നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കടാക്ഷം (കഥ)

Woman's Face on White Liquid
"സ്വന്തം വീടിന് തീവെച്ചിട്ടുണ്ടോ നല്ല രസമായിരിക്കും കത്തുന്നത് കാണാൻ "......
എല്ലാരും കിടന്നുറങ്ങുന്ന സമയത്ത് തീവെക്കണം... എല്ലാവരും തീയിൽ വെന്തുമരിക്കണം ... പൊട്ടിത്തെറികളും കോലാഹലങ്ങളും ... നിറയും ...അതിനാ ഈ മണ്ണെണ്ണ ..."
ശങ്കര വാര്യരുടെ അട്ടഹാസം വറീതിന്റെ ചായക്കടയെ മുഖരിതമാക്കി. ചായ കുടിക്കുന്നവർ പലരും അന്തം വിട്ട് ആ മുഖത്തേക്ക് നോക്കിയിരുന്നു.
വാര്യർ തന്റെ കൈയിലുള്ള മണ്ണെണ്ണ കന്നാസ് ഉയർത്തി എല്ലാവരേയും കാണിച്ചു കൊണ്ട് ഒന്നുകൂടി അട്ടഹസിച്ചു കൊണ്ട് ഇറങ്ങിപ്പോയി.
"ഇയാൾക്ക് ഇത് എന്തിന്റെ കേടാ... നല്ലൊരു മനുഷ്യനായിരുന്നു അമ്പലത്തിലെ കഴകം കൊണ്ട് മക്കളെ ഒക്കെ ഒരു വിധം നന്നായി നോക്കിയതാ. പക്ഷെ.....!"
അമ്പലത്തിലെ ക്ലാർക്ക് സുധാകരൻ സങ്കടത്തോടെ പറഞ്ഞു....
"നാലു മക്കൾ രണ്ടു പെണ്ണും രണ്ടാണും. മൂത്ത പെൺകുട്ടിയുടെ സ്ത്രീധനത്തുക ബാക്കി കൊടുക്കണമെന്ന് പറഞ്ഞ് അയാള് വന്ന് ബഹളം വെയ്ക്കുന്നു. ആൺ കുട്ടികൾ ദൂരെ എവിടെയോ ആണ്. ഇവിടുത്തെ കാര്യങ്ങളൊന്നും അന്വേഷിക്കാറില്ല. ഇളയ കുട്ടി ഈയടുത്ത് അവിടുത്തെ പണിക്കാരൻ ചെക്കന്റെ കൂടെ പോയി.വാരസ്യാർക്ക് എപ്പോഴും എന്തെങ്കിലും അസുഖവും.... വാര്യർക്ക് സമനില കൈവിട്ട അവസ്ഥയും..."
സമയം രാത്രിയോടടുക്കുന്നു. വാര്യർ തന്റെ കൈയിലുള്ള .......
മധു തന്റെ ഡയറിയിലെ എഴുതി തീരാത്ത ആ കഥ പലവുരു വായിച്ചു.ഇതിന്റെ ബാക്കി എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല. മനസ്സ് പ്രക്ഷുബ്ദ്ധ സാഗരത്തിലെ തിരമാല കണക്കെ ആടിയുലയുന്നു .... അന്ന് ഇത് എഴുതിക്കൊണ്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാൻ വന്നത്.... അതെ.... കൃത്യം നാല് മാസങ്ങൾക്ക് മുന്നെ ഒരു തിങ്കളാഴ്ച. തന്റെ ജോലിയുടെ നിയമന ഉത്തരവുമായി ....
പിന്നെ അതിന്റെ സന്തോഷത്തിലും ആകാംക്ഷയിലും എഴുത്ത് നടന്നില്ല. ബാക്കി അന്ന് എന്തായിരുന്നു എഴുതുവാൻ ഉദ്ദേശിച്ചത് ....? എത്ര ശ്രമിച്ചിട്ടും ഓർക്കാൻ കഴിയുന്നില്ല. .....
മധു ഡയറി മടക്കി വെച്ചു. ഇനി ഇതിന്റെ ബാക്കി കിട്ടാതെ ഒരു സമാധാനവും കിട്ടില്ല. മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ വെറുതേ നടക്കാനിറങ്ങി.....
പാടങ്ങളും തെങ്ങിൻ പറമ്പുകളും കൊണ്ട് സമൃദ്ധമായ ഗ്രാമം ... ഇവിടെ വില്ലേജിൽ ഫീൽഡ് അസിസ്റ്റന്റ് ആണ് മധു .നാല്മാസമായി വന്നിട്ട് .അധികം പരിചയക്കാരായിട്ടില്ല. ആകെയുള്ളത് ഹരിദാസൻ ആണ്. അയാളാണ് താമസം ശരിയാക്കിത്തന്നത് ....നല്ല ഒരു കൃഷിക്കാരനും കർഷക തൊഴിലാളിയുമാണ് ഹരിദാസൻ.സ്ഥിരമായി കാണാറുള്ള പച്ചക്കറി കടയിൽ അന്വേഷിച്ചപ്പോൾ അമ്പലത്തിൽ കാണും എന്ന് പറഞ്ഞു..... നിരീശ്വരവാദവും യുക്തിവാദവും തലയ്ക്ക് പിടിച്ചതിനാൽ മധു ഇതുവരെ അവിടുത്തെ അമ്പലത്തിൽ പോയിട്ടുണ്ടായിരുന്നില്ല. ദിവസവും അതിന്റെ മുന്നിലൂടെയാണ് യാത്രയെങ്കിലും അങ്ങോട്ട് നോക്കാറില്ല. ഹരിദാസനെത്തേടി അമ്പല നടയിൽ നിൽക്കുകയായിരുന്നു മധു.....
"എന്താ ഇവിടെത്തന്നെ നിൽക്കുന്നേ അകത്തേക്ക് പൊയ്ക്കോളൂ.... "
ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞ മധു അമ്പരന്നു. നല്ല മുഖ പരിചയം എവിടെയോ കണ്ടു മറന്ന മുഖം.... "ഞാൻ ഹരിദാസനെ നോക്കി വന്നതാ..."
ആ മുഖത്തേക്ക് ത്തന്നെ നോക്കി മധു പറഞ്ഞു..... അയാൾ അപ്പോഴേക്കും പോയിരുന്നു..... മധു അയാളെത്തന്നെ നോക്കി നിന്നു. ആരായിരുന്നു. .....?
എവിടെയാണ് കണ്ടത്. ... ഈ നാട്ടിൽ പരിചയമുള്ള ആരും ഇല്ലല്ലോ ...... ചിന്തകൾക്ക് വീണ്ടും തീ പിടിക്കുന്ന അവസ്ഥ.
"എന്താ സാറേ ..... എന്നെ അന്വേഷിച്ചു എന്ന് വാര്യർ പറഞ്ഞു. "
ഹരിദാസന്റെ ശബ്ദം കേട്ട മധു ഒന്നു ഞെട്ടി....
"വാര്യർ ..... എന്താ ആ വാര്യരുടെ പേര് .....?"
"ശങ്കര വാര്യർ .... ഇവിടുത്തെ കഴകക്കാരനാ....."
ഹരിദാസന്റെ ഉത്തരം മധുവിനെ വീണ്ടും കുഴപ്പത്തിലാക്കി.....
"വീട്ടിലെ കറന്റിന് എന്തോ കുഴപ്പമുണ്ട്. ഇടയ്ക്കിടെ പോകുന്നു. സമയം കിട്ടുമ്പോൾ ഒന്നു നോക്കിക്കണേ.... പിന്നെ എനിക്ക് ആ ശങ്കര വാര്യരെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്. ...."
ഹരിദാസൻ ഷർട്ട് മുഴുവനായും ഇട്ടു കൊണ്ട് മധുവിന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി.....
" വാര്യരെക്കുറിച്ചോ ..........?എന്താ ഇപ്പോ ഒരു അന്വേഷണം.... ഇവിടുത്തെ കഴകക്കാരനാ .... പാവം.നാലു മക്കളുണ്ട്. മൂത്ത കുട്ടിയുടെ കല്യാണം കഴിഞ്ഞു. ഇനി ഒരു പെൺകുട്ടി കൂടെയുണ്ട്..... പിന്നെ രണ്ട് ആൺ മക്കളും.... അവർക്ക് ദൂരെയെവിടെയോ ആണ് ജോലി. അധികം വരാറൊന്നുമില്ല..... വാരസ്യാർക്ക് നല്ല സുഖമില്ല.... അത്രയൊക്കയേ എനിക്ക് അറിയാവൂ...... അവിടുത്തെ പണികളൊക്കെ ഞാനാണ് ചെയ്യാറ്.... കൃഷിയൊക്കെ കുറവാണ് സ്ഥലമൊക്കെ വിറ്റു..... കുറച്ച് ബുദ്ധിമുട്ടിലാണ് .....!
മധു തിരിച്ചു നടന്നു. .....
രാത്രി വീണ്ടും തന്റെ ഡയറി തുറന്നു. .... തന്റെ കഥ വെറും കഥയല്ല...... പക്ഷെ എഴുതിയ അത്രയും ഇവിടെ സംഭവിച്ചിട്ടില്ല.. ഇനി അതുപോലെ നടക്കുമോ.....?
പെട്ടെന്ന് കറന്റു പോയി..... സ്ഥിരമായതിനാൽ അയാൾ മെഴുകുതിരി കത്തിച്ചു..... തന്റെ കഥയിലെ പോലെ കാര്യങ്ങൾ നടക്കുമോ ...... വാര്യർ വീടിന് തീ വെക്കേണ്ടി വരുമോ.....? മധു ആകെ വിയർത്തു......
"സാറേ ....." .... ഹരിദാസന്റെ ശബ്ദമാണ് മധു കതക് തുറന്നു......
"കറന്റ് നാളെ ശരിയാക്കാം ഇന്ന് ഞാൻ ഇല ക്ട്രീഷ്യന്റെ അടുത്ത് പോകാനിരുന്നതാ....... അപ്പോഴാണ്.... വാര്യരുടെ കൂടെ ബാങ്കിൽ പോയത് അൽപ്പം വൈകി..... " ......
"എന്താ ബാങ്കിൽ ....".മധുവിന് ആകാംഷയായി.
"മകളുടെ സ്ത്രീധനം കൊടുക്കാൻ ബാക്കി യുണ്ട്..... ലോണിന് വേണ്ടി പോയതാ..... ശരിയായാൽ മതിയായിരുന്നു."
കറന്റ് വന്നു. ഡയറിയിൽ മധു ശങ്കര വാര്യരുടെ മുഖം കണ്ടു. മധു അത് മടക്കി വെച്ചു......
" ഞാൻ ഹരിദാസനോട് ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ......?"
"വാര്യത്തെ ഇളയ കുട്ടിയെ ഹരിദാസൻ സ്നേഹിക്കുന്നില്ലേ .....?"
ഹരിദാസൻ വെട്ടി വിയർക്കുന്നത് മധു കണ്ടു.
"സാർ..... അത് ..... എങ്ങിനെ അറിയാം ..... ഞങ്ങൾ രണ്ടു പേർ മാത്രമറിയുന്ന കാര്യം.....!"
"എങ്കിൽ കേട്ടോളൂ ഹരിദാസാ..... നിങ്ങൾ ഇന്നു പോയ ലോൺ കിട്ടില്ല. ..... സ്ത്രീധന ബാക്കി കിട്ടാത്തതിനാൽ വലിയ പ്രശ്നങ്ങൾ നടക്കും...... ആൺ കുട്ടികൾ വാര്യരെ കൈവിടും നിങ്ങളുടെ പ്രണയം പൂവണിയും ..... വാര്യർ പക്ഷെ.....!"
സാറെന്തൊക്കയാ ഈ പറയുന്നേ .....?... അങ്ങിനെ ഒന്നും ഇല്ല. .... തേവരുടെ കടാക്ഷം വാര്യരെ കൈ വിടില്ല..... സാറ് പറയുന്ന പോലെയുള്ള ബന്ധമൊന്നും എനിക്കില്ല.... ഹരിദാസൻ അൽപ്പം നീരസത്തോടെ ഇറങ്ങിപ്പോയി.....
"ഛെ.... താനെന്തൊക്കയാ ഈ പറഞ്ഞത് ....?.. ഹരിദാസന് വിഷമം ആയി ക്കാണും തന്റെ കഥ അത് .... വെറും കഥയല്ലേ ....?" മധു സ്വയം പറഞ്ഞു. എന്തോ അയാൾക്ക് അന്ന് ഉറങ്ങാനായില്ല.
പിറ്റേന്ന് കരമടയ്ക്കാത്തവരുടെ വീട്ടിൽ പോകേണ്ട ദിവസമായിരുന്നു...... ശങ്കര വാര്യരുടെ പേര് അതിൽ കണ്ടത് മധുവിന് ആശ്വാസമായി.... വാര്യത്ത് പോകാൻ ഒരു കാരണം കിട്ടിയല്ലോ .... അയാൾ ആദ്യം അവിടേയ്ക്ക് തന്നെ പോയി....
വാര്യരുമായി കുറേ നേരം സംസാരിച്ചു..... തന്റെ കഥ സത്യമാവാനുള്ള സാധ്യത മധു തള്ളിക്കളഞ്ഞില്ല.....
"വലിയ വിഷമത്തിലാണ് സാറേ ..... പിന്നെ എല്ലാത്തിനും തേവര് ഒരു വഴികാണിച്ചു തരുമായിരിക്കും.... "
മധു വിന് ഉള്ളിൽ ചിരി വന്നു, ..... തേവര് എന്തു ചെയ്യുമെന്നാ....? ഇവരൊക്കെ എത് കാലത്താ ഇനി നന്നാവുന്നേ...? മധു നോട്ടീസ് കൊടുത്ത് തിരിച്ചു നടന്നു.
ദിവസങ്ങൾ കടന്നു പോയി..... മധു വാര്യരുടെ കഥകൾ അറിയാനാവാതെ വീർപ്പുമുട്ടി..... അന്നൊരു ഞായറാഴ്ച യായിരുന്നു. കവലയിൽ ചായ കുടിച്ചു കൊണ്ടിരിക്കേ വാര്യർ അവിടേക്ക് കയറി വന്നു. മധു വാര്യരെ കണ്ടതും ഒന്നു ഞെട്ടി..
അയാളുടെ കൈയിൽ ഒരു കന്നാസുണ്ടായിരുന്നു......
"ഹരിദാസനെ കണ്ടോ ....?"
"ഇന്ന് വന്നില്ലല്ലോ ''... മറുപടി കേട്ടതോടെ വാര്യർ പോയി. .... മണ്ണെണ്ണയുടെ രൂക്ഷഗന്ധം അവിടെ നിറഞ്ഞു ...
മധു പെട്ടന്ന് ഇറങ്ങി....
അയാളുടെ മനസ്സ് ആകെ കലുഷിതമായിരുന്നു..... അയാൾ നേരെ ഹരിദാസന്റെ വീട്ടിലേക്ക് ഓടി.....
"എന്താ സാറേ .....? എന്താ ധൃതിയിൽ... ഞാൻ കുറച്ച് തിരക്കിലായിരുന്നു. വാര്യത്ത് കല്യാണം .... അതാ കാണാഞ്ഞേ.... "
മധു ഒന്നു നിന്നു. "കല്യാണമോ ആരുടെ ....?"
ഇളയ കുട്ടിയുടെ .... സാറ് അന്ന് പറഞ്ഞത് പകുതി ശരിയായിരുന്നു. ..... എനിക്ക് ചെറിയ ഇഷ്ടമൊക്കെ ഉണ്ടായിരുന്നു. പക്ഷെ .... സാറിന് അറിയുമോ തേവരുടെ കടാക്ഷം നിറഞ്ഞ മനുഷ്യനാ അത് .... അയാളെ ചതിക്കാൻ എനിക്ക് പറ്റില്ല .. തേവര് പൊറുക്കില്ല അത്..... ലോണ് പെട്ടന്ന് തന്നെ ശരിയായി .... സ്ത്രീധന ബാക്കി വേണ്ടെന്ന് മൂത്ത കുട്ടിയുടെ ഭർത്താവ് പറഞ്ഞതോടെ കല്യാണം നടത്താൻ ബുദ്ധിമുട്ടുണ്ടായില്ല. പിന്നെ ആൺകുട്ടികൾ രണ്ടാളും സഹായിച്ചു...... എല്ലാം തേവരുടെ കടാക്ഷം......
ഞാൻ സാറിന്റെ അടുത്ത് വൈകുന്നേരം വരാം.... വാര്യത്തെ കിണറ് ഒന്ന് നന്നാക്കണം മോട്ടോറിനുള്ള മണ്ണെണ്ണ വാങ്ങാൻ വാര്യർ പോയിട്ടുണ്ട്... ഞാൻ ചെല്ലട്ടേ.....
മധു തെല്ലൊരാശ്വസത്തോടെ മടങ്ങി.... അമ്പലനടയിൽ എത്തിയപ്പോൾ അയാൾ ആദ്യമായി അകത്തേക്ക് ഒന്നു നോക്കി....
നിറഞ്ഞ മനസ്സോടെ മധു നടന്നകന്നു.
ശ്രീധർ RN 
.
Image may contain: 1 person, smiling, closeup

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot