നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ധീരസഖാക്കള്‍ മരിക്കില്ല

കൃഷ്ണന്‍ ഇന്നു്നേരത്തേ എഴുന്നേറ്റു. നേരത്തേ എന്നു പറഞ്ഞാല്‍ നല്ലോണം നേരത്തേ. അതു് ഇന്നലെ കിടന്നപ്പോഴേ തീരുമാനിച്ച കാര്യമാണു്. അമ്പലത്തില്‍ പോകാന്‍വേണ്ടി അമ്മ കുത്തിപ്പൊക്കിവിളിച്ചാലും ഇത്രേം നേരത്തേ എണീക്കാറില്ല. കുറച്ചു ദിവസം അവധി കിട്ടിയതിന്‍റെ സന്തോഷത്തിലായിരുന്നു അവന്‍. സ്കൂളിനു് അവധിയാണു്. പായയില്‍ത്തന്നെ ഒന്നു നീണ്ടുനിവര്‍ന്നു് ചുരുണ്ടുകൂടി ‘കിശ്നന്‍’ (പേര് കൃഷ്ണന്‍ എന്നാണെങ്കിലും അങ്ങനെയാണു്എല്ലാരും അവനെ വിളിക്കുന്നതു്) അവിടെത്തന്നെ കിടന്നു. പുറത്തു്ആളുകളുടെ ഉച്ചത്തിലുള്ള വര്‍ത്തമാനം കേള്‍ക്കാനുണ്ടു്. വോട്ടു്ചെയ്യാന്‍ വരുന്നവരായിരിക്കും.
ഹോ...!! കഴിഞ്ഞ കൊറെ ദിവസ്സങ്ങളായിട്ടു് എന്തൊരു ഒച്ചയും ബഹളവുമായിരുന്നു!! എന്നാണു തനിക്കും വോട്ടു് ചെയ്യാന്‍പറ്റുക..? കവലയില്‍ പ്രസംഗം കേള്‍ക്കാന്‍ അവന്‍ മുമ്പില്‍ത്തന്നെ ഇരുപ്പുണ്ടായിരുന്നു. അവിടെ പ്രസംഗിച്ചയാള്‍ പറഞ്ഞതു്അവനോര്‍ത്തു..
“ഈ രാജ്യത്തിന്‍റെ ഭാവിതിരിക്കുന്ന യന്ത്രം നിങ്ങളുടെ കൈകളിലാണു്.” സത്യത്തില്‍ അവനൊന്നു ഞെട്ടി. അതു പറയുമ്പോള്‍ അയാള്‍ തന്‍റെ നേരേ നോക്കിയില്ലേ..?! തന്‍റെ പുറകില്‍ ഒളിപ്പിച്ചുപിടിച്ചിരുന്ന ഓലവണ്ടിയുടെ സ്റ്റിയറിംഗ് അയാള്‍ എങ്ങനെ കണ്ടു..?! കണ്ടുകാണുമോ..?! അവന്‍ ഓര്‍ത്തു. ഇപ്പോഴും അവനു പിടികിട്ടിയിട്ടില്ല ആ ഗുട്ടന്‍സു്.
ഇന്നു്വോട്ടെടുപ്പു് ദിവസമാണു്. കിശ്നന്‍റെ സ്കൂളില്‍ വന്നാല്‍ വോട്ടു് ചെയ്യാം. അന്നെങ്കിലും തന്‍റെ വീടിനടുത്തു്ആളുകള്‍ വരുമല്ലോ..? കിശ്നന്‍റെ വീടുമാത്രമല്ല, സ്കൂളും കുറച്ചു്ഒറ്റപ്പെട്ട സ്ഥലത്താണു്. ഒരു ചെറിയ കുന്നിന്‍റെ മുകളിലാണു്സ്കൂളു്. അതിന്‍റെ കുറച്ചു താഴേയാണു് കിശ്നന്‍റെ വീടു്. കിശ്നന്‍റെ വീടിനു മുമ്പില്‍ ഡാര്‍വിന്‍റെ വീടു്. ഡാര്‍വിന്‍റെ വല്യേ വീടാണു്. ആളു്ചെല്ലുമ്പോള്‍ അവിടത്തെ ഗേറ്റു്തനിയേ തുറക്കും. ഡാര്‍വിന്‍റെ അച്ഛന്‍ ഗള്‍ഫിലാണു്.
ഇത്തവണ വോട്ടെണ്ണുന്നതു് അവന്‍റെ സ്കൂളില്‍വച്ചാണു്. അക്കാര്യത്തില്‍ അവനു് കുറച്ചു്അഭിമാനം തോന്നി. കാരണം, ഡാര്‍വിന്‍റെ സ്കൂളില്‍ വോട്ടു് ചെയ്യാമെങ്കിലും ആ വോട്ടും എണ്ണുന്നതു് തന്‍റെ സ്കൂളിലാണു്.
ഡാര്‍വിന്‍,കിശ്നന്‍റെ സ്കൂളിനെ എപ്പോഴും കളിയാക്കും. സ്കൂള്‍ കാണാനൊരു ഭംഗിയില്ല. സിമെന്റു് തേച്ചതൊക്കെ പൊട്ടിപ്പൊളിഞ്ഞു്, പെയിന്റൊക്കെ നിറം മങ്ങി.. നല്ല ഗ്രൌണ്ടില്ല; മൂത്രപ്പുരയില്ല; ചുമരു കണ്ടാല്‍ അറ്റ്ലസ്സിലെ പടംപോലെ തോന്നും... എന്നൊക്കെ എപ്പോഴും പറഞ്ഞുകളിയാക്കും. ഡാര്‍വിന്‍ പഠിക്കുന്നതു്.. ഓ.. ആ സ്കൂളിന്‍റെ പേരു്... സെന്റു് ബിയാട്രീസു്.. ഡാ... ഹോ..!!. പറയണേത്തന്നെ വല്യ പാടാണു്. തന്‍റെ സ്കൂളിന്‍റെ പേരു പറയാന്‍ എന്തെളുപ്പാ. ശ്രീഭദ്ര. കേള്‍ക്കാന്‍തന്നെ ഒരു ശ്രീയുണ്ടെന്നു രമണിട്ടീച്ചര്‍ എപ്പോഴും പറയും. സ്കൂളില്‍ അവനു് ഏറ്റവും ഇഷ്ടം രമണിട്ടീച്ചറെയാണു്.
ഡാര്‍വിന്‍റെ സ്കൂളില്‍ ഇന്ഗ്ലീഷു് ആണത്രേ പറയണതു്!! മലയാളം മിണ്ടാന്‍ പാടില്ലാത്രേ..!! “മൂത്രം ഒഴിക്കണേനു് ഇംഗ്ലീഷില്‍ എങ്ങനെ പറയും...?” ഡാര്‍വിനോടു് ഒരിക്കല്‍ ചോദിച്ചതാ. അവനും അറിയില്ല. അതു ചോദിച്ചതു കാരണം, ഡാര്‍വിന്‍ കുറെക്കാലം വഴക്കായിരുന്നു.
അവന്‍റെ സ്കൂള്‍ ഒത്തിരി പഴയതാണു്. ഒത്തിരി വല്യ ആളുകളൊക്കെ അവിടെ പഠിച്ചിട്ടുണ്ടു്. ഒരു പദ്യം പഠിപ്പിച്ചപ്പോള്‍ രമണിട്ടീച്ചര്‍ പറഞ്ഞതു്അവനോര്‍ത്തു. ആ പദ്യം എഴുതിയ കവി ആ സ്കൂളില്‍ പഠിച്ചതാണെന്നു്! അന്നു്അവനു്, ഡാര്‍വിന്‍റെ സ്കൂളിനെക്കാളും തന്‍റെ സ്കൂളിനെയോര്‍ത്തു്അഭിമാനം തോന്നി. അഭിമാനമല്ല, ഒരു രോമാഞ്ചംതന്നെ ഉണ്ടായി.
കിശ്നന്‍ എഴുന്നേറ്റു.
സൂര്യന്‍റെ വെളിച്ചം ചാണകംതേച്ച തറയില്‍ വട്ടംവരച്ചുകളിക്കുന്നു. ഓലയുടെ ഇടയിലൂടെ വെയില്‍ ടോര്‍ച്ചിലെ വെട്ടംപോലേ ഇറങ്ങിവരുന്നു. മഴ പെയ്യുമ്പോഴാണു്കഷ്ടം. വീട്ടിലെ പാത്രം മുഴുവനും അമ്മ അവിടേം ഇവിടേം ഒക്കെ വയ്ക്കും. തന്‍റെ ചോറ്റുപാത്രവും.
ആരൊക്കെയോ എന്തൊക്കെയോ ഉറക്കെപ്പറയുന്നുണ്ടു്. അവന്‍ വേഗം വാതിലിന്‍റെ പനമ്പുമറ മാറ്റി മുറ്റത്തിറങ്ങി. നേരേ പോയി കിണറിന്‍റെ മൂലയിലുള്ള ജമന്തിയില്‍ ചിറ്റിച്ചു മൂത്രമൊഴിച്ചു. അമ്മ കണ്ടാല്‍ വഴക്കു പറയും. എന്നാലും അങ്ങനെയായാലെ അവനു് ഒരു സുഖമുള്ളൂ. വേഗംപോയി പല്‍പ്പൊടിയെടുത്തു റോഡിലിറങ്ങി ചുറ്റുപാടും നോക്കി. ആളുകള്‍ ഇങ്ങനെ വരുന്നുണ്ടു്. എല്ലാരുടേം കൈയില്‍ ഓരോ കടലാസ്സു കഷണം. പാര്‍ട്ടിക്കാര്‍ കൊടുക്കുന്ന സ്ലിപ്പാണു്. ആനിച്ചേച്ചിയും ബിയാട്രീസ്ച്ചേച്ചിയും വരുന്നതു്അപ്പോഴാണു് കണ്ടതു്. അവരുടെ വീടിനടുത്താണു് അമ്മ പണിക്കു പോകുന്നതു്.
“കിശ്നാ.., കോളടിച്ചു ല്ല്യേ... സ്കൂള്‍ ഇല്ലാലോ..”
അവന്‍ ഒന്നു ചിരിച്ചു. ഈ ചേച്ചിയുടെ പേരു് അവനറിയാം. അങ്ങനെയാണു് ഡാര്‍വിന്‍റെ സ്കൂളിന്‍റെ പേരിലെ ആദ്യത്തെ പേരു് അവന്‍ പെട്ടെന്നു പഠിച്ചതു്.
“കിസ്നാ....” അമ്മയുടെ ഉറക്കെയുള്ള വിളി.
“നീ കാപ്പി കുടിക്കണില്ലേ..? വേഗം വാ.. എനിക്കു പോണം..”
തനിക്കു കാപ്പി തന്നിട്ടു്.., വോട്ടുചെയ്യാന്‍ പോയിട്ടുവേണം അമ്മയ്ക്കു് പായ്ക്കിംഗ്ജോലിക്കു പോകാന്‍. ടൌണിലെ സുപ്പര്‍മാര്‍ക്കറ്റിലേക്കു്സാധങ്ങള്‍ പായ്ക്കുചെയ്യുന്നതു്ഔസേപ്പേട്ടന്‍റെ വീട്ടിലാണു്. അവിടെയാണു് അമ്മയ്ക്കു് ജോലി.
വേഗം പല്ലു തേച്ചു്, വായില്‍ കുറച്ചു വെള്ളമെടുത്തുമുകളിലേക്കു് പരത്തിത്തുപ്പി അവന്‍ അടുക്കളയിലേക്കോടി.
“ഇന്നു് ഈ ചെക്കനു്എന്ത്ന്‍റെ കേടാ..!? ഓട്ടംതന്നെ. ദേ.. അടങ്ങിയൊതുങ്ങി ഇരുന്നോ. CRP-ക്കാരൊക്കെ ഇണ്ടാവും ന്ന കേക്കണേ..”
രണ്ടു കൊല്ലം മുമ്പു്, ഡാര്‍വിന്‍റെ സ്കൂളില്‍ വച്ചു് വോട്ടു് ഉണ്ടായപ്പോ തല്ലും ബഹളോം ഒക്കെയുണ്ടായി. അതു് അവനു മറക്കാന്‍ പറ്റില്ലാലോ. “കിശ്നാ വീട്ടില്‍പ്പോകാം’ എന്നും പറഞ്ഞു്രമണിട്ടീച്ചര്‍ അവനേംകൊണ്ടു്വീട്ടില്‍ വന്നപ്പോ... അവന്‍റെ അച്ഛനെ മൂടിപ്പുതപ്പിച്ചുകിടത്തീരിക്കുന്നു. കൊറെ ആളുകളും പോലീസും ഒക്കെ ണ്ടു്. അച്ഛന്‍റെ മുഖം ഒട്ടും കാണാന്‍ പറ്റണില്ല. ആകെ മൂടിപ്പൊതിഞ്ഞു്. അമ്മ കരയണതു കണ്ടപ്പോ അവനും കരഞ്ഞു. ഒറ്റയ്ക്കു് എന്തു ചെയ്യണം എന്നോര്‍ത്തുനിക്കുമ്പോ.., അജേട്ടന്‍ വന്നു്വിളിച്ചോണ്ടു പോയി. കിണറിന്‍റെയടുത്തു ചെന്നപ്പോ അജേട്ടന്‍ പറഞ്ഞു...
“നീ വെഷമിക്കണ്ടാ... ട്ടോ.. അജേട്ടനുണ്ടു്. അവരു് അച്ഛനോടു് തീര്‍ത്തു.. കൊന്നതാ..! നിന്‍റെ അച്ഛന്‍ മരിക്കില്ല.. കിശ്നാ.. കരയണ്ടാ.. ട്ടോ.. ധീരസഖാക്കള്‍ മരിക്കില്ല.”
അച്ഛനെ ആരോ കൊന്നു!!. ആരു്..?! എന്തിനു്..?! അജേട്ടനോടുപോലും അവനു് അതു ചോദിക്കാന്‍ തോന്നീട്ടില്ല ഇതുവരേം.
അച്ഛനെ, ആരോക്കെയോ വന്നു്, ഒരു ചുവന്ന തുണികൊണ്ടു പുതപ്പിച്ചു. അതില്‍ ഒരാളെ അവനറിയും; അതു് മനയ്ക്കലെ പരമേശ്വരന്‍സാറായിരുന്നു. കോളേജില്‍ പഠിപ്പിക്കണ സാറാ. ചുവന്ന തുണി പുതപ്പിച്ചിട്ടു് എല്ലാരുംകൂടെ “സഖാവു് ചന്ദ്രന്‍ സിന്ദാബാദു്” എന്നു് കൈ ചുരുട്ടി ഉറക്കെപ്പറഞ്ഞു. അതു് എന്തിനാണെന്നും അവനു മനസ്സിലായില്ല. അവന്‍റെ അച്ഛന്‍ സഖാവായിരുന്നു എന്നു് അവനറിയാം. പരമേസ്വരന്‍സാറു് വീട്ടില്‍ വരുമ്പോ “സഖാവേ” എന്നാ അച്ഛനെ വിളിക്കാറു്. ചെത്തായിരുന്നു അച്ഛനു്ജോലി. പരമേശ്വരന്‍സാറു്വീട്ടില്‍ വരുമ്പോഴൊക്കെ അച്ഛനും അജേട്ടനും ഒരുമിച്ചിരുന്നു് എന്തൊക്കെയോ പറയുന്നതു് കേട്ടിട്ടുണ്ടു്. ഒരിക്കല്‍ പരമേശ്വരന്‍സാര്‍ ഒരു ചുവന്ന പുസ്തകം അച്ഛനു കൊടുക്കുന്നതു് അവന്‍ കണ്ടു. ആ പുസ്തകം കിട്ടിയപ്പോ അച്ഛനു് വല്യ സന്തോഷമായിരുന്നു. പരമേശ്വരന്‍സാറിനും അജേട്ടനും അമ്മ പഞ്ചാരയിട്ട കട്ടന്‍കാപ്പി കൊടുക്കും. അജേട്ടന്‍ അതില്‍നിന്നു കുറച്ചു്അവനും കൊടുക്കും. അവന്‍ അജേട്ടന്‍റെയടുത്തു്ഉറങ്ങാതെയിരിക്കുന്നതു്, അവര്‍ പറയുന്നതു കേള്‍ക്കാനല്ല; അജേട്ടന്‍ കൊടുക്കുന്ന പഞ്ചാരയിട്ട കട്ടന്‍കാപ്പി കുടിക്കാനാണു്. അപ്പോള്‍മാത്രമാണു് മധുരോം ള്ള കാപ്പി കുടിക്കാന്‍ കിട്ടുക.
“അമ്മേ.. ഞാന്‍ ജസ്റ്റിന്‍റെ വീട്ടീപ്പോവാ.. കുറച്ചു കഴിഞ്ഞേ വരൂ..”
“കിശ്നാ.... ചോറു്ഇവിടെയിരിപ്പുണ്ടു്. കളിച്ചുനടക്കാണ്ടു്.. എടുത്തുതിന്നോണം.. അല്ലേ.. കളിച്ചുനടന്നോ..”
അമ്മ പറയുന്നതു് കേട്ടപാതി കേള്‍ക്കാത്തപാതി, യൂണിഫോംനിക്കറും പഴയൊരു ബനിയനുമിട്ടു് ജസ്റ്റിന്‍റെ വീട്ടിലേക്കോടി. ജസ്റ്റിന്‍റെ വീടു് മുകളിലാണു്. താഴേനിന്നു് ഓടി മുകളിലെത്തിയപ്പോഴേക്കും അവന്‍ നന്നായി കിതച്ചു. ഇനി ടാറിട്ട റോഡാണു്. വളവില്‍ത്തന്നെ അച്യുവേട്ടന്‍റെ റേഷന്‍കട. അവിടെ കുറെപ്പേരുണ്ടു്. വോട്ടു് ചെയ്യാന്‍ വന്നവരാണു്. റോഡിലൊക്കെ കടലാസുതോരണങ്ങളു്. ചുവപ്പു്, മഞ്ഞ, വെള്ള, പച്ച.. ഏതൊക്കെ പാര്‍ട്ടിക്കാരാണാവോ..?! കാറ്റില്‍ പറന്നുനടക്കുന്ന നോട്ടീസുകള്‍. റോഡില്‍ കൈയും താമരയും അരിവാളും ഒക്കെ വരച്ചിട്ടുണ്ടു്. അപ്പുറത്തു്നില്ക്കുന്ന പോലീസ്സുകാരനെ അപ്പോഴാണു് അവന്‍ കണ്ടതു്. സിനിമേക്കാണണപോലത്തെ തോക്കും തണ്ണിമത്തങ്ങ മുറിച്ചുവച്ചപോലത്തെ തൊപ്പീം... CRP!! അമ്മ പറഞ്ഞതു് അവനോര്‍ത്തു. അവനു് ഒരു ചെറിയ പേടി തോന്നാതിരുന്നില്ല. അവന്‍ പതുക്കെ നടന്നു. റേഷന്‍കട കഴിഞ്ഞാല്‍ ജോസേട്ടന്‍റെ ചായക്കട. അച്ഛന്‍ അവനു് അവിടന്നു് ചിലപ്പോഴൊക്കെ പഞ്ചാരയിട്ട അപ്പം വാങ്ങിക്കൊടുക്കാറുണ്ടു്.
“കിശ്നാ.. എടാ.. ഇങ്ങു വാ..” ജോസേട്ടന്‍ വിളിച്ചു.
ജോസേട്ടന്‍ ഒരു പഴം അവനു കൊടുത്തു. പിശുക്കന്‍ എന്നാ എല്ലാരും ജോസേട്ടനെ പറയുക. പലിശയ്ക്കു്കൊടുക്കലും ഒക്കേം ഉണ്ടെങ്കിലും അവനു് ഇഷ്ടമായിരുന്നു ജോസേട്ടനെ. ഇടയ്ക്കു് വിളിച്ചു് ഒരു പഴം അല്ലെങ്കില്‍ ഒരു മടക്കു് അല്ലെങ്കില്‍ ഒരു ഉണ്ടംപൊരി ഒക്കെ കൊടുക്കും.
പഴം വാങ്ങിയിറങ്ങുമ്പോഴാണു് ആരോ പറയുന്നതു കേട്ടതു്.
“നമ്മുടെ സഖാവു് ചന്ദ്രന്‍ ചത്തട്ടില്ല.. ഹ് ഹ ഹ..” ചന്ദ്രന്‍ കാലത്തേ വന്നു് വോട്ടു് ചെയ്തേച്ചുംപോയി.. കിശ്നാ... നീ അറിഞ്ഞില്ലേ? നിന്‍റെ അച്ഛന്‍ ജീവിച്ചിരുപ്പുണ്ടു്..”
എല്ലാരുംകൂടെ ചിരിക്കുന്ന ഒച്ചയും ബഹളോം. അതു കളിയാക്കിയുള്ള ചിരിയാണെന്നു് അവനു മനസ്സിലായി.
“എടാ.. കിശ്നാ.. നീ പൊക്കോ..” ജോസേട്ടനാണു് പറഞ്ഞതു്.
അവനു് ഒന്നും മനസ്സിലായില്ല. അച്ഛന്‍ മരിച്ചില്ലേ.!? പിന്നെ.. എങ്ങനെ.. അച്ഛന്‍ വോട്ടു ചെയ്യും..!? അവരു് എന്താ അങ്ങനെ പറയണേ..? മരിച്ചോരു വോട്ടു ചെയ്യോ..?! അവനു് ആകെ സങ്കടം തോന്നി. മരിച്ചോരെക്കുറിച്ചു് കളിയാക്കാന്‍ പാടുണ്ടോ..? അവനു് ഒന്നും പിടികിട്ടിയില്ല. ജസ്റ്റിന്‍റെ വീട്ടിലേക്കു പോണോ അതോ തിരിച്ചുപോണോ..? അവന്‍ ജസ്റ്റിന്‍റെ വീട്ടിലേക്കുതന്നെ പോയി. അവനു് എപ്പോ വേണേലും ചെല്ലാവുന്ന ഒരു വീടാണു് അതു്. ജോണിച്ചേട്ടന്‍ ഇടയ്ക്കു്അവന്‍റെ വീട്ടില്‍ വരാറുണ്ടു്. ജസ്റ്റിനു് നിക്കറും ഷര്‍ട്ടും വാങ്ങുമ്പോ അവനും വാങ്ങിക്കൊടുക്കും. ആശുപത്രിയില്‍ പോവാനൊക്കെ പൈസ വേണ്ടിവന്നാല്‍ ജോണിച്ചേട്ടനാ തരാറു്. ഏറെ മനസ്സു വിഷമിച്ചാണു് അവന്‍ അവിടെയെത്തിയതു്.
“ജസ്റ്റ്യാ... ദേ.. കിശ്നന്‍..” സിറ്റൌട്ടിലിരുന്നു പത്രം വായിക്കുകയായിരുന്ന ജോണിച്ചേട്ടന്‍ അകത്തേക്കു നോക്കിപ്പറഞ്ഞു.
“എടാ.. കിശ്നാ... നീ കാപ്പി കുടിച്ചോ..? ആലീസേ.. അവനു കഴിക്കാന്‍ വല്ലോം കൊടുക്കു്..”
കിശ്നന്‍ അകത്തേക്കു കേറുമ്പോ ജോണിച്ചേട്ടന്‍ പറയുന്നതു് അവന്‍ കേട്ടു.
അവന്‍റെയുള്ളില്‍ എന്തോ ഒരു ഭാരം. ഉമിത്തീയില്‍ കൈ പൊള്ളിയപോലേ ഒരു നീറ്റല്‍. അവന്‍ നേരേ ജസ്റ്റിന്‍റെ മുറിയിലേക്കു പോയി. മുകളിലാണു് ജസ്റ്റിന്‍റെ മുറി. അവിടെ നിന്നാല്‍ താഴേയുള്ളതൊക്കെ കാണാം.
“കിശ്നാ.. പുതിയ ബാലരമയില്‍ നല്ല കഥയുണ്ടു്. പിന്നെ.., നമ്മുടെ കുട്ടൂസ്സിനു് ആകെ അക്കിടി പറ്റി. ന്നാ.. നീ വായിക്കു്.”
ജസ്റ്റിന്‍റെ വീട്ടില്‍ ബാലരമ, ബാലമംഗളം, പൂമ്പാറ്റ ഒക്കെയുണ്ടു്. അതു വായിക്കാനാണു് അവന്‍ പോകുന്നതുതന്നെ.
“ജസ്റ്റ്യാ..., ന്നാ.. കിശ്നനോടു് ചായകുടിക്കാന്‍ പറ... നീ ഇതു് അങ്ങ് കൊണ്ടുകൊടുക്കു്.”
ജസ്റ്റിന്‍ താഴേക്കു പോയി.
അവന്‍റെ മനസ്സു്അവിടെയൊന്നും ആയിരുന്നില്ല. ശ്മശാനത്തില്‍പ്പോയി നോക്കിയാലോ.? അച്ഛന്‍..?? ഓഹു്... അതിനു് അതിന്‍റെ ഗേറ്റു് പൂട്ടീട്ടുണ്ടാവും. കുഴിവെട്ടണ കൊച്ചുരാമന്‍ചേട്ടന്‍റെ കൈയിലാണു് താക്കോല്‍. അച്ഛന്‍ പിന്നെ എങ്ങനെ പുറത്തു കടക്കും, വന്നാല്‍ത്തന്നെ...? കൊച്ചുരാമന്‍ചേട്ടനോടു് ചോദിച്ചാലോ..?!
“ഡാ.. അപ്പോം മുട്ടക്കറീം. ഞാന്‍ ചായയെടുത്തോണ്ടു് വരാം.” ജസ്റ്റിന്‍ വീണ്ടും താഴേക്കു പോയി.
കിശ്നന്‍ അതൊന്നും കേട്ടില്ല. അവന്‍റെ മനസ്സു് അച്ഛനെക്കുറിച്ചുള്ള ചിന്തയിലായിരുന്നു. അച്ഛന്‍റെകൂടെ ടൌണില്‍പ്പോയതു്, വിനോദ്തീയേറ്ററില്‍ സിനിമയ്ക്കു് പോയതു്, പാരീസ്ഹോട്ടലില്‍നിന്നു് ചായകുടിച്ചതു്, രാജന്‍ചേട്ടന്‍റെ കടയില്‍നിന്നും സര്‍ബ്ബത്തും കപ്പലണ്ടിമിഠായിയും വാങ്ങിത്തിന്നതു്... സിനിമയ്ക്കു പോയാല്‍ ഒരിക്കലും നേരത്തിനെത്തില്ല. ഓരോരുത്തരും വിളിച്ചു് ഓരോന്നു ചോദിക്കും.
“ചന്ദ്രാ.. കൊറെ ആയല്ലോ നിന്നെ കണ്ടിട്ടു്?”
“എന്തൊക്കെ വിശേഷം?”
“നിന്നെ യോഗത്തിനു് കണ്ടില്ലാലോ?”
“ഞങ്ങളെയൊക്കെ മറന്നോ?”
അച്ഛന്‍ എല്ലാരോടും മറുപടി പറഞ്ഞു്.. അങ്ങനേ പോകൂ. അച്ഛനോടു് എല്ലാര്‍ക്കും ഇഷ്ടമായിരുന്നു. അച്ഛനും എല്ലാരോടും. പിന്നെ.., ആരാ അച്ഛനെ..?!
സിനിമയ്ക്കു പോകുമ്പോള്‍ അവന്‍ അച്ഛനെ ഇടയ്ക്കു് ഓര്‍മ്മിപ്പിക്കും.
“അച്ഛാ വേഗം പോ.. സിനിമ തുടങ്ങും.”
“കിശ്നാ.. നമ്മള്‍ എല്ലാരോടും സ്നേഹത്തോടെ പെരുമാറണം. ഞാന്‍ ഒരു സഖാവാ. അപ്പോ അങ്ങനെ വേണം..” അച്ഛന്‍ പറയുമായിരുന്നു.
“നീ ഒന്നും തിന്നില്ലേ..? ദേ.. ചായ.” ജസ്റ്റിന്‍റെ വാക്കുകളില്‍ ചിന്ത മുറിഞ്ഞു.
“ജസ്റ്റ്യാ... ഞാന്‍ പൂവ്വാ..” എന്നു പറയുമ്പോ.. അവന്‍റെ കണ്ണു നിറഞ്ഞതു് ജസ്റ്റിന്‍ കണ്ടു.
എന്ത്യേ..? ഡാ..? അമ്മേ ദേ.. കിശ്നന്‍.”
“രണ്ടുംകൂടെ കാലത്തെ വഴക്കിട്ടോ?”
“ഡാ.. ദേ.. നീ പോവാണോ.? ഇവനു് എന്നാ പറ്റിയേ..?”
ഒച്ച കേട്ടു് ജോണിച്ചേട്ടന്‍ വന്നു. കിശ്നനെ പിടിച്ചുനിറുത്തി.
“എടാ.. എന്താ പറ്റ്യേ..?”
“ഇവനു് ഇതെന്നതാ പറ്റിയേ..?! ആലീസ്ച്ചേച്ചി.
“എടാ.. ന്നാ.. ബാലരമ എടുത്തോ.. നീ കൊണ്ടോക്കോ.. വഴക്കാവല്ലേ..” ജസ്റ്റിന്‍. “അവന്‍ അച്ഛനെ ഓര്‍ത്തുകാണും. പാവം.” ആലീസ്ച്ചേച്ചി ഇതു പറയുമ്പോഴേക്കും അവന്‍ സിറ്റൌട്ടിലെത്തിയിരുന്നു.
അവന്‍ ഓടുകയായിരുന്നു. എങ്ങോട്ടു പോകണം..? ആരോടു് ചോദിക്കണം..? വഴിയിലുണ്ടായിരുന്ന CRP-ക്കാരനെ കടന്നുപോന്നതൊന്നും അവനറിഞ്ഞില്ല.. അവനു പൊട്ടിക്കരയാന്‍ തോന്നി. ന്നാലും.. തന്‍റെ അച്ഛനെ എല്ലാരും കളിയാക്കുന്നു. അച്ഛന്‍ വോട്ടു് ചെയ്തു എന്നതുമാത്രം അവനു വിശ്വസിക്കാന്‍ പറ്റിയില്ല. വോട്ടു ചെയ്യാന്‍ വന്നാല്‍ അച്ഛന്‍ വീട്ടില്‍ വരാതിരിക്കോ..? അമ്മേം ഒന്നും പറഞ്ഞില്ലാലോ..!! കുഞ്ഞിരാമന്‍ചേട്ടന്‍റെ വീട്ടില്‍പ്പോകണം എന്നു ചിന്തിച്ചു, ഒടുവില്‍ ചെന്നുപെട്ടതു് അജേട്ടന്‍റെ അടുത്താ. സ്ലിപ്പു് കൊടുക്കുന്ന ബൂത്തില്‍ അജേട്ടനുണ്ടായിരുന്നു.
“കിശ്നാ.. നീ എവിടെപ്പോവാ? ഇങ്ങടു് വാ..” അവന്‍ അജേട്ടന്‍റെയടുത്തേക്കു ചെന്നു.
“നീ എവിടാ പോണേ..? നിനക്കു് ന്താ പറ്റ്യേ..?!”
അവന്‍റെ മുഖം വല്ലാതെയിരിക്കുന്നതു് കണ്ടിട്ടാവാം...
“എടാ, ഞാന്‍ ഇപ്പോ വരാം. ഒന്നു് നോക്കിക്കോ.. എന്നു പറഞ്ഞു് അജേട്ടന്‍ അവന്‍റെ കൈയും പിടിച്ചു് അവനേംകൊണ്ടു് ഇറിഗേഷന്‍കനാലിന്‍റെയടുത്തേക്കുപോയി. കലുങ്കില്‍ ഇരിക്കുമ്പോ അജേട്ടന്‍ ചോദിച്ചു:
“ഡാ.. എന്താ പറ്റിയേ..? ആരേലും വല്ലോം പറഞ്ഞോ..?”
അവന്‍ ആകെ തളര്‍ന്നുപോയി. അജേട്ടന്‍ അവനെ കെട്ടിപ്പിടിച്ചപ്പോള്‍ അവനു കരച്ചിലടക്കാന്‍ കഴിഞ്ഞില്ല.
“ആരോ കള്ളവോട്ടു ചെയ്തതാ.. തെണ്ടികള്‍..”
“അപ്പോ... അച്ഛന്‍..?!” അതു മുഴുവനാക്കാന്‍ അവനു പറ്റിയില്ല. അവന്‍ പൊട്ടിക്കരഞ്ഞുപോയി.
“കിശ്നാ.., നീ എന്തിനാ കരയണേ..? അച്ഛന്‍.. പോയില്ലേ? ഇതു ചതിയാണു്. നിന്‍റെ അച്ഛന്‍ സത്യം ഉള്ളോനാ. അഭിമാനിയും ആയിരുന്നു. ആരേം പേടിയില്ലാര്‍ന്നു. ഒരു കള്ളത്തരോം ചെയ്തിട്ടില്ല. ഒരു സഖാവിനു് അതിനു കഴിയില്ല കിശ്നാ. ധീരനായ സഖാവായിരുന്നു നിന്റച്ഛന്‍. ധീരസഖാക്കള്‍ക്കു് മരണമില്ല..”
“അജേട്ടാ... ഞാന്‍ വീട്ടില്‍പ്പോവാ..”
“ധീരസഖാക്കള്‍ക്ക് മരണമില്ല.” അപ്പോള്‍ അച്ഛന്‍ വോട്ടുചെയ്തു കാണോ..!? മരിച്ചുപോയ അച്ഛന്‍...?! അവനു് ആലോചിച്ചിട്ടു് ഒരു പിടിയും കിട്ടിയില്ല.
നടന്നുനീങ്ങുമ്പോ അജേട്ടന്‍ ചോദിച്ചു... “കൃഷ്ണാ.. ഞാന്‍ കൊണ്ടാക്കണോ..?” അജേട്ടന്‍ ആദ്യമായിട്ടാണു് തന്നെ മുഴുവന്‍പേരു വിളിച്ചതു്. അതെന്താ...?! ഇന്നു് എല്ലാം മാറിമറിയുകയാണല്ലോ!?
“വേണ്ടാ..” അവന്‍ വേഗം നടന്നു.
സ്കൂളിന്‍റെ ഗേറ്റിനു മുന്നിലെത്തിയപ്പോള്‍ അവന്‍ നിന്നു. ആളുകള്‍ വോട്ടു് ചെയ്യാനായി വരിവരിയായി നില്ക്കുന്നു. എന്നാണു തനിക്കും വോട്ടുചെയ്യാന്‍ പറ്റുകയെന്നു് അവന്‍ ചിന്തിച്ചു. ഗേറ്റില്‍നിന്ന പോലീസുകാരന്‍ “എന്താടാ..? പോടാ..” എന്നു് അവനോടു ദേഷ്യത്തിലാണു പറഞ്ഞതു്. അവന്‍ അവിടന്നു മാറിയില്ല. എന്തോ ഒരു ധൈര്യം ഉള്ളില്‍നിന്നു് “മാറണ്ടാ” എന്നു പറയുന്നതുപോലെ അവനു തോന്നി. അവനെ മാറ്റാന്‍വന്ന പോലീസുകാരനോടു് ആരോ പറയുന്നതു് അവന്‍ കേട്ടു.
“വേണ്ടാ സാറേ.. സഖാവു് ചന്ദ്രന്‍റെ മോനാ..”
പോലീസുകാരന്‍റെ മുഖഭാവം മാറി. അച്ഛനോടുള്ള സ്നേഹംകൊണ്ടാണോ പേടികൊണ്ടാണോ എന്നു് അവനു മനസ്സിലായില്ല.
എല്ലാരും തന്നെ നോക്കി ചിരിക്കുന്നുണ്ടു് എന്നവനു തോന്നി. അവര്‍ അച്ഛനെ കളിയാക്കുകയാണു്. തന്‍റെ അച്ഛന്‍,സഖാവു് ചന്ദ്രന്‍ കള്ളവോട്ടു് ചെയ്തിരിക്കുന്നു!! അവനു ദേഷ്യവും സങ്കടവും ഒക്കെ തോന്നിയെങ്കിലും എന്തോ ധൈര്യം അവന്‍റെ കാല്‍ച്ചുവടുകളെ മുന്നോട്ടു നയിച്ചു. അവന്‍ പതുക്കെയാണു് നടന്നതു്. ഒരു കൂസലുമില്ലാത്ത ഉറച്ച കാല്‍വയ്പ്പുകള്‍!!
“ഇന്കുലാബു് സിന്ദാബാദു്..
ഇന്കുലാബു് സിന്ദാബാദു്..
ഇല്ല.. ഇല്ല.. മരിക്കില്ല..
ധീരസഖാക്കള്‍ മരിക്കില്ല..”
അച്യുവേട്ടന്‍റെ ചായക്കടയിലെ റേഡിയോയില്‍നിന്നുയരുന്ന പാട്ടു് അവന്‍ കേട്ടു. ചായക്കടയിലിരിക്കുന്നവര്‍ അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു.
അവന്‍ നേരേ ചെന്നു്, കട്ടിലിനടിയിലുള്ള, അച്ഛന്‍റെ പഴയപെട്ടി വലിച്ചെടുത്തു. അതിലൊന്നും തൊടരുതെന്നാണു് അമ്മ പറഞ്ഞിട്ടുള്ളതു്.
പെട്ടിയില്‍ ഒരു ചുവന്ന പുറംചട്ടയുള്ള പുസ്തകം!! പരമേശ്വരന്‍സാര്‍ കൊടുത്തതു്. അതില്‍ കട്ടിത്താടിയും ഒത്തിരി മുടിയുമുള്ള ഒരാളുടെ പടം. പിന്നെ, ഒരു ചുവന്നകൊടിയും. ഇതു് എന്‍റെ സമ്പാദ്യമാണെന്നു് ഒരിക്കല്‍ അച്ഛന്‍ അമ്മയോടെ പറയുന്നതു് അവന്‍ കേട്ടിട്ടുണ്ടു്.
ജസ്റ്റിന്‍ കൊടുത്ത ബാലരമ അവന്‍റെ പോക്കറ്റിലുള്ളതു്, അവന്‍ അപ്പോഴാണു് ഓര്‍ത്തതു്. അവന്‍ എന്തോ ആലോചിച്ചിട്ടെന്നപോലേ ആ ചുവന്നപുസ്തകവും ചുവന്നകൊടിയും കൈയിലെടുത്തു്തന്‍റെ നെഞ്ചോടു് ചേര്‍ത്തുപിടിച്ചു. പോക്കറ്റില്‍ക്കിടന്ന ബാലരമ അവന്‍ പെട്ടിയിലേക്കെറിഞ്ഞു.
അവനറിയാതെ കണ്ണുകള്‍ ഒന്നടഞ്ഞു. അവന്‍റെ ശരീരത്തില്‍ ഒരു വിറയലുണ്ടായതായി അവനു തോന്നി..!!
“നിന്‍റെ അച്ഛന്‍ സഖാവായിരുന്നു. ധീരനായ സഖാവു്. ഒരിക്കലും തെറ്റു ചെയ്തിട്ടില്ല. ഒരു സഖാവു് കള്ളത്തരം ചെയ്യില്ല.”
അജേട്ടന്‍ പറഞ്ഞതു് തെല്ലഭിമാനത്തോടെ അവനോര്‍ത്തു. അവന്‍റെ മനസ്സിലേക്കു് ചുവന്നകൊടി പുതപ്പിച്ചുകിടത്തിയിരുന്ന അച്ഛന്‍റെ രൂപം തെളിഞ്ഞുവന്നു.
“ഇന്കുലാബു്സിന്ദാബാദു്..
ഇന്കുലാബു്സിന്ദാബാദു്..
ഇല്ല.. ഇല്ല.. മരിക്കില്ല..
ധീരസഖാക്കള്‍ മരിക്കില്ല..”
റേഡിയോയില്‍നിന്നുള്ള പാട്ടിന്‍റെ നേര്‍ത്ത വരികള്‍, ശക്തിയുടെ ചൂടു പകര്‍ന്നു് അവനെക്കടന്നുപോയി.
---------------------------
BY Babu Paul Thuruthy

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot