളുടെ ഗന്ധം... ശാപം... എന്നെ വിട്ടു പോകാതെ...."
"ഒന്നും തീർന്നിട്ടില്ല. തീരില്ല.... വേദനിച്ചു വേദനിച്ചു തന്നെ തീരണം ..... ഇനിയും .. ഇനിയും.... "
കാൽ മടമ്പിനോട് ചേർന്നുള്ള വലിയ പൊത്തുപോലുള്ള മുറിവിനെ ചുറ്റിയ കെട്ട് നഴ്സ് അഴിച്ചെടുത്തു. പഴുത്തു ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധം...
അടിവയറ്റിൽ നിന്നും മുകളിലേയ്ക്കിരച്ചു വന്നൊരോക്കാനത്തിൽ ഞാൻ പിടഞ്ഞുണർന്നു.
ബസ് കാമാത്തിപ്പുരയെത്തിയിരിക്കുന്നു.
തിങ്ങിത്തിങ്ങി നിലകൊള്ളുന്ന പുരാതന കെട്ടിടങ്ങളുടെ താഴെ നിന്നും ഒന്നാം നിലകളിൽ നിന്നും ഗുഹാമുഖം പോലെ തെരുവിലേയ്ക്കു തുറന്ന വാതായനങ്ങളിൽ നിന്നു കൊണ്ട് പിച്ചിപ്പൂ ചൂടിയ പെണ്ണുങ്ങൾ കൈമാടി വിളിച്ചു.
സമീപത്തെ ഓടയിൽ നിന്നും ഉയരുന്ന ദുർഗന്ധം പാതയോരത്ത് വിൽപനയ്ക്കു വെച്ച പൂക്കളുടെ ഗന്ധത്തെപ്പുണർന്ന് തെരുവാകെ പരക്കുന്നു.
പീള കെട്ടിയ വെള്ളാരങ്കണ്ണുകൾ വല്ലാത്തൊരു അസ്വസ്ഥതയായി മനസ്സിൽ നിറഞ്ഞു.
വേദനകളില്ലാത്ത ലോകത്തേയ്ക്ക് അയാൾ പോയിക്കഴിഞ്ഞു. മരണവുമായി ബന്ധപ്പെട്ട ചില ഫോർമാലിറ്റികൾ തീർക്കാനായി നഗരസഭ ലക്ഷ്യമിട്ടിറങ്ങിയതാണ് ഞാൻ.
മുന്നിലെ സീറ്റിൽ നിന്നും അമ്മയുടെ തോളിലേയ്ക്ക് ചാരിക്കിടന്നൊരു കുഞ്ഞ് കൈനീട്ടിച്ചിരിക്കുന്നു. ചെമ്പിച്ച മുടിയും ഓമനത്തമാർന്ന മുഖവും.അവളുടെ ചുരുട്ടിപ്പിടിച്ച കുഞ്ഞുകൈയിൽ ഉമ്മ വെയ്ക്കാൻ തോന്നി.
"അരുത് ഉണ്ണ്യേട്ടാ... !അത്... ഉണ്ണ്യേട്ടന്റെ മോളല്ല.!!" ഭാമയുടെ സ്വരം. ഒരു നടുക്കത്തിൽ പിന്നിലേയ്ക്കു മലച്ചുപോയി.
വെള്ളാരം കണ്ണുകളുള്ളൊരു കുഞ്ഞു സുന്ദരി ഓർമയിൽ തെളിഞ്ഞു.
ദൈവമേ...! ഞാനെന്താണ് ചെയ്തത്...?
പിന്നെയൊരു തിടുക്കമായിരുന്നു. തൊട്ടടുത്ത സ്റ്റോപ്പിലിറങ്ങി. ഓട്ടോ പിടിച്ച് ബാബയുടെ അരികിലെത്തി. വിവരങ്ങൾ പറഞ്ഞ് അനുഗ്രഹം വാങ്ങി, അത്യാവശ്യ സാധനങ്ങൾ ഒരു ബാഗിൽ കുത്തിനിറച്ച് ബസ് സ്റ്റാൻഡിലേയ്ക്ക് ഓടുകയായിരുന്നു.
ഹൃദയം ലാവ പോലെ തിളച്ചുരുകുകയായിരുന്നതിനാൽ സൂര്യൻ തലയ്ക്കു മേലെ തീ ചൊരിയുന്നതൊന്നും ഞാനറിഞ്ഞില്ല
നാട്ടിലേക്ക് സ്റ്റാർട്ടു ചെയ്തിട്ട ബസിൽ ചാടിക്കയറി സീറ്റിലേയ്ക്കമരുമ്പോൾ ശരീരത്തിലെ ഓരോ അണുവും ത്രസിക്കുന്നതറിഞ്ഞു.
വർഷങ്ങളുടെ ഏകാന്ത ജീവിതം കൊണ്ടു സ്ഫുടം ചെയ്തെടുത്ത മനസ്സിനെ കുറ്റബോധമോ സങ്കടമോ എന്നു വിവേചിച്ചറിയാനാവാത്ത ഒരു വികാരം ചുരന്നു കൊണ്ടിരുന്നു.
ഇപ്പോൾ എല്ലാം വ്യക്തമാകുന്നു. വിവാഹത്തിന് ഏതാനും ദിവസം മുൻപു കാണുമ്പോൾ പ്രസരിപ്പോടെ ഓടി വന്ന ഭാമ, കതിർമണ്ഡപത്തിൽ ഒരു മരപ്പാവ പോലിരുന്നത്....
പടിയിറങ്ങും മുമ്പ് അച്ഛന്റെ തളർന്ന വലം കൈ മുഖത്തണച്ചപ്പോൾ ഉള്ളുലഞ്ഞൊരു സങ്കടച്ചീള് പുറത്തേയ്ക്ക് തെറിച്ചത്....
കിടപ്പറയിലെ നിർവികാരത, അമ്മയാവാൻ പോകുന്നെന്നറിഞ്ഞപ്പോഴത്തെ വിഹ്വലത... എല്ലാം...
ഇനിയൊരു സ്ട്രോക്കു കൂടി താങ്ങാൻ അച്ഛനു കഴിയില്ലെന്നോർത്താവണം.... ! എത്ര വലിയ നെരിപ്പോട് നെഞ്ചിൽ ചുമന്നാവണം അവൾ തന്നോടൊപ്പം കഴിഞ്ഞത്.
കടിഞ്ഞൂൽ കൺമണിയെ കാണാൻ ഓടിയെത്തിയതതായിരുന്നു. കുഞ്ഞിക്കൈ മെല്ലെ വിടർത്തി ചുണ്ടോടു ചേർക്കുമ്പോഴായിരുന്നു...!
ചതിവു പറ്റിയെന്നറിഞ്ഞ നിമിഷം പടിയിറങ്ങിയതാണ്. വിശ്വാസങ്ങൾക്കാണ് മുറിവ് പറ്റിയത്. ശുദ്ധരിൽ ശുദ്ധനായ വാര്യർ മാഷ്,, മഞ്ഞു തുള്ളിയുടെ നൈർമല്യമുള്ള ഭാമ... ഹൃദയം നൂറായി നുറുങ്ങിപ്പോയിരുന്നു.
"അരുത്....അത് ഉണ്ണ്യേട്ടന്റെ കുഞ്ഞല്ല... ! "പിന്നീടെത്ര രാവുകളിൽ ഈ പിഞ്ഞിപ്പറിഞ്ഞ സ്വരം കേട്ട് ഞെട്ടിയുണർന്നിരിക്കുന്നു. പോകെപ്പോകെ മറവിയുടെ മാറാലകൾ ആ വലിയ മുറിവിനെ പൊതിഞ്ഞെടുത്തു.
ഇപ്പോൾ തോന്നുന്നു, ഭാമ ഒരിക്കലുമത് പറയാതിരുന്നെങ്കിൽ...! എടുത്തു ചാടി ഇറങ്ങിപ്പോരും മുമ്പ് അവളെ ചേർത്തു പിടിച്ച് എല്ലാം അന്വേഷിച്ചറിഞ്ഞിരുന്നെങ്കിൽ....
പിന്നിട്ടുപോയ ഗ്രീഷ്മങ്ങൾ വസന്തങ്ങളാകുമായിരുന്നോ?
അറിയില്ല. പിന്നീടു നടന്നു തീർത്ത കനൽവഴികളല്ലേ
തന്നെ പാകപ്പെടുത്തിയെടുത്തത്?
വാര്യർ മാഷിന്റെ വീട്ടിലേയ്ക്കുള്ള ഇടവഴി കയറുമ്പോൾ നടക്കല്ലുകളിലേയ്ക്ക് നിഴൽ വീണു തുടങ്ങിയിരുന്നു. പവിഴമല്ലിയുടെ നേർത്ത സുഗന്ധം തന്നെ തേടി വരുംപോലെ.
മുറ്റത്തേയ്ക്കു കയറുമ്പോൾ കണ്ടു, തുളസിത്തറയ്ക്കപ്പുറം കെട്ടിയ അസ്ഥിത്തറയിലേക്ക് മുഖം ചായ്ച്ചു കിടക്കുന്ന സ്ത്രീരൂപം.
ചാരെ, പൂത്തു നിൽക്കുന്ന പവിഴമല്ലിയിൽ നിന്നും ഉതിർന്നു വീണ ശുഭ്ര പുഷ്പങ്ങൾ അവളുടെ അഴിച്ചിട്ട മുടിയെ ചുംബിച്ചു ചിതറിക്കിടക്കുന്നു.
"ഭാമേ... "അടുത്തുചെന്ന് തോളിൽ തട്ടി വിളിച്ചപ്പോൾ അവൾ പിടഞ്ഞെണീറ്റു. തെളിഞ്ഞ നെറ്റിത്തടത്തിലേയ്ക്കൂർന്നു വീണു തിളങ്ങുന്ന സീമന്തരേഖയിലെ സിന്ദൂരച്ചാർത്ത്.
ബാഗ് താഴെ വച്ച് അവൾക്കു നേരെ കൈകൾ നീട്ടിയപ്പോൾ അര നിമിഷത്തെ അമ്പരപ്പ്... പിന്നെ ഒരു തേങ്ങലോടെ അവളെന്റെ നെഞ്ചിലേയ്ക്ക് വീഴുകയായിരുന്നു.
"അമ്മേ..." എന്നു വിളിച്ച് ഒതുക്കുകല്ലിറങ്ങി വന്ന ആറുവയസ്സുകാരി അന്ധാളിച്ചു പടികളിലൊന്നിൽ തറഞ്ഞു നിന്നു. പിടഞ്ഞു മാറിയ ഭാമയെ വിട്ട് ഞാൻ കുഞ്ഞിനടുത്തേയ്ക്ക് നടന്നു.
അവളുടെ വെള്ളാരങ്കണ്ണിലേയ്ക്കും ചുണ്ടിനു താഴെയുള്ള മറുകിലേയ്ക്കും ഞാൻ കൗതുകത്തോടെ നോക്കി.
അവളെ വാരിയെടുക്കുമ്പോൾ ഭാമ വിളിച്ചു, "ഉണ്ണ്യേട്ടാ... ദേവൂട്ടി... "
ഞാൻ ഭാമയുടെ ചുണ്ടുകൾ ചൂണ്ടുവിരൽ കൊണ്ട് പൂട്ടി.... "നമ്മുടെ മോൾ...!"
ഒരു കൈ കൊണ്ട് ഭാമയെ ചേർത്തണച്ച് ദേവൂട്ടിയുടെ നെറ്റിയിൽ മുത്തമിടുമ്പോൾ അസ്ഥിത്തറയിലെ തിരിനാളമുലച്ച് ഒഴുകി വന്നൊരു തെന്നൽ ഒരു പിടി പൂക്കൾ ഞങ്ങൾക്കു മേലെ പൊഴിച്ച് കടന്നു പോയി
Surya Manu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot