Slider

ശർക്കരമാവിലെ കരിയിലക്കിളികൾ

0
Image may contain: 1 person, smiling, selfie and closeup

"ഇവിടെയൊരൊറ്റ കരിയിലക്കിളിയെ പോലും കാണാനില്ലല്ലോ നന്ദേട്ടാ ?"
"അതിനിതു ഫ്ലാറ്റ് അല്ലെ ജാനു ?നമ്മൾ ഏഴാമത്തെനിലയിലാണ് .കരിയിലക്കിളികൾക്ക് ഇത്ര ഉയരത്തിൽ പറക്കാനാവുമോ ?കുഞ്ഞൊരു മാവിന്റെ ചില്ലയിലോ മറ്റോ പറന്നിരിക്കാമെന്നല്ലാതെ? ..ഇങ്ങനെയൊരു പൊട്ടി "
"ഓ പൊട്ടി തന്നെ ..ന്നോട് മിണ്ടണ്ട "ജാനുവിന്റെ മുഖം വീർത്തു
"പിണങ്ങല്ലേ അത് ഞാൻ സ്നേഹം കൂടുമ്പോൾ വിളിക്കണതല്ലേ ?"അത് കേൾക്കെ ജാനു പുഞ്ചിരിച്ചു
"നമ്മുടെ ശർക്കര മാവിന്റെ ചില്ലയില് എന്ത് മാത്രമാ കരിയിലക്കിളികൾ കൂടു വെയ്ക്കണത് അല്ലെ ?"
"ഉം " അയാൾ ഒന്ന് മൂളി
വീട് ഒരു ഓർമ ആയിക്കഴിഞ്ഞു .പക്ഷെ അതില് സങ്കടം ഒന്നുമില്ല .മക്കൾക്ക് വേണ്ടിയായിരുന്നു അത്. അനുവിനും അഭിക്കും വേണ്ടി .
"എന്താണ് രണ്ടുപേരും കൂടി കാലത്തേ ഒരു കൊച്ചു വർത്തമാനം ?"
അഭി അച്ഛനും അമ്മയ്ക്കുമുള്ള കാപ്പിക്കപ്പുകൾ ടീപ്പോയിൽ വെച്ച് ചിരിച്ചു.
"അതെ മോനെ നമ്മുടെ വീട്ടിലെ ചക്കരമാവില് "അച്ഛൻ അമ്മയുടെ കയ്യമർത്തി വിലക്കുന്നത് അവൻ കണ്ടു .അവൻ കേട്ടിരുന്നു എല്ലാം .
"ഒന്നുല്ലടാ ഇവിടെ ലൈബ്രറി എവിടെയാ ?ഒരു മെമ്പർഷിപ് എടുക്കണം "
"കുറച്ചു ദൂരെയ അച്ഛാ .."അഭിയുടെ ഭാര്യ ശില്പ അങ്ങോട്ടു വന്നു .അവളാണ് അതിനു മറുപടി പറഞ്ഞത്
"ബസിൽ പോവാലോ .."അച്ഛൻ മന്ദഹസിച്ചു
"അച്ഛന് മുഷിഞ്ഞു തുടങ്ങിയല്ലേ ?"
അഭി തെല്ലു വിഷാദത്തോടെ ആ കൈയിൽ ചേർത്ത് പിടിച്ചു
"ഹേ അതല്ലടാ എപ്പോളും ഒരു പോലെയാകുമോ? മാറേണ്ട മനുഷ്യൻ ?""മാറണം"അയാളുടെ ശബ്ദം ഒന്ന് അടച്ചു
ശില്പ എല്ലാവരെയും ഒന്ന് നോക്കിയിട്ട് മെല്ലെ മുറി വിട്ട് പോയി
"അച്ഛനിവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ?"അയാൾ മറുപടി ഒന്നും പറഞ്ഞില്ല
നഷ്ടപ്പെട്ടത് കുറെ ഗന്ധങ്ങളാണ് .രുചികളാണ് .മാങ്ങാച്ചുനയുടെ ,ഗന്ധരാജൻ പൂവിന്റെ, മഴ പെയ്തു നനഞ്ഞ പുതുമണ്ണിന്റെ .കാറ്റു കൊണ്ട് വരുന്ന ഇലഞ്ഞി പൂവിന്റെ, ഒക്കെറ്റിന്റെയും ഗന്ധങ്ങൾ
മാവിൽ നിന്നെടുത്തു കല്ലിൽ വെച്ച് ഉപ്പും മുളകും ഉള്ളിയും കൂട്ടി ചതച്ചു വെളിച്ചെണ്ണയിൽ കുളിപ്പിച്ചെടുക്കുന്ന മാങ്ങാ ചമ്മന്തിയുടെ രുചി .പുഴയിൽ നിന്ന് ചൂണ്ടയിട്ട് പിടിച്ച പരല്മീനുകളെ മസാല ചേർത്ത് വറുത്തെടുത്തു നാവിൽ വെയ്ക്കുമ്പോളുള്ള രുചി ..ആ രുചികളാണ് നഷ്ടം ആയത്
അയാൾ മെല്ലെ മകന്റെ തോളിലൊന്ന് തട്ടി അകത്തേക്ക് പോയി
"അച്ഛൻ പതിയെ ഒക്കെ മറക്കും കേട്ടോ എന്റെ മോൻ വിഷമിക്കണ്ട "
'അമ്മ അഭിയെ ചേർത്തണച്ചു .അഭി മൗനം ആയി നിന്നതേയുള്ളൂ
'ദേ മറ്റേഫ്ലാറ്റ് നോക്കുന്ന കാര്യം എന്തായി "
രാത്രി മുറിയിലായിരുന്നു ശിൽപയും അഭിയും
"നോക്കാം "അഭി എന്തോ ആലോചിച്ചു പറഞ്ഞു
"അഭിക്കെന്താ ഒരു ഉത്സാഹമില്ലാതെ ?എത്ര നാളാണ് ഇവിടെ റെന്റിൽ ? അഭിയുടെ അക്കൗണ്ടിൽ കുറച്ചു പൈസ കാണില്ലേ ?'ലോൺ എടുക്കാമല്ലോ ബാക്കി? "
"അതുണ്ട് ..പിന്നെ നിന്റെ ഗോൾഡ് ഇല്ലേ ?അഭി ചിരിച്ചു
"അയ്യടാ അത് ഒന്നും എടുക്കാൻ പറ്റില്ല കല്യാണം കഴിഞ്ഞു ഒരു വർഷമായില്ല.എന്റെ വീട്ടുകാരെന്തു കരുതും?"
"എന്റെ പൊന്നെ ഞാൻ വെറുതെ പറഞ്ഞതാണ് ..വിട്ടയ്ക്കു "അഭി ലൈറ്റ് അണച്ച് കിടന്നു
അഭി ചെല്ലുമ്പോൾ അനു ഉച്ച ഭക്ഷണം തയ്യാറാക്കുകയായിരുന്നു . ഏട്ടനെ കണ്ടു അവളുടെ മുഖം വിടർന്നു
"ഉണ്ണിയേട്ടൻ ഇന്നും കൂടി പറഞ്ഞു അമ്മയെയും അച്ഛനെയും ഒന്ന് കാണണം അവിടേക്കു വരണം എന്ന് "
"ഉം "അഭി ഒന്ന് മൂളി
"ഏട്ടനെന്താ വല്ലാതെ ? ഞാൻ കുടിക്കാൻ എടുക്കട്ടേ ?"
"നീ എന്റെ അടുത്ത് വന്നിരിക്ക് "അയാൾ അനിയത്തിയെ അടുത്ത് പിടിച്ചിരുത്തി
"എന്താ ഏട്ടാ തല വേദനിക്കുന്നോ?"അവളുട വെപ്രാളം കണ്ടയാൾ ചിരിച്ചു
"ഒന്നുമില്ല മോളെ .നീ ഓർക്കുന്നുണ്ടോ നമ്മുടെ ശർക്കര മാവ് .നമ്മൾ വലിയ വടം കൊണ്ട് ഊഞ്ഞാല് കെട്ടും അതിൽ ..എന്നുമുണ്ടാകും അതവിടെ"
"മറക്കാൻ പറ്റുമോ ? എന്ത് രസമായിരുന്നു"
"നീ മിക്കവാറും ഊഞ്ഞാലിൽ നിന്ന് വീഴും .ഉണ്ണിയാകും എടുത്തു കൊണ്ട് പോയി കരച്ചില് മാറ്റുന്നെ.നിങ്ങളുട സ്നേഹത്തിന്റെ
സാക്ഷിയായിരുന്നു ആ മാവ് "
അനുവിന്റെ കണ്ണ് നിറഞ്ഞു
"നമുക്കു വേണ്ടിയാണ് അച്ഛൻ ....നമ്മൾ ഭാഗ്യം ചെയ്തവരാ അല്ലെ മോളെ ?ഇങ്ങനെയൊരു അച്ഛനും അമ്മയും "
അനു ഏട്ടന്റെ തോളിലേക്ക് തല ചായ്ച്ചു ഇരുന്നു
കാർ ഇടവഴിയിലേക്ക് പ്രവേശിച്ചു .പരിചിതമായ ഇടവഴി പരിചിതമായ ഗന്ധം . പിൻസീറ്റിൽ മയക്കത്തിലായിരുന്ന അച്ഛൻ കണ്ണ് തുറന്നു
അഭി കാർ തറവാട്ടിലേക്ക് കയറ്റി നിർത്തി
അച്ഛൻ തെല്ലു അമ്പരപ്പോടെ അവനെ നോക്കി നിന്നു
"ഇരട്ടി കാശു കൊടുക്കേണ്ടി വന്നു എന്നാലും സാരമില്ല "
അഭിഷേക് തൊടിയിലേക്കിറങ്ങി
"ഭാഗ്യം അവർ ആ മാവു മുറിച്ചില്ല "
"മോനെ നിന്റെ കയ്യിൽ ഇത്രേം പൈസ "
അച്ഛന്റെ കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി
"ഞാൻ മാത്രമല്ല അനുമോൾ, അവളുട സ്വർണം ,ഉണ്ണി ഒരു ലോണെടുത്തു ..പിന്നെ എന്റെ കയ്യിലും ഉണ്ടായിരുന്നു കുറച്ചു ..എല്ലാം കൂടി "അഭി ചിരിച്ചു
"എന്തിനായിരുന്നു മോനെ ?"
"വേണം .ഞങ്ങൾക്ക് ആരോഗ്യമില്ല അച്ഛാ ?കാശൊക്കെ ഇനിം ഉണ്ടാകും അമ്മയ്ക്ക് കരിയിലക്കിളികളെ കാണണ്ടേ ?അച്ഛന് ദേ ആ പുഴക്കരയിൽ ഇരുന്നു ചൂണ്ടയിടണ്ടെ?..കുടമുല്ലപ്പൂവിന്റെ മണം,ഇലഞ്ഞിപ്പൂക്കളുടെ മണം ..ഇതൊക്കെ മറക്കാൻ പറ്റുമോ അച്ഛാ അച്ഛന് ?"
അച്ഛൻ അവനെ കെട്ടിപ്പുണർന്നു പൊട്ടിക്കരഞ്ഞു
"ഞാൻ അച്ഛന്റെ മോനല്ലേ ?എനിക്ക് അറിയില്ലേ അച്ഛനെ ?"
***********************************************************************************************
"അപ്പൊ ഫ്ലാറ്റോ ?"
'വാങ്ങാം "
"എന്ന് ?"
"ഒരു അഞ്ചു വർഷം കഴിഞ്ഞ് "
'അഞ്ചു വർഷമോ ?ഞാൻ എന്റെ ഗോൾഡ് തരാം കേട്ടോ "
"അത് ഞാൻ അന്ന് വെറുതെ ചോദിച്ചതല്ലേ ? എനിക്ക് നിന്റ സ്വർണവും വേണ്ട കാശും വേണ്ട. ഞാനെ നന്ദകുമാറിന്റെ മോനാ ..ആരോഗ്യവും ആയുസ്സും ദൈവം തരുവാണെങ്കിൽ ഞാൻ മേടിക്കും "അവൻ ഉറപ്പോടെ പറഞ്ഞു.
"ഉറപ്പാണ് ?"
"അതെ ഉറപ്പാണ് "
അഭിഷേക് ഫ്ലാറ്റിന്റെ ജനാലകൾ തുറന്നിട്ടു
അച്ഛനും അമ്മയും ഇപ്പോൾ മുറ്റത്തു ഇരിക്കുകയായിരിക്കും
അച്ഛൻ അമ്മയുടെ മുടി വേറിട്ടെടുത്തു കൊടുക്കുകയായിരിക്കും
'അമ്മ പതിഞ്ഞ സ്വരത്തിൽ ഒരു പാട്ടു മൂളുന്നുണ്ടാകും
അവരിലേക്ക്‌ വീശുന്ന കാറ്റിന് ഇലഞ്ഞിപ്പൂവിന്റെ ഗന്ധമുണ്ടാകും
അവൻ മന്ദഹസിച്ചു .മനസ്സ് നിറഞ്ഞിരിക്കുന്നു.

by: AmmuSanthosh  
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo