Slider

എലി

0

°°°°°°
യാത്രയിൽ അനുഗമിക്കുകയെന്നോണം വെയിലിനെ പിന്തുടരുന്ന നിഴൽ മുറ്റത്തേക്കിറങ്ങിയപ്പോഴാണ് അയാൾ ആ കാഴ്‌ച കണ്ടത് ! അതാ മുറ്റത്തിന്റെ കോണിൽ ഒരെലി ചത്തു കിടക്കുന്നു. യാന്ത്രികമായ ഒരു കാഴ്‌ച എന്നതിലപ്പുറമൊന്നും ആ കാഴ്‌ചയുടെ ആദ്യ നിമിഷങ്ങൾ അയാളിലുണർത്തിയില്ല. അല്ലെങ്കിൽ തന്നെ കട്ടിലിൽ നിന്നെഴുന്നേറ്റ് ചുമരിൽ ചാരി ചാരി വേച്ചു വേച്ചു ഉമ്മറത്തെ ചാരു കസേരയിലേക്കെത്തുന്ന അയാൾക്ക് എല്ലാം യാന്ത്രികമായിരുന്നു. ഇന്നുവരെ കണ്ടിട്ടില്ലാത്ത, എന്നാൽ എല്ലാവർക്കും വളരെ പരിചിതനായ ആ അന്ത്യ നിമിഷത്തെ വിരുന്നുകാരനെ കാത്തിരിക്കുന്ന ഒരാൾ എന്നതിലുപരി അയാൾ ഇപ്പോൾ ഒന്നുമല്ല.
പതിയെ അയാളുടെ മിഴികൾ വീണ്ടും ആ എലിയെ തേടി ചെന്നു. ആ എലി ജീവിച്ചിരുന്നപ്പോൾ എങ്ങിനെയായിരുന്നിരിക്കും എന്നയാൾ വെറുതെ ചിന്തിച്ചു. ഓടി നടന്നിരുന്ന ബാല്യം, തീറ്റ തേടി തുടങ്ങിയ കാലം, ഒപ്പമൊരു എലിപ്പെണ്ണിനെ കൂട്ട് കിട്ടിയ കാലം, സ്വന്തമായി മാളം നിർമ്മിക്കാൻ നടന്ന കാലം, കുട്ടികൾ ഉണ്ടായ കാലം, അവർക്ക് തീറ്റ തേടി കൊണ്ടു കൊടുത്ത കാലം, അവർ തനിയെ തീറ്റ തേടി തുടങ്ങിയ കാലം... ഒടുവിൽ ഇന്ന് ദേ കൂട്ടിന് ഒരാൾ പോലുമില്ലാതെ ചത്തു മലച്ചു അനാഥനായി കിടക്കുന്നു. ആ പരിസരത്തെങ്ങും ഒരെലി പോലുമുണ്ടാവില്ല എന്നുറപ്പുണ്ടായിട്ടും അയാളുടെ കണ്ണുകൾ വെറുതെ ആ പരിസരമാകെ നിരീക്ഷിച്ചു അതുറപ്പിച്ചു. ഒടുവിൽ മനസ്സിലെ ചിന്തകളെ ഊതി പറത്തി വിടാനെന്നോണം അയാൾ ദീർഘമായി ഒന്ന് നിശ്വസിച്ചു.
ആ സമയത്താണ് അകത്ത് നിന്ന് അയാളുടെ മകൻ പുറത്തേക്കിറങ്ങി വന്നത്. ആ എലിയുടെ കിടപ്പും അച്ഛന്റെ ഇരിപ്പും മാറി മാറി നോക്കിയ ആ മകന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറുന്നത് കാണാമായിരുന്നു.
" ഇതിങ്ങനെ കിടക്കുന്നത് കണ്ടിട്ട് ഒരു കുലുക്കവും ഇല്ലാതെ ഇരിക്കുന്നത് കണ്ടില്ലേ ? എന്നാൽ ഒന്നും ചെയ്യാൻ കഴിവില്ലെങ്കിൽ ഒന്ന് വിളിച്ചു പറയുക. അതിനെങ്ങിനെയാ ? ' ചത്ത ശവം 'പോലെയല്ലേ ഇരിപ്പ്. എന്നാ ഒന്ന് ചാവോ, അതുമില്ല. "
മകന്റെ കോപം നിറഞ്ഞ വാക്കുകൾ തന്നോടല്ല എന്ന ഭാവത്തിൽ അയാളിരുന്നു. ചത്ത ശവം... കേൾക്കാൻ സുഖമുണ്ടെങ്കിലും അർത്ഥപ്പിശകുള്ള വാക്ക്. മരുമകളുടെ ' ഉപയോഗശൂന്യം ' എന്ന വാക്കും മകളുടെ ' പാഴ്വസ്തു ' എന്ന വാക്കും മകന്റെ ചത്തശവം എന്ന വാക്കിനോട് തോറ്റു പിന്മാറിയിരുന്നു.
ഒരു കുഴി കുത്തി ആ എലിയെ തൂമ്പയിൽ തോണ്ടിയെടുത്ത് ആ കുഴിയിൽ കുഴിച്ചിടുന്ന മകനെ നോക്കിയിരുന്നപ്പോൾ അയാളുടെ കണ്ണിൽ തെളിഞ്ഞ വികാരം എന്തെന്ന് പറയുവാൻ സാധ്യമല്ലായിരുന്നു. കാരണം അപ്പോഴേക്കും അയാൾ മുഖം താഴ്ത്തിയിരുന്നു. മകൻ ചവിട്ടിക്കുലുക്കി അകത്തേക്ക് കയറി പോയപ്പോഴാണ് അയാൾ പിന്നെ മുഖമുയർത്തിയത്.
നടക്കാൻ ശക്തിയില്ലാത്ത കാളകൾ വലിക്കുന്ന ഭാരമേറിയ കാളവണ്ടി നീങ്ങുന്നത് പോലെ നീങ്ങിയിരുന്ന സമയം അയാളിൽ ആവോളം നിശ്വാസങ്ങൾ പുറപ്പെടുവിച്ചിരുന്നു.
' ചത്ത ശവം ' മനസ്സിൽ വീണ്ടും ആ വാക്കുകൾ മുഴങ്ങിയപ്പോഴാണ്
ഇരുന്നിടത്തു നിന്നും വളരെ ശ്രമപ്പെട്ടു എഴുന്നേറ്റ് വേച്ചു വേച്ച് അയാൾ മുന്നോട്ട് നീങ്ങിയത്. ആ എലിയെ കുഴിച്ചിട്ടിടത്ത് നിന്ന് വളരെ പണിപ്പെട്ട് അയാൾ ആ എലിയുടെ ശരീരം മാന്തിയെടുത്ത് പുറത്തേക്കിട്ടു. എന്നിട്ട് അയാൾ അവിടെയുണ്ടായിരുന്ന മരത്തണലിൽ കിതപ്പോട് കൂടി ഇരുന്ന് ശക്തിയായി ശ്വാസം വലിച്ചു വിട്ടു.
പതിയെ ആ എലിയുടെ ശരീരത്തിന്റെ അടുത്തേക്ക് ഉറുമ്പുകളും ഈച്ചകളും വരുന്നത് അയാൾ കണ്ടു. മരത്തിന്റെ മുകളിൽ ഒരു കാക്ക ആ എലിയെ ഉന്നം വെച്ച് ഇരിക്കുന്നതും അയാൾ കണ്ടു.
എന്തോ അയാളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. ഒരുപക്ഷേ ചത്ത് കഴിഞ്ഞാലും ആവശ്യക്കാർ തേടി വരും എന്നതോ ? അതോ ഒരു ശവശരീരം പോലും മറ്റുള്ളവർക്ക് ഉപകാരപ്പെടും എന്നതോ ? അതുമല്ലെങ്കിൽ ' വിശപ്പ് ' മാറ്റാൻ വേണ്ടി ശവത്തെ പോലും ആക്രമിക്കുന്നവരെ കണ്ടിട്ടോ ? എന്തായിരിക്കും അയാളുടെ ചുണ്ടിലെ ആ ചിരിക്ക് കാരണം ? എന്തായാലും തിരികെ കസേരയിലേക്കെത്തി ചാരി കിടക്കുമ്പോൾ അയാളുടെ ചുണ്ടിൽ അതേ ചിരി തന്നെയുണ്ടായിരുന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo