നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Patient 27 - Part 16


കഴിഞ്ഞ ഭാഗം തുടരുന്നു…
“പ്രവീൺ എവിടെ ??” അവളുടെ ചോദ്യത്തിൽ ആശങ്ക നിഴലിച്ചിരുന്നു. “He was right behind me when we walked in here!"
ഡോക്ടറും അപ്പോഴാണതു ശ്രദ്ധിക്കുന്നത്.
അല്പ്പ നേരം മുൻപു വരെ അവരോടൊപ്പം ആ മുറിയിലുണ്ടായിരുന്ന, പ്രവീൺ സത്യ അപ്രത്യക്ഷനായിരുന്നു!
“നതാലിയാ... ഞാനൊന്ന് ചോദിക്കട്ടെ ?” ഡോ. ശങ്കർ അവളുടെ മുഖത്തേക്കു തന്നെ ചുഴിഞ്ഞ് നോക്കിക്കൊണ്ടാണ് ചോദിച്ചത്.
“ആരാണീ പ്രവീൺ ? നിനക്കെങ്ങനെ അറിയാം അവനെ ?”
“അതൊരു വലിയ കഥയാണ് ഡോക്ടർ. മറ്റൊരിക്കൽ പറയാം. തല്ക്കാലം നമുക്കവനെ കണ്ടു പിടിക്കണം. എക്സ്പ്ലോഷന്റെ ശബ്ദം കേട്ട് ഭയന്ന് ഇറങ്ങി ഓടിയതാകണം.”
“അവൻ ഒരു പക്ഷേ...” അദ്ദേഹം പൂർത്തിയാക്കിയില്ല.
“ഹേയ്... അങ്ങനെ വരാൻ വഴിയില്ല. അവൻ അപകടകാരിയായിരുന്നെങ്കിൽ പണ്ടേ എനിക്കതു മനസ്സിലായേനേ. ” നതാലിയായുടെ മുഖത്ത് ആത്മ വിശ്വാസമുണ്ടായിരുന്നു. “അതൊരു പാവം ചെറുപ്പക്കാരൻ. Wrong place at the Wrong time! അത്ര തന്നെ.”
“താങ്കൾ ഡോ. രഘുചന്ദ്രയോടൊപ്പം തന്നെ നില്ക്കുക. ഞാൻ ഉടനെ വരാം.” അവൾ ജാഗ്രതയോടെ പുറത്തേക്ക് ചുവടുകൾ വെച്ചു.
പുറത്ത് ഇടനാഴി വിജനമായിരുന്നു. സ്ഫോടനം കേട്ടതോടെ അപകടം മണത്ത മേജറും കൂട്ടരും ഓടി രക്ഷപ്പെട്ടിരിക്കണം.
താഴെ ബേസ്മെന്റിലേക്കിറങ്ങാനുള്ള സ്റ്റീൽ സ്റ്റെയറിനു സമീപമായിരുന്നു അവൾ നിന്നിരുന്നത്. കണ്ണുകൾ ഓരോ മുക്കിലും മൂലയിലും പ്രവീണിനെ തിരഞ്ഞു കൊണ്ടേയിരുന്നു. ശബ്ദമുയർത്തി അവനെ വിളിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുകയായിരിക്കുമെന്നവൾക്കറിയാം. അവൾ തിരിഞ്ഞ് മുൻ ഭാഗത്തേക്കു നടന്നു. ആ ഇടനാഴിയുടെ അവസാനം, പുറത്തേക്കുള്ള മെയിൻ ഡോറായിരിക്കാമെന്ന് അവൾ ഊഹിച്ചു. അവിടമാകെ പുകയും പൊടിപടലങ്ങളും നിറഞ്ഞിരുന്നു. എന്റ്രൻസ് ലോബി ആകെ തകർന്നു തരിപ്പണമായ നിലയിലാണ്. എന്താണു സംഭവിച്ചതെന്ന് മനസ്സിലായിരുന്നില്ലെങ്കിലും, ഒരു ഹെലികോപ്റ്റർ തകർന്നു വീണിട്ടുണ്ടെന്ന് അവൾക്കുറപ്പായിരുന്നു.
പെട്ടെന്നാണ് താഴെ ബേസ്മെന്റിൽ എന്തൊക്കെയോ ഉരുണ്ടു വീഴുന്ന ശബ്ദം കേട്ടത്. നതാലിയ ഞെട്ടിത്തിരിഞ്ഞു.
ഒരു വന്യമൃഗത്തിന്റെ മുരൾച്ച പോലൊരു ശബ്ദം കേട്ടു.
ഐഗ്വോ യിങ്ങ്!
അവൾ അമ്പരന്നു പോയി. അവനിപ്പൊഴും ജീവനുണ്ടോ ?
ചൂണ്ടിപ്പിടിച്ച തോക്കുമായി താഴേക്കു കുതിച്ചു അവൾ! ആ ഫെസിലിറ്റിയിൽ കണ്ടതിൽ വെച്ച് ഏറ്റവും അപകടകാരിയാണ് ഐഗ്വോ എന്നവൾക്കറിയാം. ആദ്യമായാണ് തന്റെ ‘ലിവർ-ഷോട്ട്’ ഒരാൾ അതിജീവിച്ചിരിക്കുന്നത്. അവൾ ഓരോ സ്റ്റെപ്പും അതി വേഗത്തിൽ ചാടിയിറങ്ങി, താഴെ ഇടനാഴിയിലെത്തി.
ഐഗ്വോ കിടന്നയിടം ശൂന്യമായിരുന്നു!
അവൾ തോക്ക് രണ്ടു കയ്യിലുമായി ഇറുക്കിപ്പിടിച്ചു കൊണ്ട് പതിയെ മുൻപോട്ടു നടന്നു. ഇര പിടിക്കാനായിറങ്ങിയ ഒരു കടുവയുടേതു പോലെയിരുന്നു മുഖഭാവം.
അവിടെ ആദ്യം കണ്ട ഇരുമ്പു വാതിലിനു മുൻപിൽ അവൾ ഒരു നിമിഷം കാത്തു നിന്നു. അകത്തു നിന്നും വരുന്ന ഓരോ ചെറിയ ശബ്ദത്തിനുമായി അവൾ കാതോർത്തു. പിന്നെ
ഒരൊറ്റ ചവിട്ടിന് ആ വാതിൽ തകർത്ത അവൾ ഒരലർച്ചയോടെ അകത്തേക്കിരച്ചു കയറി!
പക്ഷേ... ആ മുറി ശൂന്യമായിരുന്നു. പ്രവീണിനെ ബന്ധിച്ചിരുന്ന മുറി ആയിരിക്കാമതെന്ന് അവൾക്കു മനസ്സിലായി. മുറിയുടെ മൂലയിൽ അവൻ ധരിച്ചിരുന്ന ചെരിപ്പുകൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു.
പുറത്തേക്കിറങ്ങാനായി തിരിഞ്ഞതും...
തന്റെ മുഖത്തിനു നേരേ പാഞ്ഞു വരുന്ന ഒരു ബൂട്ട് ആണവൾ കണ്ടത്!
അതി ശക്തമായ ആ ചവിട്ടിൽ നതാലിയ പുറകോട്ട് തെറിച്ചു വീണു പോയി.
വാതില്ക്കൽ പല്ലിളിച്ചു ചിരിച്ചുകൊണ്ട് ഐഗ്വോ നിന്നിരുന്നു! മലർന്നു വീണു പോയ നതാലിയായെത്തന്നെ ചുഴിഞ്ഞു നോക്കിക്കൊണ്ട്.
“I like you girl!!” അവന്റെ കണ്ണുകൾ ചെറുതായി വന്നു. “I like your fighting techniques! You are really fast! An Awesome fighter!”
അവൻ അകത്തേക്കു കാലെടുത്തു വെക്കാനാഞ്ഞതാണ്.
തുടരെത്തുടരെ വെടി പൊട്ടി!
നതാലിയ ആ കിടന്ന കിടപ്പിൽ തുടർച്ചയായി നിറയൊഴിച്ചു കൊണ്ടിരുന്നു.
നിവൃത്തിയില്ലാതെ ഐഗ്വോ പുറകോട്ടു ചാടി.
പെട്ടെന്ന് ആ മുറിയുടെ റൂഫ് സ്ലാബിൽ... അവരുടെ തലക്കു മുകളിൽ അതി ശക്തമായൊരു സ്ഫോടനമുണ്ടായി! സ്ലാബിന്റെ ഒരു കഷണം തകർത്തു കൊണ്ട് ഒരു തീഗോളം ആ മുറിക്കുളിലേക്കിറങ്ങി പിൻ വലിഞ്ഞു.
അതോടെ അപകടം തിരിച്ചറിഞ്ഞ ഐഗ്വോ തിരിഞ്ഞോടി.
പിടഞ്ഞെഴുന്നേറ്റ നതാലിയ അവനെ പിന്തുടരാൻ ശ്രമിച്ചെങ്കിലും, തകർന്നു താഴേക്കു വീണ ഒരു കൂറ്റൻ കോൺക്രീറ്റ് പാളിയിൽ തട്ടി അവൾ വീണു പോയി. അസഹ്യമായ വേദന. ഐഗ്വോ നിമിഷങ്ങൾക്കുള്ളിൽ ആ സ്റ്റെയർ ഓടിക്കയറി അപ്രത്യക്ഷനായി.
കൈ കാലുകൾ സ്ട്രെച്ച് ചെയ്തപ്പോൾ ഒരല്പ്പം ആശ്വാസം തോന്നി. നതാലിയ അവിടെ താഴെ വീണു കിടന്നിരുന്ന ഒരു റൈഫിൾ കടന്നെടുത്ത് തന്റെ തോളിൽ ധരിച്ചു കൊണ്ട് ആ സ്റ്റെയറിലൂടെ മുകളിലേക്കു കയറി.
അടുത്ത നിമിഷം അവിടെ ഒരു ആർത്തനാദം മുഴങ്ങി!
“ഷിറ്റ്!!” അത് ഡോ. ശങ്കർ ആണെന്ന് തിരിച്ചറിഞ്ഞതും നതാലിയ ഒറ്റ കുതിപ്പിനു മുകളിലെത്തി. ലാബിലേക്ക് കയറിയ നതാലിയ കണ്ടത് തികച്ചും അപ്രതീക്ഷിതമായൊരു കാഴ്ച്ചയായിരുന്നു.
നിലത്തു കമിഴ്ന്നു കിടക്കുകയാണ് ഡോ. ശങ്കർ! ശരീരമാസകലം ചോരയിൽ കുളിച്ചിരിക്കുന്നു! കഴുത്തിൽ ഒരു വലിയ മുറിവിൽ നിന്ന് അതി ശക്തമായി രക്തം ചീറ്റിയൊഴുകുകയാണ്.
തൊട്ടരികിൽ... ഒരു സ്റ്റീൽ കസേര മേൽ ഡോ. രഘു ചന്ദ്രയും ഇരിപ്പുണ്ട്. മാനസീക രോഗികളെപ്പോലെ എന്തൊക്കെയോ പുലമ്പുന്നുമുണ്ടയാൾ! നതാലിയായെ കണ്ടപ്പോൾ, ഇടം കയ്യിലിരുന്ന തന്റെ ലാപ്ടോപ്പ് അയാൾ മാറോടടക്കിപ്പിടിച്ചു. വലതു കയ്യിൽ അപ്പോഴും രക്തമൊലിച്ചുകൊണ്ടിരുന്ന ഒരു കത്തിയുണ്ടായിരുന്നു. ഡോക്ടർമാർ സർജ്ജറിക്കുപയോഗിക്കുന്ന തരം ഒരു ചെറിയ കത്തി! അവൾ ചൂണ്ടിപ്പിടിച്ച തോക്കുമായി ആ മനുഷ്യനെ സമീപിച്ചു.
“ചതിയനായിരുന്നു അവൻ...കൊടും ചതിയൻ!” ഡോ. രഘുചന്ദ്ര ഭ്രാന്തമായി പുലമ്പുകയാണ്.
നതാലിയ നിസംഗതയോടെ ആ മനുഷ്യന്റെ മുഖത്തേക്കു തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് അടുത്തേക്കു ചെന്നു. ആ കത്തിയോ, അയാളുറ്റെ മുഖഭാവമോ ഒന്നും അവളെ ബാധിച്ചില്ല. തന്റെ കൈ നിവർത്തി ഒന്നു കൊടുത്താൽ തീരുന്നതേയുള്ളൂ അയാളുടെ ആരോഗ്യം എന്നവൾക്കറിയാം.
എന്തു നേടി ഇയാൾ ? എന്തിനു വേണ്ടിയായിരുന്നു ഇതെല്ലാം ?
അവൾ കൈ നീട്ടി ആ ലാപ്ടോപ്പ് വലിച്ചെടുക്കാൻ ശ്രമിച്ചു. പക്ഷേ ആ മനുഷ്യൻ വിട്ടു കൊടുക്കാനൊരുക്കമല്ലായിരുന്നു. ഒരു കാട്ടു പന്നിയെപ്പോലെ മുക്രയിട്ടുകൊണ്ട് അയാൾ ആ കത്തി അവളുടെ നേരേ ഭ്രാന്തമായി വീശിക്കൊണ്ടിരുന്നു.
നതാലിയ അനായാസമായി അയാളെ പുറകോട്ടു ചാരിയിരുത്തിയ ശേഷം പിസ്റ്റൾ അയാളുടെ കാൽ മുട്ടിനു നേരെ ചൂണ്ടി ട്രിഗർ വലിച്ചു.
“FUCK!” അവൾ അത് പ്രതീക്ഷിച്ചിരുന്നില്ല. ആ തോക്ക് കാലിയായിരുന്നു!
“ബ്ലഡി ബിച്ച്!!” അടുത്ത നിമിഷം അയാൾ അവളുടെ മേലേക്കു ചാടി വീണു. “നീയാണെല്ലാത്തിനും കാരണം! നീയാണെല്ലാം നശിപ്പിച്ചത്!” തന്റെ കണ്ണിനു നേരേ താഴ്ന്നു വരുന്ന കത്തിമുന നതാലിയ കണ്ടു.
അടുത്ത നിമിഷം!
അവൾക്കൊട്ടും ആലോചിക്കാനുണ്ടായിരുന്നില്ല. തന്റെ വലതു കയ്യുടെ മൂന്നു വിരലുകൾ ഉരുക്കിന്റെ ബലം പ്രാപിച്ചത് പെട്ടെന്നായിരുന്നു. ഒരു സീല്ക്കാര ശബ്ദത്തോടെ പാഞ്ഞുയർന്ന ആ വിരലുകൾ ഡോക്ടറുടെ അവശേഷിച്ചിരുന്ന വലതു കണ്ണിലേക്ക് തറച്ചു കയറി!പുറത്തേക്കു വലിച്ചെടുത്ത ആ വിരലുകൾക്കിടയിൽ ഡോ. രഘുചന്ദ്ര എന്ന ആ രാക്ഷസന്റെ വലതു കണ്ണും ഉണ്ടായിരുന്നു.
ഒരു കൈ കൊണ്ട് അയാളുടെ നെറ്റിയിൽ അമർത്തിപ്പിടിച്ച് അവൾ ആ കണ്ണ് പൂർണ്ണമായും വലിച്ചു പറിച്ചെടുത്തു.
തുടർന്ന് അയാളുടെ മുടിയിൽ കുത്തിപ്പിടിച്ച് എഴുന്നേല്പ്പിച്ചു നിർത്തിയ അവളുടെ മുഖത്ത് ക്രൂരമായൊരു പുഞ്ചിരിയുണ്ടായിരുന്നു.
“താങ്കൾ ചെയ്തതിനൊക്കെ പകരം എന്തു ചെയ്താലാണ് മതിയാകുക എന്നെനിക്കറിയില്ലായിരുന്നു. ഇപ്പോൾ എനിക്ക് സന്തോഷമുണ്ട് ഡോക്ടർ! നീ അർഹിക്കുന്നത് തന്നെ തരാനായി എനിക്ക്!”
ലാപ്ടോപ്പ് കയ്യിൽ നിന്നും തെറിച്ചു വീണിരുന്നു. നതാലിയ റൈഫിൾ അതിനു നേരേ ചൂണ്ടി ഒരൊറ്റ വെടിക്ക് അത് പല കഷണങ്ങളാക്കി ചിതറിച്ചു കളഞ്ഞു.
ഒഫീഷ്യലി, തന്റെ മിഷൻ കമ്പ്ലീറ്റായിരിക്കുകയാണ്. അവൾ മനസിലോർത്തു. പേഴ്സണലായി ഒരു കണക്കു കൂടി തീർക്കാനുണ്ട്. അവളുടെ പല്ലുകൾ ഞെരിഞ്ഞമർന്നു. ആകാൻഷയുടെ സുന്ദരമായ മുഖം കണ്മുൻപിലൂടെ മാറി മറഞ്ഞു പോയി.
അവളുടെ മുഖം മരവിച്ചു പോയിരുന്നു. ഒരു വട്ടം കൂടി അവൾ തിരിഞ്ഞ് ഡോ. രഘുചന്ദ്രയെ നോക്കി.അസഹ്യമായ വേദനയിൽ അലറിക്കൊണ്ട് ആ മനുഷ്യൻ അപ്പോഴും ആ കത്തി വായുവിൽ തലങ്ങും വിലങ്ങും വീശിക്കൊണ്ടിരുന്നു.
ഒരൊറ്റ നിമിഷം കൊണ്ട് അന്ധനായി മാറിയ ഒരു മനുഷ്യന്റെ വെപ്രാളം അവൾ അല്പ്പ സമയം നോക്കിക്കണ്ടു. അല്പ്പ നേരത്തേക്കാണെങ്കിൽ പോലും, ക്രൂരമായൊരു ആനന്ദം അവൾ അനുഭവിച്ചു എന്നു പറയുന്നതാകും ശരി. താൻ ആ ചെയ്തതിലെ തെറ്റും ശരിയുമൊന്നും അവളാ നിമിഷം ചിന്തിക്കുന്നുണ്ടായിരുന്നില്ല. പിന്നെ അയാളെ ശക്തമായി ഭിത്തിക്കു നേരേ തള്ളിവിട്ടിട്ട് അവൾ ഡോ. ശങ്കറിനടുത്ത് മുട്ടു കുത്തി നിന്നു. ഒരല്പ്പം ജീവൻ അവശേഷിച്ചിരുന്നു ആ ശരീരത്തിൽ.
“എന്റെ മകനാണ്... പുറത്ത്... സുജിത്ത്! പ്ലീസ് ഹെല്പ് ഹിം നതാലിയാ... ഞാൻ ഇതെല്ലാം ചെയ്തത് അവനു വേണ്ടിയാണ്. എന്നെ ഇനി നോക്കണ്ട. കരോറ്റിഡ് ആർട്ടറിയാണ് കട്ടായിരിക്കുന്നത്. എത്ര ശ്രമിച്ചാലും പ്രയോജനമില്ല. സമയത്തിന് എന്നെ ഹോസ്പിറ്റലിലെത്തിക്കാനാകില്ല.” അദ്ദേഹം ഒരു വിധത്തിൽ അത്രയും പറഞ്ഞു കൊണ്ട് പതിയെ കണ്ണുകളടച്ചു.
“സുജിത്ത്!” പിറുപിറുത്തുകൊണ്ട് എഴുന്നേറ്റു നിന്ന നതാലിയായുടെ മനസ്സിൽ പെട്ടെന്ന് പ്രവീണിന്റെ മുഖം തെളിഞ്ഞു. ആ പാവം ചെറുപ്പക്കാരൻ അപകടത്തിലായിക്കാണുമെന്ന് അവളുടെ മനസ്സു പറഞ്ഞു. പൊട്ടിത്തെറി ശബ്ദം കേട്ട് ഭയന്ന് ഇറങ്ങി ഓടിയതാകണം. ഒന്നുകിൽ ഐഗ്വോ, അല്ലെങ്കിൽ സുജിത്ത്... അവരിൽ ആരുടെ കയ്യിൽ പെട്ടാലും മരണം സുനിശ്ചിതമാണ്.
അവൾ തോളിൽ നിന്നും ആ റൈഫിൾ എടുത്ത് പരിശോധിച്ച് പ്രവർത്തന ക്ഷമമാണെന്നുറപ്പു വരുത്തിക്കൊണ്ട് പുറത്തേക്കു നടന്നു. ഒരു വല്ലാത്ത മരവിപ്പ് തന്നെ പിടികൂടിയിരിക്കുന്നു. അവൾ പുറത്തേക്കിറങ്ങിയതും,. പുറകിൽ ആ ലാബിന്റെ ഒരു ഭാഗം തകർന്നു വീണു.
ശബ്ദം കേട്ട് ഭയപരവശനായ ഡോ. രഘുചന്ദ്ര ഉറക്കെ അലറിക്കൊണ്ട് തകർന്നു വീണ ഭിത്തിയുടെ ഇടയിലൂടെ പുറത്തേക്കോടുന്നതു കണ്ടു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ഒരു കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് അയാൾ പുറത്ത് തഴെ ഹെലിപ്പാഡിലേക്ക് മുഖമടിച്ച് വീണു പോയി.
നതാലിയ മുഖം തിരിച്ചു നടക്കാനാഞ്ഞതും, അവിടെ മേശപ്പുറത്ത് ഒരു സാറ്റലൈറ്റ് ഫോൺ അവളുടെ കണ്ണിൽ പെട്ടു. ഒറ്റ കുതിപ്പിന് അതു കടന്നെടുത്തതും വാതില്ക്കൽ നിന്നും ഒരു തോക്കിന്റെ ക്ലിക്ക് ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു.
സുജിത്തിന്റെ ഏകദേശ രൂപം എങ്ങനെയായിരിക്കും എന്ന് നതാലിയ മനസ്സിൽ കണക്കു കൂട്ടിയിരുന്നു. ശരീരമാസകലം മസിലുകൾ നിറഞ്ഞ അതീവ ആരോഗ്യവാനായ ഒരു മനുഷ്യനായിരിക്കുമെന്നവൾ ഊഹിച്ചു. പക്ഷേ
വാതില്ക്കൽ നിന്നിരുന്ന ആ ചെറുപ്പക്കാരൻ അവളുടെ സകല കണക്കു കൂട്ടലുകളും തെറ്റിച്ചു കളഞ്ഞു. ഒരു മനുഷ്യൻ തന്നെയാണോ ആ നില്ക്കുന്നതെന്ന് സംശയിച്ചു പോയി അവൾ!
“സുജിത്ത്!” അവളുടെ ചുണ്ടുകൾ വിറച്ചു.
സുന്ദരിയായ ആ ചെറുപ്പക്കാരിയെ സുജിത്തും അവിടെ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ചൂണ്ടിപ്പിടിച്ച തോക്കുമായി അവൻ അടിമുടി വീക്ഷിക്കുകയാണ് നതാലിയായെ.
“Who Are you ? കടിച്ചു പിടിച്ചിരുന്ന പല്ലുകൾക്കിടയിലൂടെയാണ് ആ ചോദ്യം വെളിയിൽ വന്നത്. ”എന്നെ നിങ്ങൾക്കെങ്ങനെ അറിയാം ?“
”ഞാൻ... സ്പെഷ്യൽ ഏജന്റ് നതാലിയാ മിഷെലേന. RAW ഇൽ നിന്നാണ്.“അവൾ മനസാന്നിധ്യം വീണ്ടെടുത്തു. ”താങ്കളുടെ ഫാദറാണെന്നെ ഇവിടെ എത്തിച്ചത്.“ അവൾ എത്ര ശ്രമിച്ചിട്ടും, കണ്ണുകൾ നിലത്തു വീണു കിടക്കുന്ന ഡോ.ശങ്കറിന്റെ ശരീരത്തിലേക്കു പാളി വീണു പോയി.
സുജിത്ത് സ്തബ്ധനായി നിന്നു പോയി.. കമിഴ്ന്നാണ് ശരീരം കിടക്കുന്നത്. എന്നിട്ടും അതാരാണെന്ന് തിരിച്ചറിയാൻ സുജിത്തിന് നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ.
സാവധാനം ആ ശരീരത്തെ സമീപിച്ച അവൻ കുനിഞ്ഞ് തന്റെ പിതാവിന്റെ മുഖം ഒന്നു തലോടി.
”Who did this to him ?“ അലറിക്കൊണ്ട് മുഖമുയർത്തിയ അവന്റെ ഇരു കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ”Where the fuck is Dr. Raghuchandra ??“ അവന്റെ ഓരോ ചോദ്യത്തിലും ആ കെട്ടിടം പ്രകമ്പനം കൊണ്ടു.
“Please Calm down Sujith!” ഒരിക്കലും പ്രതീക്ഷിക്കാനാകുന്നതായിരിക്കില്ല സുജിത്തിന്റെ അടുത്ത നീക്കം എന്നവൾക്കറിയാമായിരുന്നു. എന്നിട്ടും നതാലിയ ധൈര്യം സംഭരിച്ച് അവനെ സമീപിച്ചു.
“Dr. Raghuchandra has been taken care of. അയാളെ ഓർത്ത് നീ ഇനി ഒരിക്കലും വിഷമിക്കേണ്ട. ആ ചാപ്റ്റർ ക്ലോസ് ചെയ്തേക്കൂ സുജിത്ത്. പോകാം നമുക്ക്. നിന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം എന്റെ കയ്യിലുണ്ട്.” അവൾ ആ യൂ എസ്. ബി ഉയർത്തിക്കാണിച്ചു. “100% വർക്കിങ്ങ് ഫോർമുല. ഇതുപയോഗിച്ച് നമുക്ക് ഒരു ആന്റി ഡോട്ട് ഉണ്ടാക്കാനാകും.നിനക്ക് നിന്റെ പഴയ നോർമൽ ലൈഫ് ഞാൻ ഉറപ്പു തരാം..” അവൾ അവന്റെ തോളിൽ തന്റെ കയ്യമർത്തി.
“ഏജന്റ് നതാലിയ! “ സുജിത്തിന്റെ സ്വരം താഴ്ന്നതെങ്കിലും ദൃഢമായിരുന്നു. ”ഇവരുടെ എക്സ്പെരിമെന്റ് കമ്പ്ലീറ്റായിരുന്നോ ?“
”യെസ്! ഐ തിങ്ക് സോ!“
”ആ സിറിഞ്ച് ?“ അവൻ നിലത്തു വീണു കിടന്ന സ്ഫടിക സിറിഞ്ചിലേക്കു വിരൽ ചൂണ്ടി. നതാലിയായും അപ്പോഴാണത് ശ്രദ്ധിച്ചത്. ഡോ. ശങ്കറിന്റെ ഷൂസിനടിയിൽ ഭാഗികമായി മറഞ്ഞു കിടക്കുകയായിരുന്നു നതാലിയാക്കു വേണ്ടി ഡോ. രഘുചന്ദ്ര തയ്യാറാക്കിയ ആ സാമ്പിൾ ഡോസ്.
അങ്ങോട്ട് നടക്കാനാഞ്ഞ നതാലിയായെ ഒരു നോട്ടം കൊണ്ട് സുജിത്ത് തടഞ്ഞു. എന്നിട്ട് മുഖം വക്രിച്ചു പിടിച്ചു കൊണ്ട് കുനിഞ്ഞ് അത് കയ്യിലെടുത്തു.
”100% അല്ലേ ?“
”സുജിത്ത്! “ താൻ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ വ്യർത്ഥമാണെന്ന ബോധ്യത്തോടെയാണ് നതാലിയ സംസാരം തുടർന്നത്. ” അതിവിടെ തരൂ. ഒരു ആന്റി ഡോട്ട് ഉണ്ടാക്കാൻ നമുക്കത് ആവശ്യം വരും. നീ മാത്രമല്ല. ഈ എക്സ്പെരിമെന്റിനു വിധേയരായ അനേകം പേഷ്യന്റ്സ് വേറെയുമുണ്ട്. എല്ലാവരേയും സഹായിക്കാനാകും നമുക്ക്.“
“ഫോർമുല നിന്റെ കയ്യിൽ ഇല്ലേ ?” അവളുടെ കയ്യിലെ ആ യു എസ് ബി യിലേക്കു നോക്കിയായിരുന്നു അവന്റെ ചോദ്യം. “അതു മാത്രം മതി. ഒരു നല്ല ക്വാളിഫൈഡ് കെന്മിസ്റ്റ് വിചാരിച്ചാൽ ഇത് വീണ്ടും റീ ക്രിയേറ്റ് ചെയ്യാവുന്നതേയുള്ളൂ. ഈ സാമ്പിൾ എനിക്കു വേണം നതാലിയാ.”
അവളുടെ മുഖത്ത് സംശയം നിഴലിച്ചു.
“നിനക്കറിയാമോ ? എന്റെ പഴയ ലൈഫിൽ ഞാൻ ദുർബ്ബലനായ ഒരു മാനസീക രോഗിയാണ്. എനിക്കിനി വയ്യ ആ ജീവിതം. ഈ ഒരൊറ്റ ഡോസ് മതി. അവർ ഉദ്ദേശിച്ച തരം ഒരു സൂപ്പർ സോൾജ്യർ ആകും ഞാൻ. ഇതാണ് ഇനി എന്റെ നോർമൽ ലൈഫ്!” അവന്റെ മുഖത്ത് വേദനയോടു കൂടിയ ഒരു പുഞ്ചിരി വിടർന്നു.
അടുത്ത നിമിഷം, പുറത്ത് - ഹെലിപാഡിൽ നിന്നും ഒരു ഞെരക്കം കേട്ടു.
ഒരൊറ്റ കുതിപ്പിന് പൊളിഞ്ഞു കിടന്ന ആ ഭിത്തിയുടെ ഗ്യാപ്പിലേക്ക് ഓടിക്കയറിയ സുജിത്ത് തോക്ക് താഴേക്കു ചൂണ്ടി.
ഏതാനും സെക്കൻഡുകൾ ആ നില്പ്പു തുടർന്ന അവന്റെ മുഖത്ത് അടക്കാനാകാത്ത സന്തോഷം നിറഞ്ഞു. തോക്ക് താഴ്ത്തി അവൻ തിരിഞ്ഞ് നതാലിയായെ നോക്കി മനോഹരമായി ഒന്നു പുഞ്ചിരിച്ചു.
“നീ വെറുതേ പറഞ്ഞതല്ലല്ലേ ? You took care of him! വെൽഡൺ ഏജന്റ്! എനിക്കിഷ്ടപ്പെട്ടു! അവന് ഇതിനേക്കാൾ നല്ലൊരു ശിക്ഷ ഇനി കിട്ടാനില്ല.”
നതാലിയായുടെ മുഖം നിർവ്വികാരമായിരുന്നു.
“എന്റെ അറിവു ശരിയാണെങ്കിൽ, ഈ കെട്ടിടത്തിന്റെ ബേസ്മെന്റിൽ ഏകദേശം 1500 കിലോയോളം RDX സൂക്ഷിച്ചിട്ടുണ്ട്. എക്സ്പെരിമെന്റ് കഴിയുമ്പോൾ സകല തെളിവുകളും നശിപ്പിക്കാനായിട്ടുള്ളതാണ്. ഞാനവിടേക്കു പോകുകയാണ്. പക്ഷേ അതിനു മുൻപ്... ദയവായി എത്രയും പെട്ടെന്ന് നീ ഇവിടം വിടുക. നിന്റെ ഇവിടത്തെ ജോലിയെല്ലാം ഭംഗിയായി നീ തീർത്തിരിക്കുന്നു ഏജന്റ് നതാലിയ! പ്ലീസ് ഗോ!“
”Whats going to happen to you Sujith ?" നതാലിയ പുറത്തേക്ക് നടന്നുകൊണ്ട് ചോദിച്ചു.
“എന്നെ ഓർത്തു വിഷമിക്കണ്ട. ആയിരമല്ല, പതിനായിരം കിലോ RDX ഉപയോഗിച്ചാലും എന്നെ കീഴ്പ്പെടുത്താൻ എളുപ്പമായിരിക്കില്ല നതാലിയ. നിനക്കത് ഇതിനകം തന്നെ മനസ്സിലായിക്കാണും എന്നു കരുതുന്നു.”
നതാലിയ നിശബ്ദയായി പുറത്തേക്കു നടന്നു.
ഇതേ സമയം
നതാലിയായുടെ നിഗമനം ശരിയായിരുന്നു.ആ ലാബിൽ വെച്ച് ഡോ. ശങ്കർ പറഞ്ഞ കാര്യങ്ങളെല്ലാം കേട്ടു കഴിഞ്ഞതോടു കൂടി പ്രവീൺ സത്യ തികച്ചും ഭ്രാന്തിന്റെ വക്കിലെത്തിയിരുന്നു. താൻ എത്തിപ്പെട്ട ഈ അപകടത്തിന്റെ ഭീകരത അവനു താങ്ങാനാകുന്നതിലും എത്രയോ അധികമായിരുന്നു. അപ്പോഴാണ് പുറത്തെ ആ ഭയാനകമായ സ്ഫോടനമുണ്ടായത്.അതോടെ സമനില നഷ്ടപ്പെട്ട അവൻ ഇറങ്ങി ഓടുകയായിരുന്നു.
ചുറ്റും ചിതറിയോടുന്ന പട്ടാളക്കാർക്കിടയിലൂടെ, വെടിയുണ്ടകൾക്കിടയിലൂടെ... അവൻ ജീവനും കൊണ്ട് പാഞ്ഞു. ഏതൊക്കെ വഴികളിലൂടെയാണെന്നവനറിയില്ല, ഒരു വിധത്തിൽ ആ കെട്ടിടത്തിനു പുറകിലെ കീഴ്ക്കാം തൂക്കായി നില്ക്കുന്ന ഒരു പാറക്കെട്ടിലെത്തിയിട്ടേ അവൻ ഓട്ടം നിർത്തിയുള്ളൂ.
മഴവെള്ളം കെട്ടിക്കിടന്നിരുന്ന ആ പ്രദേശമെല്ലാം പായൽ മൂടിയിരുന്നു. ഒരു ചെരുപ്പു പോലുമില്ലാതെ, ഒരു ഹോസ്പിറ്റൽ ഗൗൺ മാത്രം ധരിച്ച് ആ പാവം ചെറുപ്പക്കാരൻ താഴേക്ക് ഊർന്നിറങ്ങാനാരംഭിച്ചു.
ഓരോ പ്രാവശ്യം തന്റെ ശരീരം ഉരഞ്ഞ് ചോര പൊടിഞ്ഞപ്പോഴും അവൻ അന്ന് പ്ലെയിനിൽ വെച്ച് നതാലിയായെ നോക്കി ചിരിച്ച ആ നശിച്ച നിമിഷത്തെ ശപിച്ചുകൊണ്ടിരുന്നു. അഡ്രിനാലിൻ റഷ് ആയിരിക്കണം, അവനു വേദനിക്കുന്നുണ്ടായിരുന്നില്ല. അതുവരെ തോന്നാതോയിരുന്ന ഒരു കരുത്തും അനുഭവപ്പെടുന്നുണ്ടായിരുന്നു. അവൻ താഴെയെത്തിയതും, ഇടതൂർന്നു വളർന്നിരുന്ന ഒരു പറ്റം കുറ്റിച്ചെടികൾക്കിടയിലേക്ക് ഊളിയിട്ടു .
എത്ര ക്ഷീണിച്ചിട്ടും, ശ്വാസം നിലച്ചു പോകുന്നത്ര കിതച്ചിട്ടും, അവൻ നിന്നില്ല. തന്റെ പലായനം തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ അതി ഭീകരമായൊരു സ്ഫോടന ശബ്ദം കേട്ട് തിരിഞ്ഞു നില്ക്കുന്നതു വരെ!
ആ കെട്ടിടത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അഗ്നി ഗോളങ്ങൾ ഉയരുന്നുണ്ടായിരുന്നു. അവന് കെട്ടിടം മുഴുവൻ കാണാനാകുന്നുണ്ടായിരുന്നില്ല. കഴുത്തൊപ്പം ഉയരത്തിൽ കുറ്റിച്ചെടികളാണ്. എന്തുകൊണ്ടോ ആ നിമിഷത്തിൽ അവന് താൻ രക്ഷപ്പെട്ടു എന്നൊരു തോന്നലുണ്ടായി. വിവരിക്കാനാകാത്ത ഒരു സുരക്ഷിതത്ത്വം. അവൻ പതിയെ നിലത്തിരുന്ന് മലർന്നു കിടന്നു.
എത്ര നേരം അങ്ങനെ കിടന്നെന്നറിയില്ല. താൻ വന്ന വഴിയിലെവിടെയോ എന്തോ വന്നു വീഴുന്ന ശബ്ദം കേട്ടാണ് അവൻ ഞെട്ടിയെഴുന്നേറ്റത്.
ആ പാറക്കെട്ടുകൾ അവസാനിക്കുന്നിടത്ത്, കുറ്റിച്ചെടികൾ വല്ലാതെ ഇളകുന്നുണ്ടായിരുന്നു. ആരോ അതിലേ ഓടി വരുന്നുണ്ട്!
അപകടം!
ചാടിയെഴുന്നേറ്റ പ്രവീൺ വീണ്ടും ഓട്ടമാരംഭിച്ചു. ഒരു വൻ മലയുടെ ഒത്ത നെറുകയിലൂടെയാണ് തന്റെ ഓട്ടം! ഇരു വശത്തും താഴ്വാരം കീഴ്ക്കാം തൂക്കായി കിടക്കുന്നു. നേരേ ഓടിച്ചെല്ലുന്നതും ഒരു വലിയ കൊക്കയിലേക്കാണെന്നു തോന്നി. അവന്റെ കാലുകൾ തളർന്ന്, മുട്ടുകൾ അറിയാതെ മടങ്ങിത്തുടങ്ങിയിരുന്നു. പല വട്ടം മുൻപോട്ട് വീഴാനാഞ്ഞ അവൻ ഒടുവിൽ സകല ശക്തിയും നഷ്ടപ്പെട്ട് വലതു വശത്തെ അഗാധ ഗർത്തത്തിലേക്കു വേച്ചു വീണു.
ആ പുൽ മേട്ടിലൂടെ ഒരു ചാട്ടുളി പോലെ താഴേക്കൂർന്നു വീണ അവൻ പല വട്ടം മലക്കം മറിഞ്ഞ് താഴേക്കു പതിച്ചു.
ആ വീഴ്ച്ചയിൽ , അവൻ തന്റെ ഇടതു വശത്തായി ആ മനോഹര കാഴ്ച്ച കണ്ടു.
ഒരു പടു കൂറ്റൻ മഴവില്ല്! അതിനു പുറകിലായി നിറഞ്ഞ് പതഞ്ഞൊഴുകി താഴേക്ക്... അഗാധതയിലേക്ക് പതിക്കുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടം.
താഴെ...
കണ്ണു നീരു പോലെ തെളിഞ്ഞ ഒരു ജലാശയം താഴെ അതി വേഗത്തിൽ തന്നെ സമീപിക്കുന്നത് അവനു കൺകോണിലൂടെ കാണാമായിരുന്നു.
സെക്കൻഡുകൾക്കുള്ളിൽ...
പാഞ്ഞു വന്ന ഒരു ഉല്ക്ക പോലെ അവൻ ജലോപരിതലം തുളച്ച് തടാകത്തിലേക്ക് കൂപ്പു കുത്തി.
വീഴ്ച്ചയുടെ ആഘാതത്തിൽ വളരേ ആഴത്തിൽ ഏകദേശം അടിത്തട്ടിനോടടുത്തെത്തിയിരുന്നു അവൻ.
നിമിഷങ്ങൾക്കുള്ളിൽ അവൻ തിരിഞ്ഞ് കാലുകൾ ആ തറയിൽ ആഞ്ഞു ചവിട്ടി മുകളിലേക്ക് കുതിച്ചുയർന്നു.
തടാകത്തിനു മുകളിലെത്തിയതും സൂര്യപ്രകാശത്തിൽ അവന്റെ കണ്ണുകൾ മഞ്ഞളിച്ചു പോയി. പക്ഷേ അടുത്ത നിമിഷം ആ വെള്ളച്ചാട്ടത്തിനു മുകളിൽ, സൂര്യനെ മറച്ചു കൊണ്ട് ഒരു മനുഷ്യരൂപം പ്രത്യക്ഷപ്പെട്ടു.
MSS ഏജന്റ്. ഐഗ്വോ യിങ്ങ്!
അത്ര ദൂരത്തു നിന്നും ആജാനു ബാഹുവായ ആ മനുഷ്യനെ പ്രവീൺ തിരിച്ചറിഞ്ഞു.
പ്രവീൺ നോക്കി നില്ക്കെ ആ മനുഷ്യൻ ഇരു കൈകളും ഉയർത്തിപ്പിടിച്ച് താഴേക്കു കുതിച്ചു ചാടി.
ഒട്ടും ആലോചിക്കാനുണ്ടായിരുന്നില്ല. നിമിഷങ്ങൾക്കുള്ളിൽ പ്രവീൺ തിരിഞ്ഞ് കരയെ ലക്ഷ്യമാക്കി നീന്താനാരംഭിച്ചു. ഐഗ്വോയുടെ കൂറ്റൻ ശരീരം വെള്ളത്തിൽ വന്നു പതിച്ച ശബ്ദം പുറകിൽ കേട്ടു.
To be continued......... ( Concluding part- Tomorrow same time)
Written by :- Alex John
Read All parts here - Click here - https://goo.gl/YQ1SLm

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot