നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വോട്ട് ഒരു തിരഞ്ഞെടുപ്പടുക്കണ സമയത്തു വിലയുള്ള നോട്ട്



"നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും ..... ചിഹ്നത്തിൽ അടയാളപ്പെടുത്തേണമേ എന്നപേക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്ഥാനാർഥി ഈ വാഹനത്തിൻറെ പിന്നിൽ ..." പ്രചരണങ്ങൾ,  സ്ഥാനാർത്ഥികളെ പ്രമോട്ട്   ചെയ്യുന്ന പാരഡി ഗാനങ്ങൾ ഒക്കെയുമായി ഓരോ ഇലെക്ഷൻ കടന്നു വരുമ്പോഴും ഞാൻ കൊതിച്ചിരുന്നു ഒന്ന് വേഗം 18 വയസ്സാവാൻ. ഇലക്ഷൻ പ്രചരണങ്ങളിൽ എന്നെ ഹഠാതാകര്ഷിച്ചിരുന്നത് ചുമരെഴുത്തായിരുന്നു. വലുതാവുമ്പോൾ ഇലെക്ഷൻ കാലത്തു എല്ലാ പാർട്ടിക്കും വേണ്ടി ഓടി നടന്നു ചുമരെഴുത്തു നടത്തണമെന്ന് ഞാൻ തീരുമാനിച്ചു. ചുമരെഴുതാൻ വരുന്ന ചേട്ടന്മാരോട് ബ്രഷ് ഒന്ന് തരുമൊന്നൊക്കെ ചോദിച്ചു ചെന്നാൽ അവർ ഓടിക്കും. "ഒറ്റയൊരുത്തനേം അടുപ്പിക്കരുത് , തിരോന്തോരത്തുള്ള എല്ലാ ചുമരുകളും എൻ്റെ മാസ്റ്റർപീസുകൾ കൊണ്ട് നിറയ്ക്കണം" എന്ന് തീരുമാനിച്ചുറപ്പിച്ച കുട്ടികാലം. ചുമരെഴുത്തു എൻ്റെ അഞ്ചാമത്തെ സ്വപ്നമായിരുന്നു . ആദ്യ സ്വപ്നം തേപ്പുകാരി ( ഇപ്പൊ തേക്കുന്ന തേപ്പു അല്ല. ഒരു ഉന്തു വണ്ടി ഓരോ ഹൗസിങ്  കോളനിയുടെയും മുന്നിൽ പാർക്ക് ചെയ്തു ആളുകളുടെ തുണി തേച്ചു കൊടുക്കുക )  ആയിടെ വീട്ടിലൊക്കെ വന്നു തേക്കാനുള്ള തുണി മേടിച്ചോണ്ടു പോകുന്ന ഒരു അണ്ണാച്ചി ആയിരുന്നു എൻ്റെ ഇൻസ്പിറേഷൻ. പുള്ളി  വന്നില്ലേൽ എല്ലാം തകിടം മറിയും. എൻ്റെ  യൂണിഫോം തൊട്ടു അച്ഛന്റെ ഷർട്ട് വരെ പോക്ക് തന്നെ. അണ്ണാച്ചിയുടെ സ്വാധീനം അധികനാൾ നിന്നില്ല . അടുത്ത ഹീറോ വീട്ടിലെ തുണി അലക്കാൻ വരുന്ന ചേച്ചിയായിരുന്നു. ആറിൻറെ തീരത്തു തുണിയലക്കാൻ പോണം . വെള്ളത്തിൽ കളിക്കാം. ആരും ഒന്നും പറയില്ല.  അതും അധിക നാൾ നിന്നില്ല. അങ്ങനെ പല സ്വപ്നങ്ങളുടെയും ഒടുവിലാണ് ചുമരെഴുത്തു. പത്താം ക്ലാസ്സിൽ ഇന്ത്യയുടെ മാപ്പ്  വൃത്താകൃതിയിൽ വരച്ച ഞാൻ ആണ് ചുമരെഴുത്തും പടം വരക്കലും സ്വപ്നം കാണുന്നത്. 

ജനിച്ച കാലം മുതൽ കോൺഗ്രസിന്റെ മാഹാത്മ്യം കേട്ടാണ് ഞാൻ വളർന്നത്. അച്ഛനും അമ്മയും കടുത്ത കോൺഗ്രസ് അനുഭാവികൾ. അവരുടെ  കല്യാണ ആൽബത്തിൽ  ആദ്യത്തെ പടം ഇന്ദിര ഗാന്ധിയുടേതാണ്.  സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ആയിരുന്ന 'അമ്മ കോൺഗ്രെസ്സ്കാരുടെ യൂണിയന് അംഗമായിരുന്നു. കോൺഗ്രെസ്സുകാർ നടത്തുന്ന സമരത്തിലൊക്കെ പങ്കെടുത്തു അറസ്റ്റൊക്കെ വരിച്ച ധീര വനിതയാണ്. പിന്നെ പോലീസുകാർക്ക് അത്ര ക്ഷമ പോരാത്തത് അധികം അവിടെ നിറുത്തിയില്ല . അന്ന് വൈകിട്ട് തന്നെ പറഞ്ഞു വിട്ടു. 

വോട്ട് ചെയ്യാൻ പ്രായമാകുന്നതിനു മുൻപേ ഞാൻ പ്രണയിച്ചു തുടങ്ങിയിരുന്നു. പ്രണയത്തിനു പിന്നെ  പ്രായ പൂർത്തിയാകലും പെൻഷൻ പറ്റലുമൊന്നുമില്ലല്ലോ. പ്രേമിച്ചവനാണെങ്കിൽ കട്ട കമ്മ്യൂണിസ്റ്റ്.    രാഷ്ട്രീയം സ്ഥിരം ചർച്ച ചെയ്യപ്പെടുന്ന വീട്ടിൽ ജനിച്ചു വളർന്നിട്ടും ഒട്ടും രാഷ്ട്രീയ ബോധമില്ലാത്ത എന്നെ കമ്മ്യുണിസം പഠിപ്പിക്കാൻ പുള്ളി ശ്രമിച്ചെങ്കിലും , "താത കൺവൻ തപോഭൂവിൽ ..." എന്ന ഡയലോഗ് പറയുന്ന കല്പന ചേച്ചിയുടെ കഥാപാത്രത്തിന്റെ അതേ താല്പര്യമില്ലായ്മ എനിക്കുണ്ടായിരുന്നു. 
അങ്ങനെ അറുബോറൻ പ്രണയവീഥികളിലൂടെ നടന്നു നടന്നു എനിക്ക് പതിനെട്ടു വയസ്സായി.  വീണ്ടും ഒരു ഇലെക്ഷൻ കാലം. എൻ്റെ കന്നി വോട്ട്. ഇലെക്ഷൻ പ്രചാരണത്തെക്കാൾ ഉച്ചത്തിൽ അമ്മയുടെ കോൺഗ്രസ് സ്റ്റഡി ക്ലാസും, കോളേജ് കട്ട് ചെയ്തു റിസ്ക് എടുത്തു കാണാൻ പോയാൽ കാമുകന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും കേട്ട് ഞാൻ തളർന്നു. 
"നിന്നെ പത്തു മാസം ചുമന്നു , വളർത്തി ,ഇത്രേം വലുതാക്കിയ ഞാൻ പറയണത് നീ കേക്കണം . നിന്റെ ആദ്യത്തെ വോട്ട് കോൺഗ്രസിന് തന്നെ ചെയ്യണം." 'അമ്മ പറയുന്നതിൽ  കാര്യമില്ലേന്നു ആലോചിക്കുമ്പോഴേക്കും കാമുകൻ തുടങ്ങും " നിന്റെ അമ്മയുണ്ടല്ലോ തനി ബൂർഷ്വാസി ആണ്.  അല്ലെങ്കിൽ വീട്ടിൽ സഹായത്തിനു വരുന്ന ചേച്ചിയെ ഒക്കെ നീ പേര് പറഞ്ഞു വിളിക്കുവോ ? ഫുൾ ടൈം അമ്പലം ,പൂജ -  തനി മതഭ്രാന്ത് . നിനക്കോ വിവരമില്ല. ഞാൻ പറയണത് കേക്ക്. ഇങ്ങനത്തെ ജാതി ചിന്തകൾ ,ദൈവ വിശ്വാസം ,  ഭൗതിക സമ്പത്തു ചേർക്കൽ ഒക്കെ നമ്മുടെ സമൂഹത്തെ നശിപ്പിച്ചു കലയും. ഇവിടെ സമത്വം വരണമെങ്കിൽ നീ അരിവാൾ ചുറ്റികക്കിട്ടു തന്നെ കുത്തണം" 
ഇലെക്ഷൻ ദിവസം ഞാൻ വോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കുന്നു. തൊട്ടു പുറകെ ഖദർ പുരാണം ഓർമിപ്പിച്ചു അമ്മയും , കണ്ണുരുട്ടി സൈഡിൽ ബൈക്കും പാർക്ക് ചെയ്തു കാമുകനും. ഞാൻ പോളിങ് ബൂത്തിൽ കയറി . എല്ലാ ചിഹ്നത്തിലേക്കും നോക്കി. അമ്മയെയും കാമുകനെയും വഞ്ചിക്കാനും  വയ്യ , സ്വന്തമായി  അഭിപ്രായം ഉണ്ടാകാൻ മാത്രം ബോധവുമില്ല. പിന്നെ ഒന്നും നോക്കിയില്ല . വിരിഞ്ഞു നിൽക്കുന്ന താമരയിൽ തൊട്ടു. ശുഭം. 

വർഷങ്ങൾ കടന്നു പോയി.  കോൺഗ്രെസ്സുകാരിയായ 'അമ്മ പെൻഷൻ പറ്റി. ഫുൾ പെൻഷൻ കിട്ടാൻ എന്തൊക്കെയോ  തടസ്സങ്ങൾ.  കുറെ അലഞ്ഞിട്ടും ഒന്നും ശെരിയായില്ല. സെക്രെട്ടറിയേറ്റിന്റെ ഇടതു പക്ഷ യൂണിയന് അത്രയും കാലം കരിങ്ങാലിയായി മുദ്ര കുത്തിയ അമ്മക്ക് എല്ലാ സഹായങ്ങളും ചെയ്തു  ഫുൾ പെൻഷൻ ശെരിയാക്കി. 'അമ്മ നിന്ന നിൽപ്പിൽ പാർട്ടിയും മാറി.  കമ്മ്യൂണിസ്റ്റ് തത്വങ്ങൾ ഒന്നും മുറുകെ പിടിച്ചില്ലെങ്കിലും  കോൺഗ്രെസ്സിനോടുള്ള അമിതാവേശം അടങ്ങി.  ഇന്നും 'അമ്മ ഇടതുപക്ഷത്തിന്റെ മീറ്റിംഗുകളിൽ സജീവ സാന്നിധ്യമാണ്. 
പാർട്ടി സൂക്തങ്ങൾ ഉറക്കെ ഉരുവിട്ട് കൊണ്ട്  നടന്ന കാമുകൻ തനി ബൂർഷ്വാസി രാജ്യമായ അമേരിക്കയിലോട്ടു .  ഇപ്പോഴും  ഇടതുപക്ഷ അനുഭാവിയാണെങ്കിലും കുറെ അയവു വന്നിട്ടുണ്ട്.  പണ്ട് ഗുരുവായൂർ എന്നൊക്കെ കേട്ടാൽ അലറുമെങ്കിലും ഇന്ന് ഗുരുവായൂർ വരെ കൂടെ വരും. അകത്തു കയറില്ല .ആ ഒരു  ലൈൻ. അടിക്കുന്ന പെഗ് മുതൽ അടിവസ്ത്രം വരെ വിദേശി.   രണ്ടു പേരേം പേടിച്ചു നടന്ന ഞാൻ അപ്പൊ ആരായി?  
അന്നത്തെ ആ തിരഞ്ഞെടുപ്പിൽ , എൻ്റെ  കൈ നല്ല ഐശ്വര്യമുള്ളതു കൊണ്ടാവണം ,  ആ തവണ താമര വിരിഞ്ഞില്ല. 
അന്ന് ആര് ജയിച്ചു എന്നതിൽ ഇന്ന് പ്രസക്തിയില്ലല്ലോ. 
ഇന്ന്  ആര് ജയിക്കും?  
നമുക്ക് കാത്തിരിക്കാം

Deepa Ram 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot